ലോകകഥ

കടന്നൽ ചികിത്സ – ഇറ്റാലോ കാൽവിനോവാതപീഡകൾ ശേഷിപ്പിച്ചുകൊണ്ട് മഞ്ഞുകാലം കടന്നുപോയി. പകലുകൾക്കു ചൊടിയേകാൻ ക്ഷീണിതനായ ഒരു ഉച്ചസൂര്യൻ വന്നുതുടങ്ങി. ജോലിക്കു തിരിച്ചു കയറുന്നതിനു മുമ്പുള്ള കുറച്ചു നേരം ഇലകൾ പൊടിക്കുന്നതും നോക്കി മാർക്കോവാൽഡോ ബഞ്ചിലിരിക്കും. ചടച്ചു ചെറുതായ ഒരു വൃദ്ധൻ ആകെ പിഞ്ഞിക്കൂടിയ ഒരു ഓവർക്കോട്ടിൽ ചുരുണ്ടുകൂടി അയാൾക്കടുത്തു വന്നിരിക്കാറുണ്ട്. ഈ സിനോർ റിസിയേരി ലോകത്താരുമില്ലാത്ത ഒരു പെൻഷൻകാരനാണ്‌; വെയിലു വീഴുന്ന പാർക്ക് ബഞ്ചുകളിലെ നിത്യസന്ദർശകൻ. സിനോർ റിസിയേരി ഇടയ്ക്കിടെ ഒന്നു പിടഞ്ഞുകൊണ്ട് നിലവിളിക്കും: “ഔ!” എന്നിട്ടയാൾ കോട്ടിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടും. വാതം, സന്ധിവേദന, ഇടുപ്പുവലി ഇതിന്‍റെയൊക്കെ ഒരു കൂടായിരുന്നു അയാൾ; നനഞ്ഞുതണുത്ത മഞ്ഞുകാലത്തു സമ്പാദിച്ചുകൂട്ടുന്ന ഇതൊക്കെ ശേഷിച്ച കാലം അയാളെ വിടാതെ പിന്നാലെ കൂടും. അയാളെ ആശ്വസിപ്പിക്കാനായി മാർക്കോവാൽഡോ തന്‍റെ വാതരോഗത്തിന്‍റെ വിവിധഘട്ടങ്ങൾ അയാളെ വിവരിച്ചു കേൾപ്പിക്കും; തന്‍റെ മാത്രമല്ല, ഭാര്യയുടേയും മൂത്ത മകൾ ഇസോലിനായുടേയും (പാവം, അവൾ ഈയിടെയായി വല്ലാതെ ക്ഷീണിച്ചുവരികയാണ്‌.)

മാർക്കോവാൽഡോ ഉച്ചഭക്ഷണം പൊതിഞ്ഞുകൊണ്ടു പോയിരുന്നത് പത്രക്കടലാസ്സിലാണ്‌; പൊതി അഴിച്ചിട്ട് ചുളിഞ്ഞുകൂടിയ പത്രം അയാൾ റിസിയേറിക്കു നേരെ നീട്ടും. അക്ഷമയോടെ കൈ നീട്ടിക്കൊണ്ട് റിസിയേരി പറയും: “വാർത്ത എന്തൊക്കെയുണ്ടെന്നു നോക്കട്ടെ.“ പത്രം വായിക്കുന്നതിൽ അയാൾക്കു വല്ലാത്ത ഹരമായിരുന്നു, അതിനി രണ്ടു കൊല്ലം പഴയതായാലും.

അങ്ങനെയൊരു ദിവസമാണ്‌ തേനീച്ചവിഷം കൊണ്ട് വാതം സുഖപ്പെടുത്തുന്ന ഒരു ചികിത്സാരീതിയെക്കുറിച്ച് പത്രത്തിൽ വന്ന ഒരു ലേഖനം അയാളുടെ കണ്ണില്‍ പെടുന്നത്.

”തേനിന്‍റെ കാര്യമായിരിക്കും അവർ പറയുന്നത്,“ എന്നും ശുഭാപ്തിവിശ്വാസിയായിരുന്ന മാർക്കോവാൽഡോ പറഞ്ഞു.

