പൂമുഖം EDITORIAL അമ്പതു ദിവസങ്ങൾക്ക് ശേഷം

അമ്പതു ദിവസങ്ങൾക്ക് ശേഷം

50 ദിവസങ്ങൾ കഴിഞ്ഞു.  നോട്ടു നിരോധനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളേയും നേട്ടങ്ങളേയും വിലയിരുത്താനുള്ള ഒന്നാം അവസരമായി.

” As India lurches into the second month of its tryst with demonitisation ,it has quickly become evident that this is an unprecedented onslaught on the poor. The country has never faced an economic crisis of the kind it is undergoing now and there is no historic precedent to learn from, fr0m any where in the world.”( from Front line cover story dtd dec 23rd)

ഓരോന്നിന്‍റേയും തൽസ്ഥിതി പരിശോധിക്കാം

(1) കള്ളപ്പണം പിടിക്കൽ:  സർക്കുലേഷനിലുള്ളതിൽ ഏകദേശം 20 ശതമാനം നോട്ടുകൾ തിരിച്ചു വരില്ലെന്നും അത്രയും തുക ദരിദ്രരുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പുനർ വിന്യസിക്കാൻ കഴിയുമെന്നും ആയിരുന്നു കേന്ദ്ര സർക്കാരിന്‍റെ കണക്കു കൂട്ടൽ.  ഇത് സമൂഹ മാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഏതാണ്ട് മുഴുവൻ പണവും തിരിച്ചെത്തിയെന്നാണു അവസാന കണക്കുകൾ. പ്രഥമ ലക്‌ഷ്യം പാളിയിരിക്കുന്നു.  ഇതിൽ നിന്ന് രണ്ട് വസ്തുതകൾ തെളിഞ്ഞു.

  1. കള്ളപ്പണം നോട്ടുകളിൽ അല്ല നിക്ഷേപിക്കപ്പെട്ടത്.
  2. യഥാർത്ഥ കള്ളപ്പണം പിടികൊടുക്കാതെ നിന്നു

(2). കള്ളനോട്ടുകളുടെ നശീകരണം. .

വലിയ ഡിനോമിനേഷൻ നോട്ടുകളെ സംബന്ധിച്ച് അത് ഏറെക്കുറെ സാധ്യമായി എന്ന് കരുതാം. ഒറ്റത്തവണ. .  പക്ഷെ മൊത്തം കറൻസിയിൽ അതിന്‍റെ അനുപാതം തുലോം നിസ്സാരമായിരിക്കെ, അതിനു വേണ്ടി ഇത്ര വലിയ ഒരു economic blockade ന് സാധൂകരണമില്ല.

(3). ഭീകരപ്രവർത്തനത്തെ തടയൽ.

ഭീകര പ്രവർത്തകരുടെ പണസ്രോതസ്സിനു ഒരു പരിധി വരെ തടയിടാൻ പെട്ടെന്നുള്ള നടപടി സഹായകമായിട്ടുണ്ടെന്നു കരുതാം.  പക്ഷെ അത് താൽക്കാലികമാണെന്ന് താഴ്വരയിൽ തുടർന്നും ഉണ്ടായ ഭീകരാക്രമണങ്ങളും, സൈനികരുടെ ജീവഹാനിയും ആവർത്തിച്ച ,ബാങ്ക് കൊള്ളകളും സൂചിപ്പിക്കുന്നു. മധ്യേന്ത്യയിലെ വാർത്തകൾ മുഖ്യധാര തമസ്കരിക്കുന്നത് കൊണ്ട്, impact വ്യക്തമല്ല. രാഷ്ട്രീയ പരിഹാരം ആവശ്യമായിടത്ത് മിന്നലാക്രമണങ്ങൾക്കു പരിമിത പ്രഹര ശേഷിയേ ഉള്ളൂ എന്നത് വീണ്ടും വ്യക്തമാവുന്നു. .

