പൂമുഖം ചിത്രകല പഠ്ചിത്ര ജീവിതങ്ങൾ

ഒറീസ്സയിലെ പാരമ്പര്യ ചിത്രകലയെ കുറിച്ച് ചിത്രകാരിയും കവിയത്രിയുമായ ശ്രീമതി പ്രസന്ന ആര്യൻ: പഠ്ചിത്ര ജീവിതങ്ങൾ

pa 7

പുുരിയില്‍നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയില്‍ ഇരുപതു കിലോമീറ്റര്‍ ചെന്നാലാണ് രഘുരാജപൂര്‍ എന്ന ക്രാഫ്റ്റ് വില്ലേജ്. ഒറീസ്സയിലെ പ്രസിദ്ധ ചിത്രകലയായ പഠ്ചിത്രത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. അന്‍പതോളം കുടുംബങ്ങള്‍ രഘുരാജപുരത്ത് ഈ ചിത്രകലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഒരു ചെറിയ ഗലിയുടെ ഇരുവശത്തുമുള്ള ചെറിയ മുറികളായിരുന്നു സ്റ്റുഡിയോകളായി ഉപയോഗിച്ചിരുന്നത്. ഗലിയിലേക്ക് ഞങ്ങളെത്തിയതും ഒരുപാടുപേര്‍ ചുറ്റിലും വളഞ്ഞു. ആദ്യം കണ്ട കടയിലേക്ക് കയറിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകണ്ട നിരാശ ശരിക്കും വേദനിപ്പിച്ചു.

pa 2                                                             pa1

പണ്ട് കടലാസുകളില്ലാതിരുന്ന കാലത്ത് പനയോലകളില്‍ എഴുതിയിരുന്ന അതേ രീതിയിലാണ് പഠ്ചിത്രങ്ങളും വരയ്ക്കുന്നത്. സംസ്കൃതത്തില്‍ നിന്നാണത്രെ ഈ വാക്ക് വന്നത്. തമിഴില്‍ ഇതിന്നു പറയുന്നത് ‘ഓലൈച്ചുവടി’ എന്നാണെന്നു തോന്നുന്നു. ഒരേ വലുപ്പത്തില്‍ മുറിച്ച് മഞ്ഞള്‍ പുരട്ടിയുണക്കിയ പനയോലകളില്‍ നാരായം ഉപയോഗിച്ച് വളരെ ചെറിയ ചിത്രങ്ങള്‍ വരക്കുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളാണ് ചിത്രങ്ങള്‍ക്ക് ആസ്പദം. പുരി ജഗന്നാഥനും പ്രധാന കഥാപാത്രമാണ്. പണ്ട് ജഗന്നാഥ മന്ദിരത്തിലെ ഒരാചാരത്തിന്‍റെ ഭാഗം മാത്രമായിരുന്ന ഈ ചിത്രകല പിന്നീട് പ്രസാദ രൂപത്തില്‍ ഭക്തരില്‍ എത്തുകയും കാലം ചെന്നപ്പോള്‍ ഒരുപറ്റം കലാകാരന്മാര്‍ക്ക് ജീവനോപാധിയായിത്തീരുകയും ചെയ്തു.

ഓരോ കുടുംബത്തിനും അവരുടേതായ ചിത്രശേഖരങ്ങളുണ്ട് . വരച്ച ചിത്രങ്ങളുടെ മുകളില്‍ പ്രകൃതീദത്തമായ നിറങ്ങള്‍ തേക്കുകയും പെട്ടെന്ന്‍ തുടച്ചുകളയുകയും ചെയ്യുമ്പോള്‍ നാരായമെഴുതിയ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നു.  മുന്‍പ് കറുപ്പും
(കരിപ്പൊടി) വെളുപ്പും (കുമ്മായപ്പൊടി) മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെ പിന്നെ പ്രകൃതിദത്ത നിറങ്ങള്‍ എല്ലാം ഉപയോഗിച്ചു തുടങ്ങി. ഇതേ ശൈലി ക്യാന്‍വാസിലും സില്‍ക്ക് തുണിയിലും ചെയ്യുന്നുണ്ട്. കടുത്ത നിറങ്ങളിലാണ് അതു
ചെയ്യുന്നത്. കറുപ്പ്, വെള്ള, ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നിനിറങ്ങളാണ് സാമ്പ്രദായികമായി ഉപയോഗിച്ചുവരുന്നത്. അധികവും രാസലീലയും ദശാവതാരവുമാണ് വരച്ചുകണ്ടത്. ചിത്രങ്ങളിലെ വ്യാളീ മുഖങ്ങളും മറ്റും കിഴക്കന്‍ സ്വാധീനത്തെ ഓര്‍മ്മിപ്പിച്ചു.

