ലെനിൻ പറഞ്ഞ പന്നിക്കൂടിനേക്കാൾ ഭീകരം
നമ്മുടെ ജനപ്രതിസഭകളുടെ നിലവാരം അളക്കാനുള്ള രണ്ടു സൂചകങ്ങളെ കുറിച്ചു മാത്രമേ ഞാൻ ഇവിടെ പറഞ്ഞുള്ളൂ. മുതലാളിത്ത വ്യവസ്ഥയിൽ നമ്മുടെ രാജ്യത്തിന്‍റെ സ്ഥാനം ,ലോകഘടനയിൽ നമ്മുടെ ജനാധിപത്യത്തിന്‍റെ പക്വത, തീവ്രമായ അസമത്വം, ജനസംഖ്യാശാസ്ത്രപരമായ (demographic) ഗണനകൾ , അഴിമതി ,നിയമവാഴ്ച, ഗോത്രീയതകൾ ഇതെല്ലാം ചേർന്ന സങ്കീർണ്ണ രാസപ്രവര്‍ത്തനത്തിന്‍റെ ഫലമാണ് ഒരു ജനപ്രതിനിധിസഭ.
ലതിക സൂചിപ്പിച്ചത് പോലെ മൂന്നിലൊന്നോ പകുതിയിൽ താഴെയോ വോട്ടുമാത്രം കിട്ടിയവർ അധികാരത്തിൽ വരുന്ന അവസ്ഥയുണ്ട്.അത് എന്തോ ഒരു പുതിയ കാര്യമാണെന്ന മട്ടിൽ വീണ്ടു വിചാരമില്ലാത്തവരുടെ മുന്നിൽ ആദ്യം അവതരിപ്പിച്ചത് നമ്മുടെ കവിയാണെന്ന് തോന്നുന്നു. പിന്നീട് ഒട്ടേറെ പ്രഗത്ഭർ അടക്കം ഇത് ആവർത്തിക്കുന്നത് കണ്ടു. ഇന്നു വരെ കേന്ദ്രത്തിൽ ഒരു തികഞ്ഞ ‘ഭൂരിപക്ഷ’ സർക്കാർ ഉണ്ടായിട്ടില്ലെന്നതാണ് സത്യം. UPA സർക്കാരിൽ കോൺഗ്രസ്സിന്‍റെ വോട്ടിന്‍റെ ഓഹരി 29% ആയിരുന്നു. നരേന്ദ്ര മോദിമാത്രമല്ല,പാർലിമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ ജവഹർലാൽ നെഹ്‌റുവും(47.8%) രാജീവ് ഗാന്ധിയും(48.1%) അടക്കം ഇന്നേവരെയുള്ള എല്ലാ സർക്കാരുകളും ന്യൂനപക്ഷം വോട്ടുകളുടെ ബലത്തിൽ ആണ് അധികാരത്തിൽ വന്നത്. ഇക്കഴിഞ്ഞ ലോക് സഭയിൽ ഒന്നിൽ കൂടുതൽ സെഷനുകൾ പ്രതിപക്ഷത്തിന്റെ മാത്രമല്ല ഭരണകക്ഷിയുടെ പോലും കുതന്ത്രത്തിന്റെ ഫലമായി ഒരു നടപടികളും പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നു. 2015ൽ കേരള നിയമസഭയിൽ അരങ്ങേറിയത് പോലുള്ള തെരുവു ഗുണ്ടകളെ നാണിപ്പിക്കുന്ന നാടകങ്ങൾ അരങ്ങേറാത്ത ഏതെങ്കിലും ജനപ്രതിനിധിസഭ ഇന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല; പൊതുമുതലും കോടിക്കണക്കിനു രൂപ വില വരുന്ന ജോലിസമയവും നശിപ്പിച്ച് മാതൃകാക്ഷേത്രങ്ങളിൽ നടക്കുന്ന ഇത്തരം ക്രിമിനൽ കുറ്റങ്ങൾ ശിക്ഷിക്കപ്പെടേണ്ടതാണെന്നൊന്നും ആരും സംശയിക്കാറുപോലുമില്ല. ലെനിൻ പറഞ്ഞ പന്നിക്കൂടിനേക്കാൾ ഭീകരമായാണ് മിക്കപ്പോഴും നമ്മുടെ നിയമനിർമ്മാണസഭകൾ പ്രവർത്തിക്കുന്നത്. താങ്കൾ സൂചിപ്പിച്ച പോലെ പാർലമെന്റ് സെഷൻ തുടങ്ങുന്നതിനു മുൻപ് ഒരു വിസ്ഫോടന വാർത്ത സൃഷ്ടിച്ചു തുടർച്ചയായ സ്തംഭനത്തിനു കളമൊരുക്കുക, പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുക, അതിന്റെമറയിൽ ചർച്ചയില്ലാതെ പ്രധാന ബില്ലുകൾ പാസ്സാക്കി എടുക്കുക,പാസ്സാവില്ലെന്നു സംശയിക്കുന്ന നിയമങ്ങൾ മണി ബില്ലുകളാക്കി പാസ്സാക്കി എടുക്കുക എന്നിങ്ങനെയുള്ള കുതന്ത്രങ്ങൾ ജനാധിപത്യത്തെ തരിമ്പും ആദരിക്കാത്ത ‘ജനപ്രതിനിധി’കളുടെ നടപടികളാണ്.ഇന്നും അപക്വമായി തുടരുന്ന ഒരു ജനാധിപത്യത്തിന്റെ കഥ കൂടിയാണത്.
വികസിതരാഷ്ട്രങ്ങളിലെ ജനാധിപത്യചരിത്രം നിരീക്ഷിച്ചാൽ അത് നൂറ്റാണ്ടുകളെടുത്ത് പക്വമായ ഒരു പ്രക്രിയയാണെന്ന് മനസ്സിലാകും . ആഗോളവൽക്കരണ-നിയോ ലിബറൽ ഘട്ടത്തിൽ രാജ്യത്ത് കൂടുതൽ പേർ സമ്പന്നരാകുകയും കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു കടക്കുകയും ചെയ്തുവെങ്കിലും ഈ കാലത്ത് ഭരണകൂടത്തിനും പാർട്ടി നേതൃത്വങ്ങൾക്കും സംഭവിച്ച സാർവത്രികമായ അധ:പതനം ചെറുതല്ല. പ്രധാനമന്ത്രി എന്ന നിലയിൽ ജവഹർലാൽ നെഹ്രുവല്ല നരേന്ദ്രമോദി.പാർട്ടി നേതാവ് എന്ന നിലയിൽ നെഹ്‌റുവല്ല രാഹുൽ ഗാന്ധി.എ.കെ.ഗോപാലനല്ല പിണറായി വിജയൻ .ശ്യാമപ്രസാദ് മുഖർജിയോ വാജ്പേയിയോ അല്ല അമിത് ഷാ. അംബേദ്‌കർ അല്ല മായാവതി. ഈ വലിയ അധ:പതനം സംഭവിച്ചത് നിയോ ലിബറൽ ഘട്ടത്തിലെ അതിദ്രുതസാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളെ ഉൾ ക്കൊള്ളാൻ പഴഞ്ചനായ ഭരണകൂടസ്ഥാപനങ്ങളെയും മറ്റ് അനൌപചാരികസ്ഥാപനങ്ങളെയും സജ്ജമാക്കാത്തത് കൊണ്ടാണെന്ന് ശരിയായിത്തന്നെ ധാരാളം പേർ നിരീക്ഷിച്ചു കണ്ടിട്ടുണ്ട്. ഏതു വ്യവസ്ഥയായാലും കര്‍മ്മോന്മുഖത ബലികഴിച്ച് ഒരു ഇടപാടും പാടില്ല.രാഷ്ട്രീയമായി ശരിയായാലും തെറ്റായാലും യൂറോപ്യന്‍ യൂണിയനിലും പല അംഗരാജ്യങ്ങളിലും ഭരണത്തില്‍ ഭാവനാശാലികളായ പ്രൊഫഷനലുകളുടെ മേല്‍ക്കൈ വര്‍ദ്ധിച്ചു വരികയാണ്. ചരിത്രപരമായ ഒരു അനിവാര്യതയായിരുന്ന നിയോലിബറല്‍ ഘട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയത് മന്‍മോഹന്‍ സിങ്ങിനെ പോലെയും സാം പിത്രോദയേയും പോലുള്ള പ്രൊഫഷനലുകള്‍ ആണ്.അവര്‍ കൊണ്ട് വന്ന മാറ്റം നിങ്ങള്‍ക്കിഷ്ടപ്പെട്ടോ ഇല്ലയോ എന്നതൊന്നും ആരും ഗൌനിക്കുന്നില്ല. സമകാലീന ഇന്ത്യയെയും കേരളത്തിനെയും സംബന്ധിച്ചിടത്തോളം പ്രൊഫഷണലിസത്തെ നേതാക്കളുടെ ജന്മസിദ്ധമായ രാഷ്ട്രീയലുംപനിസവും ധാര്‍ഷ്ട്യവും നിരക്ഷരതയും കീഴടക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.
പൊതുസമൂഹബുദ്ധിജീവികള്‍
ഇത്തരം അധ:പതനങ്ങളെ ചൂണ്ടിക്കാണിക്കേണ്ടതും തടയേണ്ടതും കാലാനുസൃതമായ വിധത്തില്‍ ദര്‍ശനശക്തിയുള്ള പൊതുസമൂഹബുദ്ധിജീവികളുടെ കടമയാണ്. അടിയന്തിരാവസ്ഥാദശകത്തില്‍ പോലും വളരെ ഊര്‍ജ്ജസ്വലമായ അത്തരമൊരു ബുദ്ധിജീവിസമൂഹം ഇന്ത്യയില്‍ നിലനിന്നിരുന്നു. ഇന്ന് പൊതുസമൂഹം മറ്റെല്ലാ സ്ഥാപനങ്ങളേക്കാളും ദുര്‍ബ്ബലവും ഏറെക്കുറെ മരണാസന്നവുമാണ്. വലതുപക്ഷ ബുദ്ധിജീവികളുടെ വംശം കുറ്റിയറ്റു എന്നു തന്നെ പറയാം.മറിച്ച് ,ഇടതുപക്ഷബുദ്ധിജീവിസമൂഹം ജനനിബിഡമാണ്. എന്നാല്‍, അവരിന്ന് തരം താണ പ്രചാരകര്‍ മാത്രമാണ്. ബുദ്ധിജീവി മുഖ്യമായും സത്യത്തിന്‍റെ വാഹകനാകണം.അയാളുടെ ജോലിയില്‍ അടങ്ങിയിരിക്കുന്ന പ്രചാരണാംശം രണ്ടാമത്തെ മുന്‍ഗണനയെ ആകാവൂ.പക്ഷപാതിത്വവും അതിഭാവുകത്വവും ഭാഗ്യാന്വേഷണവും നിമിത്തം ഇടതുപക്ഷബുദ്ധിജീവികള്‍ ജനങ്ങള്‍ക്കിടയിലെ വിശ്വസനീയത കളഞ്ഞു കുളിച്ചു. ഉദാഹരണത്തിന് അവര്‍ പറയുന്നതാകകൊണ്ട് സംഘപരിവാറിനെതിരെയുള്ള വളരെ വളരെ സാധുവായ ആരോപണങ്ങള്‍ പോലും ജനങ്ങള്‍ വിശ്വസിക്കാതായി .വിശ്വസനീയത നശിച്ച ഇടതുബുദ്ധിജീവിയെ പ്രതിയോഗിയായി കിട്ടുന്നത് പോലെ ഒരു നേട്ടം വലതുപക്ഷത്തിന് ഉണ്ടാകാനില്ല.