(4)കറൻസി രഹിത ഇന്ത്യ

പ്രഖ്യാപിത ലക്ഷ്യങ്ങൾ വിജയം കൈവരിക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴാണ് ഡിജിറ്റൽ ഇന്ത്യ രംഗത്തെത്തുന്നത്.  സാങ്കേതിക പ്രാപ്തിയുള്ളവരെ സുതാര്യമായ, നികുതി വിധേയ ക്യാഷ് ലെസ്സ് ഇടപാടുകളിലേക്കു അടുപ്പിക്കുന്നത്, പുരോഗമന പരവും വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥക്ക് യോജിച്ചതും ആണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷെ അത് പ്രധാന മന്ത്രിയുടെ ഒരു ടിവി വിളംബരത്തിലൂടെ നടപ്പാക്കേണ്ടതല്ല ,.high risk പരിഷ്‌കാരമായതു കൊണ്ട് ഒരു നിയമ നിർമ്മാണത്തിലൂടെ നിശ്ചിത കാലാവധിക്കുള്ളിൽ, പരിശീലനം നൽകി, പ്രൊഫഷണൽ ആയി നടപ്പിലാ ക്കേണ്ടതാണ്, ചെറുകിടക്കാരും, ആവശ്യമായ വിദ്യാഭ്യാസമില്ലാത്തവരും, ബാങ്കിങ് സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത വിദൂര പ്രദേശങ്ങളിൽ ഉള്ളവരും, നികുതി പരിധിക്കു താഴെ വരുമാനമുള്ളവരും ആയ ഒരു വലിയ വിഭാഗത്തെ ഇതിന്‍റെ പേരിൽ പീഡിപ്പിച്ചത് അക്ഷന്തവ്യമാണ് അവർ ജനസംഖ്യയിൽ നിർണ്ണായക വിഭാഗ മായിരിക്കുമ്പോൾ പ്രത്യേകിച്ചും. .മാത്രമല്ല ക്രമാനുഗതമായ ഡിജിറ്റലൈസേഷന് ഒരു എതിർപ്പും ജനങ്ങളിൽ നിന്ന് ഉണ്ടാവാൻ ഇടയില്ല എന്നിരിക്കെ,അത് തദ്ദേശീയമായി തൊഴിലുകൾ വർധിപ്പിക്കും എന്നിരിക്കെ, എന്തിനായിരുന്നു ഈ അർധരാത്രിയിലെ അശനിപാതം? അതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ? ബാങ്കിങ് മേഖലയുടെ ശോഷണവും അതിലൂടെ സ്വകാര്യ വൽക്കരണവും?സ്വദേശി ചെറുകിട റീറ്റെയ്ൽ മേഖലയെ തുടച്ചു നീക്കൽ? കാർഷിക സ്തംഭനം? വിശ്വസിക്കാൻ ഭയമാണ് എങ്കിലും, നിരവധി ചെറുകിട സ്വകാര്യ ഹൈടെക് പേയ്മെന്റ്റ് ബാങ്കുകളുടെ അംഗീകാരം, ആഗോള റീറ്റെയ്ൽ ഭീമന്മാർക്ക് വാതിൽ തുറന്നുകൊണ്ടുള്ള ട്രേഡ് കരാറുകൾ,, ബിടി വിത്തുകളും ,ഗോതമ്പിന്‍റെ ഇറക്കുമതി ചുങ്കം എടുത്തു കളയല്‍… ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ സംശയിച്ചു പോവുകയാണ്. ….

