പൂമുഖം LITERATUREകഥ കുരിശുമരണം

കുരിശുമരണം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ുരിശിലേറി മരിച്ച ജോസഫിന്‍റെ വീടല്ലേ ഇത്?”

സബ് ഇൻസ്‌പെക്‌ടർ  രാഘവൻ  പിള്ള മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറിക്കൊണ്ട്  ചോദിച്ചു.   വഴുവഴുപ്പുള്ള  ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റം  കയറി വന്ന തളർച്ചയിൽ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.   കിതപ്പിനിടയിൽ  താളം തെറ്റിയ ശ്വാസത്തോടൊപ്പം  മുറിഞ്ഞുപോയ  തന്‍റെ ചോദ്യം അവിടെ ആരെങ്കിലും കേട്ടുവോ എന്ന് സംശയിച്ച്   അയാൾ വരാന്തയിൽ തന്നെ എന്തോ പ്രതീക്ഷിച്ച്  നിന്നു.  മുറ്റത്തെ വെയിലിൽ  നിന്നും പെട്ടെന്ന് വരാന്തയിലെ മങ്ങിയ ഇരുട്ടിലേക്ക് കയറിയതിനാലാവണം കാഴ്ചകൾ തെളിഞ്ഞു കിട്ടാതെ ദിക്കും ദിശയും നഷ്ടപ്പെട്ട്  വഴിതെറ്റിയ ഒരു സഞ്ചാരിയെപ്പോലെ അയാൾ  നിന്നു.   കണ്ണുകൾ പല തവണ അടച്ചു തുറന്നപ്പോള്‍ കാഴ്ച തെളിഞ്ഞു. വരാന്തയിൽ താന്‍ തനിച്ചല്ലെന്ന്‍ മനസ്സിലായി.  ആദ്യം കണ്ണിൽപ്പെട്ടത്  രണ്ട് കസേരകളിൽ  വെളുത്ത വസ്ത്രങ്ങളാൽ തല മറച്ച്   കുമ്പിട്ടിരിക്കുന്ന രണ്ട് സ്ത്രീകളെയാണ്.  പെട്ടെന്നയാള്‍ക്ക് ഏതോ കഥയിൽ വായിച്ച മാലാഖമാരെ ഓർമ്മ വന്നു.   കാഴ്ച കുറച്ചുകൂടി തെളിഞ്ഞപ്പോഴാണ്  അവർക്ക് നടുവിലായി ഒരു  കട്ടിലിൽ   കിടക്കുകയായിരുന്ന മൂന്നാമത്തെ സ്ത്രീയെ കണ്ടത്.   ആറടി പൊക്കവും തടിച്ച വയറുമുള്ള രാഘവൻ പിള്ളയെ കണ്ടതും കസേരയിൽ ഇരിക്കുകയായിരുന്ന  സ്ത്രീകൾ എണീറ്റു.  അയാൾക്ക് ഇരിക്കാനായി  കസേരകൾ  നീക്കിയിട്ടു കൊടുത്തിട്ട് ചുവരിനോട് ചേർന്ന് അല്പം ഭയത്തോടെ മാറി നിന്നു. അവരിൽ ഒരാൾ എന്തോ ഓർമ്മ വന്നത് പോലെ  കട്ടിലിൽ കിടന്നിരുന്ന ഒരു ബെഡ്ഷീറ്റ് എടുത്ത്  മലർന്ന് കിടക്കുകയായിരുന്ന സ്ത്രീയുടെ   മാറിടവും നഗ്നമായ വയറും പോലീസുകാരന്‍റെ   കണ്ണ് പതിയാത്ത വിധം  മൂടി വച്ചു.

“അപ്പൊ ഇതാണ് ജോസഫിന്‍റെ കെട്ടിയോൾ  അല്ലെ?,  എന്താ ഈ കൊച്ചിന്‍റെ  പേര്?”    രാഘവൻ പിള്ള  തന്‍റെ ആദ്യത്തെ  ചോദ്യം ആരുടേയും മുഖത്ത് നോക്കാതെയാണ് ചോദിച്ചത്.

“ആയിശുമ്മ”  ചുമരിൽ ചാരിനിന്നിരുന്ന  സ്ത്രീകളിൽ ഒരാൾ  തന്‍റെ തലയിലെ തട്ടം നേരെയാക്കിയിട്ട്  പറഞ്ഞു.

“ഓഹോ  അതെന്താ അങ്ങനെ?  ജോസഫിനോടൊപ്പം ആയിശുമ്മ?  ഞാൻ കരുതി വല്ല മറിയമോ, മേരിയോ ആയിരിക്കുമെന്ന്”.  രാഘവൻ പിള്ള  ചൂരൽ കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

അതിന്‍റെ ഉത്തരം കിട്ടില്ല   എന്നുറപ്പുള്ളത്  പോലെ  അയാൾ  തന്‍റെ ഭാരം താങ്ങാതെ  ഒരു വശത്തേക്ക് ചരിഞ്ഞുപോയ ചൂരൽ കസേരയിൽ ഇരുന്ന് പാന്‍റിന്‍റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് പുറത്തെടുത്തു.  സാവധാനം അതിൽ നിന്നും ഒരു സിഗരറ്റെടുത്ത്  തീപ്പെട്ടിയുടെ  മുകളിൽ പലതവണ തട്ടി  പുകയിലയെ  ഒരു വശത്തേക്ക് ഒതുക്കി ചുണ്ടിൽ വച്ച് വിരലുകൾ കാറ്റുകടക്കാതെ ഒതുക്കിപ്പിടിച്ച്  തീ കൊളുത്തി.  ഒരു കവിൾ നിറയെ പുക   ആർത്തിയോടെ  ഉള്ളിലേക്ക് ആഞ്ഞു വലിച്ചെടുത്ത് ഒരു നിമിഷം അയാൾ കണ്ണുകളടച്ചു.   നിമിഷങ്ങൾ കഴിഞ്ഞിട്ടും ഉള്ളിലേക്ക് പോയ  പുക പുറത്ത് വരാതിരുന്നപ്പോൾ   നരച്ച രോമങ്ങൾ പുറത്തേക്ക് നീണ്ടു നിന്നിരുന്ന അയാളുടെ മൂക്കിലേക്കും കറപിടിച്ച ചുണ്ടുകളിലേക്കും  രണ്ട് സ്ത്രീകളും പ്രതീക്ഷയോടെ  നോക്കിയിരുന്നു.

“ആയിശുവിനോട്   എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്”.

അതു വരെ  ഉള്ളിൽ എവിടെയോ മറഞ്ഞിരുന്ന  പുക  നേരിയ പടലങ്ങളായി  മൂക്കിലൂടേയും  വായിലൂടേയും വാക്കുകൾക്ക് മുന്നിലും പിന്നിലുമായി  പുറത്തേക്ക്  വന്നതും  അതിന്‍റെ കടച്ചിലിൽ  അയാളുടെ ശബ്ദം ഇടറിയതും  സ്ത്രീകൾ  ശ്രദ്ധിച്ചു.

“ആയിശുമ്മയോടാണ്  ഞാൻ ചോദിക്കുന്നത്?”  ആരും ഒന്നും മിണ്ടാതിരുന്നപ്പോൾ രാഘവൻപിള്ള  ശബ്ദമുയർത്തി.

“സാറേ ആയിശുമ്മ  രണ്ടീസായി ദാഹിച്ച വെള്ളം കുടിച്ചിട്ടില്ല. അതിയാന്‍റെ ശരീരം കാണും വരെ ആഹാരം ഇറങ്ങില്ലെന്നാ പറയണേ. കെട്ടിയോനല്ലേ  ആരും സഹിക്കൂല്ല.     മനിശമ്മാരോട്  വായ് തുറന്ന് ഒരക്ഷരം സംസാരിക്കാത്തവനാ അങ്ങേര്.  ഇങ്ങനെയൊരു കടുംകൈ  ചെയ്യുമെന്ന് ആരും നിരീച്ചില്ല”.
ഇത്രയും പറഞ്ഞിട്ട് അവൾ  ആയിശുവിനെ  വേദനയോടെ നോക്കി.
“ഈ കൊച്ച്   ഇങ്ങനെ തിന്നാതേയും കുടിക്കാതേയും കിടന്നാല്  കുരിശിൽ മരിച്ചവൻ  മൂന്നാം നാൾ ഉയിർത്തെണീക്കുമോ?”  സിഗരറ്റിന്‍റെ ചാരം നിലത്തേക്ക് കുടഞ്ഞിട്ട്  കൊണ്ട് രാഘവൻ പിള്ള  ദ്രവിച്ചു തുടങ്ങിയ ചൂരൽ കസേരയിൽ ഇരുന്ന് കുലുങ്ങിച്ചിരിച്ചു.
“കൊച്ചേ ഞങ്ങൾ പോലീസുകാർക്ക്  ചില നടപടി ക്രമങ്ങളൊക്കെയുണ്ട്. അത് തീരുംവരെ കെട്ടിയോനെ  മോർച്ചറിയിൽ സൂക്ഷിക്കാതെ വേറെ നിവർത്തിയില്ല.  കൊച്ച് വിഷമിക്കേണ്ട  ഒന്നുമില്ലെങ്കിലും കുരിശു മരണമല്ലേ.  സാധാരണ ഒരു മനുഷ്യന് കിട്ടുന്നതാണോ അങ്ങിനെയൊരു അന്ത്യം?  കർത്താവിൽ നിദ്ര പ്രാപിച്ചവനാ അവൻ.  അവനവിടെ ഒരു കുറവുമുണ്ടാവില്ല. എനിക്കറിയേണ്ടത് ജോസഫിന്‍റെ കുരിശു മരണത്തിൽ ആയിശുമ്മയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ എന്നതാണ്.  അത് പറയൂ.  അതായത്  അങ്ങേരെ  കുരിശിൽ തറയ്ക്കാൻ വിധം ശത്രുക്കളായി ആരെങ്കിലും ഉണ്ടായിരുന്നോ?  ആരെങ്കിലും അയാളെ ഒറ്റികൊടുത്തോ?   പോലീസിനോട് സഹകരിച്ചാൽ എല്ലാവർക്കും  നല്ലതാ. ഞങ്ങളുടെ പണി എളുപ്പമാക്കും. കുരിശിലേറ്റിയവനേയും ഒറ്റികൊടുത്തവനേയും കയ്യോടെ പിടിക്കാം.”