pa3                                                             pa4

രണ്ടു ലിനന്‍ തുണികള്‍ തമ്മില്‍, തോല്‍കളഞ്ഞ പുളിങ്കുരു പൊടിച്ച് തേച്ച്, ഒട്ടിച്ചാണത്രെ ഇതിന്നു വേണ്ട ക്യാന്‍വാസുണ്ടാക്കുന്നത്. ഇപ്പോഴും അത് അങ്ങിനെത്തന്നെയാണ് എന്നാണ് ഞങ്ങള്‍ പരിചയപ്പെട്ട വിഷ്ണു എന്ന ചിത്രകാരന്‍ പറഞ്ഞത്. പ്രകൃതീദത്ത നിറത്തില്‍ അല്ലെങ്കില്‍ പോസ്റ്റര്‍ കളറില്‍ അവിടെകാണുന്ന ഒരു മരത്തിന്‍റെ കായയില്‍ നിന്നും ശേഖരിച്ച ദ്രാവകം നല്ലപോലെ ചേര്‍ത്തിളക്കിയാണത്രെ നിറം തയ്യാറാക്കുന്നത്. അതുകൊണ്ടാവണം ചിത്രങ്ങള്‍ക്കു നല്ല തിളക്കം. തുണികളില്‍ ഫാബ്രിക് കളര്‍ തന്നെയാണ് ഉപയോഗിച്ചു
കണ്ടത്.

ഇതിനൊക്കെ പുറമെ അടക്ക, ചിരട്ട തുടങ്ങി പലതിലും ചിത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. സെറാമിക് സില്‍ പോട്ട് പെയിന്‍റിംഗ് ചെയ്യുന്ന രീതി തന്നെയാണ് ഇവിടെയും. സാരികളിലും ചെയ്യുന്നുണ്ട്. വളരെ സൂക്ഷ്മമായി സമയമെടുത്ത് ചെയ്യേണ്ടുന്ന ഈ കലയ്ക്ക് പക്ഷെ പ്രതിഫലം വളരെ തുച്ഛമായിത്തോന്നി. ഞങ്ങളുടെ താല്പര്യം കണ്ടിട്ടാവണം വേണ്ടെന്നു പറഞ്ഞിട്ടും, വിഷ്ണു,  അവന്‍ വരച്ച ചിത്രങ്ങളെല്ലാം നിവര്‍ത്തിക്കാട്ടി വിവരിച്ചു തന്നു. ഓരോ ചിത്രത്തിനു പിന്നിലും അവന്‍ ചിലവിട്ട സമയം, അദ്ധ്വാനം പലപ്പോഴും ചിത്രം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍ പലരും കണ്ടില്ലെന്നു നടിക്കും. കേരളത്തില്‍ മലപ്പുറത്ത് വിഷ്ണു ചിത്രങ്ങളുമായി വന്നിട്ടുണ്ടത്രെ. അവസാനം, വിലപേശാതെ രണ്ടുമൂന്നു ചിത്രങ്ങള്‍ വാങ്ങി മടങ്ങി. അടക്കാചിത്രങ്ങള്‍ സമ്മാനിച്ച് അവന്‍ വീണ്ടും കാണാമെന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞിരുന്നു.

pa8                                                        pa 6

pa5

 

Comments
Print Friendly, PDF & Email

അബുദാബി, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു, മുമ്പ്. ഇപ്പോള്‍ തൃശൂരിൽ താമസം. കവിതയെഴുതുന്നു. കഥയെഴുതിയിരുന്നു. ആനുകാലികങ്ങൾക്കും പുസ്തകങ്ങൾക്കും വേണ്ടി വരയ്ക്കുന്നു. മറുവാക്ക് മാഗസിനിൽ സ്ഥിരമായി തലവര എന്നൊരു പേജ് ചെയ്യുന്നുണ്ട്.

പുസ്തകങ്ങൾ - ചില നേരങ്ങളിൽ ചിലത് - കവിത - ഗ്രീൻ ബുക്ക്സ്; അഴിച്ചു വെച്ചിടങ്ങളിൽ നിന്ന് - കവിതയും വരയും -3000 BC ; ദേവൂട്ടി - നോവല്ല - കിൻഡിൽ; കവിതയായില്ലെന്നോ - കഥവിത - കിൻഡിൽ.

You may also like