(5) നോട്ടു പിൻവലിക്കൽ ഒരു തിരഞ്ഞെടുപ്പ്/രാഷ്ട്രീയ തന്ത്രം

1 ബിജെപിയിതര പാർട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്‍റെ സ്രോതസ്സ് ഒരൊറ്റ രാത്രി കൊണ്ട് മുദ്രവെക്കാൻ എൻ ഡി എ സർക്കാരിന് കഴിഞ്ഞു.  ബിജെപി യെ ഇത് ബാധിക്കാനിടയില്ല. കാരണം നടപടി അതീവ രഹസ്യമെന്ന അവകാശത്തിൽ ചില പഴുതുകൾ കാണാം. തൊട്ടു മുൻപുള്ള 6 മാസക്കാലത്തു ഇന്ത്യൻ ബാങ്കുകളിലേക്കും വിദേശത്തേക്കും ഒഴുകിയെന്നു പറയപ്പെടുന്ന റെക്കോർഡ് നിക്ഷേപങ്ങൾ ഒരു സൂചനയാണ്.  അവയെ കുറിച്ച് വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.  നോട്ടു പിൻവലിക്കൽ അനുവദിച്ച, ആർ ബി ഐ ബോർഡിൽ ഉണ്ടായിരുന്ന 5 സ്വകാര്യ അംഗങ്ങൾ ഐ സി ഐ സി ഐ, റിലൈൻസ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ, വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ,വൻ ബിസിനസ് ഗ്രൂപ്പുകളോട് മുൻ പ്രവർത്തന ബന്ധം ഉള്ളവരായിരുന്നു.

2 അടുത്തകാലം വരെ ബി ജെ പി ക്കു ബാലികേറാമലയായിരുന്ന കേരളത്തിൽ ഇരു മുന്നണികളും ജനപ്രീതി നിലനിർത്തുന്ന മാധ്യമം ആണ് സഹകരണ മേഖല.. സാധാരണക്കാരുടെ വ്യക്തിപരമായ വായ്പാവശ്യങ്ങൾ തങ്ങളെപ്പോലുള്ള മറ്റു രണ്ട് അംഗങ്ങളുടെ ജാമ്യത്തിലും സ്വർണ്ണമോ, കിടപ്പാടമോ പണയപ്പെടുത്തിയും തരപ്പെടുത്താവുന്ന സൊസൈറ്റികൾക്കും ബാങ്കുകൾക്കും ജനങ്ങൾക്കിടയിൽ വൻ സ്വാധീനമാണുള്ളത്. മറ്റു ബാങ്കുകൾ പണമിടപാടുകളിൽ ഒതുങ്ങുമ്പോൾ, വിത്ത് വളം വിതരണം, വില സംഭരണം, ന്യായ വില ഷോപ്പുകളിലൂടെ വിപണി നിയന്ത്രണം എന്നിവ സാധ്യമാക്കുന്ന സഹകരണ മേഖലയിൽ ഇടതു- കോൺഗ്രസ് രാഷ്ട്രീയം നിർണ്ണായക സ്വാധീനം പുലർത്തുന്നു. ബി ജെ പിക്ക് ഒരു ബ്രേക്ക് ത്രൂ ഇനിയും സാധ്യമായിട്ടില്ലാത്ത ജനകീയ മേഖല. അതിന്‍റെ കഴുത്തിന് പിടിമുറക്കിക്കൊണ്ടാണ് നോട്ടു നിരോധനം കേരളത്തിനെ ശ്വാസം മുട്ടിച്ചത്. .  ഒന്നിലധികം ഏജൻസികളുടെ പരിശോധന കഴിഞ്ഞിട്ടും കാര്യമായ ക്രമക്കേടുകൾ പുറത്തു വന്നിട്ടില്ലെങ്കിലും നിയന്ത്രണത്തിൽ അയവു വരുത്തിയിട്ടില്ല.  ഈ മേഖല ഹൈടെക് ചെറുബാങ്കുകൾക്കോ ദേശ സാത്കൃത ബാങ്കുകൾക്കോ കയ്യിലൊതുക്കാൻ കഴിയില്ല.  അതിന്‍റെ ബഹുമുഖ പ്രവർത്തനമാണ് തടസ്സമാവുക. എങ്കിലും ഇവയിൽ നിന്ന് വലിയ ബാങ്കുകളിലേക്ക് കാര്യമായ പണമൊഴുക്ക് നടക്കുന്നുണ്ടെന്ന് കേൾക്കുന്നു. ജനങ്ങൾക്കിടയിൽ സഹകരണ മേഖലയോട് അവിശ്വാസവും സന്ദേഹവും ജനിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു പരിധി വരെ വിജയിച്ചു.

