പൂമുഖം LITERATUREലോകകഥ ലിയോ ടോൾസ്റ്റോയ് – അല്യോഷ

ലിയോ ടോൾസ്റ്റോയ് – അല്യോഷ

ആൺകുട്ടികളിൽ ഇളയതായിരുന്നു അല്യോഷ. ‘കലം’ എന്നൊരു ഇരട്ടപ്പേര്‌ അവനുണ്ടായിരുന്നു. ഒരിക്കൽ അവന്റെ അമ്മ ഡീക്കന്റെ ഭാര്യക്കു കൊടുക്കാനായി ഒരു കലം നിറയെ പാൽ അവന്റെ കയ്യിൽ കൊടുത്തയച്ചിരുന്നു; കഷ്ടകാലത്തിന്‌ എന്തിലോ തടഞ്ഞുവീണ്‌ കലം പൊട്ടി; പാലു നഷ്ടപ്പെടുത്തിയതിന്‌ അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും അവനു കിട്ടി. ‘കലം’ എന്നു വിളിച്ച് ഗ്രാമത്തിലെ കുട്ടികൾ അവനെ കളിയാക്കാൻ തുടങ്ങി. അതവന്റെ ഇരട്ടപ്പേരായത് അങ്ങനെയാണ്‌.

അല്യോഷ ഇത്തിരിയോളം പോന്ന ഒരു കുട്ടിയായിരുന്നു; പാള പോലത്തെ ചെവികളും എറിച്ചുനില്ക്കുന്ന വലിയൊരു മൂക്കും. ‘അല്യോഷയുടെ മൂക്കു കണ്ടാൽ കുന്നുമ്പുറത്തൊരു പട്ടി നില്ക്കുന്നപോലുണ്ട്!’ കുട്ടികൾ കളിയാക്കും.
അല്യോഷയുടെ ഗ്രാമത്തിലും ഒരു സ്കൂളുണ്ടായിരുന്നു; എന്നാൽ എഴുത്തും വായനയും അവനത്ര എളുപ്പമായിരുന്നില്ല; അതിനും പുറമേ പഠിക്കാനുള്ള നേരവും കിട്ടേണ്ടേ? അവന്റെ മൂത്ത സഹോദരൻ ടൗണിൽ ഒരു വ്യാപാരിയുടെയൊപ്പം താമസിച്ച് ജോലി ചെയ്യുകയാണ്‌; അതിനാൽ അല്യോഷയ്ക്ക് കുട്ടിക്കാലം മുതലേ അച്ഛനെ സഹായിക്കേണ്ടിവന്നു.

ആറു വയസ്സായപ്പോഴേ അവൻ ഇളയ പെങ്ങളോടൊപ്പം ആടിനേയും പശുവിനേയും തീറ്റിക്കാൻ കൊണ്ടുപോയിത്തുടങ്ങിയിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ കുതിരകളെ നോക്കുന്നതും അവനായി. പന്ത്രണ്ടാം വയസ്സു മുതൽ അവൻ ഉഴാനും വണ്ടി തെളിക്കാനും തുടങ്ങി. ഇതെല്ലാം ചെയ്യാനുള്ള ശരീരബലം അവനുണ്ടായിരുന്നു എന്നല്ല; എന്നാലും ഒരിക്കലും അവനെ മുഖം മുഷിഞ്ഞു കണ്ടിട്ടില്ല. കുട്ടികൾ അവനെ കളിയാക്കുമ്പോൾപ്പോലും അവൻ അവരോടൊപ്പം ചേർന്നു ചിരിക്കുകയേയുള്ളു; അല്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കും. അച്ഛൻ വഴക്കു പറയുമ്പോൾ അവൻ മിണ്ടാതെനിന്ന് എല്ലാം കേൾക്കും; എന്നിട്ട് ഒരു പുഞ്ചിരിയോടെ തന്റെ ജോലിയിലേക്കു മടങ്ങും.

