പൂമുഖം LITERATUREലോകകഥ വിചിത്രമദിര

വിചിത്രമദിര

കുർട്ട് കുസെൻബെർഗ്

കാലത്തു പത്തുമണിയോടെ ഞാൻ അതിർത്തിയിലെത്തി. കസ്റ്റംസുകാർ എന്റെ രേഖകളെല്ലാം പരിശോധിക്കുകയും അവരുടെ മൂക്കിനു താഴെ വച്ച് എന്റെ കയ്യിലുള്ള പണം എന്നെക്കൊണ്ടെണ്ണിക്കുകയും ചെയ്തു. അത് നല്ലൊരു തുക ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധനയ്ക്കൊന്നും നില്ക്കാതെ അവർ എന്നെ കടന്നുപോകാൻ അനുവദിച്ചു. കനം കുറഞ്ഞ പഴ്സുമായി ചെല്ലുന്ന സഞ്ചാരികൾക്ക് പറ്റൂറിയയിൽ പ്രവേശനമില്ല.

കുറഞ്ഞത് ഒരു മണിക്കൂർ നടക്കുക, പിന്നെ വിശ്രമിക്കുക- എന്റെ തീരുമാനം അങ്ങനെയായിരുന്നു. അതിരാവിലെ മുതൽ ഞാൻ യാത്രയിലായിരുന്നു. എനിക്കു വേണമെങ്കിൽ ഒരു കുതിരയോ വണ്ടിയോ ഉപയോഗപ്പെടുത്താമായിരുന്നു; എന്നാൽ വിദേശരാജ്യങ്ങളിൽ കാൽനടയ്ക്കു യാത്ര ചെയ്യാനായിരുന്നു എനിക്കിഷ്ടം. അടിവച്ചടി വച്ച് ഞാൻ അവയിലേക്കു കടക്കുകയാണ്‌; അവയുടെ മണ്ണ്‌ എന്റെ ചെരുപ്പുകൾക്കടിയിൽ ഞാനറിയുകയാണ്‌. ശാരീരികമായി ക്ഷീണിക്കുകയാണ്‌ അതിന്റെ ഫലമെങ്കിലും ഒരുതരം ഐന്ദ്രിയാനന്ദം അതെനിക്കു നല്കിയിരുന്നു; തന്നെയുമല്ല, നടന്നുപോകുന്നവനെക്കാൾ കൂടുതൽ ആരു കാണുന്നു?

ഒരു മണിക്കൂർ രണ്ടായി, എന്നിട്ടും ഇതേവരെ ഞാനൊരു ടൗണിൽ എത്തിയിട്ടില്ല. ചെമ്മൺനിറമായ പാടങ്ങളും കുന്നുകളും നിറഞ്ഞതായിരുന്നു നാട്ടുമ്പുറം. ഒലീവുമരങ്ങൾ അതിലുമിരുണ്ട മുന്തിരിത്തോപ്പുകളുടെ പശ്ചാത്തലത്തിൽ മിനുങ്ങുന്ന പച്ചനിറത്തിൽ തെളിഞ്ഞുനിന്നിരുന്നു. ഒരാളുടെ പറമ്പു കഴിയുന്നത് ഉയരം കുറഞ്ഞ ഒരു കന്മതിൽ കൊണ്ടറിയാം. റോഡിലെവിടെയോ വച്ച് ഒന്നിരിക്കാമെന്നു ചിന്തിക്കുമ്പോഴേക്കും ഉച്ചയ്ക്കു പന്ത്രണ്ടു മണി അടിക്കുന്നത് ഞാൻ കേട്ടു. റോഡിന്റെ അടുത്ത തിരിവു കഴിഞ്ഞപ്പോഴേക്കും ഗ്രാമം എനിക്കു മുന്നിൽ പരന്നുകിടക്കുകയായി.

