പൂമുഖം LITERATUREലോകകഥ ഏഴു നിലകൾ – ഡീനോ ബുസ്സാറ്റി

ഏഴു നിലകൾ – ഡീനോ ബുസ്സാറ്റി

ഒരു രാത്രി നീണ്ട ട്രെയിൻ യാത്രയ്ക്കു ശേഷം മാർച്ചുമാസത്തിലെ ഒരു പ്രഭാതത്തിൽ ജ്യൂസപ്പി കോർത്തെ പ്രശസ്തമായ ആ നഴ്സിംഗ് ഹോം നില്ക്കുന്ന പട്ടണത്തിൽ എത്തിച്ചേർന്നു. നേരിയ ഒരു പനിയുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്കു നടക്കാം എന്ന് അയാൾ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു; ഒരു ചെറിയ ബാഗു മാത്രമേ കയ്യിലെടുക്കാനുള്ളു.

ജ്യൂസപ്പി കോർത്തെയുടെ രോഗം അങ്ങനെ കാര്യമായി പറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, അതതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമായിരുന്നെങ്കിലും, പേരു കേട്ട ആ സാനിട്ടോറിയത്തിൽ പോകുന്നതാണു നല്ലതെന്ന് പലരും അയാളെ ഉപദേശിച്ചിരുന്നു; കാരണം, അയാളെ ബാധിച്ച ആ പ്രത്യേകരോഗത്തിനു മാത്രമേ അവിടെ ചികിത്സിച്ചിരുന്നുള്ളു. അതിനർത്ഥം ഡോക്ടർമാർ സവിശേഷവൈദഗ്ധ്യമാർജ്ജിച്ചവരും ഉപകരണങ്ങൾ വിശേഷിച്ചും അനുയോജ്യവും കാര്യക്ഷമവുമായിരിക്കും എന്നാണല്ലോ.

ദൂരെ നിന്നേ ഒരു നോട്ടം കിട്ടിയപ്പോൾത്തന്നെ-ഏതോ ഒരു ബ്രോഷറിൽ അയാൾ മുമ്പതിന്റെ പടം കണ്ടിരുന്നു- അയാൾക്കതു വളരെ ഇഷ്ടപ്പെട്ടു. കെട്ടിടത്തിനു വെളുപ്പുനിറമയിരുന്നു; ഏഴു നിലകൾ; അതിന്റെ പണിയാകട്ടെ, ഒരു ഹോട്ടലിനെ ഓർമ്മപ്പെടുത്തുന്നതുമായിരുന്നു. ചുറ്റും മരങ്ങൾ ഉയർന്നുനിന്നിരുന്നു.

അധികനേരമെടുക്കാത്ത ഒരു പരിശോധനയ്ക്കു ശേഷം – കൂടുതൽ കൃത്യവും പൂർണ്ണവുമായ ഒരു പരിശോധനയ്ക്കു മുമ്പുള്ള പ്രാരംഭനടപടി മാത്രമായിരുന്നു അത്- ജൂസപ്പി കോർത്തെയെ ഏറ്റവും മുകളിലത്തെ ഏഴാം നിലയിൽ, നല്ല വെട്ടവും വെളിച്ചവുമുള്ള ഒരു മുറിയിൽ അഡ്മിറ്റ് ചെയ്തു. ഫർണീച്ചറും കർട്ടനുകളും വാൾപേപ്പർ പോലെതന്നെ തെളിച്ചമുള്ളതായിരുന്നു. കസേരകൾ തടി കൊണ്ടുള്ളതായിരുന്നു; തലയിണയുറകൾ വിവിധവർണ്ണങ്ങളുള്ളതായിരുന്നു; ജനാലയ്ക്കൽ നിന്നു പുറത്തേക്കു നോക്കിയാൽ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഭാഗത്തിന്റെ കാഴ്ച്ച കിട്ടുകയും ചെയ്തിരുന്നു. പ്രശാന്തത നിറഞ്ഞതും ആത്മവിശ്വാസം നല്കുന്നതുമായിരുന്നു സർവ്വതും. ജ്യൂസപ്പി കോർത്തെ നേരേ കട്ടിലിൽ ചെന്നുകിടന്ന് കൂടെക്കൊണ്ടുപോന്നിരുന്ന ഒരു പുസ്തകമെടുത്തു വായന തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടു പോയി.

ജ്യൂസപ്പി കോർത്തെയ്ക്ക് ഒന്നും ആവശ്യമില്ലായിരുന്നു; എന്നാലും അയാൾ ആ ചെറുപ്പക്കാരിയുമായി സംസാരിക്കാൻ നിന്നു. ക്ലിനിക്കിനെക്കുറിച്ച് കൂടുതൽ അറിയാമല്ലോ. അങ്ങനെയാണ്‌ രോഗത്തിന്റെ ഗൗരവം അനുസരിച്ച് രോഗികളെ വിവിധ നിലകളിൽ പാർപ്പിക്കുന്ന പ്രത്യേകരീതിയെക്കുറിച്ച് അയാൾ മനസ്സിലാക്കുന്നത്. ഏറ്റവും മുകളിലത്തെ ഏഴാം നിലയിൽ തീർത്തും നിസ്സാരമായ രോഗലക്ഷണങ്ങളുള്ളവരെ മാത്രമേ ചികിത്സിച്ചിരുന്നുള്ളു. രോഗം അത്ര ഗൗരവമുള്ളതല്ലെങ്കിലും അങ്ങനെയങ്ങവഗണിക്കാൻ പറ്റാത്തതായ രോഗികൾക്ക് ആറാം നിലയാണ്‌ കൊടുത്തിരുന്നത്. അതിലും ഗുരുതരമായ സ്ഥിതിയിലുള്ളവർക്ക് അഞ്ചാം നില… അങ്ങനെയങ്ങനെ. മാരകമായ രോഗം ബാധിച്ചവരെ രണ്ടാം നിലയിലാണ്‌ കിടത്തിയിരുന്നത്; ഒരു പ്രതീക്ഷയും വയ്ക്കേണ്ടാത്തവരെ ഒന്നാം നിലയിലും.

അനുപമമായ ഈ സംവിധാനം പരിചരണം എളുപ്പത്തിലാക്കി എന്നു മാത്രമല്ല, നിസ്സാരരോഗം മാത്രമുള്ള രോഗികൾക്ക് മരണാസന്നരായ രോഗികളുടെ പ്രാണസഞ്ചാരം കണ്ട് മനസ്സു കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനും പറ്റി. ഓരോ നിലയ്ക്കും ഒരു ഐക്യരൂപം വരുത്താനും അതു സഹായമായി. തന്നെയുമല്ല, ഏറ്റവും സാദ്ധ്യമായ ഫലം കിട്ടുന്നതിനായി ചികിത്സയെ തരം തിരിക്കാനുമായി.

ഓരോ നിലയും സ്വയംപര്യാപ്തമായ ഒരു ലോകമായിരുന്നു; മറ്റു നിലകൾക്കു ബാധകമാകാത്ത നിയമങ്ങളും ആചാരങ്ങളുമായിരുന്നു ഓരോ നിലയ്ക്കും. ഓരോ വാർഡും ഓരോ ഡോക്ടർമാരുടെ ചുമതലയിലായിരുന്നതിനാൽ ചികിത്സാരീതികളിൽ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടായിരുന്നു, ചിലതൊക്കെ പേരിനു മാത്രമായിരുന്നെങ്കിലും.

നേഴ്സ് പോയിക്കഴിഞ്ഞപ്പോൾ തന്റെ പനിയും അപ്രത്യക്ഷമായതായി ജ്യൂസപ്പി കോർത്തെയ്ക്കു തോന്നി; അയാൾ ജനാലയ്ക്കടുത്തു ചെന്ന് പുറത്തേക്കു നോക്കി. പരന്നുകിടക്കുന്ന നഗരദൃശ്യത്തിൽ അയാൾക്കൊരു താല്പര്യവും തോന്നിയില്ല; താഴത്തെ നിലകളുടെ ജനാലകൾക്കുള്ളിലൂടെ മറ്റു രോഗികളെ കാണാൻ പറ്റുമോ എന്നാണ്‌ അയാൾ നോക്കിയത്. വലിയ കമാനങ്ങളടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം അങ്ങനെയൊരു നിരീക്ഷണത്തിനു സഹായകവുമായിരുന്നു. ജ്യൂസപ്പി കോർത്തെ തന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചത് ഒന്നാം നിലയിലെ ജനാലകളിലാണ്‌; എത്രയോ അകലെയായി തോന്നിച്ച അവയെ ചരിഞ്ഞുനോക്കിയാലേ കാണാൻ പറ്റൂ എന്ന നിലയായിരുന്നു. എന്നാൽ താല്പര്യമുണർത്തുന്നതൊന്നും അവിടെ കണ്ടില്ല; നരച്ച നിറമുള്ള ലോഹഷട്ടറുകൾ മുഴുവനായി താഴ്ത്തി, കാറ്റു കടക്കാത്ത വിധം മുറുക്കിയടച്ചിരിക്കുകയായിരുന്നു മിക്ക ജനാലകളും.

തനിക്കു തൊട്ടടുത്തുള്ള ജനാലയിലൂടെ ഒരാൾ പുറത്തേക്കു നോക്കിനില്ക്കുന്നത് കോർത്തെ ശ്രദ്ധിച്ചു. രണ്ടു രോഗികളും സഹതാപത്തോടെ അന്യോന്യം കണ്ണയച്ചുവെങ്കിലും എങ്ങനെ മൗനം ഭേദിക്കണമെന്ന് അവർക്കു നിശ്ചയമില്ലായിരുന്നു. ഒടുവിൽ ജ്യൂസപ്പി കോർത്തെ ധൈര്യം സംഭരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു, “നിങ്ങളും ഇപ്പോൾ വന്നതേയുള്ളു?”

“അയ്യോ, അല്ല. ഞാൻ ഇവിടെ വന്നിട്ടു രണ്ടുമാസം കഴിഞ്ഞു.” അല്പനേരത്തേക്കയാൾ നിശ്ശബ്ദനായി; പിന്നെ, എങ്ങനെ സംഭാഷണം തുടരണമെന്നറിയാത്തപോലെ അയാൾ കൂട്ടിച്ചേർത്തു, “ഞാൻ എന്റെ സഹോദരനെ നോക്കുകയായിരുന്നു.”

“നിങ്ങളുടെ സഹോദരൻ?”

“അതെ,” അയാൾ വിശദീകരിച്ചു, “ഞങ്ങൾ ഒരുമിച്ചാണ്‌ വന്നത്. എന്തു പറ്റിയെന്നറിയില്ല, ദിവസം ചെല്ലുന്തോറും അവൻ്റെ നില വഷളായിവരുന്നു. ഒന്നാലോചിച്ചുനോക്കിയേ, ഇപ്പോഴവൻ നാലാമത്തതിലായിക്കഴിഞ്ഞു.”

“നാലാമത്തെ എന്തിൽ?”

“നാലാമത്തെ നിലയിൽ,” ആ മനുഷ്യൻ വിശദീകരിച്ചു; അയാൾ ആ വാക്കുകളുച്ചരിച്ചതിലെ പേടിയും സങ്കടവും നിറഞ്ഞ ഭാവം കണ്ടപ്പോൾ ജ്യൂസപ്പി കോർത്തെ പേടിച്ചരണ്ടപോലെയായി.

