പൂമുഖം Travelയാത്ര ഇന്തോനേഷ്യയിലൂടെ…

ഇന്തോനേഷ്യയിലൂടെ…

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ന്തോനേഷ്യയിലെ യോഗ്യാകാര്‍തയില്‍ (ജോഗ്ജാകാര്‍ത എന്ന് ജാവന്‍ ബഹാസ ഉച്ചാരണം) ഏഷ്യന്‍ കൂട്ടായ്മയിലെ ഒരു മീറ്റിങ്ങിന് പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ എസ് കെ പൊറ്റക്കാടും ബാലിദ്വീപും ചെമ്പകപ്പൂവും കടലും ഒക്കെ കൂടെ കൊണ്ടുപോയിരുന്നു. അഞ്ചുരാജ്യങ്ങളില്‍ നിന്ന്‍ വന്ന സ്ത്രീനേതൃത്വകൂട്ടായ്മയില്‍ ചര്‍ച്ചചെയ്തിരുന്നത് കാലാവസ്ഥാമാറ്റങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സ്ത്രീനേതൃത്വങ്ങള്‍ സ്വീകരിക്കേണ്ട സമീപനങ്ങളും ആഗോളതലത്തില്‍ പ്രസ്തുത പ്രശ്നങ്ങളെ നേരിടുന്നതില്‍ ഉണ്ടാകേണ്ട പങ്കുചേരലും ആയിരുന്നു.

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ പത്തുമണി. ജക്കാര്‍ത്ത എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ എത്തുന്നത് സുകര്‍ണോ, സുഹര്‍തോ തുടങ്ങിയ പേരുകളാണ്. തലേന്ന് രാത്രി പതിനൊന്ന് മണിക്ക് കയറിയതാണ്.
ക്ഷീണമൊന്നും തോന്നിയില്ല. നേരെ യോഗ്യാകാര്‍തയിലേയ്ക്കുള്ള ഫ്ലൈറ്റ് കിട്ടുന്ന ടെര്‍മിനലിലേയ്ക്ക് നടന്നു. സമയത്തിന് തന്നെ കണക്റ്റിംഗ് ഫ്ലൈറ്റ് കിട്ടി. ജക്കാര്‍ത്തയില്‍ നിന്ന്‍ യോഗ്യാകാര്‍തയിലേക്ക് ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ട്. ആകാശത്ത് മഴക്കാറുകള്‍. സൂര്യന്‍ എങ്ങോപോയി ഒളിച്ചിരിക്കുന്നു. നല്ല കാലാവസ്ഥ.

ഉച്ചയ്ക്ക് ഒരുമണിയോടെ യോഗ്യാകാര്‍തയില്‍ ഇറങ്ങി. ഞങ്ങളെ കാത്തിരുന്ന ബോര്‍ഡ്‌ പിടിച്ചയാള്‍ക്ക് കൈകാട്ടി അടയാളം കൊടുത്തു. അദ്ദേഹത്തിന്‍റെ പേര് ഊക്കി. യാക്കൂം എമര്‍ജന്‍സി യൂനിറ്റില്‍ (YEU) ജോലി ചെയ്യുന്നു. പുറത്തു കടക്കുമ്പോള്‍ കണ്ടു, ടോയ്‌ലറ്റിന് ‘പുത്ര’ എന്നും ‘പുത്രി’ എന്നും ബോര്‍ഡുകള്‍. ഇന്ത്യയില്‍പോലും He എന്നോ She എന്നോ അല്ലെങ്കില്‍ Men/Women എന്നിങ്ങനെ അടയാളങ്ങള്‍ കണ്ടു പരിചയമുള്ളപ്പോള്‍ പുത്രനും പുത്രിയും ഒരു വല്ലാത്ത അടുപ്പം ഉണ്ടാക്കി. ഇന്തോനേഷ്യയിലെ ഹൈന്ദവഭരണത്തിന്‍റെയും, ബുദ്ധകാലത്തിന്‍റെയും തിരുശേഷിപ്പുകള്‍. ഊക്കി ഫോണ്‍ ചെയ്തു പറഞ്ഞ മാതിരി കാര്‍ വന്നു. ഞങ്ങള്‍ സലെമന്‍
ഗ്രാമത്തിലേക്ക് പോവുകയാണ്. നാല്പത്തഞ്ചു മിനുട്ടെടുക്കും ‘യാക്കൂം എമര്‍ജന്‍സി യൂനിറ്റിലെ’ Disaster Oasis Training Centerല്‍ എത്താന്‍. Yakkum Emergency Unit (YEU),ഭൂകമ്പം, സുനാമി, അഗ്നിപര്‍വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്താനന്തരം ജീവിതത്തേയും മണ്ണിനേയും തിരിച്ചുകൊണ്ട് വരുന്ന പ്രക്രിയയില്‍ സാധാരണ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നു.