സാമാന്യം വലിയൊരു ഗ്രാമമായിരുന്നു അത്; പള്ളിയ്ക്കു മുന്നിലെ കവലയുടെ ചുറ്റുമായി മൂന്നു സത്രങ്ങൾ. ഭാഗ്യം പരീക്ഷിക്കാമെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് അതിലൊന്നിലേക്കു കടന്നുചെന്ന് ഞാൻ ഒരു ഗ്ലാസ് വൈൻ പറഞ്ഞു. സത്രക്കാരൻ അതെന്റെ മുന്നിൽ കൊണ്ടുവച്ചു. ഞാൻ കാലാവസ്ഥയെക്കുറിച്ചും ആ പ്രദേശത്തെക്കുറിച്ചും, അതുപോലെ, ആ വൈനിനെ സ്തുതിച്ചുകൊണ്ടും ചിലതു പറഞ്ഞു. അയാൾ പക്ഷേ അതെല്ലാം കേട്ടുനിന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. എന്നെ കീഴ്മേൽ ഒന്നു നോക്കുകയും ചുണ്ടിനു മേൽ വിരലോടിക്കുകയും ചെയ്തിട്ട് അയാൾ പോയി. മേയറെ വിളിച്ചുകൊണ്ടു വരാൻ അയാൾ വേലക്കാരിയോടു പറയുന്നത് ഞാൻ കേട്ടു.

വൈൻ ഒന്നാന്തരമായിരുന്നു, മൂത്തതുമായിരുന്നു; അതെന്റെ തലയ്ക്കുള്ളിലേക്കിരച്ചുകയറി. ക്ഷീണവും ഇതേവരെ ഒന്നും വയറ്റിൽ ചെന്നിട്ടില്ലെന്ന വാസ്തവവും കൂടിയായപ്പോൾ അതതിന്റെ പ്രഭാവം ശരിക്കു കാണിക്കാനും തുടങ്ങി. എനിക്കാകപ്പാടെ ഒരു സുഖം തോന്നി; എന്നാൽ അതധികനേരം നീണ്ടുനിന്നില്ല. ഞാൻ എന്റെ ഗ്ലാസ്സ് കാലിയാക്കുന്നതിനു മുമ്പു തന്നെ മേയർ, അറുപതുകാരനായ ഒരാജാനുബാഹു, എന്റെ മേശയ്ക്കങ്ങേപ്പുറം വന്നിരുന്നുകഴിഞ്ഞു. അയാൾ ഒറ്റയ്ക്കായിരുന്നില്ല. റെസ്റ്റോറണ്ടിനുള്ളിൽ ആണും പെണ്ണുമായി ഒട്ടനേകം പേർ തടിച്ചുകൂടിയിരുന്നു; ഏതാണ്ടത്രയും തന്നെ വെളിയിൽ നിന്നുകൊണ്ട് ജനാലയിലൂടെ എന്നെ ഒളിഞ്ഞുനോക്കുന്നുമുണ്ട്.

ഒരു ഗ്ലാസ്സ് വൈനിന്റെ വില എന്തു വരുമെന്നറിയാമോയെന്ന് മേയർ എന്നോടു ചോദിച്ചു. ഞാൻ ഇല്ല എന്നു പറഞ്ഞു. അപ്പോൾ അയാൾ സൂചിപ്പിച്ച തുക കേട്ടതും എന്റെ മുഖം വിളറിവെളുത്തു. എന്റെ കയ്യിൽ ആകെക്കൂടി ഉണ്ടായിരുന്നതെടുത്താൽ ആ പറഞ്ഞതിന്റെ നൂറിലൊന്നു വന്നേക്കും. വില വളരെവളരെ കൂടുതലാണെന്ന് ഞാൻ പറഞ്ഞു. ഒരാൾ ഒരു ഗ്ലാസ്സ് വൈനിനു പറയുമ്പോൾ മറ്റു രാജ്യങ്ങളിലോ മറ്റു നഗരങ്ങളിലോ ഉള്ളതിലധികം വില അതിനു വരില്ലെന്ന് സഹജമായിത്തന്നെ അയാൾ മനസ്സിൽ കാണുന്നുണ്ടാവുമല്ലോ.

