പൂമുഖം തുടർക്കഥ വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…

ഭാഗം 11: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…

 

നൂപ്  വീട്ടില്‍ വെറുതേ ഇരിക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് വഴി വെയ്ക്കുന്നതെന്ന് അയാളുടെ വീട്ടുകാരുള്‍പ്പടെ എല്ലാവരും അഭിപ്രായപ്പെട്ടു. ദേവിയുടെ  ചേട്ടനും അനിയത്തിയും ആ അഭിപ്രായമുള്ളവരായിരുന്നു. ചേട്ടന്‍ പക്ഷെ, അവളുടെ ഭര്‍ത്താവിനോട് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാന്‍ വിമുഖനായിരുന്നു. ചിലപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞാലും മുഖത്തടിച്ചതു പോലെ നീ ചെയ്യുന്നത് തെറ്റാണ് , നീ എന്‍റെ അനിയത്തിയോട് പെരുമാറുന്ന രീതി ഒട്ടും ശരിയല്ല, അതെനിക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് തന്‍റേടത്തോടെ അവളുടെ രക്ഷാകര്‍ത്താവാണെന്ന മട്ടില്‍ പറയാന്‍ ഒരിയ്ക്കലുമൊരിയ്ക്കലും ചേട്ടന് കഴിഞ്ഞില്ല. ചേട്ടന്‍ സത്യമായും ഒരു പരമഭീരുവായിരുന്നു. പ്രശ്നങ്ങള്‍ വരുമ്പോള്‍ ചേട്ടത്തിയമ്മയെ മുന്നോട്ടുന്തി സുരക്ഷിതമായ ഒരു അകലം പാലിയ്ക്കാന്‍ ചേട്ടന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ദേവിയുടെ ചുമതല ഏറ്റെടുക്കാനോ അവള്‍ക്കായി ബലമുള്ള ഒരു നിലപാട് എടുക്കാനോ ചേട്ടനു സാധിച്ചിരുന്നില്ല. ചേട്ടനെ നേരിട്ട് സ്പര്‍ശിയ്ക്കാത്ത കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളൂ. അതുകൊണ്ടു തന്നെ എപ്പോഴും അവസാനിയ്ക്കാത്ത സമവായമായിരുന്നു ചേട്ടന്‍റെ രീതി.

ചേട്ടത്തിയമ്മയ്ക്കായിരുന്നു പിന്നെയും തന്‍റേടം. പക്ഷെ, ‘നീ മിണ്ടല്ലേ, നീ മിണ്ടല്ലേഎന്ന് അവരെ വാ തുറക്കാന്‍ ചേട്ടന്‍ സമ്മതിച്ചിരുന്നില്ല.ആദ്യമൊക്കെ നീ വിഷമിക്കരുത്, നിനക്ക് ചേട്ടനുണ്ട് എന്ന് പറഞ്ഞിരുന്ന മാലിനി ചേട്ടത്തി പിന്നെപ്പിന്നെ അങ്ങനെ പറയാതെയായി. സ്വന്തം ഭര്‍ത്താവിന്‍റെ ഭീരുത്വം അവര്‍ക്കും മനസ്സിലായിരുന്നിരിക്കണം.

ദേവിയുടെ  അനിയത്തി ഉമ  വിധവയും ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയുമായിരുന്നു. അനിയത്തിയുടെ കുഞ്ഞിന്‍റേയും അവളുടേയും ജാതകദോഷം കൊണ്ട് ഭര്‍ത്താവ് അകാലത്തില്‍ മരണപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഭര്‍തൃവീട്ടുകാര്‍ ഉമയേയും കുഞ്ഞിനെയും ഓര്‍ക്കുക പോലും ചെയ്തിരുന്നില്ല. ദേവിയുടെ  അമ്മ അതുകൊണ്ട് ഉമയ്ക്കൊപ്പം മാത്രമേ പാര്‍ക്കുവാന്‍ തയാറായുള്ളൂ. അനിയത്തി ചില്ലറ ജോലികള്‍ ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കിയിരുന്നു. എന്നാലും ഒരു സ്ഥിരം ജോലിയും വരുമാനവും ഉമക്ക് കൈയെത്തിപ്പിടിയ്ക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. അമ്മയുടെ പെന്‍ഷനിലാണ് അവര്‍ക്ക് ആകെ ഒരു ഉറപ്പുണ്ടായിരുന്നത്.ആ അമ്മയേയും ഉമയേയും സഹായിക്കുന്നുണ്ടോ ദേവി  എന്ന് പരിശോധിക്കുന്നത് അനൂപിന്‍റെ  സ്ഥിരം പതിവായിരുന്നു.

