പൂമുഖം Travelയാത്ര യുക്രെയ്ന്‍റെ മണ്ണില്‍

അദ്ധ്യായം 1: യുക്രെയ്ന്‍റെ മണ്ണില്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

 

ുക്രൈന്‍ ഒരു ചെറിയ രാജ്യമല്ല.

സോവിയറ്റ് റഷ്യയുടെ ഒരു കഷണം സ്വതന്ത്രമായതാണ് യുക്രൈന്‍ എന്നു പണ്ടേ അറിയാമായിരുന്നു. അപ്പോള്‍, ഒരു ചെറിയ രാജ്യം, അതായത് കേരളത്തേക്കാള്‍ അല്പംകൂടി വലിപ്പമുള്ള രാജ്യം – എന്നൊക്കെയായിരുന്നു ധാരണ. അവിടെ പോകാന്‍ തീരുമാനിച്ചതിനുശേഷം ഇന്‍റര്‍നെറ്റില്‍ പരതിയപ്പോഴാണ് എന്‍റെ ധാരണ എത്ര തെറ്റായിരുന്നുവെന്ന് മനസിലായത്.
ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ തുടങ്ങിയ പ്രമുഖ യുറോപ്യന്‍ രാജ്യങ്ങളെക്കാള്‍ വലുതാണ്‌. സത്യത്തില്‍ വിസ്തൃതിയുടെ കാര്യത്തില്‍ യുറോപ്പിലെ ഏറ്റവും വലിയ രാജ്യം (റഷ്യന്‍ ഫെഡറേഷന്‍ മൊത്തം യുറോപ്പില്‍ അല്ലാത്തതുകൊണ്ടാണ് യുക്രൈന്‍ ഈ സ്ഥാനം കരസ്ഥമാക്കുന്നത്.)
603,628 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള യുക്രൈന്‍ വലിപ്പത്തില്‍ കേരളത്തിന്‍റെ ഏതാണ്ട് പതിനഞ്ചരയിരട്ടിയുണ്ട്. ജനസംഖ്യയില്‍ ഒന്നര ഇരട്ടിയും ആ നിലയ്ക്ക് രാജ്യത്തെ ജനസാന്ദ്രത ഊഹിക്കാമല്ലോ.
ധാന്യങ്ങളുടെ കയറ്റുമതിയില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുക്രൈന്‍ വനസമ്പത്തിന്‍റെ കാര്യത്തിലും വളരെ മുന്നിലാണ്.
സ്വാതന്ത്ര്യാനന്തരം യുക്രൈനില്‍ സ്ഥാപിച്ചിരുന്ന ആണവായുധങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കാതിരുന്നെങ്കില്‍ ആണവശക്തിയില്‍ ലോകത്തിലെ മൂന്നാമന്‍ ആകേണ്ടിയിരുന്ന രാജ്യം.
സോവിയറ്റ് റഷ്യയില്‍ നിന്നും വേര്‍പിരിഞ്ഞ് കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും യുക്രൈന്‍ റഷ്യയുടെ ഭാഗമാണെന്നു പലരും ഇന്നും കരുതുന്നു. ഇന്ന് ഇരു രാജ്യങ്ങളും ബദ്ധശത്രുക്കളാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള വൈര്യം പുട്ടിന്‍റെ കാലത്തു തുടങ്ങിയതല്ല.
യുദ്ധത്തില്‍ പുട്ടിനെ തോല്‍പിക്കാനാവില്ല എന്നറിയാവുന്ന യുക്രൈന്‍ ജനത അദ്ദേഹത്തെ പരിഹസിച്ചു രസിക്കുന്നു. നിരവധി സോവനീര്‍ ഷോപ്പുകളില്‍ പുട്ടിന്‍റെ പടമുള്ള ടോയിലറ്റ് പേപ്പര്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത് കാണാം.
