ഏറ്റവും ചുരുക്കി പറഞ്ഞാൽ, ഒരു തിരഞ്ഞെടുപ്പിൽ രണ്ടോ അതിലധികമോ പാർട്ടികളെ അഥവാ മുന്നണികളെ അവയുടെ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ആദർശങ്ങളുടെയും പേരിൽ വിലയിരുത്തിക്കൊണ്ട് അവരിൽ ഏറ്റവും മെച്ചമെന്ന് തോന്നുന്ന പാർട്ടിക്ക് അഥവാ മുന്നണിക്ക് ജനം തങ്ങളുടെ സമ്മതി ദാനത്തിലൂടെ അംഗീകാരം നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം വിലയിരുത്തപ്പെടേണ്ടത് എന്ന കാര്യത്തിൽ ഇന്ന് ജനങ്ങൾക്ക് യാതൊരു വ്യക്തതയും ഇല്ലാതായിരിക്കുന്നു. ഒരു പക്ഷെ, ഇന്നത്തെ മുഖ്യ രണ്ടു മുന്നണികളും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും. ഓരോ രാഷ്ട്രീയ കക്ഷികൾക്കും തനതായ സാമ്പത്തിക വീക്ഷണങ്ങൾ ഉണ്ടാകുക എന്നത് ആഗോളവൽക്കരണാനന്തര കാലഘട്ടത്തിൽ അത്ര പ്രസക്തമല്ലെന്നത് ഇന്ത്യയിലെ ഇടത് പക്ഷത്തിന്റെ പോലും സാമ്പത്തിക നയങ്ങൾ നമ്മളെ മനസ്സിലാക്കി തരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഓരോ രാഷ്ട്രീയ കക്ഷിയും ഇന്ന് ചെയ്യേണ്ടത് വിഭവ സമാഹരണത്തെയും സാമ്പത്തിക വിനിയോഗത്തെയും വികസന സങ്കല്പത്തെയും പുനർ നിർവ്വചിക്കുകയും അവയുടെ വ്യവഹാരങ്ങളിലൂടെ ജനങ്ങൾക്ക് തങ്ങളുടെ വ്യതിരിക്തത വേണ്ടും വിധം വിശദമാക്കി കൊടുക്കുകയുമാണ്. അത് ഫലപ്രദമായി ചെയ്യാൻ പാർട്ടികൾക്ക് കഴിയണമെങ്കിൽ വിഭവ സമാഹരണത്തിലും സാമ്പത്തിക വിനിയോഗത്തിലും വികസന സങ്കല്പത്തിലും ഇവർ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കണം. എന്നാൽ അത്തരം ഭിന്നതകളൊന്നും ഈ രാഷ്ട്രീയ കക്ഷികൾ തമ്മിൽ ഇന്ന് നിലവിലില്ല എന്നതാണ് വസ്തുത. വർഗ്ഗീയത എന്ന അപകടകരമായ വ്യതിരിക്തത ആ സ്ഥിതിക്ക് ഇവയെ തരം തിരിക്കാനും ഓരോന്നിനെ വേറിട്ട് കാണാനും ഉള്ള അടിസ്ഥാനങ്ങളുടെ കാര്യത്തിൽ ജനത്തിന് ആശയക്കുഴപ്പം ഉണ്ടാക്കി തീർക്കുക മാത്രമാണ് അവർക്ക് എല്ലാർക്കും ഏറ്റവും എളുപ്പം ചെയ്യാനാകുന്നത്. അത് സാധ്യമായി എന്ന കാര്യത്തിൽ ഇവർ ഏല്ലാവരും സന്തുഷ്ടരാണ്. അപ്പോൾ പിന്നെ രാഷ്ട്രീയ കക്ഷികൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ മനസ്സിൽ പ്രത്യേക ഇടം നേടാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഏറ്റവും എളുപ്പത്തിലുള്ള മറുപടിയാണ് വർഗ്ഗീയത. കൂടാതെ വിപരീതാഹാരങ്ങൾ എന്ന പോലെ ഒരിക്കലും മിശ്രണം