പൂമുഖം COLUMNS അക്ഷയ ഖനിയുടെ താക്കോൽ

അക്ഷയ ഖനിയുടെ താക്കോൽ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ലക്ട്രിസിറ്റി ബില്ല് കണ്ട് തല ചുറ്റി വീണ അനുഭവം നിങ്ങൾക്ക് ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവില്ല. പക്ഷേ, അതിനോടടുത്ത്‌ നില്‍ക്കുന്ന അനുഭവ കഥകള്‍  കേട്ടിട്ടുണ്ടാകും തീര്‍ച്ച. പലതരം സേവനങ്ങൾക്കുമുള്ള ബില്ലുകൾ പലപ്പോഴും നമ്മള റിയാതെ നമ്മളെ കൊള്ളയടിക്കാനുള്ള  വഴിയായിത്തീര്‍ന്നിരിക്കുന്നു  നമ്മുടെ നാട്ടിൽ.

വെറുതെയാണോ സേവന രംഗത്തേക്ക് വരാൻ സ്വകാര്യ കമ്പനികൾ അടങ്ങാത്ത താല്പര്യം കാട്ടുന്നത്! ദില്ലി സംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തുന്നത് മുഖ്യമായും മൂന്ന് കമ്പനികളാണ്. അവരുടെ കണക്കറ്റ “നഷ്ടം” മൂലം വൈദ്യുതിയുടെ നിരക്ക് വല്ലാതെ വർദ്ധിപ്പിക്കാൻ മുൻ സർക്കാർ “നിർബ്ബന്ധിത”മായിരുന്നു. അപ്പോഴാണ് യാതൊരു കനിവുമില്ലാത്ത ആം ആദ്മി പാർട്ടിയുടെ സർക്കാർ അട്ടിമറി വിജയവുമായി രംഗത്ത് എത്തിയത്.

പിന്നീടങ്ങോട്ട് ബില്ലുകളിലെ തുക കുറയുകയും പലർക്കും പകുതിയാകുകയും ചെയ്തു . ഇതെങ്ങനെ സംഭവിച്ചു എന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ഉള്ളവർ ചിന്തിക്കുന്നതേ ഇല്ല.  നമുക്കൊന്ന് നോക്കിയാലോ?

ഉപഭോഗം അളക്കാനുള്ള മീറ്ററുകളുടെ അനിയന്ത്രിതമായ ഓട്ടം കൊണ്ട് സത്യത്തിൽ ഉള്ളതിനേക്കാൾ വളരെയധികം ഉപഭോഗമുള്ളതായി, പലയിടത്തും, മീറ്ററിൽ കാണപ്പെട്ടു. എന്നതായിരുന്നു ഒരു വസ്തുത. അങ്ങനെ ഉപഭോക്താക്കള്‍, ഉപയോഗിക്കാത്ത ഊർജ്ജ ത്തിന്‍റെയും  വില കമ്പനികൾക്ക്  കൊടുക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടു .

ഇല്ലാത്ത നഷ്ടങ്ങൾ പെരുപ്പിച്ച് കാട്ടി നിരക്ക് കൂട്ടുകയായിരുന്നു എന്നതാണ് ഇനിയൊരു സത്യം . ഈ കമ്പനികളുടെ അക്കൗണ്ടിങ് ഓഡിറ്റ് ചെയ്യാൻ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല.  കമ്പനികൾ, സ്വയം  അതിന് തയ്യാറാകുകയില്ലല്ലോ. അങ്ങനെ വളരെ ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിൽ സർക്കാരും കമ്പനികളും നടന്നു പോന്നതിനാൽ ജനം സന്തോഷ സമേതം ഉയർന്ന നിരക്ക് കൊടുത്തു പോന്നു. എത്ര സുന്ദരമായ വ്യവസ്ഥ!  ആം ആദ്മി പാർട്ടി ഭരണം ഏറ്റെടുത്തതോടെ സ്ഥിതിഗതികള്‍  മാറി. വൈദ്യുതിയുടെ നിരക്കുകൾ കുറഞ്ഞു. ബില്ലുകളിലെ തുക നിരക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രമല്ല, “കള്ള” മീറ്ററുകൾ മാറ്റുക വഴിയും കുറഞ്ഞു. എന്നിട്ടും നഷ്ടത്തെ കുറിച്ച് കമ്പനികൾ  മിണ്ടുന്നേയില്ല. അത്ഭുതം തന്നെ, അല്ലേ!