3. ജൻധൻ അക്കൗണ്ടുകളിൽ വന്നടിഞ്ഞതും, അവസാന റൗണ്ടിൽ ഗരീബി യോജനയിൽ നിക്ഷേപിക്കപ്പെട്ടതും രാജ്യമൊട്ടാകെ വൻ സന്നാഹങ്ങളോടെ നടത്തിയ റെയ്‌ഡിൽ കള്ളപ്പണം എന്ന് സംശയിച്ചു പിടിച്ചെടുത്തതും ആയ തുക പാവങ്ങളുടെ അക്കൗണ്ടുകളിൽ സഹായ ദാനമായി ഇട്ടു കൊടുക്കുമെന്ന ഊഹാപോഹം വ്യാപകമാണ്. സാരിയും പണവും മുതൽ ഫാനും ലാപ്ടോപ്പും വരെ കൊടുത്തു വോട്ടു വിലയ്ക്കു വാങ്ങുവാൻ മാത്രം അഗതികളായ ജനങ്ങൾ ഉള്ള രാജ്യത്തു ഈ ഭിക്ഷയെ കുറിച്ച് പ്ര തീക്ഷയോടെ സംസാരിക്കുന്നവർ കേരളത്തിൽ പോലും ഉണ്ടെന്നതാണ് ജനാധിപത്യ ഇന്ത്യയുടെ ദുഃഖം.  പക്ഷെ അങ്ങനെ ചെയ്യുകയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് cash for vote ആയി കണ്ട് ഉചിത നടപടി കൈക്കൊള്ളണം.രണ്ടു തവണയായി ബി ജെ പി റാലിക്കുമുന്‍പ് ആർ ബി ഐ,  യു പി യിലേക്ക് വൻതോതിൽ കറൻസി എത്തിച്ചുവെന്നത് വാർത്തയായിരുന്നു.

4.ജനം ബാങ്കിനു മുന്നിൽ ആഴ്ചകളായി വരിനിൽക്കുകയും പണിശാലകളും കൃഷിയിടങ്ങളും സ്തംഭനത്തിലേക്കു നീങ്ങുകയും, രാജ്യത്തിനകത്തും പുറത്തും ഉള്ള സാമ്പത്തിക വിദഗ്ധർ വ ൻ തകർച്ച മുന്നിൽ കാണുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി ഈ പ്രതിസന്ധിയെ ഒരു മുദ്രാവാക്യമായി പരിവർത്തിപ്പിക്കുകയാണ്.  പൂജ്യം ബാലൻസ് അക്കൗണ്ട് തുടങ്ങിയതല്ലാതെ ബാങ്കിൽ കയറി ഇടപാട് നടത്തുവാനോ,ഒരു കാർഡ് കൈവശം വെക്കുവാനോ, എടിഎം ഉപയോഗിക്കുവാനോ അവസരം ലഭിച്ചിട്ടില്ലാത്ത ഡിജിറ്റലൈസേഷൻ വിലകുറഞ്ഞ ഒരു മൊബൈൽ ഫോണിൽ ഒതുക്കിയ പാവങ്ങളിൽ പാവങ്ങൾ തങ്ങൾ റിക്ഷയിൽ ചുമന്നും, പാചകം ചെയ്തു വിളമ്പിയും, അലക്കി തേച്ചു കൊടുത്തും സേവിച്ച പരിഷ്കൃത മധ്യ വർഗ്ഗം വെയിൽ കൊണ്ട് വരി നിൽക്കുന്നതിനെ പറ്റി അധികം അലോസരപ്പെടാൻ ഇടയില്ല. ഒരു  നിഗൂഢാഹ്ളാദം അനുഭവിക്കാൻ ഇടയുമുണ്ട്.  തന്‍റെ മിന്നലാക്രമണത്തിൽ ഒപ്പം ദുരിതമനുഭവിക്കുന്ന ഇരു വിഭാഗത്തിനെയും ഒരൊറ്റ എയ്ത്തിൽ പോക്കറ്റിൽ വീഴ്‌ത്തുന്ന രാഷ്ട്രീയ കൗശലമാണ് മോഡിയുടേത്.  താൻ പാവപ്പെട്ടവരുടെ കൂടെയാണെന്നും അവർക്കു വേണ്ടി കള്ളപ്പണവേട്ടയിലാണെന്നും ആദ്യത്തെ കൂട്ടരോടും, താങ്കളുടെ മൊബൈൽ തന്നെയാണ് താങ്കളുടെ ബാങ്ക് എന്ന് രണ്ടാമത്തെ കൂട്ടരോടും അദ്ദേഹം ആവർത്തിക്കുന്നു.