”അല്ല,“ റിസിയേരി പറഞ്ഞു, ”വിഷം തന്നെ, തേനീച്ചയുടെ മുള്ളിലെ വിഷം.“ എന്നിട്ടയാൾ പ്രസക്തഭാഗം ഉറക്കെ വായിക്കുകയും ചെയ്തു. പിന്നെ രണ്ടു പേരുമിരുന്ന് തേനീച്ചകളെക്കുറിച്ച് സുദീർഘമായി ചർച്ച ചെയ്തു: അവയുടെ ഗുണങ്ങൾ, ലക്ഷണങ്ങൾ, അങ്ങനെയൊരു ചികിത്സക്കു വേണ്ടിവരാവുന്ന ചെലവ്.

അതില്‍പിന്നെ ഇരുവശവും മരങ്ങളുള്ള തെരുവുകളിലൂടെ നടക്കുമ്പോൾ ഏതു ചെറുമൂളലും മാർക്കോവാൽഡോയുടെ കാതുകൾ പിടിച്ചെടുക്കാതിരുന്നില്ല, ഏതു കീടം പറന്നുപോയാലും അയാളുടെ കണ്ണുകൾ പിന്നാലെ പോകാതിരുന്നില്ല. അങ്ങനെ അടിവയറ്റിൽ മഞ്ഞയും കറുപ്പും വരകളുള്ള വലിയൊരു കടന്നലിന്‍റെ പിന്നാലെ പോയ അയാളുടെ നോട്ടം അതൊരു മരത്തിന്‍റെ പോടിലേക്കു തുരന്നുകയറുന്നതും വേറേ കടന്നലുകൾ പുറത്തേക്കു വരുന്നതും കണ്ടു: മരത്തിനുള്ളിൽ ഒരു കടന്നല്‍ക്കൂടിന്‍റെ സാന്നിദ്ധ്യം വിളംബരം ചെയ്യുന്ന ഒരിരമ്പം, ഒരാരവം. മറ്റൊന്നും ആലോചിക്കാൻ നില്ക്കാതെ മാർക്കോവാൽഡോ തന്‍റെ വേട്ട തുടങ്ങി. അയാളുടെ കയ്യിൽ ഒരു കണ്ണാടിഭരണി ഉണ്ടായിരുന്നു, അതിനടിയിൽ അല്പം ജാം കട്ടിയിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്. അയാൾ ഭരണി മൂടി തുറന്ന് മരത്തിനടുത്തു വച്ചു. വൈകിയില്ല, ഒരു കടന്നൽ മധുരിക്കുന്ന മണം കൊണ്ടാകൃഷ്ടനായി ഭരണിക്കു ചുറ്റും ഒന്നു പറന്നു നടന്നിട്ട് നേരേ ഉള്ളിലേക്കു കയറി. മാർക്കോവാൽഡോ പെട്ടെന്ന് ഒരു കടലാസ്സുമൂടി കൊണ്ട് ഭരണി അടയ്ക്കുകയും ചെയ്തു.

സിനോർ റിസിയേരിയെ കണ്ടതും അയാൾ പറഞ്ഞു: “വന്നാട്ടെ, ഞാനൊരു കുത്തിവയ്പ്പു നടത്താം.” കലിയിളകിയ കടന്നൽ കെണിയിലായ ഭരണി അയാൾ കാണിച്ചുകൊടുത്തു.