അല്യോഷയ്ക്കു പത്തൊമ്പതു വയസ്സായപ്പോൾ അവന്റെ ജ്യേഷ്ഠന്‌ പട്ടാളത്തിൽ ചേരേണ്ടിവന്നു.അച്ഛൻ അവനെ പട്ടണത്തിലെ വ്യാപാരിയുടെ അടുത്തു കൊണ്ടുപോയി. ജ്യേഷ്ഠന്റെ പഴയ ബൂട്ടും അച്ഛന്റെ തൊപ്പിയുമൊക്കെ ധരിപ്പിച്ചാണ്‌ അവനെ അയാളുടെ മുന്നിൽ ഹാജരാക്കിയത്. അയാൾക്കു പക്ഷേ, അവനെ കണ്ടിട്ട് അത്ര ഹിതമായില്ല.

“സിമിയോണെപ്പോലെ ഒരാളെ കൊണ്ടുവരുമെന്നാണല്ലോ ഞാൻ കരുതിയത്,” അല്യോഷയെ അടിമുടി ഒന്നു നോക്കിയിട്ട് വ്യാപാരി പറഞ്ഞു. “എന്നിട്ട് കൊണ്ടുവന്നത് ഇതിനെയും! ഇവനെ എന്തിനു കൊള്ളിക്കാൻ?”

“അവൻ എന്തുവേണമെങ്കിലും ചെയ്തോളും- കുതിരകളെ നോക്കും, വണ്ടി തെളിക്കും. കാണാൻ നരുന്തു പോലുണ്ടെന്നേയുള്ളു, പണി ചെയ്യാൻ മിടുക്കനാണ്‌.”

“കണ്ടിട്ട് അങ്ങനെ തോന്നുന്നു; ആകട്ടെ, നോക്കാം.“

അങ്ങനെ അല്യോഷ വ്യാപാരിയുടെ വീട്ടിൽ ജോലിക്കാരനായി.

വ്യാപാരിയുടെ കുടുംബം അങ്ങനെ വലുതൊന്നുമായിരുന്നില്ല. ഭാര്യ, അയാളുടെ പ്രായമായ അമ്മ, മൂന്നു മക്കൾ. വലിയ വിദ്യാഭ്യാസമില്ലാത്ത മൂത്ത മകൻ കല്യാണം കഴിച്ച് അച്ഛന്റെ ബിസിനസ്സിലാണ്‌; പഠിത്തക്കാരനായ രണ്ടാമത്തെ മകൻ ഹൈസ്ക്കൂൾ കഴിഞ്ഞ് കോളേജിൽ ചേർന്നെങ്കിലും അവിടെ നിന്നു പുറത്താക്കിയതിനാൽ ഇപ്പോൾ വീട്ടിലുണ്ട്. ഒരു മകളുള്ളത് ഹൈസ്ക്കൂളിൽ പഠിക്കുന്നു.

ആദ്യമൊക്കെ എല്ലാവർക്കും അല്യോഷയോട് ഒരകൽച്ചയായിരുന്നു. അവനെ കാണാൻ ഒരു ചേലില്ല, വേഷം ഒരുമാതിരിയാണ്‌, പെരുമാറാനും അറിയില്ല. എന്നാൽ വൈകാതെ ആ അകൽച്ച കുറഞ്ഞു. ജോലി ചെയ്യുന്ന കാര്യത്തിൽ ജ്യേഷ്ഠനേക്കാൾ ശുഷ്കാന്തിയായിരുന്നു അവന്‌; അവനത് ഇഷ്ടത്തോടെ ചെയ്തു എന്നതാണു കാര്യം. എല്ലാത്തരം പണിയും അവർ അവനെക്കൊണ്ടു ചെയ്യിച്ചിരുന്നു. ഒരു വിസമ്മതവും ഇല്ലാതെ അവൻ എല്ലാം ചെയ്യുകയും ചെയ്തു. വീട്ടിലെപ്പോലെയായിരുന്നു ഇവിടെയും; എല്ലാ ഭാരവും അവന്റെ ചുമലിലായിരുന്നു. യജമാനത്തി, വയസ്സായ അമ്മ, മകൻ, മകൾ, കാര്യസ്ഥൻ, വേലക്കാരി- ആജ്ഞാപിക്കാൻ എല്ലാവരും ഉണ്ടായിരുന്നു; ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അവർ അവനെ ഓടിച്ചുകൊണ്ടിരുന്നു.