പരിശോധന എളുപ്പമായിരുന്നു. അവളുടെ എ ടി എം കാര്‍ഡും ചെക്കു ബുക്കും അയാളുടെ പക്കലായിരുന്നു. എല്ലാ മാസവും ബാങ്ക് സ്റ്റേറ്റ്മെന്‍റ് അയാള്‍ക്ക് അവള്‍ അയച്ചു കൊടുത്തിരുന്നു.

എന്നാലും ഏതെങ്കിലും സൂത്രമുപയോഗിച്ച് ദേവി  അവര്‍ക്ക് പണം നല്‍കുന്നുണ്ടാവുമോ എന്ന ആധി അനൂപിനെ  വല്ലാതെ അലട്ടി. ആരെയെങ്കിലും അവള്‍ പുതിയതായി പരിചയപ്പെട്ടാല്‍ അത് അവള്‍ വീട്ടുകാര്‍ക്ക് പണമെത്തിക്കുന്ന ഏജന്‍റായിരിക്കുമെന്ന് തീര്‍ച്ചയാക്കി അയാള്‍ അവളോട് ബഹളമുണ്ടാക്കി. ‘മോനു മാത്രം കിട്ടേണ്ട പണം അമ്മ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടോ എന്ന് അച്ഛന്‍ പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ് എന്നയാള്‍ ഹരി മോനോട് ചോദിച്ചപ്പോള്‍ അവനും അത് ഗൌരവമായി തോന്നി.

എന്‍റെ പണം അമ്മ ആര്‍ക്കും കൊടുക്കരുതെന്ന് അവന്‍ അവളോട് പറഞ്ഞു.

അവന്‍റെ കുഞ്ഞു ഗൌരവം കണ്ടപ്പോള്‍ അവള്‍ക്ക് ചിരിയാണ് വന്നത്.

കൊടുത്താല്‍ ഞാന്‍ അമ്മയെ അടിക്കുംഎന്നവന്‍ കൂടുതല്‍ ഗൌരവപ്പെട്ടപ്പോള്‍ അവളുടെ ചിരി സാവധാനം മാഞ്ഞു.

ഹരിമോന്‍ അപകടകരമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്ന് അവള്‍ക്ക് ബോധ്യമായി. അമ്മയെ അടിക്കുന്നതും മോശം വാക്കുകളില്‍ ചീത്ത പറയുന്നതും ഒക്കെ തെറ്റാണെന്ന് അവള്‍ അവനോട് പറഞ്ഞു.

അപ്പോള്‍ അവന്‍ ചിരിച്ചു.

ഞാന്‍ അമ്മേടേ മോനാ.. ഞാന്‍ അമ്മേ അടിക്കുമോ?’ സാധിക്കുമ്പോഴെല്ലാം അല്ലെങ്കില്‍ തോന്നുമ്പോഴെല്ലാം അവളെ അടിയ്ക്കാനും കടിയ്ക്കാനും ഒക്കെ വരുമെങ്കിലും ഹരിമോന്‍റെ ആ മറുപടി ആത്മാര്‍ഥമായിരുന്നു.

ഹോബികള്‍ മുമ്പോട്ട് കൊണ്ടു പോയി അനൂപിനെ  മുഴുവന്‍ സമയവും എന്തിലെങ്കിലും വ്യാപൃതനാക്കണമെന്നും കുട്ടിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ സമയമില്ലാതാക്കണമെന്നും അവള്‍ വിചാരിച്ചു.