(6 )കള്ളപ്പണ നിർമാർജനത്തിനു മറ്റു മാർഗ്ഗങ്ങൾ സാധ്യമാണോ ?

1 സാധ്യമാണ്. കള്ളപ്പണത്തിന്‍റെ സ്രോതസ്സുകൾ അടയ്ക്കുക എന്നതാണ് ഏറ്റവും ഫലപ്രദം.  രാജ്യത്തു ഭീമമായ തോതിൽ ആദായ നികുതി വെട്ടിപ്പും ഒഴിവാക്കലും നടക്കുന്നു എന്ന് ഇന്ന് വകുപ്പ് പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. ഏറ്റവും കൂടുതൽ അഴിമതി നടമാടുന്ന ഒന്നാണ് നികുതി വകുപ്പ് എന്നത് ഒരു കാരണമാണ്. ആദായം പലപ്പോഴും ഗോപ്യവും ചെലവുകൾ മിക്കവാറും പ്രത്യക്ഷവും ആയതു കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ expenditure tax നടപ്പിലാക്കാവുന്നതാണ്. “.Money is what it does”. .കോടികൾ ചിലവാക്കി വിവാഹം നടത്തുന്നത്, വീട് പണിയുന്നത്, ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത്, തലവരി കൊടുത്ത് സീറ്റു കൈക്കലാക്കുന്നത്, പലതവണ വിദേശയാത്രകൾ നടത്തുന്നത് എല്ലാം പ്രത്യക്ഷമായ ധന വിനിയോഗമാണ്.ധനത്തിന്‍റെ ആസ്വാദ്യത ശേഖരണത്തിലല്ല അതിന്‍റെ പരസ്യ വിനിയോഗത്തിലാണ്.  ക്രമേണ വർധിപ്പിക്കുന്ന നിരക്കിൽ ചെലവുകൾക്കുമേൽ നികുതി ചുമത്തുന്നത് നികുതി വരുമാനത്തിൽ വൻവർധനയുണ്ടാക്കും ,. ചെലവുകളിൽ നിന്ന് ആദായത്തിലേക്കുള്ള tracking എളുപ്പമാണ്. ഇപ്പോൾ വെളിപ്പെടാതെ പോകുന്ന കാർഷിക, കച്ചവട വരുമാനങ്ങൾ അവയുടെ വിനിയോഗങ്ങളിൽ വെളിപ്പെടും. expenditure taxation ന്‍റെ social impact നിർണ്ണായകമായിരിക്കും.

2. പൊതുമരാമത്ത് concurrent audit നു വിധേയമാക്കുക. എസ്റ്റിമേറ്റ് മുതൽ ഗ്രാന്‍റ്  അനുവദിക്കൽ, ഫണ്ട് വിതരണം, വിനിയോഗം ,ബിൽ പേമെന്‍റ് വരെ വിദഗ്ധരും ഗുണഭോക്താക്കളുടെ പ്രതിനിധികളും അടങ്ങുന്ന സമിതികൾ പരിശോധിക്കണം.. രാഷ്ട്രീയ- ഉദ്യോഗസ്ഥ- കരാർ കൂട്ടുകെട്ടാണ് പദ്ധതിപ്പണത്തിൽ നിന്ന് കള്ളപ്പണം ഉൽപ്പാദിപ്പിക്കുന്നത് എന്നത് ഒരിക്കൽ കൂടി പറയേണ്ട കാര്യമില്ല.