വൃദ്ധൻ ഒന്നു മടിച്ചു; എന്നാൽ ഒരു കാരണം കൊണ്ടും പരീക്ഷണം മാറ്റിവയ്ക്കാൻ മാർക്കോവാൽഡോ സന്നദ്ധനായിരുന്നില്ല; അവിടെ, തങ്ങൾ സ്ഥിരം ഇരിക്കുന്ന ആ ബഞ്ചിൽ വച്ച് അപ്പോൾത്തന്നെ വേണമെന്ന് അയാൾ നിർബ്ബന്ധം പിടിച്ചു: രോഗിക്ക് തുണി ഉരിയേണ്ട ആവശ്യം പോലുമില്ല. പ്രതീക്ഷയോടെയാണെങ്കിലും പേടിയോടെ സിനോർ റിസിയേരി തന്‍റെ ഓവർക്കോട്ടിന്‍റെ അറ്റവും ജാക്കറ്റും ഷർട്ടും അല്പമൊന്നു പൊക്കി; എന്നിട്ട് പിന്നിക്കീറിയ അടിവസ്ത്രത്തിനിടയിലൂടെ തനിക്കു വേദന തോന്നുന്ന ഭാഗം അയാൾ കാണിച്ചുകൊടുത്തു. മാർക്കോവാൽഡോ ഭരണിയുടെ വായ അവിടെ വച്ചമർത്തിയിട്ട് മൂടിയായി ഉപയോഗിച്ചിരുന്ന കടലാസ്സ് വലിച്ചുമാറ്റി. ആദ്യമൊന്നും യാതൊന്നും സംഭവിച്ചില്ല; കടന്നൽ അനങ്ങിയതേയില്ല. അവൻ ഉറങ്ങിപ്പോയോ? അവനെ ഉണർത്താനായി മാർക്കോവാൽഡോ ഭരണിയുടെ മൂട്ടിൽ ഒന്നു തട്ടി. ആ തട്ടലാണു വേണ്ടിയിരുന്നത്: കടന്നൽ പാഞ്ഞുവന്ന് സിനോർ റിസിയേരിയുടെ ചന്തിയിൽ ആഞ്ഞൊരു കുത്തു കൊടുത്തു. കിഴവൻ ഒരു നിലവിളിയോടെ ചാടിയെഴുന്നേറ്റ് കവാത്തു നടത്തുന്ന പട്ടാളക്കാരനെപ്പോലെ നടക്കാൻ തുടങ്ങി; കുത്തു കൊണ്ട ഭാഗം അമർത്തിത്തിരുമ്മുന്നതിനോടൊപ്പം അവ്യക്തമായ ശാപവാക്കുകളും അയാളിൽ നിന്നു വരുന്നുണ്ടായിരുന്നു.

മാർക്കോവാൽഡോയ്ക്ക് വളരെ തൃപ്തിയായി; കിഴവനെ ഇത്ര നിവർന്ന്, പട്ടാളച്ചിട്ടയിൽ നടക്കുന്നത് അയാൾ കണ്ടിട്ടേയില്ല. എന്നാൽ ഈ സമയത്തൊരു പോലീസുകാരൻ അവർക്കടുത്തു വന്ന് കണ്ണു വിടർത്തി അവരെ നോക്കിനില്ക്കുകയായിരുന്നു; മാർക്കോവാൽഡോ റിസിയേരിയുടെ കൈക്കു പിടിച്ച് ഒരു ചൂളവും വിളിച്ചുകൊണ്ട് അവിടെ നിന്നു നടന്നു.

ഭരണിയിൽ മറ്റൊരു കടന്നലുമായി അയാൾ വീട്ടിലെത്തി. കുത്തിവയ്പിന്‌ ഭാര്യയെ പറഞ്ഞുസമ്മതിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല; എന്നാലും ഒടുവിൽ അയാൾ വിജയിക്കുക തന്നെ ചെയ്തു. കുറേ നേരത്തേക്ക് ഡൊമിറ്റില്ലക്കെങ്കിലും കടന്നൽകുത്തിന്‍റെ വേദനയെക്കുറിച്ചല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല.

മാർക്കോവാൽഡോ കടന്നൽപിടുത്തം കാര്യമായിത്തന്നെ തുടങ്ങി. അയാൾ ഇസോലിനയ്ക്ക് ഒരു കുത്തിവയ്പെടുത്തു, ഡൊമിറ്റില്ലയ്ക്ക് ഒന്നുകൂടി കൊടുത്തു; കൃത്യമായ ഇടവേളകളിൽ മരുന്നു കൊടുത്താലല്ലേ രോഗം ഭേദപ്പെടൂ! എന്നിട്ടയാൾ തനിക്കും ഒന്നാവാമെന്നു തീരുമാനിച്ചു. കുട്ടികളും, അവരുടെ സ്വഭാവം അറിയാമല്ലോ, തങ്ങൾക്കും കടന്നൽകുത്തു വേണമെന്നു പറയാൻ തുടങ്ങി. അതു പിന്നെയാവാം, ആവശ്യത്തിനു വേണ്ടത്ര കടന്നലുകളെ പിടിച്ചുകൊണ്ടുവരാൻ ഭരണികളും കൊടുത്ത് മാർക്കോവാൽഡോ അവരെ പറഞ്ഞുവിട്ടു.

