പുഴ
അവൾ കാലങ്ങളോളം
കാതു കൂർപ്പിച്ച്
അക കണ്ണ് കരുതലും
പുറങ്കണ്ണ് കണ്ണാടിയുമാക്കി
ഒരു വിത്തിലങ്ങനെ
ഒളിച്ചു പാർക്കുമത്രേ…
പുഴ
ഒരു ബീജം അണ്ഡത്തോട്
പറഞ്ഞ രഹസ്യം
കാത്തു സൂക്ഷിച്ച്
മലയിടുക്കിലങ്ങനെ
കൂനിക്കൂടിയിരിക്കുമത്രേ …
പുഴ
വികാരങ്ങളുടെ മൂശയിൽ
തിളച്ച് മറിഞ്ഞ്
സ്വയമങ്ങനെ
ഒഴുകി തുടങ്ങുമത്രേ…
പുഴ
പതിയെ ചിരിച്ച്
ആർത്തട്ടഹസിച്ച്
ഉറക്കെ കരഞ്ഞ്
പിന്നെ പുഴയൊരു
പുഴയാവുമത്രേ…
പുഴ
വിത്തിൽ നിന്ന് പൊടിഞ്ഞ്
കണ്ണിലേക്ക് വളർന്ന്
വികാരത്തിലേക്ക് പടർന്ന്
കടലിന്റെ ആഴങ്ങളിൽ
ആത്മഹത്യ ചെയ്യുമത്രേ…..
Comments