സാധാരണ ജനങ്ങള്‍ മാത്രമല്ല ,പ്രബുദ്ധര്‍ പോലും ഇവിടെ ജനാധിപത്യം അന്യൂനമായി നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എന്ന കാപട്യമാണ് ഏറ്റവും അസഹനീയമായത്. ’ഇത് ജനാധിപത്യ വിരുദ്ധമാണ്’, ’നിയമവാഴ്ച തകര്‍ന്നു’, ’കോടതിവിധിയെ അട്ടിമറിക്കുന്നു’, ’ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരാണ് ’, ‘അത് മാദ്ധ്യമധര്‍മ്മമല്ല’എന്നെല്ലാം ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തെ ആസ്പദമാക്കി പരസ്പരം ആരോപിക്കുന്നത് കേള്‍ക്കാം. ആ പ്രത്യേക സംഭവത്തിന് തൊട്ടു മുന്‍പ് വരെ പോലീസും കോടതിയും ഭരണഘടനയും ജനാധിപത്യവും മാധ്യമങ്ങളും ഒക്കെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഇടമായിരുന്നു ഇതെന്നാണ് അത് കേട്ടാല്‍ തോന്നുക. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും നിയമവാഴ്ചയുടെയും മേലുള്ള രാഷ്ട്രീയ സമൂഹത്തിന്‍റെ ദൈനന്ദിനകയ്യേറ്റങ്ങള്‍ ദശാബ്ദങ്ങളായി കണ്ടു കൊണ്ടിരിക്കുകയാണെങ്കിലും അവയെ നിസ്സാരമായ അപഭ്രംശങ്ങളായി കണ്ട് ,ന്യായീകരിക്കുകയോ ഏറിയാല്‍ ഒന്ന് മുറുമുറുക്കുകയോ മാത്രം ചെയ്യുന്ന പ്രബുദ്ധര്‍ എന്നെ അതിശയിപ്പിക്കാറുണ്ട് . അവരുടെ അദമ്യമായ പക്ഷപാതങ്ങള്‍ തെളിയിക്കാറുള്ളത് അബോധപൂര്‍വമായി അവര്‍ അരാജകമായ ഈ സ്ഥിതവ്യവസ്ഥയെയും ഘടനാപരമായ ഹിംസയേയും ആദരിക്കുന്നവരാണ് എന്നതാണ്. ഭരണഘടനയേയും ജനാധിപത്യത്തെയും ,അവയുടെ മഹത്തുക്കളായ സ്രഷ്ടാക്കള്‍ ആശിച്ച പോലെ, നിയമാനുസൃതവും ക്രമാനുസാരിയും ആക്കണമെന്ന് ശഠിക്കുന്നവരെയെല്ലാം ഈ രാഷ്ട്രീയസമൂഹം സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുക. അണ്ണാഹസാരേയുടെയും കേജ്രിവാളിന്റെയും നേതൃത്വത്തില്‍ നടന്ന 2011ലെ India Against Corruption സമരത്തിന്‍റെ ഏറ്റവും അക്രമാസക്തരായ വിമര്‍ശകര്‍ കമ്മ്യൂണിസ്റ്റുകളും ജെ.എന്‍.യു.വിലെ വിതണ്ഡവാദികളും ആയിരുന്നു എന്ന് അന്ന് ആ സമരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണച്ച അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളായ എനിക്ക് നല്ല ഓര്‍മ്മയുണ്ട്.എഴെട്ടു വര്‍ഷങ്ങളേ കഴിഞ്ഞുള്ളു , അപ്രസക്തരായി, ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളുടെ സംഘപരിവാറിനെതിരായ സമരത്തിലെ മുഖ്യരക്ഷകന്‍ ഇന്ന് കേജ്രിവാള്‍ ആണ് ! ഡല്‍ഹിയില്‍ കമ്മ്യൂണിസ്റ്റ് വോട്ടുകള്‍ ആംആദ്മിക്കും കേരളത്തിലെ ആം ആദ്മി വോട്ടുകള്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും വച്ചു മാറുന്ന തരം ആത്മബന്ധം. അഭൂതപൂര്‍വമായ ജനമുന്നേറ്റത്തെ ഭയന്ന് ലോക് പാല്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്തപാര്‍ലിമെന്റിന്റെ രാപ്പകല്‍ നീണ്ടു നിന്ന ഒരു അസാധാരണയോഗം അക്കാലത്ത് ചേരുകയുണ്ടായല്ലോ. ജനാധിപത്യത്തിന്റെ പവിത്രക്ഷേത്രത്തെയും ജനപ്രതിനിധികളുടെ അപ്രമാദിത്വത്തെയും അഴിമതിവിരുദ്ധരായ ‘അരാജകവാദികള്‍’ വെല്ലുവിളിക്കുന്നതിനെതിരായുള്ള പ്രതിഷേധത്തിന് ക്ഷോഭപൂര്‍വ്വം നേതൃത്വം നല്‍കിയത് ഇന്ന് റാഞ്ചിയിലെ ബിര്സാ മുണ്ടാ ജയിലില്‍ ആദ്യ ഗഡുവെന്ന നിലയില്‍ പതിന്നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവാണ് .അന്ന് കാവി മുതല്‍ ചുവപ്പ് വരെയുള്ള എല്ലാ മഴവില്‍ നിറങ്ങളും പൂര്‍വവൈരങ്ങളൊക്കെ മറന്ന് ജനകീയപ്രക്ഷോഭത്തിനെതിരെ ഒന്നിച്ചു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും പോലും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ പുരോഗമനസമൂഹം അന്ന് പൊതുവേ ആം ആദ്മി സമരത്തെ ഒരു അരാജകസമരമായാണ് കണ്ടത്.അന്ന് ‘പാര്‍ലിമെന്റിന്റെ പവിത്രതയെ ആക്രമിക്കരുത്’, ’ജനപ്രതിനിധികള്‍ ആണ് സര്‍വ്വ പ്രധാനം‘ എന്നിങ്ങനെയുള്ള ആക്രോശങ്ങള്‍ പ്രക്ഷോഭകാരികള്‍ക്ക് എതിരായി സമൂഹത്തില്‍ മുഴങ്ങി.
സഭക്കുള്ളിലെ ക്രിമിനലുകള്‍
എന്താണീ ജനപ്രതിനിധികളില്‍ ചിലരുടെ വിശിഷ്ടലക്ഷണം? ലാലുവിന്റെ പ്രസംഗം സംയുക്തപാര്‍ലിമെന്റില്‍ മുഴങ്ങിയതിനു രണ്ടോ മൂന്നോ വര്ഷം മുന്‍പാണ് പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം മൂലം അധികാരം നഷ്ടപ്പെടാതിരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ സഭയിലെ ആറു വിശിഷ്ടാംഗങ്ങളെ വിശുദ്ധക്ഷേത്രത്തിലേക്ക് ഇറക്കുമതി ചെയ്തത്. യു.പി.യിലേയും ബീഹാറിലെയും കുപ്രസിദ്ധതടവറകളില്‍ കഴിയുന്ന 6 എം.പി.മാരെ താല്‍ക്കാലികമായി വിമോചിപ്പിച്ച് വോട്ടെടുപ്പില്‍ പങ്കെടുപ്പിച്ചാണ് അന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയത്. ഈ ജനപ്രതിനിധികള്‍ കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍ എന്നിങ്ങനെയുള്ള ഘോരകുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട നൂറോളം കേസുകളിലാണ് ജയിലില്‍ കഴിഞ്ഞിരുന്നത്! അവിശ്വാസപ്രമേയം പരാജയപ്പെട്ട ശേഷം 3 പ്രതിപക്ഷ എം.പി.മാര്‍ പ്രമേയവോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇടനിലക്കാരന്‍ വഴി തങ്ങള്‍ക്കു കോണ്‍ഗ്രസ്സില്‍ നിന്ന് മുന്‍കൂര്‍കൈക്കൂലിയായി ലഭിച്ച 3 കോടി രൂപയുടെ കറന്‍സികള്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചതും വാര്‍ത്തയായി.
ഇവയെല്ലാം നിങ്ങള്‍ ഓര്‍ക്കുന്ന പത്രവാര്‍ത്തകള്‍ ആണ്. നമ്മള്‍ ഇവയൊന്നും മറക്കാതിരിക്കാന്‍ മുന്‍പ് പറഞ്ഞ ADR റിപ്പോര്‍ട്ടുകളിലും മിലന്‍ വൈഷ്ണവിന്റെ ‘When Crime Pays’,ജോസി ജോസഫിന്‍റെ ‘A Feast of Vultures’എന്നിങ്ങനെയുള്ള നൂറു കണക്കിനുള്ള പുസ്തകങ്ങളിലും ഈ വി.ഐ.പി.ക്രിമിനല്‍ സമൂഹത്തിന്റെ ചെയ്തികളും തദനുബന്ധിയായ സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .ADR റിപ്പോര്‍ട്ടുകളില്‍ പറയുന്നത് 2004 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനങ്ങളിലേത് ഉള്‍പ്പടെയുള്ള ജനപ്രതിനിധി സഭകളില്‍ 14000 കൊടും കുറ്റവാളികള്‍ ഉണ്ടായിരുന്നു എന്നാണ്. അവരില്‍ 4357 പേര്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടവരാണ്; 68 പേര്‍ ബലാല്‍സംഗികളാണെങ്കില്‍ 1004 പേര്‍ തീവെട്ടിക്കൊള്ളയും കവര്‍ച്ചയും ആയി ബന്ധപ്പെട്ടവരാണ്.അതിപ്രശസ്തര്‍ ഉള്‍പ്പടെയുള്ള നിരവധി രാഷ്ട്രീയക്കാര്‍ ധാരാളം കൊലപാതകഗൂഢാലോചനകളില്‍ ഉള്‍പ്പെട്ടവരാണ്. അഖിലേന്ത്യാതലത്തിലുള്ള കുറ്റവാളികളെ കുറിച്ചുള്ള ജനശ്രുതികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊലപാതക ഗൂഢാലോചനാരോപണം നേരിടുന്ന കണ്ണൂര്‍ മാഫിയയെയൊക്കെ പൂജാമുറിയില്‍ ആരാധിക്കപ്പെടേണ്ടും വിധത്തില്‍ വിശുദ്ധരാണ്. മുഖ്യമായും ബി.ജെ.പി.ക്കാരും കുറച്ചു കോണ്‍ഗ്രസ്സുകാരും ഉള്‍പ്പെട്ട വ്യാപം അഴിമതിക്കേസില്‍ സാക്ഷികളും പരാതിക്കാരും കുറ്റാരോപിതരും ആയി നാല്‍പ്പതിലേറെ ആളുകളാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്! സാക്ഷികളെ ഇല്ലാതാക്കല്‍ വടക്കേ ഇന്ത്യന്‍ രാഷ്ട്രീയകുറ്റകൃത്യങ്ങളില്‍ സാധാരണമായ ഒന്നാണ്. അമിത്ഷാ കൂടി പ്രതിയായ സോറാബുദ്ദീന്‍-കൌസാബി-പ്രജാപതി കേസിന്‍റെ അപ്പുറത്ത് ബി.ജെ.പി. വിമതമന്ത്രിയായിരുന്ന ഹിരേന്‍പാണ്ധ്യയുടെ കൊലപാതകവും ഇപ്പുറത്ത് ജസ്റ്റിസ് ലോയയുടെ ‘മരണ’വും ചേര്‍ന്ന് ഒരു ഭീകരശൃംഖലയാവുന്നു.മുസ്ലിം-ഹിന്ദു സമുദായാംഗങ്ങളായ 62 പേരുടെ മരണങ്ങള്‍ക്ക് കാരണമായ 2013 ലെ മുസഫര്‍നഗര്‍ വര്‍ഗ്ഗീയകലാപത്തിന്റെ സൂത്രധാരനായിരുന്ന സഞ്ജീവ് ബലിയാന്‍ മോദി മന്ത്രിസഭയിലെ അംഗമായിരുന്നു.അയാള്‍ ഇക്കുറിയും മത്സര രംഗത്തുണ്ട്.ബംഗാളില്‍ സി.പി.എമ്മിന്റെ പതനം മൂലം അവരുടെ ശക്തിയായിരുന്ന ക്രിമിനല്‍ രാഷ്ട്രീയക്കാര്‍ ആരും തൊഴില്‍രഹിതരായില്ല.അവര്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു! നന്ദിഗ്രാം സംഭവത്തിലെ പ്രതിനായകനും മുന്‍ എം.പി.യുമായിരുന്ന ലക്ഷ്മണ്‍ സേത്ത് സി.പി.എം.വിട്ട് ആദ്യം ബി.ജെ.പി.യില്‍ ചേര്‍ന്നു.തൃണമൂലില്‍ ചേരാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ഈയിടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി ആയി.