ഞാൻ പറയേണ്ടത് പറഞ്ഞു എന്ന മട്ടിൽ  രാഘവൻപിള്ള  നിർത്തി.  ആരും ഒന്നും സംസാരിക്കാതിരുന്ന ആ നിശബ്ദതയിൽ അയാൾ എന്തോ ചിന്തിച്ച് അസ്വസ്ഥനായി.  പുകയുന്ന സിഗരറ്റിനെ  ഒരു നിമിഷം  വിരലുകൾ കൊണ്ട് തൊടാതെ  ചുണ്ടിൽത്തന്നെ കടിച്ചു പിടിച്ചു നിർത്തി. ഇടത് കൈ കൊണ്ട് ബെൽറ്റിനുള്ളിലൂടെ, തടിച്ച വയറിനടിയിലൂടെ  ഉള്ളിലേക്ക്  കടത്തി തന്‍റെ  വിയർക്കുന്ന വൃഷണങ്ങളെ വിരലുകൾ കൊണ്ട് പിടിച്ച്  നേരെയാക്കി  ഒരു നെടുവീർപ്പോടെ കസേരയിൽ ഒന്നുകൂടി നിവർന്നിരുന്നു.

അതു വരെ ചുമരിലേക്ക് വെറുതേ  നോക്കിക്കിടന്നിരുന്ന ആയിശു  രാഘവൻ പിള്ളയുടെ  നേരെ  തിരിഞ്ഞു.

“സുഹൃത്തുക്കളായി ആരുമില്ല.  ഇവിടെ ആരും വരാറുമില്ല”.

“ബന്ധുക്കളോ മറ്റോ?”.

“ഇല്ല,  കുറെ വർഷങ്ങളായി  ഇവിടെ ആരും വരാറില്ല”.

ചോദ്യങ്ങൾ  അവസാനിച്ചപോലെ  രാഘവൻപിള്ള  പെട്ടെന്ന് നിശബ്ദനായി.   ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ അറിയാനും ഇനിയും എത്രയോ നേരം ബാക്കി ഉണ്ടല്ലോ എന്ന ചിന്തയിൽ,  തിരക്കുകളില്ലാതെ  അയാൾ മുറ്റത്തേക്ക് നോക്കി വെറുതേയിരുന്നു.  എന്നോ  പെയ്ത  മഴയിൽ മുറ്റത്തെ ഇറമ്പിൽ  കെട്ടി നിന്നിരുന്ന  മഴവെള്ളത്തിന് മുകളിലൂടെ  നീന്തി തുടിക്കുന്ന  കൂത്താടികൾ.  ചിറകു മുളച്ച  ഈയ്യലുകൾ  ഉച്ച വെയിലിലേക്ക് പറന്നു പൊങ്ങി.  മരണത്തിന് തൊട്ടുമുൻപുള്ള ആ പ്രാണികളുടെ  ആകാശ കാഴ്ചകൾക്കായുള്ള  അവസാന യാത്ര നോക്കിയിരുന്നപ്പോൾ  അയാളുടെ ഉള്ളിൽ  ആരോടോ എന്തിനോടോ എന്നറിയാൻ കഴിയാത്ത വിധം ഒരു ദുഃഖം ഊറിക്കൂടി.  ഒരു കവിൾ പുക ശക്തിയോടെ ഉള്ളിലേക്ക് വലിച്ചെടുത്ത്   രാഘവൻ പിള്ള  കണ്ണുകളടച്ചിരുന്നു.

ഉച്ച വെയിലിന്‍റെ ചൂടുള്ള ഒരു കാറ്റ്  മുറ്റം കടന്ന് വരാന്തയിലേക്ക് കയറി വന്നു. വീടിനുള്ളിൽ നിന്നും പുകയുന്ന കുന്തിരിക്കത്തിന്‍റെ മണം വരുന്നതായും, ദൂരെയെവിടെയോ കൂട്ട പള്ളിമണികൾ മുഴങ്ങുന്നതായും രാഘവൻ പിള്ളയ്ക്ക്  തോന്നി.  മലമുകളിൽ എവിടെയോ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നൊരു  കുരിശിൽ  താടിയും മുടിയും നീട്ടി വളർത്തിയ ജോസഫിന്‍റെ മെലിഞ്ഞ ശരീരം   മുഖം താഴ്ത്തി  തൂങ്ങി നിന്നു.  കുരിശേറിയവന് കാവലിരിക്കുന്നപോലെ  താഴെ  മൂന്ന് മാലാഖമാർ മുഖം താഴ്ത്തി മുട്ടുകാലിൽ ഇരിപ്പുണ്ട്. അതിൽ ഒരു മാലാഖ മുഖം തിരിച്ച് രാഘവൻ പിള്ളയോട് ചോദിച്ചു:

“സാറിന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ? പാലില്ല, കട്ടൻ കാപ്പി …?”

അയാൾ കണ്ണുകൾ തുറന്നു. “വേണ്ട മോരുംവെള്ളം ഇരിപ്പുണ്ടോ? എങ്കിൽ രണ്ട് പച്ചമുളക് ഞെരടിയിട്ട് എടുത്തോ. ഈ ഉരുകുന്ന ചൂടിന് അതാ നല്ലത് “

കാക്കി വസ്ത്രങ്ങൾക്കുള്ളിലൂടെ   ഉരുകിയൊലിക്കുന്ന വിയർപ്പ്  വൃഷണങ്ങൾ വരെ എത്തി തന്നെ അസ്വസ്ഥനാക്കുന്നത്  അയാളറിഞ്ഞു..    തടിച്ചു ചീർത്ത  ശരീരവും  വലിഞ്ഞു തൂങ്ങിയ ചില അവയവങ്ങളും ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ചുമന്നു കൊണ്ട് നടക്കേണ്ടിവരുന്നത് ദുരിതം തന്നെയാണ് .  സർവ്വീസിൽ നിന്നും വിരമിക്കാൻ ഇനി മൂന്നു മാസങ്ങൾ  മാത്രം.  ഇത്രയും കാലങ്ങളിൽ ഈ ഭാരമേറിയ ശരീരവും ചുമന്ന്  എവിടെയൊക്കെ അലഞ്ഞിരിക്കുന്നു. എത്രയോ കേസുകൾ അന്വേഷിച്ചിരിക്കുന്നു. തൂങ്ങി മരണങ്ങൾ, ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, കവർച്ചകൾ, അടിപിടിക്കേസുകൾ, പീഡനക്കേസുകൾ.     ഏതെല്ലാം സ്ഥലങ്ങളിലൂടെ എത്രയെത്ര യാത്രകൾ നടത്തിയിരിക്കുന്നു.  തുരുമ്പു പിടിച്ച മുള്ളുവേലികൾ കവച്ചു വച്ചും, മഴവെള്ളം കുത്തിയൊലിച്ച തോടുകൾ മുറിച്ചു നടന്നും, കരകവിഞ്ഞൊഴുകിയ ആറുകൾ നീന്തിക്കയറിയും, മലകയറിയും, ചുരമിറങ്ങിയും നടത്തിയ യാത്രകൾ,  എത്രയെത്ര  തെളിവെടുപ്പുകൾ. എത്ര  കേസുകൾക്ക് തുമ്പു കണ്ടെത്തിയിരിക്കുന്നു!

രാഘവൻ പിള്ള പുകയുന്ന  സിഗരറ്റും  കയ്യിൽ പിടിച്ച്  ദ്രവിച്ച ചൂരൽ കസേരയിൽ  കണ്ണുകളടച്ചു പിടിച്ച് ഉള്ളിലേക്ക് നോക്കിക്കിടന്നു.

ആരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും, ചിലപ്പോൾ സ്റ്റേഷനിൽ ആരെയെങ്കിലും ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോഴും പെട്ടെന്ന് ഇത്തരം നിശ്ശബ്ദ ലോകങ്ങളിലേക്ക്  ഉൾവലിയാറുള്ളത്  രാഘവൻ പിള്ളയുടെ ജീവിതത്തിൽ ഈയിടെയായി കൂടിയിട്ടുണ്ട്.  സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ നിന്നും തെന്നിമാറി, ചിന്തകളില്ലാത്ത ചില കൊച്ചു കൊച്ചു തുരുത്തുകളിലേക്ക്  തനിയേ ഇറങ്ങിപ്പോവുക. ഉറക്കമാണോ അതോ ഉണർന്നിരിക്കുകയാണോ എന്ന് തനിക്കുപോലും തീർപ്പിച്ചു പറയാൻ കഴിയാത്ത ചില അവസ്ഥകളിൽ  അയാൾ അപ്പോൾ എത്തിച്ചേരാറുണ്ട്.  ചില ഉച്ചനേരങ്ങളിൽ  ആണ് ആ  ലോകങ്ങളിലേക്കുള്ള  യാത്രകൾ കൂടുതലും.  അപ്പോഴൊക്കെ  അപകടങ്ങളിൽ മരിച്ചവരും   അക്രമങ്ങളിൽ കൊല ചെയ്യപ്പെട്ടവരും, പീഡനങ്ങളിൽ മരിച്ച കുട്ടികളും  തനിക്ക്  ചുറ്റും ഒരു വലയം തീർത്ത്  നിൽക്കുന്നതായും  തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതായും രാഘവൻ പിള്ളക്ക് തോന്നാറുണ്ട്. ചോദ്യം ചെയ്യുന്നതിനിടയിൽ അടിവയറ്റിൽ തന്‍റെ ചവിട്ടു കൊണ്ട് രോഗികളായി മരിച്ചവർ രക്തമൊലിക്കുന്ന അടിവയറുകൾ താങ്ങിപ്പിടിച്ച് തനിക്കു നേരെ നിന്ന് നില വിളിക്കുന്നതായും,  തെളിയിക്കപ്പെടാതെ പോയ കേസുകളിലെ  രക്ഷപ്പെട്ട  കുറ്റവാളികൾ   അയാളുടെ മുന്നിലെത്തി ഉടുവസ്ത്രങ്ങൾ ഉയർത്തിക്കാട്ടിയും, നടുവിരൽ വായിലേക്കിട്ട് അസഭ്യ മുദ്രകൾ കാട്ടിയും  വെല്ലുവിളിക്കുന്നതായും തോന്നാറുണ്ട്.

