കഥ

രണ്ടു കഥകൾ : കൃഷ്ണപ്രതിമ, നോവലിസ്റ്റിന്റെ മകൻ.കഥ — 4

കൃഷ്ണപ്രതിമ

 

കത്തുന്ന ചൂടില്‍ പുരുഷോത്തമന്‍ അലഞ്ഞു. ഗ്രാമത്തിലെ ഒരു ചെറ്റക്കുടിലില്‍ രാധ ഒറ്റക്കിരിപ്പാണ്.
ഏതോ ഒരു പീതാംബരപ്പട്ടിന്റെ തുമ്പ് കയ്യില്‍ തെരുപ്പിടിച്ചുംകൊണ്ട് മടിയില്‍ വെച്ച ഒരു പീലിപ്പൂവിലേക്ക് ഉറ്റു നോക്കി  നിശ്ചേതനയായി അങ്ങനെ ഇരിക്കുകയാണ് അവള്‍!
പുരുഷോത്തമന് അത് കണ്ടു സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. അവന്റെ സര്‍വസ്വവുമാണ് അവള്‍.
എത്ര പറഞ്ഞാലും തീരാത്ത, വിവരിക്കാനാവാത്ത എന്തോ ഒന്ന് അവളിലുണ്ടായിരുന്നു. അവളെ വിട്ടു തെല്ലിട പോലും മാറി നില്ക്കാന്‍ അനുവദിക്കാത്ത ഒരു കാന്തശക്തി.
അതിസുന്ദരിയാണവള്‍! അവളുടെ മേനി, മനസ്സ്, ആത്മാവ് എല്ലാം അതീവ സുന്ദരം…… അര്‍ഹിക്കാതെ കൈവന്ന ഒരു ഭാഗ്യമായിട്ടാണ് പുരുഷോത്തമന്‍ രാധയെ കണ്ടത് പൂര്‍ണ ഗര്‍ഭിണിയായ രാധ ഈ വിധം ഇരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് ദിനം മൂന്നായി. ഇവള്‍ക്ക് ചിത്തഭ്രമമോ മറ്റോ ആണോ? അത് തിരക്കാന്‍ വന്ന അയല്‍ക്കാരെ പുരുഷോത്തമന്‍ പുലഭ്യം പറഞ്ഞു ഓടിച്ചു. എങ്കിലും അയാള്‍ക്ക്‌ ആ ഇരിപ്പ് കാണാന്‍ വയ്യ. അയാള്‍ കൂടെ ഇരുന്നു വെള്ളം വെച്ചു നീട്ടിയും ചുണ്ട് നനച്ചും നേരം കൂട്ടി.
അങ്ങനെ ആ രാത്രിയില്‍ അവള്‍ രണ്ടു വാക്ക് മിണ്ടി. വെളിച്ചം വെച്ചപ്പോള്‍ അയാള്‍ ഷര്‍ട്ടും ഇട്ടു കൊണ്ടു പുറത്തിറങ്ങി. എവിടുന്നെങ്കിലും ഞാന്‍ അത് കൊണ്ടു വന്നിരിക്കും…..അയാള്‍ ഒരു ആത്മഗതം പോലെ വീരവാദം മുഴക്കി ഗുരുവായൂര്‍ക്കുള്ള ബസ്സില്‍ കയറി.
”ഇത്തിരീം കൂടെ ഇരുണ്ടത്‌”, ഇരുപതാമത്തെ പൂര്‍ണകായ കൃഷ്ണപ്രതിമയെയും തള്ളി മാറ്റിക്കൊണ്ട് പുരുഷോത്തമന്‍ പറഞ്ഞു.
“ഇതിലും ഇരുണ്ടത്‌ കിട്ടാന്‍ ബുദ്ധിമുട്ടും… ഈ തരം  നീലയാ ഇപ്പൊ എല്ലാരും കൊണ്ട്വോന്നത്”. പീടികക്കാരന്റെ സ്വരത്തില്‍ അതൃപ്തി നിഴലിട്ടു.
അയാള്‍ വീണ്ടും കൃഷ്ണപ്രതിമ തേടി അലഞ്ഞു. നടയ്ക്കലുള്ള എല്ലാ കടകളിലും തിരഞ്ഞു കഴിഞ്ഞു. കൃഷ്ണപ്രതിമക്ക് അവള്‍ പറഞ്ഞ നിറം, ആ കട്ടി ഇരുള്‍ നീല- അതാവണം.