ക്രിമിനലുകള്‍ പണ്ടൊക്കെ പാര്‍ട്ടികളെ പുറമേ നിന്ന് സഹായിക്കുകയായിരുന്നു പതിവ്. പിന്നീട് അവര്‍ ചിന്തിച്ചു, വളരെ ജനപ്രിയരായ തങ്ങള്‍ക്കു എന്തു കൊണ്ട് സ്വയം രാഷ്ട്രീയത്തില്‍ ഇറങ്ങിക്കൂടാ എന്ന്. കുറ്റകൃത്യങ്ങള്‍ക്ക് ഒപ്പമാണ് പണമുള്ളത്. അത് കൊണ്ട് അവരുമായി സഹശയനം നടത്തുന്നത് ലാഭകരമാണെന്ന് ബി.ജെ.പി. മുതല്‍ സി.പി.എം. വരെയുള്ള പാര്‍ട്ടികള്‍ എല്ലാം കരുതുന്നു.ഫൂലന്‍ ദേവിയാണ് രാഷ്ട്രീയത്തിലേക്ക് വന്ന ആദ്യത്തെ കുപ്രസിദ്ധ കുറ്റവാളി എന്നു തോന്നുന്നു. അവരുടെ കാര്യത്തില്‍, പക്ഷെ, വര്‍ഗ്ഗപരവും ലിംഗനീതിപരവും ആയ അഭിവീക്ഷണം ആവശ്യമുണ്ട്. എന്നാല്‍ പിന്നീട് വന്നവര്‍ കൊലയും കൊള്ളിവയ്പ്പും തീവെട്ടിക്കൊള്ളയും നടത്തുന്ന കൊടുംക്രിമിനലുകളായിരുന്നു. രാജാ ഭയ്യയും അശോക് സമ്രാട്ടും മുക്താര്‍ അന്‍സാരിയും സുനില്‍ പാണ്‍ധേയും രാമാനന്ദ് യാദവും എല്ലാം മണ്ധലാനന്തരരാഷ്ട്രീയത്തിലെ അനിവാര്യശക്തികളായി. വ്യക്തിഗതഅഴിമതിയില്ലായ്മയുടെ കാര്യത്തിലും ഭരണനൈപുണിയുടെ കാര്യത്തിലും അരവിന്ദ് കേജ്രിവാളിനോട് സമനായി ഞാന്‍ കാണുന്ന വ്യക്തിയാണ് നിതീഷ്കുമാര്‍. എന്നാല്‍ ,മൊകാമയിലെ അനന്ത് സിംഗ് എന്ന ക്രിമിനല്‍ജനപ്രതിനിധിയുടെ രക്ഷകര്‍ത്താവ് നിതീഷ് കുമാര്‍ ആണ്. മുംബൈയിലെ അധോലോകനായകനായ അരുണ്‍ ഗാവ്ലിക്ക് ജനപ്രതിനിധി എന്ന നിലയില്‍ നിയമസാധുത നല്‍കിയത് ശിവസേനയാണ്.
ആവശ്യാധിഷ്ടിത അഴിമതിയും ലോഭാധിഷ്ടിത അഴിമതിയും
തെരഞ്ഞെടുപ്പ് ചെലവുകളില്‍ നിന്ന് തുടങ്ങുന്നു പാര്‍ട്ടികളുടെയും രാഷ്ട്രീയക്കാരന്റെയും അവിശുദ്ധമായ പണവുമായുള്ള ബന്ധങ്ങള്‍. ഈയിടെ ഒളിക്യാമറയില്‍ കുടുങ്ങിയ കേരളത്തിലെ MP അതിതീവ്ര അഴിമതിക്കാരനായി അറിയപ്പെട്ടിട്ടുള്ള ആളല്ലെന്ന് തോന്നുന്നു.അദ്ദേഹം 2014 ലെ തെരഞ്ഞെടുപ്പില്‍ ചെലവാക്കിയത് 20 കോടി രൂപയാണത്രേ.ഇപ്പോള്‍ അത് 25 കോടി ആയിട്ടുണ്ടാവും.ഇത് കേരളത്തിലെ കാര്യം . തിരുമംഗലം മോഡല്‍ എന്ന പേരില്‍ കരുണാനിധിയുടെ മകന്‍ അഴഗിരി തുടങ്ങിവച്ച, പണവും മദ്യവും ഗൃഹോപകരണങ്ങളും വിതരണം ചെയ്യുന്നത് വ്യവസ്ഥാനുസൃതമായിട്ടുള്ള തമിഴുനാട്ടിലും വടക്കേ ഇന്ത്യയിലും ചെലവ് ഇതിന്‍റെ ഇരട്ടിയെങ്കിലും വരും. കൂടുതല്‍ മെച്ചപ്പെട്ട വരുമാനസ്രോതസ്സുള്ള ഭരണത്തിലുള്ള പാര്‍ട്ടിക്ക് പോലും ഈ ചെലവിന്‍റെ ചെറിയൊരംശമേ വഹിക്കാനാവൂ.ബാക്കിയുള്ള തുക സ്ഥാനാര്‍ത്ഥികള്‍ തന്നെ പ്രബലരായ സാമ്പത്തികശക്തികളില്‍ നിന്ന് സംഭരിക്കണം. ജീവസന്ധാരണത്തിനു വേണ്ടി യാതൊരു തൊഴിലും ചെയ്യാത്ത ദശലക്ഷക്കണക്കിന് മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകരുള്ള മറ്റൊരു ‘ജനാധിപത്യം’ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല. അവരെയൊക്കെ നിലനിര്‍ത്തണം. ഇവരാരും സ്വാതന്ത്ര്യസമരകാലത്തെ ത്യാഗികളല്ല. അതുകൊണ്ട് അവര്‍ക്കും അധികാരവും സുഖജീവിതവും കൊടുത്തേ മതിയാകൂ. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പൊതുമേഖലാസ്ഥാപനങ്ങള്‍, സാംസ്കാരികസ്ഥാപനങ്ങള്‍ , സഹകരണസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ദേവസ്വം ബോര്‍ഡുകള്‍ ,പബ്ലിക് സര്‍വീസ് കമ്മീഷന്‍ തുടങ്ങി പതിനായിരക്കണക്കിന് സംവിധാനങ്ങള്‍ പ്രാഥമികമായും രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്കും അനുഭാവികള്‍ക്കും ഉദ്യോഗം കൊടുക്കാന്‍ ഉള്ളവ മാത്രമായി മാറിക്കഴിഞ്ഞു. ആ സ്ഥാപനങ്ങളുടെയൊക്കെ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്ക് അപ്രധാനസ്ഥാനമേ ഇന്നുള്ളൂ . യോഗ്യതയുടെ കാര്യത്തില്‍ മിക്കവാറും രണ്ടാം കിടക്കാരായ പാര്‍ട്ടിക്കാര്‍ക്കുള്ള ഇത്തരത്തിലുള്ള ഉദ്യോഗദാനം സ്വാഭാവികമായും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിവര്‍ത്തിക്കുന്നു. പിന്നെയും ബാക്കി വരും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍. അവരെയും നിലനിര്‍ത്തണം . ജനങ്ങള്‍ പാര്‍ട്ടിയെ വിസ്മരിക്കാതിരിക്കാനും അണികളെ ജാഗ്രതയില്‍ നിര്‍ത്താനുമായി, സാമയികമായി പ്രക്ഷോഭങ്ങളും മാമാങ്കങ്ങളും സംഘടിപ്പിക്കാനും വേണം വന്‍തുകകള്‍ .നേതാക്കളുടെ നിരന്തര യാത്രകള്‍, പാര്‍ട്ടികളുടെ നിത്യനിദാനചെലവുകള്‍ എന്നിവയൊക്കെ വേറെ. ഇവയൊക്കെ ആവശ്യാധിഷ്ഠിത അഴിമതിയുടെ ഗണത്തിലാണ് രാഷ്ട്രീയക്കാര്‍ പെടുത്തിയിരിക്കുന്നത്.ജനങ്ങളും അത് അംഗീകരിച്ചു കഴിഞ്ഞു. നിങ്ങളറിയുന്ന ഏതു സത്യവാദിയായ രാഷ്ട്രീയക്കാരനും ഈ ആവശ്യാധിഷ്ഠിത അഴിമതിയില്‍ നിന്നോ തദ്ഫലമായുള്ള മൂലധനശക്തികളോടുള്ള നിത്യവിധേയത്വത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ല .കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും മറ്റും ഈ ജോലി കേന്ദ്രീകൃതമായി ആണ് ചെയ്തുകൊണ്ടിരുന്നത് .ഇപ്പോള്‍ അവരും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. ഇനി വരുന്നതാണ് ലോഭാധിഷ്ഠിതഅഴിമതികള്‍. ലോഭാധിഷ്ഠിത അഴിമതിക്ക് ഈ നിയോ -ലിബറല്‍ കാലത്ത് അതിരുകളില്ല. ആഗോളവല്‍ക്കരണ കാലം വന്നതോടെ ,അതുവരെ നിലനിന്നിരുന്ന ‘ലൈസന്‍സ് രാജ്‘ പോയി അഴിമതിക്ക് ശമനം വരുമെന്ന് ആണ് കരുതിയിരുന്നത്.പക്ഷെ ഭരണകാര്യനിര്‍വ്വഹണപരമായ(regulatory)അഴിമതികള്‍ ആയിരം മടങ്ങ് വര്‍ദ്ധിക്കുകയാണുണ്ടായത്.ഭരണകൂടങ്ങള്‍ ഭൂമി,കാട്,കടല്‍,ഖനിജങ്ങള്‍ എന്നിവയെല്ലാം വില്‍പ്പനക്കായി വച്ചു. അങ്ങിനെ യാതൊരു വിവേചനവുമില്ലാത്ത ഭൂമികയ്യേറ്റവും ഭൂമിദാനവും രാഷ്ട്രീയക്കാരന്റെയും എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥന്മാരുടെയും അഴിമതി സാദ്ധ്യതകള്‍ അഭൂതപൂര്‍വമായി വികസിപ്പിച്ചു.നിയോ-ലിബറല്‍ ഘട്ടത്തിലെ അഴിമതിയുടെ ആദിരൂപം എന്ന് വിശേഷിപ്പിക്കാവുന്ന വൈ.എസ്.രാജശേഖര റെഡ്ഡി കുത്തകകള്‍ക്ക് അനധികൃത ഭൂമിദാനം നല്‍കുക വഴി സംസ്ഥാനത്തിന് വരുത്തി വച്ച നഷ്ടം ഒരു ലക്ഷം കോടി രൂപയുടേതായിരുന്നു.അത് പത്തിലേറെ വര്ഷം മുന്‍പുള്ള കഥ. ആയുധക്കരാറുകളിലെ അഴിമതി ജ്യാമതീയാനുപാതത്തില്‍ വര്‍ദ്ധിച്ചു. സാങ്കേതികവിദ്യയുടെ വിസ്ഫോടനം ടെലിക്കമ്മ്യൂണിക്കേഷന്‍ സ്പെക്ട്രവും ഇന്റര്‍നെറ്റ് വിയത് തരംഗങ്ങളും പോലുള്ള നിരവധി പുതിയ ഉല്‍പ്പന്നങ്ങളും അവയുടെയൊക്കെ വമ്പന്‍വിപണിയും നിര്‍മ്മിച്ചു.പ്രാദേശിക പാറമടക്കാരന്‍ മുതല്‍ അംബാനി വരെയും ബ്രാഞ്ച് സെക്രട്ടറി മുതല്‍ പ്രധാനമന്ത്രി വരെയും ഉള്ളവര്‍ ഉള്‍പ്പെട്ട കങ്കാണി മുതലാളിത്തത്തിന്റെ സാര്‍വത്രിക പാഠങ്ങള്‍ സംക്രമണഘട്ടവൈഷമ്യങ്ങള്‍ ഒന്നുമില്ലാതെ എല്ലാ രാഷ്ട്രീയക്കാരും വളരെ വേഗം പഠിച്ചു.