3 ജനപ്രതിനിധികൾക്കുള്ള ആനുകൂല്യങ്ങൾ യുക്തിക്കനുസൃതമായി ക്രമീകരിക്കുക യാത്ര, ചികിത്സ, താമസം,തുടങ്ങിയവയിൽ ഒരു സിവിൽ സെർവന്‍റിന് ഉള്ളതിനു തുല്യമായ അളവിൽ ആനുകൂല്യങ്ങൾ നിജപ്പെടുത്തണം.  പരമാവധി കൂടിക്കാഴ്ചകളും ചർച്ചകളും തീരുമാനങ്ങളും വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെ നടത്തണം. ചികിത്സക്ക് പൊതു ജനത്തെപോലെ ഇൻഷുറൻസ് സൗകര്യം ഉപയോഗപ്പെടുത്തണം.  ഇടക്കിടെ വർധിപ്പിക്കുന്ന മാന്യമായ വേതനം ഉള്ളപ്പോൾ എന്തിനാണ് ഇത്രയധികം സൗജന്യങ്ങൾ?

4. വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിൽ സ്വകാര്യപങ്കാളിത്തം അനിഷേധ്യമായ സാന്നിധ്യമായി കഴിഞ്ഞു. കൂടുതൽ മേഖലകൾ ഈ ദിശയിലാണ്.  പൊതു വിതരണത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. (ധാന്യ ശേഖരണത്തിന് ഫുഡ് കോര്‍പറേഷന് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ സ്വകാര്യ വെയർഹൌസുകൾ പണിഞ്ഞത് അദാനിയുടെ ഉടമസ്ഥതയിലാണെന്നു മാതൃഭൂമി റേഷൻ പരമ്പര ) സ്വകാര്യ മൂലധനത്തിനു മേൽ കർശന മേൽനോട്ടം നടപ്പിലാക്കുവാൻ സർക്കാർ ധീരത കാണിക്കണം.

5. മത സ്ഥാപനങ്ങളുടെയും ആത്മീയ ചാരിറ്റബിൾ സംഘടനകളുടെയും കാരുണ്യ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും, നികുതിയിൽ നിന്നൊഴിവാക്കപ്പെടുകയാണെങ്കിലും കണിശമായ ഓഡിറ്റിന് വിധേയമാക്കണം. ഒരു മഠം ശുദ്ധ ഭാരതത്തിലേക്കു കോടികൾ സംഭാവന ചെയ്യുമ്പോൾ, ഒരു പ്രാദേശിക ആത്മീയ പ്രവർത്തകൻ നാട്ടിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമ്പോൾ ,ഒരു മത സ്ഥാപനം. അന്യസംസ്ഥാനത്തിൽ നിന്ന് ഉള്ള ബാലികബാലന്മാർക്കു സൗജന്യ പാർപ്പിടവും വിദ്യയും നൽകുമ്പോൾ ചില കേന്ദ്രങ്ങൾ സാധുജനങ്ങൾക്കിടയിൽ പാർപ്പിടവും വിദേശജോലിയും നൽകി മത പരിവർത്തനം നടത്തുമ്പോൾ വൻസാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കുന്നു.അധോലോക ശക്തികൾക്ക് കള്ളപ്പണം വെളുപ്പിക്കുവാനും വിധ്വംസക പ്രവർത്തനങ്ങൾക്ക് പണമൊഴുക്കുവാനും ഈ ഇന്ത്യൻ ആത്മീയ ദൗർബല്യം വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു.

നികുതിബാധ്യതയെ കുറിച്ചും അദ്ധ്വാനിച്ചു നേടിയ പണം കൊണ്ട് അഭിമാനത്തോടെ ജീവിക്കുന്നതിനെ കുറിച്ചും സാർത്ഥകമായ പാഠങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തി വരും തലമുറയെ പൗര ബോധമുള്ളവർ ആയി വാർത്തെടുക്കാൻ തുടക്കം കുറിക്കണം.

‘ഇപ്പോഴത്തെ’ വേട്ട’യിൽ സ്പർശിക്കാതെ വിട്ട ഉറവിടങ്ങളിൽ ചിലതു സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്..”

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like