സമീപവർഷങ്ങളിൽ, അമേരിക്കയിലെ വംശീയസംഘർഷങ്ങൾ മുതൽ യുകെയിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾ, യൂറോപ്പിലുടനീളം ഉയർന്നുവരുന്ന ദേശീയ പ്രസ്ഥാനങ്ങൾ വരെ, ലോകം അസ്വസ്ഥമായ സാംസ്കാരിക സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സംഘർഷങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; അവ മുന്നറിയിപ്പുകളാണ്. ബൗദ്ധികവും സാംസ്കാരികവുമായ നവോത്ഥാനത്താൽ അനുഗൃഹീതമായ യൂറോപ്പിൽ ഇങ്ങനെ സംഭവിക്കുന്നത് ലോകത്തെ ഏറെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. സാമൂഹികമായ ഉൾക്കൊള്ളൽ അഥവാ ചേർത്തുനിർത്തൽ രീതി സ്വീകരിക്കുന്നതിൽ സമൂഹങ്ങൾ പരാജയപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അവ നമുക്ക് കാണിച്ചുതരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന വാഗ്ദാനത്തിൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാഠം സുവ്യക്തമാണ്: രാഷ്ട്രീയവും സാംസ്കാരികവും സാമുദായികവുമായ ഉൾക്കൊള്ളൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ആഡംബരമല്ല, അത് ഒരു ആവശ്യകതയാണ്.
യോജിപ്പിന്റെ ദുർബലത
ജനാധിപത്യം വിശ്വാസത്തിന്മേലാണ് വളരുന്നത്. മതം, ജാതി, ഭാഷ, അല്ലെങ്കിൽ പ്രദേശം എന്നിവയാൽ സാമൂഹ്യ വിഭാഗങ്ങൾക്ക് തങ്ങൾ ഒഴിവാക്കപ്പെട്ടതായി തോന്നുമ്പോൾ വിശ്വാസം നശിക്കുന്നു. അതിന്റെ ഫലമായി ധ്രുവീകരണം, അപരവൽക്കരണം, ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലപ്പെടുത്തൽ എന്നിവ സംഭവിക്കുന്നു. താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ കാരണം അവയെ അവഗണിക്കുന്നത് അപകടമാണ്. എന്തെന്നാൽ അനേക തരം സ്വത്വങ്ങളുടെ ഒരു കാലിഡോസ്കോപ്പ് ആയ ഇന്ത്യയ്ക്ക് അത്തരം വിള്ളലുകൾ താങ്ങാൻ കഴിയില്ല. സമന്വയം എന്നത് യാന്ത്രികമായി സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല; അത് ബോധപൂർവമായ ഉൾക്കൊള്ളലിലൂടെ ഉറച്ച ഒരു അടിത്തറ പണിയുന്ന പ്രക്രിയയാണ്.
ഒരു പരിചയായി മതേതരത്വം
ഇന്ത്യയുടെ മതേതര സ്വഭാവം അതിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. ഇന്ത്യയുടെ ദേശീയതയെ കൃത്യമായി നിർവ്വചിക്കുമ്പോൾ ഒരു സമൂഹവും ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. എന്നാൽ മതേതരത്വം സ്വയം നിലനിൽക്കുവാൻ കെൽപ്പുള്ള ഒരു മാന്ത്രിക ശക്തിയല്ല. വൈവിധ്യത്തെയും ബഹുസ്വരതയെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം, നീതിയുക്തമായ പ്രാതിനിധ്യം, സാംസ്കാരിക ബഹുസ്വരതയോടുള്ള ബഹുമാനം എന്നിവയിലൂടെ അതിന് സജീവമായ സംരക്ഷണം നൽകേണ്ടത് ആവശ്യമാണ്. ഇപ്രകാരമുള്ള ഉൾക്കൊള്ളൽ നടക്കുന്നില്ലെങ്കിൽ, മതേതരത്വം ഒരു ജീവനുള്ള യാഥാർത്ഥ്യത്തേക്കാൾ കേവലം പൊള്ളയായ മുദ്രാവാക്യമായി മാറാനുള്ള സാധ്യതയുണ്ട്.