“നാലാം നിലയിലെ രോഗങ്ങൾ അത്ര ഗുരുതരമാണോ?” കരുതലോടെ അയാൾ ചോദിച്ചു.

“ദൈവമേ,” സാവധാനം തലയാട്ടിക്കൊണ്ട് അയാൾ പറഞ്ഞു, “അവരുടെ കാര്യം വിഷമമാണെന്നല്ല, എന്നാലും വലിയ സന്തോഷത്തിനും അവകാശമില്ല.”

തങ്ങളെ ബാധിക്കാത്ത ദുരന്തങ്ങളെക്കുറിച്ച് മനസ്സിലാവാത്ത മട്ടിൽ തമാശരീതിയിൽ കേട്ടുകൊണ്ടിരിക്കുന്നവരെപ്പോലെ കോർത്തെ ചോദിച്ചു, “ഓഹോ, നാലാം നിലയിലുള്ളവർ അത്ര ഗുരുതരാവസ്ഥയിലാണെങ്കിൽ ഒന്നാം നിലയിൽ കിടത്തിയിരിക്കുന്നവരുടെ സ്ഥിതി എന്താണ്‌?”

“അതോ,” അയാൾ പറഞ്ഞു, “മരിക്കാൻ പോകുന്നവരാണ്‌ ഒന്നാം നിലയിൽ. ഡോക്ടർമാർക്ക് ഒന്നും ചെയ്യാനില്ല. അവിടെ പണിയുള്ളത് പുരോഹിതനു മാത്രമാണ്‌. പിന്നെ തീർച്ചയായും…”

“പക്ഷേ ഒന്നാം നിലയിൽ ആരുമുള്ളതായി തോന്നുന്നില്ലല്ലോ. മിക്ക മുറികളും അടഞ്ഞുകിടക്കുകയാണ്‌,” ഒരു സ്ഥിരീകരണം പ്രതീക്ഷിച്ചിട്ടെന്നപോലെ ജ്യൂസപ്പി കോർത്തെ ഇടയ്ക്കുകയറിപ്പറഞ്ഞു.

“ഇപ്പോൾ ആരും തന്നെ ഇല്ല എന്നു പറയാം. എന്നാൽ ഇന്നു കാലത്ത് കുറേപ്പേരുണ്ടായിരുന്നു,” വിളറിയ ചിരിയോടെ മറ്റേയാൾ പറഞ്ഞു. “ഷട്ടർ താഴ്ത്തിയതായി കാണുന്നെങ്കിൽ ആ മുറിയിൽ ഒരാൾ മരിച്ചിട്ടുണ്ട് എന്നാണർത്ഥം. മറ്റു നിലകളിലെ ജനാലകളെല്ലാം തുറന്നുകിടക്കുന്നതല്ലേ കാണുന്നത്? ക്ഷമിക്കണേ,“ സാവധാനം പിന്നിലേക്കു മാറിക്കൊണ്ട് അയാൾ കൂട്ടിച്ചേർത്തു, ”തണുപ്പു തുടങ്ങിയെന്നു തോന്നുന്നു. ഞാൻ കിടക്കാൻ പോവുകയാണ്‌. നല്ലതു വരട്ടെ, നല്ലതു വരട്ടെ.“

അയാൾ ഉള്ളിലേക്കു മറഞ്ഞു; ഒന്നു ബലം കൊടുത്താണ്‌ ജനാല അടച്ചത്. മുറിക്കുള്ളിൽ ലൈറ്റിടുന്നത് കോർത്തെ കണ്ടു. ഒന്നാം നിലയിലെ അടഞ്ഞുകിടക്കുന്ന ഷട്ടറുകളിലേക്കു തുറിച്ചുനോക്കിക്കൊണ്ട് അയാൾ നിശ്ചേഷ്ടനായി നിന്നു. മരിക്കുന്നതിനു മുമ്പ് രോഗികളെ അടച്ചിടുന്ന ഭയാനകമായ ആ ഒന്നാം നിലയിലെ നിഗൂഢമായ ശവസംസ്കാരങ്ങൾ മനസ്സിൽ കാണാൻ ശ്രമിക്കുകയായിരുന്നു അയാൾ. അതത്ര അകലെയാണെന്ന അറിവിൽ അയാൾക്കൊരു മനസ്സമാധാനം തോന്നി.

രാത്രിയുടെ നിഴലുകൾ നഗരത്തിനു മേൽ താഴ്ന്നിറങ്ങി. സാനിറ്റേറിയത്തിലെ ഒരായിരം ജനാലകൾ ഒന്നൊന്നായി പ്രകാശമാനമായി. ദൂരെ നിന്നു നോക്കിയാൽ വലിയൊരു കൊട്ടാരത്തിൽ വിരുന്നു നടക്കുകയാണെന്നു തോന്നിയേക്കാം. അങ്ങു താഴ്ച്ചയിലുള്ള ഒന്നാം നിലയിൽ മാത്രം ഡസൻ കണക്കിനു ജനാലകൾ അന്ധമായി, അന്ധകാരമയമായി അടഞ്ഞുകിടന്നു.

ജനറൽ ചെക്കപ്പിന്റെ ഫലം ജ്യൂസപ്പി കോർത്തെയ്ക്ക് ആത്മവിശ്വാസം നല്കുന്നതായിരുന്നു. ഏറ്റവും മോശമായതു പ്രതീക്ഷിക്കുക എന്നതാണയാളുടെ സ്വഭാവമെന്നതിനാൽ തന്നെ താഴത്തെ നിലയിലേക്കു മാറ്റാൻ ഡോക്ടർമാർ ശുപാർശ ചെയ്താൽ അയാൾക്കതിൽ ആശ്ചര്യം തോന്നുമായിരുന്നില്ല. വാസ്തവത്തിൽ അയാളുടെ ആരോഗ്യസ്ഥിതി വലിയ കുഴപ്പമില്ലാത്തതായിരുന്നെങ്കിലും പനി കുറയുന്ന മട്ടു കാണിച്ചിരുന്നുമില്ല. എന്നാൽ ഡോക്ടർ ഒരു പ്രശ്നവുമില്ലെന്നപോലെയാണ്‌ സംസാരിച്ചത്. രോഗം മാറിയിട്ടില്ല, അയാൾ പറഞ്ഞു, എന്നാൽ കാര്യമാക്കാനും വേണ്ടിയൊന്നും ഇല്ലതാനും; രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞാൽ ഒക്കെ ശരിയാകും.

“എനിക്കപ്പോൾ ഏഴാമത്തെ നിലയിൽത്തന്നെ കഴിഞ്ഞാൽ മതി?” ജ്യൂസപ്പി കോർത്തെ അപ്പോൾ ഉത്കണ്ഠയോടെ ചോദിച്ചു.

“പിന്നെന്താ!” സ്നേഹത്തോടെ അയാളുടെ തോളത്തു തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. “പിന്നെങ്ങോട്ടു പോകണമെന്നാണു തോന്നുന്നത്? നാലാം നില?” എത്ര യുക്തിഹീനമാണ്‌ അങ്ങനെയൊരു ചിന്ത എന്നു സൂചിപ്പിക്കാനെന്നോണം ചിരിച്ചുകൊണ്ട് അയാൾ കൂട്ടിച്ചേർത്തു.

“നന്നായി, നന്നായി,” കോർത്തെ പറഞ്ഞു. “എന്തെങ്കിലും രോഗം വന്നാൽ ഏറ്റവും മോശമായതല്ലേ നമ്മൾ പ്രതീക്ഷിക്കൂ.”

എന്തായാലും ആദ്യം കൊടുത്ത മുറിയിൽത്തന്നെയാണ്‌ അയാൾ കഴിഞ്ഞത്. എഴുന്നേറ്റു നടക്കാൻ അനുവാദം കിട്ടിയിരുന്ന ആ അപൂർവ്വാവസരങ്ങളിൽ അയാൾ തന്റെ കൂട്ടുരോഗികളിൽ ചിലരെ പോയി കാണുകയും ചെയ്തു. തന്റെ ചികിത്സാക്രമം അണുവിട തെറ്റാതെ അയാൾ പാലിച്ചു; കഴിയുന്നതും വേഗം രോഗം മാറാൻ തന്നാലാവുന്നതെല്ലാം അയാൾ ചെയ്തു; എന്നിട്ടും രോഗാവസ്ഥയിൽ വലിയ മാറ്റമൊന്നും കണ്ടതുമില്ല.

അങ്ങനെ ഒരു പത്തു ദിവസം കഴിഞ്ഞപ്പോഴാണ്‌ ഹെഡ് നേഴ്സ് ജ്യൂസപ്പി കോർത്തെയെ കാണാൻ വരുന്നത്. തികച്ചും സൗഹാർദ്ദപൂർണ്ണമായ രീതിയിൽ ഒരു സഹായം ചോദിക്കാനാണ്‌ അയാൾ വന്നത്: ഒരു സ്ത്രീ രണ്ടു കുട്ടികളുമായി അടുത്ത ദിവസം ആശുപത്രിയിൽ വരുന്നുണ്ട്; അയാളുടെ മുറിക്കു തൊട്ടടുത്തുള്ള രണ്ടു മുറികൾ അവർക്കായി മാറ്റിവച്ചിട്ടുണ്ട്; എന്നാൽ അവർക്ക് മൂന്നാമതൊന്നു കൂടി ആവശ്യമുണ്ടായിരുന്നു. ഇത്രതന്നെ സുഖപ്രദമായ മറ്റൊരു മുറിയിലേക്കു മാറാൻ മി. കോർത്തെ സമ്മതിക്കുമോ? തീർച്ചയായും ജ്യൂസപ്പി കോർത്തെയ്ക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഏതു മുറിയായാലും അയാൾക്കൊരുപോലെയാണ്‌. തനിക്കവിടെ കുറേക്കൂടി ദാക്ഷിണ്യമുള്ള ഒരു നേഴ്സിനെ കിട്ടിയെന്നും വരാമല്ലോ.

“ഹൃദയം നിറഞ്ഞ നന്ദി,” തലയൊന്നു കുമ്പിട്ടുകൊണ്ട് ഹെഡ് നേഴ്സ് പറഞ്ഞു. “താങ്കളുടെ ദയവും ഔദാര്യവും എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നു പറഞ്ഞുകൊള്ളട്ടെ. വിരോധമില്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽത്തന്നെ മാറാനുള്ള നടപടികൾ ചെയ്യാം.” എന്നിട്ട്, ആശ്വസിപ്പിക്കുന്ന സ്വരത്തിൽ, തികച്ചും അഗണ്യമായ ഒരു വിശദാംശമാണ്‌ പരാമർശിക്കുന്നതെന്നപോലെ അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒന്നുകൂടിയുണ്ട്, താഴത്തെ നിലയിലേക്കു പോകേണ്ടിവരും; ഭാഗ്യക്കേടിന്‌ ഈ നിലയിൽ മുറിയൊന്നും ഒഴിവില്ല. ഇതുപക്ഷേ തല്ക്കാലത്തേക്കുള്ള ഒരേർപ്പാടു മാത്രമാണ്‌,” കോർത്തെ പെട്ടെന്നേഴുന്നേറ്റിരുന്ന് തന്റെ പ്രതിഷേധം അറിയിക്കാനായി വായ തുറക്കാൻ പോവുകയാണെന്നു കണ്ടപ്പോൾ അയാൾ ഉറപ്പു കൊടുത്തു. “ഇതു തല്ക്കാലത്തേക്കു മാത്രമാണ്‌. ഇവിടെ ഒരു മുറി ഒഴിവായാൽ- രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതുണ്ടാവും എന്നാണെന്റെ വിശ്വാസം- താങ്കൾക്കിങ്ങോട്ടു പോരാം.”