സഭകളിലെ ശതകോടീശ്വരന്മാര്‍
സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളില്‍ തന്നെ GD ബിര്‍ളയെ പോലുള്ള സാമ്പത്തികശക്തികള്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെ അവിഹിതമായി സഹായിക്കുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. പിന്നീടു വന്ന ദശകങ്ങളില്‍ പത്തിരട്ടിയും നൂറിരട്ടിയും ആയി ഈ അവിഹിതബന്ധം വര്‍ദ്ധിച്ചു.നിയോ ലിബറല്‍ കാലത്ത് ഏറ്റവും വലിയ അഴിമതിയുടെ സ്രോതസ്സായി കോര്‍പ്പറേറ്റ് അഴിമതി. ആഗോളവല്‍ക്കരണ ദശകങ്ങളിലെ രാഷ്ട്രീയക്കാരുടെ അഴിമതിയെ കുറിച്ച് ഏതെങ്കിലും സെര്‍ച്ച് എഞ്ചിന്‍ വഴി അന്വേഷിച്ചാല്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ്-രാഷ്ട്രീയ അഴിമതിയുടെ വൈപുല്യം കണ്ടു നാം ഞെട്ടും. ഇത്രയധികം വിഭവസമ്പത്തുണ്ടായിട്ടും ഈ രാജ്യം അവികസിതമായി തുടരുന്നതെന്തു കൊണ്ടെന്ന് നിമിഷാര്‍ദ്ധം കൊണ്ട് നമുക്ക് മനസ്സിലാകും.ലാലു , വാദ്ര, മുലായം, മധുകോഡ, കരുണാനിധി, ജയലളിത, മായാവതി, ചൌത്താല, യെദ്ദ്യൂരപ്പ, കല്‍മാഡി , റെഡ്ഡിസഹോദരന്മാര്‍, മാണി, കണ്ണൂര്‍ മാഫിയ, പവാര്‍-എന്നിങ്ങനെയുള്ള നിരവധി കുടുംബങ്ങളുടെയും സംഘങ്ങളുടെയും വളര്‍ച്ചയുടെ കഥകള്‍ രാമായണ-മഹാഭാരതകഥകള്‍ പോലെ ഉദ്വേഗജനകമാണ്. ഒരൊറ്റ ഉദാഹരണം മാത്രം നോക്കാം:മുന്‍പ് ചൂണ്ടിക്കാട്ടിയത് പോലെ , ഇന്ത്യയിലെ നിയോ-ലിബറല്‍ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന പുതിയ തരം രാഷ്ട്രീയക്കാരുടെ ഏറ്റവും നല്ല പ്രതിനിധിയാണ് വൈ.എസ്.രാജശേഖര റെഡ്ഡി.നാല് വട്ടം എം.പി.യും രണ്ടു വട്ടം മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തിയാണ് .ഇന്ത്യയിലെ എല്ലാ അഴിമതിരാഷ്ട്രീയക്കാരെയും ആഴത്തില്‍ പഠിച്ചിട്ടുള്ള അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ പോലും ഞെട്ടിച്ചിട്ടുള്ള നേതാവാണ് അയാള്‍. 1999ലെ ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് മസില്‍ പവറും പണവും ഉപയോഗിച്ച് വളര്‍ന്ന ആ ‘പ്രതിഭ’ അകാലത്തില്‍ പൊലിഞ്ഞത്. മകന്‍ വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അഴിമതിയുടെ കാര്യത്തില്‍ അച്ഛനോടൊപ്പം വളര്‍ന്ന ഒരു അത്ഭുതശിശു(prodigy)ആണ്. അഴിമതിക്കേസുകളില്‍ ഒരു വര്‍ഷത്തിലേറെ കാലം ജയിലില്‍ കിടന്നു.അച്ഛന്‍ ആദ്യവട്ടം മുഖ്യമന്ത്രിയാകുന്നതിനു തൊട്ടു മുന്‍പ് അയാളുടെ ആസ്തി ഒരു ലക്ഷം രൂപയില്‍ താഴെയായിരുന്നു. ഇന്ന് അത് 5000 കോടിയാണത്രെ. ഇന്ന് ആന്ധ്രാജനതയുടെ കണ്ണിലുണ്ണിയായ അയാള്‍ വരുന്ന തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് കരുതപ്പെടുന്നു. യുവപ്രതിഭയായ അയാള്‍ മൂന്നു മുന്നണികളിലേക്കും തന്‍റെ സ്പര്‍ശിനികള്‍ നീട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപികരിക്കുമ്പോള്‍ മോദിക്കോ രാഹുലിനോ മായാവതിക്കോ ഒഴിച്ചു കൂടാനാവാത്ത അയാള്‍ നാളെ മര്‍മ്മപ്രധാനമായ ഒരു മന്ത്രാലയം ഭരിക്കുന്ന നമ്മുടെ ഭരണാധികാരിയായിരിക്കും.
ക്രിമിനലുകളുടെ കാര്യത്തില്‍ എന്ന പോലെ,ഒരു ഘട്ടത്തില്‍, രാഷ്ട്രീയക്കാരെ പുറമേ നിന്ന് പിന്തുണയ്ക്കുന്ന രീതി കൈ വിട്ട് ശതകോടീശ്വരന്മാര്‍ നേരിട്ട് രാഷ്ട്രീയഗോദയില്‍ ഇറങ്ങാന്‍ ആരംഭിച്ചു. റെഡ്ഡി സഹോദരന്മാരും ശ്രീരാമുലുവും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ശതകോടീശ്വരന്‍മാരും ‘ഇടതുപക്ഷ’ക്കാരായ പി.വി.അന്‍വറും തോമസ് ചാണ്ടിയും അങ്ങിനെയാണ് ജനപ്രതിനിധിസഭകളിലെത്തിയത്.വിജയ് മല്യയെയും മുസ്ലിം ലീഗിനും സി.പി.എമ്മിനും ഒരു പോലെ അഭിമതനായ പി.വി.അബ്ദുള്‍വഹാബിനെയും പോലുള്ള നിരവധി പേര്‍ മുഖ്യധാരാപാര്‍ട്ടികളുടെ സഹായത്തോടെ രാജ്യസഭയിലാണ് എത്തിയത്.
പാര്‍ട്ടികളുടെ അഴിമതി
കേഡര്‍ പാര്‍ട്ടികളായ ബി.ജെ.പി.യും സി.പി.എമ്മും ഒഴിച്ചാല്‍ മറ്റു പാര്‍ട്ടികള്‍ക്കൊ അവരുടെ അണികള്‍ക്കോ അഴിമതി ധാര്‍മ്മികമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു പ്രശ്നമല്ല . പ്രത്യയശാസ്ത്രത്തിന്‍റെ ആഡംബരം പേറുന്ന കേഡര്‍ പാര്‍ട്ടികള്‍ക്ക് അതുകൊണ്ട് കപടനാട്യം കൂടും.അവര്‍ക്ക് അഴിമതി കാണിക്കുകയും വേണം ;അവര്‍ അഴിമതിക്കാരല്ലെന്ന് നാം നിര്‍ബന്ധിതമായി വിശ്വസിക്കുകയും വേണം. തങ്ങള്‍ക്ക് അതുമായി ഒരു ബന്ധവുമില്ലെന്ന മട്ടില്‍ മുഖപേശികള്‍ ചലിപ്പിക്കാതെ അഴിമതിക്കെതിരായി മോദിയും പിണറായി വിജയനും ഒക്കെ സംസാരിക്കുമ്പോള്‍ മഹാനടന്മാരായിരുന്ന പൃഥിരാജ് കപൂറും ദിലീപ് കുമാറും മറ്റും അവരുടെ അഭിനയപാടവത്തിനു മുമ്പില്‍ തോറ്റു പോകും. മാരകമായ ഗോരക്ഷാസാഹസങ്ങളും ഇന്ത്യയെ പല ദശകങ്ങള്‍ പിന്നോട്ടടിക്കുന്ന കുത്സിതമായ മറ്റ് വിജ്ഞാനവിരോധവാദങ്ങളും (obscurantism)കഴിഞ്ഞാല്‍ പിന്നെ അസഹ്യമായത് സംഘപരിവാറിന്റെയും മോദിയുടെയും അഴിമതിയെ സംബന്ധിച്ചുള്ള സ്വയം-ശരി ഭാവമാണ് .ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും വലിയ പാര്‍ട്ടി ബി.ജെ.പിയാണ് എന്നതിനാല്‍ , അത് സ്വാഭാവികമായും ഇന്ത്യയിലെ ഏറ്റവും വലിയ കങ്കാണിമുതലാളിത്ത പാര്‍ട്ടിയാണ്.അത് കൊണ്ട് തന്നെ ഏറ്റവും വലിയ അഴിമതിപ്പാര്‍ട്ടിയുമാണ്. യു.പി.എ സര്‍ക്കാരില്‍ നിന്ന് ഭിന്നമായി തന്‍റെ മന്ത്രിസഭ വ്യക്തിഗതഅഴിമതിയില്‍ നിന്ന് താരതമ്യേന മുക്തമാണ് എന്ന പ്രതിഛായ സൃഷ്ടിക്കാന്‍ മോദിക്കായി എന്നത് നിസ്തര്‍ക്കമാണ്.എന്നാല്‍, പരിവാറിന് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങള്‍ ഒന്നു പോലും അഴിമതിമുക്തമല്ല. വ്യാപം അഴിമതിയുടെ വൈപുല്യവും അതിനു ശേഷമുണ്ടായ തുടര്‍ക്കൊലകളും ഞെട്ടിക്കുന്നതാണ് . ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരുടെ അവിശ്വസനീയമാം വിധം അരാജകത്വം നിറഞ്ഞതും ,എല്ലാ നിയമവാഴ്ചക്കും അതീതമായതും ആയ പ്രകൃതിവിഭവക്കൊള്ളയുടെ പ്രാഭവം നിയന്ത്രിക്കാന്‍ ബി.ജെ.പി.യുടെ കേന്ദ്രപാര്‍ട്ടിനേതൃത്വത്തിനു പോലും കഴിയില്ല. മോദിക്ക് പോലും അനിഷേധ്യനായ യെദ്ദ്യൂരപ്പ സ്വന്തം നിലയില്‍ തന്നെ നല്ല ഒരു അഴിമതിക്കാരനാണ്. റാഫേല്‍ കരാറിനെ സംബന്ധിച്ച സുപ്രീം കോടതിവിധി വരാനിരിക്കുന്നതേയുള്ളു. വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥനും, ആയുധം വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചിതനും,നിഷ്പക്ഷ നിരീക്ഷകനുമായ ഒരു സുഹൃത്ത് പറഞ്ഞത് കരാറിലെ മറ്റു ഘടകങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പോലും അംബാനിയുമായുള്ള പങ്കാളിത്തത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള കങ്കാണിമുതലാളിത്തമുഖം മറച്ചുവക്കാനാവില്ലെന്നാണ്. വളരെ അതാര്യമായ ഇലക്‌റ്റോറല്‍ ബോണ്ട് കൌശലപൂര്‍വ്വം നിയമാനുസൃതമാക്കപ്പെട്ട ഒരു വന്‍അഴിമതി തന്നെ ആണ്.
