ഓർമ്മ

തിലോദകം്രിയ സുഹൃത്തും ചലച്ചിത്രകാരനുമായ കെ ആർ മോഹനൻ ഓർമ്മയായി. ഇടക്കഴിയൂരിന്‍റെ അടുത്ത ഗ്രാമമായ തിരുവത്ര സ്വദേശി. ഒരുപാട് വർഷത്തെ സുഹൃത്ബന്ധം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഒരാൾ എന്നനിലയിൽ മോഹനനെ വീട്ടിൽ ചെന്ന് ഭയ-ഭക്തി-ബഹുമാനത്തോടെ വർഷങ്ങൾക്ക്‌ മുൻപ് പരിചയപ്പെട്ടത് ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. (ഗുരുവായൂർക്കാരനായ കെ എൻ ശശിധരനെ പിന്നീടാണ് പരിചയപ്പെടുന്നത്) അന്ന് വിൻസന്‍റ് മാഷുടെ അസ്സോസിയേറ്റ് ആയിരുന്ന മോഹനൻ ഫീച്ചർ ഫിലിമുകൾ ചെയ്ത് തുടങ്ങിയിട്ടില്ല..

KRMO

തിരുവനന്തപുരത്തു ചെല്ലുമ്പോൾ ഞാൻ സ്ഥിരമായി വിളിക്കാറുള്ള രണ്ടുപേരിൽ ഒരാൾ മോഹനനായിരുന്നു, മറ്റേയാള്‍ സിനിമാനിരൂപകനും സം‌വിധായകനുമായ വിജയകൃഷ്ണനും. (തിരുവനന്തപുരത്തെ എന്‍റെ ബലം എന്ന് ഞാൻ പറയും) സ്ഥലത്തുണ്ടെങ്കിൽ രണ്ടുപേരും എന്‍റെ താവളത്തിൽ എത്തും. പിന്നെ അല്പം ആത്മീയ സല്ലാപം. ശേഷം ഭക്ഷണം കഴിച്ചു പിരിയൽ. പതിവിനു വിപരീതമായി, കഴിഞ്ഞ തവണ മോഹനനെ ഉച്ചക്ക് വീട്ടിൽ ചെന്ന് കാണുകയായിരുന്നു. (കൂടെ കൃഷ്ണദാസും ചന്ദ്രനും) മോഹനന്‍ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു. ചാവക്കാട് ഘരാന സ്ഥിരമായി നടത്തിവരുന്ന ഓണാഘോഷത്തിന്‍റെ പ്രധാന ശക്തികളിൽ ഒന്ന് മോഹനനായിരുന്നു. കഴിഞ്ഞ വർഷത്തെ ആഘോഷത്തിന് ശ്രീരാമൻ വിമുഖത കാണിച്ചപ്പോൾ, അതുശരിയല്ല, ആഘോഷം ഭംഗിയായി നടത്തണം എന്ന വാശി മോഹനനായിരുന്നു.

മനസ്സിൽ നിറയെ സ്നേഹം സൂക്ഷിക്കുന്നവർക്ക് ഒരു പാട് സിനിമകൾ ചെയ്യാൻ കഴിയില്ല എന്ന്‍ പറയാറുണ്ട്. മോഹനന്‍റെ മനസ്സിൽ നിറയെ സ്നേഹമായിരുന്നു. അതുകൊണ്ടുതന്നെ ആകെ മൂന്ന് ഫീച്ചർ ചിത്രങ്ങളെ 1978 നും 1992 നും ഇടയിൽ മോഹനന് ചെയ്യാൻ കഴിഞ്ഞുള്ളു- അശ്വത്ഥാമാവ്, പുരുഷാർത്ഥം, സ്വരൂപം എന്നിവ. ഇതിൽ ആദ്യത്തെ രണ്ടു ചിത്രവും സി വി ശ്രീരാമന്‍റെ കഥയെ ആശ്രയിച്ചിട്ടുള്ളതാണ്. സ്വരൂപത്തിന്‍റെ കഥയും തിരക്കഥയും മോഹനന്‍റേതുതന്നെയാണ്. അശ്വത്ഥാമാവിന് 1978 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‍കാരം പങ്കിട്ടുകിട്ടിയിട്ടുണ്ട്. എം ടി യുടെ ബന്ധനം ആയിരുന്നു മറ്റൊരുചിത്രം) പുതിയൊരു ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരുന്നെങ്കിലും അത് നടക്കാതെ പോകുകയായിരുന്നു (എനിക്കത് വായിക്കാൻ തന്നിരുന്നു, പേര് ഓർക്കാൻ കഴിയുന്നില്ല)

ചലച്ചിത്ര വികസന കോർപറേഷൻ ഉദ്യോഗസ്ഥൻ, കൈരളി ചാനലിന്‍റെ തുടക്കത്തിൽ പ്രോഗ്രാം ഡയറക്റ്റർ, പിന്നീട് ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ എന്നീ നിലകളിൽ നിർവഹിച്ച ദൗത്യങ്ങൾ എക്കാലവും ഓർമ്മിക്കത്തക്കതാണ്. പലപ്പോഴായി കേരളത്തിലെയും കേന്ദ്രത്തിലെയും ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ചാവക്കാട് സർക്കാർ ഹൈ സ്കൂൾ അധ്യാപകനായിരുന്ന രാമൻ മാസ്റ്ററുടെ മകനായ മോഹനൻ ഏറെ കാലമായി തിരുവനന്തപുരത്താണ് താമസിച്ചിരുന്നതെങ്കിലും ജന്മനാട്ടിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഭാര്യയുടെ അകാല മരണമാകാം ഒരു പക്ഷെ മോഹനനെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാകുക. സ്വന്തം തറവാട്ടു വീടിന് സമീപം മോഹനൻ നിർമ്മിക്കാൻ തുടങ്ങിയ വീടിന്‍റെ പണി അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്തും നാട്ടിലും മാറിമാറി താമസിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കഴിഞ്ഞ തവണ കണ്ടപ്പോൾ പറയുകയും ചെയ്തു.

പക്ഷെ ഒന്നിനും കാത്തുനിൽക്കാതെ മോഹനനെ രംഗബോധമില്ലാത്ത ആ കോമാളി കൂട്ടിക്കൊണ്ടുപോയി.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.