സിനോർ റിസിയേരി അയാളെ അന്വേഷിച്ചു വീട്ടിൽ വന്നു; കൂടെ മറ്റൊരു വൃദ്ധനും ഉണ്ടായിരുന്നു: കവേലിയർ ഉൾറിക്കോ. ഒരു കാലും വലിച്ചിഴച്ചു വന്ന അയാൾക്ക് അപ്പോൾത്തന്നെ ചികിത്സ തുടങ്ങണമെന്നായിരുന്നു.

വാർത്ത പരന്നു. മാർക്കോവാൽഡോയുടെ കൈയിൽ ഒരു ഡസൻ കടന്നലുകൾ എപ്പോഴും റെഡിയാണ്‌. ഓരോ ഭരണിയിലിട്ട് അവയെ അലമാരയിൽ നിരത്തി വച്ചിരിക്കുകയാണ്‌. രോഗിയുടെ ചന്തിയിൽ സിറിഞ്ചു പോലെ അയാൾ ഭരണി വച്ചമർത്തുന്നു, കടലാസ്സ് മൂടി നിരക്കി മാറ്റുന്നു, കടന്നൽ കുത്തിക്കഴിഞ്ഞാൽ ആല്‍ക്കഹോളിൽ മുക്കിയ പഞ്ഞിക്കഷണം കൊണ്ട് ആ ഭാഗം തിരുമ്മിക്കൊടുക്കുകയും ചെയ്യുന്നു. പരിചയസമ്പന്നനായ ഒരു ഡോക്ടറുടെ അലക്ഷ്യഭാവത്തോടെയാണ്‌ അയാൾ ഇതൊക്കെ ചെയ്യുക. അയാളുടെ വീടെന്നു പറയുന്നത് ഒരു മുറി മാത്രമായിരുന്നു; അതിലാണ്‌ കുടുംബം മൊത്തം കിടന്നുറങ്ങുന്നത്. അവരത് ഒരു തട്ടി കൊണ്ടു മറച്ച് ഒരു ഭാഗം രോഗികൾക്കു കാത്തിരിക്കാനുള്ള മുറിയും മറ്റേ ഭാഗം ഡോക്ടറുടെ പരിശോധനാമുറിയുമാക്കി. കാത്തിരുപ്പുമുറിയിൽ വച്ചാണ്‌ മാർക്കോവാൽഡോയുടെ ഭാര്യ രോഗികളെ സ്വീകരിച്ചിരുന്നതും ഫീസ് വാങ്ങിയിരുന്നതും. കുട്ടികൾ ഒഴിഞ്ഞ ഭരണികളുമായി കടന്നലുകളെ പിടിക്കാനോടും. ഇടക്കൊക്കെ അവർക്കും ഓരോ കുത്തു കൊണ്ടിരുന്നെങ്കിലും അവർ കരയാനൊന്നും പോയില്ല; അത് ആരോഗ്യത്തിനു നല്ലതാണെന്ന് അവർക്കറിയാവുന്നതാണല്ലോ.

