പൂമുഖം ഓർമ്മ സമയമാപിനികള്‍

സമയമാപിനികള്‍

 

ന്ന് ബി.ബി.സി റേഡിയോയില്‍ ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ കേട്ടപ്പോള്‍ ചില വാച്ച് ചിന്തകള്‍ മനസിലേയ്ക്കോടിയെത്തി.

ലോകമഹായുദ്ധവും വാച്ചുമായി എന്ത് ബന്ധം? അതിലേയ്ക്ക് വരാം, പിന്നീട്.
വാച്ച് എന്തൊരല്‍ഭുതമായിരുന്നു! സാങ്കേതികവിദ്യ കൊണ്ടല്ല; അതൊരു വലിയ സ്റ്റാറ്റസ് സിംബലായിരുന്നു. ഏതാണ്ട് ഇന്നത്തെ കാറുകളോട് തുലനം ചെയ്യാവുന്ന സാധനം. സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രമാണ് കൈയേല്‍ നോക്കിയാല്‍ സമയം അറിയാനുള്ള സൗകര്യം. വാച്ചുകെട്ടുന്നവന്‍ സമ്പന്നന്‍, സ്വര്‍ണ്ണവാച്ച് കെട്ടുന്നവന്‍ അതിസമ്പന്നന്‍, ആദരണീയന്‍…..

പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്നപ്പോള്‍ പോലും അദ്ധ്യാപകര്‍ പറയുന്നതിലല്ല, അവരുടെ മനോഹരമായ വാച്ചിലായിരുന്നു എന്റെ ശ്രദ്ധ.
ഞങ്ങളുടെ നാട്ടില്‍ ഒരു നാരായണന്‍ ഉണ്ടായിരുന്നു. കുറെ നാള്‍ ആളെ കാണാനുണ്ടായിരുന്നില്ല. തിരിച്ചുവന്നപ്പോള്‍ പാവപ്പെട്ട കുടുംബത്തിലെ നാരായണന്റെ കൈയില്‍ വാച്ച്. കൈപ്പുഴയില്‍ അത് വലിയ സംസാരമായി. നാരായണന്‍ ആരുടെയോ വീട്ടില്‍ ജോലിയ്ക്ക് പോയതാണ്. ആറുമാസത്തെ ശമ്പളം കൊണ്ട് വാച്ചുവാങ്ങാന്‍ കഴിയണമെങ്കില്‍ ആരുടെ വീട്ടിലായിരിക്കും? ഏതോ ലക്ഷപ്രഭുവിന്റെ വീട്ടില്‍ തന്നെ. അന്ന് കോടീശ്വരന്മാരെക്കുറിച്ച് ഞങ്ങള്‍ കേട്ടിരുന്നില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കൈപ്പുഴയില്‍ പോലീസ് വന്നു. പോലീസ് വരുന്നതും കൈപ്പുഴയില്‍ വലിയ സംഭവമാണ്. നാരായണനെ കൊണ്ടുപോയി. പിറ്റേദിവസം ഘടികാരരഹിതനായി, നമ്രശിരസ്കനായി നാരായണന്‍ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം നാരായണന്‍ അധികം വീടിനു വെളിയില്‍ ഇറങ്ങി കണ്ടിട്ടില്ല.

അപ്രത്യക്ഷനായ നാരായണനെ എത്രനാള്‍ കൂടിയാണ് ഇന്ന് ഞാന്‍ ഓര്‍ക്കുന്നത്!
പ്രീ ഡിഗ്രി പഠനം പൂര്ത്തിയാക്കിയതിനുശേഷമാണ് ഞാന്‍ ആദ്യം വാച്ച് കെട്ടുന്നത്. നൂറുരൂപാ (ഗമയ്ക്കു ബ്രിട്ടിഷ് രൂപ എന്നൊക്കെ പറയും. നൂറു രൂപ എന്നൊക്കെ പറഞ്ഞാല്‍ ചെറിയ തുകയാണോ?) വിലയുള്ള Favre Leuba. ആ ബ്രാന്‍ഡ്‌ ഇന്നുമുണ്ടോ, ആവോ?