ആ ഉച്ചനേരത്ത്  തന്‍റെ ആരുമല്ലാത്ത  മൂന്ന്  സ്ത്രീകൾക്ക് സമീപം   കണ്ണുകളടച്ചിരുന്നപ്പോൾ   കുരിശിൽ നിന്നിറങ്ങി  വന്ന ജോസഫ് തന്‍റെ മുന്നിൽ തേജസുറ്റ മുഖത്തോടെ, പുഞ്ചിരിച്ചുകൊണ്ട്  നിൽക്കുന്നത് അയാൾ കണ്ടു.   തന്‍റെ വലത് കൈ ഉയർത്തി രാഘവൻ പിള്ളയുടെ നെറുകയിൽ  സ്നേഹത്തോടെ തൊടാൻ ജോസഫ് ശ്രമിച്ച നിമിഷം  അയാൾ കണ്ണുകൾ തുറന്നു.    അണയാൻ പോകുന്ന സിഗരറ്റ് കൈപൊള്ളും വരെ ഒന്നുകൂടി  വലിച്ചു.   വരാനിരിക്കുന്ന ചോദ്യങ്ങൾ പ്രതീക്ഷിച്ച് അയാൾക്ക് പിറകിൽ ആയിശുമ്മ നെഞ്ചിടിപ്പോടെ കാത്തിരുന്നു.   കാക്കിയുടുപ്പിലെ  വിയർപ്പു ഗന്ധം സിഗരറ്റ് പുകയുടെ മണത്തോടൊപ്പം കൂടിക്കുഴഞ്ഞ് മുറിയിൽ പടർന്നു നിറയുന്നത്  മൂന്ന് സ്ത്രീകളും തിരിച്ചറിഞ്ഞു.

വരാന്തയിൽ ഇരുന്നാൽ  അതിരിലെ  തുരുമ്പെടുത്ത ഗേറ്റിനു മുകളിലൂടെ  മലമുകളിലേക്ക്  ചുറ്റി  വളഞ്ഞു പോകുന്ന ചരൽപ്പാത കാണാം. പാഴ്ചെടികൾ വളർന്നു നിറഞ്ഞ ആ വഴി  ഒരു പാറക്കൂട്ടങ്ങൾക്ക് പിന്നിൽ  മറയുന്നു.   അതവസാനിക്കുന്നത് മൂക്കുന്നി മലയിലാണ്. ആ മലയുടെ മുകളിലാണ്  വർഷങ്ങൾ പഴക്കമുള്ള ആ  കുരിശ്  ആകാശത്തിലേക്കുയർന്നു നിൽക്കുന്നത്.  പണ്ടെപ്പോഴോ   അവിടെ ഒരു ആരാധനാലയം ഉണ്ടായിരുന്നതായും, അത് ഏതോ ഒരു ഭൂമികുലുക്കത്തിൽ നിലം പൊത്തിയതായും  നാട്ടുകാർ പറയാറുണ്ട്.  അവിടെ അങ്ങിനെയൊരു  കെട്ടിടം ഉണ്ടായിരുന്നതിന്‍റെ അവശിഷ്ടങ്ങളൊന്നും ആരും കണ്ടെടുത്തിട്ടില്ല . ചരിത്ര ഗ്രന്ഥങ്ങളിൽ ഇടം പിടിക്കാതെ പോയ  ആ  കുരിശ്   മുൾച്ചെടികൾ  വളർന്നു നിറഞ്ഞ വിജനമായ ആ കുന്നിൻ മുകളിൽ   ഒറ്റപ്പെട്ട് നിന്നു.  അതിന്‍റെ ചുവട്ടിലാണ് രണ്ട് ദിവസങ്ങൾക്ക് മുൻപ് സൂര്യൻ അസ്തമിക്കുന്ന നേരത്ത്   താടിയും മുടിയും വളർന്നു  നീണ്ട്  ക്രിസ്തു രൂപത്തിലായ  ജോസഫിന്‍റെ  ശരീരത്തെ കുരിശിൽ നിന്നും നാട്ടുകാരിൽ ചിലർ ചേർന്ന് രാഘവൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ ഇറക്കിക്കിടത്തിയത്.

ജോസഫിനോടൊപ്പം  അവസാനമായി ആ മല  കയറിപ്പോയത്   അയാളുടെ മോട്ടോർ സൈക്കിളാണ്. ആ മോട്ടോർസൈക്കിളിനോടൊപ്പമല്ലാതെ ആ മലയോരത്ത്  ആരും അയാളെ കണ്ടിട്ടില്ല. വർഷങ്ങൾക്ക് മുൻപ് ആയിശുവിനെയും പിറകിലിരുത്തി കുറെ തുണിക്കെട്ടുകളുമായി  മലമുകളിൽ വന്നിറങ്ങി കുടിൽകെട്ടി താമസമാക്കിയത്  മുതൽ അയാളെ നാട്ടുകാരറിയും. ആരോടും അധികം സംസാരിക്കാത്ത അയാൾ  പല നേരങ്ങളിലും  തന്‍റെ ബൈക്കിൽ  മല കയറിയും ഇറങ്ങിയും  ഓടിച്ചു പോവുന്നത് പലരും കണ്ടിട്ടുണ്ട്.

തുടർച്ചയായി  മഴപെയ്ത  ഒരു  രാത്രിയിൽ ജോസഫിനോടൊപ്പം  മൂക്കുന്നി മലയിലേക്ക് കയറിപ്പോയ ആ മോട്ടോർസൈക്കിൾ പിന്നെ തിരിച്ചിറങ്ങിയില്ല.     പച്ചില മരുന്നുണ്ടാക്കി വിൽക്കുന്ന കൃഷ്ണൻ കുട്ടി വൈദ്യരാണ്  മലമുകളിൽ  കുരിശിന്  ചുവട്ടിൽ ഒറ്റയ്ക്കിരിക്കുന്ന ജോസഫിന്‍റെ ബൈക്ക് ആദ്യമായി കണ്ടത്. എണ്ണകാച്ചാൻ  കൈതോന്നിയുടെ  തളിരില  നുള്ളിക്കൊണ്ട്  വൈദ്യർ  സ്ഥലകാലങ്ങൾ മറന്ന് മലയുടെ വിജനമായ  ഉൾഭാഗത്ത്   എത്തിയപ്പോഴാണ്    ചെളിപുരണ്ട ടയറും തുരുമ്പു പിടിച്ച പെട്രോൾ ടാങ്കും, കാരിരുമ്പിൽ തീർത്ത എഞ്ചിനുമുള്ള  ആ  വാഹനം     കണ്ണിൽപ്പെട്ടത്.     വൈദ്യരെ കണ്ടതും  ആ ബൈക്ക്  അയാളോട്   എന്തോ  പറയാൻ ശ്രമിക്കുമ്പോലെ തോന്നി.   കയ്യിലെ പച്ചില മരുന്ന് നിറഞ്ഞ  സഞ്ചിയുമായി വൈദ്യർ നിവർന്ന് നിന്നു.   അപ്പോഴാണ് ബൈക്കിന്‍റെ സീറ്റിനു മുകളിൽ ആരോ ചവിട്ടി നിന്ന  ചെളിപിടിച്ച കാലടയാളം  കണ്ടത്.   കൃഷ്ണൻ വൈദ്യർ  അറിയാതെ മുകളിലേക്ക് നോക്കിപ്പോയി. കുരിശിൽ  തൂങ്ങി നിൽക്കുന്ന ജോസഫിനെ കണ്ടതും   ശിവ ഭക്തനായ  വൈദ്യർ  ഒരു നിമിഷം മുട്ടുകാലിൽ വീണ് അറിയാതെ കുരിശു വരച്ചുപോയി.

“ജോസഫിന്  എന്തായിരുന്നു ജോലി?”

രാഘവൻ പിള്ള  എരിഞ്ഞുതീർന്ന സിഗരറ്റ് കുറ്റി മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട് ആയിശുവിനുനേരെ  തിരിഞ്ഞു.

“പ്രത്യേകിച്ച് ജോലിയൊന്നുമില്ല. എന്ത് ജോലിയും ചെയ്യും”

“എന്ന് വച്ചാൽ?”

“ചുവരെഴുതാൻ പോവും, പോസ്റ്ററുകൾ  വരയ്ക്കാൻ പോവും,  ഫോട്ടോയെടുക്കാനും പോവാറുണ്ട്”.

“എവിടെയാണ് പോകാറുള്ളത്. ആരെയൊക്കെയാണ് അയാൾ കാണുന്നത്. അതൊക്കെ ജോസഫ്  കൊച്ചിനോട്  പറയാറുണ്ടോ?”