indo 2

യോഗ്യാകാര്‍ത വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്ന്‍ ചെറിയ നഗരത്തിലേക്ക് കടന്നപ്പോള്‍ പീടികകള്‍ക്ക് പലതിനും ജയ, പദ്മ, രാമായണ്‍ തുടങ്ങിയ പേരുകള്‍‍. വണ്ടി കുറച്ചു മുന്നോട്ട് വന്നപ്പോള്‍ നാരായണ സ്മൃതി കേന്ദ്ര എന്നൊരു ബോര്‍ഡ്‌ കണ്ടു. മൊബൈല്‍ ക്യാമറ ഓണാക്കുന്നതിനു മുന്‍പ്‌തന്നെ അത് കണ്‍ വെട്ടത്തുനിന്നും മറഞ്ഞു. അങ്ങാടികള്‍ കഴിഞ്ഞ് ചെറിയ റോഡുകളും വീടുകളും തുടങ്ങി. ഏകദേശം 13000 മുതല്‍ 17000 വരെ ചെറുതും വലുതുമായ ദ്വീപസമൂഹങ്ങളുള്ള ഇന്തോനേഷ്യ. ഇങ്ങ് മലേഷ്യന്‍ അതിര്‍ത്തി മുതല്‍ ഓസ്ട്രേലിയന്‍, പാപുവ ന്യൂഗിനിയ വരെ അതിര്‍ത്തി പങ്കിടുന്നു. ഒരുപരിധിവരെ സാമ്പത്തികശേഷിയുള്ള രാജ്യം.

വിവിധ പ്രകൃതിസമ്പത്തുകളുടെയും വൈവിദ്ധ്യമാര്‍ന്ന സംസ്കാരത്തിന്‍റെയും ഉറവിടം. അനേകം ഭാഷകളും ജീവിതരീതികളും ഒന്നിച്ചുനിലനില്‍ക്കുന്ന ഇന്തോനേഷ്യയുടെ ഭാഷ ബഹാസയാണ്. നമ്മുടെ നാട്ടിലെ തൊട്ടാവാടിയും, കമ്മ്യൂണിസ്റ്റ്‌ പച്ചയും വാഴയും നെല്ലും മാവും മൂത്തുനില്‍ക്കുന്ന ചക്കയും തെങ്ങും മലകളും കുന്നും ഒക്കെ പണ്ട്കാലത്തെ കേരളത്തെ ഓര്‍മിപ്പിക്കും. മറ്റു കിഴക്കനേഷ്യന്‍ രാജ്യങ്ങളെപ്പോലെ. ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് ഇന്തോനേഷ്യയും.

ഡച്ച്കാരുടെ കോളനിവല്കരണവും യുദ്ധവും പിന്നീട് നടന്ന സ്വാതന്ത്ര്യസമരവും (Battle of Surabaya) ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം സുകര്‍ണോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് നേരെ നടന്ന ക്രൂരമായ അക്രമവും ഇല്ലായ്മ ചെയ്യലും പിന്നീട് സുഹാര്‍തോയുടെ അതോറിറ്റേറിയന്‍ രീതിയും ചരിത്രം. ഇതൊക്കെയാണെങ്കിലും ഇന്നും ഇന്തോനേഷ്യയില്‍ ജീവിതം ശാന്തവും മെല്ലെ
നീങ്ങുന്നതുമാണ്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജീവിതം നിശ്ചലചിത്രം പോലെ. ആര്‍ക്കും ഒരു തിരക്കും കാണുന്നില്ല. എല്ലാവരും കാര്‍ഷികജീവിതവുമായി ബന്ധപ്പെട്ടു മണ്ണില്‍ പണിയെടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ അങ്ങാടിയില്‍ കൊണ്ട്പോയി വില്‍ക്കുന്നു. കൃഷിരീതിയില്‍ ഈ ജനത കുറെകൂടെ അഡ്വാന്‍സ്ഡ് ആണ്. അക്വാപോണിക്സും, ഗ്രീന്‍ഹൌസുമൊക്കെ സാധാരണം.