ഇന്ന്‌ പത്താംക്ലാസ്കാരന് ഒരു ബി.എം.ഡബിള്യൂ കാര്‍ കിട്ടുന്ന സന്തോഷമാണ് എനിക്കന്നു തോന്നിയത്. നിന്നനില്പില്‍ ഞാന്‍ ഒരു അരിസ്റ്റോക്രാറ്റ് ആയി. സഹപാഠിയായ ലൂക്കോസിന്റെ ചേച്ചി അന്നേ ദുബായിലാണ് (പേര്‍ഷ്യ എന്നുപറയും). അവന്റെ കൈയേല്‍ ഒരു സ്ക്വയര്‍ വാച്ചാണ്. അവന്റെ മുന്നില്‍ ചെല്ലുമ്പോള്‍ ആകെ ചെറുതാകും. വാച്ച് റൌണ്ട് ആണേലും വാച്ചല്ലേ. ലൂക്കൊസിനോട് പോകാന്‍ പറ.

ഫേവര്‍ ലൂബായും കെട്ടിയാണ് ഡല്‍ഹിയില്‍ വരുന്നത്. അന്ന്, Be Indian, Buy Indian എന്ന മുദ്രാവാക്യം ശക്തമാണ്. രാജ്യസ്നേഹം മൂത്ത് എച്ച്.എം.ടി. വാച്ചുകള്‍ ലോകോത്തരമാണെന്നും റോളെക്സ് വെറും ചവറാണെന്നും വിശ്വസിച്ചു. അവരുടെ ഏറ്റവും മുന്തിയ വാച്ചുകള്‍ സുജാതയും നൂതനും. പേര് എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ബിമല്‍ റോയിയുടെ സുജാതയില്‍ നൂതനാണ് നായിക. ഈശ്വരാ, എന്തെല്ലാം നോക്കിയാണ് ഈ എച്ച്.എം.ടി. വാച്ചുകള്‍ക്ക് പേരിടുന്നത്!

പക്ഷെ ഒരെണ്ണം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റ് സ്ട്രീറ്റിലെ ഷോറൂമില്‍ എത്തുന്നതിനു മുമ്പേ സാധനം തീരും. കരിഞ്ചന്തയില്‍ ലഭിക്കും. പാടില്ല. കേന്ദ്രമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങരുത് കൊടുക്കരുത്. ഫേവര്‍ ലൂബാ ഒരു ദിവസം കള്ളന്‍ അടിച്ചുകൊണ്ടുപോയി. കള്ളന്‍ ഉദ്യോഗസ്ഥനല്ലല്ലോ, അവനു മേലുകീഴു നോക്കേണ്ട ആവശ്യമില്ല.

പിന്നെ വാങ്ങിയ വാച്ചേതായിരുന്നു? ഓര്‍മ്മ വരുന്നില്ല.
സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും പടിയിറങ്ങുന്നതിനു മുമ്പ് അവര്‍ എനിക്കൊരു സമ്മാനം തന്നു – ഒരു ടിസ്സോട്ട് വാച്ച്. എംബസിക്കാരോടുള്ള ഇഷ്ടക്കുറവുകൊണ്ട് അതുപയോഗിച്ചില്ല. നാട്ടില്‍ വന്നപ്പോള്‍ മകന്‍ അതില്‍ കടന്നുപിടിച്ചു. (സത്യത്തില്‍ അവനു കൊടുക്കാന്‍ കൊണ്ടുപോയതാണ്). അവന് അത് കിട്ടിയേ മതിയാകൂ. തരില്ല എന്നുപറഞ്ഞു കുറെ കുരങ്ങുകളിപ്പിച്ചതിനുശേഷം കൊടുത്തു. അവന്‍ അത് നശിപ്പിച്ചു കാണും.