ചെയ്യാൻ പാടില്ലാത്ത മതവും രാഷ്ട്രീയവും കൂട്ടി കലർത്തുക വഴി യുക്തി ചിന്തയെയും നീതി ബോധത്തെയും വരെ മയക്കി കൊണ്ട് വർഗ്ഗീയതയുടെ പേരിൽ അപ്പുറവും ഇപ്പുറവും നിൽക്കുന്ന രണ്ട് ചേരികളായി രണ്ട് മുന്നണികൾ രൂപപ്പെട്ടത് അങ്ങനെയാണ്. വർഗ്ഗീയത എന്ന ഒരേയൊരു വിഷയം മാറ്റി വച്ചിട്ട് പരിശോധിച്ചാൽ, കോൺഗ്രസ്സും ബിജെപിയും തമ്മിൽ എന്താണ് പ്രകടമായ ഒരന്തരം ജനത്തിന് കാണിച്ച് കൊടുക്കാൻ നിങ്ങൾക്ക് കഴിയുക? അതിൽ പോലും കോൺഗ്രസ്സിന്റെ പരോക്ഷമായ വർഗ്ഗീയതയെ കുറിച്ച് ബിജെപിയും സഖ്യകക്ഷികളും വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും പ്രത്യക്ഷവും തീവ്രവുമായ വർഗ്ഗീയതയെ കുറിച്ച് കോൺഗ്രസ്സും ഇതര കക്ഷികളും ശരങ്ങൾ തൊടുക്കുന്ന അവസ്ഥയാണല്ലോ ഉള്ളത്. വർഗ്ഗീയത മാത്രമല്ല, അതിനൊപ്പം ഹൈന്ദവ വരേണ്യ വർഗ്ഗാധിപത്യം കൂടി തല പൊക്കിയത് ജനാധിപത്യത്തിന് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകൾ പത്തി വിടർത്തുന്ന പ്രതിഭാസമായി വേണം മനസ്സിലാക്കുവാൻ. നവ ജനാധിപത്യ സങ്കല്പങ്ങളിലൂടെ ഉള്ള ജനങ്ങളുടെ യഥാർത്ഥ ശാക്തീകരണം ഇതിനിടയിൽ ആർക്കും എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ ചിലർക്ക് ഓർക്കാപ്പുറത്ത് വീണുകിട്ടിയ ഒന്നാണ് ജനാധിപത്യം.
വാസ്തവത്തിൽ ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യം എന്നത് പ്രത്യേകിച്ച് ഉയർത്തി കാട്ടേണ്ട ഒരു മൂല്യമായി മാറുന്നു എങ്കിൽ ആ ഭരണക്രമത്തിൽ ജനാധിപത്യ വിരുദ്ധമായ പലതും ശക്തിപ്പെട്ടിരിക്കുന്നു എന്ന് നാം തിരിച്ചറിയണം. അത് തന്നെയാണല്ലോ വാസ്തവം. ഒരു പക്ഷെ, പരമ്പരാഗത പാർട്ടികളുടെ ഉപബോധമനസ്സിലെ ഇതുമായി ബന്ധപ്പെട്ട കുറ്റബോധമാകണം ജനാധിപത്യ മൂല്യങ്ങളുടെ കാവലാളുകൾ എന്ന രീതിയിൽ സ്വയം മുന്നണിയ്ക്ക് പേര് നൽകാൻ NDA എന്ന മുന്നണിയെ പരോക്ഷമായി പ്രേരിപ്പിച്ചിട്ടുള്ളത്. തീവ്രമായ വർഗ്ഗീയതയും കടുത്ത ജാതിവാദവും കപട ഹൈന്ദവ വരേണ്യതയും എല്ലാം ശക്തി പ്രാപിച്ചിരിക്കുന്നത് യഥാർത്ഥ ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം മൂലമാണ്. ജനാധിപത്യം എന്നാൽ അഞ്ച് വർഷത്തിൽ ഒരിക്കൽ കേവലം ഏതാനും നിമിഷങ്ങൾ പ്രയോഗത്തിൽ നിലനിൽക്കുന്ന വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ ആഘോഷമായി അധഃപതിച്ച വർത്തമാനകാല