മഴക്കാര്‍ മൂടിയ ആകാശവും, ചെറിയ തണുപ്പും ആലസ്യത്തിലേക്ക് നീക്കുന്ന ജാവന്‍ ജീവിതം‍. ഇപ്പോളിവിടെ മഴക്കാലമാണ്. നന്നായി മഴകിട്ടുന്ന കാലം. ചാലുകളിലും തോടുകളിലും, പെയ്ത മഴയുടെ വെള്ളം ഒഴുകുന്നു.
ചെറിയ കാണികള്‍ക്ക് (ചാലുകള്‍‍) പോലും വെള്ളം നിയന്ത്രിക്കാനും തിരിച്ചുവിടാനുമുള്ള ചെറിയ ചെറിയ ഇരുമ്പിന്‍ പാളികള്‍‍.

യോഗ്യകാര്‍ത്ത

യോഗ്യാകാര്‍ത്ത ഇന്തോനേഷ്യയുടെ സെന്‍ട്രല്‍ ജാവയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ്. ചെറുതാണെങ്കിലും ഇന്തോനേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം. അഭ്യന്തരസമരകാലത്ത് 1945-49 വരെ ഇന്തോനേഷ്യയുടെ തലസ്ഥാനവുമായിരുന്നു.. അതിനു പ്രത്യുപകാരമായി ഇന്നും യോഗ്യകാര്‍ത്ത സുല്‍ത്താന് പ്രത്യേകപദവി കൊടുത്തിട്ടുണ്ട്‌ ഇന്തോനേഷ്യന്‍ ഭരണകൂടം. ജാവനീസ് ഭാഷയില്‍ ജോഗ്ജാകാര്‍ത്ത എന്ന് വിളിക്കുന്ന ഈയിടം ഹിന്ദുമിത്തോളജിയിലെ അയോധ്യയില്‍ നിന്നുരുത്തിരിഞ്ഞ പേരാണ്. ഞങ്ങള്‍ രണ്ടുമണിയോടെ താമസസ്ഥലത്തെത്തി. അന്നൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞങ്ങളുടെ യാത്ര വൈകിയിരുന്നത്കൊണ്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നവരെല്ലാം ഫീല്‍ഡ് വിസിറ്റിനു പോയിരുന്നു. വല്ലാത്ത നഷ്ടം തോന്നി. ട്രെയിനിംഗ് സെന്‍ററിലെ റെസ്റ്റോറന്‍റില്‍ പോയി തേങ്ങയരച്ചു വെച്ച കുമ്പളങ്ങാക്കറിയും ചുട്ടെടുത്ത മീനും, ബീഫിന്‍ കഷണവും ആലു ഫ്രൈയും കൂട്ടി ഭക്ഷണം കഴിച്ചു. മഴ നേര്‍ത്തുപെയ്തുകൊണ്ടിരുന്നു. ഞാന്‍ പിറ്റേന്നത്തേക്കായി കാത്തിരുന്നു.

റിംഗ് ഓഫ് ഫയര്‍

ആഗോള പ്രകൃതിദുരന്തങ്ങളില്‍ എണ്‍പത് ശതമാനവും സംഭവിക്കുന്നത്‌ റിംഗ് ഓഫ് ഫയര്‍ ഏരിയയില്‍ ആണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലൂടെ വടക്കെ അമേരിക്കയുടെയും തെക്കെ അമേരിക്കയുടെയും പശ്ചിമതീരവും കൂടി വരുന്നതാണ് റിംഗ് ഓഫ് ഫയര്‍.
പ്രധാനമായും ഇന്തോനേഷ്യയും ഫിലിപ്പിനെസ് ദ്വീപസമൂഹങ്ങളും ഇതില്‍ പെടുന്നു. 2005 ല്‍ സുനാമിയില്‍ 130,736 പേര്‍ മരിച്ച ഇവിടെ 2006ലെ ഭൂകമ്പത്തില്‍ 5782 പേരാണ് ഇന്തോനേഷ്യയില്‍ മരിച്ചത്. ഏകദേശം 36000 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ആറുലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. പ്രകൃതിദുരന്തങ്ങള്‍ കാത്തിരിക്കുന്ന ഒരു ജനതയാണ് ഇവിടം.