”അല്യോഷാ, ഇതു ചെയ്യൂ! അല്യോഷാ, അതു ചെയ്യൂ! എന്ത്! അതു മറന്നോ, അല്യോഷാ! ഇനി മറക്കരുത്, പറഞ്ഞേക്കാം!“ എന്ന് രാവിലെ മുതൽ രാത്രി വരെ കേൾക്കാം. അല്യോഷയാവട്ടെ, അങ്ങോട്ടുമിങ്ങോട്ടുമോടി, അതുമിതും ചെയ്തു, എല്ലാറ്റിനും നേരം കണ്ടെത്തി- അവൻ ഒരിക്കലും ദുർമ്മുഖം കാണിച്ചതുമില്ല.

ജ്യേഷ്ഠന്റെ പഴയ ബൂട്ടുകൾ വൈകാതെ തേഞ്ഞുതീർന്നു; കീറീപ്പറിഞ്ഞതുമിട്ടു നടക്കുന്നതിന്‌ വ്യാപാരി അവനെ ശാസിക്കുകയും പുതിയൊരു ജോഡി ബൂട്ടുകൾ മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊടുക്കുകയും ചെയ്തു. പുതിയ ചെരുപ്പു കണ്ടപ്പോൾ അല്യോഷ സന്തോഷവാനായി; എന്നാൽ പകലത്തെ പരക്കംപാച്ചിലുകൾക്കൊടുവിൽ കാലു നോവാൻ തുടങ്ങിയപ്പോൾ അവനു ദേഷ്യം തോന്നിയത് തന്റെ കാലിനോടാണ്‌; ശമ്പളം വാങ്ങാൻ വരുമ്പോൾ ബൂട്ടിന്റെ വില അതിൽ കുറച്ചിട്ടുണ്ടെന്ന് അച്ഛൻ അറിയുമ്പോഴത്തെ കാര്യമോർത്തപ്പോൾ അവനു പേടിയും വന്നു. മഞ്ഞുകാലത്തവൻ പുലരും മുമ്പേ എഴുന്നേല്ക്കും. എന്നിട്ടവൻ വിറകു കീറും, മുറ്റമടിക്കും, പശുക്കൾക്കും കുതിരകൾക്കും തീറ്റ കൊടുക്കും, അടുപ്പിൽ തീ കത്തിക്കും, ചെരുപ്പുകൾ വൃത്തിയാക്കും, സമോവർ ചൂടാക്കും. ഇതിനിടയിൽ കാര്യസ്ഥന്റെ വിളികൾ കേൾക്കണം, വേലക്കാരി മാവു കുഴയ്ക്കാനോ പാത്രം കഴുകാനോ വിളിക്കും; അതു കഴിഞ്ഞാൽ എന്തെങ്കിലും ആവശ്യവുമായി പട്ടണത്തിൽ പോവുകയോ കുട്ടിയെ സ്കൂളിൽ നിന്നു വിളിച്ചുകൊണ്ടുവരികയോ വൃദ്ധയ്ക്ക് ഒലീവെണ്ണ വങ്ങുകയോ ചെയ്യാനുണ്ടാവും. “നീ ഇത്രനേരം എവിടെപ്പോയി കിടക്കുകയായിരുന്നു?” ഒരാളല്ലെങ്കിൽ മറ്റൊരാൾ വിളിച്ചുചോദിച്ചുകൊണ്ടേയിരിക്കും. തങ്ങളെന്തിനു പോകണം, അല്യോഷ ഉണ്ടല്ലോ. “അല്യോഷാ! അല്യോഷാ!” അല്യോഷ അങ്ങോട്ടോടി, ഇങ്ങോട്ടോടി. അവന്റെ ആഹാരം കഴിക്കലൊക്കെ ഈ ഓട്ടത്തിനിടയിലായിരുന്നു. നേരം വൈകി കഴിക്കാൻ ചെല്ലുന്നതിന്റെ പേരിൽ വേലക്കാരി വഴക്കു പറയാറുണ്ടായിരുന്നെങ്കിലും അവനോടു കുറച്ചു മനസ്സലിവുള്ളതിന്റെ പേരിൽ ചൂടായിട്ടെന്തെങ്കിലും അവൾ മാറ്റിവയ്ക്കാറുണ്ടായിരുന്നു.