“ഈ മാറ്റം,” താനൊരു പിഞ്ചുകുഞ്ഞൊന്നുമല്ല എന്നു കാണിക്കാനുദ്ദേശിച്ചുള്ള ഒരു പുഞ്ചിരിയോടെ ജ്യൂസപ്പി കോർത്തെ പറഞ്ഞു, “ഇതെനിക്കൊട്ടും പിടിക്കുന്നില്ല എന്നു സമ്മതിച്ചുകൊള്ളട്ടെ.”

“ഈ മാറ്റത്തിനു പക്ഷേ ചികിത്സാപരമായ കാരണങ്ങൾ ഒന്നുമില്ല. താങ്കൾ എന്താണർത്ഥമാക്കുന്നതെന്ന് എനിക്കു നന്നായി മനസ്സിലാകുന്നുണ്ട്. തന്റെ മക്കൾ അടുത്തു വേണം എന്ന ഒരു സ്ത്രീയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നു എന്നതേ ഇവിടെ നടക്കുന്നുള്ളു. ദൈവത്തെയോർത്ത്,” മലർക്കെച്ചിരിച്ചുകൊണ്ട് അയാൾ കൂട്ടിച്ചേർത്തു, “മറ്റു കാരണങ്ങളുണ്ടെന്നു വിചാരിക്കരുതേ!”

“ഞാൻ മാറിത്തരാം,” ജ്യൂസപ്പി കോർത്തെ പറഞ്ഞു, “എന്തായാലും എനിക്കിതൊരു ദുശ്ശകുനമായിട്ടാണു തോന്നുന്നത്.”

അങ്ങനെ കോർത്തെ ആറാം നിലയിലേക്കു മാറി. ആ മാറ്റം തന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ടല്ല എന്ന കാര്യത്തിൽ അയാൾക്കുറപ്പുണ്ടായിരുന്നെങ്കിലും തനിക്കും ആരോഗ്യമുള്ള മനുഷ്യരുടെ സാധാരണലോകത്തിനുമിടയിൽ അനിഷേദ്ധ്യമായ ഒരു കടമ്പ ഉയർന്നുവന്നിരിക്കുന്നു എന്ന ചിന്ത അയാളുടെ സ്വസ്ഥത കെടുത്തി. ഏഴാമത്തെ നിലയിൽ, ആ തുടക്കത്തിൽ, മനുഷ്യസമൂഹവുമായി ഏതെങ്കിലും തരത്തിലുള്ള ഒരു സമ്പർക്കം സാദ്ധ്യമായിരുന്നു; സാമാന്യലോകത്തിന്റെ ഒരു വ്യാപനമാണ്‌ അതെന്നുകൂടി പറയാമായിരുന്നു. എന്നാൽ ആറാമത്തെ നിലയിലെത്തുമ്പോൾ ആശുപത്രിയുടെ ശരിക്കുള്ള കാതലിലേക്കു നിങ്ങൾ കടന്നുകഴിഞ്ഞു; ഇവിടെ ഡോക്ടർമാർക്കും നേഴ്സുമാർക്കും രോഗികൾക്കും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയാണ്‌. അത്ര ഗുരുതരമല്ലെങ്കിലും ശരിക്കും രോഗമുള്ളവരെയാണ്‌ അവിടെ പ്രവേശിപ്പിക്കുന്നതെന്ന കാര്യം എല്ലാവർക്കും പറയാതെതന്നെ അറിയാം. മറ്റു രോഗികളോടും സ്റ്റാഫിനോടും ഡോക്ടർമാരോടുമുള്ള പ്രാരംഭസംഭാഷണങ്ങളിൽ നിന്നുതന്നെ ജ്യൂസപ്പി കോർത്തെയ്ക്കു ബോദ്ധ്യമായി, ഏഴാമത്തെ നില വെറുമൊരു തമാശയായിട്ടാണ്‌ ആ വാർഡിലുള്ളവർ എടുത്തിരിക്കുന്നതെന്ന്; തങ്ങൾക്കു രോഗമാണെന്നു ഭാവിക്കുന്ന ഭാവനാരോഗികൾക്കു മാറ്റിവച്ചിരിക്കുന്ന ഒരിടം. ആറാം നിലയിൽ നിന്നേ ശരിക്കുമങ്ങോട്ടു തുടങ്ങുന്നുള്ളു.

എന്നാല്ക്കൂടി, മുകൾനിലയിലേക്കു മടങ്ങാൻ, രോഗത്തിന്റെ സ്വഭാവം വച്ചുനോക്കിയാൽ അയാൾക്കു നിശ്ചയിക്കപ്പെട്ട ഇടത്തേക്കു മടങ്ങാൻ, തനിക്കു ചില തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നുതന്നെ ജ്യൂസപ്പി കോർത്തെയ്ക്കു മനസ്സിലായി. ഏഴാം നിലയിലേക്കു മടങ്ങിപ്പോകാൻ സങ്കീർണ്ണമായ ചില കരുനീക്കങ്ങൾ നടത്തേണ്ടിവരും. അയാൾ വായ തുറന്നില്ലെങ്കിൽ ‘കപടരോഗി’കളുടെ ആ ഏഴാം നിലയിലേക്ക് അയാളെ തിരിച്ചയക്കുന്ന കാര്യം ആരും ചിന്തിക്കാൻകൂടി പോകുന്നില്ല.

അക്കാരണത്താൽ അയാൾ തീരുമാനമെടുത്തു, തന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ താനില്ലെന്ന്; ശീലത്തിന്റെ പ്രലോഭനങ്ങളിൽ വീഴാൻ താനില്ല. ചില ദിവസങ്ങൾ മാത്രമേ താൻ അവരോടൊപ്പം ഉണ്ടായിരിക്കുകയുള്ളു എന്നും ഒരു സ്ത്രീക്ക് ഉപകാരമായിക്കോട്ടെ എന്നു കരുതി താനാണ്‌ കുറച്ചുദിവസത്തേക്ക് താഴത്തേക്കു പൊയ്ക്കൊള്ളാമെന്നു സമ്മതിച്ചതെന്നും മുറി ഒഴിവുണ്ടായാൽ അപ്പോൾത്തന്നെ താൻ മുകളിലത്തെ നിലയിലേക്കു മടങ്ങുമെന്നും തന്റെ കൂട്ടുരോഗികളെ ബോദ്ധ്യപ്പെടുത്താൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. അവർ തലയാട്ടിയെങ്കിലും അവർക്കതിൽ ഒട്ടും വിശ്വാസം വന്നിട്ടില്ലെന്നു വ്യക്തമായിരുന്നു.

ജ്യൂസപ്പി കോർത്തെ മനസ്സിൽ കണ്ടതിനെ പൂർണ്ണമായി ശരിവയ്ക്കുന്നതായിരുന്നു പുതിയ ഡോക്ടറുടെ അഭിപ്രായം. ജ്യൂസപ്പി കോർത്തെയെ ഏഴാം നിലയിൽ കിടത്താനുള്ളതേയുള്ളു എന്ന് അയാളും സമ്മതിച്ചു. അയാളുടെ രോഗം തീ..ർ..ത്തും നി..സാ…ര..മാണ്‌. അതിന്റെ പ്രാധാന്യം ഊന്നിപ്പറയാനായിരുന്നു ആ നീട്ടിയുള്ള ഉച്ചാരണം. എന്നാലും ആറാമത്തെ നിലയിൽ ചികിത്സിക്കുന്നതിലും, ആലോചിച്ചുനോക്കിയാൽ, വലിയ കുഴപ്പമൊന്നുമില്ല.

“ഏഴാം നിലയാണെന്റേതെന്ന് നിങ്ങൾ പറഞ്ഞതാണ്‌; എനിക്കങ്ങോട്ടു പോയാൽ മതി,” ഈ ഘട്ടത്തിൽ രോഗി ഇടപെട്ടു.

“അങ്ങനെയല്ലെന്നാരും പറഞ്ഞില്ലല്ലോ,” ഡോക്ടർ പറഞ്ഞു, “ഞാൻ ഈ ഉപദേശം തരുന്നത് വെറുമൊരു ഡോ-ക്ട-റായിട്ടല്ല, മറിച്ച് വി-ശ്വസി-ക്കാവുന്ന ഒരു സുഹൃത്തായിട്ടാണ്‌. നിങ്ങളുടെ രോഗം, ഞാൻ വീണ്ടും പറയുന്നു, ഒട്ടും കടുത്തതല്ല. നിങ്ങൾക്കൊരു രോഗവുമില്ലെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല! അതേ സമയം, എന്റെ അഭിപ്രായത്തിൽ, അതിന്റെ ഒരു വ്യാപനം കാരണം രോഗത്തിന്റെ സമാനരൂപങ്ങളിൽ നിന്ന് ചെറിയൊരു വ്യത്യാസവും അതിനുണ്ട്. ഞാനതു വിശദീകരിക്കാം: രോഗത്തിന്റെ തീവ്രത നിസ്സാരമാണ്‌; എന്നാൽ അതിന്റെ വ്യാപ്തി ഗണ്യവുമാണ്‌. നിങ്ങളുടെ കോശങ്ങളുടെ നശീകരണപ്രക്രിയ തുടങ്ങിയിട്ടേയുള്ളു. അതിനി തുടങ്ങിയിട്ടില്ലെന്നും പറയാം; എന്നാൽ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഒരേസമയം പടരുന്നതിനുള്ള ഒരു പ്രവണത അതു കാണിക്കുന്നുണ്ട്; കാണിക്കുന്നുണ്ട് എന്നേ ഞാൻ പറയുന്നുള്ളു. അക്കാരണം കൊണ്ടു മാത്രം ഇവിടെ ഈ ആറാം നിലയിൽ കഴിയുന്നതാണ്‌ നിങ്ങളുടെ രോഗം സുഖപ്പെടാൻ കൂടുതൽ നല്ലത് എന്നാണ്‌ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ അഭിപ്രായം; ചികിത്സാരീതി കൂടുതൽ തീവ്രവും കാര്യക്ഷമവുമാണ്‌ ഇവിടെ.“ കോശങ്ങളുടെ നശീകരണപ്രക്രിയ- അശുഭസൂചകമായ ആ പ്രയോഗത്തിലടങ്ങിയ ഭീഷണത ഇതാദ്യമായി ജ്യൂസപ്പി കോർത്തെ ഉള്ളിലറിഞ്ഞു.