മേയറുടെ മുഖം ഇരുണ്ടു. മറ്റിടങ്ങളിൽ സത്യമായിട്ടുള്ളത്, അയാൾ പറഞ്ഞു, തന്റെ ഗ്രാമത്തിൽ അങ്ങനെയല്ല; സഹജമായി മനസ്സിൽ കാണുക എന്നു ഞാൻ പറഞ്ഞത് ഇവിടെ തോന്നിയപാട് നടക്കുന്നതുമാണ്‌. ഒരു ഗ്ലാസ്സ് വൈനിനു പറയുന്നതിനു മുമ്പ് ഞാൻ എന്തുകൊണ്ട് അതിന്റെ വില തിരക്കിയില്ല? പറഞ്ഞിട്ടു കാര്യമില്ല, ഇനിയിപ്പോൾ വൈകിപ്പോയിരിക്കുന്നു. ഞാൻ ഒന്നുകിൽ തുക ഒരുമിച്ചു കൊടുക്കണം, പറ്റിയില്ലെങ്കിൽ അതു മൊത്തം ഈടാകുന്നതുവരെ സത്രക്കാരനു വേണ്ടി ജോലി ചെയ്യണം. അതിനാകട്ടെ, മേയർ കൂട്ടിച്ചേർത്തു, ഒരഞ്ചുകൊല്ലം എന്തായാലും വേണ്ടിവരും.

കുർട്ട് കുസെൻബർഗ്

ഞാൻ പേടിച്ചുപോയി. ഞാൻ പറ്റൂറിയയിലേക്കു വന്നത് അലസമായ ഒരു സുഖയാത്രയ്ക്കു വേണ്ടിയാണ്‌; എന്നിട്ടിപ്പോൾ പെട്ടെന്നെനിക്കു നേരിടേണ്ടിവന്നിരിക്കുന്നതോ, ദീർഘവും നിഷ്ഠുരവുമായ അടിമപ്പണിയും. എനിക്കത് പിടി കിട്ടിയതേയില്ല. ഞാൻ ഗ്ലാസ്സ് കാലിയാക്കിയിട്ട് വിഷണ്ണമായ ആലോചനയിൽ മുഴുകി. മേയർ എന്റെ മുഖത്തു നിന്ന് കണ്ണു മാറ്റിയിരുന്നില്ല. കാഴ്ചക്കാരായ ആണും പെണ്ണും പകുതി സഹതാപത്തോടെയും പകുതി ആർത്തിയോടെയും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്‌; സത്രക്കാരനാവട്ടെ, അയാളുടെ പണി തകൃതിയായി നടത്തുന്നുമുണ്ട്.

തന്റെ വഴി എന്നെന്നേക്കുമായി അടഞ്ഞു എന്നു കണ്ട ഒരു മനുഷ്യന്‌ പിന്നെല്ലാം പുല്ലു പോലാണ്‌. അതിനാൽ ഞാൻ സത്രക്കാരനോട് രണ്ടാമതൊരു ഗ്ലാസ്സ് വൈൻ കൂടി കൊണ്ടുവരാൻ പറഞ്ഞു. തൂക്കുമരത്തിലേക്ക് അവസാനയാത്ര നടത്തുന്ന പാവപ്പെട്ട ഒരു കുറ്റവാളിയെപ്പോലെ സ്വന്തം തല മരവിപ്പിക്കണമെന്നേ ഞാൻ കരുതിയുള്ളു. സത്രക്കാരൻ കോപത്തോടെ എന്നെ നോക്കിയിട്ട് ഉള്ളിലേക്കു പോയി; കണ്ടുനിന്നവരിൽ ചിലർ ചിരിച്ചു. എന്റെ മുന്നിൽ വൈൻ കൊണ്ടുവച്ചപ്പോൾ താനെന്തോ പറയാൻ പോവുകയാണെന്നപോലെ മേയർ തൊണ്ടയനക്കി. എന്നാൽ ആരോ സൂചന കൊടുത്തതു കൊണ്ടാവണം, പറയാൻ വന്നത് അയാൾ വിഴുങ്ങി. മുറിക്കുള്ളിൽ നിന്നവരും വെളിയിൽ ജനാലയ്ക്കൽ കൂട്ടം കൂടിയവരും എന്നെയും സത്രക്കാരനെയും മാറിമാറി നോക്കിക്കൊണ്ട് പരസ്പരം പിറുപിറുക്കാൻ തുടങ്ങിയിരുന്നു. ഞാൻ ഒറ്റയിറക്കിന്‌ ഗ്ലാസ്സ് കാലിയാക്കിയിട്ട് അപ്പോൾത്തന്നെ മൂന്നാമതൊന്ന് കൊണ്ടുവരാൻ പറഞ്ഞു: എന്തും വരട്ടെ! വൈൻ എന്റെ ചിന്താശേഷിയാകെ താറുമാറാക്കിയിരുന്നു. എനിക്കിപ്പോൾ മുമ്പത്തെപ്പോലെ മ്ളാനതയില്ല; എന്നാൽ എനിക്കൊട്ടും സന്തോഷം തോന്നുന്നതുമില്ല.