അവധിക്കാലം അല്യോഷയ്ക്കു ജോലി കൂടുതലുള്ള കാലവുമായിരുന്നു; എന്നാല്ക്കൂടി അതൊരു സന്തോഷക്കൂടുതലിന്റെ കാലവുമായിരുന്നു. കാരണം എല്ലാവരും അവനെന്തെങ്കിലും ടിപ്പ് കൊടുക്കുന്നത് അക്കാലത്താണ്‌. കാര്യമായ ഒരു തുക എന്നു പറയാൻ ഒന്നുമില്ലെങ്കിലും ഇതേവരെ അത് അറുപതു കോപ്പെക്കിനടുത്തായിട്ടുണ്ട്- അതവന്റെ സ്വന്തം പണമാണ്‌. അല്യോഷ ഒരിക്കലും അവന്റെ ശമ്പളത്തിൽ നിന്നൊന്നും അവകാശപ്പെട്ടിട്ടില്ല. അതവന്റെ അച്ഛൻ വന്ന് വ്യാപാരിയിൽ നിന്നു വാങ്ങിപ്പോവുകയാണു പതിവ്; ബൂട്ട് തേയിച്ചതിന്‌ ഒരു ശകാരം മാത്രമാണ്‌ അച്ഛനിൽ നിന്നവനു കിട്ടുക.

ടിപ്പുകൾ പിടിച്ചുവച്ച് രണ്ടു റൂബിൾ ആയപ്പോൾ വേലക്കാരിയുടെ ഉപദേശപ്രകാരം അവൻ ഒരു ചുവന്ന സ്വെറ്റർ വാങ്ങി. ആദ്യമായി അതുമിട്ട് തന്നെത്തന്നെ ഒന്നു നോക്കിയപ്പോൾ സന്തോഷം കൊണ്ട് അവൻ വാ പൊളിച്ചുപോയി; ശ്വാസം കിട്ടാതെയും തൊണ്ട വിക്കിയും ഏറെ നേരം അടുക്കളയിൽ അവൻ ആ നില്പു നില്ക്കുകയും ചെയ്തു.

അല്യോഷ ഒരു മിണ്ടാപ്രാണിയായിരുന്നു; അത്യാവശ്യത്തിനല്ലാതെ അവൻ വായ തുറക്കാറില്ല; അതാകട്ടെ ഒറ്റ വീർപ്പിനു പറഞ്ഞുതീർക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാമോ എന്നു ചോദിച്ചാൽ “ചെയ്യാം” എന്നു മാത്രമേ അവൻ പറയൂ; അടുത്ത പടി അതു ചെയ്യുകയാണ്‌.

അല്യോഷയ്ക്കു പ്രാർത്ഥനകളൊന്നും വശമില്ലായിരുന്നു. പണ്ടെന്നോ അമ്മ അവനെ ഏതോ പ്രാർത്ഥന ചൊല്ലാൻ പഠിപ്പിച്ചതായിരുന്നു; അതുപക്ഷേ, അപ്പോൾത്തന്നെ അവന്റെ മനസ്സിൽ നിന്നു പോവുകയും ചെയ്തു. എന്നാലും തന്റേതായ ഒരു രീതിയിൽ വൈകിട്ടും രാത്രിയിലും അവൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു: ചുണ്ടനക്കാതെ, കൈകൾ കൊണ്ടു മാത്രമുള്ള ഒരു പ്രാർത്ഥന.