ഒരു ദിവസം കോർത്തെ പുതിയൊരു കാര്യം മനസ്സിലാക്കി: ആശുപത്രിയുടെ ജനറൽ ഡയറക്ടർ തന്റെ സഹപ്രവർത്തകരുമായി ദീർഘമായ ചർച്ചകൾക്കു ശേഷം രോഗികളെ തരം തിരിക്കുന്നതിനുള്ള രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരെയും അരപ്പോയിന്റ് തരം താഴ്ത്താൻ പോവുകയാണ്‌. ഓരോ നിലയിലേയും രോഗികളെ അവരുടെ രോഗത്തിന്റെ ഗൗരവസ്വഭാവം അനുസരിച്ച് രണ്ടു വിഭാഗങ്ങളായി തിരിക്കും. അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ ആയിരിക്കും ഈ തരം തിരിക്കൽ നടത്തുക; അതു തീർത്തും രഹസ്യമാക്കി വയ്ക്കുകയും ചെയ്യും. ആ രണ്ടു ഗ്രൂപ്പുകളിൽ താഴത്തേതിലുള്ളവരെ അവർ അപ്പോഴുള്ള നിലയിൽ നിന്ന് തൊട്ടു താഴെയുള്ളതിലേക്കു മാറ്റും. ഉദാഹരണത്തിന്‌, ആറാം നിലയിലെ പകുതി രോഗികൾ- രോഗം നേരിയ തോതിൽ കൂടിയവർ- അഞ്ചാം നിലയിലേക്കു പോകേണ്ടിവരും; അസുഖം കൂടുതലുള്ള ഏഴാം നിലയിലെ താമസക്കാർ ആറിലേക്കു പോകണം. ഈ വാർത്ത കേട്ടപ്പോൾ ജ്യൂസപ്പി കോർത്തെയ്ക്കു സന്തോഷം തോന്നി; ഇത്രയും വലിയ തോതിലുള്ള സ്ഥലം മാറ്റങ്ങൾ ഏഴാം നിലയിലേക്കുള്ള തന്റെ മടക്കം കൂടുതൽ സുഗമമാക്കുമല്ലോ.
അക്കാര്യം നേഴ്സിനോടു സൂചിപ്പിച്ചപ്പോൾ പ്രതീക്ഷിക്കാത്തൊരു പ്രതികരണമാണു പക്ഷേ, അവരിൽ നിന്നുണ്ടായത്. അയാൾക്കും മാറ്റമുണ്ടാകുമെന്ന് തനിക്കറിയാമെന്നും എന്നാൽ അത് ഏഴിലേക്കല്ല, താഴത്തെ നിലയിലേക്കാണെന്നുമാണ്‌ അവർ പറഞ്ഞത്. അവർക്കറിയാത്ത കാരണങ്ങളാൽ കോർത്തെയെ ഉൾപ്പെടുത്തിയിരിക്കുന്നത് ആറാം നിലയിലെ ‘കടുത്ത രോഗം ബാധിച്ചവ’രുടെ പട്ടികയിലായതിനാൽ അയാൾക്ക് അഞ്ചാം നിലയിലേക്കിറങ്ങേണ്ടിവരും.

ആദ്യത്തെ ഷോക്കൊന്നു മാറിയപ്പോൾ ജ്യൂസപ്പി കോർത്തെ കോപം കൊണ്ടു ജ്വലിച്ചു. അവർ തന്നെ ഹീനമായ രീതിയിൽ കബളിപ്പിക്കുകയിരുന്നുവെന്നും താഴത്തെ നിലയിലേക്കുള്ള മാറ്റങ്ങളെക്കുറിച്ചു തനിക്കു യാതൊന്നും കേൾക്കേണ്ടെന്നും താൻ വീട്ടിൽ പോവുകയാണെന്നും അവകാശങ്ങൾ അവകാശങ്ങളാണെന്നും ഡോക്ടർമാരുടെ രോഗനിർണ്ണയത്തെ ആശുപത്രി മാനേജ്മെന്റിന്‌ തോന്നിയപോലെ അവഗണിക്കാൻ പറ്റില്ലെന്നും അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.

അയാൾ ഇങ്ങനെ ഒച്ച വയ്ക്കുമ്പോൾ ഡോക്ടർ കിതച്ചുകൊണ്ടോടിയെത്തി. പനി കൂടരുതെന്നുണ്ടെങ്കിൽ സ്വയം നിയന്ത്രിക്കാൻ അയാൾ കോർത്തെയെ ഉപദേശിച്ചു. ചെറിയൊരു തെറ്റിദ്ധാരണ മൂലമാണ്‌ ഇങ്ങനെ വന്നതെന്ന് അയാൾ വിശദീകരിച്ചു. രോഗാവസ്ഥ വച്ചു നോക്കിയാൽ ഏഴാം നിലയിൽത്തന്നെയാണ്‌ ജ്യൂസപ്പി കോർത്തെയെ കിടത്തേണ്ടതെന്നും അയാൾ ഒരിക്കല്ക്കൂടി സമ്മതിച്ചു. അതേ സമയം ഇക്കാര്യത്തിൽ അല്പം വ്യത്യസ്തമായ, അതിനി വ്യക്തിപരമാണെന്നുകൂടി വച്ചോളൂ, കാഴ്ച്ചപ്പാടാണ്‌ തനിക്കുള്ളതെന്നും അയാൾ കൂട്ടിച്ചേർത്തു.

അയാളുടെ രോഗത്തിന്റെ ശാരീരികലക്ഷണങ്ങൾ വച്ചുനോക്കിയാൽ ആറാമത്തെ നിലയിലായാലും -എന്നുപറഞ്ഞാൽ, ഒരർത്ഥത്തിൽ- അയാളെ ചികിത്സിക്കാവുന്നതേയുള്ളു. ആറാമത്തെ നിലയിലെ രണ്ടാം വിഭാഗത്തിൽ കോർത്തെ എങ്ങനെ പെട്ടുവെന്ന് തനിക്കുതന്നെ മനസ്സിലാകുന്നില്ല. മാനേജ്മെന്റിന്റെ സെക്രട്ടറി -ജ്യൂസപ്പി കോർത്തെയുടെ കൃത്യമായ രോഗനില അറിയാൻ വേണ്ടി അയാൾ ഇന്നു കാലത്ത് തന്നെ ഫോൺ ചെയ്തിരുന്നു- എഴുതുമ്പോൾ എന്തോ പിശകു വരുത്തിയെന്നു വരാനാണ്‌ കൂടുതൽ സാദ്ധ്യത. അതുമല്ലെങ്കിൽ വിദഗ്ധനും, എന്നാൽ രോഗിയുടെ കാര്യത്തിൽ അമിതമായ ഉത്കണ്ഠ കാണിക്കുകയും ചെയ്യുന്ന, ഒരു ഡോക്ടറുടെ രോഗനിർണ്ണയത്തെ മാനേജ്മെന്റ് ഗൗരവം കൂട്ടിക്കണ്ടതാണെന്നും വരാം. മനസ്സമാധാനം കളയരുതെന്നും പ്രതിഷേധത്തിനൊന്നും നില്ക്കാതെ മാറാൻ തയ്യാറാവുകയാണു വേണ്ടതെന്നും ഉപദേശിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു. എന്തൊക്കെയായാലും രോഗം മാറുകയാണല്ലോ പരമപ്രധാനം, അല്ലാതെ രോഗി എവിടെ കിടക്കുന്നു എന്നതല്ലല്ലോ.

ചികിത്സയുടെ കാര്യത്തിൽ ജ്യൂസപ്പി കോർത്തെയ്ക്ക് ഒരു പരാതിക്കും ഇടമുണ്ടാവില്ലെന്ന് ഡോക്ടർ ഉറപ്പു നല്കി. താഴത്തെ നിലയിലെ ഡോക്ടർ കൂടുതൽ പരിചയസമ്പന്നനാണെന്നതിൽ സംശയമില്ല; താഴേക്കു പോകുന്തോറും ഡോക്ടർമാരുടെ കഴിവുകൾ, മാനേജ്മെന്റിന്റെ മേഖലയിലെങ്കിലും, കൂടിക്കൂടി വരികയാണെന്നതിൽ സംശയമേ വേണ്ടെന്ന ഉറച്ച നിലപാടായിരുന്നു അയാൾക്ക്. മുറി ഇത്രതന്നെ സുഖപ്രദവും സുന്ദരവുമായിരിക്കും; പുറത്തേക്കുള്ള കാഴ്ച്ചയും ഇത്രതന്നെ ഗംഭീരമായിരിക്കും. മൂന്നാം നില മുതലേ മരനിരകൾ കാഴ്ച്ച മറയ്ക്കാൻ തുടങ്ങുന്നുള്ളു.

കൂടിക്കൂടിവരുന്ന ഒരു ജ്വരത്തിന്റെ പിടിയിലായിരുന്ന ജ്യൂസപ്പി കോർത്തെ ഡോക്ടറുടെ അതിവിശദമായ ഈ ന്യായീകരണങ്ങൾ തളർച്ചയോടെ കേട്ടുകേട്ടിരുന്നു. ഒടുവിൽ അയാൾക്കു ബോദ്ധ്യമായി, അന്യായമായ ആ സ്ഥലംമാറ്റത്തിനെതിരെ പ്രതികരിക്കാനുള്ള ശക്തിയും, അതിലുപരി, ആഗ്രഹവും തനിക്കു ശേഷിക്കുന്നില്ല എന്ന്. തന്നെ താഴത്തെ നിലയിലേക്കു മാറ്റുന്നതിന്‌ അയാൾ സ്വയം വഴങ്ങിക്കൊടുത്തു.

അഞ്ചാം നിലയിൽ എത്തിക്കഴിഞ്ഞപ്പോൾ ജ്യൂസപ്പി കോർത്തെയ്ക്കു കിട്ടിയ ഒരേയൊരാശ്വാസം, എത്ര ചെറുതാണതെങ്കിലും, ആ വാർഡിലുള്ളവരിൽ രോഗത്തിന്റെ തീവ്രത ഏറ്റവും കുറവ് അയാൾക്കാണെന്ന ഡോക്ടർമാരുടേയും നേഴ്സുമാരുടേയും കൂട്ടുരോഗികളുടേയും വിധിയെഴുത്തായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അഞ്ചാം നിലയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയായി അയാൾക്കു സ്വയം പരിഗണിക്കാം. എന്നാൽ സാധാരണമനുഷ്യരുടെ ലോകത്തിനും തനിക്കുമിടയിൽ ഇപ്പോൾ രണ്ടു കടമ്പകൾ ഉയർന്നിരിക്കുന്നു എന്ന ചിന്ത അയാളുടെ മനസ്സു ദണ്ഡിപ്പിച്ചുകൊണ്ടിരുന്നു.

വസന്തകാലത്തിന്റെ തുടക്കമായതിനാൽ അന്തരീക്ഷം ഊഷ്മളമായിവരികയായിരുന്നു. എന്നാൽ അവിടെ ആദ്യമായി വന്ന ദിവസങ്ങളിലെന്നപോലെ ജനാലയിൽ ചാരി പുറത്തേക്കു നോക്കി നില്ക്കുന്നതിൽ അയാൾക്കിപ്പോൾ സന്തോഷം തോന്നുന്നില്ല. അയാളുടെ ഭയത്തിന്‌ യുക്തിയുടെ ഒരടിസ്ഥാനവും ഇല്ലായിരുന്നെങ്കിലും ഒന്നാം നിലയിലെ ജനാലകൾ കണ്ണിൽപ്പെടുമ്പോൾ വല്ലാത്തൊരു കിടുങ്ങൽ അയാളിലൂടെ പാഞ്ഞുപോകും; മിക്ക ജനാലകളും അടഞ്ഞുകിടക്കുകയാണ്‌; അവയിപ്പോൾ കുറേക്കൂടി അടുത്തുമാണ്‌.