അവളുടെ വാശി പുരുഷോത്തമന് നന്നായറിയാം.

പുരുഷോത്തമന്റെ നിറവും കറുപ്പാണ്. ഓട്ടുകമ്പനിത്തൊഴിലാളിയായ പുരുഷോത്തമന്‍ ഒത്ത ശരീരവും അതിനൊത്ത കൈകാലുകളും ഉള്ള ഒരു ഉത്തമ പുരുഷന്‍ തന്നെ ആയിരുന്നു.
പക്ഷെ രാധയുടെ സങ്കല്‍പ്പത്തിന് പണ്ടേ കായാമ്പൂ നിറമായിരുന്നു. കര്‍ക്കിടക സന്ധ്യയിലെ മേഘക്കാറുകളുടെ നിറമാണത്. അവള്‍ക്കു രാവിനെ, കാര്‍മേഘത്തെ, കായാമ്പൂവിനെ കണ്ണനെ അങ്ങനെ എല്ലാത്തിനെയും ശരിക്കറിയാം! ആ കാര്‍വര്‍ണ്ണത്തെ, അതിന്‍റെ ഓരോ ഭാവമാറ്റത്തെ അവളുടെ ഉള്ളം കൈ പോലെ അവള്‍ക്കു പരിചയം!
കൃഷ്ണന്റെ ശരീരം ഉരുണ്ടതാണ്. വളരെ മൃദുലമായ മേനി. കയ്യില്‍ മാത്രം കാലിക്കോലേന്തിയ തഴമ്പ് . ഓടക്കുഴല്‍ വിളിച്ചു അല്പം പരന്നു തൂങ്ങിയ ചുണ്ട്. തോളൊപ്പം നില്‍ക്കുന്ന ചുരുള്‍ മുടി. അവന്റെ ശരീരത്തിന്റെ നിറം നീലം. അവന്‍ രാധയുടെ സങ്കല്‍പ്പത്തിലെ അഞ്ജനക്കല്ല്.

പേമാരിയുടെ ഒരു രാവില്‍ രാധക്ക് നല്ല പനിയായിരുന്നു. കൃഷ്ണന്‍ രാധക്ക് കൂട്ടിരിക്കാന്‍ സമ്മതിച്ചു. അന്ന് കൃഷ്ണന്‍ കാലികളെ വെറുതെ മേയാന്‍ വിട്ടു; മനസ്സിനെയും. അവനന്നു ഇടതടവില്ലാതെ കോലക്കുഴലൂതി തളര്‍ന്നു.
ഇടയിലെപ്പോഴോ അവന്റെ ചുമലിലെ ആ വലിയ മറുക് അവള്‍ തൊട്ടറിഞ്ഞു.

കൃഷ്ണന്‍ നാട്ടില്‍ പോകാന്‍ പുറപ്പെട്ടു.
യാത്രയയക്കുമ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ വെച്ച്‌ രാധ കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു. കൃഷ്ണന്‍ അവളെ സമാധാനിപ്പിച്ചു. “സമയമാകുമ്പോള്‍ ഞാന്‍ വരും; നിന്നെ കൂട്ടിക്കൊണ്ടു പോകാന്‍”- അവന്‍ പറഞ്ഞു. അവന്റെ പീതാംബരപ്പട്ടിന്റെ ഒരറ്റം കീറിയെടുത്തു അവനവള്‍ക്കു നല്‍കി- ഒരു പീലിപ്പൂവും.
ബസു നീങ്ങിയപ്പോള്‍ രാധ വലിയ വായില്‍ കരയാന്‍ തുടങ്ങി. കൃഷ്ണനും പിടിച്ചു നില്‍ക്കാനായില്ല. അവനും തണുത്ത ജനലഴികളില്‍ മുഖം അമര്‍ത്തി പതുക്കെ കരഞ്ഞു.