*

ഒന്നരക്കൊല്ലം അല്യോഷയുടെ ജീവിതം ഈവിധം കടന്നുപോയി. രണ്ടാമത്തെ കൊല്ലം അവസാനത്തോടടുപ്പിച്ച് അവന്റെ ജീവിതത്തിലെ ഏറ്റവും അസാധാരാണമായ ഒരു അനുഭവം ഉണ്ടായി. ഒരാൾക്ക് മറ്റൊരാളെക്കൊണ്ടുണ്ടാകുന്ന ഉപയോഗത്തിൽ നിന്നു രൂപപ്പെടുന്ന ബന്ധങ്ങളല്ലാതെ തീർത്തും വ്യത്യസ്തമായ സ്വഭാവത്തിലുള്ള ചില ബന്ധങ്ങളും ഉണ്ടെന്നതായിരുന്നു അവനെ അത്യധികം ആശ്ചര്യപ്പെടുത്തിയ ആ കണ്ടുപിടുത്തം. ചെരുപ്പു തുടയ്ക്കാനും കുതിരയെ പൂട്ടാനും വിളിപ്പുറത്തു നില്ക്കാനുമല്ലാതെ ഒരാൾക്ക് മറ്റൊരാളെ ആവശ്യമായിവരുന്ന ഒരു ബന്ധം; ഒരാളെക്കൊണ്ട് ഒരാവശ്യവുമില്ലെങ്കിലും അയാളെ സ്നേഹിക്കാനും ഓമനിക്കാനും മറ്റൊരാൾക്കു തോന്നുന്നു എന്നതിൽ നിന്നുണ്ടാകുന്ന ഒരു ബന്ധം. താൻ അങ്ങനെയൊരാൾ ആയതായി പെട്ടെന്നവന്‌ അനുഭവപ്പെട്ടു. അവൻ ഈ കണ്ടുപിടുത്തം നടത്തുന്നത് വേലക്കാരിയായ ഉസ്തീനിയയിലൂടെയാണ്‌. അവൾ ചെറുപ്പമായിരുന്നു, അനാഥയായിരുന്നു, അവനെപ്പോലെതന്നെ കഠിനാദ്ധ്വാനിയുമായിരുന്നു. ജീവിതത്തിൽ ഇതാദ്യമായി അവനറിഞ്ഞു, താൻ, താൻ ചെയ്യുന്ന കാര്യങ്ങൾ, താനെന്ന വ്യക്തി മറ്റൊരു വ്യക്തിക്ക് ആവാശ്യമായി വന്നിരിക്കുന്നുവെന്ന്. അമ്മ അവനെയോർത്തു വിഷമിച്ചിരുന്നപ്പോൾ അല്ലെങ്കിൽ അവർ അവനോടു സ്നേഹം കാണിച്ചിരുന്നപ്പോൾ അവൻ അതു ശ്രദ്ധിക്കാറുതന്നെ ഇല്ലായിരുന്നു; അതൊക്കെ വളരെ സ്വാഭാവികമെന്ന മട്ടിലാണ്‌ അവനെടുത്തിരുന്നത്, അവന്‌ അവനോടുതന്നെ തോന്നിയിരുന്ന വിഷമമെന്നപോലെ. എന്നാൽ ഇവിടെ അവനു തീർത്തും അന്യയായ ഉസ്തീനിയക്കാണ്‌ അവനെയോർത്തു വിഷമം തോന്നുന്നത്. അവൾ അവനു ചൂടുള്ളതെന്തെങ്കിലും കഴിക്കാൻ കൊടുത്തിട്ട് താടിക്കു കയ്യും കൊടുത്ത് അവൻ കഴിക്കുന്നതും നോക്കി ഇരിക്കും. അവൻ അവളെ മുഖമുയർത്തി നോക്കുമ്പോൾ അവളൊന്നു പുഞ്ചിരിക്കും; അപ്പോൾ അവനും പുഞ്ചിരിക്കും.

ഇതൊക്കെ അവനു തീർത്തും പുതിയതും അപരിചിതവുമായ കാര്യങ്ങൾ ആണെന്നതിനാൽ അല്യോഷ ആദ്യമൊക്കെ വല്ലാതെ പേടിച്ചുപോയി. തന്റെ ജോലിക്കതു വിഘാതമാകുമോ എന്നായിരുന്നു അവന്റെ പേടി. എന്നാലും ഉള്ളിലൊരു സന്തോഷം അവനു തോന്നിയിരുന്നു. ഉസ്തീനിയ കീറൽ തുന്നിക്കൊടുത്ത ട്രൗസറുമിട്ടു നില്ക്കുമ്പോൾ തലയാട്ടിക്കൊണ്ട് അവനൊന്നു ചിരിക്കും. പലപ്പോഴും, ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ എവിടെയ്ക്കെങ്കിലും ഓടുമ്പോഴോ അവന്‌ ഉസ്തീനിയയെ ഓർമ്മ വരും. “ഉസ്തീനിയ!” എന്ന് അവൻ ഊഷ്മളമായി ഉരുവിടും.