അവസ്ഥയിൽ, കൂടുതൽ വിപുലവും വ്യാപകവും അർത്ഥവത്തുമായ രീതിയിലുള്ള നിരന്തര വ്യവഹാരങ്ങളിലൂടെ ജനാധിപത്യ സങ്കല്പത്തെ പരിഭാഷപ്പെടുത്തുക എന്നതാണ് ഇന്ന് ഏറ്റവും ആവശ്യമായിട്ടുള്ളത്. അവിടെയാണ് നവജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി. നവ ജനാധിപത്യത്തിൽ നവ്യമായി എന്തെങ്കിലുമുള്ളത് ജനാധിപത്യത്തിന് പുതിയ പരിഭാഷകളും പ്രയോഗങ്ങളും വഴി വ്യാവഹാരികമായ മാനം ഉണ്ടാക്കുന്നതിലാണ്. നമ്മുടെ തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളെയും ഒരേ സമയം തിരസ്കരിക്കാനുള്ള NOTA ഉൾപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവായത് Right to reject എന്ന നവജനാധിപത്യ സങ്കല്പത്തിന് ലഭിച്ച നിയമപരമായ സാധുതയാണ്. അതേ പോലെ, അഞ്ച് വർഷത്തിനിടയ്ക്കുള്ള കാലത്ത്, തങ്ങൾ തെരഞ്ഞെടുത്ത ഒരു പ്രതിനിധിയുടെ പ്രവർത്തനം സംതൃപ്തി തരുന്നതല്ലെങ്കിൽ അയാളെ തെരഞ്ഞെടു ജനങ്ങൾക്ക് ആ പ്രതിനിധിയെ തിരിച്ച് വിളിക്കാനുള്ള അധികാരം അല്ലെങ്കിൽ (Right to recall) നൽകുക എന്നതും നവ ജനാധിപത്യത്തിന്റെ മുഖമുദ്രകളിൽ ഒന്നാണ്. ജനങ്ങളെ ഇത്തരത്തിൽ ശക്തരാക്കുവാൻ വേണ്ടി ഏത് പാർട്ടിയാണ് മുന്നോട്ട് വരുന്നത് എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രസക്തമാണ്. പക്ഷെ അതിനെ കുറിച്ച് ചിന്തിക്കാനോ ജനങ്ങളുടെ യഥാർത്ഥ ശാക്തീകരണം നടക്കേണ്ടത് ജനാധിപത്യം സാധ്യമാക്കുവാൻ അത്യാവശ്യമാണെന്ന തിരിച്ചറിവ് അവരിൽ സൃഷ്ടിക്കാനോ വേണ്ടതായ സംഘടിത ശ്രമം ഈ തെരഞ്ഞെടുപ്പ് കാലത്ത് പോലും നടക്കുന്നില്ല എന്നത് ജന താല്പര്യം ഇപ്പോഴും പാർട്ടികളാൽ അവഗണിക്കപ്പെട്ട അവസ്ഥയാണ് എന്ന സത്യം വിളിച്ചോതുന്നതാണ്.
വികസനം ആർക്ക് വേണ്ടി?
ഇവ കൂടാതെ, ജനോപകാരപ്രദമായ വികസനം എന്നാൽ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്. ഇന്നത്തെ അവസ്ഥയിൽ ബുള്ളറ്റ് ട്രെയിനും നാലായിരം കോടിയുടെ വെങ്കല പ്രതിമയും ഇന്ത്യയിലെ ജനങ്ങൾക്ക് ഏത് തരത്തിലാണ് വികസനമായി അനുഭവപ്പെടുക എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രൊഡക്റ്റീവ് അഥവാ സൃഷ്ടിപരവും, ഭൂരിഭാഗം ജനങ്ങളുടെ ഏതെങ്കിലും അത്യാവശ്യങ്ങൾ നിറവേറ്റാൻ ഏറെ ഉപകരിക്കുന്നതും, ഉൾപ്പെടുന്ന ചെലവിന് ആനുപാതികമായി പ്രയോജനപ്പെടുന്നതും ആയ വികാസങ്ങളാണ് ഒരു വികസിത രാഷ്ട്രം പോലും