ഇന്നിപ്പോൾ ഇതാ നമുക്കും “കറന്‍റ്  ബില്ല്” അടയ്‌ക്കാനുള്ള ആപ്പ് വന്നു എന്ന് കേട്ടു. മൂന്നാണ്ടിൽ പരം മുടങ്ങി കിടന്നിരുന്ന കണക് ഷന്  മുപ്പതിനായിരം രൂപയുടെ ബില്ല് വന്നത് കണ്ട് ഹൃദയാഘാതമുണ്ടായ ഉപഭോക്താക്കളുണ്ട് നമ്മുടെ ഇടയിൽ. ഇനി ഈ ആപ്പ് നമ്മളോട് എന്താണ് ചെയ്യുക എന്ന് ഒന്ന് കണ്ടു കളയാം. ചിലപ്പോൾ “വസന്തം ചെറി മരങ്ങളോട് ചെയ്തത്” പോലെ നമ്മളെ നാണം കൊണ്ട് ചുവപ്പിച്ച് കളയുമോ എന്തോ!

മൊബൈൽ ഫോൺ കമ്പനികൾ ഒരു കാലത്ത് വ്യാപകമായി നടത്തുന്ന ഒരു പണിയുണ്ടായിരുന്നു. അതിന് പറഞ്ഞിരുന്ന പേര് ജമ്പിങ് എന്നോ മറ്റോ ആയിരുന്നു. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ നമ്മുടെ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയിൽ നിന്ന് ഒന്നോ രണ്ടോ രൂപ അക്ഷരാർത്ഥത്തിൽ അടിച്ചു മാറ്റപ്പെടുന്ന പണിയായിരുന്നു അത്. ഓ, ഒന്നോ രണ്ടോ രൂപയല്ലേ, എന്ന് നിങ്ങൾ വിചാരിക്കും.  ലക്ഷക്കണക്കിന് ഉപഭോക്താക്കളിൽ നിന്ന് അങ്ങനെ മാസാമാസം അടിച്ചെടുക്കുന്ന തുക കോടികൾ ആയിരുന്നിരിക്കുമല്ലോ! അക്ഷയ ഖനിയുടെ താക്കോലാണ് ഈ കമ്പനികൾക്ക് നമ്മുടെ സർക്കാരുകൾ കൈമാറുന്നത്. സർക്കാരിന്‍റെ നയങ്ങൾ രൂപീകരിക്കുന്ന രാഷ്ട്രീയക്കാരും ഇതിന്‍റെ പങ്ക് പറ്റുന്നുണ്ടാകും എന്ന സത്യവും നാമറിയണം. അതായത് വെറുതെയല്ല, അനാവശ്യമായ മേഖലകളിലെ സ്വകാര്യവൽക്കരണത്തെ ജനം അനുകൂലിക്കാതിരിക്കുന്നത്.

വെള്ളത്തിനും ഉണ്ട് ബില്ല്. ഇനി വരാനിരിക്കുന്ന ഗെയിൽ വഴി, ഗ്യാസിനും വരും ബില്ല്. മീറ്ററായ മീറ്ററിനെ ഒക്കെ നമുക്ക് വിശ്വസിക്കാതെയും നിവൃത്തിയില്ലല്ലോ. ഈ മീറ്ററുകൾ എല്ലാം ഉണ്ടാക്കുന്നതും ചില കമ്പനികൾ തന്നെയല്ലേ! വോട്ടിങ് മെഷീനിനെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ നമ്മൾ ആരെ വിശ്വസിക്കും? എന്തിനെ വിശ്വസിക്കും? ഉള്ള ഓഡിറ്റർമാരുടെ കുടവയർ കണ്ടാൽ നമുക്ക് നമ്മളിൽ തന്നെ ഉണ്ടായിരുന്ന വിശ്വാസത്തിന്‍റെ ബലൂൺ പോലും പൊട്ടിത്തെറിക്കും. എല്ലാം ഓർത്തിട്ട്, വല്ല വിധേനയും നാട് വിട്ട് വേറെവിടെയെങ്കിലും പോയി കഴിയാമെന്ന് എങ്ങനെ കരുതും! നമ്മൾ മൊത്തം രാഷ്ട്രസ്നേഹികളും ആണല്ലോ! ന്‍റെ ഈശ്വരാ…!

Comments
Print Friendly, PDF & Email

വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു

You may also like