ഉസ്തീനിയ തനിക്കായ വിധം അവനെ സഹായിച്ചുപോന്നു; അവൻ അവളേയും. ഒരിക്കൽ അവൾ തന്റെ ജീവിതകഥ അവനെ പറഞ്ഞുകേൾപ്പിച്ചു: അവൾക്ക് അച്ഛനമ്മമാരെ നഷ്ടമായത്, ഒരമ്മായി അവളെ എടുത്തുവളർത്തിയത്, പിന്നെ അവളെ പട്ടണത്തിൽ ജോലിക്കു കൊണ്ടാക്കിയത്, വ്യാപാരിയുടെ മകൻ ഒരിക്കൽ അവളെ വശപ്പെടുത്താൻ നോക്കിയത്, അവൾ അതിനെ ചെറുത്തത്. അവൾക്കു സംസാരിക്കാൻ ഇഷ്ടമായിരുന്നു; അവന്‌ അതു കേൾക്കാനും ഇഷ്ടമായിരുന്നു. പട്ടണത്തിലെ വീടുകളിൽ ജോലിക്കു വരുന്ന ചെറുപ്പക്കാർ അവിടുത്തെ വേലക്കാരികളെ കല്യാണം കഴിക്കാറുണ്ടെന്നും അവൻ കേട്ടിരുന്നു. അവന്റെ വീട്ടുകാർ ഉടനെങ്ങാനും അവന്റെ കല്യാണത്തെക്കുറിച്ചാലോചിക്കുമോയെന്ന് ഒരിക്കൽ അവൾ ചോദിച്ചു. അതു തനിക്കറിയില്ലെന്നും നാട്ടിലെ ഒരു പെണ്ണിനേയും തനിക്കിഷ്ടമല്ലെന്നും അവൻ മറുപടി പറയുകയും ചെയ്തു.

“അപ്പോൾ നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ?”

“ഉണ്ട്, നിന്നെ. എന്താ, നിനക്കിഷ്ടമാണോ?”

“അയ്യട! നല്ല മിടുക്കനാണല്ലോ!എന്തായാലും നിന്റെ വായിൽ നാവുണ്ടെന്നായല്ലോ!” തവിക്കണ കൊണ്ട് അവന്റെ പുറത്തൊന്നു മേടിയിട്ട് അവൾ പറഞ്ഞു, “എനിക്കെന്താ വിരോധം?”

നൊയമ്പുകാലത്തിനു മുമ്പ് ശമ്പളം വാങ്ങിക്കാൻ അവന്റെ അച്ഛൻ വന്നു. അല്യോഷയ്ക്ക് ഉസ്തീനിയയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന വാർത്ത വ്യാപാരിയുടെ ഭാര്യയുടെ ചെവിയിൽ എത്തിയിരുന്നു. അവർക്കത് തീരെ ഇഷ്ടപ്പെട്ടില്ല. അവൾക്കു ഗർഭമുണ്ടാകും; പിന്നെ അവളെക്കൊണ്ടെന്തിനു കൊള്ളാം? അവർ ഭർത്താവിനെ വിവരമറിയിച്ചു.

വ്യാപാരി ശമ്പളം എണ്ണിക്കൊടുക്കുമ്പോൾ അല്യോഷയുടെ അച്ഛൻ ചോദിച്ചു: “എന്റെ പയ്യൻ എങ്ങനുണ്ട്? എന്തു ചെയ്യാനും അവനൊരു മടിയുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ?”

“അതൊക്കെ ശരിതന്നെ; പക്ഷേ അവന്റെ തലയിൽ എന്തോ കയറിക്കൂടിയിട്ടുണ്ട്. അവനിപ്പോൾ ഞങ്ങളുടെ വേലക്കാരിയെ കെട്ടണമത്രെ. കല്യാണം കഴിഞ്ഞ വേലക്കാരെ ഞങ്ങൾ വീട്ടിൽ നിർത്താറില്ല. ഞങ്ങൾക്കതു ചേർന്നതല്ല.”