“ഇല്ല”

“സാധാരണയായി എത്ര ദിവസത്തേക്കാണ്  പോവുന്നത്?”

“പോയാൽ രണ്ടും മൂന്നും ദിവസം കഴിഞ്ഞേ വരത്തുള്ളൂ.  കിട്ടുന്ന കാശെല്ലാം  കൊണ്ട് ബൈക്കിൽ പെട്രോൾ അടിക്കും, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങും.  പെട്രോൾ തീരും വരെ  എങ്ങോട്ടെങ്കിലും ഓടിച്ചു പോവും.  തീരുമ്പോൾ തിരിച്ചു വരും. വീട്ടിലുള്ള സമയങ്ങളിലെല്ലാം  വായനയാണ്. രാത്രി മുഴുവനും ഉണർന്നിരിക്കും, പകൽ എന്നും വൈകിയാണ് എണീക്കുക.  ഇവിടെ കിട്ടുന്ന  എല്ലാ ന്യൂസ്പേപ്പറുകളും  മുഴുവനും വായിക്കും. ചില വാർത്തകൾ വായിച്ചതിന് ശേഷം വല്ലാതെ വിഷമിച്ച് കണ്ടിട്ടുണ്ട്.  ആ വാർത്തകളൊക്കെ വെട്ടിയെടുത്ത് സൂക്ഷിച്ചു വയ്ക്കും. പിന്നെ കുറച്ച് ദിവസത്തേക്ക് നിരാഹാരം കിടക്കും. വെള്ളം പോലും കുടിക്കില്ല, ആരോടും മിണ്ടൂല്ല.”

“എങ്ങിനെയുള്ള വാർത്തകൾ ?”

“എല്ലാ വാർത്തകളും. പ്രത്യേകിച്ച് രാഷ്ട്രീയ വാർത്തകൾ.  അതൊക്കെ  വായിച്ച് വിഷമിക്കുന്ന  ദിവസങ്ങളിൽ  മൗന വ്രതവും, നിരാഹാരവുമാണ്.”

“നിരാഹാരം കിടക്കാൻ ഇവനാര് ഗാന്ധിയോ… …ത്ഫൂ “.

രാഘവൻ പിള്ള സിഗരറ്റ് കറയുള്ള കറുത്ത കഫം  വരാന്തയിൽ ഇരുന്നുകൊണ്ട് മുറ്റത്തേക്ക്   നീട്ടി തുപ്പി.

മരിച്ച്  തലയ്ക്ക്   മുകളിൽ നിൽക്കുന്ന ജോസഫിനെ അങ്ങിനെ ആട്ടിതുപ്പിയതിൽ  പെട്ടെന്നയാൾക്ക്  കുറ്റബോധവും അവ്യക്തമായൊരു പേടിയും തോന്നി.      രാഘവൻ പിള്ള വീണ്ടും കണ്ണുകളടച്ച് നിശ്ശബ്ദനായി.  മരിച്ചുപോയവരെ  ശപിക്കരുത്.   അവർ നോവിച്ചു വിട്ട  പാമ്പുകളെപ്പോലെയാണ്. പിന്നാലെ ഇഴഞ്ഞെത്തി ഉറക്കം കെടുത്തും.   അയാളുടെ  ഉള്ളിലിരുന്ന് ആരോ പറഞ്ഞു.  അയാൾ വിയർത്തു.   മൺപാത്രത്തിൽ   കൊണ്ടു വച്ചിരുന്ന  പച്ചമുളക് ഞെരടിയിട്ട മോരുംവെള്ളം ഒറ്റ വലിക്ക്  കുടിച്ചു തീർത്ത്, തന്നിൽ നിന്നും കൈവിട്ടു പോവുമായിരുന്ന ഒരു കീഴ് ശ്വാസത്തെ  നിയന്ത്രിച്ച് നീണ്ടൊരു ഏമ്പക്കമായി പുറത്തു വിട്ടു.

“ഈ അടുത്ത കാലത്തായി  ജോസഫിന്‍റെ  സ്വഭാവത്തിൽ എന്തെങ്കിലും കുഴപ്പങ്ങൾ കണ്ടിരുന്നോ?”

“കാശിയിൽ പോകണമെന്നും,  ഗംഗാ നദിയിൽ  മുങ്ങിക്കുളിക്കണമെന്നും, കഴിയുമെങ്കിൽ ഒരിക്കലെങ്കിലും ഭിക്ഷയാചിച്ച് എന്തെങ്കിലും കഴിക്കണമെന്നും പലപ്പോഴും പറഞ്ഞിരുന്നു”.

“എന്നിട്ട് പോയോ?” എന്തോ അരുതാത്തത് പറയാൻ നാക്ക് ചൊറിഞ്ഞു വന്നെങ്കിലും അത് നിയന്ത്രിച്ചു കൊണ്ട് രാഘവൻപിള്ള ചോദിച്ചു.

“അതെ, പോയി.  കാശിയും, ഹരിദ്വാറും, ദേവഭൂമിയും പിന്നെ  ഹിമാലയം   മുഴുവനും ബൈക്കിൽ പോയി കറങ്ങിയിട്ട്  ഒരു മാസം മുൻപ്  തിരിച്ചു വന്നതേയുള്ളൂ.  വല്ലാതെ ക്ഷീണിച്ചാണ്‌ എത്തിയത്.  വീട്ടിലെത്തിയ അന്നു രാത്രി തന്നെ  എല്ലാ പുസ്തകങ്ങളും മുറ്റത്ത് വാരിയിട്ട് കത്തിച്ചു. ഇറച്ചിയും മീനുമൊക്കെ  ഒഴിവാക്കി. സിഗരറ്റ് വലിയും നിർത്തി.  അതിനു ശേഷം  എപ്പോഴും  ആകാശം നോക്കി കിടക്കും. ഞാനെന്ത് പറഞ്ഞാലും  കണ്ണടച്ചിരിക്കും. തനിയേ എന്തൊക്കെയോ സംസാരിച്ചിരിക്കും

“ഹിമാലയത്തിൽ നിന്നും വന്നതിനു  ശേഷം   അവൻ  ആയിശുമ്മായുടെ  കൂടെ കിടക്കാറുണ്ടോ?”.  വളരെ  പ്രാധാന്യമുള്ള ഒരു ചോദ്യം ചോദിക്കുമ്പോലെ രാഘവൻ പിള്ള കസേരയിൽ താൽപ്പര്യത്തോടെ ഒന്നുകൂടി നിവർന്നിരുന്നു.

“ഇല്ല,  അതിനു  ശേഷം കിടപ്പും ഭക്ഷണവുമെല്ലാം  മുറ്റത്തായി. ആ ചാരുകസേരയിലാണ്  എപ്പോഴും  ആകാശം നോക്കിക്കിടക്കുന്നത് “.  അവൾ മുറ്റത്ത് കിടന്ന  മുഷിഞ്ഞു  നീണ്ട കാലുകളുള്ള ഒരു ചാരുകസേര ചൂണ്ടി കാണിച്ചു.

“ഓഹോ അപ്പൊ ഞാൻ വിചാരിച്ച പോലെ തന്നെ.  ഇവൻ തങ്കമാ, തനി തങ്കം.  കാരണം  ഇവന്മാരെപ്പോലെയുള്ള  കുറെ അണ്ണന്മാരെ  ഞാൻ കണ്ടിട്ടുണ്ട്.  ആത്മീയതയാണ്, വിരക്തിയാണ്,  മാങ്ങാത്തൊലിയാണ് എന്നൊക്കെ പറയും. രാത്രിയാവുമ്പോ രണ്ടെണ്ണം വീശിയിട്ട്  കെട്ടിയോളുടെ അടുത്തു വന്നു കിടക്കും ജീവനില്ലാതെ കിടക്കുന്ന ആഗ്രഹങ്ങളൊക്കെ സടകുടഞ്ഞെണീക്കും.  വെറും മൊടയല്ലെ  മൊട. പക്ഷെ ഇവൻ ഒറിജിനലാ ….തനി തങ്കം..      ഓരോരുത്തന്മാരുടെ വിധി, നല്ല കിണ്ണം പോലത്തെ അലുവ കണ്ണുമുമ്പേ  കൊണ്ട് വച്ചാലും  അത് കഴിക്കാൻ വിധിയില്ലാത്തപോലെ,  അല്ലെതെന്തു പറയാൻ”.

രാഘവൻ പിള്ളയുടെ  മുനവച്ചുള്ള വാക്കുകൾ മനസ്സിലാക്കാൻ കഴിയാതെ  ആയിശു  അടുത്ത ചോദ്യം  പ്രതീക്ഷിച്ചു കിടന്നു.

അടുത്ത സിഗരറ്റിനു  തീ കൊളുത്തുമ്പോൾ അയാൾ കട്ടിലിൽ  കിടക്കുന്ന  ആയിശുവിന്‍റെ ശരീരത്തിലൂടെ എന്തോ തിരഞ്ഞു. ജോസഫിന്‍റെ ജീവിതകഥയിലെ  വഴിത്തിരിവുകളിൽ  താൽപ്പര്യം വർദ്ധിച്ച  രാഘവൻ പിള്ള  കണ്ണുകളടച്ച്  എന്തോ ചിന്തിച്ച് ഊറിച്ചിരിച്ചു.  കണ്ണുകൾ അടച്ച് പിടിച്ച്,  ഉള്ളിലിറക്കിയ പുകയുടെ ലഹരിയിൽ   അയാൾ ആയിശുവിന്‍റെ  ശരീരത്തിലൂടെ തെളിവുകൾ തേടി  യാത്ര ചെയ്തു.  ഓരോ ചെറിയ തെളിവും  കേസിന്‍റെ മുന്നോട്ടുള്ള  നീക്കത്തെ സഹായിക്കുമെന്നപോലെ അയാൾ  അവളെ മനസ്സിൽ തിരിച്ചും മറിച്ചും കിടത്തി തെളിവുകൾ തിരഞ്ഞു.   തടസ്സമായ വസ്ത്രങ്ങളെ  അഴിച്ചു മാറ്റിയും,  കെട്ടുകൾ സൂക്ഷ്മതയോടെ അഴിച്ചും,  മണത്തു നോക്കിയും, രുചിച്ചു നോക്കിയുമുള്ള  വിശദമായ പരിശോധനകൾ, സൂക്ഷ്മമായ തെളിവെടുപ്പുകൾ.   ചവർപ്പുള്ള സിഗരറ്റ് പുക രുചിയോടെ അൽപ്പം പോലും പുറത്തു വിടാതെ  ഉള്ളിലൊതുക്കിയപ്പോൾ  ശ്വാസം മുട്ടി.

