പൂമുഖം ഓർമ്മ സംശയകാലം

സംശയകാലം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പുരാണത്തിലെ കഥകൾ പറഞ്ഞുതരുമ്പോളെല്ലാം അമ്മയോട് ഞാന്‍ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാറുണ്ടായിരുന്നു.

ഒരിക്കല്‍ അമ്മ പറഞ്ഞു: ‘ഇതൊക്കെ ദൈവത്തിന്‍റെ കഥകളാണ്. ഇത്തരം സംശയങ്ങൾ ഒന്നും പാടില്ല. നമ്മളിത് കേള്‍ക്കാനേ പാടുള്ളൂ. തിരിച്ച് ചോദ്യങ്ങൾ പാടില്ല. എന്നാലേ, ദൈവങ്ങൾക്ക് മുമ്പിൽ നമ്മൾ നല്ല കുട്ടികളായി തുടരുകയുള്ളൂ.’പിന്നെ ഞാൻ ചോദ്യങ്ങൾ ചോദിച്ചില്ല.

ഒരുമിച്ചു ഗൃഹപാഠംചെയ്യുകയും പുഴയില്‍ നീന്താനും വന്ന സഹപാഠി കുര്യാക്കോ മരിച്ചപ്പോൾ ഞാൻ തകർന്നിരിക്കുന്നത് കണ്ടു അമ്മ സമാധാനിപ്പിച്ചു. ‘ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകും. നമ്മൾ മറക്കാനും സമാധാനിക്കാനും പഠിക്കണം. ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെയാണു ആദ്യം കൊണ്ടു പോകുന്നത്.’

അപ്പോൾ ഞാൻ വീണ്ടും സംശയാലുവായി. സംശയങ്ങൾ ഒഴിഞ്ഞ നേരം തന്നെയില്ലല്ലോ എനിക്ക്, എന്ന് ഞാൻ സ്വയം കുറ്റപ്പെടുത്തുകകൂടി ചെയ്തു. ‘നല്ല കുട്ടിയായി പ്രത്യക്ഷപ്പെടുന്നവരെ ദൈവം നേരത്തേ കൊണ്ടുപോകും ഇല്ലേ’, എന്നെനിക്ക്
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, വീണ്ടും വീണ്ടുമിങ്ങനെ ചോദ്യങ്ങൾ ചോദിച്ച് അമ്മയുടെ സ്വാസ്ഥ്യം നശിപ്പിക്കേണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ ഒന്നും ചോദിച്ചില്ല.

എന്‍റെ പിറന്നാൾ ദിനം ആയിരുന്നു. ‘ഓമനക്കുട്ടൻ – ചോതി’ എന്നെഴുതിയ ചീട്ടുമായി അമ്മ പുഷ്പാഞ്ജലിക്കു കൊടുത്തു. അത് തിരിച്ചുകിട്ടുമ്പോള്‍ അമ്മ കണ്ണടച്ച് നടയ്ക്കുനേരേ നിന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. അമ്മ എന്തായിരിക്കും എനിക്ക് വേണ്ടി പ്രാർത്ഥിക്കാറുള്ളത് എന്ന് എനിക്ക് ആകാംക്ഷയായി. ‘ദൈവമേ, എൻറെ മകനെ ഇഷ്ടപ്പെടണേ’ എന്നാവുമോ അമ്മ പ്രാര്‍ത്ഥിക്കുന്നത്? അങ്ങനെയാണെങ്കിൽ എന്നെ ദൈവം ഉടനെ വിളിക്കില്ലേ? എനിക്കിപ്പോള്‍ മരിക്കേണ്ട. എന്‍റെ മനസ്സ് ആകെ കലുഷിതമായി.

അമ്മ പതിവുപോലെ പൂക്കളും ചന്ദനവും ഭസ്മവും അടങ്ങിയ ഇലച്ചീന്ത് കണ്ണുകളിൽ മൊത്തി പ്രാർത്ഥിക്കുന്നത് എന്തെന്ന് കേൾക്കാൻ ഞാന്‍ അമ്മയെ തൊട്ടുനിന്ന് കൈകൂപ്പി കണ്ണടച്ചു.
ഇല്ല. എനിക്ക് സമാധാനമായി. അമ്മ പ്രാർഥിച്ചത് ഇങ്ങനെയായിരുന്നു. ‘എന്‍റെ മകനെ കാത്തുരക്ഷിക്കണേ, ഭഗവതീ….’ എന്നായിരുന്നു.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like