(2)
മുതലാളിത്തത്തിന് ബദലുകളില്ല
ലോകരാഷ്ട്രങ്ങളിലെ ഭരണക്രമം ചുരുക്കം പേര്‍ ചേര്‍ന്നുള്ള അല്‍പ്പജനാധിപത്യമോ(oligarchy), രാജാധിപത്യമോ(monarchy), പൌരോഹിത്യഭരണമോ (theocracy), കുലീനാധിപത്യമോ (aristocracy), സ്വേഛാധിപത്യമോ (dictatorship) എന്തുമാകട്ടെ, അവയില്‍ ഓരോന്നിന്റെയും ആത്മാവായും അന്തര്‍ധാരയായും മുതലാളിത്തമുണ്ട്. മുതലാളിത്തമേ ഉള്ളൂ. നിയോ- ലിബറല്‍ ഘട്ടത്തിന്‍റെ ഗുണഫലങ്ങള്‍ എന്ന നിലയില്‍ വലിയ സമ്പത്ത് നേടിയവരുള്‍പ്പടെയുള്ളവരാണെങ്കിലും മലയാളി ഇടതുപക്ഷ-പാരിസ്ഥിതിക-ഗാന്ധിയന്‍-ഇസ്ലാമിസ്റ്റ് -ഫെമിനിസ്റ്റ് –ദളിത് പ്രവര്‍ത്തകര്‍ ഒന്നടങ്കം വാശി പിടിക്കുന്നു, ”എനിക്ക് ആഗോളവല്‍ക്കരണം ഇഷ്ടമല്ല ;നിയോലിബറലിസം ഇഷ്ടമല്ല; മുതലാളിത്തം ഇഷ്ടമല്ല.എനിക്ക് ബദല്‍ വേണം.ഉടന്‍ വേണം” എന്ന്. മുതലാളിത്തത്തിനോടുള്ള അനിഷ്ടത്തിനും ബദലിനു വേണ്ടിയുള്ള നമ്മുടെ നിലവിളിക്കും സയുക്തികവും മാനവികവും ആയ നൂറു നൂറു ന്യായീകരണങ്ങളുണ്ട് എന്ന് സമ്മതിക്കുന്നു.പക്ഷെ മുതലാളിത്തത്തിന്റെ നിസ്സംഗപ്രയാണത്തില്‍ നിങ്ങളെ ആരു ഗൌനിക്കുന്നു? മുതലാളിത്തത്തിന് തല്‍ക്കാലം ബദലുകളില്ല.മുതലാളിത്തത്തിന് ബദലുകള്‍ ഉണ്ടെന്ന് പറയുന്നത് പ്രാണവായുവിന് ബദലുകള്‍ ഉണ്ടെന്ന് പറയുന്നത് പോലെയാണ്.പ്രാണവായു ,ഡല്‍ഹിയിലേതു പോലെ ദുഷിച്ചതാകാം; ആല്‍പൈന്‍ ഗ്രാമങ്ങളിലേതു പോലെ സംശുദ്ധമാകാം. സംശുദ്ധമായാലും അല്ലെങ്കിലും മനുഷ്യന് ശ്വസിച്ചേ തീരു എന്ന അനിവാര്യതയുണ്ട്.അധികാരാര്‍ത്തിയും മത്സരവും ഒക്കെയുള്ള മനുഷ്യപ്രകൃതത്തിന് അനുസൃതമായത് മുതലാളിത്തമാകയാലാണ് അത് രണ്ടിലേറെ നൂറ്റാണ്ടായി അതിജീവിക്കുന്നത്. മുതലാളിത്തത്തിന് തല്‍ക്കാലം ബദലുകളില്ല എന്ന അനിവാര്യസത്യം പറയുന്നവര്‍ മുതലാളിത്തപാതക്കാരാണെന്ന് തോന്നുന്നുണ്ടോ? സമ്പൂര്‍ണ്ണ ചികിത്സയില്ലാത്ത ചില auto-immune അസുഖങ്ങളുണ്ട് . രോഗപ്രത്യാഗമനങ്ങളുടെയും ശമനങ്ങളുടെയും നാളുകളിലൂടെ ആ രോഗത്തോടൊപ്പം അങ്ങിനെ ജീവിച്ചു പോകാനെ നമുക്കാവൂ . രോഗത്തിന്‍റെ സ്വഭാവം ചൂണ്ടിക്കാട്ടുന്ന ചികിത്സകന്‍ ആ രോഗത്തിന്റെ പങ്കാളി ആണെന്ന് സ്ഥാപിക്കുന്നതു പോലെയാണ് മുതലാളിത്തത്തിന് ബദലുകളില്ല എന്നു പറയുന്നവരെ മുതലാളിത്തപാതക്കാരാക്കുന്നത്. മുതലാളിത്തത്തിനെതിരായി ഇത:പര്യന്തം ഉണ്ടായി എന്നു പറയുന്ന ബദലുകള്‍ ഏറിയാല്‍ മഹത്തായ പ്രതിരോധങ്ങള്‍ മാത്രമായിരുന്നു. തന്‍റെ കാലത്തെ മുതലാളിത്തത്തെ സമീപിക്കുമ്പോള്‍ ആശാചിന്തകളെയല്ല വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളെയാണ് ആധാരമാക്കേണ്ടത് എന്ന് സ്വയം ശഠിച്ചആളാണ് മാര്‍ക്സ്. അദ്ദേഹത്തിന്‍റെ രോഗനിര്‍ണ്ണയങ്ങളില്‍ ഇപ്പോഴുംസാധുവായവ ഉണ്ടെന്നിരുന്നാലും പരിഹാരനിര്‍ദ്ദേശങ്ങള്‍ മിക്കവാറും ആശാചിന്തകളായിമാറുകയായിരുന്നല്ലോ. ഒന്നര നൂറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ചിട്ടും അത് സ്ഥായിയായ ഒരു ബദലായില്ല എന്ന് തന്നെയല്ല ,കേരളത്തില്‍ മാര്‍ക്സിസ്റ്റ് എന്ന് ബോര്‍ഡ് വച്ചിരിക്കുന്നവരെ പോലെ നിരവധി അളിഞ്ഞതോ ക്രൂരമോ സന്ധി ചെയ്തതോ ആയ ‘ബദലു’കള്‍ ഉണ്ടാവുകയും ചെയ്തു .
ഒരു നാമമാത്ര ജനാധിപത്യം മാത്രം
ശക്തമായ ഒരു ഭരണഘടനയും ഏറെക്കുറെ ക്രമമായ തെരഞ്ഞെടുപ്പും എല്ലാം ഉണ്ടെങ്കിലും നമ്മുടേതിന്നും മുതലാളിത്തത്തിന്‍ കീഴിലെ ഒരു നാമമാത്ര ജനാധിപത്യം മാത്രമാണ്. കൃത്യമായി പറഞ്ഞാല്‍ തസ്കരാധിപത്യ(kleptocracy)ഘടനയോടു കൂടിയ ഒരു പുതുകാലപ്രഭുവാഴ്ച(oligarchy)യാണ് നമ്മുടേത്. വളരെ വിസ്തൃതമായ രാജ്യമാകയാല്‍ പ്രാദേശിക പ്രഭുക്കള്‍ക്കും വലിയ പ്രസക്തി ഉണ്ട് . പരസ്പരം അതിരുകള്‍ നന്നെ മാനിക്കുന്ന കള്ളന്മാരുടെ ഒരു ഫെഡറലിസം ഇന്ത്യയില്‍ അന്യൂനമായി നിലനില്‍ക്കുന്നുണ്ട് എന്ന് പറയാം.രാഷ്ട്രീയസമൂഹത്തില്‍ പെട്ടവര്‍ തെരഞ്ഞെടുപ്പു കാലത്ത് പരസ്പരം പോര്‍വിളിക്കുമെങ്കിലും ജനങ്ങള്‍ എന്ന പൊതുഭീഷണിക്കു മുന്‍പില്‍ അവര്‍ ഒറ്റക്കെട്ടാണ്. രാഷ്ട്രീയസമൂഹത്തിലെ അഴിമതിക്കാരനോ സ്ത്രീപീഡകനോ കൊലയാളിയോ ശിക്ഷിക്കപ്പെടുന്ന അനുഭവങ്ങള്‍ കുറവാണ്.
പ്രധാന കാരണം, പാര്‍ട്ടികള്‍ക്കോ പൊതുസമൂഹത്തിനോ ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ജനാധിപത്യം ഒരു സംസ്കാരമായിട്ടില്ല എന്നതാണ്. നമ്മുടെ പാര്‍ട്ടികള്‍ ഒന്ന് പോലും ജനാധിപത്യം പിന്തുടരുന്നവയല്ല. ലോകത്തിലേക്കും വച്ച് ഏറ്റവും അംഗബലമുണ്ട് എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയില്‍ 1980 ല്‍ അത് രൂപികരിക്കപ്പെട്ട ശേഷം നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പൊന്നും ഉണ്ടായിട്ടില്ല. RSS ആരെ നേതാവായി നിശ്ചയിക്കുന്നുവോ അവരാണ് നേതൃസ്ഥാനത്തുള്ളത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ചാം തലമുറ കുടുംബാധിപത്യമാണ് .യാദവന്മാര്‍,പവാര്‍മാര്‍ ,ദ്രാവിഡന്മാര്‍, ,ഗൌഡമാര്‍,കേരള കോണ്‍ഗ്രസ്സുകള്‍ എന്നിങ്ങനെ ഏതെല്ലാം പാര്‍ട്ടികളെ സങ്കല്‍പ്പിക്കാമോ അവയെല്ലാം കുടുംബാധിപത്യങ്ങള്‍ ആണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പണ്ട് വ്യക്തിനിഷ്ഠമല്ലാത്ത ഒരു തെരഞ്ഞെടുപ്പു രീതിയുണ്ടായിരുന്നു. ഇന്ന് അത് ഒരു പ്രതീതി മാത്രമാണ്. കേരളത്തില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയുടെ കേരളത്തിലെ ഏകശാസനനായ നേതാവിന്‍റെ തീരുമാനങ്ങള്‍ അംഗീകരിക്കുക മാത്രമേ കേന്ദ്രനേതൃത്വത്തിന് ഇന്ന് ചെയ്യാനുള്ളു. ധനസഞ്ചയം നടത്തുന്ന കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ ഒരു കീഴ്ഘടകമാണ് നിര്‍ധനമായ പോളിറ്റ്ബ്യൂറോ എന്നതാണ് ശരി. മന്ത്രിസഭയോഗങ്ങളില്‍ ഒരാള്‍ മാത്രമേ സംസാരിക്കാറുള്ളൂ എന്ന കേട്ടുകേള്‍വി ശരിയാകാനാണ് സാദ്ധ്യത. ഫ്യൂഡല്‍ സംസ്കാരത്തിനാണ് ഏകാധിപതികളായ നേതാക്കളും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അണികളും മാത്രമുള്ള മുന്‍പറഞ്ഞ പാര്‍ട്ടികളില്‍ ഒക്കെ ഇന്നും പ്രാമുഖ്യം. ആന്തരികജനാധിപത്യം തരിമ്പും അംഗീകരിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തില്‍ ശരിയായ ജനാധിപത്യം വേരുപിടിക്കാന്‍ അനുവദിക്കുമെന്ന് കരുതുന്നത് തന്നെ അസംബന്ധമല്ലേ?