“മരിക്കുന്നതിന്  മുൻപുള്ള ദിവസത്തിൽ  സംഭവിച്ചതൊക്കെ ഓർത്ത് പറയൂ. ഒന്നും വിടരുത്, എല്ലാം  സാവധാനത്തിൽ ഓർത്തു പറഞ്ഞാൽ മതി”.

കേസ് തെളിയിക്കാൻ സഹായിക്കുന്ന പ്രധാന തെളിവുകൾ കണ്ടെത്തിയ  പോലെ അയാൾ കസേരയിൽ നിർന്നിമേഷനായി ആയിശുവിന്‍റെ വിവരണം കേൾക്കാനായി നിവർന്നിരുന്നു.

തലേ രാത്രിയിൽ   കുറ്റിയിടാതെ  വെറുതെ ചാരിയിട്ടിരുന്ന കതക് തുറന്ന് അവൾ  മുറ്റത്തേക്കിറങ്ങി  മൂന്നു ദിവസം മുൻപ് പെയ്ത മഴയിൽ നനഞ്ഞു കിടന്നിരുന്ന   നടക്കല്ലിൽ ഇരുന്നു.   മുറ്റത്തിന്‍റെ നടുവിലായി  ചാരുകസേരയിൽ ജോസഫ്  ആകാശത്തേക്ക് മുഖമുയർത്തി കിടക്കുകയായിരുന്നു. കണ്ണുകൾ അടച്ച് കിടക്കുകയാണെങ്കിലും  ജോസഫ്  ഉറങ്ങിയിട്ടില്ലെന്ന്  അവൾക്കറിയാം.

“രാത്രിയിൽ  എപ്പഴാ എത്തിയത് ? രാത്രി പന്ത്രണ്ട് മണിവരെ  ഞാൻ  ഉണർന്നു കിടക്കുവാരുന്നു. പക്ഷെ ബൈക്കിന്‍റെ  ശബ്ദമൊന്നും കേട്ടതായി എനിക്കോർമ്മയില്ല.    ഇന്നിനി നോക്കണ്ടാ എന്നു കരുതി  ഉറങ്ങാൻ കിടന്നതാ  എങ്കിലും  മനസ്സ്  പറഞ്ഞു  ഇന്ന് വരേണ്ടതാണല്ലോ എന്ന്.  പോയിട്ട് മൂന്ന് ദിവസായില്ലേ. വാതിൽ കുറ്റിയിടാതെ കിടന്നു. എപ്പഴോ  ഉറങ്ങിപ്പോയി.    എവിടെയായിരുന്നു മൂന്നു ദിവസം?  ഈയിടെയായി രാത്രി സഞ്ചാരങ്ങളും ഒളിച്ചു കളികളും  വീണ്ടും കൂടിയിട്ടുണ്ട്.  കുറച്ചു കാലങ്ങളായി സ്വസ്ഥത ഉണ്ടായിരുന്നു. ഞാനിവിടെ  ഒറ്റയ്ക്കാണ്  കഴിയണതെന്ന ഓർമ്മ വല്ലപ്പോഴുമെങ്കിലും വേണം. എന്ത് പറഞ്ഞാലും കേൾക്കാത്ത ഭാവത്തിൽ കണ്ണുമടച്ച്  ആകാശം നോക്കി ഇങ്ങനെ കിടക്കുന്നത് ഒളിച്ചോട്ടമാണ്.     ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തിയാലെങ്കിലും  എന്നോട് പഴയതുപോലെ പെരുമാറിക്കൂടെ”.

രാത്രിയിലെ മഴയിൽ   നനഞ്ഞു കിടന്ന  ചാരുകസേരയിൽ കാലുകൾ കയറ്റി വച്ച്  ഒരു ജഡം പോലെ ജോസഫ്  അപ്പോഴും കണ്ണുകളടച്ച് കിടന്നു.   ഉടലിനെ എത്ര കെട്ടിപ്പൊതിഞ്ഞു സൂക്ഷിച്ചാലും നനഞ്ഞ വസ്ത്രങ്ങളിലെ ഈർപ്പം  എല്ലുകളെ വരെ വിറപ്പിക്കുക യാണല്ലോയെന്ന്   അയാൾ ഓർത്തു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും അയാൾ  ഭക്ഷണമില്ലാതെ, ഉറക്കമില്ലാതെ, ഒരിടവും നിർത്താതെ ബൈക്കോടിക്കുകയായിരുന്നു. പകലും രാത്രിയുമില്ലാതെ, നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്.  രാത്രികളിൽ  ചരക്കു ലോറികൾ ചീറിപ്പായുന്ന ഹൈവേകളിലൂടെ, മഴയിലൂടെ ലക്ഷ്യമില്ലാതെ യാത്ര ചെയ്യുകയായിരുന്നു.   എവിടെയെങ്കിലും കുറച്ചു നേരമിരുന്ന് അൽപ്പം കണ്ണടച്ചുപോയാൽ  എത്തിച്ചേരാൻ വൈകിപോകുമല്ലോ  എന്ന്  വിഷമിച്ചപോലെയായിരുന്നു അയാളുടെ യാത്ര. പക്ഷെ അങ്ങിനെ കൃത്യസമയത്ത് എത്തിച്ചേരാനായി ഒരിടവും അയാൾക്കില്ലായിരുന്നു.

“എന്ത് ചോദിച്ചാലും ഇങ്ങനെ മിണ്ടാതിരുന്നാൽ പിന്നെ ഞാനെന്ത് ചെയ്യും.  നമുക്ക് വൈകാതെ ഒരു തീരുമാനമെടുക്കണം”.

രാവിലത്തെ  തണുത്ത കാറ്റടിച്ച്  ജലദോഷം പിടിക്കാതിരിക്കാൻ  അവൾ ഒരു കമ്പിളി തൊപ്പിയെടുത്ത് തലയിൽ വച്ചു.

“നിങ്ങളെപ്പോലെ ലോക ക്ലാസ്സിക്കുകളോ, വിപ്ലവ ചരിത്രങ്ങളോ ഞാൻ വായിച്ചിട്ടില്ല. ലോക വിവരവും കുറവാണ്. എങ്കിലും   ചിലതൊക്കെ മനസ്സിലാക്കാൻ എനിക്കും കഴിയും.  ഒന്നുമില്ലെങ്കിലും  വർഷങ്ങളായി  കൂടെ  പൊറുക്കുന്നവളല്ലേ ഞാൻ.   പറയുന്നതിൽ വിഷമം തോന്നരുത്. നിങ്ങൾ ഇത്രയും കാലം വായിച്ചതേയുള്ളൂ,  ചിന്തിച്ചില്ല, ജീവിച്ചുമില്ല,  കിണറ്റിനകത്തെ തവളയെപ്പോലെ ജീവിച്ചു.  എന്നോ കാലഹരണപ്പെട്ട, ചിതലരിച്ച  കുറെ പുസ്തകങ്ങൾ  വായിച്ച് വായിച്ച്  കാഴ്ചയും ബോധവും മങ്ങി, സ്വന്തം ജീവിതവും മറ്റൊരാളിന്‍റെ ജീവിതവും നശിപ്പിച്ചു.  ലോകം മാറിയത് പോലും തിരിച്ചറിയാനാവാതെ ജീവിച്ചു.”

“പണ്ടെപ്പോഴോ   കോളേജ്  യൂണിയൻ ചെയർമാനായിരുന്ന കാലത്ത്   രക്തം തിളച്ചിട്ടുണ്ടാവും.  അതൊക്കെ  വർഷങ്ങൾക്ക് മുമ്പത്തെ കാര്യങ്ങളാണ്.   ഇന്ന് രക്തവുമില്ല  മാംസവുമില്ല, ആരോഗ്യം പോയി,  സിഗരറ്റും ബീഡിയും വലിച്ച്  ആസ്മ പിടിച്ച  ശരീരം. ഷുഗറുണ്ട്, ബി.പി.യുണ്ട്, പൈൽസുണ്ട്. ഇനി എന്തൊക്കെ മാരക രോഗങ്ങളാണ്  ഉള്ളിലുള്ളതെന്ന്  പരിശോധിച്ചു നോക്കിയാലേ  അറിയാൻ കഴിയൂ.”