അക്കൊല്ലത്തെ മഞ്ഞുകാലത്ത് നീരാളിക്കൈകൾ പോലെയാണ്‌ വാതവേദനകൾ ആളുകളെ വളഞ്ഞുപിടിച്ചത്. മാർക്കോവാൽഡോയുടെ മരുന്നിനു വലിയ പേരായി. അന്നത്തെ ശനിയാഴ്ച വൈകുന്നേരം മാർക്കോവാൽഡോയുടെ ഇടുങ്ങിയ മുറിക്കു മുന്നിൽ രോഗികളുടെ തിരക്കായിരുന്നു. ചിലർ കീറിപ്പറിഞ്ഞ വേഷമൊക്കെയായി കണ്ടാൽ ഭിക്ഷക്കാരെപ്പോലിരുന്നു; വേറേ ചിലർ, കണ്ടാൽ നല്ല സ്ഥിതിയിലുള്ളവർ, അവർ വന്നത് ഈ ചികിത്സയുടെ പുതുമയിൽ ആകൃഷ്ടരായിട്ടായിരുന്നു.

“പെട്ടെന്നു പോ,” മാർക്കോവാൽഡോ തന്‍റെ മൂന്നാണ്മക്കളോടും പറഞ്ഞു, “ഭരണിയുമെടുത്തുപോയി കഴിയുന്നത്ര കടന്നലുകളെ പിടിച്ചുകൊണ്ടു വാ.” കുട്ടികൾ ചാടിയോടിപ്പോയി.

നല്ല തെളിച്ചമുള്ള ദിവസമായതിനാൽ വഴിയരികിലെ മരങ്ങളിൽ കുറേയധികം കടന്നലുകൾ മുരണ്ടുപറന്നു നടപ്പുണ്ടായിരുന്നു. സാധാരണഗതിയിൽ കൂടിരിക്കുന്ന മരത്തിൽ നിന്ന് അല്പം മാറിനിന്നേ അവർ അതിനെ പിടിക്കാറുള്ളായിരുന്നു. ഒറ്റ തിരിഞ്ഞ കടന്നലുകളെയാണ്‌ അവർ പിടിക്കാൻ നോക്കിയിരുന്നത്. അന്നു പക്ഷേ, സമയം ലാഭിക്കാനും കഴിയുന്നത്ര എണ്ണത്തിനെ പിടിക്കാനുമായി മിക്കെലിനോ നേരേ കൂടിനടുത്തു ചെന്ന് അവയെ പിടിക്കാൻ നോക്കി. “ഇങ്ങനെയാണ്‌ പിടിക്കേണ്ടത്,” എന്ന് അനിയന്മാരോടു പറഞ്ഞുകൊണ്ട് ഒരു കടന്നലിനെ അത് പറന്നുവന്നിരിക്കുന്ന നിമിഷം ഭരണിയിലാക്കാൻ നോക്കുകയായിരുന്നു അവൻ. എന്നാൽ ഓരോ തവണയും അതു പറന്നുമാറി കൂടിനു കൂടുതൽ അടുത്തായി ചെന്നിരിക്കാൻ തുടങ്ങി. ഇപ്പോഴത് മരത്തിലെ പോടിനു തൊട്ടടുത്താണ്‌ ചെന്നിരിക്കുന്നത്. മിക്കെലിനോ അതിനു മുകളിൽ ഭരണി കമിഴ്ത്താൻ പോയതും വേറേ രണ്ടു കൂറ്റൻ കടന്നലുകൾ തന്‍റെ തലയിൽത്തന്നെ കുത്താൻ വരുന്നതായി അവനു തോന്നി. അവൻ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ നോക്കിയെങ്കിലും കടന്നലിന്‍റെ മുള്ള് തന്‍റെ മേൽ ആഴ്ന്നിറങ്ങുന്നത് അവനറിഞ്ഞു; പ്രാണവേദനയെടുത്തു കരഞ്ഞുകൊണ്ട് അവൻ ഭരണി താഴെയിട്ടു. അടുത്ത നിമിഷം, താൻ ചെയ്തതെന്താണെന്നു കണ്ടപ്പോൾ, അവൻ വേദന മറന്നുപോയി: ഭരണി ചെന്നു വീണത് നേരെ കടന്നല്‍ക്കൂടിന്‍റെ മുകളിലാണ്‌. പിന്നെ മുരളലൊന്നും കേട്ടില്ല, കടന്നലൊന്നും പുറത്തേക്കു വന്നതുമില്ല. കരയാൻ പോലും കെല്പില്ലാതെ മിക്കെലിനോ പിന്നിലേക്ക് ഒരടി വച്ചു. പിന്നെ കാതടപ്പിക്കുന്ന ഒരു ഹുങ്കാരത്തോടെ കൂട്ടിനുള്ളിൽ നിന്ന് ഒരു കട്ടിക്കാർമേഘം പൊട്ടിപ്പുറപ്പെട്ടു. കടന്നലുകളെല്ലാം കൂടി കലിയിളകി അവനു നേർക്കു വരികയാണ്‌!

