പൂമുഖം Travel യുക്രെയ്ന്‍റെ മണ്ണില്‍ – 2

"സ്വാതന്ത്ര്യമാണ് ഞങ്ങളുടെ മതം...": യുക്രെയ്ന്‍റെ മണ്ണില്‍ – 2

 

ത്താം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യ പരസ്പരം കലഹിക്കുന്ന വൈക്കിംഗ് പ്രഭുക്കന്മാരുടെ നാടായിത്തീര്‍ന്നു. കിയേവിലെ അന്നത്തെ പ്രഭു, വ്ലാഡിമിര്‍ ആയിരുന്നു അവരില്‍ ഏറ്റവും ശക്തന്‍.
തന്റെ കീഴിലുള്ള, നാനാഭാഷകള്‍ സംസാരിക്കുന്ന, വിവിധ സാംസ്ക്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നാക്കാന്‍ കഴിയുന്ന ശക്തി ഏതാണെന്ന് വ്ലാഡിമിര്‍ ആലോചിച്ചു; അന്വേക്ഷിച്ചു. ഇക്കാര്യത്തില്‍ മതത്തോളം പറ്റിയ മറ്റൊന്നും ഇല്ലെന്നു മനസിലാക്കിയ വ്ലാഡിമിര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും തന്റെ ദൂതന്മാരെ അയച്ചു. അവര്‍ ജൂത, ഇസ്ലാം, കത്തോലിക്കാ മതങ്ങളിലെ നേതാക്കന്മാരെ കണ്ട് സംഭാഷണം നടത്തി.

അവര്‍ക്ക് ഏറ്റവും മെച്ചമായിതോന്നിയത് തുര്‍ക്കിയിലെ കോന്‍സ്റ്റാന്റിനോപ്പിളില്‍ (ഇന്നത്തെ ഈസ്താംബൂള്‍) നിലവിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്തുമതമായിരുന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിലെ തലസ്ഥാനത്തെ രാജകീയപ്രൌഡിയും ദേവാലയങ്ങളുടെ മായികസൗന്ദര്യവും വ്ലാഡിമിര്‍ ദൂതന്മാരെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ അധികാരം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ മെച്ചമായതൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞ വ്ലാഡിമിര്‍ ജനങ്ങളോട് മാമോദീസാ സ്വീകരിച്ചു പുതിയ മതത്തിന്റെ അനുയായികളാകാന്‍ ഉത്തരവിട്ടു. ആജ്ഞ അനുസരിക്കാത്തവര്‍ അദ്ദേഹത്തിന്റെ കോപത്തിനിരകളായി.

അതിനുശേഷം സ്വാതന്ത്ര്യത്തിന്റെ സ്വാദ് ഈ ജനത ഇന്നുവരെ അറിഞ്ഞിട്ടില്ല. മതത്തിന്റെ, സാര്‍ ചക്രവര്‍ത്തിമാരുടെ, കമ്മ്യുണിസത്തിന്റെ, നുകം പേറിയാണ് അവര്‍ ജീവിച്ചത്.

സോവിയറ്റ് യുണിയനില്‍ നിന്നും വേര്‍പിരിഞ്ഞ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ തുടങ്ങിയ രാജ്യങ്ങള്‍ വളരെ പെട്ടെന്നാണ് പുരോഗമിച്ചത്. 2004 മുതല്‍ ഈ മൂന്നു രാജ്യങ്ങളും യുറോപ്യന്‍ യുണിയന്‍ അംഗങ്ങളാണ്. ഏത് പാശ്ചാത്യ യുറോപ്യന്‍ രാജ്യത്തിനുമൊപ്പം നില്‍ക്കാനുള്ള സാമ്പത്തിക, സാങ്കേതിക മികവ് അവര്‍ക്കിന്നുണ്ട്. അവരുമായി തുലനം ചെയ്‌താല്‍ യുക്രൈന്‍ ഒരു നിര്‍ഭാഗ്യ, പിന്നോക്ക, രാജ്യമാണ്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്വതന്ത്രമായെങ്കിലും അവരിന്നും നിലനില്പിനായുള്ള സമരപാതയിലാണ്. അധികാരത്തില്‍ വന്ന നേതാക്കളെല്ലാംതന്നെ രാജ്യത്തെ കൊള്ളയടിച്ചു. വ്ലാഡിമിര്‍ പുട്ടിന്റെ കണ്ണിലെ കരടാണ് യുക്രൈന്‍. ഭരണത്തില്‍ വന്നവരെയെല്ലാം പുട്ടിന്‍ വിലയ്ക്കെടുത്തുവെന്നാണ് ജനസംസാരം.

2010 മുതല്‍ 2014 വരെ യുക്രൈന്‍ പ്രസിഡന്റ്ായിരുന്ന വിക്ടര്‍ യാനുക്കോവിച്ച് (Viktor Yanukovych) തന്റെ സ്വകാര്യവസതിയായി ഉപയോഗിച്ചിരുന്ന, അതിവിസ്തൃതമായ കൊമ്പൌണ്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന മെസിഹിര്യ കൊട്ടാരം (Mezhyhirya Mansion) കിയേവിലെ പ്രധാന കാഴ്ച്ചകളിലൊന്നാണ്. പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നിഷ്ക്കാസിതനായ അദ്ദേഹം ഇന്ന് പുട്ടിന്റെ അതിഥിയായി മോസ്ക്കോയില്‍ താമസിക്കുന്നുവേന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.

അടിമത്തം ചിലര്‍ക്ക് ശീലമാകും. പക്ഷെ യുക്രൈന്‍ജനത പഴയ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പുന്നതിന്റെ ലക്ഷണങ്ങള്‍ അന്നാട്ടില്‍ കാണാം.

നാറ്റോ അംഗത്വം, യുറോപ്യന്‍ യുണിയനില്‍ ചേരുക – ഇതൊക്കെ ഓരോ യുക്രൈന്‍കാരന്റെയും സ്വപ്നമാണ്. പക്ഷെ പുരോഗതി വളരെ മെല്ലയാണ് സംഭവിക്കുന്നത്. ഇതിനോടകം ആകെ സംഭവിച്ചത് ജൂണ്‍ പകുതിമുതല്‍ Schengen Treaty-യില്‍ ഒപ്പിട്ടിട്ടുള്ള യുറോപ്യന്‍ യുണിയന്‍ രാജ്യങ്ങളില്‍ തൊണ്ണൂറു ദിവസം വിസയില്ലാതെ അവര്‍ക്ക് സഞ്ചരിക്കാം എന്നതു മാത്രമാണ്.

കിയേവ് നഗരത്തിന്റെ സിരാകേന്ദ്രം Maidan Nezalezhnostiഎന്നും Independence Square എന്നും പേരുണ്ടെങ്കിലും “മൈദാന്‍” എന്നറിയപ്പെടുന്ന സ്ഥലമാണ്. അവിടെ ഇത്തവണ കാണാന്‍ സാധിച്ച ഒരു കൂറ്റന്‍ പോസ്റ്ററിലൂടെ യുക്രൈന്‍കാര്‍ ഉച്ചസ്വരത്തില്‍ പ്രഖ്യാപിക്കുന്നു…

Freedom Is Our Religion.

ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള വ്യഗ്രതയ്ക്ക് ആശംസകള്‍..

Comments
Print Friendly, PDF & Email

You may also like