അയാളുടെ രോഗാവസ്ഥ കൂടുതലും കുറവുമില്ലാതെ ഒരേ നിലയായിരുന്നു. പിന്നീട്, അഞ്ചാം നിലയിലെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോൾ, അയാളുടെ വലതുകാലിൽ ഒരു വ്രണം പ്രത്യക്ഷപ്പെട്ടു; തുടർന്നുള്ള നാളുകളിൽ അതു സുഖപ്പെടാനുള്ള ഒരു ലക്ഷണവും കാണിച്ചതുമില്ല. അയാളുടെ മുഖ്യരോഗവുമായി ഒരു ബന്ധവുമില്ലാത്ത ഒരണുബാധയാണത്, ഡോക്ടർ പറഞ്ഞു; ലോകത്തെ ഏറ്റവും ആരോഗ്യവാനായ വ്യക്തിയെപ്പോലും ബാധിക്കാവുന്ന ഒരു വല്ലായ്മ. അതിനെ കഴിയുന്നത്ര വേഗം ഇല്ലായ്മ ചെയ്യാൻ ഒരു ഗാമാ-റേ ചികിത്സ നടത്തണം.

“ഈ ചികിത്സ ഇവിടെ നടത്താൻ പറ്റുമോ?”

“പിന്നെന്താ! ഞങ്ങളുടെ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമുണ്ട്,” സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. “ഒരസൗകര്യമേയുള്ളു.”

“എന്താണത്?” അസ്പഷ്ടമായ ഒരു വിപൽശങ്കയോടെ കോർത്തെ ചോദിച്ചു.

“മറ്റൊരു വാക്കില്ലാത്തതുകൊണ്ട് അസൗകര്യം എന്നു ഞാൻ പറഞ്ഞുവെന്നേയുള്ളു,” ഡോക്ടർ സ്വയം തിരുത്തി, “ചികിത്സായൂണിറ്റ് നാലാം നിലയിലാണെന്നാണ്‌ ഞാൻ ഉദ്ദേശിച്ചത്; ദിവസം മൂന്നു തവണ നിങ്ങൾ അവിടെ പോയിവരണമെന്ന് ഞാൻ ഉപദേശിക്കുകയില്ല.”

“അപ്പോൾപ്പിന്നെ, അതു വേണ്ടെന്നോ?”

“അങ്ങനെയല്ല, എക്സിമ മാറുന്നതുവരെ നിങ്ങൾ നാലാം നിലയിലേക്കു പോകാൻ സന്മനസ്സു കാണിച്ചാൽ അതു നല്ലതായിരിക്കും.”

“മതി!” ജ്യൂസപ്പി കോർത്തെ ചീറി. “ഞാൻ ആവശ്യത്തിനു താഴേക്കു വന്നുകഴിഞ്ഞു! ഇനി താഴേക്കു പോയാൽ ഞാൻ മരിക്കും. നാലാം നിലയിലേക്കു ഞാനില്ല.”

“നിങ്ങളുടെ ഇഷ്ടം പോലെ,” അയാളെ കൂടുതൽ വെറി പിടിപ്പിക്കാതിരിക്കാനായി അനുനയരീതിയിൽ ഡോക്ടർ പറഞ്ഞു. “അതിരിക്കട്ടെ, നമ്മളിൽ ആരാണ്‌ ഇവിടെ ഇൻ-ചാർജ്ജ്? നിങ്ങൾ ദിവസം മൂന്നുതവണ താഴെപ്പോകാൻ പാടില്ലെന്ന് ഞാൻ വിലക്കുന്നു, മനസ്സിലായല്ലോ?”

എക്സിമ ഉണങ്ങുന്നതിനു പകരം കൂടുതൽ പരക്കുകയായിരുന്നു. ജ്യൂസപ്പി കോർത്തെ സ്വസ്ഥത കിട്ടാതെ കട്ടിലിൽ കിടന്നുരുണ്ടു. മൂന്നു ദിവസം പിടിച്ചുനിന്നെങ്കിലും നാലാം ദിവസം ഗതിയില്ലാതെ അയാൾക്കു വഴങ്ങിക്കൊടുക്കേണ്ടിവന്നു. തന്നെ ചികിത്സക്കയക്കണമെന്നും നാലാം നിലയിലേക്കു തന്നെ മാറ്റണമെന്നും അയാൾ തന്നെ ഡോക്ടറോടു യാചിച്ചു.

താഴെ എത്തിയപ്പോൾ താൻ അവിടെ ഒരപവാദമാണെന്ന് പുറത്തു കാണിക്കാത്ത ഒരു സന്തോഷത്തോടെ കോർത്തെ ശ്രദ്ധിച്ചു. വാർഡിലെ മറ്റു രോഗികൾ കണ്ടാൽത്തന്നെ അതീവഗുരുതരാവസ്ഥയിലുള്ളവരായിരുന്നു; ഒരു മിനുട്ടു പോലും കട്ടിലിൽ നിന്നെഴുന്നേറ്റിരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ അയാൾക്കാകട്ടെ, വാർഡിൽ നിന്ന് ചികിത്സ നടക്കുന്ന മുറിയിലേക്ക് നേഴ്സുമാരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും അകമ്പടിയായി നടന്നുപോവുക എന്ന ആഡംബരം അനുവദിക്കപ്പെട്ടിരുന്നു. പുതിയ ഡോക്ടറോട് തന്റെ സവിശേഷമായ പദവി ഊന്നിപ്പറഞ്ഞുകൊണ്ട് അയാൾ സംസാരിച്ചു: ഏതു കണക്കിനും ഏഴാം നിലയിൽ കഴിയാൻ അവകാശമുണ്ടായിരുന്ന ഒരു രോഗി നാലം നിലയിൽ വന്നുപെട്ടിരിക്കുന്നു! എക്സിമ മാറിക്കഴിഞ്ഞാൽ താൻ മുകളിലേക്കു പോകാനാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്. പുതിയ മുടക്കുന്യായങ്ങൾ അനുവദിക്കുന്ന പ്രശ്നമേയില്ല. ന്യായമായും ഏഴാം നിലയ്ക്കവകാശിയായ താൻ!

“ഏഴ്, ഏഴ്!” ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു. “നിങ്ങൾ രോഗികൾക്ക് എന്തും പെരുപ്പിച്ചുകാണണം! നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ആദ്യം പറയുന്നയാൾ ഞാനായിരിക്കും. നിങ്ങളുടെ റിപ്പോർട്ട് വച്ചു നോക്കിയാൽ രോഗം കാര്യമായി കൂടിയിട്ടൊന്നുമില്ല. പക്ഷേ ഏഴാം നിലയെക്കുറിച്ചുള്ള ഈ സംസാരം-എന്റെ സത്യസന്ധത ക്രൂരമായി തോന്നുന്നെങ്കിൽ പൊറുക്കണേ- അതിലൊരു വ്യത്യാസമുണ്ട്. അത്ര പേടിക്കാനില്ലാത്ത ഒരു കേസാണ്‌ നിങ്ങളുടേത്, അതു ഞാൻ സമ്മതിച്ചു; എന്നാൽ നിങ്ങൾ ഇപ്പോഴും ഒരു രോഗി തന്നെയാണ്‌!”

“എങ്കിൽ, എങ്കിൽ,” പ്രത്യാശ വെളിച്ചം പരത്തിയ മുഖത്തോടെ ജ്യൂസപ്പി കോർത്തെ ചോദിച്ചു, “ഏതു നിലയിലാണ്‌ നിങ്ങളെന്നെ കിടത്താൻ പോകുന്നത്?”

“ദൈവമേ, അതൊന്നും അത്രയെളുപ്പം പറയാൻ പറ്റില്ല. ഞാൻ ഇപ്പോൾ മാത്രമല്ലേ നിങ്ങളെ കണ്ടിട്ടുള്ളു. ഒരു തീരുമാനമെടുക്കണമെങ്കിൽ ഒരാഴ്ച്ചയെങ്കിലും എനിക്കു നിങ്ങളെ നിരീക്ഷിക്കേണ്ടിവരും.”

“ആയിക്കോട്ടെ,” കോർത്തെ വിടാൻ ഭാവമില്ലായിരുന്നു, “ഒരുദ്ദേശം വച്ചു പറഞ്ഞാൽ എന്താ ഡോക്ടറുടെ അഭിപ്രായം?”

അയാൾക്കൊരാശ്വാസത്തിനായി താൻ ആ ചോദ്യത്തെക്കുറിച്ചാലോചിക്കുകയാണെന്ന മട്ടിൽ ഡോക്ടർ ഒരു നിമിഷം നിന്നു; പിന്നെ, തലയൊന്നു കുലുക്കിയിട്ട് സാവധാനം പറഞ്ഞു, “നിങ്ങൾക്കു സന്തോഷമായിക്കോട്ടെ, ആറാം നിലയായാലോ?“ എന്നിട്ട് ആ അഭിപ്രായം തന്നെക്കൊണ്ടുതന്നെ അംഗീകരിപ്പിക്കുന്നപോലെ, ”അതെ, അതെ, ആറു തന്നെയാണ്‌ നല്ലത്!“

അതു കേട്ടാൽ രോഗിക്കു സന്തോഷമാകുമെന്നാണ്‌ ഡോക്ടർ കരുതിയത്. മറിച്ച് ഞെട്ടിപ്പോയപോലെ ഒരു ഭാവം കൊണ്ട് ജ്യൂസപ്പി കോർത്തെയുടെ മുഖം നിറയുകയാണുണ്ടായത്; മറ്റു നിലകളിലെ ഡോക്ടർമാർ തന്നെ പാവ കളിപ്പിക്കുകയായിരുന്നുവെന്ന് അപ്പോഴാണ്‌ അയാൾക്കു ബോദ്ധ്യമാകുന്നത്. ഇവിടെ ഈ പുതിയ ഡോക്ടർ കണ്ടില്ലേ, -മറ്റുള്ളവരെക്കാൾ സമർത്ഥനും സത്യസന്ധനും തന്നെയായിരിക്കണം- അയാൾ തനിക്കു നല്കിയിരിക്കുന്നത് ഏഴാം നിലയല്ല, ആറാണ്‌, ഇനി അതുമല്ല, അഞ്ചുമാവാം! അന്നു വൈകിട്ട് അയാളുടെ പനി കാര്യമായി കൂടി.

