പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (വേണുഗോപാലൻ കെ ബി)

വേണുഗോപാലൻ കെ ബി

സ്ത്രീയുടേത് തെരഞ്ഞെടുപ്പിന്റെ കാലത്ത് മാത്രം ചിന്തിക്കേണ്ടതോ ചർച്ച ചെയ്യപ്പെടേണ്ടതോ ആയ ഒരു വിഷയമല്ല. ശരിയാണ്, അപ്പോഴാണ് പ്രാതിനിധ്യ വിഷയത്തിൽ സ്ത്രീയുടെ നില എവിടെയാണെന്ന് ചിലരെങ്കിലും ചിന്തിക്കുന്നത്.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള പരിഗണന കൂടാതെ യഥാർത്ഥ അർഹതയുള്ള നേതൃത്വങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. അതിന് അനുകൂലമായ സാഹചര്യങ്ങൾ കുടുംബങ്ങൾ മുതൽ പാഠശാലകളിലും സർവ്വകലാശാലകളിലും തുടങ്ങി രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകളിലും സ്ഥാപനങ്ങളിലും വരെ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ ആരാണ് അത് ചെയ്യുക? കിട്ടുമ്പോൾ മാത്രമേ അധികാരം കൈയാളാൻ കഴിയൂ എന്നതിനാൽ കിട്ടുന്നത് നേടാനും കിട്ടാത്തത് പോലും തട്ടിയെടുക്കാനും വേണ്ടി സകല അടവുകളും പയറ്റുന്നവരുടെ ലോകമാണ് നമ്മുടേത്. സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ, സ്വന്തം സഹോദരനെയും സഹോദരിയെയും വരെ തരത്തിന് കിട്ടിയാൽ ഒതുക്കി കൊണ്ട് കസേരയിൽ കയറി പറ്റാൻ ശ്രമിക്കുന്ന പുരുഷ കേസരിമാരുടെ കാലം.

അങ്ങനെ നോക്കുമ്പോൾ, ഇത് വെറും ലിംഗനീതിയുടെ മാത്രം വിഷയമല്ല എന്നാണ് പറയേണ്ടത്. സ്ത്രീകൾക്ക് മാത്രമായി ഒരു നല്ല കാലം ഉണ്ടാകുകയില്ല. കുട്ടികൾക്ക് മാത്രമായും അങ്ങനെ ഒരു കാലം ഉണ്ടാകില്ല. വൃദ്ധർക്കും അബലർക്കും അതേപോലെ തന്നെ. മറിച്ച് ഉയർന്ന മൂല്യങ്ങൾ പിൻപറ്റുന്ന ഒരു സമൂഹം രൂപപ്പെടാത്തതിന്റെ വിഷയമാണ്. ഉയർന്ന മൂല്യങ്ങളുടെ മഹത്വം തിരിച്ചറിയുന്ന ഒരു സമൂഹത്തിന് മാത്രമേ ലിംഗനീതി എന്നത് യാഥാർത്ഥ്യമാക്കുവാൻ കഴിയൂ. അതിനാൽ മൂല്യവത്തായ ജീവിതത്തിലേക്ക് നയിക്കുന്ന പഠനങ്ങളും പദ്ധതികളും പ്രസ്ഥാനങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. അവയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിലകൊള്ളുന്ന സർക്കാരുകൾ ഉണ്ടാകേണ്ടതുമുണ്ട്. എന്നാൽ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നെഞ്ചിൽ കൈ വച്ചു കൊണ്ട് ആർക്കാണ് പറയാനാവുക നമ്മൾ ശരിയായ ദിശയിലാണെന്ന്!?

Comments
Print Friendly, PDF & Email

വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു

You may also like