പൂമുഖം LITERATUREലേഖനം കേരളാ സ്റ്റോറി എന്ന സിനിമ ഉയർത്തുന്ന മുഖ്യ വിഷയമെന്താണ്?

കേരളാ സ്റ്റോറി എന്ന സിനിമ ഉയർത്തുന്ന മുഖ്യ വിഷയമെന്താണ്?

സാധാരണ ചർച്ച ചെയ്യപ്പെടാറുള്ളത് പോലെ ഈ സിനിമയെ കുറിച്ച് ഉയരുന്ന വിവാദങ്ങളെ കലയുടെ, സർഗ്ഗ പ്രവൃത്തിയുടെ അഥവാ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. അതിനൊപ്പം തന്നെ, നെല്ലിനെ നെല്ലായും പതിരിനെ പതിരായും കാണാൻ തക്ക കഴിവും വിവേകവും പക്വതയും ഒക്കെ സ്വായത്തമാക്കിയ ഒരു സമൂഹമാണ് കേരളത്തിലേത് എന്നും അതിനാൽ പ്രസ്തുത സിനിമയെ കുറിച്ച് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന ന്യായവാദവും ഉയർന്ന് കേൾക്കുന്നുണ്ട്. അങ്ങനെ ആയിരിക്കെ, ഇതിലെ യഥാർത്ഥ വിഷയം എന്താണ്?

ഒന്നാമത്, കേവലമൊരു ഭാവനാ സൃഷ്ടിയായാണോ അതോ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥയെന്നാണോ നിർമ്മാതാവ് അവകാശപ്പെടുന്നത് എന്നത് ഏറെ പ്രസക്തമായ ഒരു കാര്യമാണ്. അതിന്റെ ട്രെയിലർ സംബന്ധിച്ച ചർച്ചകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നിടത്തോളം, കേരളത്തിൽ ഉണ്ടായ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു സിനിമ എന്നാണ് അവർ അവകാശപ്പെടുന്നത്. അപ്പോൾ അതിലെ സംഭവവികാസങ്ങൾ, അവയുടെ സ്വഭാവം, ഗൗരവം, മാത്രമല്ല അവ എടുത്ത് കാണിക്കുന്ന തോത്, അളവ് എന്നിവയെല്ലാം തന്നെ കേരളത്തിന് വെളിയിലുള്ള, കേരളത്തെ അത്രയ്ക്ക് അടുത്തറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനങ്ങളുടെ മനസ്സിൽ കേരളത്തിന്റെ യാഥാർത്ഥ്യമാണ് സിനിമയിൽ കാണിക്കുന്നതെല്ലാം എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഏറെ സഹായിക്കും എന്നത് കാണാതിരുന്നു കൂടാ.

അതായത് ഈ സിനിമയുടെ ദർശകർ കേവലം മലയാളികൾ മാത്രമല്ലാത്തത് കൊണ്ടും ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്ത്യയിലെ തന്നെ അന്യ മേഖലകളെ കുറിച്ചുള്ള അറിവും ബോധവും ഏറെ പരിമിതമായത് കൊണ്ടും ഈ സിനിമയെ തെരഞ്ഞെടുപ്പ് ലാക്കാക്കി കുബുദ്ധിയോടെ ഉപയോഗിക്കാൻ കഴിയുന്ന ഒരു അപകടകാരിയായ ഉപകരണമായി മാറ്റുന്നുണ്ട്. ഈ അപകടം ഒരു തെരഞ്ഞെടുപ്പ് കൊണ്ടോ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന ഹീനതന്ത്രം മാത്രമായോ പരിമിതമായിരിക്കില്ല എന്നതും നാം ഓർമ്മിക്കണം. ഒരു പക്ഷെ, ഇതിന്റെ പേരിൽ മാത്രം ബോധപൂർവ്വം കൃത്യമായ ലക്ഷ്യത്തോടെ ഉയർത്തപ്പെടുന്ന ചില വിവാദങ്ങൾ ഏതാനും അന്യ സംസ്ഥാനങ്ങളിലെ സമാധാനനില പോലും തകരാൻ കാരണമാകില്ല എന്നാര് കണ്ടു?