നാലാം നിലയിലെ താമസം ഹോസ്പിറ്റലിൽ വന്ന ശേഷം ജ്യൂസപ്പി കോർത്തെ ഏറ്റവുമധികം മനസ്സമാധാനമറിഞ്ഞ കാലമായിരുന്നു. ഡോക്ടർ വളരെ നല്ലയാളായിരുന്നു; കാണുമ്പോഴൊക്കെ അയാൾ കോർത്തെയുടെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ അയാൾ പല കാര്യങ്ങളും സംസാരിച്ചുകൊണ്ട് മണിക്കൂറുകൾ തന്നെ അയാൾക്കൊപ്പം ഇരിക്കാറുമുണ്ടായിരുന്നു. ജ്യൂസപ്പി കോർത്തെയും ഇഷ്ടത്തോടെ സംസാരിക്കും; അയാൾക്കും പലതും പറയാനുണ്ടായിരുന്നു-തന്റെ വക്കീല്പണിയെപ്പറ്റി, തന്റെ ദൈനന്ദിനജീവിതത്തെപ്പറ്റി. താനിപ്പോഴും ആരോഗ്യമുള്ള മനുഷ്യരുടെ സമൂഹത്തിൽ ഉൾപ്പെടുന്നയാളാണെന്നും ഇപ്പോഴും താൻ ബിസിനസ് ലോകവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും പൊതുക്കാര്യങ്ങളിൽ തല്പരനാണെന്നും സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. അയാൾ ശ്രമിക്കുകയും പരാജയപ്പെടുകയുമായിരുന്നു; കാരണം, സംഭാഷണങ്ങൾ ഒടുവിൽ ചെന്നുനില്ക്കുന്നത് അയാളുടെ രോഗത്തിലായിരിക്കും.

തന്റെ രോഗത്തിന്‌ എന്തെങ്കിലുമൊരു മാറ്റം വരണമെന്ന ചിന്ത അയാളെ വിട്ടൊഴിയാതെയായി. നിർഭാഗ്യത്തിന്‌ ചികിത്സ കൊണ്ട് എക്സിമ കൂടുതൽ വ്യാപിക്കുന്നില്ല എന്നായെങ്കിലും അതിനെ നിശ്ശേഷം പിടിച്ചുനിർത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ദിവസവും ജ്യൂസപ്പി കോർത്തെ ഡോക്ടറോട് അതിനെക്കുറിച്ച് ദീർഘമായി സംസാരിക്കും; തന്റെ ആത്മധൈര്യം പോയിട്ടില്ലെന്ന് അയാൾക്കു കാണിക്കണം, പക്ഷേ അതിലയാൾ പരാജയപ്പെടുകയും ചെയ്തു.

“പറയൂ ഡോക്ടർ,” ഒരു ദിവസം അയാൾ ചോദിച്ചു, “എന്റെ കോശങ്ങളുടെ നശീകരണപ്രക്രിയ എങ്ങനെയുണ്ട്?”

“ഹൊ, എത്ര വൃത്തികെട്ട വാക്കുകൾ!” ഡോക്ടർ ചിരിച്ചുകൊണ്ട് അയാളെ ശാസിച്ചു. “നിങ്ങൾ ഇതൊക്കെ എവിടെ നിന്നു പഠിച്ചു? ഇതു നല്ലതല്ല; ഒരു രോഗിയുടെ കാര്യത്തിൽ ഒട്ടും നല്ലതല്ല! ഇങ്ങനെയുള്ള സംസാരം കേൾക്കാൻ എനിക്കൊട്ടും താല്പര്യമില്ല.”
“ആയിക്കോട്ടെ,” കോർത്തെ പറഞ്ഞു, “പക്ഷേ എന്റെ ചോദ്യത്തിനു മറുപടി കിട്ടിയിട്ടില്ല.”

“അതു ഞാൻ ഇപ്പോൾത്തന്നെ പറഞ്ഞേക്കാം,” ഡോക്ടർ താഴ്ന്നുകൊടുക്കുന്നപോലെ പറഞ്ഞു. “കോശങ്ങളുടെ നശീകരണപ്രക്രിയ (നിങ്ങളുടെതന്നെ ഭയാനകമായ ആ പ്രയോഗം ആവർത്തിച്ചാൽ) നിങ്ങളുടെ കാര്യത്തിൽ ഏറ്റവും കുറവാണ്‌, തീരെക്കുറവാണെന്നുതന്നെ പറയാം. എന്നാൽ പിടി വിടാത്ത ഒരു സ്വഭാവം കൂടി അതിനുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്.“

”പിടി വിടാത്തത്, എന്നു പറഞ്ഞാൽ വിട്ടുമാറാത്തത്?“

”ഞാൻ പറയാത്തത് ഞാൻ പറഞ്ഞു എന്നാക്കരുത്. പിടി വിടാത്തതെന്നേ ഞാൻ പറഞ്ഞിട്ടുള്ളു. ഭൂരിഭാഗം കേസുകളും അങ്ങനെയാണല്ലോ. അണുബാധകൾക്ക്, തീരെ നിസ്സാരമായ ചിലതിനു പോലും, നീണ്ടകാലത്തെ കഠിനമായ ചികിത്സ വേണ്ടിവരാറുണ്ട്.“
”എന്നാലും ഡോക്ടർ, ഒരു മാറ്റം എന്നു പ്രതീക്ഷിക്കാമെന്നൊന്നു പറയൂ.“

”എപ്പോഴെന്നോ? ഇത്തരം കേസുകളിൽ പ്രവചനം കുറച്ചു ബുദ്ധിമുട്ടാണ്‌. എന്നാലും പറയട്ടെ,“ ഒരു നിമിഷം ആലോചിച്ചിട്ട് ഡോക്ടർ പറഞ്ഞു, ”അസുഖം മാറുന്നതിൽ യഥാർത്ഥവും ആത്മാർത്ഥവുമായ ഒരാഗ്രഹം നിങ്ങൾക്കുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾക്കു ദേഷ്യം പിടിക്കില്ലെങ്കിൽ ഞാൻ ചില ഉപദേശങ്ങൾ തരാമായിരുന്നു.“
”പറയൂ, പറയൂ, ഡോക്ടർ.“

”ശരി, പ്രശ്നം ഞാൻ വ്യക്തമായി പറയട്ടെ. ഇങ്ങനെയൊരു രോഗം വരുന്നത് എനിക്കായിരുന്നെങ്കിൽ, അതിനി എത്ര നിസ്സാരമായിക്കോട്ടെ, ഈ ആശുപത്രിയിൽ വന്നാൽ (നിലവിലുള്ള ഏറ്റവും മെച്ചപ്പെട്ട ആശുപത്രിയുമാണല്ലോ ഇത്) എന്റെ ഇഷ്ടപ്രകാരം തന്നെ ആദ്യദിവസം മുതൽ, മനസ്സിലാക്കണം, ആദ്യത്തെ ദിവസം മുതൽ ഏറ്റവും താഴത്തെ നിലകളിലൊന്നിലായിരിക്കും ഞാൻ ചികിത്സ തേടുക. ഞാൻ ചെല്ലുന്നത്…“

”ഒന്നാമത്തേതിൽ?“ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് കോർത്തെ നിർദ്ദേശിച്ചു.

”ഏയ്, അല്ല! ഒന്നിലല്ല,“ വിപരീതാർത്ഥത്തിൽ ഡോക്ടർ പറഞ്ഞു. ”ഇതിലാണോ, അല്ല! എന്നാൽ തീർച്ചയായും മൂന്നിലോ രണ്ടിൽത്തന്നെയോ ആയിരിക്കും. ചികിത്സ ഏറ്റവും നന്നായിരിക്കുന്നത് താഴത്തെ നിലകളിലാണ്‌, അതു ഞാൻ ഉറപ്പു തരുന്നു. മറ്റു നിലകളിലേതിനെക്കാൾ പൂർണ്ണവും സുശക്തവുമായ സംവിധാനമാണ്‌ അവിടെയുള്ളത്; ജോലിക്കാർ കൂടുതൽ കഴിവുള്ളവരുമാണ്‌. ഈ ആശുപത്രിയുടെ ആത്മാവെന്നു പറയുന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ?“

”പ്രൊഫസ്സർ ഡാറ്റി, അല്ലേ?“

”അതു തന്നെ, പ്രൊഫസ്സർ ഡാറ്റി. ഇവിടെ വച്ച് അദ്ദേഹമാണ്‌ ഈ ചികിത്സാ രീതി വികസിപ്പിച്ചെടുത്തത്; ഈ സ്ഥാപനം ഈ രീതിയിൽ രൂപപ്പെടുത്തിയതും അദ്ദേഹമാണ്‌. എന്നിട്ടും അദ്ദേഹം, മാസ്റ്റർ, ഒന്നും രണ്ടും നിലകളിൽ നിന്നു പോകാറില്ല. അദ്ദേഹത്തിന്റെ ശാസനാധികാരം പ്രസരിക്കുന്നത് അവിടെ നിന്നാണ്‌. എന്നാൽ, ഞാൻ ഉറപ്പിച്ചു പറയുന്നു, അദ്ദേഹത്തിന്റെ സ്വാധീനം മൂന്നാം നിലയ്ക്കപ്പുറത്തേക്കു പോകാറില്ല. അതിനു മുകളിൽ അദ്ദേഹത്തിന്റെ ആജ്ഞകൾക്ക് ശക്തി കുറയുന്നു, പരസ്പരബന്ധമില്ലാതാവുന്നു, അവ വ്യതിചലിച്ചുപോവുകയും ചെയ്യുന്നു. ആശുപത്രിയുടെ ഹൃദയം താഴെയാണ്‌, ഏറ്റവും മികച്ച ചികിത്സ കിട്ടണമെന്നാണെങ്കിൽ താഴെത്തന്നെയാവുകയും വേണം.“
”ചുരുക്കത്തിൽ,“ വിറയാർന്ന ശബ്ദത്തിൽ ജ്യൂസപ്പി കോർത്തെ പറഞ്ഞു, “നിങ്ങൾ ഉപദേശിക്കുന്നത്…”

“വേണമെങ്കിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം,” ഡോക്ടർ തുടർന്നു, “നിങ്ങളുടെ പ്രത്യേക കേസിൽ എക്സിമയുടെ കാര്യം കൂടി നോക്കാൻ പറ്റും. അതു കാര്യമാക്കാനും വേണ്ടി ഒന്നുമില്ല, അതു ഞാനും സമ്മതിച്ചു; എന്നാലും അതൊരു ശല്യമാണ്‌, കുറേക്കഴിഞ്ഞാൽ അതു നിങ്ങളുടെ മനോവീര്യത്തെത്തന്നെ ബാധിക്കും. രോഗമുക്തിക്ക് മനസ്സമാധാനം എത്ര പ്രധാനമാണെന്ന് നിങ്ങൾക്കറിയാത്തതല്ലല്ലോ. ഞാൻ നല്കിയ ചികിത്സകൾ കൊണ്ട് ഭാഗികമായ പ്രയോജനമേ ഉണ്ടായിട്ടുള്ളു; എന്തുകൊണ്ട്? അതു വെറും യാദൃച്ഛികമായിരിക്കാം; രശ്മികൾ വേണ്ടത്ര തീവ്രമാകാത്തതുകൊണ്ടും ആയിരിക്കാം. മൂന്നാമത്തെ നിലയിൽ യന്ത്രങ്ങൾ കൂടുതൽ ശക്തമാണ്‌; നിങ്ങളുടെ എക്സിമ ഭേദപ്പെടാനുള്ള സാദ്ധ്യത അവിടെയാവുമ്പോൾ വളരെക്കൂടുതലായിരിക്കും. മനസ്സിലാവുന്നുണ്ടോ? ഒരിക്കൽ രോഗമുക്തി തുടങ്ങിക്കഴിഞ്ഞാൽ ഏറ്റവും ദുഷ്കരമായ പടവു നിങ്ങൾ താണ്ടിക്കഴിഞ്ഞു. മുകളിലേക്കു പോകാൻ തുടങ്ങിയാൽ പിന്നെ തിരിച്ചുപോവുക പ്രയാസമാണ്‌. നിങ്ങളുടെ ആരോഗ്യനില ശരിക്കും മെച്ചപ്പെട്ടുവെന്നു നിങ്ങൾക്കൊരു തോന്നൽ ഉണ്ടായിക്കഴിഞ്ഞാൽ ഇവിടെ നിന്നോ ഇതിലും താഴെയുള്ള നിലകളിൽ നിന്നോ നിങ്ങളുടെ ‘മെരിറ്റ്’ അനുസരിച്ച് അഞ്ചാമത്തെയോ ആറാമത്തെയോ, എന്തിന്‌, ഏഴാമത്തെ തന്നെയോ നിലയിലേക്കുള്ള നിങ്ങളുടെ കയറ്റത്തെ തടസ്സപ്പെടുത്താൻ ഒന്നിനും കഴിയില്ല.”