നടപ്പിലാക്കേണ്ടത് എന്നിരിക്കെ, ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യ വികസനത്തിന്റെ പേരിൽ ഇക്കാലത്ത് നടത്തിയിട്ടുള്ള ധൂർത്തുകൾ നമുക്ക് നൽകുന്ന നിരാശ വളരെ ഏറെയാണ്. വികസനം ആവശ്യമായ മേഖലകളും ആ മേഖലകളിൽ സാധ്യമായതും കൂടുതൽ ജനങ്ങൾക്ക് പ്രയോജനം ചെയ്യാനുതകുന്നതും ആയ വികസന പ്രവർത്തനങ്ങൾ ഏതെന്ന് നിർണ്ണയിക്കുക, അവയുടെ പ്രായോഗികതയുടെയും ചെലവിന്റെയും അടിസ്ഥാനത്തിൽ അവയെ നിജപ്പെടുത്തുക, ഒരു ക്ഷേമ രാഷ്ട്ര സങ്കല്പത്തിലേക്ക് പടിപടിയായി മുന്നേറാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുക എന്നിവ ഇന്നത്തെ രണ്ട് മുന്നണികളുടെയും സ്വപ്നങ്ങളിൽ പോലും കാണാനില്ല എന്നതാണ് വസ്തുത.
ഒരു ഭരണാധികാരി ജനങ്ങളുടെ താല്പര്യങ്ങൾക്ക് എത്ര വില കല്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആ ഭരണകൂടം ആവശ്യങ്ങൾ, അത്യാവശ്യങ്ങൾ, ആഡംബരങ്ങൾ" എന്ന ന്യായമായ ക്രമത്തിൽ വികസന കാര്യങ്ങളെ മൂന്നായി തിരിക്കുന്നത്. ഇവയിൽ ആവശ്യങ്ങൾ എന്നും അത്യാവശ്യങ്ങൾ എന്നുമുള്ള രീതിയിൽ എടുത്ത് പറയാവുന്നവയാണ് വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതു ഗതാഗത സംവിധാനം, പൊതു മേഖലയിലുള്ള വ്യാവസായിക വളർച്ച, സുരക്ഷിതവും ഉത്തരവാദിത്വ പൂർണ്ണവുമായ ബാങ്കിങ് സംവിധാനത്തിന്റെ വളർച്ച, തൊഴിൽ അവസരങ്ങളുടെ സൃഷ്ടിക്ക് ഉതകുന്ന തരത്തിൽ സഹായിക്കാവുന്ന സാങ്കേതികവും വ്യാവസായികവുമായ രംഗങ്ങളിലെ ഗവേഷണം, പാരിസ്ഥിതിക പഠന ഗവേഷണങ്ങളും പരിസ്ഥിതി സൗഹൃദമായ അവസ്ഥകളുടെനിർമ്മാണവും. എന്നാൽ ഇവയെക്കാൾ എല്ലാം ഏറെ ചെലവ് ചെയ്യാൻ ഏതൊരു രാഷ്ട്രത്തിനും ഉപയോഗിക്കാവുന്ന വകുപ്പാണ് പ്രതിരോധത്തിന്റേത്. അത് ഉപയോഗിക്കണമെങ്കിൽ രാഷ്ട്രം സുരക്ഷാ ഭീഷണി നേരിടുന്നു എന്ന പ്രതീതി ജനങ്ങളുടെ ഇടയിൽ സൃഷ്ടിച്ച് നിർത്തേണ്ടതുണ്ട്. അവിടെയാണ് അതിർത്തികളിലെ അസ്വാരസ്യങ്ങൾ ഓരോ ഭരണകൂടത്തിനും ഉർവ്വശീ ശാപം പോലെ ഉപകാരപ്രദം ആകുന്നത്. ഇന്ത്യയിലാകട്ടെ അതിർത്തികളിൽ മാത്രമല്ല, ഉള്ളിലും പല തരം വിഘടന പ്രവർത്തനങ്ങൾ നടക്കുന്നത് പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ കാരണമായി വർത്തിക്കുന്നു. പ്രതിരോധത്തിന് വേണ്ടിയുള്ള ഭീമായ ചെലവ് ഇല്ലാതാക്കുവാൻ ഒരേയൊരു വഴിയുള്ളത് അയാൾ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക മാത്രമാണ്. അതിനായി നയതന്ത്ര ബന്ധങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കായ്കയാണോ അതോ അന്താരാഷ്‌ട്ര ആയുധ വ്യാപാരികളുടെ ഗൂഢ തന്ത്രങ്ങൾക്ക് നാം വഴിപ്പെടുകയാണോ എന്നത് തർക്കവിഷയമായി തുടരുക തന്നെ ചെയ്യും. എന്തായാലും തന്റെ വിദേശ പര്യടനം വൻ വാണിഭക്കാരുടെ പ്രയോജനത്തിനായി മാത്രം മാറ്റി വച്ച നമ്മുടെ പ്രധാന സേവകൻ റഫാലിന്റെ ചിറകിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയുടെ അവസാന കണ്ണി ഒടുവിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കാണാതായ കടലാസ്സുകൾ വരെ എത്തിയത് ആത്മാഭിമാനവും നീതിബോധവുമുള്ള ഓരോ പൗരനെയും അക്ഷരാർത്ഥത്തിൽ ചകിതരാക്കിയിട്ടുണ്ട്. ജനത്തിന് വേണ്ടിയല്ല, അംബാനി സഹോദരന്മാർക്കും അദാനിയ്ക്കും അതേപൊലെ ഏതാനും ഗുജറാത്തിലെ തന്റെ ഇഷ്ടക്കാരായ ഒരു സംഘം വ്യവസായികൾക്ക് വേണ്ടി മാത്രമാണ് ഇദ്ദേഹം സുഷമ സ്വരാജിനെ പോലുള്ള സമർത്ഥയായ വിദേശകാര്യ മന്ത്രിയെ പോലും അവഗണിച്ചു കൊണ്ട് ലോക രാജ്യങ്ങളിൽ എല്ലായിടങ്ങളിലും ചുറ്റി കറങ്ങിയത് എന്നാണ് പരക്കെയുള്ള വിശ്വാസം. നീതിന്യായ വ്യവസ്ഥയുടെ അഭൂതപൂർവ്വമായ പതനം ഇന്ത്യയിലെ പരമോന്നത കോടതിയിലെ ഏറ്റവും സീനിയറായ നാല് ന്യായമൂർത്തികൾ സുപ്രീം കോടതിയിൽ ഒട്ടും ന്യായമല്ലാത്ത രീതിയിലുള്ള വ്യവഹാരങ്ങൾ നടക്കുന്നു എന്ന തുറന്നടിച്ച വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നത് ബിജെപിയുടെ ഈ ഭരണ കാലത്താണ്. അതിന് മുൻപ് ജസ്റ്റീസ് ലോയയുടെ സന്ദേഹാസ്പദമായ maരണം സൃഷ്ടിച്ച കോളിളക്കങ്ങൾ നിയമ സംവിധാനത്തെ തന്നെ ഉപയോഗപ്പെടുത്തി കൊണ്ടാണ് അമർച്ച ചെയ്തതെന്ന വിവാദം ഇന്നും അസ്തമിച്ചിട്ടില്ലെന്നത് നാം ഓർക്കണം. ഒരു ഭരണ ഘടനാനുസൃതമായ പാർലമെൻററി ഡെമോക്രസിയുടെ മൂന്ന് സ്തംഭങ്ങളിൽ പൗരന്മാർക്ക് ഏറ്റവും അധികം വിശ്വാസം ഉള്ളതും ഉണ്ടാകേണ്ടതുമായ നീതിന്യായ സംവിധാനത്തിന് ഏൽക്കുന്ന കളങ്കം ഒരു ജനതയ്ക്കും വകവെച്ച് കൊടുക്കാൻ കഴിയുന്നതല്ല. അധികാര കേന്ദ്രങ്ങളുടെ സ്വാധീന വലയത്തിന് പുറത്തായിരിക്കണം എന്നും നീതിന്യായ സംവിധാനം നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. ആരോഗ്യകരവും നിഷ്പക്ഷവുമായ നീതി നടപ്പാക്കൽ ഉറപ്പുവരുത്താൻ അപ്പോൾ മാത്രമേ സാധ്യമാകൂ എന്നത് മാത്രമല്ല, നീതി