ഇത് പറയുന്നത് വെറുതെ എന്തെങ്കിലും ഊഹാപോഹത്തിന്റെ പേരിലല്ല. ഒരു വ്യാഴവട്ടക്കാലത്തോളം, വിശേഷിച്ച് രാമജന്മഭൂമി ശിലാന്യാസ കാലത്ത് ഹിന്ദി ബെൽറ്റിൽ ജീവിച്ചതും അതിനെ തുടർന്ന് ജോലിചെയ്തിരുന്ന ചെറു പട്ടണത്തിൽ രണ്ടുവട്ടം കലാപവും നീണ്ട നിശാനിയമം നടപ്പിൽ വന്നതും എല്ലാം ഈയുള്ളവന്റെ ഓർമ്മയിൽ ഇന്നുമുണ്ട്. വിവേകവും സംയമനവും നിഷ്ഫലമാകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിനിടെ അകലെയുള്ള പട്ടണത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കലാപകാരികളെ അമർച്ച ചെയ്യാനെത്തിയ പോലീസ് സേനാംഗങ്ങളുടെ ലാത്തിയടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട്, വന്നിറങ്ങിയ ബസ്സിൽ തന്നെ തിരികെ ചാടിക്കയറി അടുത്ത ചെക്ക് പോസ്റ്റിൽ പോയി ഇറങ്ങിയതും സ്ഥലത്തെ പരിചിതനും സുഹൃത്തുമായ ഡി.എസ്.പിയെ വിളിച്ച് അദ്ദേഹം അയച്ച് തന്ന പോലീസ് ജീപ്പിൽ താമസ സ്ഥലത്തേക്ക് പോയതും നല്ല ഓർമ്മയുണ്ട്. അതിന് ശേഷം ദിവസങ്ങളോളം രാത്രിയും പകലും എന്നല്ലാതെ ചുറ്റുവട്ടത്തുള്ള മനുഷ്യർ ഏത് നിമിഷവും ആക്രമിക്കാനായി വന്നുചേരാൻ സാധ്യതയുള്ള “അന്യരെ” നേരിടാൻ വേണ്ടി കല്ലും വടിയും മറ്റായുധങ്ങളും സംഭരിച്ച് ആശങ്കാകുലരായി കഴിഞ്ഞതും ഓർമ്മയുണ്ട്. ഇന്ത്യ കേരളമല്ല, സഹോദരങ്ങളേ! നമ്മൾ കാണാത്ത നമുക്ക് ഒരിക്കലും വിഭാവനം ചെയ്യാനാകാത്തത്ര അകലങ്ങളാണ് അയല്പക്കങ്ങളിൽ അടുത്തടുത്ത് കഴിയുന്ന മനസ്സുകൾക്കിടയിൽ പോലും കാണാൻ കഴിഞ്ഞിട്ടുള്ളത്.

ചരിത്രം തന്നെ തിരുത്തി എഴുതപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നില്ലേ? ഇല്ലാത്ത സോഴ്‌സുകൾ പോലും സൃഷ്ടിക്കപ്പെടുന്നതും അവയുടെ ബലത്തിൽ കളവിനെ യാഥാർത്ഥ്യമായി അവതരിപ്പിക്കുകയും ചെയ്യുന്നില്ലേ? അപ്പോൾ പിന്നെ, യാഥാർഥ്യത്തിൽ ഊന്നിയത് എന്ന് പറഞ്ഞ് സൃഷ്ടിച്ച് പ്രചാരണം കൊടുക്കപ്പെടുന്ന ഒരു സിനിമയിലൂടെ എന്താണ് ചെയ്യാൻ കഴിയാത്തത്?

പറഞ്ഞു വന്നത് ഇതാണ്: ഒരു കലാസൃഷ്ടി ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വികാരത്തെ മുറിപ്പെടുത്തും എന്ന കാരണം കൊണ്ട് അത് തടയണം എന്ന വാദത്തിനോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാൽ കപട യാഥാർത്ഥ്യങ്ങളെ സൃഷ്ടിക്കാനും ഏതാനും സംഭവങ്ങളെയും അവ സംബന്ധിച്ച യാഥാർത്ഥ്യത്തെയും വളച്ചൊടിച്ച് കൂടുതൽ വികൃതമാക്കുക വഴി സമൂഹത്തിൽ അപകടകരവും വർഗ്ഗീയവുമായ ചേരിതിരിവിനും വിരോധത്തിനും വൈരാഗ്യത്തിനും ഒരു കലാസൃഷ്ടി കാരണമാകുമെങ്കിൽ അത് ഒഴിവാക്കപ്പെടണമെന്ന് ഒരു ബഹുസ്വര സമൂഹത്തിലെ, യുക്തിചിന്തയും യാഥാർഥ്യബോധവും സമൂഹത്തിനോട് യഥാർത്ഥത്തിൽ കടപ്പാടുമുള്ള ഓരോ പൗരനും ചിന്തിച്ചാൽ അതിനോട് യോജിക്കാതിരിക്കാൻ തക്ക കാരണങ്ങൾ ഒന്നും തന്നെ എനിക്ക് കാണാൻ കഴിയുന്നുമില്ല.

എടുത്ത് പറയട്ടെ, ഈ ഭൂമിയിൽ ഉള്ളവർ എല്ലാം മനുഷ്യരാണ്; ദേവന്മാരോ അസുരന്മാരോ ആയി ആരുമില്ല. ചില ചില അവസ്ഥകളുടെ പ്രത്യേകത അനുസരിച്ച് ചിലർ ഓരോ വേഷം ആടുകയാണ്. എന്നാൽ, ഓരോന്നും തുടങ്ങി വയ്ക്കാൻ മാത്രമേ ഒരുവന് കഴിയൂ. അത് ഒടുവിൽ എവിടെ ചെന്നെത്തുമെന്ന് മുൻകൂട്ടി കാണാനോ ഇടയ്ക്ക് വച്ച് അത് തടയാനോ എത്ര തന്നെ വലിയവനായാലും ഒരു മനുഷ്യനും കഴിയില്ലെന്ന തിരിച്ചറിവ് ദുർബുദ്ധിക്ക് പരിധി നിശ്ചയിക്കാൻ സഹായിച്ചാൽ ഈ ചർച്ച പോലും അപ്രസക്തമാകും എന്നത് സംശയമില്ലാത്ത വസ്തുതയാണ്.

Comments
Print Friendly, PDF & Email

You may also like