വൈൻ കൊണ്ടുവരുമ്പോൾ സത്രക്കാരന്റെ മുഖവും വിഷണ്ണമായിരുന്നു. പിന്നയാൾ അടുത്തൊരു കസേരയിൽ തല താഴ്ത്തിപ്പിടിച്ചിരുന്നു. അയാളെ നോക്കി ചിരിച്ചവരും ഇപ്പോൾ ചിരി നിർത്തിയിരിക്കുന്നു. മേയർ തൊണ്ട ശരിയാക്കി. ഞാൻ രണ്ടാമതൊരു ഗ്ലാസ്സ് വാങ്ങിയതുകൊണ്ട്, അയാൾ വിശദീകരിക്കുകയായിരുന്നു, എന്റെ ബില്ലിന്റെ തുക ഗണ്യമായി കുറഞ്ഞിരുന്നു; കാരണം, ഒറ്റ ഗ്ലാസ് വൈനിനെക്കാൾ വില കുറവാണ്‌ രണ്ടു ഗ്ലാസ്സ് വൈനിന്‌. പക്ഷേ അപ്പോഴും അതു നല്ലൊരു തുക തന്നെയാവും, എന്റെ പേഴ്സ് ഗണ്യമായി ശോഷിക്കുകയും ചെയ്യുമായിരുന്നു. മൂന്നാമത്തെ ഗ്ലാസ്സ്, നേരേ മറിച്ച്, തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്. ഞാനിപ്പോൾ സത്രക്കാരന്റെ കടക്കാരൻ അല്ലാതായിരിക്കുന്നു; പകരം അയാളാണ്‌ എനിക്കു കടപ്പെട്ടിരിക്കുന്നത്- അതും തുടക്കത്തിൽ ഞാൻ അയാൾക്ക് എത്ര കടക്കാരനായിരുന്നോ, അത്രയ്ക്കുതന്നെ. ഇനി മുതൽ സത്രം എനിക്കവകാശപ്പെട്ടതാണ്‌, ഒപ്പം ഒരു മുന്തിരിത്തോട്ടവും വലിയൊരു പാടവും; ചുരുക്കത്തിൽ സത്രക്കാരനു സ്വന്തമായിരുന്നതെല്ലാം. അതു കേട്ടപ്പോൾ എന്റെ കാതിനു നല്ല കുളിരു തോന്നി; മുമ്പു കേട്ടതിനെക്കാളെല്ലാം നല്ലതായിട്ടെങ്കിലും തോന്നി. ഞാൻ വൈൻ ഗ്ലാസ്സെടുത്തൊന്നു മൊത്തി; നല്ല രുചിയുണ്ടായിരുന്നു.

മേയർ തുടർന്നു: സത്രക്കാരന്റെ ചെറുപ്പക്കാരിയായ മകളെ വിവാഹം ചെയ്യാൻ എനിക്കു താല്പര്യമുണ്ടാകുമോയെന്ന് അയാൾ സ്വയം ചോദിക്കുകയാണ്‌. അത് നല്ലൊരു പരിഹാരനിർദ്ദേശമായി എനിക്കു തോന്നി. ഈ സമയത്ത് ആ ചെറുപ്പക്കാരി തന്നെ ഞങ്ങളുടെ മേശയ്ക്കരികിലേക്കു വരികയും ചെയ്തു; ആകാരവടിവുള്ള, സുന്ദരിയായ ഒരുവൾ. ആ ഇരുണ്ട കണ്ണുകളുടെ നോട്ടം കൊണ്ട് അവൾ എന്റെ കണ്ണുകളുടെ ആഴത്തിലേക്കിറങ്ങി. എനിക്കൊരു ചിന്താക്കുഴപ്പം തോന്നി. ആ സന്ദർഭം മുതലെടുക്കുക എന്നത് എന്റെ പ്രകൃതത്തിനു ചേരുന്നതായിരുന്നില്ല; എന്നാൽ അവളുടെ വശീകരണം തടുക്കാൻ പറ്റാത്തതുമായിരുന്നു. എന്റെ തീരുമാനം എന്തായിരിക്കുമെന്ന് വീർപ്പടക്കി കാത്തുനില്ക്കുകയാണ്‌ ചുറ്റും കൂടിനില്ക്കുന്നവർ എന്നെനിക്കു മനസ്സിലായി; എന്തൊക്കെയായാലും തങ്ങളുടെ ഒരു ദേശക്കാരന്റെ തലവിധിയെ സംബന്ധിക്കുന്നതാണല്ലോ സംഗതി. എന്റെ ചിന്താക്കുഴപ്പം കൂടിവന്നു. വൈൻ എന്റെ തലയ്ക്കുള്ളിൽ പ്രവർത്തിച്ചുതുടങ്ങുന്നതറിയാമായിരുന്നെങ്കിലും നാലാമതൊരു ഗ്ലാസ്സിനുകൂടി ഞാൻ ഓർഡർ കൊടുത്തു; അത്രയും സമയം എനിക്കു കിട്ടുമല്ലോ.