അയാള്‍ക്ക് തയിയ്ക്കാന്‍ ഇഷ്ടമാണെന്ന്, കുക്കിംഗ് ഇഷ്ടമാണെന്ന്, കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ ഇഷ്ടമാണെന്ന്, കൃഷി ചെയ്യാന്‍ ഇഷ്ടമാണെന്ന്, സംസ്കൃതം പഠിക്കാന്‍ ഇഷ്ടമാണെന്ന്, സാമൂഹ്യ സേവനം ഇഷ്ടമാണെന്ന് അനൂപ്  പറഞ്ഞു.

തയ്യല്‍ മെഷീന്‍ മേടിച്ചിട്ട് അവള്‍ക്കുള്ള വസ്ത്രങ്ങള്‍ അയാള്‍ തയിയ്ക്കാമെന്നും ഏതു ഫാഷന്‍ വേണമെങ്കിലും അയാള്‍ക്ക് വഴങ്ങുമെന്നും അയാള്‍ പൊങ്ങച്ചംകൊണ്ടു.

അവള്‍ക്ക് സന്തോഷം തോന്നി. വെറുതേ ഇരിക്കുന്നതിലും ഭേദമാണല്ലോ. ചുമ്മാ വല്ലതുമൊക്കെ ആലോചിച്ചു കൂട്ടുന്നതിലും ഭേദമാണല്ലോ.

അങ്ങനെ തുന്നല്‍ മെഷീന്‍ വന്നു.

ദേവി  ഫ്ലാറ്റിനടുത്ത് തന്നെ ഒരു ചെറിയ കടമുറി വാങ്ങിയിട്ടു. അത് അയാളുടെ പേരില്‍ ലോണെടുത്ത് വാങ്ങാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല.ബാങ്കുകാര്‍ക്ക് സാലറി സ്ലിപ് വേണമല്ലോ കടം കൊടുക്കാന്‍.. അങ്ങനെ കടമുറി അവളുടെ പേരിലായി. അനൂപ്  അതിന്‍റെ കടലാസ്സുകള്‍ കൈവശം വെച്ചു. കടമുറി പൂട്ടി താക്കോലും അയാള്‍ സൂക്ഷിച്ചു.

എന്നാല്‍ അതില്‍ സൂപ്പ് കടയോ കമ്പ്യൂട്ടര്‍ ക്ലാസ്സോ ഒരുകാലത്തും അയാള്‍ ആരംഭിച്ചില്ല.

തുന്നല്‍ മെഷീന്‍ മെല്ലെ തുരുമ്പ് പിടിച്ചു.

രഘുവംശവും സിദ്ധരൂപവും അമരകോശവും അലമാരിയില്‍ ഇരട്ടവാലന്‍റെ ചുംബനങ്ങള്‍ ഏറ്റു വാങ്ങി.

അമ്പതിനായിരം രൂപയ്ക്ക് കുറച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാമെന്ന് ദേവി  പറഞ്ഞപ്പോള്‍ അനൂപ്  കൂട്ടാക്കിയില്ല. കാരണം കൃഷി ചെയ്യുമ്പോള്‍ അതൊക്കെ കിളികളും കീടങ്ങളും തിന്നു തീര്‍ക്കുമെന്ന ന്യായമായിരുന്നു അയാളൂടേത്.

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഓകളിലും വൃദ്ധര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഓ കളിലും എന്നിങ്ങനെ പറ്റാവുന്നിടത്തോളം സ്ഥലങ്ങളില്‍ സാമൂഹ്യ സേവനത്തിനു യോജിച്ച മേഖലകള്‍ അവള്‍ അയാള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു. അവിടെയെല്ലാം വെറും ചൂഷണമാണെന്ന് ആരോപിച്ച് അനൂപ്  എങ്ങും പോയില്ല.