“ചികിത്സയ്ക്കതു വേഗം കൂട്ടുമെന്നും നിങ്ങൾ പറയുന്നു?”

“അതിൽ സംശയിക്കാനേയില്ല! നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എന്തു ചെയ്യുമായിരുന്നുവെന്ന് ഞാൻ പറഞ്ഞുകഴിഞ്ഞല്ലോ.”

അയാളും ഡോക്ടറും തമ്മിൽ ഇമ്മാതിരിയുള്ള സംഭാഷണം എല്ലാ ദിവസവും നടക്കാറുണ്ടായിരുന്നു. ഒടുവിൽ, എക്സിമയുടെ യാതന ഇനിയും സഹിക്കാൻ പറ്റില്ല എന്ന ഘട്ടമെത്തിയപ്പോൾ, തന്നെക്കാൾ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മേഖലയിലേക്കിറങ്ങിച്ചെല്ലാൻ ഉള്ളിൽ നിന്നുണ്ടായ വിസമ്മതമിരിക്കെത്തന്നെ ഡോക്ടറുടെ ഉപദേശം പിന്തുടരാനും താഴത്തെ നിലയിലേക്കു മാറാനും രോഗി തീരുമാനമെടുക്കുന്ന നിമിഷമെത്തി.

മൂന്നാമത്തെ നിലയിലെ ഡോക്ടർമാരെയും നേഴ്സുമാരെയും സവിശേഷമായ ഒരുല്ലാസഭാവം ഭരിക്കുന്നത് പെട്ടെന്നുതന്നെ അയാൾ ശ്രദ്ധിച്ചു; അതാകട്ടെ, ഏറ്റവും ഗുരുതരാവസ്ഥയിലായ രോഗികളെയാണ്‌ അവിടെ ചികിത്സിക്കുന്നത് എന്നതാണ് വസ്തുത എന്നായിട്ടും. തന്നെയുമല്ല, ദിവസം ചെല്ലുന്തോറം അവരുടെ സന്തോഷം കൂടിക്കൂടിവരികയുമായിരുന്നു. അതറിയാനുള്ള ആഗ്രഹത്താൽ ഒരു നേഴ്സിനെ സേവ പിടിച്ച് എന്താണവർ ഇത്ര സന്തോഷം പ്രകടിപ്പിക്കുന്നതെന്ന് അയാൾ അന്വേഷിച്ചു.

“അയ്യോ, അതറിയില്ലേ?” നേഴ്സിന്റെ മറുപടി അങ്ങനെയായിരുന്നു. “ഞങ്ങൾ മൂന്നു ദിവസത്തേക്ക് വെക്കേഷനു പോവുകയാണ്‌.”

“മൂന്നു ദിവസത്തെ വെക്കേഷനു പോവുകയാണ്‌ എന്നു പറഞ്ഞാൽ എന്താണർത്ഥം?”

“ഓ, അതോ. മൂന്നാം നില അടച്ചിടും, എല്ലാ സ്റ്റാഫും രണ്ടാഴ്ച്ചത്തേക്ക് വീട്ടിൽ പോവുകയും ചെയ്യും. ഊഴമിട്ട് എല്ലാ നിലയിലും അങ്ങനെ വരാറുണ്ട്.“

”അപ്പോൾ രോഗികളോ? അവർ എന്തു ചെയ്യണമെന്നാണ്‌?“

”അതുപിന്നെ അവർ എണ്ണത്തിൽ കുറവായതുകൊണ്ട് ഞങ്ങൾ രണ്ടു നിലകളും ചേർത്ത് ഒറ്റനിലയാക്കും.“

”എങ്ങനെ? മൂന്നിലെയും നാലിലെയും രോഗികളെ ഒന്നിച്ചാക്കുമോ?“

”ഇല്ലില്ല,“ നേഴ്സ് തിരുത്തി. ”രണ്ടിലെയും മൂന്നിലെയും രോഗികളെ ഞങ്ങൾ ഒന്നിച്ചാക്കും. ഈ നിലയിലുള്ള നിങ്ങളെല്ലാം താഴത്തേക്കു പോകണം.“

”രണ്ടിൽ പോകാനോ?“ ഒരു പ്രേതത്തെപ്പോലെ വിളറിക്കൊണ്ട് ജ്യൂസപ്പി കോർത്തെ ചോദിച്ചു. ”ഞാൻ രണ്ടാം നിലയിലേക്കു പോകേണ്ടിവരുമെന്നോ?“

”അതു തന്നെ. അതിൽ അത്ര അസാധാരണമായിട്ടെന്തിരിക്കുന്നു? രണ്ടാഴ്ച്ച കഴിഞ്ഞു ഞങ്ങൾ ജോലിക്കു വരുമ്പോൾ നിങ്ങൾ ഈ മുറിയിലേക്കു തിരിച്ചുവരും. ഇതിൽ പേടിക്കാൻ ഒന്നുമില്ലെന്നാണ്‌ എനിക്കു തോന്നുന്നത്.“

എന്നാൽ ഇന്നതെന്നറിയാത്ത ഒരന്തർജ്ഞാനത്താൽ മുന്നറിയിപ്പു കിട്ടിയ ജ്യൂസപ്പി കോർത്തെ ഭയാധീനനായി. അതേ സമയം ജോലിക്കാരെ വെക്കേഷനു പോകുന്നതിൽ നിന്നു തടയാൻ തനിക്കാവില്ലെന്ന ബോദ്ധ്യം കൊണ്ടും പുതിയ ചികിത്സ തനിക്കു പ്രയോജനം ചെയ്യുന്നുണ്ടെന്ന തിരിച്ചറിവും കൊണ്ടും (അയാളുടെ എക്സിമ ഇതിനകം മിക്കവാറും മാറിക്കഴിഞ്ഞിരുന്നു) ഈ പുതിയ സ്ഥാനമാറ്റത്തെ എതിർക്കാൻ അയാൾക്കു ധൈര്യം വന്നില്ല. എന്നാലും തന്റെ പുതിയ മുറിയുടെ വാതിലിനു മുന്നിൽ “മൂന്നാം നിലയിലെ ജ്യൂസപ്പി കോർത്തെ. ഇതു വഴി കടന്നുപോകുന്നുവെന്നേയുള്ളു.” എന്നൊരു ബോർഡ് വയ്ക്കണമെന്ന് -നേഴ്സിന്റെ കളിയാക്കൽ വക വയ്ക്കാതെ- അയാൾ നിർബ്ബന്ധം പിടിച്ചു. ഇങ്ങനെയൊരു കീഴ്വഴക്കം ആശുപത്രിയുടെ ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല; എന്നാലും ഡോക്ടർമാർ എതിരു നിന്നില്ല; കാരണം, കോർത്തെയെപ്പോലെ തൊട്ടാവാടികളായ രോഗികളുടെ കാര്യത്തിൽ എത്ര ചെറിയൊരപ്രിയം പോലും വലിയ വിഷമസന്ധിലേക്കു നയിച്ചേക്കാം അന്ന് അവർക്കറിയാം.

എന്തൊക്കെയായാലും രണ്ടാഴ്ച്ച കാത്തിരിക്കേണ്ട കാര്യമല്ലേയുള്ളു, ഒരു ദിവസം കൂടുതലുമില്ല, കുറവുമില്ല. ജ്യൂസപ്പി കോർത്തെ കിടക്കയിൽ നിന്നിറങ്ങാതെ വ്യഗ്രതയോടെ ദിവസങ്ങൾ എണ്ണാൻ തുടങ്ങി. മേശയിലോ കസേരയിലോ കണ്ണു നട്ടുകൊണ്ട് (അവയൊന്നും മറ്റു നിലകളിലെപ്പോലെ ആധുനികഡിസൈനിലുള്ളതോ തിളക്കമുള്ളതോ ആയിരുന്നില്ല രണ്ടാം നിലയിൽ; വലിപ്പം കൂടിയതും ഭവ്യമായ സന്ദർഭങ്ങൾക്കു യോജിച്ച മട്ടിൽ ഡിസൈൻ ചെയ്തതുമായിരുന്നു) മണിക്കൂറുകളോളം അയാൾ നിശ്ചേഷ്ടനായി ഇരിക്കും. ഇടയ്ക്കെപ്പോഴെങ്കിലും കാതു കൊടുത്തു ശ്രദ്ധിക്കുമ്പോൾ താഴെയുള്ള നിലയിൽ നിന്ന്, മരിക്കാൻ കിടക്കുന്നവരുടെ നിലയിൽ നിന്ന്, ‘മരണം വിധിക്കപ്പെട്ടവരുടെ’ വാർഡിൽ നിന്ന് പ്രാണസഞ്ചാരമെടുക്കുന്നവരുടെ അവ്യക്തമായ കിതപ്പുകൾ കേൾക്കുന്നപോലെ അയാൾക്കു തോന്നിയിരുന്നു.

ഇതെല്ലാം, സ്വാഭാവികമായും, അയാളുടെ നില വഷളാകാൻ വളമിട്ടുകൊടുക്കുകയായിരുന്നു. അയാളുടെ അശാന്തി കൂടിക്കൂടിവന്നു, അയാളുടെ പനി കൂടുതലായി, ക്ഷീണം കഠിനമായി. ജനാലയ്ക്കൽ നിന്നു നോക്കിയാൽ -വേനല്ക്കാലമായിക്കഴിഞ്ഞിരുന്നു, ജനാലകൾ മിക്കപ്പോഴും തുറന്നിട്ടിരുന്നു- മേല്ക്കൂരകളോ നഗരത്തിലെ മറ്റു കെട്ടിടങ്ങളോ കാണാൻ പറ്റാതായിക്കഴിഞ്ഞിരുന്നു; ആശുപത്രിയെ വലയം ചെയ്തുനില്ക്കുന്ന മരങ്ങളുടെ പച്ചച്ചുമരു മാത്രം.

ഒരാഴ്ച്ച പോയിക്കഴിഞ്ഞപ്പോൾ ഒരുച്ച തിരിഞ്ഞ് രണ്ടു മണിയ്ക്ക് ഹെഡ് നേഴ്സും വേറേ മൂന്നു നേഴ്സുമാരും കൂടി കയറിച്ചെന്ന് ഒരു ചെറിയ, ഉരുണ്ട ലൈറ്റിന്റെ സ്വിച്ചിട്ടു. “നമുക്കിവിടെ നിന്നു മാറിയാലോ?” സൗമനസ്യത്തോടെ, തമാശ പറയുന്ന സ്വരത്തിൽ ഹെഡ് നേഴ്സ് ചോദിച്ചു.