പച്ചോലയില്‍ കെട്ടിയ ഒരു ശരീരം കടലോരത്ത് തന്നെ കിടന്നു. പോലീസ് വണ്ടി എത്തി. കൃഷ്ണന്റെ പൈക്കള്‍ അവനെ തിരിച്ചറിഞ്ഞു.
അറ്റം കീറിയ അവന്റെ മഞ്ഞ വസ്ത്രം പോലീസുകാര്‍ എടുത്തു വെച്ചു. അലമുറയിട്ടു കരഞ്ഞു കൊണ്ടു രാധ വന്നു. അവള്‍ മഞ്ഞപ്പട്ട് തിരിച്ചറിഞ്ഞു. പോലീസുകാര്‍ ഓലപ്പൊതി അഴിച്ചു.
അവള്‍ ഒന്നേ നോക്കിയുള്ളൂ- “ഇതവനല്ല”, അവള്‍ നെടുവീര്‍പ്പിട്ടു. “ഇതെന്റെ കൃഷ്ണനല്ല. അവന്റെ നിറം ഇതിലും കറുപ്പാണ്‌ “. അവള്‍ കട്ടായം പറഞ്ഞു; എന്നിട്ട് മൂക്ക് തുടച്ചു എണീറ്റുപോയി. അവകാശികളില്ലാതെ കൃഷ്ണന്റെ ശരീരം അങ്ങനെ കിടന്നു. കടല്‍ വെള്ളത്തില്‍ വീണു നിറം മാറിയ അവന്റെ തൊലി അവനോടു ക്രൂരത കാണിച്ചു. അവന്റെ രാധക്ക് അവനെ മനസ്സിലായില്ല.

പുരുഷോത്തമനെവിടെ?
അയാളെ അന്വേഷിക്കാന്‍ നാട് നീളെ ആള്‍ക്കാര്‍ ചെന്നു. പ്രതിമ അന്വേഷിച്ചു നടക്കുകയായിരുന്നല്ലോ പുരുഷോത്തമന്‍!
ഒടുവില്‍ അയാളെ കണ്ടു കിട്ടി. രാധ പ്രസവിച്ചു; ആണ്‍കുട്ടി. വിവരമറിഞ്ഞ പുരുഷോത്തമന്‍ വീട്ടിലേക്കു കുതിച്ചു. അവളെ എങ്ങനെ നേരിടും; പ്രതിമയില്ലാതെ ചെന്നാല്‍…? പുരുഷോത്തമന്‍ കുടിലിനകത്തേക്ക് ഒന്ന് പാളി നോക്കി. രാധ അയാളെ മാടി വിളിച്ചു, “ദാ, നോക്കൂ, ആരാണിതെന്ന്! ഈ നിറമാണ് വേണ്ടീരുന്നത്”.
അയാളുടെ വെറും കൈ ശ്രദ്ധിച്ച് അവള്‍ പറഞ്ഞു. “ഇനിയിപ്പോ പ്രതിമ കിട്ടീല്ലെങ്കിലും സാരമില്ല, ഇവനുണ്ടല്ലോ”.. അവള്‍ കുട്ടിയെ വാത്സല്യത്തോടെ അണച്ചു പിടിച്ച് കിടക്കപ്പായുടെ അടിയില്‍ തപ്പി ആ മഞ്ഞ പട്ടു കഷ്ണം പുറത്തെടുത്തു. എന്നിട്ട് അത് കുഞ്ഞിന്‍റെ മേല്‍ വരിഞ്ഞു കെട്ടി അതിനെ പീലിപ്പൂ ചൂടിച്ചു. പിന്നീടവള്‍ ആ കാര്‍വര്‍ണ്ണന്റെ ചുമലില്‍ ആ വലിയ മറുക് തിരഞ്ഞു.

കഥ — 5

നോവലിസ്റ്റിന്റെ മകൻ

“നിങ്ങളെക്കുറിച്ച് കേട്ടിരിക്കുന്നു; ധാരാളം” അവൾ അല്പം ആരാധനയോടുകൂടെ പറഞ്ഞു. അയാൾ അതിശയത്തോടെ ഒരിക്കൽ മാത്രം തലയുയർത്തി നോക്കി; വീണ്ടും കുടങ്ങൾ ഉണ്ടാക്കുന്നതിൽ മുഴുകി.
അവൾ തെല്ലിട മാറി അയാൾ ചെയ്യുന്നത് കാണുന്നതിനോടൊപ്പം അയാളുടെ മുഖവും കാണുന്ന മട്ടിൽ നിന്നു.
ഒരു പ്രത്യേകതരം വാൽസല്യത്തോടെ അയാൾ പൂർത്തിയായ കുടം ചക്രത്തിൽ നിന്നും പുറത്തേക്കെടുത്തു. അതിന്റെ അടിയിൽ ശൽക്കം പോലെ നിന്ന മണ്ണ് അടർത്തിമാറ്റി – എന്നിട്ട് അതിന് മേലെ തന്നെ മൺപാത്ര കടയുടെ ലോഗോ പതിച്ചു; എന്നിട്ട് അവളോട് പറഞ്ഞു,

“പണ്ടാണെങ്കിൽ ഞാനുണ്ടാക്കുന്ന എല്ലാ കുടങ്ങളും സുന്ദരിമാരെ പോലെ തോന്നിക്കുമായിരുന്നു എനിക്ക്. ഞാൻ നഖമുന കൊണ്ട് അവയിൽ എന്റെ പേര് കുറിക്കുമായിരുന്നു”. അയാൾ അവളോട് ശബ്ദം താഴ്ത്തി പറഞ്ഞു – “എന്നാലിപ്പോൾ നഖമുന കൊണ്ട് പേരെഴുതിയ കുടങ്ങൾ പെണ്ണുങ്ങൾ വാങ്ങാതായി. അതുകൊണ്ട് ഞാൻ എസ് ആന്റ് എസ് കമ്പനി എന്നപേരിൽ ഇംഗ്ലീഷിലുള്ള ഒരു സീൽ ഉണ്ടാക്കിവെച്ചു”.
നഖമുന തറക്കുന്ന കുടങ്ങളെക്കുറിച്ചോർത്ത് അവൾ മുഖം കുനിച്ചു….
“പിന്നെ, നമ്മൾ നിങ്ങളുടെ അച്ഛനെ കുറിച്ച്, ആ പ്രശസ്തനായ നോവലിസ്റ്റിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ലല്ലോ”, അവൾ അക്ഷമയായി.
“ആ”, സനാതനൻ ദീർഘനിശ്വാസത്തോടെ തുടർന്നു: ”എന്റെ അച്ഛൻ നോവൽ എഴുതുമായിരുന്നു എന്ന് ഞാനറിഞ്ഞത് എനിക്കൊരു പത്തുപതിനാറു വയസ്സുള്ളപ്പോഴാണ്‌.
അച്ഛൻ സഞ്ചാരിയായിരുന്നു. അമ്മയായിരുന്നു കുടങ്ങൾ ഉണ്ടാക്കിയിരുന്നത്.
വലിയ കെട്ടാക്കി തലച്ചുമടെടുത്ത് കുടങ്ങൾ കൊണ്ടുവിൽക്കാറുള്ളതും അമ്മയായിരുന്നു. എല്ലാവരുടെയും അച്ഛൻമാരെപ്പോലെ എന്റെ അച്ഛനെന്തേ കുടങ്ങൾ കൊണ്ടുവിൽക്കുന്നില്ല, എന്നു ചോദിച്ചപ്പോഴാണ് ഒരു നാൾ അമ്മ അതു പറയുന്നത്.
അന്ന് കഴുത്തിന്റെ കശേരുക്കൾ തേഞ്ഞ് കൈകകൾക്കും സ്വാധീനക്കുറവ് തോന്നിയപ്പോഴാണ് നീ വേണം ഇനി ഇതു ചെയ്യാനെന്ന് അമ്മ പറയുന്നത്”.
“നിങ്ങൾ എന്തുകൊണ്ട് അച്ഛൻറെ വഴി തിരഞ്ഞെടുത്തില്ല?”, അവൾ ചോദിച്ചു.
പെട്ടെന്ന് അയാളുടെ കണ്ണുകളിൽ ഒരു പ്രകാശം നിറഞ്ഞു; പിന്നീട് ആത്മഗതം പോലെ അയാൾ പറഞ്ഞു, “ഞാൻ പണ്ടേ കഥ പറയാൻ മിടുക്കനായിരുന്നു എന്ന് എൻറെ അമ്മ പറഞ്ഞിട്ടുണ്ട്. എന്നാലും അച്ഛൻ എന്നെ കൈ പിടിച്ചു കൊണ്ടുപോയി പ്രസിദ്ധീകരണങ്ങൾക്ക് ഒന്നും പരിചയപ്പെടുത്തിയില്ല. ഞാൻ പറയുന്ന കഥകൾ കേൾക്കാനും അച്ഛന് സമയമുണ്ടായിരുന്നില്ല”. അയാളുടെ മുഖത്ത് നിരാശ നിഴലിട്ടു.