“കഴുത! അങ്ങനെയൊരു ചിന്ത അവനുണ്ടാകുമെന്ന് ആരുകണ്ടു!” വൃദ്ധൻ അത്ഭുതത്തോടെ പറഞ്ഞു. “പേടിക്കേണ്ട. അതു ഞാൻ ശരിയാക്കിക്കോളാം.”

അയാൾ അടുക്കളയിൽ കയറി മകൻ തിരിച്ചുവരുന്നതും കാത്തിരുന്നു. അവൻ എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. ഓടിക്കിതച്ചുകൊണ്ട് അവൻ കയറിവന്നു.

“ഒരു തരി ബുദ്ധി നിനക്കില്ലാതായിപ്പോയല്ലോ! എന്താ നിന്റെ തലയിൽ കയറിക്കൂടിയത്?” അച്ഛൻ തുടക്കമിട്ടു.

“ഒന്നുമില്ല.”

“ഒന്നുമില്ലെന്നോ? നീ കല്യാണം കഴിക്കാൻ പോവുകയാണെന്നാണല്ലോ അവർ പറഞ്ഞത്. നിന്റെ കല്യാണം അതിന്റെ സമയമാവുമ്പോൾ ഞാൻ നടത്തിത്തരും. ഏതെങ്കിലും തേവിടിശ്ശിയോടല്ല, നല്ല ഡീസന്റായ ഒരു പെണ്ണിനോട്.”

വൃദ്ധൻ ഈ മട്ടിൽ സംസാരം തുടർന്നു. അല്യോഷ അതെല്ലാം മിണ്ടാതെ കേട്ടുനിന്നിട്ട് നെടുവീർപ്പിട്ടു.

അച്ഛൻ പറഞ്ഞുനിർത്തിയപ്പോൾ ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു:

“ശരി, ഞാനതു വിട്ടു.”

“അതിനാണ്‌ ബുദ്ധി എന്നു പറയുന്നത്!”

അച്ഛൻ പോയിക്കഴിഞ്ഞപ്പോൾ അല്യോഷ ഉസ്തീനിയയോട് കാര്യം പറഞ്ഞു. (അവൾ അടുക്കളവാതിലിനു പിന്നിൽ നിന്ന് എല്ലാം കേട്ടിരുന്നു.)

“നമ്മൾ വിചാരിച്ചപോലൊന്നും നടക്കാൻ പോകുന്നില്ല. നീ കേട്ടില്ലേ? അച്ഛൻ നല്ല ദേഷ്യത്തിലാണ്‌- എന്തു പറഞ്ഞാലും കേൾക്കില്ല.”

ഉസ്തീനിയ ഒച്ച പൊന്തിക്കാതെ കരഞ്ഞു. അല്യോഷ തലയാട്ടിക്കൊണ്ടു പറഞ്ഞു, “ഞാനെങ്ങനെയാണ്‌ അച്ഛൻ പറഞ്ഞതു കേൾക്കാതിരിക്കുക? നമുക്കതെല്ലാം മറന്നുകളയാം.”

വൈകുന്നേരത്ത് അവൻ ജനാലകൾ അടയ്ക്കുമ്പോൾ വ്യാപാരിയുടെ ഭാര്യ ചോദിച്ചു, “അച്ഛൻ പറഞ്ഞതെല്ലാം കേട്ടില്ലേ?”

“കേട്ടു; ഞാനതെല്ലാം മറന്നുകളഞ്ഞു,” എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് അവൻ തേങ്ങിക്കരഞ്ഞു.
*

അന്നു മുതൽ അല്യോഷ പതിവു പോലെ തന്റെ ജോലി ചെയ്യുകയല്ലാതെ ഉസ്തീനിയയോട് കല്യാണത്തെക്കുറിച്ചൊന്നും മിണ്ടാതായി. നാല്പതു നൊയമ്പിനിടയിൽ ഒരു ദിവസം കാര്യസ്ഥൻ അവനോട് പുരപ്പുറത്തു കയറി മഞ്ഞു വീണുകിടക്കുന്നത് വാരിക്കളയാൻ പറഞ്ഞു.