“എങ്ങോട്ടു മാറാൻ?” ക്ഷീണിതമായ ശബ്ദത്തിൽ ജ്യൂസപ്പി കോർത്തെ ചോദിച്ചു. “ഇനി ഇതെന്തു തമാശയാണാവോ? മൂന്നാം നിലയിലേക്കു പോകാമെന്നു പറഞ്ഞിട്ട് ഏഴു ദിവസമായി.”

“എന്തു മൂന്നാം നില?” തനിക്കൊന്നും മനസ്സിലാകുന്നില്ലെന്നപോലെ ഹെഡ് നേഴ്സ് പറഞ്ഞു. “നിങ്ങളെ ഒന്നാം നിലയിലേക്കു കൊണ്ടുപോകാനാണ്‌ എനിക്കു നല്കിയിരിക്കുന്ന ഓർഡർ. ഇതു കണ്ടോ.” താഴത്തെ നിലയിലേക്കു മാറ്റാനുള്ള ഒരു ഫോറം അയാൾ കാണിച്ചുകൊടുത്തു; മറ്റാരുമല്ല, പ്രൊഫസ്സർ ഡാറ്റി തന്നെയാണ്‌ അതിൽ ഒപ്പിട്ടിരിക്കുന്നത്.

ജ്യൂസപ്പി കോർത്തെയുടെ പേടിയും പരകോടിയിലെത്തിയ കോപവും ആ വാർഡു മുഴുവൻ പ്രതിധ്വനിക്കുന്ന ദീർഘമായ ഒരാക്രന്ദനമായി പൊട്ടിത്തെറിച്ചു.

“ഒച്ച വയ്ക്കാതെ. ഒച്ച വയ്ക്കാതെ,” നേഴ്സുമാർ അപേക്ഷിച്ചു. “സുഖമില്ലാത്ത രോഗികൾ ഇവിടെയുണ്ട്!”

എന്നാൽ അയാളെ ശാന്തനാക്കാൻ അതു മതിയായില്ല. ഒടുവിൽ ആ വാർഡിന്റെ ചുമതലയുള്ള ഡോക്ടർ വന്നു. അയാൾ അങ്ങേയറ്റം ദയാലുവും സൗമ്യസ്വാഭമുള്ളയാളുമായിരുന്നു. അയാൾ എന്തു സംഭവിച്ചുവെന്നു ചോദിച്ചു; ഫോറം നോക്കിയിട്ട് കോർത്തെയോട് കാര്യമെന്താണെന്നന്വേഷിച്ചു. പിന്നയാൾ ദേഷ്യത്തോടെ ഹെഡ് നേഴ്സിനു നേർക്ക് തിരിഞ്ഞ് ഒരു തെറ്റു പറ്റിയതായി പ്രഖ്യാപിച്ചു; അങ്ങനെ ഒരോർഡർ താൻ കൊടുത്തിട്ടില്ല; കുറേ നാളായി വല്ലാത്ത ആശയക്കുഴപ്പങ്ങളാണ്‌ അവിടെ നടക്കുന്നതെന്നും ഒന്നിനെക്കുറിച്ചും തനിക്കു വിവരം തരുന്നില്ലെന്നും അയാൾ പരാതിപ്പെട്ടു. ഒടുവിൽ, തന്റെ കീഴ്ജീവനക്കാരനോട് തനിക്കു പറയാനുള്ളതു പറഞ്ഞതിനു ശേഷം, കുറേയധികം ക്ഷമാപണങ്ങളോടെ അയാൾ രോഗിയുടെ നേർക്കു തിരിഞ്ഞു.

“നമ്മുടെ നിർഭാഗ്യത്തിന്‌,” ഡോക്ടർ പറഞ്ഞു, “ഡോക്ടർ ഡാറ്റി ഒരു മണിക്കൂർ മുമ്പ് അവധിയെടുത്തു പോയതേയുള്ളു; അദ്ദേഹം തിരിച്ചുവരാൻ രണ്ടു ദിവസമാകും. എനിക്കു വല്ലാത്ത വിഷമമുണ്ട്; എന്നാലും അദ്ദേഹത്തിന്റെ ഉത്തരവുകൾ ലംഘിക്കപ്പെടരുതല്ലോ.ഇത്തരം പിശകു വരുത്തുന്നതിനെതിരെ ആദ്യം പരാതിപ്പെടുന്നത് അദ്ദേഹമായിരിക്കുമെന്ന് ഞാൻ ഉറപ്പു പറയാം. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കു മനസ്സിലാകുന്നില്ല.”

ഈ സമയമായപ്പോഴേക്കും കൊടുംഭീതിയുടേതായ ഒരു വിറ ജ്യൂസപ്പി കോർത്തെയുടെ ശരീരത്തിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. തനിക്കു മേൽ നിയന്ത്രണം നേടാനുള്ള കഴിവൊക്കെ അയാൾക്കു നഷ്ടപ്പെട്ടിരുന്നു.താനൊരു കുട്ടിയാണെന്നപോലെ ഭീതി അയാളെ കീഴടക്കി. അയാളുടെ തേങ്ങലുകൾ ആ മുറിക്കുള്ളില്ക്കിടന്നു മുഴങ്ങി.

അങ്ങനെ, ശപിക്കപ്പെട്ട ആ പിശകു കാരണം, അയാൾ അവസാനത്തെ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്‌. മരിക്കാൻ കിടക്കുന്നവരുടെ വാർഡിലാണ്‌ അയാൾ. രോഗാവസ്ഥ പരിഗണിച്ചാലും കൂടുതൽ കർക്കശക്കാരായ മറ്റു ഡോക്ടർമാരുടെ വിലയിരുത്തൽ അനുസരിച്ചായാലും ആറാം നിലയ്ക്ക് (ഏഴാം നില വേണമില്ലെന്നു വയ്ക്കാം) അവകാശമുണ്ടായിരുന്ന അയാൾ! എത്ര വിചിത്രമാണു തന്റെ അവസ്ഥയെന്നോർത്തപ്പോൾ പലപ്പോഴുമയാൾ നിയന്ത്രണം വിട്ടു തേങ്ങിപ്പോയി.

ചുടുന്ന ഗ്രീഷ്മസായാഹ്നം നഗരത്തിനു മേല്ക്കൂടി സാവധാനം കടന്നുപോകുമ്പോൾ കിടക്കയിൽ മലർന്നുകിടന്നുകൊണ്ടയാൾ ജനാലയിലൂടെ മരങ്ങളുടെ പച്ചപ്പിലേക്കു കണ്ണയച്ചു. പ്രകൃതിക്കു വിരുദ്ധവും വന്ധ്യവുമായ ഇഷ്ടികച്ചുമരുകളും ശവമുറികളിലേക്കുള്ള തണുത്ത ഇടനാഴികളും ആത്മാവില്ലാത്ത വെളുത്ത മനുഷ്യരൂപങ്ങളും ചേർന്ന ഒരയാർത്ഥലോകത്ത് താൻ എത്തിച്ചേർന്നുവെന്ന തോന്നൽ അയാൾക്കുണ്ടായി. ജനാലയിലൂടെ താൻ കാണുന്ന മരങ്ങൾ പോലും യഥാർത്ഥമല്ലെന്ന് അയാൾ വിശ്വസിക്കാൻ തുടങ്ങി: ഇലകൾ അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ അയാൾക്കതിൽ പൂർണ്ണവിശ്വാസവുമായി.

ആ ചിന്ത മനസ്സിന്റെ സ്വസ്ഥത കെടുത്തുമെന്നായപ്പോൾ അയാൾ മണിയടിച്ച് നേഴ്സിനെ വരുത്തി തന്റെ കണ്ണട കൊണ്ടുവരാൻ പറഞ്ഞു. അപ്പോഴേ അയാളുടെ മനസ്സൊന്നു ശാന്തമായുള്ളു. കണ്ണടയിലുടെ അയാൾക്കപ്പോൾ സ്വയം ഉറപ്പു വരുത്താൻ പറ്റി, അവ ശരിക്കും പച്ചമരങ്ങൾ തന്നെയാണെന്ന്, കാറ്റനങ്ങുമ്പോൾ, അല്പമായിട്ടാണെങ്കിലും, ഇലകൾ ഇളകുന്നുണ്ടെന്ന്.

നേഴ്സ് പോയിക്കഴിഞ്ഞപ്പോൾ കാൽ മണിക്കൂർ അയാൾ പൂർണ്ണനിശ്ശബ്ദതയിൽ കഴിഞ്ഞു. ആറു നിലകൾ, ഭയാനകമായ ആറു കടമ്പകൾ- അതൊരു സാങ്കേതികപ്പിഴവാണെങ്കില്ക്കൂടി- മെരുങ്ങാത്ത ഭാരവുമായി ഇപ്പോൾ ജ്യൂസപ്പി കോർത്തെയ്ക്കു മേൽ തൂങ്ങിക്കിടക്കുകയാണ്‌. എത്ര കൊല്ലം- അതെ, അയാൾക്കിപ്പോൾ കൊല്ലക്കണക്കിലേ ചിന്തിക്കാൻ കഴിയൂ- എത്ര കൊല്ലമെടുക്കും, ആ കീഴ്ക്കാംതൂക്കിന്റെ വിളുമ്പിലേക്ക് പിന്നെയുമയാൾക്കു പിടിച്ചുകയറാൻ?

അല്ല, ഇത്ര പെട്ടെന്നു മുറിയിൽ ഇരുളു നിറഞ്ഞതെന്തുകൊണ്ടാണ്‌? സന്ധ്യ പോലുമായിട്ടില്ല. ജ്യൂസപ്പി കോർത്തെ കഠിനയത്നത്തോടെ- അസാധാരണമായ ഒരു തരിപ്പ് തന്റെ ഉടൽ തളർത്തുന്നത് അയാളറിഞ്ഞു- കട്ടിലിനരികിൽ വച്ചിരുന്ന തന്റെ വാച്ചിലേക്കു നോക്കി. മൂന്നു മുപ്പത്. അയാൾ തല തിരിച്ചപ്പോൾ വെളിച്ചം കടന്നുവരുന്നതു തടഞ്ഞുകൊണ്ട് ഒരജ്ഞാതശാസനത്തിനു വിധേയമായി ഷട്ടറുകൾ സാവധാനം താഴ്ന്നുവരുന്നതു കണ്ടു.

ഇറ്റാലിയൻ കാഫ്ക എന്നറിയപ്പെടുന്ന ഡീനോ ബുസാറ്റി Dino Buzzat-Traverso (1906-1972) നോവലിസ്റ്റും കഥാകൃത്തും കവിയും ചിത്രകാരനുമായിരുന്നു. The Tartar Steppe എന്ന നോവൽ പ്രശസ്തമാണ്‌. വിശദാംശങ്ങൾക്കൂന്നൽ കൊടുക്കുന്ന പത്രറിപ്പോർട്ടിങ്ങും ഭ്രമാത്മകതയും ചേർന്നതാണ്‌ അദ്ദേഹത്തിന്റെ കഥകൾ എന്നു പറയാറുണ്ട്. (ദീർഘകാലം പത്രപ്രവർത്തകനുമായിരുന്നു അദ്ദേഹം.)

(വിവർത്തനം: വി. രവികുമാർ)

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like