പുതുകാല തസ്ക്കരപ്രഭുവാഴ്ച
തസ്ക്കരാധിപത്യത്തിന്റെയും പുതുകാലപ്രഭുവാഴ്ചയുടെയും മാരകമായ മിശ്രിതം രാഷ്ട്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം, പാരിസ്ഥിതിക സുരക്ഷയും സാമൂഹിക സുരക്ഷയും അവസരസമത്വവും ഉള്ള ഒരു വികസിതരാജ്യമാവാന്‍ വേണ്ട എല്ലാ വിഭവശേഷിയും അന്തര്‍ലീനസാധ്യതയും ഉണ്ടായിട്ടും ഇന്ത്യയിലെ ഒരു നല്ല വിഭാഗം ജനങ്ങളെയും ദരിദ്രരായിത്തന്നെ ഇന്നും നിലനിര്‍ത്തുന്നു എന്നതാണ്. ആഗോളവല്‍ക്കരണഘട്ടം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ കാര്യത്തില്‍ അത്ഭുതകരമായ കുതിപ്പുകളുണ്ടാക്കിയിട്ടുണ്ട്. എങ്കിലും27 കോടി ജനങ്ങള്‍ (ജനസംഖ്യയുടെ 21.2%) ഇപ്പോഴും ദാരിദ്ര്യരേഖക്കു താഴെയാണ് കഴിയുന്നത്. 2019 ലെ Global Hunger Index പ്രകാരം ലോകത്തിലെ 119 രാജ്യങ്ങളില്‍ 103 ആണ് ഇന്നും ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാനെ ഒഴിച്ചു നിര്‍ത്തിയാല്‍ നമ്മുടെ അയല്‍ക്കാരായ ചെറുരാജ്യങ്ങള്‍ പോലും നമുക്ക് വളരെ മുകളിലാണ്. അതേ സമയം, രണ്ടായിരാമാണ്ടില്‍ രാജ്യസമ്പത്തിന്‍റെ 37 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനത്തിന്‍റെ കയ്യിലായിരുന്നു എങ്കില്‍ ഇന്ന് ആ ഒരു ശതമാനത്തിന്‍റെ കയ്യില്‍ രാജ്യസമ്പത്തിന്‍റെ 58 ശതമാനവും ഉണ്ട് ! ഈ കൊടിയ അസമത്വം നമ്മുടെ ജനാധിപത്യത്തിന്‍റെ വികൃതമുഖമാണ്. ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നരാജ്യമായ ഇന്ത്യയാണ് ഇന്നും ലോകത്തില്‍ ഏറ്റവും വിശക്കുന്ന മനുഷ്യരുള്ള രാജ്യങ്ങളില്‍ ഒന്ന് എന്ന ഭീമമായ വൈരുദ്ധ്യത്തിലേക്ക് നാം ഉണരാറില്ല. സമ്പത്തും അധികാരവും ലാക്കാക്കിയുള്ള പുതുകാലതസ്ക്കരപ്രഭുക്കളുടെ അഴിമതിയും നിയമവാഴ്ചയോടുള്ള പുച്ഛവും മനസ്സാക്ഷീലേശമില്ലാതെ അവര്‍ ദുരുപയോഗിക്കുന്ന നാനാവിധത്തിലുള്ള ഗോത്രീയതകളും ആണ് ഒരു മാതൃകാ ജനാധിപത്യമാവാനുള്ള നമ്മുടെ സാദ്ധ്യതയെ മന്ദമാക്കുന്നത്. തന്നെയുമല്ല , വാണിജ്യക്കരാറുകളും ഉല്‍പ്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും കര്‍ഷകന്‍റെ നട്ടെല്ലൊടിക്കുന്നു.രാഷ്ട്രീയ പരാദങ്ങളുടെ ഒത്താശയോടെ ,യാതൊരു നിയമവും ബാധിക്കാത്ത കുത്തക ഭീമന്മാരുടെയും പ്രാദേശിക മാഫിയകളുടെയും പ്രകൃതിവിഭവങ്ങളിന്മേലുള്ള കവര്‍ച്ചാസ്വഭാവമുള്ള ആക്രമണം ആദിവാസികളും ദളിതരും അടങ്ങുന്ന ജീവിതങ്ങളെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും അനാഥമാക്കിയിരിക്കുന്നു. പാര്‍പ്പിടം, വൈദ്യുതി, ആരോഗ്യം, സാര്‍വത്രികവിദ്യാഭ്യാസം,ശുചിത്വം എന്നിവയെ കുറിച്ചുള്ള ഭരണകൂടത്തിന്‍റെ അവകാശവാദങ്ങള്‍ എന്തു തന്നെയായാലും ഈ അടിസ്ഥാനാവശ്യങ്ങള്‍ ദൂരസ്ഥമായിത്തന്നെ നില കൊള്ളുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഇപ്പോഴുമുണ്ട്.
’മോദിയെ തുരത്തിയാല്‍ പിന്നെ അപ്പുറം പറുദീസയാണ്’
’മോദിയെ തുരത്തിയാല്‍ പിന്നെ അപ്പുറം പറുദീസയാണ്’, ’മോദിയെ നിലനിര്‍ത്തിയാല്‍ അപ്പുറം പിന്നെ പറുദീസയാണ്’എന്നിങ്ങനെ വിരുദ്ധമായ ചിന്താമാതൃക(paradigm)കളില്‍ കുരുങ്ങിക്കിടക്കുകയാണ് ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം. ഗാന്ധി-നെഹ്‌റു ദശകങ്ങളില്‍ കുടത്തില്‍ അടക്കം ചെയ്തു എന്ന് തെറ്റിദ്ധരിച്ചിരുന്ന ജനസംഖ്യാശാസ്ത്രപരമായ വര്‍ഗ്ഗീയഭിന്നതകളെ (demographical divide)സംഘ പരിവാര്‍ മാത്രമല്ല എല്ലാ കക്ഷികളും ചേര്‍ന്നാണ് തുറന്നു വിട്ടത്. എവിടെ നിന്നോ പെട്ടെന്ന് മുളച്ചു വന്ന ഒരു സംഘപരിവാര്‍ ,അതിനെ പ്രതിരോധിക്കുന്ന നമ്മള്‍ മതേതര-ജനാധിപത്യവാദികള്‍ ‘എന്നിങ്ങനെ അമിതമായി ലളിതവല്‍ക്കരിക്കപ്പെട്ട ഒരു ചിന്താശൈലിയില്‍ ജീവിക്കുകയാണ് ഈയിടെ നാമെന്ന് തോന്നും. അന്തര്‍ദേശീയസാഹചര്യങ്ങളോടും ചരിത്രത്തോടും സദാ കണ്ണിചേര്‍ക്കപ്പെട്ട ഒരു ചിന്താമാതൃക രണ്ടു ദശകങ്ങള്‍ മുന്‍പ് വരെ നമുക്ക് ഉണ്ടായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. അമിതജനസംഖ്യയുള്ള,ആയിരക്കണക്കിനു വ്യത്യസ്ത ഗോത്രീയതകള്‍ പുലരുന്ന ,നിരക്ഷരരായ ,ആധുനികലിബറല്‍ മൂല്യങ്ങള്‍ മനസ്സിലാകാത്ത ഈ ഉഷ്ണമേഖലാരാജ്യം സമരം ചെയ്തു വാങ്ങുന്ന ജനാധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും ഭാവിയെ പറ്റി ചര്‍ച്ചിലിനെ പോലുള്ള ഒട്ടേറെ കൊളോണിയല്‍ രാഷ്ട്രീയനേതാക്കളും ചിന്തകരും എന്നും പരിഹാസത്തോടെയും ദുരന്തദുശ്ശങ്കയോടെയും മാത്രമേ കണ്ടിരുന്നുള്ളൂ. 1925 മുതല്‍ നാല്‍പ്പതു കൊല്ലം നിലനിന്ന ഗാന്ധി-നെഹ്‌റു പ്രാഭവവും കീഴാളന്റെ നീറ്റല്‍ ഒരു നിമിഷം പോലും മറന്നിട്ടില്ലാത്ത അംബേദ്‌കര്‍ തന്നെ തയ്യാറാക്കിയ സാകല്യം തികഞ്ഞ ഭരണഘടനയും കോളനി വിട്ടുപോവാന്‍ നിര്‍ബന്ധിതരായ ധ്വരമാരുടെ ശാപം അസ്ഥാനത്താണ് എന്ന് തോന്നിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ലോകത്തിലെ ഒരു ജനാധിപത്യഅത്ഭുതം തന്നെയാകുമായിരുന്ന ആ സ്വപ്നത്തെ നൂറ്റാണ്ടുകളുടെ പക സൂക്ഷിക്കുന്ന സംഘപരിവാര്‍ പുറമേ നിന്ന് തകര്‍ക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ഉള്ളില്‍ നിന്ന് തകര്‍ത്തത് മതേതരവാദികളായ കോണ്‍ഗ്രസ്സും ‘കമ്മ്യൂണിസ്റ്റും’ ദ്രാവിഡന്മാരും സോഷ്യലിസ്റ്റുകളും ഒക്കെയാണ്. ധനാര്ത്തിയും അധികാരാര്ത്തിയും നിമിത്തം രാഷ്ട്രശരീരകോശങ്ങളില്‍ ആകാവുന്നത്ര അഴിമതിയും സ്വജനപക്ഷപാതവും എല്ലാവരും പടര്‍ത്തി.ന്യായാധിപന്മാര്‍ പോലും നിയമവാഴ്ചയെ അട്ടിമറിക്കുന്ന അവസ്ഥയാണ് ഇന്നെങ്കില്‍ കുത്സിതരാഷ്ട്രീയക്കാരുടെ അവസ്ഥ പിന്നെ പറയാനുണ്ടോ? മതവും ജാതിയും ഭാഷയും പ്രാദേശികതയും ഒക്കെ ഉള്‍പ്പെടുന്ന ഗോത്രീയതകളെ ആളിക്കത്തിച്ച് വോട്ടും തദ്വാരാ അധികാരവും നേടി. ഇപ്പോള്‍ തെരഞ്ഞെടുപ്പുകാലമാണല്ലോ . ഒരു പത്രപ്രവര്ത്തകന്റെയോ ബുദ്ധിജീവിയുടെയോ തെരഞ്ഞെടുപ്പു വിശകലനത്തിന്റെ ഒരു ഖണ്ഡിക ശ്രദ്ധിക്കൂ.നായരും ഈഴവനും ഓര്‍ത്തഡോക്സും യാക്കോബായും ഗൌണ്ടനും വൊക്കലിഗയും കാപ്പുവും ലബണയും മഹാറും അതില്‍ പരാമര്‍ശിക്കാതിരിക്കാന്‍ ആകാത്ത വിധം വര്‍ഗ്ഗീയതയും ജാതീയതയും നമ്മുടെ രക്തത്തില്‍ പൂരിതമായിരിക്കുന്നു. എല്ലാ ദുര്‍ഭൂതങ്ങളെയും തുറന്നു വിട്ടിട്ട് ,എല്ലാ നന്മകളെയും തകര്‍ത്തിട്ട് ‘യ്യോ സംഘപരിവാര്‍ വരുന്നു,ഫാസിസം വരുന്നു’ എന്ന് അലറുന്ന പെരുത്ത കാപട്യത്തിനെ പുച്ഛത്തോടെയെ കാണാനാകൂ.മുപ്പതു വര്‍ഷമായി ‘ആഗോളവല്‍ക്കരണം വരുന്നു,സാമ്രാജ്യത്വം വരുന്നു’ എന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും അവയില്‍ നിന്ന് അവര്‍ പോലും സ്വപ്നം കാണാത്ത അളവില്‍ വിഹിതവും അവിഹിതവുമായ വിധത്തില്‍ ഗുണഫലങ്ങള്‍ എടുക്കുകയും ചെയത് പോരുന്ന അതേ കാപട്യക്കാരാണ് ഈ ഫോബിയ പരത്തുന്നത്. വരുംവരുമെന്ന് ഭയപ്പെടുത്തുന്ന ഫാസിസത്തേക്കാള്‍ എന്നെ പേടിപ്പിക്കുന്നത് ചത്തും ചതഞ്ഞും സംഘപരിവാറും കോണ്‍ഗ്രസ്സും ‘മതേതര’രും ചേര്‍ന്ന് നില നിര്‍ത്തുന്ന നാമമാത്രജനാധിപത്യവും അതില്‍ നിന്ന് ഉല്‍ഭൂതമാകുന്ന അഴിമതിയും നിയമലംഘനങ്ങളും ഗോത്രീയതയും ആണ്. വാസ്തവം എന്താണ്? മൂലധനശക്തികളുടെ ഏറ്റവും നല്ല നിര്‍വാഹകന്‍(facilitator) ഭരിക്കും.മത്സരോന്മുഖമായ അധികാരാര്‍ത്തി നിമിത്തം ഒരു പ്രതിപക്ഷമുന്നണി രൂപികരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബ്ബലരായ ‘ഫാസിസ്റ്റ് വിരുദ്ധ’രേക്കാള്‍ ശരീരവളര്‍ച്ച തല്‍ക്കാലം മോദിക്കാണ്. ചില ഹ്രസ്വവും വിനോദകരവും സംഘട്ടനസമൃദ്ധവും ആയ മതേതര ഇടവേളകളിലൊഴിച്ചാല്‍ ഈ വലതുപക്ഷകാലാവസ്ഥയില്‍ സംഘപരിവാര്‍ കുറച്ചു കാലം കൂടി ഭരിക്കാനാണ് സാദ്ധ്യത.താന്താങ്ങളുടെ അധികാരമേഖലകളില്‍ ആരും ഹിംസക്ക് കുറവൊന്നും വരുത്തില്ല.വടക്കേ ഇന്ത്യയില്‍ ഗോരക്ഷകര്‍ ബീഫിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും ഹിംസിക്കുന്നത് അപ്രതിരോധിതമായി തുടരും.അതേ അനുപാതത്തില്‍ തന്നെ കണ്ണൂരിലെ ദുഷ്ടന്മാര്‍ യാതൊരു ശിക്ഷയുമേല്‍ക്കാതെ ആട്ടോറിക്ഷക്കാരും നെയ്ത്തുകാരും വിദ്യാര്‍ഥികളും ആയ വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതും തുടരും . രാഷ്ട്രീയസമൂഹത്തിന് അകമേയുള്ള അധികാര മത്സരമൊഴിച്ചാല്‍ സംഘപരിവാറും ഏകോദരസഹോദരങ്ങളില്‍ പെട്ടവര്‍ തന്നെയാണെന്ന ബോധം ‘മതേതര’കക്ഷികള്‍ക്ക് ഉണ്ട്. അല്ലെങ്കില്‍ അഴിമതിയില്ലാത്ത ,ഹിംസയില്ലാത്ത, ന്യൂനപക്ഷ-ഭൂരിപക്ഷപ്രീണ നമില്ലാത്ത ,നിയമവാഴ്ച്ചയെ അനുസരിക്കുന്ന സദ്‌ഭരണമാണ് സംഘപരിവാറിനെ തുരത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് തിരിച്ചറിഞ്ഞ് അവര്‍ ആ വഴി തിരഞ്ഞെടുക്കുമായിരുന്നല്ലോ. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ parental control ല്‍ സോദരര്‍ തമ്മിലുള്ള സ്വാഭാവിക പോരുകളില്‍ ഏര്പ്പെട്ടിരിക്കുന്ന ഒരേ സ്വഭാവമുള്ള ദുഷ്ടക്കുട്ടികള്‍ മാത്രമാണീ വ്യത്യസ്ത പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പു പടയോട്ടങ്ങള്‍ക്കിടയില്‍ ആകസ്മികമായി കണ്ടുമുട്ടുന്ന എതിര്‍സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ചൊരിയുന്ന സൌഹൃദമാണ് നിജമായിട്ടുള്ളത്. വോട്ടര്‍മാര്‍ക്ക് നേരെ പൊഴിയുന്ന ചിരിയാണ് കൃത്രിമം. ഒരേ മൂലധനശക്തികള്‍ ആണ് ഇന്ന് അരങ്ങത്തുള്ള എല്ലാ പാര്‍ട്ടികളുടെയും DNA ആലേഖനം ചെയ്തിട്ടുള്ളത്. ആ DNAകള്‍ 95 ശതമാനവും സമാനമാണ്. ബാക്കി 5 ശതമാനമാണ് പ്രത്യയശാസ്ത്രമെന്ന സാധനം.അത് ജാതി-മത-രാഷ്ട്രീയ-പ്രാദേശിക വൈവിദ്ധ്യങ്ങളാല്‍ വിഭജിതരായ കഴുതകള്‍ക്കുള്ള തീറ്റയാണ്.