അവളുടെ ചില സഹപ്രവര്‍ത്തകരോട് ചേര്‍ന്ന് വല്ല പ്രോജക്റ്റുകളിലും അയാളെ ഉള്‍പ്പെടുത്താനാകുമോ എന്നും ദേവി  ശ്രമിക്കാതിരുന്നില്ല. ഒന്നും നടന്നില്ലെന്ന് മാത്രമല്ല, ഇതിനെയെല്ലാം ചൊല്ലി വീട്ടില്‍ എപ്പോഴും വഴക്കുമുണ്ടായി. വിവരങ്ങള്‍ അറിഞ്ഞ അനൂപിന്‍റെ  ചേട്ടനും ഉറപ്പിച്ചു പറഞ്ഞു. ‘നീ എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ നിന്‍റെ ജീവിതം നശിക്കുമെന്ന്…. ‘

അവന്‍റെ അച്ഛന്‍ വീട്ടില്‍ ചുമ്മാ ഇരിക്കുകയാണെന്ന് ഹരിമോനു  സങ്കടം തോന്നിത്തുടങ്ങി. അമ്മ ജോലിക്ക് പോയില്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസമാകുമെന്ന് അവന്‍ പതുക്കെപ്പതുക്കെ അറിയുകയായിരുന്നു. പണ്ടൊക്കെ അവളോട് ജോലിക്ക് പോവണ്ട എന്നവന്‍ വാശി പിടിക്കാറുണ്ടായിരുന്നു. ഇപ്പോഴവന്‍ അത് പൂര്‍ണമായും നിറുത്തി.

 

 

കനെ ജിംഖാന ക്ലബില്‍ നീന്താന്‍ കൊണ്ടു പോകണമെന്ന് ദേവി  അനൂപിനോട് അപേക്ഷിച്ചു നോക്കി. അയാള്‍ക്കും നീന്താന്‍ ഇഷ്ടമായിരുന്നു.വെറുതേ ഇരുന്ന് കുടവയര്‍ ചാടുന്നതിലും നല്ലതല്ലേ..

അയാള്‍ വല്ലപ്പോഴുമൊക്കെ അവനെ കൊണ്ടു പോയി. എന്നാല്‍ അയാള്‍ നീന്തിയില്ല. ആറുമാസം നീന്താന്‍ മൂവായിരം രൂപ എന്നത് വളരെക്കൂടുതലാണെന്ന് അനൂപ്  പറഞ്ഞു. അവന് ഒരു ഇന്‍സ് ട്രക്ടറെ വെച്ചുകൊടുക്കാനും അയാള്‍ തയാറായില്ല.

ദേവി  ജോലിയില്‍ പിന്നെയും ഉയര്‍ന്നു പോവുകയായിരുന്നു. സെമിനാറുകളില്‍ ക്ലാസ് എടുക്കാന്‍ ഇന്ത്യന്‍ ആര്‍മി അവളെ ക്ഷണിച്ച ദിവസം അയാള്‍ക്ക് കലശലായ കോപം വന്നു. ബീക്കണ്‍ ലൈറ്റ് വെച്ച ആര്‍മിയുടെ കാറില്‍ അവള്‍ പോയതും തിരിച്ചു വന്നതുമൊന്നും അയാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. എങ്ങനെയാണ് എന്തിനാണ് അവളെപ്പോലെ ഒരു സ്ത്രീയെ ആര്‍മി ക്ഷണിച്ചതെന്ന് അനൂപിനു  മനസ്സിലായില്ല.

അന്ന് രാത്രി മുഴുവന്‍ അയാള്‍ അവളെ വേശ്യ എന്ന് വിളിച്ചു. മകനോട് നിന്‍റെ അമ്മ വേശ്യയാണെന്ന് പറയുന്നതില്‍ പിന്നീട് അയാള്‍ ഒത്തിരി ആനന്ദം കണ്ടെത്തി. .

കാറില്‍ അവളുടെ ഓഫീസിലേക്ക് പോവുമ്പോള്‍ റോഡില്‍ കാണുന്നവരെയെല്ലാം വണ്ടീലിരുന്ന് തെറി വിളിയ്ക്കുക അയാളുടെ ശീലമായിരുന്നു.പ്രത്യേകിച്ച് അയാളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നവരെഅതെല്ലാം അവളെയാണ് അയാള്‍ വിളിച്ചതെന്ന് അന്നൊന്നും അവള്‍ക്ക് മനസ്സിലായില്ല. വീട്ടിലിരുന്ന് ടി വി കാണുമ്പോഴും പത്രം വായിക്കുമ്പോഴും സാധിക്കുമ്പോഴെല്ലാം അയാള്‍ തെറികള്‍ പറയുമായിരുന്നു. അത് അയാള്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴായിരുന്നു ഹരിമോന്‍ അതെല്ലാം കേട്ട് പഠിക്കുമെന്ന് ദേവി  ഭയന്നു.അവനോട് മറ്റുള്ളവരുടെ അമ്മമാരെ ചീത്ത പറയുന്ന ആ വാക്കുകള്‍ മോന്‍ പഠിക്കരുതെന്ന് അവള്‍ ഉപദേശിച്ചു. അവന്‍ അതു പറഞ്ഞു എന്നറിഞ്ഞാല്‍ അവള്‍ ഹൃദയം പൊട്ടി മരിക്കുമെന്ന് അവള്‍ പറഞ്ഞു.