നിങ്ങളോട് എങ്ങനെ ആരാധന തുടങ്ങി എന്ന് എനിക്ക് ഓർമ്മയില്ല; പക്ഷേ നിങ്ങളുടെ അച്ഛനായിരുന്ന ആ നോവലിസ്റ്റുമായി അതിന് ബന്ധമുണ്ടായിരുന്നു എന്നു മാത്രം എനിക്ക് തീർച്ചയാണ്.
വാക്കുകളെ കൊണ്ട് അമ്മാനമാടുന്ന ഒരു മഹാനായ നോവലിസ്റ്റ് ആയിരുന്നു അദ്ദേഹം”. ഒരു നോവലിസ്റ്റിന്റെ കലാകാരനായ മകൻ! അവൻറെ ഉള്ളിൽ ഒരു കഥ ഒളിഞ്ഞിരിക്കുന്നുണ്ടാകില്ലേ?

“ഇത്ര ഭംഗിയുള്ള കുടങ്ങൾ എങ്ങനെ ഉണ്ടാക്കുന്നു?” അവൾ കൗതുകത്തോടെ ചോദിച്ചു.

“ഇതത്ര മനോഹരം എന്ന് പറയാൻ പറ്റില്ല. കേടുപാടുകൾ ഉള്ള കുടങ്ങൾ ആരു വാങ്ങും? ചൂളയിൽ നിന്ന് പുറത്തിറക്കുമ്പോൾ ഗുരു കാരണവന്മാരെ പ്രാർത്ഥിക്കണം. പൊട്ടിയാൽ തീർന്നില്ലേ! ഇത് എന്റെ വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണ്; അവൻ പറഞ്ഞു.
“ഇത് നിങ്ങളുടെ കവിതയല്ലേ? മണ്ണിൽ നിങ്ങൾ വിരിയിച്ചെടുക്കുന്ന കവിത!
“എനിക്കറിയില്ല” – അത്രയ്ക്കൊന്നും ഞാനാലോചിച്ചിട്ടില്ല”. അവൻ വീണ്ടും കുഴച്ച മണ്ണ് കൈയിലെടുത്ത് നിഷ്ഠയോടെ ചക്രത്തിന്റെ നടുവിലായി വെച്ചു.