അല്യോഷ മുകളിൽ കയറി മഞ്ഞെല്ലാം തൂത്തുകളഞ്ഞു; എന്നിട്ട് ഓവുചാലിൽ കട്ടിപിടിച്ചുകിടന്ന മഞ്ഞുകട്ടകൾ കുത്തിയിളക്കുമ്പോൾ കാൽ വഴുതി അവൻ താഴെ വീണു. ഭാഗ്യക്കേടിന്‌ അവൻ ചെന്നു വീണത് മുറ്റത്തെ മഞ്ഞിലല്ല, വാതിലിനു മുകളിൽ നിന്നു തള്ളിനിന്നിരുന്ന ഒരു ഇരുമ്പുകമ്പിയിലാണ്‌. വ്യാപാരിയുടെ മകളേയും വിളിച്ചുകൊണ്ട് ഉസ്തീനിയ ഓടിച്ചെന്നു.

“എന്തെങ്കിലും പറ്റിയോ, അല്യോഷാ?”

“ചെറുതായി; കാര്യമാക്കാൻ ഒന്നുമില്ല.”

എന്നാൽ എഴുന്നേല്ക്കാൻ നോക്കിയിട്ട് ഒറ്റയ്ക്കവനു പറ്റിയില്ല. അവനൊന്നു പുഞ്ചിരിച്ചു.

അവനെ എല്ലാവരും കൂടി ചായ്പിലേക്കെടുത്തു കിടത്തി. ഡോക്ടർ വന്നു; എവിടെയാണവനു വേദനിക്കുന്നതെന്നു ചോദിച്ചു.

“എല്ലായിടത്തും,” അവൻ പറഞ്ഞു. “അതു കാര്യമാക്കാനില്ല. യജമാനനു നീരസം തോന്നുമോയെന്നാണ്‌ എന്റെ പേടി. അച്ഛനെ അറിയിക്കണം.”

അല്യോഷ രണ്ടു ദിവസം ആ കിടപ്പു കിടന്നു; മൂന്നാമത്തെ ദിവസം പുരോഹിതനെ വരുത്തി.

“നീ മരിക്കാൻ പോവുകയാണോ?” ഉസ്തീനിയ ചോദിച്ചു.

“അതെ; എന്നും ജീവിച്ചിരിക്കാൻ പറ്റില്ലല്ലോ. സമയമാകുമ്പോൾ നമുക്കു പോകേണ്ടേ?” പതിവുപോലെ വേഗത്തിൽ അവൻ പറഞ്ഞു. “നന്ദി, ഉസ്തീനിയ; നീ എന്നോട് എന്നും നന്നായിട്ടേ പെരുമാറിയിട്ടുള്ളു. നമ്മുടെ കല്യാണം നടക്കാതിരുന്നത് എത്ര നന്നായി! നമ്മുടെ ഗതി എന്താകുമായിരുന്നു? ഇപ്പോൾ ഒരു പ്രശ്നവുവില്ല.”

പുരോഹിതൻ വന്നപ്പോൾ അവനും പ്രാർത്ഥിച്ചു; കൈ കൊണ്ടും ഹൃദയം കൊണ്ടും മാത്രം. ‘ഇവിടെ താൻ നല്ലവനായിരുന്നെങ്കിൽ, അനുസരിക്കുകയും ആരെയും ഉപദ്രവിക്കാതിരിക്കുകയുമാണ്‌ താൻ ചെയ്തിരുന്നതെങ്കിൽ, അവിടെയും അങ്ങനെതന്നെ ആയിരിക്കും’ എന്നായിരുന്നു അതിന്റെ പൊരുൾ.

അവൻ പിന്നെ അധികമൊന്നും സംസാരിച്ചില്ല. തനിക്കു ദാഹിക്കുന്നു എന്നു മാത്രം അവൻ പറഞ്ഞു; എന്തോ കണ്ടത്ഭുതപ്പെടുന്നപോലെയായിരുന്നു അവന്റെ മുഖം.

അവന്റെ മുഖത്തൊരു പുഞ്ചിരി പരന്നു. പിന്നെ, അത്ഭുതം നിറഞ്ഞ അതേ മുഖഭാവത്തോടെ, ആ കിടപ്പിൽ കിടന്ന് അവൻ ജീവൻ വെടിഞ്ഞു.
(1905)

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like