സത്രക്കാരൻ ഇരുന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റ് ബാറിലേക്കോടി; ഒരു പുഞ്ചിരിയോടെ അയാൾ വൈൻ എന്റെ മുന്നിൽ കൊണ്ടുവച്ചു. കാഴ്ച കാണാൻ കൂടിയവരെല്ലാം പിരിഞ്ഞുപോയി; ജനാലയ്ക്കു പുറത്ത് ഒറ്റയാളെപ്പോലും കാണാനില്ല; തിരിച്ചു മേശയ്ക്കു മുന്നിലേക്കു നോക്കുമ്പോൾ ആ ചെറുപ്പക്കാരിയും മറഞ്ഞുകഴിഞ്ഞിരുന്നു. മേയർ മാത്രം അപ്പോഴും അവിടെ ഇരുപ്പുണ്ട്. അയാളും പിന്നെ എഴുന്നേറ്റ്, എനിക്കു സന്തുഷ്ടമായ ഒരു യാത്രയും ആശംസിച്ചിട്ട് സ്ഥലം വിട്ടു. എനിക്കത് ശരിക്കും മനസ്സിലായില്ല. ഇനിയെന്താണ്‌ സംഭവിക്കാൻ പോകുന്നതെന്നു തീർച്ചയില്ലാതെ ഞാൻ നാലാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ട് ബിൽ എത്രയായെന്ന് സത്രക്കാരനോടു ചോദിച്ചു. അയാൾ പറഞ്ഞ തുക ഒട്ടും അസാധാരണമല്ലാത്തതായിരുന്നു; നാലു ഗ്ലാസ് വൈനിന്‌ എവിടെയായാലും അത്രയൊക്കെ വരും. ഞാൻ ആശ്വാസത്തോടെ അത്രയും നാണയങ്ങൾ എണ്ണി മേശപ്പുറത്തിട്ടു.

അപ്പോഴേക്കും ഒരു മണി ആയിക്കഴിഞ്ഞിരുന്നു; ഉച്ചയാഹാരത്തിനു പറ്റിയ നേരം. പക്ഷേ പുതിയൊരു സാഹസത്തിനു കീഴടങ്ങാനുള്ള ഒരാഗ്രഹവും എനിക്കില്ലായിരുന്നു; അതിനാൽ ഞാൻ തെരുവിലേക്കു കാലെടുത്തുവച്ചു. കഴിയാവുന്നത്ര വേഗതയിൽ ഞാൻ ഗ്രാമത്തിലൂടെ നടന്നു. അതു പിന്നിലായപ്പോൾ അതീവസന്തോഷവും എനിക്കു തോന്നി.
*

(ജർമ്മൻ കഥാകൃത്തും കലാനിരൂപകനുമായ കുർട്ട് കുസെൻബെർഗ് Kurt Kusenberg (1904-1983) ഭ്രമാത്മകകഥകളുടെ പേരിൽ പ്രസിദ്ധനാണ്‌. നമ്മുടെ ദൈനന്ദിനലോകത്തെ ഹാസ്യത്തിലൂടെയും ഭ്രമാത്മകതയിലൂടെയും അപരിചിതമായി തോന്നിപ്പിക്കാനുള്ള അസാധാരണമായ കഴിവു കാരണം ‘സാഹിത്യത്തിലെ പോൾ ക്ലീ’ എന്നു ചിലപ്പോൾ വിശേഷിപ്പിക്കപ്പെടാറുണ്ട്.)

വിവ: വി. രവികുമാർ

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like