മറാപി

ഫയര്‍ മൌണ്ടന്‍ എന്നറിയപ്പെടുന്ന മറാപ്പി അഗ്നിപര്‍വ്വതം സെന്‍ട്രല്‍ ജാവയ്ക്കും യോഗ്യകാര്‍തക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. 1548ന് ശേഷം ഏകദേശം അറുപത്തെട്ടോളം പ്രാവശ്യം ഈ അഗ്നിപര്‍വതം ശക്തമായി പൊട്ടിത്തെറിച്ചിട്ടുണ്ട്. സജീവമായി ഇപ്പോഴും നില്‍ക്കുന്ന ഈ അഗ്നിപര്‍വതം മിക്കവാറും പത്തുവര്‍ഷത്തിന്‍റെ ഇടവേളകളില്‍ ലാവ പുറത്തേക്കൊഴുകി നാശനഷ്ടം വിതയ്ക്കുന്നു. ഏഴു കിലോമീറ്റര്‍ മുതല്‍ പതിനഞ്ചു കിലോമീറ്റര്‍വരെ ഇതിന്‍റെ ലാവ സഞ്ചരിക്കാറുണ്ട്. ഇതില്‍നിന്ന് വരുന്ന ചാരം വായുവില്‍ പടര്‍ന്ന്‍ കൃഷിഭൂമികളില്‍ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മറാപി അഗ്നിപര്‍വതത്തിലേയ്ക്ക് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് വെറും പത്ത് കിലോമീറ്റര്‍ അകലമേയുള്ളൂ. മറാപിയുടെ സൂര്യോദയം വളരെ പ്രശസ്തമാണ്. അതുകൊണ്ട് ലാവാ ടൂര്‍ (ലാഫാ ടൂര്‍ എന്ന് ബഹാസയില്‍) ഞങ്ങള്‍ പ്ലാന്‍ചെയ്തു.
രാവിലെ നാലരയ്ക്ക് പുറപ്പെടണമെന്നുള്ളത് കൊണ്ട് പല രാജ്യക്കാരും പിന്മാറി. അവസാനം ഇന്ത്യയും വിയറ്റ്നാമും ബാക്കിയായി. തണുപ്പും മഴയും ഒന്നിച്ചു വരുന്നത് കൊണ്ട് പലര്‍ക്കും രാവിലെ എണീക്കാന്‍ മടി. സുഹൃത്തും YEU coordinator ഉം ആയ ഹെപ്പി തലേന്ന് തന്നെ ലാഫാ ടൂര്‍ ജീപ്പ് ബുക്ക്‌ ചെയ്തിരുന്നു. ഞങ്ങള്‍ രാവിലെ റെഡിയായി എത്തുമ്പോഴേക്കും നാലുപെര്‍ക്കിരിക്കാവുന്ന പച്ചനിറമുള്ള തുറന്ന ജീപ്പ് എത്തിയിരുന്നു. ഡ്രൈവറും ഗൈഡുമായ സുപ്രി ഞങ്ങളെയും കൂട്ടി പുറപ്പെട്ടു. നല്ല തണുപ്പ്. വുളന്‍ വസ്ത്രം ഒന്നും കരുതിയിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് ചെറിയ റോഡിലേക്ക് കയറി ടാറിട്ട റോഡ്‌ കഴിഞ്ഞ് കറുത്ത മണ്ണും കല്ലുമുള്ള റോഡായി. രണ്ടുഭാഗവും മലകള്‍. അഗ്നിപര്‍വതത്തിന്‍റെ ലാവ ഒഴുകുന്ന വഴി. മൂടിക്കെട്ടിയ ആകാശം. രാവിലെ സമയം നാലര. വേറെ ഏതോ ഒരു ഗ്രഹത്തില്‍ എത്തിയ പോലെ.

ഇരുട്ട് കുറഞ്ഞുവന്നു. ഭാഗ്യമുണ്ടെങ്കില്‍ സൂര്യോദയം കാണാം. സുപ്രി പറഞ്ഞു. അങ്ങിങ്ങായി ചെറിയ ചില വീടുകള്‍. ആള്‍ക്കാരുടെ അനക്കങ്ങള്‍. പലരും തങ്ങളുടെ ഇടം വിട്ടുപോകാന്‍ പറ്റാത്തത് കൊണ്ട് തിരിച്ചുവന്നിരിക്കുന്നു.
അവസാനമായി അഗ്നിപര്‍വതം ദുരന്തം വിതച്ചത് 2010 ലാണ്. ഏകദേശം നാനൂറോളം പേരെയും കൊണ്ടാണ് അന്ന് ലാവ ഒഴുകിയത്. കൃഷിപൂര്‍ണമായും നശിച്ചു. അഞ്ഞൂറോളം കുടുംബങ്ങളെ സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചു.
ഒരു പത്ത് കിലോമീറ്റര്‍ വരെ കാര്യമായി ഒരു കൃഷിയും ഉണ്ടാകില്ല. എന്നാലും അഗ്നിപര്‍വതത്തില്‍നിന്നുണ്ടാകുന്ന ചാരം കൃഷിസ്ഥലങ്ങള്‍ക്ക് നല്ല ഫലഭൂയിഷ്ഠത തരുന്നതാണ്.

