കവിത

അപ്പനും ഭഗവതീം കറ്റക്കുഞ്ഞുങ്ങളും ഞങ്ങടെ മുണ്ടകത്തിനേം പുഞ്ചേം അനാഥമാക്കിയതെങ്ങിനെയെന്നാൽ ….sudheerraj

അപ്പൻ കറ്റ മോട്ടിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
തട്ടുമ്പുറത്തു കറ്റയൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് തട്ടുമ്പുറമില്ലായിരുന്നു .
പത്തായത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് പത്തായമില്ലായിരുന്നു .
ചായ്പ്പിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് ചായ്പ്പില്ലായിരുന്നു.
എരുത്തിലിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
*ഞങ്ങൾക്കെരുത്തിലില്ലായിരുന്നു.
പുരയിടത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല .
ഞങ്ങൾക്ക് പുരയിടമില്ലായിരുന്നു.

വിതച്ചതപ്പൻ
ഞാറു നട്ടതപ്പൻ
വെള്ളം തേകിയതപ്പൻ
വളമെറിഞ്ഞതപ്പൻ
ഇടകിളച്ചതപ്പൻ
കള പറിച്ചതപ്പൻ
കാവലിരുന്നതപ്പൻ
കൊയ്തതപ്പൻ
മെതിച്ചതപ്പൻ
എന്നിട്ടും ,
പതമളന്ന മൂപ്പീന്ന് കൊടുത്തതല്ലാതെ
ഒരു മണി നെല്ല് വട്ടീലിട്ട്
കുടീല് കൊണ്ടു വന്നിട്ടില്ല .
എന്നിട്ടീ കറ്റയെല്ലാമപ്പനെടുത്തെന്നു പറഞ്ഞാ
ഞങ്ങള് വിശ്വസിക്കത്തില്ല.

(കറ്റക്കുഞ്ഞുങ്ങള് പറ്റിച്ച പണി കണ്ടോ ..
പൂച്ചം പൂച്ചം അപ്പനോട് പറഞ്ഞും കരഞ്ഞും
അപ്പനെ പാട്ടിലാക്കാൻ നോക്കുന്ന കണ്ടോ …)
അപ്പാ അപ്പാ
വിത്തിട്ടപ്പത്തൊട്ട് ഞങ്ങളപ്പന്റെ
കൂടിരിക്കുവാന്നേ.
അപ്പൻ ഞങ്ങടപ്പനാ
ഞങ്ങളേം കൊണ്ടു പോ.

(പിന്നെ കറ്റയെല്ലാം കൂടെ അപ്പനെ കൊതിപ്പിക്കാൻ തുടങ്ങി )
അപ്പാ അപ്പാ
അപ്പന് അഞ്ചു മക്കളല്ലേയുള്ള്
ഞങ്ങളേം കൂട്ട്
ഞങ്ങളേ..ഞങ്ങളേ ,,
അപ്പന്റെ വിയർപ്പ് ചാല് കീറി
അപ്പന്റെ ചോര ചാല് കീറി
അപ്പന്റെയുപ്പു ചാല് കീറി
അപ്പന്റെ തപ്പ് ചാല് കീറി
അപ്പന്റെ പാട്ട് ചാല് കീറി
ഒണ്ടായ മക്കളല്ലിയോ….

പോയിനെടാ കുരുത്തംകെട്ടതുങ്ങളേ
എന്റുടയോനേക്കൊണ്ടെന്നെ പറയിപ്പിക്കാതെ
*മണ്ടയ്ക്കാട്ടമ്മ ” കുരു പൊറപ്പെട്ട്”**
ദേശം മുടിപ്പിക്കുന്ന കള്ളത്തരം പറയാതെ
പോയിനെടാ …..
കറ്റയെല്ലാം കരഞ്ഞോണ്ട്
എങ്ങാണ്ടോട്ട് ഇറങ്ങിപ്പോയി.

കറ്റ കാണാഞ്ഞ്
എമാന്മാരെല്ലാം കൂട്ടോം കൂടി
കാലത്തെ അപ്പന്റെ കുടീലോട്ടു വന്ന്.
കറ്റക്കള്ളാന്നു വിളിക്കാൻ
വാ തുറക്കുവേം
വടിവാളുമരിവാളും കൊണ്ട്‌
ആറരയടി പൊക്കത്തിലപ്പനൊന്നു വിരിഞ്ഞു.

മുള്ളാൻ മുട്ടിയ തമ്പ്രാര് കേൾക്കെ
അപ്പനലറി..”വാ എന്റെ പൊന്നു മക്കളെ ”
താഴേന്നും മേളീന്നും മണ്ണീന്നും മാനത്തൂന്നും
പുഞ്ചേന്നും പറമ്പീന്നും വീട്ടീന്നും നാട്ടീന്നും
വഴീന്നും വരമ്പത്തൂന്നും
അപ്പാ അപ്പാന്നും വിളിച്ച്
കറ്റക്കുഞ്ഞെല്ലാമോടിവന്നപ്പനെ കെട്ടിപ്പിടിച്ചു .
കറ്റക്കുഞ്ഞുങ്ങടെ കരച്ചിലെല്ലാം
നെല്ലുപോലപ്പന്റെ കാലേ വീണ്.

കൂട്ടത്തിലേറ്റോം കൊച്ചു കറ്റക്കുഞ്ഞുമെടുത്തു
ബാക്കിയൊള്ളതുങ്ങളേം വിളിച്ചോണ്ട്
ഇനി *”അവളോട്‌” ചോദിക്കാമെന്നും പറഞ്ഞ്
പട്ടുമുടുത്തു കൊടീം കോലോം പിടിച്ച്
മണ്ടയ്ക്കാട്ടേക്കൊറ്റ നടത്തം വെച്ചു കൊടുത്ത്.

പിന്നിതേവരെ ഞങ്ങടെ മുണ്ടകത്തിലും
പുഞ്ചേലും ഒരു മണി നെല്ല്‌ വിളഞ്ഞിട്ടില്ല.


*മണ്ടയ്ക്കാട്ടു ഭഗവതി .
**കുരു പുറപ്പെട്ട്-വസൂരി ഭഗവതി വാരി വിതയ്ക്കുമെന്ന് സങ്കല്പം
***എരുത്തിൽ -തൊഴുത്ത് 

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.