ജീവിതത്തിൽ ഇന്നു വരെ ഓടിയില്ലാത്ത ഒരോട്ടത്തിനു തുടക്കമിടുമ്പോൾ മിക്കേലിനോയുടെ വായിൽ നിന്ന് ഒരു നിലവിളി പുറപ്പെട്ടത് അവന്‍റെ സഹോദരങ്ങൾ കേട്ടു. ഒരു ആവിയെഞ്ചിനാണ്‌ അവനെന്നു തോന്നി; അവന്‍റെ പിന്നാലെയുള്ള ആ കറുത്ത മേഘം അതിന്‍റെ പുകക്കുഴലിൽ നിന്നുള്ള പുക പോലെയും.

ആരെങ്കിലും തന്നെ ഇട്ടോടിക്കുമ്പോൾ എങ്ങോട്ടാണൊരു കുട്ടി ഓടിച്ചെല്ലുക? സ്വന്തം വീട്ടിലേക്ക്! മിക്കേലിനോയും അതാണു ചെയ്തത്.

ആ കാഴ്ചയെന്താണെന്നു മനസ്സിലാക്കാൻ വഴിപോക്കർക്കു നേരം കിട്ടിയില്ല; മേഘം പോലെയും മനുഷ്യജീവി പോലെയുമുള്ള ഒരു വസ്തു ഹുങ്കാരം കലർന്ന ഒരു നിലവിളിയോടെ തെരുവിലൂടെ പാഞ്ഞുപോവുകയാണ്‌!

മാർക്കോവാൽഡോ രോഗികളോടു പറയുകയായിരുന്നു: “ഒരു നിമിഷം, കടന്നലുകൾ ഇപ്പോൾ ഇവിടെത്തും.” അപ്പോൾത്തന്നെ വാതിൽ മലർക്കെത്തുറക്കുകയും കടന്നല്‍പറ്റം മുറി കൈയേറുകയും ചെയ്തു. ആരും മിക്കേലിനോയെപ്പോലും കണ്ടില്ല; അവൻ ഓടിച്ചെന്ന് ഒരു തൊട്ടി വെള്ളത്തിൽ തല മുക്കിക്കിടന്നിരുന്നു. മുറി നിറയെ കടന്നലുകളായിരുന്നു. കൈ വീശി അവയെ ആട്ടിയകറ്റാനുള്ള രോഗികളുടെ ശ്രമങ്ങൾ വിഫലമായി. വാതരോഗികൾക്കിപ്പോൾ അത്ഭുതകരമായ രീതിയിൽ ശരീരം വഴങ്ങുമെന്നായി; മരവിച്ചുകിടന്ന കൈകാലുകൾ കുടഞ്ഞുപറിച്ച് സ്വതന്ത്രവുമായി.

ആദ്യം അഗ്നിശമനസേനക്കാർ വന്നു, പിന്നാലെ റെഡ്ക്രോസ്സും. കടന്നലുകളുടെ കുത്തു കൊണ്ട് തിരിച്ചറിയാനാവാത്ത വിധം ദേഹമാകെ നീരു വീർത്ത് മാർക്കോവാൽഡോ ആശുപത്രിയിലെ കട്ടിലിൽ കിടന്നു; വാർഡിലെ മറ്റു കട്ടിലുകളിൽ കിടക്കുന്ന തന്‍റെ രോഗികൾ തനിക്കു നേർക്കു വലിച്ചെറിയുന്ന ശാപങ്ങൾക്കു തിരിച്ചെന്തെങ്കിലും പറയാൻ അയാൾക്കു ധൈര്യമുണ്ടായില്ല.

Print Friendly, PDF & Email