നടപ്പാക്കുന്നത് നിഷ്പക്ഷമാണെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യവുമാണ്. ഇവിടെയാണ് നാം കണ്ട കാഴ്ചകൾ പ്രസക്തമാകുന്നത്. മോരും മുതിരയും ചേർന്ന മഹാഗഢബന്ധൻ ഈ സാഹചര്യങ്ങൾ എല്ലാം വിലയിരുത്തി കൊണ്ട് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ, എന്നുള്ളതിൽ ഏത് സഖ്യമാണ് ജയിക്കേണ്ടത് എന്ന ചോദ്യത്തെ നാം എങ്ങനെയാണ് കാണേണ്ടത് എന്നൊന്ന് പരിശോധിക്കാം. വാസ്തവം പറയട്ടെ, തുറന്ന വർഗ്ഗീയതയുടെ പേരിലും സാമൂഹികമായ അരാജകത്വവും ഗുണ്ടാരാജും വളർത്തുന്നതിന്റെ പേരിലും സാമ്പത്തിക അരാജകത്വത്തിന്റെ പേരിലും നോട്ട് നിരോധനം പോലുള്ള ബുദ്ധിഹീനമായ നടപടികളുടെ പേരിലും സർവ്വോപരി സമസ്ത ജന വിഭാഗങ്ങളെ സമമായി കാണാത്ത മനോഗതിയുടെ പേരിലും ഇനിയൊരു വട്ടം കൂടി അധികാരത്തിൽ എത്താനുള്ള യാതൊരു അർഹതയും തങ്ങൾക്കില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഒരു ഭരണക്രമമാണ് ഈ കഴിഞ്ഞ അഞ്ച് വർഷ കാലം ഉണ്ടായിരുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അവർക്ക് പകരം വരാവുന്ന പ്രതിപക്ഷ സഖ്യത്തിന് സാമ്പത്തിക നയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരിൽ നിന്ന് യാതൊരു വ്യത്യാസവും അവകാശപ്പെടാൻ ഉണ്ടാകില്ലെന്നത് ബുദ്ധിക്ക് കോട്ടം തട്ടിയിട്ടില്ലാത്ത ആരും അംഗീകരിക്കും. എന്നാൽ ഒരു രാജ്യത്തെ ചില വിഭാഗം ജനങ്ങൾ അന്യായമായ വിവേചനം അനുഭവിക്കുന്നതിനെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് അഴിമതിയുടെ രാജാക്കന്മാർ അടങ്ങിയ കോൺഗ്രസ്സ് പാർട്ടിയുമായി സഖ്യത്തിന് ആം ആദ്മി പാർട്ടിയുടെ നേതാവായ അരവിന്ദ് കേജ്‌രിവാൾ പോലും തയ്യാറാകുന്നത്. ആം ആമിയുടെ പ്രസക്തി ഈ പ്രതിപക്ഷ സഖ്യത്തെ ഗുണപരമായി സ്വാധീനിക്കുന്ന കാര്യത്തിൽ ഏറ്റവുമധികം പ്രസക്തമായ ഭൂമിക നിർവ്വഹിക്കേണ്ട ബാധ്യതയും അതിനുള്ള ആർജ്ജവവും ഇന്നത്തെ അവസ്ഥയിൽ ഇടത് പക്ഷ പാർട്ടികളെക്കാൾ കൂടുതലുള്ളത് ആം ആദ്മി പാർട്ടിക്കാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ അതിന് വേണ്ടതായ സംഖ്യാബലം ഈ തെരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ ആം ആദ്മിപാർട്ടിക്ക് കഴിയുമോ എന്നിടത്താണ് അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തിന്റെ തലവിധി എങ്ങനെയാകും എന്നത് നമ്മെ ചിന്തിപ്പിക്കുന്നത്. ഇപ്പോൾ ആം ആദ്മി പ്രസ്ഥാനത്തെ കൂട്ട് പിടിക്കുന്ന ഇടതുപക്ഷം അടക്കമുള്ള പാർട്ടികൾക്ക് ഏറ്റവും അധികം ഭീഷണിയുള്ളത് ആം ആദ്മി പാർട്ടിയിൽ നിന്ന് തന്നെയാണ്. ലേഖനത്തിന്റെ ആദ്യ ഭാഗത്ത് വ്യക്തമാക്കിയിട്ടുള്ളത് പോലെ സാമ്പത്തിക വിഭവ സമാഹരണ വിനിയോഗ നയ സമീപനങ്ങളുടെ എല്ലാം കാര്യത്തിൽ മുതുക്കൻ പാർട്ടികളുമായി തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇടത് പാർട്ടികൾക്ക് പോലും ആം ആദ്മി പാർട്ടിയുടെ വളർച്ച തടയേണ്ടത് അനിവാര്യമായിരുന്നു. Right to reject, Right to recall എന്നിവയ്ക്ക് പുറമേ പ്രാദേശികമായ വിഷയങ്ങളിൽ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് പങ്കാളിത്തം നൽകുന്ന സ്വരാജ്, അഴിമതിക്ക് എതിരെ പഴുതുകളടച്ച "ജൻ ലോക്പാൽ എന്നീ സംവിധാനങ്ങൾക്കൊപ്പം സുതാര്യതയും നിരന്തരമായ ജനസമ്പർക്കവും ഉൾപ്പെടെയുള്ള പ്രവർത്തന ശൈലിയും ആം ആദ്മിയെ നവ ജനാധിപത്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങൾ ആക്കി മാറ്റിയ സഹാചര്യത്തിൽ, കേരളത്തിലെ ആം ആദ്മി പാർട്ടി ഘടകത്തിൽ പോലും ചാരന്മാരെ തിരുകി കയറ്റാനും കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അതിനെ തകർച്ചയുടെ വക്കിൽ എത്തിക്കാനും ശ്രമിച്ച പാർട്ടികളിൽ ഇടത് പക്ഷം മുഖ്യ സ്ഥാനത്ത് തന്നെയുണ്ടെന്നതാണ് ആം ആദ്മി പ്രസ്ഥാനത്തിലെ ആർജ്ജവമുള്ള പക്ഷത്തിന്റെ സുപ്രധാനമായ ഒരു നിരീക്ഷണം.
അഖിലേന്ത്യാ തലത്തിൽ പാർട്ടി വളർത്തുന്ന കാര്യത്തിൽ നേതൃത്വത്തിനുണ്ടായ വീഴ്ചയും ഈ അവസരത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. ദില്ലിയിലെ സദ്ഭരണം ഒന്ന് കൊണ്ട് മാത്രം രാജ്യവ്യാപകമായ ശ്രദ്ധ പിടിച്ച് പറ്റാമെന്നും അതിലൂടെ പാർട്ടിയുടെ വളർച്ച സാധ്യമാക്കാമെന്നും ഉള്ള സങ്കല്പമായിരുന്നു നേതൃത്വത്തിന്റേത്. അല്ലായിരുന്നെങ്കിൽ ദില്ലി സംസ്ഥാനത്തെ ചരിത്രമായ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ രാജ്യത്ത് ഉടനീളം പൊതുജനങ്ങളെ ഇളക്കി മറിച്ചു കൊണ്ട് യോഗങ്ങൾ നടത്തുകയും എഴുപതിൽ അറുപത്തേഴ് സീറ്റുകൾ എന്ന അഭൂതപൂർവ്വമായ ജനവിധി നൽകിയ ആക്കത്തെ പ്രയോജനപ്പെടുത്തി ക്കൊണ്ട് രാജ്യത്താകമാനമുള്ള ജനങ്ങളുടെ ഉള്ളിൽ ഇടം കണ്ടെത്താനും നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു. അത് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവരെ ദില്ലിയിൽ തന്നെ തളച്ചിടാൻ വേണ്ടി ബിജെപി കൗശല പൂർവ്വം ഒരുക്കിയ കെണികളിൽ ആം ആദ്മി നേതൃത്വം വീണു പോവുകയും ചെയ്തു എന്നിടത്താണ് പാർട്ടിയ്ക്ക് ഏറ്റവുമധികം പാളിച്ച പറ്റിയത്. അതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതായ ഒരു വസ്തുതയാണ് പല സംസ്ഥാനങ്ങളിലും പാർട്ടിക്ക് നേരിട്ട തകർച്ചയുടേത്. നേരത്തെ കേരളത്തിന്റെ കാര്യത്തിൽ സൂചിപ്പിച്ച അന്യ പാർട്ടി ചാരന്മാർ വഴിയുള്ള പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് തന്നെ വേണം കരുതാൻ. അതെല്ലാം എന്ത് കൊണ്ട് സംഭവിച്ചു എന്ന് തിരിച്ചറിയാനും സംഘടനാ സംവിധാനം രാജ്യവ്യാപകമായി ശക്തിപ്പെടുത്താനും വേണ്ട നടപടികൾ കൈക്കൊള്ളാൻ പാർട്ടി ഇനിയെങ്കിലും ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് നേതൃത്വം തിരിച്ചറിയുകയും അതിന്റെ വ്യക്തമായ സൂചനകൾ ജനങ്ങൾക്ക് നൽകുകയും ചെയ്‌താൽ മാത്രമേ ഈ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തങ്ങളുടെ പ്രസക്തി അല്പമെങ്കിലും തെളിയിക്കാൻ ആവൂ. ആ പ്രസക്തി തെളിയിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയിലെ ഇന്നത്തെ ജനാധിപത്യ ഭരണക്രമത്തിൽ പാർട്ടിക്ക് തങ്ങളുടെ തനതായ സംഭാവനകൾ ചെയ്യാനും കഴിയൂ. മുകളിൽ പറഞ്ഞിട്ടുള്ള വസ്തുതകൾ ഇന്നിന്റെ ഒരു പരിച്ഛേദം തുറന്നു കാട്ടുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ മാത്രം ചെയ്തിട്ടുള്ളതാണ് അല്ലാതെ ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടിയോ മുന്നണിക്ക് വേണ്ടിയോ ജന മനസുകളിൽ സ്വാധീനം ചെലുത്താൻ വേണ്ടിയുള്ളതല്ല എന്ന കാര്യം എടുത്ത് പറയട്ടെ. വസ്തുതകൾ മനസ്സിലാക്കുന്ന ജനങ്ങൾ അവരുടെ തെളിഞ്ഞ ബോധത്തിൽ നിന്നെടുക്കുന്ന തീരുമാനങ്ങളാണ് സമ്മതിദാനമായി പരിണമിക്കേണ്ടത്. അതിന് അനുയോജ്യമായ രീതിയിൽ ജനങ്ങളെ പ്രബുദ്ധരാക്കുക മാത്രമാണ് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഓരോ പാർട്ടിയും ചെയ്യേണ്ടത്. അതിന് ഒട്ടും കാപട്യമോ വശം ചേരലോ ഇല്ലാതെ വസ്തുതകൾ വസ്തുതകളായി അവതരിപ്പിക്കണം. അത് മാത്രമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളതും.
വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു