പൂമുഖം EDITORIAL പൊതുതെരഞ്ഞെടുപ്പിലെ രാഷ്ട്രീയം എന്ത്?

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : പൊതുതെരഞ്ഞെടുപ്പിലെ രാഷ്ട്രീയം എന്ത്?

 

വീണ്ടും രാജ്യത്ത് ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം എന്ന് ഇതിനെ വിളിക്കാം. നൂറ്റിമുപ്പതു കോടിയിലധികം വരുന്ന ജനങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്. അടുത്ത അഞ്ചു വർഷം നമ്മെ ആര് ഭരിക്കണം എന്ന തെരഞ്ഞെടുപ്പ്. പല സംസ്ഥാന നിയമസഭകളിലേക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നുണ്ട്. അങ്ങേയറ്റം വ്യത്യസ്തവും വൈവിധ്യപൂർണവുമായ ഒരു രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും ചിലപ്പോൾ അതിനകത്തെ വ്യത്യസ്ത പ്രദേശങ്ങൾക്കും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ വൈജാത്യങ്ങൾ ഉണ്ടാകും. അതൊക്കെ ഒരു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങളാണ്. മതവും ജാതിയും ഉപജാതിയും പണവും ആൾബലവും കുടുംബ മഹിമയുമെല്ലാം ഇതിൽ മാറ്റുരക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം ഒരു തെരഞ്ഞെടുപ്പിൽ ഉയർന്നു വരേണ്ട വിഷയങ്ങൾ എന്തെല്ലാമാണ്? അതെല്ലാം നമ്മുടെ മുന്നിൽ ഇപ്പോഴുണ്ടോ? ഈ പരിശോധനയിൽ കാണുന്ന സത്യങ്ങൾ നമ്മെ ഞെട്ടിക്കുന്നു. കൊട്ടിഘോഷിക്കുന്ന ജനാധിപത്യം എത്ര മാത്രം പരിമിതമാണെന്നും നമ്മൾ അറിയുന്നു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നമുക്കിവിടെ ജനാധിപത്യമുണ്ട്, തെരഞ്ഞെടുപ്പുണ്ട്, ലോക്സഭയും നിയമസഭകളും മന്ത്രിസഭകളും ഉണ്ട്. എന്നാൽ സമൂഹത്തിലെ നല്ലൊരു വിഭാഗംവരുന്ന, ചരിത്രപരമായി തന്നെ സാമൂഹ്യവും സാമ്പത്തികവുമായി പിന്നണിയിൽ നിൽക്കുന്നവരെ ഒരിക്കലും പരിഗണിക്കാത്ത നയങ്ങളാണ് ഈ ഭരണകൂടങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു ഒരു തിരുത്തൽ വരുത്താൻ ഈ തെരഞ്ഞെടുപ്പുകളിൽ കൂടി നമുക്ക് കഴിയേണ്ടതല്ലേ? ഇന്ത്യയുടെ അറുപതു ശതമാനം വരുന്ന ജനത, ഇന്നും നേരിട്ട് ആശ്രയിക്കുന്ന കാർഷിക ഗ്രാമീണ മേഖല ഇന്ന് സമ്പൂർണ്ണ തകർച്ചയിലാണ്. വളർച്ചാനിരക്ക് ( ജിഡിപി) അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്ന, ധന മൂലധന സൗഹൃദ നയങ്ങൾ മുദ്രാവാക്യമാക്കുന്ന , സർക്കാർ എന്നാൽ, കേവലം, സ്വകാര്യ മൂലധനത്തിനു സൗകര്യമൊരുക്കുന്ന സംവിധാനം മാത്രമാകുന്ന നയങ്ങൾ എല്ലാ കക്ഷികളും സ്വീകരിക്കുമ്പോൾ തെരഞ്ഞെടുപ്പ്, പ്രഹസനമാകുന്നു. സർക്കാരിന്റെ കയ്യിൽ പണമില്ല എന്ന ഒറ്റ ന്യായത്തിന്റെ ബലത്തിൽ എല്ലാ സേവന പശ്ചാത്തല മേഖലകളും സ്വകാര്യ ചുങ്കത്തിന് വിട്ടുകൊടുക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി തുടങ്ങി ശുദ്ധജലം വരെ ഇന്ന് കമ്പോളച്ചരക്കാണ്. പൊതു വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റും മുന്നിൽ നിൽക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ പോലും ഇവയൊക്കെ ഇന്ന് പ്രധാന വ്യാപാരമേഖലകളായി. ഭൂമിയും വെള്ളവും ജൈവവൈവിധ്യവും കമ്പോള ആവശ്യങ്ങൾക്കായി നശിപ്പിക്കപ്പെടുന്നതിനെ വികസനമായി കാണുന്ന നയങ്ങൾ, പ്രകൃതിയെ നേരിട്ടാശ്രയിക്കുന്ന വിഭാഗം ജനങ്ങളെ തകർക്കുന്നു. ഒപ്പം, വരും തലമുറകളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്നു. ഈ നയങ്ങളുടെ പ്രചാരകരാകാൻ രാഷ്ട്രീയ ഭരണ കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അഴിമതി തന്നെയാണ്. ഇത്തരം കൊള്ളയുടെ നല്ലൊരു പങ്കും ഇവർക്കിടയിൽ വീതിക്കപ്പെടുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ അഴിമതിയുടെ തോതിൽ ഉണ്ടായ വർദ്ധനവ് ആയിരക്കണക്കിന് മടങ്ങാണ്. പൊതു മുതൽ കൊള്ളയടിക്കപ്പെടുന്നതിനാലാണ് സർക്കാരുകൾ പാപ്പരാകുന്നത് എന്ന സത്യം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയ കാലത്താണ് അഴിമതിവിരുദ്ധപ്രസ്ഥാനം ശക്തിപ്പെട്ടത്. അതിന്റെ ബലത്തിൽ അധികാരമേറ്റ കേന്ദ്ര സർക്കാർ 2014 ൽ പാസാക്കിയ ലോക്പാൽ നിയമം നടപ്പിലാക്കാൻ ആലോചിക്കുന്നത് തന്നെ അവരുടെ ഭരണത്തിന്റെ അവസാന നാളുകളിൽ ആണ്. എന്നാൽ വളരെ പരിമിതമായ അധികാരങ്ങൾ മാത്രമുള്ള ദില്ലിയിൽ മേല്പറഞ്ഞ പല അബദ്ധധാരണകളും തിരുത്തുവാൻ കഴിയുമെന്ന് കാണിക്കുന്ന ഒരു ഭരണം കാഴ്ചവെക്കാൻ ആം ആദ്മി സർക്കാരിന് കഴിഞ്ഞു. അഴിമതി തടയാൻ കഴിഞ്ഞാൽ ഒരു സർക്കാരും ദരിദ്രമാകില്ല. സർക്കാർ സമ്പത്ത് സേവന പശ്ചാത്തല മേഖലകളിൽ സർക്കാർ മുടക്കിയാൽ ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് ദില്ലിയിൽ തെളിയിച്ചു കഴിഞ്ഞു. ആ സർക്കാരിനെതിരെ പ്രയോഗിച്ച ജനാധിപത്യവിരുദ്ധനടപടികളെ നേരിട്ടുകൊണ്ട്, ജനങ്ങൾക്ക് മുന്നിൽ ഒരു മാതൃക സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. പക്ഷെ ഈ തെരഞ്ഞെടുപ്പിൽ ഇതൊന്നും ചർച്ചയാകില്ല.
അഖിലേന്ത്യ തലത്തിൽ നോക്കിയാൽ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അതിന്റെ സ്ഥാപനങ്ങളായ സുപ്രീം കോടതിയും റിസർവ്വ് ബാങ്കും സിബിഐയും തെരഞ്ഞെടുപ്പ് കമ്മീഷനുമടക്കം ഇന്ന് സംശയത്തിന്റെ നിഴലിൽ ആണ്. ഇവയെ ഒക്കെ നിർവ്വീര്യമാക്കിക്കൊണ്ട് ഒരു ഭരണം കൊണ്ട് വരാൻ ശ്രമിക്കുന്ന ഇന്നത്തെ ഭരണകക്ഷി ഒരിക്കൽ കൂടി ജയിച്ചാൽ ഇനി ഒരു പക്ഷെ ഒരു തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോ എന്ന സംശയം വലിയൊരു വിഭാഗം ജനങ്ങൾക്കുണ്ട്. അതുകൊണ്ട്, ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ജനാധിപത്യത്തിന്റെ സംരക്ഷണം തന്നെയാണ്. ദില്ലി സര്‍ക്കാരിനോട് ഇവര്‍ എടുത്ത സമീപനം കൊണ്ടു തന്നെ ഈ ഭരണം ഇനി തുടരാന്‍ പാടില്ല എന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.
2014 ലെ തെരഞ്ഞെടുപ്പിൽ കേവലം മൂന്നിലൊന്നു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ച ഇവർക്ക് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനുള്ള ഒരേ ഒരു കാരണം എതിർപക്ഷം ഭിന്നിച്ചതാണ് എന്ന് ലളിതമായ കണക്കുകൾ വച്ച് കൊണ്ട് തന്നെ പറയാം. ഇക്കാര്യം മിക്കവാറും എല്ലാ പ്രതിപക്ഷ കക്ഷികളും പരസ്യമായി സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ, പരസ്പരം സഹായിക്കാൻ തയാറാണെന്നു അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇങ്ങനെ ഒന്ന് സംഭവിച്ചതാണല്ലോ. പക്ഷേ, ഇക്കാര്യത്തിൽ ഈ കക്ഷികൾ പറയുന്ന നിലപാടുകൾ പലയിടത്തും പ്രയോഗത്തിൽ വരുന്നില്ല എന്നതാണ് പ്രശ്നം. തലസ്ഥാന സംസ്ഥാനമായ ദില്ലി തന്നെ ഒരു നല്ല ഉദാഹരണം. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴു സീറ്റുകളിലും വിജയിച്ചത് ബിജെപി ആണ്. അതിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ എഴുപതിൽ അറുപത്തേഴു സീറ്റും നേടിക്കൊണ്ട് ആം ആദ്മി പാർട്ടി അധികാരത്തിലെത്തി. കോൺഗ്രസിന് ഒരു സീറ്റുപോലും കിട്ടിയില്ല. വീണ്ടും ലോക്സഭാതെരഞ്ഞെടുപ്പു വരുമ്പോൾ ദില്ലിയിലെ എല്ലാ സീറ്റുകളും പിടിക്കാൻ ആം ആദ്മി പാർട്ടി ആഗ്രഹിക്കും. പക്ഷെ അവിടത്തെ യാഥാർഥ്യം മനസ്സിലാക്കി, ശക്തമായ സംഘടനാ അടിത്തറയും വോട്ടുമുള്ള , കേന്ദ്ര ഭരണത്തിന്റെ പിൻബലവുമുള്ള, ബിജെപി ക്കു ഒരു സീറ്റുപോലും കിട്ടില്ലെന്ന്‌ ഉറപ്പാക്കണമെങ്കിൽ കോൺഗ്രസുമായി സഹകരിക്കണം എന്ന് ആം ആദ്മി പാർട്ടി കരുതുന്നു. രാഷ്ട്രീയമായും മറ്റു രീതിയിലും കോൺഗ്രസുമായി ഏറെ വൈരുധ്യമുള്ള കക്ഷിയാണ് ആം ആദ്മി. അതെല്ലാം പിന്തള്ളിക്കൊണ്ട് കോൺഗ്രസിന് അവർ അർഹിക്കുന്നതിനേക്കാൾ വിഹിതം നൽകാൻ പാർട്ടി തയാറായി. പക്ഷെ അവിടെ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം എടുത്ത നിലപാടെന്താണ്? രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടിട്ടും അവർ വഴങ്ങുന്നില്ല. അടുത്ത വർഷം വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ദോഷം വരുമെന്നതാണ് അവരുടെ നിലപാട്. ദില്ലിയിൽ ബിജെപിയെ നിലം പരിശാക്കാൻ കഴിഞ്ഞാൽ അതിന്റെ ഏറ്റവും വലിയ നേട്ടം കോൺഗ്രസിനാണ് എന്ന പ്രാഥമിക രാഷ്ട്രീയം പോലും മനസ്സിലാക്കാത്തവരല്ല ഈ പ്രാദേശികനേതാക്കൾ. പക്ഷെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ആം ആദ്മിയുടെ തോൽവിയാണു ബിജെപിയുടെ വിജയത്തേക്കാൾ കോൺജയ്സ് ആഗ്രഹിക്കുന്നത് എന്നതല്ലേ സത്യം?
ഈ പ്രവണത ദില്ലിയിൽ മാത്രമല്ല കാണുന്നത്. ഏറ്റവുമധികം സീറ്റുകളുള്ള യുപിയിൽ പ്രമുഖ കക്ഷികളായ സമാജ് വാദിയും ബഹുജൻ സമാജ് പാർട്ടിയും തമ്മിലുള്ള സഖ്യത്തിൽ കോൺഗ്രസിലെ. സീറ്റുകളുടെ എണ്ണം സംബന്ധിച്ച തർക്കം തന്നെയാണ് വിഷയം. ഒന്നോ രണ്ടോ സീറ്റിന്റെ പേരിൽ ഒരു സംസ്ഥാനമാകെയുള്ള ഐക്യം തകർക്കരുതെന്ന് ഇവർക്ക് തോന്നാത്തതെന്തുകൊണ്ട്? കാരണം വ്യക്തം. രാജ്യമോ ജനങ്ങളോ അല്ല , തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങളാണ് ഈ നേതാക്കൾക്ക് പ്രധാനം.ആവശ്യമെങ്കിൽ തങ്ങൾ ഇന്ന് വരെ എതിർത്ത് പോന്ന കക്ഷിയിലേക്കു ഒരു ഉളുപ്പുമില്ലാതെ കൂറുമാറാൻ ഇവർക്ക് കഴിയുന്നു. രാഷ്ട്രീയത്തിൽ ഇല്ലാതാകുന്നത് നിലപാടുകളാണ്,നയങ്ങളാണ്. എന്ത് വിശ്വാസത്തിൽ ജനങ്ങൾ ഇവർക്ക് വോട്ടു ചെയ്യും? കേരളം പൊതുവെ ഇത്തരം കാലുമാറ്റങ്ങളിൽ പിന്നിലാണ്. ഇങ്ങനെ പെട്ടെന്ന് മാറുന്നവരെ ജനങ്ങൾ തിരിച്ചറിയും എന്നതിനാലാണിത്. എന്നിട്ടും ഈ തെരഞ്ഞെടുപ്പിൽ നാം അത് കണ്ടു . കോൺഗ്രസിന്റെ പ്രമുഖ വക്താവെന്നു അറിയപ്പെട്ടിരുന്ന ടോം വടക്കൻ നടത്തിയ തകിടം മറിച്ചിൽ ചാനലുകൾക്ക് ഹരം പകർന്ന കോമഡിയായി. അതിനു പറഞ്ഞ കാരണം, ഫുൽവാമയിലെ ആക്രമണത്തോട് കോൺഗ്രസ് എടുത്തു എന്ന് ടോം പറയുന്ന സമീപനം, അതിലേറെ പരിഹാസ്യമായി. തലേന്ന് വരെ ആ നിലപാട് മാധ്യമങ്ങളോട് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. അതുപോലെ കേരളത്തിലെ കോൺഗ്രസിന്റെ സാംസ്കാരികമുഖമായിരുന്ന, പി എസ് സിയുടെ മുൻ അധ്യക്ഷൻ, രാധാകൃഷ്ണൻ, കണ്ണടച്ചു തുറന്നപ്പോൾ, ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ആയി. മുമ്പ് ഇടതു എംഎൽഎ ആയിരുന്ന കണ്ണന്താനം ഇപ്പോൾ മോഡി മന്ത്രിസഭയിലെ അംഗമാണ്. ചുരുക്കത്തിൽ പ്രത്യയ ശാസ്ത്രമൊന്നും ആർക്കും ഇന്നൊരു ഭാരമല്ല.
ഈ തെരഞ്ഞെടുപ്പിൽ ദേശസ്നേഹവും സുരക്ഷയും ഭീകരാക്രമണവുമെല്ലാം വിഷയമാക്കാനാണ് സ്വാഭാവികമായും ഭരണകക്ഷി ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിന്റെ ദുരന്തം നിറഞ്ഞ ഓർമ്മകൾ കുഴിച്ചു മൂടപ്പെടണം. കർഷകരുടെ ആത്മഹത്യകളും കടബാധ്യതയും നോട്ടു നോരോധനം വഴി തകർന്ന മനുഷ്യജീവിതങ്ങളും അതിവേഗം വർധിച്ച തൊഴിലില്ലായ്മയും രാജ്യമാകെ പടർത്തുന്ന വർഗീയവിഭജനങ്ങളും ആൾക്കൂട്ടക്കൊലകളും ശുദ്ധവായുപോലും കിട്ടാതെ പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ മുഖങ്ങളും രാജ്യത്തെ കൊള്ളയടിച്ചു ആകാശത്തോളം വളർന്ന കോർപറേറ്റുകളും നമ്മുടെ ചില്ലിക്കാശുകൾ ചേർന്ന ബാങ്കുകളുടെ നിക്ഷേപങ്ങൾ ആയിരക്കണക്കിന് കോടികൾ കൊള്ളയടിച്ചു രക്ഷപ്പെട്ട മോദിമാരുടെ കഥകളും ഒരിക്കലും ചർച്ചയാകരുതല്ലോ.
ഓരോ സംസ്ഥാനത്തെയും സ്ഥിതി പരിശോധിച്ചാൽ ഇത് ബോധ്യമാകും. കേരളത്തിൽ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. ഭീകരാക്രമണവും ശബരിമലയുമൊന്നും പ്രതീക്ഷിച്ച പോലെ സംഘപരിവാറിന് തുണയാകില്ലെന്നു ബോധ്യപ്പെട്ടുവരുന്നു. ഇവിടെ പ്രധാനമത്സരം എൽഡി എഫും യുഡിഎഫും തമ്മിലാണ്. ചില മണ്ഡലങ്ങളിൽ ബിജെപി ജയസാധ്യത കാണുന്നു എങ്കിലും അതത്ര ഗൗരവതരമാണെന്നു പറയാൻ കഴിയില്ല. പക്ഷെ കേരളത്തിലെ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്ന ഒരു ഘടകം സിറ്റിംഗ് എംഎൽഎ മാരുടെ കൂട്ടത്തോടെയുള്ള രംഗപ്രവേശമാണ്. ഇടതുപക്ഷത്ത് നിന്ന് ആറും പ്രതിപക്ഷത്തു നിന്നും മൂന്നും പേര് ഇങ്ങനെ പോരാട്ട രംഗത്തുണ്ട്. ഇത് ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ആയിരക്കണക്കിന് നേതാക്കൾ ഉള്ള പാർട്ടികൾ എന്തിനു ഇങ്ങനെ ചെയ്യുന്നു? നിയമത്തിന്റെ വരികൾ നോക്കിയാൽ ഇതിൽ തെറ്റില്ല. പക്ഷെ സാമൂഹ്യമായി ഇത് വലിയൊരു തെറ്റ് തന്നെയല്ലേ?ഇവർ ജയിച്ചു വന്നാൽ ഈ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് വരും. ഇതിനായി സർക്കാരും പാർട്ടികളും കോടികൾ ചെലവാക്കും . ഇതെല്ലാം ജനങ്ങളുടെ തലയിൽ വരുന്ന ഭാരമാണ്. ഇതൊഴിവാക്കാൻ കഴിയുമായിരുന്നില്ലേ ? ഇടതുപക്ഷത്തെ ചില സ്ഥാനാർത്ഥികൾ അവരുടെ മുന്നണിയുടെ ശോഭ കെടുത്തുന്നു എന്ന ആരോപണവും തള്ളിക്കളയാൻ കഴിയില്ല. യുവാക്കൾക്ക് താരതമ്യേന കൂടുതൽ പരിഗണന കിട്ടിയിരിക്കുന്നത് യുഡിഎഫിലാണ് എന്ന് പൊതുവെ പറയാം. സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഇരു കൂട്ടരും ഒരു പോലെ തന്നെ.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയർന്നു വന്ന ഒരു വിഷയം കർഷകരുടെ കടാശ്വാസപദ്ധതി വേണ്ടരീതിയിൽ നടപ്പായില്ല എന്നതാണ്. കേവലം മൊറൊട്ടോറിയം കൊണ്ട് വലിയ കാര്യമില്ല, തൽക്കാലം തെരഞ്ഞെടുപ്പിന്റെ കടമ്പ കടക്കാം എന്നേയുള്ളു. ഈ കാലത്തും പലിശ കൂടിക്കൊണ്ടിരിക്കും എന്നതും മറക്കരുത്. അത് തന്നെ ശരിയായി നടപ്പാകാതിരുന്നതിനു ആരാണ് കുറ്റക്കാർ? ചീഫ് സെക്രട്ടറി ടോം ജോസ് വീഴ്ച വരുത്തി എന്നാണ് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പറയുന്നത്. ആ ഉദ്യോഗസ്ഥനെ അറിയാവുന്ന ആരും അത് വിശ്വസിക്കും. തീർത്തും ജനവിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. പക്ഷെ ഇക്കാര്യത്തിൽ മന്ത്രിസഭയുടെ തെറ്റും കാണാതിരിക്കരുത്. ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏഴിലധികം ആത്മഹത്യകൾ നടന്നു. പ്രളയദുരിതാശ്വാസമടക്കമുള്ള പദ്ധതികൾ ശരിയായി നടപ്പിലാക്കിയിരുന്നെങ്കിൽ ഇവയിൽ ചിലതെങ്കിലും ഒഴിവാക്കാമായിരുന്നു. അതിൽ ഗുരുതരമായ വീഴ്ചവന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്ന് മാത്രമേ ഇത് സംബന്ധിച്ച് തീരുമാനിക്കാൻ കഴിയുമായിരുന്നുള്ളു എന്നുണ്ടോ? രണ്ടാഴ്ച മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കിൽ ശരിയായി നടപ്പിലാക്കാൻ കഴിയുമായിരുന്നില്ലേ ? ആത്മാർഥത തന്നെയാണ് പ്രശ്നം.

Comments
Print Friendly, PDF & Email

You may also like