പൂമുഖം LITERATUREകവിത ഒരു വഞ്ചിക്കകത്ത്

ഒരു വഞ്ചിക്കകത്ത്

ിരത്തുവക്കിൽ
മഴയും കാത്തുനിൽക്കുന്നത്
അത്ര ഗൗരവമുള്ള കാര്യമാണോ ?
മഴ വന്നാൽ
അയാൾക്കങ്ങു കയറിപ്പോകാം
എങ്ങോട്ടാണെന്നും എന്തിനാണെന്നും
ആരു ചോദിക്കാനാണ് !

അതുപോലെയാണോ
ഒരു വഞ്ചിക്കകത്ത്
ഒഴുക്കും കാത്തു നിൽക്കുന്നത് ?

അനങ്ങില്ലെന്ന് വാശിയാണ്
തടിയും വിരലുമിട്ടു കുത്തിയിട്ടും
ഈ വെള്ളത്തിന്.

എത്രപേരാണ്
വഞ്ചിക്കകത്തേക്ക്
തിരിഞ്ഞുനോക്കിപ്പോകുന്നത്
ഇതുവരെയനങ്ങിയില്ലേയെന്ന്
എത്രപേരാണ് കൂവിച്ചോദിക്കുന്നത്

മഴ കയറിപ്പോയയാൾക്ക്
നനവുതട്ടാതെയിറങ്ങാൻ
എവിടെയെങ്കിലുമൊരു കര കാണും
അയാൾക്ക് തൂങ്ങിയിറങ്ങാൻ
പൂഞ്ചിറകായാലെന്ത് പൂമ്പാറ്റക്കാലായാലെന്ത്;
നിരത്തുവക്കിൽ നിന്ന്
കയറിപ്പോയതോടെ അയാൾ പോയില്ലേ !

അതുപോലെയാണോ
എവിടെയോ പോയി മുങ്ങാനുള്ള
വഞ്ചിക്കകത്ത് ഒഴുക്കും കാത്തു നിൽക്കുന്നത് ?

എത്രനേരമെന്നുവെച്ചാണ്
വെള്ളത്തിൽ വീണുകിടക്കുന്ന മുഖം നോക്കി .
അനങ്ങാക്കള്ളിയെന്ന്
പേർത്തും പേർത്തും വിളിക്കുന്നത് ?
മുങ്ങാങ്കുഴിക്ക് പന്തയം വെച്ച പിള്ളേരൊക്കെ
വഞ്ചിക്ക് വട്ടം വെച്ച്
പത്തോ നൂറോ വട്ടം നീന്തിപ്പോയി.

ആരോടു പറഞ്ഞിട്ടെന്താണ്,
കൈ പിടിച്ചൊഴുക്കാൻ കാട്ടാറൊന്നുമല്ലല്ലോ
ഒന്നിനൊക്കോണം പോന്നൊരു നദിയല്ലേ ?
കെട്ടിയിട്ടിട്ടില്ലെന്ന് വഞ്ചിക്കറിഞ്ഞാൽ മതിയോ,
മുന്നോട്ടെടുത്തുവെക്കാൻ
ഇതിനിനി കാലോ മറ്റോ മുളക്കാനുണ്ടോ ?

പരിഭവം പറഞ്ഞിട്ടെന്താണ്,
ഇത് മഴവരാൻ കാത്തുനിൽക്കുന്നൊരു നിരത്തുവക്കൊന്നുമല്ലല്ലോ
വന്നില്ലെങ്കിലൊരു
കാറ്റിലെങ്കിലും കയറിപ്പോകാൻ.

ഒഴുകുമായിരിക്കും എന്നെങ്കിലും…

Comments
Print Friendly, PDF & Email

എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും. കേരള ലളിതകലാ അക്കാദമിയുടെ CARE (Centre for Art Reference and Research) ൽ ലൈബ്രേറിയൻ ആയിരുന്നു. ഇപ്പോൾ greenvein ന്റെ ജില്ലാ കോ-ഓഡിനേറ്റർ.

You may also like