ജനാധിപത്യം പ്രാതിനിധ്യം ആവശ്യപ്പെടുന്നു
എല്ലാ ശബ്ദങ്ങളെയും പ്രതിനിധീകരിക്കാനുള്ള കഴിവിലൂടെയാണ് ഒരു ജനാധിപത്യം ശക്തമാകുന്നത്. ഉൾക്കൊള്ളൽ എന്നാൽ ന്യൂനപക്ഷങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, പ്രാദേശിക സ്വത്വങ്ങൾ എന്നിവയോട് സഹിഷ്ണുത പുലർത്തുക മാത്രമല്ല, അവയെ ശാക്തീകരിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുക കൂടിയാണ്. സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുന്ന നയങ്ങൾ, വൈവിധ്യത്തെ സാർത്ഥകമായി തന്നെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ പങ്കാളിത്തം, ബഹുസ്വരതയെ അടിച്ചമർത്തുന്നതിന് പകരം ആഘോഷിക്കുന്ന ആഖ്യാനങ്ങൾ എന്നിവയിലൂടെയാണ് ഇത് നടപ്പിലാകുക.
ആഗോള രംഗത്തെ തെറ്റുകളിൽ നിന്ന് പഠിക്കുക
ഒഴിവാക്കൽ രാഷ്ട്രീയത്തിന്റെ അപകടങ്ങൾ വെളിപ്പെടുത്തുന്നവയാണ് തുടക്കത്തിൽ സൂചിപ്പിക്കപ്പെട്ട പടിഞ്ഞാറൻ രാജ്യങ്ങളിലെ സാംസ്കാരിക സംഘർഷങ്ങൾ. അമേരിക്കൻ സമൂഹത്തിൽ ഉണ്ടായിട്ടുള്ള വംശീയ വിഭജനം അധികാര സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് അവിശ്വാസം വളർത്തിയിരിക്കുന്നു. ബ്രിട്ടണിൽ, വൻ കുടിയേറ്റത്തിൽ നിന്ന് ഉത്ഭവിച്ച സാംസ്കാരിക ആഘാതങ്ങൾ സമൂഹത്തെ തകർക്കാൻ തുടങ്ങിയിരിക്കുന്നു. യൂറോപ്പിലുടനീളം, ഇത്തരം വിഭാഗീയ ദേശീയ പ്രസ്ഥാനങ്ങൾ ഉയർന്നു വരുന്നത് ബഹുസ്വരതയെ ദുർബലപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക തന്നെ വേണം. ഇന്ത്യയുടെ വിശാലവും ബഹുതലസ്പർശിയുമായ വൈവിധ്യത്തിൻറെ ബലത്താൽ, ഇവിടെ അശാന്തിക്കോ അസ്ഥിരതയ്ക്കോ ഒഴിവാക്കൽ ഒരു കാരണമാകില്ല എന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം. അത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ കൃത്യമായ പ്രയോഗത്തിലൂടെയും ജനാധിപത്യ ഘടനയുടെ ഉറപ്പിലൂടെയും ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണ്.

മുന്നോട്ടുള്ള പാത
പ്രാദേശിക വൈവിധ്യങ്ങളെ ആസ്തികളായി അംഗീകരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഫെഡറലിസത്തെ ശക്തിപ്പെടുത്തുക.
വിദ്യാഭ്യാസം, മാധ്യമങ്ങൾ, പൊതു വ്യവഹാരങ്ങൾ എന്നിവയിൽ ഉൾക്കൊള്ളൽ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങൾ ചേർക്കുന്നത് പ്രോത്സാഹിപ്പിക്കുക.
ജാതീയവും സാമ്പത്തികവുമായ സമത്വം ഉറപ്പാക്കുക വഴി ഒരു സാമൂഹ്യ ഘടകത്തിനും തങ്ങൾ അവഗണിക്കപ്പെട്ടതായി തോന്നുന്ന സാഹചര്യം ഉണ്ടാകാതെ നോക്കുക.