indo 1

കയറ്റം കൂടിവന്നു. വഴിതെളിഞ്ഞു കാണാനായി. മരത്തടികൊണ്ട് വേലിയുണ്ടാക്കിയ ഒരിടത്ത് സുപ്രി വണ്ടി നിറുത്തി. ഇനി കുറച്ച് മേലോട്ട് നടക്കണം. എല്ലാവരും ഇറങ്ങി നടന്നു. മേലെ ഒരു വലിയ ഫലകം കണ്ടു. Bunker Kaliadem. അതിനപ്പുറം അഗ്നിപര്‍വ്വതത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഈ ബങ്കറില്‍ ആയിരുന്നു 2010 ലെ അഗ്നിപര്‍വത ലാവാപ്രവാഹത്തില്‍ കുടുങ്ങി രണ്ടുപേര്‍ മരിച്ചത്. നല്ല ഉറപ്പുള്ള ഇരുമ്പ് വാതിലുള്ള ഈ ബങ്കര്‍, അഗ്നിപര്‍വ്വതം പൊട്ടിയൊഴുകുമ്പോള്‍ ഗ്രാമവാസികളെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ നിര്‍മ്മിച്ച ഷെല്‍ട്ടര്‍ ആയിരുന്നു. പക്ഷെ അതിശക്തമായ ലാവാപ്രവാഹം ഉറപ്പുള്ള വാതിലിനെയും തകര്‍ത്ത് ഉള്ളിലേക്ക് കയറി രണ്ടുപേരും അവിടെ മരിച്ചു വീണു. ഒരാള്‍ കക്കൂസിലും മറ്റൊരാള്‍ പുറത്തും. ഈ മരിച്ചവര്‍ക്ക് വേണ്ടി സ്നേഹത്തിന്‍റെ പ്രതീകമായി ഒരു സ്മാരകം ഇവിടെ ഉയര്‍ത്തിയിട്ടുണ്ട്. ഉള്ളില്‍ കുന്നുകൂടിയ ലാവ കല്ലായും മണലായും കറുത്ത മരണത്തിന്‍റെ നിറത്തില്‍ നമ്മെ നോക്കുന്നു. ഇപ്പോള്‍ ഈ ബങ്കര്‍ ഒരു മ്യൂസിയമായി പരിരക്ഷിക്കപ്പെടുന്നു.

സുപ്രി വെറും ഡ്രൈവറും ഗൈഡും മാത്രമല്ല. നല്ല ഒരു വിജ്ഞാനിയും മനുഷ്യസ്നേഹിയും കലാകാരനും കൂടെയാണ്. രാവിലെ നാലര മുതല്‍ പത്തുമണിവരെ ലാഫ ടൂര്‍ നടത്തുന്ന സുപ്രി പത്തുമണിക്ക് ശേഷം തന്‍റെ സ്വന്തം വണ്ടിയില്‍ ടാക്സി ഡ്രൈവര്‍ ആയി വേഷം മാറുന്നു.

ഞങ്ങള്‍ ബങ്കറിന് പുറത്തിറങ്ങി അഗ്നിപര്‍വതം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ അഞ്ചുമണി. സൂര്യന്‍ ഉദിക്കുന്ന ലക്ഷണം കാണുന്നില്ല. ആകാശം മേഘത്താല്‍ മൂടിയിരിക്കുന്നു. മറ്റുചില ടൂറിസ്റ്റുകളും അവിടെയെത്തി.
ഈ ലോക്കെഷന്‍ ഇപ്പോള്‍ കല്യാണവുമായി ബന്ധപ്പെട്ട ഫോട്ടോ സെഷനുകള്‍ക്ക് പ്രസിദ്ധമാണ്. എന്‍റെ കൂടെ വന്നവരും ഫോട്ടോ എടുക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാന്‍ കുറേക്കൂടി ഉയരത്തിലേക്ക് നടന്നു. മുന്നില്‍ അഗ്നിപര്‍വ്വതം മാത്രം.
കുറച്ചുകഴിഞ്ഞ് വലതുഭാഗത്ത്‌ നോക്കിയപ്പോള്‍ ഒരു വലിയ ഗര്‍ത്തം. പിന്നീട് സുപ്രി പറഞ്ഞു അഗാധമായ ഈ ഗര്‍ത്തം പണ്ടൊരു പുഴയായിരുന്നെന്നും ശക്തമായ അഗ്നിപര്‍വത ലാവാ പ്രവാഹത്തില്‍ അതിന്‍റെ വഴി മാറിപ്പോയെന്നും.