“ബെർലിൻ മതിൽ പൊളിഞ്ഞു വീണെന്നും  വിളിച്ചു കൂവി  എന്നെ കെട്ടിപ്പിടിച്ച്  നെഞ്ച് പൊട്ടി   ചിരിച്ചത്  വർഷങ്ങൾക്ക് മുമ്പാണ്.   അന്ന് രാത്രി ബോധം നശിച്ചു കിടന്ന നിങ്ങളെ കാണാൻ   ഹോസ്റ്റൽ മുറിയിലേക്ക് എന്നേയും കൂട്ടി വന്ന അയൂബിനേയും, നന്ദനേയും ഓർമ്മയുണ്ടല്ലോ അല്ലെ?   അവർക്കിന്ന്  ദുബായിൽ  ബിസ്സിനസ്സാണ്.  ജീവിക്കാൻ പഠിച്ചവർ. അവരും നിങ്ങളോടൊപ്പം  കൊടിപിടിച്ചും,  പോസ്റ്റർ ഒട്ടിച്ചും നാട് നന്നാക്കാൻ  നടന്ന സഖാക്കളല്ലേ.  നിങ്ങൾക്ക്  കൂടി ഒരു വിസ ശരിയാക്കി തരാമെന്ന് അന്ന് അയൂബ് എന്നോട് പറഞ്ഞത്കേട്ട്  എന്‍റെ ഉപ്പ   എന്ത് മാത്രം സന്തോഷിച്ചെന്ന് നിങ്ങൾക്കറിയില്ല. മരിക്കുന്ന സമയത്ത്  ആ ഒരു ദുഃഖം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. കമ്മ്യുണിസ്റ്റായ ഒരാളിന്‍റെ  കൂടെ, അതും ഒരന്യമതക്കാരന്‍റെ കൂടെ,  വളർത്തി വലുതാക്കിയവരെ മറന്ന് ഇറങ്ങിത്തിരിച്ച  ഒരേയൊരു മകൾ നല്ല രീതിയിൽ ജീവിക്കുന്നത് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് “.

“ദിവസങ്ങൾക്ക് ശേഷം  വീട്ടിൽ വരുമ്പോഴും ഞാൻ സമാധാനം തരില്ല എന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നതെന്ന്  എനിക്കറിയാം. പറയാൻ തോന്നുന്നത് ആരുടെ മുഖത്തും നോക്കിയും  ഭയക്കാതെ പറയണമെന്ന് നിങ്ങളല്ലെ  എന്നെ പഠിപ്പിച്ചത്. ഇങ്ങനെ ആകാശം നോക്കി കിടക്കുന്ന ഒരു മനുഷ്യനോട് എത്രകാലം ഞാൻ മിണ്ടാതിരിക്കും”.

നടക്കല്ലിലിരുന്ന് സംസാരിക്കുകയായിരുന്ന ആയിശുവിനെ  ശ്രദ്ധിക്കാതെ അയാൾ തന്‍റെ ബൈക്കിലേക്ക് നോക്കി.  കാർബൺ  അടിഞ്ഞു കൂടി, പൊള്ളി കരിപിടിച്ച   ഒരു കാർബുറേറ്റർ,   തുരുമ്പെടുത്ത വീലുകൾ,   കൃത്യമായ ആവേഗങ്ങളിൽ ചുറ്റിത്തിരിയാനായി   ഒന്നിനോടൊന്നു വിളക്കി ചേർത്ത പൽച്ചക്രങ്ങൾ,  ഉരുക്കിൽ നിർമ്മിക്കപ്പെട്ട  തകിടുകളും, കുഴലുകളും,  ജീവശ്വാസം വലിച്ചെടുക്കുന്ന പിസ്റ്റണുകളും, ഓയിലിൽ മുങ്ങിക്കിടക്കുന്ന കാരിരുമ്പിൽ തീർത്ത യന്ത്രഭാഗങ്ങൾ. പ്രാചീനമായൊരു ജീവിയെപ്പോലെ ആ വാഹനം അയാളെ നോക്കിയിരുന്നു.   മൂന്നാമതൊരാൾക്ക് തിരിച്ചറിയാൻ കഴിയാത്ത തലങ്ങളിൽ  യന്ത്രവും മനുഷ്യനും ഒന്നായിത്തീരുന്ന ഒരാത്മ ബന്ധത്തിൽ  അവർ പരസ്പരം തിരിച്ചറിഞ്ഞു.

ജോസഫിന്‍റെ  മുന്നിലിരുന്ന്  സംസാരിച്ചു കൊണ്ടിരുന്ന   ആയിശുമ്മ  എന്തൊക്കെയോ ചിന്തിച്ച്  നിശബ്ദയായി.  ആ സമയത്ത്  മുറ്റത്ത് വീണു കിടന്നിരുന്ന കരിയിലകളെ ചെറുതായി അനക്കിക്കൊണ്ട്  മലയിറങ്ങിവന്ന ഒരു സാന്നിദ്ധ്യം  ഒരു തണുത്ത കാറ്റുപോലെ, ജാഗ്രതയോടെ ഗേറ്റ് കടന്ന്  വന്നതും  വാത്സല്യത്തോടെ  അയാളോട് ചേർന്നു നിന്നതും   അവളറിഞ്ഞതേയില്ല.   കണ്ണുകളടച്ചു കിടക്കുമ്പോഴും  തനിക്ക് ചുറ്റും അനന്തമായി ത്രസിച്ചു നിന്ന  ആ സാന്നിദ്ധ്യത്തെ, വാത്സല്യത്തെ അയാൾ തിരിച്ചറിഞ്ഞു.  പുറമേ നിന്നും തന്നിലേക്കെത്തുന്ന  ശബ്ദങ്ങളിൽ കോർക്കപ്പെട്ട് ശ്രദ്ധ  പതറിപ്പോകാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു.  എങ്കിൽ  ഓർമ്മകളിൽ നിന്നും ഓർമ്മകളിലേക്ക്   വലിച്ചിഴയ്ക്കപ്പെടാം.  ഒരു നൂലിന്മേൽ കളിയാണിത്.  പതറിപ്പോവരുത്   ജോസഫ്  സ്വയം താക്കീത് ചെയ്തു.   രണ്ട് ശ്വാസങ്ങൾക്കിടയിലെ നേരിയ ഒരിടവേളയിൽ   അയാൾ ഉണർന്നു കിടന്നു.   ഉൾക്കാതുകൾ കൂർപ്പിച്ചു വയ്ച്ചു. ധമനികളിൽ നിന്നും പുറപ്പെട്ട്, നെഞ്ചിൻ കൂടിനെ ചുറ്റി, ഞരമ്പുകളിലൂടെ, കൈകാലുകളിലേക്കൊഴുകി, ധമനികളിലേക്കുതന്നെ തിരിച്ചെത്തുന്ന  രക്തത്തിന്‍റെ ഒഴുക്ക്‌ പോലും അയാൾ വ്യക്തമായി കേട്ടു.   അയാൾ ഉൾക്കണ്ണുകൾ ഇമ ചിമ്മാതെ  തുറന്നു പിടിച്ചു.

“നിങ്ങളെ എനിക്കറിയാവുന്നത് പോലെ വേറെ ആരറിയും.  കാലത്തിനൊത്ത് മാറുന്ന ഒരാൾക്കേ ഈ ലോകത്തിനി ജീവിക്കാൻ കഴിയൂ. പഴയ ആദർശങ്ങളിൽ തൂങ്ങിക്കിടന്നാൽ ജീവിതം നരകിക്കും. ഒരാൾ ചെയ്യുന്ന കാര്യങ്ങൾ അത് നല്ലതായാലും ചീത്തയായാലും അതിന്‍റെ അനന്തര ഫലങ്ങൾ  അയാൾ തന്നെ അനുഭവിക്കണം.  ഒരാളുടെ പാപമോ വേദനയോ  മറ്റൊരാൾക്ക് ഏറ്റെടുക്കാൻ കഴിയില്ല”.

“ജീവിതത്തെ ബുദ്ധി ഉപയോഗിച്ച്, തന്ത്രപൂർവം നേരിട്ടവരാണ് കൂടെനടന്ന സഖാക്കളെല്ലാം.   രാജശേഖരന്‍റെ ഹോസ്റ്റൽ മുറിയിലെ സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്ത  സഖാക്കളെല്ലാം ഇന്നെവിടെയെത്തി എന്ന് അന്വേഷിച്ചിട്ടുണ്ടോ.  രാത്രികളിൽ ഉറക്കമുണർന്നിരുന്ന് മാവോവിന്‍റെ പുസ്തകങ്ങളെപ്പറ്റി  ശ്വാസം വിടാതെ സംസാരിച്ചിരുന്ന  പുരുഷു  ഇന്ന്   ചിക്കാഗോയിൽ  ആർട്ട് ഓഫ് ലിവിങ് പഠിപ്പിക്കുന്നു.  അയൂബിനും നന്ദനും ഇന്ന് ദുബായിൽ ബിസിനസ്സ്.  നിങ്ങൾക്കിതൊന്നും ഓർമ്മ കാണില്ലായിരിക്കും.  പക്ഷെ എനിക്കിതൊന്നും മറക്കാൻ കഴിയില്ല. ആൺ കുട്ടികളുടെ  ഹോസ്റ്റലിൽ കയറിപ്പറ്റാൻ  വേണ്ടി  ആണിനെ പ്പോലെ  മുണ്ടും ഷർട്ടും ധരിപ്പിച്ച് അയൂബും നന്ദനും പുരുഷുവും കൂടി ഹോസ്റ്റൽ വാർഡന്‍റെ കണ്ണു വെട്ടിച്ച് എന്നെ മറച്ചുപിടിച്ച്  നിങ്ങളുടെ റൂമിൽ കൊണ്ട് പോയതൊക്കെ  ഞാനെങ്ങനെ മറക്കും. ഇന്നലെ പുരുഷുവിന്‍റെ ഫോൺ  ഉണ്ടായിരുന്നു”.

“എവിടെയെങ്കിലും പോയി നമുക്കും രക്ഷപ്പെടണം.  പുരുഷു വിളിക്കുമ്പോഴൊക്കെ   ഞാൻ സ്ഥിരമായി ഇക്കാര്യം  പറയാറുണ്ട്.   അവന്‍റെ  കോണ്ടാക്റ്റുകള്‍ എല്ലാം  വളരെ ഹൈ ലെവൽ ആണ്.  എവിടെയെങ്കിലും പോയി  രക്ഷപ്പെടാൻ  അവൻ ഒന്ന് മനസ്സു വച്ചാൽ മതി.”.