അവൾ അവൻറെ അച്ചുകൾ പരിശോധിച്ചു.
ഇംഗ്ലീഷിൽ എസ് ആന്റ് എസ് എന്ന രണ്ട് അക്ഷരങ്ങൾ ഇടംവലം തിരിഞ്ഞ് അരയന്നങ്ങളെപ്പോലെ കെട്ടുപിണഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു അതിൽ.

“ഈ മുദ്ര എൻറെ മാറിൽ പച്ച കുത്തണം”, അവൾ നാണത്തോടെ പറഞ്ഞു.
സനാതനൻ അകത്തേക്കു പോയി ഇറയക്കോലിൽ തിരുകി വെച്ചിരുന്ന ഒരു പഴയ തുണി സഞ്ചിയിൽ നിന്ന് ഒരു പേനയും മഷിക്കുപ്പിയും പുറത്തെടുത്തു. പിടി ഇളകിയ ഒരു സീലും മഷി പാഡും അതിൽ നിന്ന് താഴെ വീണു. അവൻ ഉണങ്ങിയ മഷിപാഡിൽ മഷി ഒഴിച്ചു. അത് കുതിർന്ന് പാകമാവാൻ കാത്തു നിന്നു.
പുറത്ത് മഴ തുടങ്ങുമ്പോഴേക്ക് അറ്റങ്ങൾ പിഞ്ഞിത്തുടങ്ങിയ ഒരു വലിയ ടാർപോളിൻ ഷീറ്റ് കൊണ്ട് ചക്രവും പകുതിയായ കുടവും അവൻ ധൃതിയിൽ മൂടിവെച്ചു.

“ഇന്നെത്രയെണ്ണമായി സനാതനാ?
അകത്തെ ചെറിയ മുറിയിൽ നിന്നും കുറ്റപ്പെടുത്തലിന്റെ ചിലമ്പലുള്ള ഒരു നേർത്ത ശബ്ദം വിളിച്ചു ചോദിച്ചു.

“എൻറെ പ്രിയപ്പെട്ട നോവലിസ്റ്റിന്റെ കലാകാരനായ മകൻറെ ഓർമ്മയ്ക്ക്”! – മഷി പുരണ്ട വസ്ത്രം വലിച്ചിട്ട് അവൾ പോകാൻ ഒരുക്കം കൂട്ടി.
“ഇതൊരു ഡോക്യുമെന്ററി ആക്കാനാണ് എനിക്ക് താൽപര്യം”
-ചക്രത്തിൽ അന്നത്തെ ഒടുവിലത്തെ കുടം രൂപപ്പെടുമ്പോൾ പേര് പതിക്കാനുള്ള അച്ച് തിരികെ കൊടുത്തു പോകാനൊരുങ്ങി അവൾ അവനോട് പറഞ്ഞു.

“ഞാൻ സനാതൻ ആണ്
കലാകാരനൊന്നുമല്ലാത്ത ഒരു സാധാരണ മൺപാത്രക്കാരനാണ് ഞാൻ”, അവൻ മനോവേദനയോടെ പറഞ്ഞു. അവൾ പോയ വഴിയെ അവസാനത്തെ കുടം വലിച്ചെറിഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു “ഞാൻ സനാതനൻ ആണ്, കലാകാരനൊന്നുമല്ലാത്ത ഒരു സാധാരണക്കാരനായ മൺപാത്രക്കാരൻ മാത്രമാണ് ഞാൻ”!

Print Friendly, PDF & Email

About the author

ജ്യോതി അരയമ്പത്ത്

കണ്ണൂർ സ്വദേശിനി. ലണ്ടനിൽ ഡോക്ടർ ആയി പ്രാക്ടിസ് ചെയുന്നു. നവ മാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നു.