സൂര്യനെ കാണാത്തത് കൊണ്ട് പലരും നേരത്തെ തിരിച്ചുപോയിരുന്നു. പര്‍വ്വതത്തിന്‍റെ മുകളിലുള്ള വലിയ വിടവ് 2010 ലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഉണ്ടായതാണ്. അഗ്നിപര്‍വതം ആക്റ്റീവ് ആയി അതിന്‍റെ അവസാന ദശയില്‍, ഉള്ളില്‍ നിന്ന് കത്തുന്ന കല്ലും മണ്ണും വന്ന് വിടവ് അടയും. പിന്നീട് കത്തി ജ്വലിച്ച്, കല്ലും മണ്ണും ലാവയോടൊപ്പം അതിശക്തമായി താഴോട്ടോഴുകും. ഏകദേശം പത്തുവര്‍ഷത്തിനിടയ്ക്ക് മറാപ്പി ഇങ്ങിനെ പൊട്ടാറുണ്ട്. ചിലപ്പോള്‍ നാശംവിതച്ച്. ചിലപ്പോള്‍ ചെറുതായി. ഇപ്പോള്‍ പല കുടുംബങ്ങളും ഇവിടെ തിരിച്ചു വന്നിരിക്കുന്നു. അങ്ങ് ദൂരെ ചെറിയ മലകള്‍ക്കരികില്‍ പല വീടുകളിലും അടുക്കള പുകയുന്നത് കാണാം.

സൂര്യന്‍ ഞങ്ങള്‍ക്ക് വേണ്ടി ഉദിച്ചില്ല. തിരിച്ചുപോകാന്‍ സമയമായി. നമുക്കെന്തെങ്കിലും കഴിക്കാമെന്നു പറഞ്ഞു സുപ്രി ബങ്കറിനടുത്തുള്ള ഒരു പീടികയിലേക്ക് ക്ഷണിച്ചു. ഈയൊരു പീടികയെ ഇപ്പോള്‍ തുറന്നിട്ടുള്ളൂ. പലവിധ കരകൌശല വസ്തുക്കളും നാടന്‍ പലഹാരങ്ങളും ചായയും കാപ്പിയും പച്ചക്കറിയുമൊക്കെ കിട്ടുന്ന ഒരിടം. ചിരിച്ചുകൊണ്ട് ചെറുപ്പക്കാരനായ പീടികക്കാരന്‍ ഞങ്ങളെ വരവേറ്റു. ഞാന്‍ ഇന്ത്യയില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ ‘ബഹാരോം ഫൂല് ബര്സാവോ’ എന്ന റാഫിഗാനം നല്ല ഈണത്തില്‍ മൂളി. എനിക്കതിശയം തോന്നി. പേര് നൂറി. നൂറിയും ഭാര്യയും പീടിക നടത്തുന്നു. അഗ്നിപര്‍വ്വതം പുകയുന്ന കാലത്ത് ഇവിടം വിടും. താഴെ ജീവിതം കൂടുകെട്ടും.
നൂറിക്ക് ഹിന്ദി സിനിമയെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും ചെറിയ ധാരണയുണ്ട്. നൂറിയുടെ മൂളല്‍ കേട്ട്‌ ഗൈഡ് സുപ്രിയും ഒരു ഹിന്ദി പാട്ട് മൂളി. തുംഭീ ന ഹോ…! ഇന്ത്യയുടെയും ജാവയുടെയും ബന്ധത്തിന്‍റെ കണ്ണികള്‍! എന്നോട് നൂറി ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ചോദിച്ചു. ഞാന്‍ പറഞ്ഞുകൊടുത്തപ്പോള്‍ത്തന്നെ എന്നെ ഫ്രണ്ട് ആയി ആഡ് ചെയ്തു.

ind2

മേശപ്പുറത്ത്, ഇലയട പോലെ വാഴയിലയില്‍ പൊതിഞ്ഞ, പലഹാരം. പേര് ലോന്‍ടോന്ഗ് (lontong). ഞാന്‍ ഒരെണ്ണം കഴിച്ചു. അരിയും തേങ്ങയും തന്നെ. പക്ഷെ നമ്മുടെ ശര്‍ക്കരയ്ക്ക് പകരം എരിവുള്ള മസാലയും. തക്കാളിയും ബീന്‍സും ചേര്‍ത്തിരിക്കുന്നു. ഇവിടത്തെ മലനിരകളില്‍ ഉണ്ടാകുന്ന മറാപ്പി കാപ്പി (കോപ്പി എന്ന് പറയും) രണ്ടു പാക്കറ്റ് വാങ്ങി. ഞങ്ങള്‍ നൂറിയോട് യാത്രപറഞ്ഞു വണ്ടിയില്‍ കയറി..