ജുഡീഷ്യറി, ക്രമസമാധാന പാലനം, പത്രങ്ങൾ, സിവിൽ സമൂഹം എന്നീ സ്ഥാപനങ്ങളെ ഒഴിവാക്കൽ രാഷ്ട്രീയത്തിൻറെ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കുക.
പ്രവർത്തനത്തിനുള്ള ആഹ്വാനം
ഇന്ത്യയുടെ മുന്നോട്ടുള്ള വിധി ഉൾക്കൊള്ളലിനെ ആശ്രയിച്ചിരിക്കുന്നു. സമൂഹങ്ങളെ ഇണക്കത്തോടെ ബന്ധിപ്പിക്കുന്ന പശയാണത്, മതേതരത്വത്തെ സംരക്ഷിക്കുന്ന കവചവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന യന്ത്രവുമാണ്. സ്വത്വരാഷ്ട്രീയത്താൽ കൂടുതൽ കൂടുതൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, വൈവിധ്യം ഒരു ബലഹീനതയല്ല, മറിച്ച് ഒരു ശക്തിയാണെന്ന് തെളിയിക്കാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്. ഒരു പക്ഷെ ഇന്നും ഇന്ത്യയ്ക്കാണ് അത് ഏറ്റവും നന്നായി ചെയ്യാനാവുക. ആ അവസരം പാഴാക്കുക എന്നത് ഇന്ത്യ എന്ന ആശയത്തെ തന്നെ ഒറ്റിക്കൊടുക്കുക എന്നതിന് തുല്യമാണ്.
വിഭജിതസമൂഹങ്ങളുടെ ഉത്തരവാദിത്തം
ഇനി ഒരു വസ്തുത കൂടി പറഞ്ഞുവയ്ക്കട്ടെ; ഉൾക്കൊള്ളൽ എന്നത് ഒരു ഏകദിശാ പാതയല്ല. രാഷ്ട്രീയ തീവ്രവാദം, വിഭാഗീയ വാചാടോപം അല്ലെങ്കിൽ സാംസ്കാരിക ഒറ്റപ്പെടൽ എന്നിവ മൂലം ഭിന്നിപ്പിക്കുന്നവയായി തോന്നിയേക്കാവുന്ന സാമൂഹ്യഘടകങ്ങളും സാമൂഹിക ഐക്യത്തിനായുള്ള കടമ നിർവ്വഹിക്കേണ്ടതുണ്ട്. അതായത്, അവയുടെ വേറിട്ട സ്വത്വത്തെ ആയുധമാക്കാതെ, അതിനെ ആഘോഷിക്കാമെന്ന് തിരിച്ചറിയുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്- അതിനൊപ്പം നിരന്തരമായി തുറന്ന പരസ്പര സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിലൂടെയും, ഒഴിവാക്കലിൽ ഊന്നിയ ആഖ്യാനങ്ങളെ നീതിബോധത്തോടെ നിരാകരിക്കുന്നതിലൂടെയും.
ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ തുടങ്ങി ഇന്ത്യാ പാകിസ്താൻ വിഷയത്തിലൂടെയും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലൂടെയും ഉള്ള യാത്ര മാത്രമല്ല, അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിന്റെ പല ഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന സാംസ്കാരിക സംഘർഷങ്ങൾ വരച്ചു കാട്ടുന്ന ചിത്രങ്ങളും നമ്മളെ ഓർമ്മിപ്പിക്കുന്ന ഒരു യാഥാർഥ്യമുണ്ട്: “ഇൻക്ളൂസീവ്നെസ്സ്” അഥവാ ഉൾക്കൊള്ളൽ സംസ്കാരം എപ്പോൾ ഇല്ലാതാകുന്നു അതോടെ സമൂഹത്തിന്റെ അടിത്തറ ശിഥിലമാകുന്നു, ശാന്തി കേവലം അപ്രാപ്യമായ മരീചിക മാത്രമായി മാറുകയും ചെയ്യുന്നു എന്നതാണത്.