സ്റ്റാലിന്‍ കഴിയാവുന്നത്ര ഈ നാട്ടുകാരെ ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നയങ്ങളോട് സഹകരിക്കാത്തതിന്‍റെ പേരില്‍ ആയിരത്തിതൊള്ളായിരത്തി മുപ്പതുകളില്‍ സ്റ്റാലിന്‍ ഇവിടെ ഭക്ഷ്യഷാമം കൃത്രിമമായി സൃഷ്ടിച്ചു. “ഹോളോഡോമോര്‍” എന്നറിയപ്പെടുന്ന ഈ ഭക്ഷ്യക്ഷാമം വിശ്വസിക്കാനാവാത്ത തരത്തില്‍ രൂക്ഷമായിരുന്നു. ഇതില്‍ മരിച്ചവരുടെ കണക്ക് കൃത്യമായി എങ്ങും കാണാന്‍ സാധിച്ചിട്ടില്ല. ചിലര്‍ 2.4 മില്യണ്‍ പേര്‍ മരിച്ചുവെന്നു പറയുമ്പോള്‍ മറ്റുചിലര്രുടെ കണക്ക് 12 മില്യനാണ്.
ഹോളോഡോമോറിന്‍റെ സ്മാരകം കിയേവിലെ പ്രധാനപ്പെട്ട കാഴ്ച്ചകളില്‍ ഒന്നാണ്.
വലിപ്പത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, യുക്രൈന്‍ ജനതയ്ക്ക് അഭിമാനിക്കാന്‍ വേറെയും കാരണങ്ങള്‍ നിരവധിയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വിമാനം (ചരക്ക്‌വിമാനം) യുക്രൈനില്‍ നിര്‍മ്മിച്ചതാണ് – AN-225 Mriya
സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഡസ്റ്റിന്‍ ഹോഫ്മാന്‍ തുടങ്ങിയ ഹോളിവുഡ് വമ്പന്മാര്‍ക്ക് യുക്രൈന്‍ വേരുകളുണ്ട്. (Famous Ukrainians എന്നു ഗൂഗിളില്‍ പരതിയാല്‍ ഇത്തരക്കാരുടെ ഒരു നീണ്ട ലിസ്റ്റ് ലഭിക്കും).
Travel Digest എന്ന പ്രസിദ്ധീകരണത്തിന്‍റെ അഭിപ്രായത്തില്‍ ലോകത്തിലേറ്റവും സുന്ദരികളുള്ള നഗരമാണ് യുക്രൈന്‍റെ തലസ്ഥാനമായ കിയേവ്.
ഈ നാടിന്‍റെ ഏറ്റവും വലിയ ശാപം അഴിമതിയാണ്. നിയമപാലനം, ആരോഗ്യം, നീതിന്യായവ്യവസ്ഥ തുടങ്ങിയ മേഖലകളെ അഴിമതി വല്ലാതെ ഗ്രസിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ വാര്‍ഷിക ബജറ്റിന്‍റെ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെ ഉദ്യോഗസ്ഥരുടെ കീശയില്‍ പോകുന്നുവെന്നാണ് പറയപ്പെടുന്നത്.
മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും യുക്രൈന്‍ പ്രവാസികള്‍ നിരവധിയുണ്ടെങ്കിലും, യുക്രൈനില്‍ താമസിക്കുന്ന മിക്കവര്‍ക്കും വിദേശയാത്ര സാമ്പത്തികമായി താങ്ങാനാവാത്ത സ്വപ്നമാണ്. 2017 ജൂണ്‍ മധ്യത്തോടെ ഇവര്‍ക്ക് യുറോപ്യന്‍ യുണിയന്‍ രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം എന്ന സ്ഥിതി ഉണ്ടായിരിക്കുന്ന നിലയ്ക്ക് ഇതിനു മാറ്റം വരും.
ഭാവിയില്‍ യുക്രൈന്‍ യുറോപ്യന്‍ യുണിയനില്‍ അംഗമാകുന്നതിന്‍റെ മുന്നോടിയായി ഇതിനെ കണ്ട് ഈ നാട്ടുകാര്‍ സന്തോഷിക്കുന്നു.

.

Comments
Print Friendly, PDF & Email

You may also like