എതിര്‍ദിശയില്‍ ട്രക്കുകള്‍ ഓടിത്തുടങ്ങിയിരുന്നു. കുറച്ചു താഴോട്ടിറങ്ങിയപ്പോള്‍ ചില അടച്ചിട്ട പീടികകളും തുറസ്സായ സ്ഥലവും കണ്ടു. സുപ്രി വണ്ടി നിര്‍ത്തി. മുന്നില്‍ മൃഗങ്ങളുടെ തലയോട്ടികള്‍ പ്രദര്‍ശിപ്പിച്ച ഒരു കമാനം. കഴിഞ്ഞ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മൂവ്വായിരത്തോളം പശുക്കളാണ് ഇവിടെ ഇല്ലാതായത്. ഈ കമാനത്തിനു തൊട്ടടുത്ത്‌ ഉരുകിയൊലിച്ചുപോയ ഒരു ബൈക്കിന്‍റെ അവശിഷ്ടം സ്മാരകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പൊതുവെ നഷ്ടങ്ങളുടെ കാഴ്ചകള്‍.
ലോസ്റ്റ്‌ വേള്‍ഡ്. കമാനത്തിനുള്ളില്‍ കയറി. ഇവിടെയൊരു Alien Stone ഉണ്ട്. അന്യഗ്രഹജീവിയെപ്പോലെ തോന്നിച്ച കണ്ണും മൂക്കും വായുമായി അഗ്നിപര്‍വ്വതത്തില്‍ നിന്ന് പൊട്ടിത്തെറിച്ചുവന്ന ഒരു വലിയ പാറക്കഷണം. ഇവര്‍ ഇതിനെ തങ്ങളുടെ
രക്ഷാപ്രതീകമായി ദൈവതുല്യം സംരക്ഷിച്ചുപോരുന്നു.

താഴേക്ക് അഗാധമായ ഗര്‍ത്തത്തിലേക്ക് നോക്കിയപ്പോള്‍ നൂറുകണക്കിന് ട്രക്കുകള്‍. മുന്‍പ്‌ കണ്ട ഗര്‍ത്തത്തിന്‍റെ തുടര്‍ച്ച. അഗ്നിപര്‍വ്വതത്തില്‍നിന്ന് പൊട്ടിയൊഴുകിയ കല്ലും മണലും വലിയ കോര്‍പ്പറേറ്റുകള്‍ കോണ്ട്രാക്റ്റെടുത്ത് ഖനനം ചെയ്ത് കൊണ്ടുപോകുന്ന കാഴ്ച. ലാവയോടൊപ്പം പൊട്ടിയൊഴുകിയ ഈ കല്ലും മണലും നല്ല ഗുണനിലവാരമുള്ളതാണ്. ഇത് കെട്ടിട നിര്‍മാണങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നു. തദ്ദേശവാസികള്‍ക്ക് ജോലി കൊടുക്കുന്നെന്ന വ്യാജേന തുച്ഛമായ കൂലികൊടുത്ത് പ്രകൃതിയെ കീറിമുറിച്ച് കോരിയെടുത്തു കൊണ്ടുപോവുന്നു. ഒന്‍പതു മണിക്ക് മീറ്റിംഗ് തുടങ്ങുമെന്നുള്ളത്കൊണ്ട് അധികം അവിടെ നിന്നില്ല. സുപ്രി ജീപ്പ് താഴോട്ടിറക്കി. വീടും പറമ്പും കാണാന്‍ തുടങ്ങി. വാഴയും തെങ്ങും പ്ലാവും കൂടിവന്നു. സൂര്യന്‍ ഉദിക്കാന്‍ മടിച്ചദിവസം തണുപ്പ് ഞങ്ങളോടൊപ്പം നിന്നു. പ്രധാനപാതയിലൂടെ താഴ്വാരത്തെത്തി. എനിട്ടും മറാപ്പിയും അത് വിതയ്ക്കുന്ന നാശവും മനസ്സില്‍ നിന്ന് പോയില്ല.

