പൂമുഖം CINEMA കുമ്മാട്ടി എന്ന ചലച്ചിത്രാനുഭവം

കുമ്മാട്ടി ഒരു വെറും സിനിമയല്ല. അത് കവിത പോൽ വിരിഞ്ഞ്, മിത്തായി പടർന്ന്,തിരിച്ചറിവിന്റെ കൂടി സുവിശേഷമായി മാറുന്ന അനുഭവമാണെന്ന് നിരീക്ഷിക്കുന്നു: കുമ്മാട്ടി എന്ന ചലച്ചിത്രാനുഭവം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
മികച്ച സിനിമകൾ പലപ്പോഴും സീറ്റിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന്, പോപ്കോൺ ചവച്ചു കൊണ്ടുള്ള ഒരു സിനിമകാണൽശീലത്തെ അലോസരപ്പെടുത്തും. കാരണം, ഹൃദയം മാത്രമല്ല അത്തരം സിനിമകൾ ആവശ്യപ്പെടുക.  പോപ്കോൺ സിനിമകൾ മയക്കിക്കിടത്തുന്ന പ്രേക്ഷകന്റെ തലച്ചോറിനെയും ഒരു ശ്രേഷ്ഠമായ സിനിമ ഉപയോഗപ്പെടുത്തും.
നഖശിഖാന്തം പ്രതിഭയായിരുന്ന, ‘മാസ്റ്റർ ഡയറക്ടർ’ എന്ന വാക്കിന് ലോകാടിസ്ഥാനത്തിൽത്തന്നെ അർഹനായിരുന്ന G. അരവിന്ദന്റെ ‘കുമ്മാട്ടി’ ഏറ്റവും ലളിതമായ ഒരു കഥ പറഞ്ഞു പോകുമ്പോഴും പ്രേക്ഷകന്റെ തലച്ചോറിനെ ആവശ്യപ്പെടുന്ന ഒരു ആസ്വാദന പ്രക്രിയ മുന്നോട്ടുവയ്ക്കുന്നു.
ജീവിതത്തെ യാത്രയുടെ സുവിശേഷമാക്കിയ കുമ്മാട്ടി മലബാറിലെ ഒരു കുഗ്രാമത്തിലെത്തുന്നു. അവിടത്തെ വിശ്വാസങ്ങളിലും മുത്തശ്ശിക്കഥകളിലുമാകട്ടെ കുമ്മാട്ടി ‘മാനത്തെ മച്ചോളം തലയെടുത്ത്,
പാതാളക്കുഴിയോളം പാദംനട്ട്, മാലചേലക്കൂറ ചുറ്റി’…കുട്ടികളിൽ ഏറെക്കുറെ ഭയം നിറയ്ക്കുന്ന ഒരു കഥാപാത്രമാണ്.
എന്നാൽ രാത്രി ആലിൻ തറയിൽ കിടന്നുറങ്ങുകയും പകൽ ഉറക്കെ പാട്ടുകൾ പാടുകയും കുട്ടികൾക്ക് മാങ്ങയും പഴങ്ങളും കഴിക്കാൻ കൊടുക്കുകയും (അതൊക്കെ ആകാശത്തു നിന്നു സൃഷ്ടിക്കുന്നതല്ല, ഭാണ്ഡത്തിൽ നിന്ന് എടുക്കുന്നതാണെന്ന് കുട്ടിപ്പടയിലെ പ്രധാനി കണ്ടുപിടിക്കുന്നുമുണ്ട്) ചെയ്യുന്ന കുമ്മാട്ടി കുട്ടികളുടെ പ്രിയപ്പെട്ടവനാകുന്നു. അവരോടൊപ്പം ‘ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത മുല്ലൈ’ എന്ന് പാടി നൃത്തം വയ്ക്കുകയും ചെയ്യുന്ന കുമ്മാട്ടി മന്ത്രവിദ്യയാൽ കുട്ടികളെ നായ്ക്കുട്ടിയും കുരങ്ങും മയിലും ആനക്കുട്ടിയുമൊക്കെയായി മാറ്റുന്നു.
കളിയുടെ ഒടുവിൽ, മറ്റേതോ നാട്ടിലേയ്ക്കുള്ള സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് കുട്ടികളെ തിരിച്ച് മനുഷ്യക്കുട്ടികളാക്കി മാറ്റുന്നുണ്ട് കുമ്മാട്ടി. എന്നാൽ അവരിലൊരാൾക്ക്, നായ്ക്കുട്ടിയായ് മാറിയ ചിണ്ടന് അതേ രൂപത്തിൽ തുടരേണ്ടി വരുന്നു. അതറിയാതെ (അതോ അറിഞ്ഞുകൊണ്ടു തന്നെയോ) തന്റെ യാത്രയുടെ വഴികളിലേയ്ക്ക് വീണ്ടും ഇറങ്ങിനടന്നുകഴിഞ്ഞിരുന്നു  കുമ്മാട്ടി.
 മലയാള സിനിമയിലെ ഒരു പക്ഷേ ആദ്യത്തെ കറതീർന്ന മാജിക്കൽ റിയലിസത്തിന്റെ അനുഭവം ഈ രംഗത്തിലൂടെയായിരിക്കും പ്രേക്ഷകൻ അറിഞ്ഞിരിക്കുക. ചിത്രത്തിലുടനീളം ഈ ‘മാജിക്’ അനുഭവം നിലനിർത്തിയിരിക്കുന്നു, സംവിധായകൻ!