“ബീഡിയും വലിച്ച്, തോൾ സഞ്ചിയും തൂക്കി  “അധിക നേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം” എന്ന് പണ്ട് നമ്മുടെ മുന്നിലിരുന്ന് തൊണ്ട പൊട്ടി പാടിയ  ബുജിയല്ല അവനിന്ന്.  ഇപ്പോൾ അവന്‍റെ ശബ്ദം കേട്ടാൽ  ആരും തിരിച്ചറിയില്ല.   എം. എ. മലയാളം കഷ്ടിച്ച് പാസ്സായ സഖാവിന്‍റെ ഇംഗ്ലീഷ് കേട്ടാൽ ഞെട്ടും.  ഫുൾ അമേരിക്കൻ ആക്‌സെന്‍റാണ് .  ഒരു മിനിറ്റ് സംസാരിച്ചാൽ  അതിൽ  രണ്ട് ഫക്കും നാല് ഹെല്ലുമെങ്കിലും കാണും . അയാൾ എങ്ങിനേയോ ജീവിക്കട്ടെ.   അവന്‍റെ പൊങ്ങച്ചം സഹിക്കുന്നത് വേറെ ഒന്നിനും വേണ്ടിയല്ല. അവനെ കൊണ്ട് എന്തെങ്കിലും ഗുണം നമുക്ക് കിട്ടുമല്ലോ എന്ന് കരുതിയാണ്.”

ജോസഫിന് ഛര്‍ദ്ദിക്കാന്‍ തോന്നി. മുളം തണ്ട്  പോലെ ഒഴിഞ്ഞു  കിടന്ന ഉൾക്കുഴലുകളിലേക്ക്  വിസർജ്ജ്യങ്ങൾ  നിറഞ്ഞ മലിന ജലം ഇരച്ചു കയറുകയാണ്.     വായിൽ  തുപ്പൽ ഊറി വരുന്നത് ജോസഫ് അറിഞ്ഞു.   ചെറുതായൊന്നു ചുമച്ചാൽ മതി വായിലേക്ക് തള്ളി വരുന്ന  കൊഴുത്ത  കഫത്തെ  മുറ്റത്തേക്ക് ശബ്ദത്തോടെ കാർക്കിച്ച്  നീട്ടി തുപ്പാൻ കഴിയും.  നാറുന്ന വിസർജ്യങ്ങൾ ഉള്ളിൽ തന്നെ ചുമക്കേണ്ടിവരുന്നു.  അയാൾ കണ്ണുകളടച്ച്  വെയിലിലേക്ക് മുഖം തിരിച്ചു കിടന്നു.

     

“ഈ മലയോരത്ത് കിടന്ന്  നരകിച്ച് തീർക്കാനുള്ളതാണോ നമ്മുടെ ജീവിതം.   ഇത്രയും കാലം കൂടെ ഇറങ്ങി പുറപ്പെട്ടവന്‍റെ ആദർശങ്ങളിൽ തന്നെയാണ്  ഞാൻ ജീവിച്ചത്.   ആ ആദർശങ്ങൾ എനിക്കിഷ്ടവുമായിരുന്നു. അല്ലെങ്കിൽ  പിന്നെ  മൂന്ന് ഹജ്ജ് ചെയ്ത അബ്ദുറഹ്‌മാൻ സാഹിബ്ബിന്‍റെ ഒരേയൊരു മോൾ നിങ്ങളെപ്പോലെ ഒരു കമ്മ്യുണിസ്റ്റിന്‍റെ കൂടെ    ഒളിച്ചോടി പോവില്ലല്ലോ.  എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് രണ്ടും കല്പിച്ച് ഇറങ്ങിപ്പുറപ്പെട്ടത്. ഇത്രയും വർഷങ്ങൾ  ഒരുമിച്ച് ജീവിച്ചില്ലേ.   വിധിയെന്നേ ഞാൻ കരുതിയിട്ടുള്ളൂ.”

മഴയുടെ ഈർപ്പം അപ്പോഴും തങ്ങി  നിന്നിരുന്ന പുലരിയിൽ  അവൾ മറ്റൊരു മഞ്ഞു കാറ്റായി വീശിക്കൊണ്ടിരുന്നു. ഞരമ്പുകളിലൂടെ, അസ്ഥികളെ തരിപ്പിച്ച്, ഉള്ളിലേക്ക് വീശുകയാണ് ഇപ്പോൾ.  ഓർമ്മകളുടെ ഭാരമില്ലാത്ത  ഉടൽ  കടപുഴകി വീഴാതിരിക്കാൻ ശ്രദ്ധിച്ച് ജോസഫ് കാലുകൾ ചാരുകസേരയുടെ കൈകളിൽ കഴിയുന്നത്ര നീട്ടി വച്ചു.     കണ്ണുകൾ അടച്ചുപിടിക്കുമ്പോള്‍ ദിശാബോധം നഷ്ടപ്പെടുകയാണ്. മനസ്സിനെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന അദൃശ്യമായ ചരടുകൾ അയഞ്ഞു തുടങ്ങുന്നു.  ശരീരത്തിൽ നിന്നും പൂർണ്ണമായും വേർപെടുമ്പോൾ മനസ്സ് ഭാരമില്ലാത്ത ഒരില  പോലെ ഉയരങ്ങളിൽ പറന്നു നടക്കും.   മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും  യഥേഷ്ടം പറന്നു പോകാൻ കഴിയുന്ന ഒരപ്പൂപ്പൻ താടി.    പറന്നു മടുക്കുമ്പോൾ ശരീരത്തിലേക്ക് എപ്പോൾ  വേണമെങ്കിലും തിരികെ  കൂപ്പു കുത്താം.  വേണമെങ്കിൽ വീണ്ടും പറന്നു പൊങ്ങാം. വീണ്ടും മടങ്ങി വരാം.  മനസ്സിനെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന  അദൃശ്യ ചരടുകൾ  പൊട്ടിയാൽ  ഒരു പക്ഷെ തിരിച്ചിറങ്ങാൻ കഴിയാതെ വന്നേക്കാം.  അയാൾ ഓർത്തു.  എങ്കിൽ  ചിന്തകളില്ലാത്ത  ഉടൽ ഒരു നോക്കു കുത്തിപോലെ, ഒരു ജഡം പോലെ അനക്കമറ്റ്  കസേരയിൽത്തന്നെ വെയിലു കാഞ്ഞു കിടക്കും.  ഗ്രാവിറ്റിയെ തോൽപ്പിച്ച്  ശരീരവും മനസ്സും നടത്തുന്ന  ഒളിച്ചു കളികൾ, അയാൾക്ക് ചിരിക്കണമെന്ന്  തോന്നി.

ഒരു നിമിഷം കണ്ണുകൾ  അടച്ചുകൊണ്ട് തന്നെ  അയാൾക്ക്  ആയിശുവിനെ  നോക്കണമെന്ന് തോന്നി. ഉറക്കച്ചടവിൽ തടിച്ച കണ്ണുകളുമായി തന്‍റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നുണ്ടാവണം അവളിപ്പോൾ.   സംസാരിക്കുമ്പോൾ തലയിൽ തിരുകി വച്ച  കമ്പിളി തൊപ്പി   ഇളകിപ്പോവുകയും അവൾ വീണ്ടും അതിനെ തിരുകി വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടാവണം.  കമ്പിളി തൊപ്പിക്കുള്ളിൽ മൈലാഞ്ചി മണമുള്ള  അഴിഞ്ഞുലഞ്ഞ തലമുടി അലക്ഷ്യമായി കെട്ടി വച്ചിട്ടുണ്ടാവണം.   അവളുടെ  ശബ്ദം ഇടയ്ക്കിടെ  കൂടിയും കുറഞ്ഞും,  ചിലപ്പോൾ കാറ്റിൽ പൂർണ്ണമായി നഷ്ടപ്പെട്ടും മറ്റു ചിലപ്പോൾ തുടക്കവും ഒടുക്കവും കാറ്റിൽ അടർന്നു   പോയി  അയാൾക്കറിഞ്ഞുകൂടാത്ത വേറെ ഏതോ ഭാഷയുടെ മട്ടെടുത്തും  അയാൾക്ക് തോന്നി.    പെട്ടെന്ന് വീശിയെത്തിയ ഒരു കാറ്റിൽ അവളുടെ ശബ്ദം ചിലമ്പിയപ്പോൾ അവൾ ചിരിക്കുന്നത് പോലെയും  അയാൾക്കനുഭവപ്പെട്ടു.

“എന്തായാലും ഞാൻ പുരുഷുവിന് ഇന്നലെ ഉറപ്പു കൊടുത്തു. വിസയും പാസ്പോർട്ടുമൊക്കെ  ശരിയാക്കാനുള്ള  പണം ഞാൻ നോക്കിയിട്ടുണ്ട്.   ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?”

ആ സമയം വരെ  പതിഞ്ഞ ശബ്ദത്തിൽ  സംസാരിച്ചിരുന്ന അവളുടെ സ്വരം ഉയരുന്നത്  അയാളറിഞ്ഞു.

അതിനിടയിൽ എപ്പൊഴോ  നീണ്ട മയക്കത്തിൽ അയാൾ വീണുപോയിട്ടുണ്ടാവണം.   കണ്ണുകൾ തുറന്നപ്പോൾ  ഇരുട്ട് വീണിരുന്നു.  മുറ്റം ശൂന്യമായിരുന്നു.   ആയിശുവിനെ   അവിടെയെങ്ങും കണ്ടില്ല.   ഈർപ്പം നിറഞ്ഞ  ഒരു കാറ്റ് പൊടിപറത്തികൊണ്ട്  അവൾ ഇരുന്നിരുന്ന നടക്കല്ലിനെ വലയം ചെയ്ത് ഒരു മഴയുടെ വരവറിയിച്ചിട്ട് ഗേറ്റ് കടന്ന് പോയി.  തണുപ്പ് വീണ്ടും തിരിച്ചെത്തി.   മഴപെയ്യട്ടെ.   വർഷങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന ചവറുകൾ, കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ എല്ലാം കഴുകി വെടിപ്പാവട്ടെ.  ഇനി വൈകരുത് പോകാൻ സമയമായി അയാൾ ധൃതിപ്പെട്ട് എണീറ്റു.