ബോറോബുധൂര്‍

പിറ്റേന്ന്, ബോറോബുധൂര്‍ എന്നും ബോറബുധൂര്‍ എന്നും അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം കാണാന്‍ ഉള്ള തയ്യാറെടുപ്പിലായിരുന്നു, ഞങ്ങള്‍. ഒന്‍പതാം നൂറ്റാണ്ടിലെ ഈ ശിലാല്ഭുതം മഹായാന ബുദ്ധമതക്കാര്‍ അന്നത്തെ ഹിന്ദുരാജാവില്‍ നിന്ന് അനുമതി വാങ്ങി പണികഴിപ്പിച്ചതാണെന്നാണ് ചരിത്രം. ഒന്‍പത് നിലകളുള്ള ഈ ക്ഷേത്രം ഏകദേശം 2672 റിലീഫ് പാനലുകളും 504 ബുദ്ധപ്രതിമകളും അടങ്ങുന്നതാണ്.
ഇതിന്‍റെ നിര്‍മാണത്തെക്കുറിച്ച് ഒരുപാട് വാദഗതികളുണ്ട് ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഇതിന്‍റെ സംരക്ഷണം, പതിനാലാം നൂറ്റാണ്ടിലെ ഹിന്ദുസാമ്രാജ്യത്തിന്‍റെ പതനവും പതിനഞ്ചാം നൂറ്റാണ്ടിലെ ജാവന്‍ ജനതയുടെ മുസ്ലിം മതത്തിലേക്കുള്ള പരിവര്‍ത്തനവും ബുദ്ധിമുട്ടുള്ളതാക്കി.. 1811 ല്‍ ബ്രിട്ടീഷ്‌കാര്‍ ജാവ പിടിച്ചടക്കിയപ്പോള്‍ ലെഫ്റ്റനന്‍റ് ജനറല്‍ തോമസ്‌ റാഫിള്‍സ് അയച്ച ഡച്ച് എഞ്ചിനീയര്‍ എച് സി കോര്‍ണീലിയസ് ആണ് ക്ഷേത്രപുനരുജ്ജീവനത്തിന് ചുക്കാന്‍ പിടിച്ചത് . കോര്‍നീലിയാസിന് ശേഷം ഹാര്‍ട്ട്മാന്‍ ജോലികള്‍ തുടരുകയും മിക്കഭാഗങ്ങളും 1835 ഓടെ കണ്ടെത്തുകയും ചെയ്തു.

ind 1

ക്ഷേത്രം പണികഴിപ്പിച്ചത്, ഹിന്ദുരാജാവായ സഞ്ജയ്‌ ആണെന്നും ബുദ്ധമതാനുയായി ആയ ശൈലേന്ദ്രന്‍ ആണെന്നും രണ്ട് വാദങ്ങള്‍ ഉണ്ട്. പൊതുവായി വിശ്വസിക്കപ്പെടുന്നത് ഹിന്ദുരാജാവായ റക്കായി പനങ്കാരന്‍ (Rakkai Panangkaran) ബുദ്ധക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി കൊടുത്തു എന്നാണ്. നൂറ്റാണ്ടുകളോളം അഗ്നിപര്‍വ്വതത്തിന്‍റെ കൂനകള്‍ക്കിടയില്‍ ആരുമറിയാതെ കിടന്ന ബോറോബുധൂര്‍ ഉപേക്ഷിക്കാന്‍ മറ്റൊരു കാരണമായി പറയുന്നത് ശക്തമായ അഗ്നിപര്‍വ്വത സ്ഫോടനം കാരണം അന്നത്തെ രാജാവ് ക്ഷേത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി എന്നാണ്. വിവിധ മതകേന്ദ്രങ്ങളോ ക്ഷേത്രങ്ങളോ പള്ളികളോ പണിയുന്നതിനു മതങ്ങള്‍ തടസ്സമായിരുന്നില്ല എന്ന ചരിത്ര സത്യമാണ് വെളിവാവുന്നത് .

ക്ഷേത്രം 1985 ല്‍ ഭീകരരുടെ ബോംബാക്രമണത്തിന് ഇരയായി. ഒന്‍പതു സ്തൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. 2006 ല്‍ ഉണ്ടായ ശക്തമായ ഭൂകമ്പം ഈ മേഖലയെ കാര്യമായി ബാധിച്ചെങ്കിലും ക്ഷേത്രത്തിനൊരു കേടുപാടും സംഭവിച്ചില്ല. സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കുകയും ജിഹാദി ഗ്രൂപ്പുകളില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണഭീഷണിയെ നേരിടാന്‍ പാകത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു. തലയില്ലാത്ത ബുദ്ധനും ഉയര്‍ന്നുനില്‍ക്കുന്ന സ്തൂപങ്ങളും കണ്ടു മടങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെടേണ്ട ആഗ്രഹങ്ങളുടെ കൂനകളായിരുന്നു മനസ്സില്‍.
‘ബാമിയാനും സിറിയയും ചേർന്ന വേദനകൾ ചേർത്ത് പിടിക്കാൻ താജ് മഹൽ കൂടെ ചേരുമ്പോൾ ബോറോബുദൂർ ആ വഴി നടക്കാതെ ബുദ്ധന്‍റെ വഴിയെ പോകുമെന്ന് പ്രത്യാശിക്കാം.’

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like