ലളിതമായി കഥ പറയുമ്പോഴും ഏറ്റവും സൂക്ഷ്മമായി മനുഷ്യരെയും ലോകത്തെയും നിരീക്ഷിക്കുകയും അതുവഴി തികഞ്ഞ ചരിത്രബോധത്തോടെ തന്റെ  രാഷ്ട്രീയ ഉള്ളടക്കത്തെ വെളിവാക്കുകയും ചെയ്യുന്ന അത്യപൂർവ്വമായ സിദ്ധിവിശേഷം ‘കുമ്മാട്ടി’യിലും അരവിന്ദന്റേതായി തെളിഞ്ഞുകാണാം.
വിശ്വാസങ്ങളും ദൈവ സങ്കല്പവുമൊക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഗ്രാമത്തിൽ പുലരുമ്പോഴും കുട്ടികൾ കുസൃതികളുടെ രൂപത്തിൽ ചില ചോദ്യം ചെയ്യലുകൾ നിർവ്വഹിക്കുന്നുണ്ട്. അതിനവരെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസം തന്നെയാണ്.കുമ്മാട്ടിയെക്കുറിച്ച് അമ്പലമുറ്റത്തെ മുത്തശ്ശിയിൽ നിന്ന് ഐതിഹ്യസ്വഭാവമുള്ള നിറം പിടിപ്പിച്ച കഥകൾ കേൾക്കുന്നതിന് സമാന്തരമായിത്തന്നെ അവർ സ്ക്കൂളിൽ ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിക്കുന്നുണ്ട്.
ആ പഠനം പകർന്ന ഊർജത്തോടൊപ്പം ജീവിതാനുഭവങ്ങളുടെ ചൂടുള്ള തിരിച്ചറിവുകളും പ്രകടമാണ്, നാട്ടിലേയ്ക്ക് വീണ്ടുമെത്തുന്ന കുമ്മാട്ടിയുടെ ആലിംഗനത്തിൽ തിരികെ മനുഷ്യരൂപം പ്രാപിക്കുന്ന ചിണ്ടന്റെ തുടർപ്രവൃത്തികളിൽ . നായ്ക്കുട്ടിയുടെ രൂപത്തിലും തന്നെ തിരിച്ചറിഞ്ഞ വീട്ടിലെ തത്തയെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേയ്ക്ക് പറത്തിവിട്ടുകൊണ്ടാണ് ചിണ്ടൻ തന്നോടുതന്നെയും ലോകത്തോടും പ്രതികരിക്കുന്നത്.
കുമ്മാട്ടി ഒരു വെറും സിനിമയല്ല. അത് കവിത പോൽ വിരിഞ്ഞ്, മിത്തായി പടർന്ന്,തിരിച്ചറിവിന്റെ കൂടി സുവിശേഷമായി മാറുന്നുണ്ട്. പ്രകൃതി ഇത്രമേൽ നിറസാന്നിദ്ധ്യമായി അനുഭവിപ്പിക്കപ്പെടുന്ന മറ്റൊരു ചലച്ചിത്രം മലയാളത്തിലുണ്ടോ എന്നു സംശയം. തുറന്നു പരന്നുകിടക്കുന്ന സമതലങ്ങളും മലയടിവാരങ്ങളും വൃക്ഷച്ചുവടുകളും കുളങ്ങളുമൊക്കെ അവയുടെ ജീവനോടെ പകർത്തപ്പെട്ട് പ്രകൃതിയെ ഒരു കഥാപാത്രമായിത്തന്നെ അരവിന്ദൻ ‘കുമ്മാട്ടി’യിൽ വിന്യസിച്ചിരിക്കുന്നു.മലയാളത്തിലെ എക്കാലത്തേയും മികച്ച ഛായാഗ്രഹണമികവ് അന്വേഷിച്ചലയുന്നവർക്ക് ‘കുമ്മാട്ടി’യിലേക്ക് വഴികാണിച്ചുതരുന്നു തന്റെ സ്വപ്നസദൃശമായ ഫ്രെയിമുകളിലൂടെ ഷാജി എൻ.കരുൺ. നാട്ടുമണമുള്ള തന്റെ വാക്കുകളിലൂടെയും ശീലുകളിലൂടെയും കാവാലം ചിത്രത്തിന് മറ്റൊരു അനുഭവതലം സമ്മാനിക്കുന്നു.
IFFK-യിലും IFFl-യിലും മറ്റു ചലച്ചിത്രമേളകളിലുമായി ലോകോത്തരങ്ങളെ അന്വേഷിച്ച്
തീർത്ഥാടനം നടത്തുന്ന പഴയതും പുതിയതുമായ തലമുറക്കാർക്കും
സിനിമയാൽ ശുദ്ധം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവർക്കും മുങ്ങിനിവരാൻ പറ്റിയ, കെട്ടിക്കിടക്കാത്ത കാലത്തെയും വഹിച്ചൊഴുകുന്ന ചലച്ചിത്രാനുഭവത്തിന്റെ നിർമ്മല ജലം തന്നെയാകുന്നു ‘കുമ്മാട്ടി’..!
Comments
Print Friendly, PDF & Email

എഴുത്തുകാരൻ തിരക്കഥാകൃത്ത സംവിധായകൻ

You may also like