ജോസഫ് കസേരയിൽ നിന്നെണീറ്റ്  ബൈക്കിനു  നേരെ നടന്നു.   ഇഗ്നീഷനിൽ താക്കോൽ തിരിച്ചു, ബ്രേക്ക് ലൈറ്റുകൾ തെളിഞ്ഞു. ചോക്ക് കൊടുത്ത് സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപായി അയാൾ ഒരിക്കൽ കൂടി ആ വീടിനുള്ളിലേക്ക് തിരിഞ്ഞു നോക്കി.    അതൊരു പതിവ് ശീലമാണ്. എന്നോ തുടങ്ങി, ഉപേക്ഷിക്കാൻ പറ്റാത്തൊരു ശീലം.  എല്ലാ നീണ്ട യാത്രകൾക്ക് പോവുമ്പോഴും വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപായി  എന്തോ എടുക്കാൻ മറന്നിട്ടെന്നപോലെ  അയാളൊന്ന് തിരിഞ്ഞു നോക്കും.  ഇഷ്ടപ്പെട്ട മുഖങ്ങളെ, സ്ഥലങ്ങളെ   വിട്ടുപിരിയാൻ നേരം എപ്പോഴും അങ്ങിനെയാണ്. ഓരോ കാഴ്ച്ചയും അവസാനത്തേതായിത്തീരുമോ  എന്ന ചിന്ത ഉള്ളിലിരുന്ന് വിങ്ങുന്നതു പോലെ തോന്നും.   വിട്ടുപിരിയേണ്ട മുഖങ്ങളെ, സ്ഥലങ്ങളെ  അവസാനമായി ഒരിക്കൽ കൂടി നോക്കി എന്നന്നേക്കുമായി ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു ശ്രമം. അപ്പോഴൊക്കെ അവൾ അയാളെത്തന്നെ  നോക്കി വരാന്തയിൽ നിൽപ്പുണ്ടാവും. സാരിത്തലപ്പ് തലയിലേക്ക് വലിച്ചിട്ട്, അദൃശ്യനായി നിൽക്കുന്ന ഏതോ ദൈവത്തോട് അയാൾക്ക് വേണ്ടി  പ്രാർത്ഥിച്ചുകൊണ്ട് അയാളെത്തന്നെ  നോക്കി നിൽക്കും.

“എവിടേക്കാ ഈ പോക്ക്?,  ഉടനെ വരുമോ?,   ഞാൻ പറഞ്ഞത് കേട്ട് വിഷമിച്ചിട്ടാണോ പോവുന്നത് ?,  എവിടെപ്പോയാലും രാത്രി തന്നെ തിരിച്ചെത്തണം, ഞാനിവിടെ ഒറ്റക്കാ.  മറക്കരുത്?  റെയിൻ കൊട്ട് എടുത്തിട്ടുണ്ടോ?,  ചിലപ്പോൾ മഴപെയ്‌തേക്കും, വണ്ടി  സൂക്ഷിച്ച് ഓടിക്കണം. ഞാൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ നിങ്ങൾ”   എന്നൊക്കെ അവൾ വിളിച്ചു  പറയുന്നപോലെ  അയാൾക്ക് തോന്നി.   അയാൾ ഒന്നും വ്യക്തമായി കേട്ടില്ല. അപ്പോഴേക്കും മഴ  ഉറച്ചിരുന്നു.   മഴവെള്ളം ശക്തിയോടെ വീഴുന്ന  ഹെല്‍മെറ്റിന്‍റെ ചില്ലിലൂടെ  അയാൾ  വെറുതേ കണ്ണുകൾ ചിമ്മി നിന്നു.

 അഞ്ചു നേരം നിസ്കരിക്കുകയും, നോമ്പ് നോൽക്കുകയും ചെയ്യുന്ന   അവൾക്ക്  കാവലായി എന്നും വിശുദ്ധരായ പ്രവാചകർ  ഉണ്ടാവുമെന്ന്  അയാൾക്കറിയാം.     ദൈവവും വിശ്വാസവുമില്ലാത്ത  തന്നെപ്പോലും   ഇതുവരെ അപകടങ്ങളിൽ നിന്നും  കാത്തു രക്ഷിച്ചത് അവരായിരുന്നു.  സ്നേഹനിധികളായ അവളുടെ  മലക്കുകൾ.   ആർത്തലച്ചു പെയ്യുന്ന മഴയിൽ  അയാൾ  അകലേക്ക് നോക്കി ബൈക്ക്  സ്റ്റാർട്ട് ചെയ്തു.

മുറ്റത്ത് മഴ നനഞ്ഞിരുന്നിട്ടും ഒറ്റ കിക്കിൽ തന്നെ  ബൈക്ക്  ഒരലർച്ചയോടെ  സ്റ്റാർട്ടായപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു .  നിറഞ്ഞ മനസ്സോടെ, സ്നേഹത്തോടെ  അതിന്‍റെ തുരുമ്പെടുത്ത് നിറം മങ്ങിയ  പെട്രോൾ ടാങ്കിൽ അയാൾ   തലോടി.   ഇരുപത്തഞ്ചോളം വർഷങ്ങൾ  പഴക്കമുള്ള ആ  യന്ത്രം വർഷങ്ങളിലൂടെ അയാളെ മനസ്സിലാക്കി കഴിഞ്ഞിരുന്നു.   ഓരോ വർഷം കഴിയുമ്പോഴും അത്  കൂടുതൽ കൂടുതൽ അയാളോട് ഇണങ്ങിക്കൊണ്ടിരുന്നു.  തന്‍റെ കുഞ്ഞിന് മഴ നനഞ്ഞ് നീർദോഷം പിടിക്കുമോ എന്ന് വിഷമിക്കുന്ന ഒരച്ഛനെപ്പോലെ അയാൾ സ്പീഡോ മീറ്ററിൽ ശക്തിയോടെ വീണുകൊണ്ടിരുന്ന മഴ വെള്ളത്തെ വലത് കൈകൊണ്ട് തുടച്ചു മാറ്റി.

ഈ സ്നേഹത്തിനും വിധേയത്വത്തിനും നന്ദി. ഏത് ജന്മങ്ങളിലാണ്, ഏത് യാത്രകളിലാണ്  നീ എന്നോടൊപ്പം ഉണ്ടായിരുന്നത് ?   അയാൾ അതിനോട് പതിയെ ചോദിച്ചു.   യന്ത്രവും മനുഷ്യനും  പരസ്പരം തിരിച്ചറിഞ്ഞ   ആ നിമിഷങ്ങളെ  മനസ്സിലാക്കിയപ്പോലെ  മഴ വാത്സല്യത്തോടെ അവരെ രണ്ടുപേരെയും ചേർത്തു പിടിച്ചു.

     

മഴവെള്ളം കുത്തിയൊലിക്കുന്ന മൺപാതയിലൂടെ ഹെഡ് ലൈറ്റിന്‍റെ അരണ്ട വെളിച്ചത്തിൽ  അയാളേയും കൊണ്ട്  ആ വാഹനം  കിതച്ചു കൊണ്ട് മല  കയറുമ്പോൾ അയാൾ  അറിയാതെ ചിന്തിച്ചു പോയി.   ഞാൻ  പോയിക്കഴിഞ്ഞാൽ  അവൾക്ക്  ആരുണ്ടാവും.  ആ നിമിഷം അയാൾക്കൊന്ന് കരയണമെന്ന്  തോന്നി.   ഉറക്കെയൊന്ന് അലറി  കരയണമെന്ന് തോന്നി.  വണ്ടി സെക്കൻഡ് ഗിയറിലേക്ക്  മാറ്റി എൻജിൻ ഒന്ന് റെയിസ് ചെയ്താൽ മതി.  അഞ്ഞൂറ്  സി. സി. എൻജിന്‍റെ   വിറപ്പിക്കുന്ന  ശബ്ദവും, അലറിപ്പെയ്യുന്ന മഴയും ആ കരച്ചിലിനെ മറ്റാരേയും കേൾപ്പിക്കാതെ മറച്ചു പിടിക്കുമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.

“കുറച്ച് ചോദ്യങ്ങൾ കൂടി ചോദിക്കണമെന്നുണ്ടായിരുന്നു.  പക്ഷെ ഇനി അതിന്‍റെ ആവശ്യമില്ലെന്ന് തോന്നുന്നു.   ഞാനിറങ്ങുന്നു. കൊച്ച് വിഷമിക്കേണ്ട കേട്ടോ.   എല്ലാവരുടേയും  പാപങ്ങളും കൊണ്ടല്ലേ അവൻ പോയത്.  അവൻ തങ്കമാ  തനി തങ്കം.  ഇനി നല്ലതേ വരൂ. എല്ലാവർക്കും”
രാഘവൻപിള്ള  ഫയലുമായി മുറ്റത്തേക്കിറങ്ങുമ്പോൾ ആരോടെന്നില്ലാതെ പറഞ്ഞു.  അത് കേൾക്കാൻ സംപ്രീതനായ ജോസഫ് ആ മുറ്റത്തെവിടെയോ നിൽപ്പുണ്ടാവുമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.  അയാൾ അല്പം ഉറക്കെയാണ് അത്രയും പറഞ്ഞത്.
Comments
Print Friendly, PDF & Email