പലതരം കപടാവബോധങ്ങള്‍-ക്യൂബാമുകുന്ദന്‍ ,കാബാ മുകുന്ദന്‍, നമോ മുകുന്ദന്‍ ……
ചരിത്രാതീതകാലം മുതലേ ഭരണവര്‍ഗ്ഗങ്ങള്‍ സമ്പത്തും അധികമധികം അധികാരവും ഉന്നിയാണ് പ്രവര്‍ത്തിക്കുന്നത്. അന്നും ഇന്നും അങ്ങിനെ തന്നെ. തെരഞ്ഞെടുപ്പുകളേക്കാള്‍ പ്രധാനം തസ്ക്കരപ്രഭുവാഴ്ചക്കെതിരായ പൊതുസമൂഹസൃഷ്ടിയാണെന്ന് പറയുന്ന അപൂര്‍വ്വം പേരുടെ ശബ്ദങ്ങള്‍ 60കോടി വരുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിനിടയില്‍ വനരോദനങ്ങളായി പരിണമിക്കുന്നതെന്തു കൊണ്ടാണ്? പത്തിരുപത്തഞ്ചു കൊല്ലം ആഗോളവല്‍ക്കരണത്തിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയും എഴുതിയും പറഞ്ഞും നാം കഴിച്ചു കൂട്ടി.അതേ ആഗോളവല്‍ക്കരണം തന്നെ ഈ സമയത്ത് ഇടത്തരക്കാരനെ സാമാന്യം സമ്പന്നനാക്കുകയായിരുന്നു എന്നതാണ് രസകരം. മാതാപിതാക്കളും മക്കളും ഉള്‍പ്പെടുന്ന അറുപതുകളിലെ ഒരു താഴ്ന്ന മദ്ധ്യവര്‍ഗ്ഗകുടുംബത്തിന്‍റെ വരുമാനം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുക. അന്നത്തെ ഗൃഹനാഥനില്‍ നിന്ന് ആരംഭിക്കുന്ന ആ കുടുംബവൃക്ഷത്തിന്റെ വരുമാനം ഇന്ന് അന്‍പതിനായിരം മുതല്‍ പത്തു ലക്ഷം ഇരട്ടി വരെ വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. വലിയ സംരംഭകരിലും മറ്റും ഈ വര്‍ദ്ധന ഒരു കോടിയോളമായിട്ടുണ്ടാവും. വിലസൂചികയിലുണ്ടായ മാറ്റം കണക്കാക്കിയാല്‍ പോലും ഇത് വലിയ വളര്‍ച്ചയാണ്. ഈ അഭൂതപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ച നമ്മുടെ സാമൂഹികമൂല്യബോധത്തെ സാമാന്യം മൂര്ച്ചയില്ലാത്തതാക്കിയിട്ടുണ്ട് . ജനകോടികളെ ആത്മബോധം ഇല്ലാത്ത ആള്‍ക്കൂട്ടമായി നിലനിര്‍ത്തുന്നത് ആണ് പുതുകാല പ്രഭുവാഴ്ചയുടെ വിജയം. അറുപതിലേറെ കൊല്ലമായിട്ടും ഈ ആള്‍ക്കൂട്ടം കുറയുന്നി ല്ല.അവരെ ചൂഷണം ചെയ്തു പോരുന്നവരായ തസ്കരപ്രഭുക്കള്‍ക്കും സ്ത്രീ പീഡകര്‍ക്കും കൊലപാതകികള്‍ക്കും ആരാധകര്‍ കൂടി വരുന്നതേ ഉള്ളൂ. കുറ്റകൃത്യത്തിന്റെ ഗുരുത കൂടുന്നതനുസരിച്ച് ആരാധന കൂടുകയാണെന്നാണ് തോന്നുന്നത്. വടകരയിലെ കൊലയാളിക്കു വേണ്ടി തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന് ഇറങ്ങിയ സാംസ്കാരികനായകരുടെ നിര തന്നെ നോക്കൂ. ജനങ്ങളുടെ മൂല്യനിലവാരം കൊലയാളികളെയും തസ്കരരെയും ആവേശപൂര്‍വ്വം ആരാധിക്കുന്നതില്‍ ഇന്ന് വിമുഖമല്ല. ജയലളിതയുടെ മരണത്തിന്റെ ഞെട്ടല്‍ മൂലം മരിച്ചത് 470 പേരാണ്. ഇരുപതിലേറെ കൊല്ലങ്ങള്‍ തങ്ങളുടെ ചോരയൂറ്റിയ രാജശേഖരറെഡ്ഡിയുടെ വിയോഗത്തില്‍ മനം നൊന്ത് 122 ആളുകളാണ് ആത്മഹത്യ ചെയ്തത്!കെ.എം. മാണിയുടെ വിലാപയാത്ര ജനനിബിഡമായിരുന്നെങ്കിലും ,ഭാഗ്യം ,ആത്മഹത്യ പള്ളിക്കുറ്റമാകയാല്‍ ആരും അത് ചെയ്തില്ല.
ഇന്ത്യയെക്കുറിച്ചും അവിടത്തെ ജനാധിപത്യത്തെ കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും ഒക്കെ സംസാരിക്കുന്നതിനു മുന്‍പ് ഇവയെ പറ്റി ചര്‍ച്ച ചെയ്യുന്ന നമ്മളടക്കമുള്ള ജനങ്ങളുടെ മനോഘടനയെ കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ട് . സാമൂഹ്യ-രാഷ്ട്രീയ ചര്‍ച്ചകളില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് bad faith എന്നത്.അതിന്‍റെ നിഘണ്ടു അര്‍ത്ഥം ചതി,വഞ്ചന,ഇരട്ടത്താപ്പ് എന്നിവയാണ്. എന്നാല്‍ അസ്തിത്വവാദവിചാരങ്ങളില്‍ ഏറെക്കുറെ വിപരീതമായ ഒരര്‍ത്ഥം ആണ് ഈ പ്രയോഗത്തിനുള്ളത് .യാഥാര്‍ത്ഥ്യങ്ങളെയും ഉചിതമായ തെരഞ്ഞെടുപ്പുകളെയും നേരിടുന്നതിനുള്ള കടുത്ത മാനസികവിമുഖതയെ ഉല്‍പ്പാദിപ്പിക്കുന്ന കപടാവബോധത്തെ സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കപ്പെടുന്നത്. അങ്ങനെ ഒരേ പ്രയോഗം തന്നെ സാമൂഹ്യജീവിതത്തിലെ വഞ്ചകനെയും വഞ്ചിതനെയും ദ്യോതിപ്പിക്കാന്‍ ഉപയോഗിക്കാം .എന്റെ സമകാലികരില്‍ ഏറ്റവും നല്ല രാഷ്ട്രീയനിരീക്ഷകനായി ഞാന്‍ ആദരിക്കുന്ന ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ‘അറബിക്കഥ’എന്ന സിനിമയിലെ മന്ത്രി കരുണനും ക്യൂബാമുകുന്ദനും ആണ് യഥാക്രമം ഈ രണ്ടു തരം പൊരുളുകള്‍ക്കും ഉള്ള ഏറ്റവും മുന്തിയ ജനകീയ ഉദാഹരണം. കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ മാത്രമല്ല എല്ലാ പാര്‍ട്ടികളിലും സംഘടനകളിലും വഞ്ചിക്കുന്ന കരുണന്മാരും വഞ്ചിക്കപ്പെടുന്ന മുകുന്ദന്മാരും നിറഞ്ഞിരിക്കുന്നു. മിക്കവാറും എല്ലാ നേതാക്കളും ഉന്നത ബുദ്ധിജീവികളും കരുണന്മാരാണ്. കപടാവബോധത്തില്‍ മുങ്ങി സ്വയം വഞ്ചിക്കുന്ന അണികള്‍ മുകുന്ദന്മാരും. ക്യൂബാമുകുന്ദന്മാരെ പോലെ തന്നെ ,കാബാ മുകുന്ദന്മാരാലും നമോ മുകുന്ദന്മാരാലും രാഗാ മുകുന്ദന്മാരാലും റോമാ മുകുന്ദന്മാരാലും നിബിഡമാണ് മറ്റ് പാര്‍ട്ടികളും സംഘടനകളും. നാനാവിധ കപടാവബോധങ്ങള്‍ നിയന്ത്രിക്കുന്ന ഒരു സമൂഹത്തിനോട് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം സംസാരിക്കുക അതീവ ദുര്‍ഘടമാണ്. അഭ്യസ്തവിദ്യര്‍ എന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇന്ന് സ്വതന്ത്ര ചിന്തയുടെ ഹന്താക്കളായ മദ്രസാമാത്രബുദ്ധികളും ശാഖാമാത്രബുദ്ധികളും ബ്രാഞ്ചുമാത്രാബുദ്ധികളും ആയാണ് അനുഭവപ്പെടുന്നത്. അടിയന്തിരാവസ്ഥാഘട്ടത്തിലും അതിനു തൊട്ടടുത്ത വര്‍ഷങ്ങളിലും ഉണ്ടായിരുന്ന ഒരു പൊതുസമൂഹം ഇന്ന് മരിച്ചിരിക്കുന്നു.ജെസ്സിക്ക കേസിനോടനുബന്ധിച്ചും നിര്‍ഭയ പ്രക്ഷോഭ ഘട്ടത്തിലും India Against Corruption സമരഘട്ടത്തിലും കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ ഘട്ടത്തിലും പൊതുസമൂഹത്തിനു ജീവന്‍ വക്കുന്നു എന്ന് തോന്നിയിരുന്നെങ്കിലും ആ പ്രതീക്ഷകളെല്ലാം അല്പ്പായുസ്സായിരുന്നു. ഉത്തമലക്ഷ്യങ്ങളോടെ സ്വയംപ്രവര്ത്തിതമായി ഉണ്ടാകുന്ന അത്തരം സംരംഭങ്ങളിലും സമരങ്ങളിലും നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ കടന്നുകൂടുന്നതോ അന്തിമവിജയത്തിന്‍റെ ഫലങ്ങള്‍ ക്ഷുദ്രരാഷ്ട്രീയം തട്ടിക്കൊണ്ടു പോകുന്നതോ തടയാന്‍ ആര്‍ക്കും ആകുന്നില്ല.
നമ്മളിലൊക്കെ ഈ വഞ്ചിക്കപ്പെടുന്ന ക്യൂബാമുകുന്ദന്‍ ഉണ്ട് എന്നതിന്‍റെ തെളിവാണ് നിലവിലുള്ള നാമമാത്രജനാധിപത്യം വഴി ജനകീയാഭിലാഷങ്ങള്‍ അന്യൂനമായി പൂര്‍ത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് . സാമൂഹ്യ മാധ്യമങ്ങളില്‍ ‘മോദി വേണോ,രാഹുല്‍ വേണോ ,പിണറായി വേണോ’ എന്ന് തര്‍ക്കിക്കുന്ന, അറപ്പിക്കും വിധം മൂല്യനിര്‍മുക്തരും പക്ഷപാതികളും ആയ നമ്മള്‍ മദ്ധ്യവര്‍ഗ്ഗികള്‍ റെഡ്ഡികുടുംബത്തിന്റെയോ ജയലളിതയുടെയോ താക്കറേയുടെയോ സുഖവഞ്ചനീയരായ നിരക്ഷരആരാധകരില്‍ നിന്ന് ഒട്ടും ഉയര്‍ന്നവരല്ല. തസ്കരാധിപതികളുടെ പുതുകാലപ്രഭുവാഴ്ച ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത വിധം സാര്‍വത്രികവും സദാസമയം സജീവമായതും ആണ്. ഒരു വര്ഗ്ഗമെന്നനിലയിലുള്ള രാഷ്ട്രീയസമൂഹത്തിന്റെ പൊതുവായ തസ്ക്കരപ്രഭുവാഴ്ചയെ കണക്കിലെടുക്കുന്നതിനു പകരം, പ്രതിയോഗികളുടെ തസ്ക്കരപ്രഭുവാഴ്ചയെ മാത്രം കാണുകയും സ്വന്തം കക്ഷിയുടേതിനോട് അന്ധമായി തീരുകയും ചെയ്യുന്നു എന്നതിന് അര്‍ത്ഥം പ്രാഥമിക ജനാധിപത്യമൂല്യങ്ങളില്‍ നിന്ന് നാം വളരെ അകലെയായിരിക്കുന്നു എന്നത് മാത്രമാണ്. തന്നെയുമല്ല, നവലിബറല്‍ കാലം വര്‍ഗ്ഗം എന്ന സാമാന്യസങ്കല്‍പ്പത്തിന്‍റെ മൂര്‍ച്ച ഗണ്യമായി കുറച്ചിട്ടുണ്ട്.ഒരു സന്നദ്ധസംഘടനയുടെ മുഖച്ഛായയുള്ള SUCIയെ ഒഴിച്ചുനിര്‍ത്തിയാല്‍,കമ്മ്യൂണിസ്റ്റുകള്‍ പോലും വര്‍ഗ്ഗം എന്ന വാക്ക് ഇന്ന് ഉച്ചരിക്കാറില്ല. ദൈനന്ദിനരാഷട്രീയത്തില്‍ പ്രതിയോഗിയോട് ജയിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന വര്‍ഗ്ഗീയതയെ കുറിച്ച് മാത്രമേ അവര്‍ക്ക് നിരന്തരം പറയാനുള്ളൂ. മുതലാളിത്തത്തില്‍ നിന്നുള്ള വിമോചനമൊക്കെ ഇനി നേരംകൊല്ലിയായ കെട്ടുകഥയാണ്. പക്ഷെ വിമോചനസ്വപ്നം നശിച്ചാലും സൂക്ഷ്മതലസമരങ്ങള്‍ തുടരും. മാര്‍ക്സിസത്തിന്റെ സാങ്കേതികത്വം നിറഞ്ഞതും പ്രചാരലുപ്തവും ആയ വര്ഗ്ഗവിശകലനം തന്നെ വേണമെന്നില്ല. സംശയഗ്രസ്തനാകുമ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ കണ്ടതിലേക്കും വച്ച് ഏറ്റവും ദരിദ്രനും ദുര്‍ബലനും ആയ വ്യക്തിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെട്ട, ഗാന്ധിയുടെ സാമൂഹ്യചിന്തയുടെ സാരമുള്‍ക്കൊള്ളുന്ന അന്ത്യമൊഴിയെന്നു പറയാനാവുന്ന സാര്‍വ്വകാലികമായ മാന്ത്രികരക്ഷായന്ത്രം മതി. അതിന്‍റെ പോലും അഭാവത്തില്‍ കപടാവബോധത്തില്‍ ആണ്ട പ്രചാരകര്‍ മാത്രമാവും നമ്മള്‍.
പുതുകാലതസ്കര-പ്രഭുവാഴ്ചയെ കുറിച്ച് ബോധാവാന്മാരാകേണ്ട പ്രബുദ്ധരടക്കം ഈ തിരഞ്ഞെടുപ്പുകാലത്ത് ജ്വരബാധിതരാണ്. ഫാസിസത്തിനെയോ കുടുംബരാഷ്ട്രീയത്തിനെയോ കൊലപാതകരാഷ്ട്രീയത്തിനെയോ തോല്‍പ്പിക്കുവാന്‍ നാം തെരഞ്ഞെടുപ്പു ദിനം പുലരുന്നതും കാത്തിരിക്കുകയാണ്. ഒരിക്കല്‍ ലോകവിമോചനത്തില്‍ കുറഞ്ഞ ഒന്ന് കൊണ്ടും തൃപ്തരല്ലാതിരുന്ന മുന്‍ നക്സലൈറ്റുകളുടെ വാര്‍ദ്ധക്യകാലം രാഹുല്‍ ഗാന്ധിയെയും പിണറായി വിജയനെയും കുറിച്ചുള്ള സ്വപ്നങ്ങളാല്‍ പൂരിതമായിരിക്കുന്നു. , മതവും ജാതിയും പാര്‍ട്ടിയും ഒക്കെ കൂട്ടിക്കിഴിച്ച്, ഓരോ നിയോജകമണ്ഡലത്തിനെയും സസൂക്ഷ്മം നിരീക്ഷിച്ച് അവരും ഉറക്കമിളച്ച് കാത്തിരിക്കുന്നു. കാളപ്പോരോ ക്രിക്കറ്റോ കാണുന്ന ആവേശത്തോടെ നാം തെരഞ്ഞെടുപ്പുയുദ്ധം കാണുന്നു.ധാര്‍മ്മികത വര്‍ഷങ്ങളിലൂടെ അത്രയേറെ ശോഷിക്കുകയാല്‍ നാം നെഞ്ചോടണക്കുന്ന വികസനനായകനും ചെന്താരകവും താമരമുത്തും ഒക്കെ കൊടിയ അഴിമതിക്കാരനൊ, സ്ത്രീപീഡകനൊ, നിയമലംഘകനൊ ആണെന്നത് നാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
പൊതുസമൂഹസൃഷ്ടി എന്നൊക്കെ ഞാന്‍ പറഞ്ഞു.പക്ഷെ ഇതിലും വലിയൊരു ആശാചിന്ത ഉണ്ടാകാനില്ല. അവിടവിടെ ആര്‍ജ്ജവം മുഴുവന്‍ നശിക്കാത്ത ചില വ്യക്തികളും അവരെ ചുറ്റിപ്പറ്റിയുള്ള ചില സംഘടനകളും ഉണ്ടെന്നതൊഴിച്ചാല്‍ , ഏതാണ്ട് ഇരുപത്തഞ്ചു വര്ഷം മുന്‍പ് പ്രവചിച്ച പോലെ പൊതുസമൂഹം ഇന്ന് മൃതപ്രായമായിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിയോലിബറല്‍ കുതിപ്പിനാലും സ്വന്തം ശ്രമഫലാലും കൂടുതല്‍ കൂടുതല്‍ അപ്രസക്തരായി വരുന്നു. സംഘപരിവാര്‍വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്‍റെ സ്വയം-നിയുക്ത തലച്ചോറാണത്രെ കമ്മ്യൂണിസ്റ്റുകള്‍ . പക്ഷെ,പാര്‍ലിമെന്റ് സീറ്റിന്‍റെ കാര്യം വന്നപ്പോള്‍ എല്ലാ സംസ്ഥാനത്തിലും ‘സഖ്യ’കക്ഷികള്‍ അവരെ തൊഴിച്ചകറ്റി. ഭക്ഷണം,വാസസ്ഥലം ,സാമൂഹ്യസുരക്ഷ ,കൃഷി,തൊഴില്‍ ,വിദ്യാഭ്യാസം, ആരോഗ്യം,കുടിവെള്ളം,ശുചിത്വം ,ഗ്രാമീണ റോഡുകള്‍ എന്നിങ്ങനെയുള്ള മര്‍മ്മപ്രധാനമായ വിഷയങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പു ചര്‍ച്ചയില്‍ വലതുപക്ഷത്തിന്റെ അതേ ശൈലിയില്‍ നിശ്ശബ്ദത പാലിക്കുന്ന ആധികാരികതയില്ലാത്ത വ്യാജഇടതുപക്ഷത്തിനെ ആര്‍ക്കു വേണം? കുപ്രസിദ്ധരായ ജയരാജനും, അന്‍വറിനും, ജോയ്സിനും ,ഇന്നസെന്റിനും,വീണാജോര്‍ജ്ജിനും സീറ്റ് കൊടുക്കാന്‍ ധൃതി കാണിച്ചവര്‍ ഒരിക്കല്‍ കൊട്ടിഘോഷിച്ച ജെ.എന്‍.യു.വിലെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റി’ന്‍റെ ഉപജ്ഞാതാവിനോ മഹാരാഷ്ട്രയിലെ കര്‍ഷക ലോങ്ങ്‌മാര്‍ച്ചിന്‍റെ നേതാവിനോ ഒരു സുരക്ഷിതസീറ്റ് കൊടുക്കാന്‍ തയ്യാറായില്ല. ഇന്ന് നിലവിലുള്ള ‘കമ്മ്യൂണിസ്റ്റ് സംസ്കാര’ത്തില്‍ നിന്ന് തികച്ചും നിര്‍മ്മുക്തമായ ഒരു ഇടതുപക്ഷവും അതിനനുസൃതമായ ഒരു പൊതുസമൂഹവും ഉണ്ടാവണം.അത് ഇന്നത്തെ നിലയില്‍ , പക്ഷെ,ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വപ്നമാണ്.അത് വരെ താലോലിക്കാന്‍ ഉള്ളത് നിയോ –ലിബറലിസം വാഗ്ദാനം ചെയ്തിട്ടുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ചുള്ള കയ്യെത്തിപ്പിടിക്കാവുന്ന സ്വപ്നമാണ്. ഒരു വര്ഷം മുന്‍പുള്ള കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 44 ഇന്ത്യക്കാര്‍ ഓരോ മിനിറ്റിലും തീവ്രദാരിദ്ര്യത്തില്‍ നിന്ന് പുറത്തു വരുന്നുണ്ട് .2004നും 2011നും ഇടയില്‍ ഇന്ത്യയിലെ തീവ്രദാരിദ്ര്യം 38.9ശതമാനത്തില്‍ നിന്ന് 21.2% ആയി കുറഞ്ഞു.ഇതേ വേഗം നിലനിര്‍ത്താനായാല്‍ 2022ല്‍ അത് 3% ആയി കുറയും .2030ല്‍ഇന്ത്യ പൂര്‍ണ്ണമായും ദാരിദ്ര്യവിമുക്തമാകും. ഇത് യാഥാര്‍ഥ്യമാകാനാണ് സാധ്യത. പക്ഷെ, കൊടിയ അസമത്വത്തിന്റെയും അരികുവല്‍ക്കരണത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയുംവില നല്‍കിയാണ് ഇത് സാധിതമാകുക. എന്തോ ആകട്ടെ, ഓന്‍റെ വിപ്ലവസൂര്യനു കീഴില്‍ പട്ടിണി കിടക്കുന്നതിലും ഭേദം വല്ലതും ആഹാരം കഴിക്കുന്നതല്ലേ? എനിക്കിപ്പോള്‍ അങ്ങിനെയാണ് തോന്നുന്നത്.