വാമഭാഗം അമേരിക്കയില്‍ പോയപ്പോള്‍ ഒരു സൈക്കോ വാച്ച് വാങ്ങിക്കൊണ്ടുവന്നു. ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് അതാണ്‌. അവന്‍ കേടായി, പലവട്ടം നന്നാക്കിയിട്ടും നന്നാകാതെ ഇവിടെ വീട്ടില്‍ എവിടെയോ ഉണ്ട്.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു ടൈറ്റന്‍ വാച്ച് വാങ്ങി. വാച്ചിന്റെ പ്രസക്തിയെല്ലാം നഷ്ടപ്പെട്ടു. വാച്ച് കെട്ടുന്നത് ഒരു മിനക്കെട്ട പണിയാണ്, അനാവശ്യവും. എന്നാലും ഒരു വാച്ചിരിക്കട്ടെ, കെട്ടാറില്ല.

അന്നൊക്കെ ഞങ്ങള്‍ വാച്ച് എന്ന് പറയില്ല. റിസ്റ്റ് വാച്ച് എന്ന് ഭയഭക്തി ബഹുമാനത്തോടെയാണ് പറയുന്നത്. കാലില്‍ ഇടുന്ന ചെരിപ്പിന് കാല്‍ചെരുപ്പ് എന്ന് പറയാറില്ല, വിരലില്‍ അണിയുന്ന മോതിരത്തിന് വിരല്‍മോതിരം എന്നും പറയാറില്ല. പിന്നെ കൈയ്യേല്‍ കെട്ടുന്ന വാച്ചിന് മാത്രം റിസ്റ്റ് വാച്ച് എന്ന് എന്തുകൊണ്ട് പറയുന്നു?
അങ്ങിനെ ഒരിക്കലും ചിന്തിച്ചില്ല.
കുറെ മുമ്പ് എവിടെയോ അതിനെ റിസ്റ്റ് വാച്ച് എന്ന് വിളിക്കുന്നതിന്റെ ഗുട്ടന്‍സ്‌ വായിച്ചറിഞ്ഞു.
പോക്കറ്റില്‍ ആയിരുന്നു വാച്ചിന്റെ സ്ഥാനം. ആവശ്യത്തിനും അനാവശ്യത്തിനും ജനത്തെ കാണിച്ചു കൊതിപ്പിക്കാന്‍ പോക്കറ്റില്‍ നിന്ന് വാചെടുത്തു സമയം നോക്കുന്നത് അക്കാലത്തെ സമ്പന്നരുടെ വിനോദം ആയിരുന്നിരിക്കണം. അക്കാലം എനിക്കറിയില്ല.
പട്ടാളക്കാര്‍ക്ക് വാച്ച് നിര്‍ബന്ധമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്, അവര്‍ക്ക് പലപ്പോഴും ട്രെഞ്ചില്‍ കമഴ്ന്നടിച്ചു കിടക്കേണ്ടിയിരുന്നു. സൈറണ്‍ മുഴങ്ങി നിര്‍ദിഷ്ടസമയത്തിന് ശേഷം എഴുന്നേല്‍ക്കാം. അതിനു സമയം നോക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങിനെ വാച്ച് കൈയേല്‍ കെട്ടുന്ന സാങ്കേതികവിദ്യ ഉണ്ടായി. കൈയേല്‍ കെട്ടുന്ന വാച്ച് താരമായി. ഇത് പഴയ കീശയിലിടുന്ന വാച്ചല്ല എന്ന് നാട്ടുകാരെ അറിയിക്കണം. റിസ്റ്റ് വാച്ച് എന്ന വാക്കുണ്ടായി.

ഗള്‍ഫില്‍ നിന്നും റോളെക്സ് വാച്ചും കെട്ടി വന്നവരുടെ ഗമ എന്തായിരുന്നു. വാച്ചിന് ഇന്നത്തെ അധോഗതി ഉണ്ടാകുമെന്നാരറിഞ്ഞു!

പാവം വാച്ചിന് ഒരു ചരമഗീതം ആരെങ്കിലും എഴുതിയിട്ടുണ്ടോ?

Comments
Print Friendly, PDF & Email

You may also like