ഹരിമോന്‍ മദര്‍ പ്രോമിസ് ചെയ്തു ഒരു ചീത്തവാക്കും ഒരിയ്ക്കലും പറയില്ലെന്ന്..

അവളുടെ നിറഞ്ഞ കണ്ണുകള്‍ അവന്‍ തുടച്ചു. അവളുടെ കവിളില്‍ തെരുതെരെ ഉമ്മവെച്ചു.

ആയിടയ്ക്കാണ് ദേവിയുടെ അമ്മ കഠിനമായി രോഗബാധിതയായത്. അനിയത്തി ഉമക്ക് ആ സമയത്ത് ഭേദപ്പെട്ട ഒരു ജോലി തരപ്പെടുകയും ചെയ്തു.അത് അമ്മയുടേ വീട്ടില്‍ നിന്ന് അകലെ ഒരു പട്ടണത്തിലായിരുന്നു. അമ്മയുടെ വീട് ചേട്ടന്‍റെ പരിചയക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ട് ഉമ  വാടകവീട് എടുത്ത് അമ്മയേയും മോളേയും ഒരു പണിക്കാരിയേയും ഒപ്പം കൂട്ടി അവിടെ താമസമാക്കി.

ദേവി  അനൂപറിയാതെ വലിയൊരു കള്ളത്തരം ചെയ്യാന്‍ തുടങ്ങിയത് അപ്പോഴാണ്.

അവള്‍ക്ക് ചില്ലറ കാഷ് അലവന്‍സുകള്‍ ലഭിച്ചിരുന്നു. അത് അവള്‍ ഒരിയ്ക്കലും അയാളെ അറിയിച്ചിരുന്നില്ല. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ടും ആ പണം മാത്രമേ അവളുടെ പക്കല്‍ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അവള്‍ക്ക് ആദ്യം ജോലി കിട്ടിയപ്പോള്‍ തുടങ്ങിയ സ്റ്റേറ്റ് ബാങ്ക് എക്കൌണ്ടില്‍ അവള്‍ അതു പതുക്കി വെച്ചിരുന്നു. അതില്‍ നിന്ന് പണം പിന്‍ വലിയ്ക്കാന്‍ അവള്‍ അനിയത്തിയ്ക്ക് സൌകര്യം ചെയ്തു കൊടുത്തു. അമ്മയെ കൂടെ നിന്ന് പരിചരിയ്ക്കാന്‍ കഴിയാത്തതിന്‍റെ കുറ്റബോധം ദേവി  അങ്ങനെയാണ് വീട്ടാന്‍ ശ്രമിച്ചത്. അങ്ങനെ ഒരു എക്കൌണ്ട് ഉണ്ടെന്ന് അയാള്‍ക്ക് ഓര്‍മ്മ വന്നിരുന്നില്ല.

അവളെ എപ്പോഴും പരിശോധിച്ചുകൊണ്ടിരുന്നെങ്കിലും അവളുടെ ആയിരം രൂപകളുടെ സേവിംഗ്സും പോസ്റ്റ് ഓഫീസിലെ ആര്‍ ഡിയും എന്ന കുറ്റങ്ങളല്ലാതെ മറ്റു കുറ്റങ്ങളൊന്നും അനൂപിനു  കിട്ടിയില്ല. അവള്‍ക്ക് ഓഫീസിലെ പ്യൂണ്‍ മുതല്‍ സി ഇ ഒ വരെ എല്ലാവരുമായും അവിഹിതബന്ധമുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നുവെങ്കിലും ഒരു തെളിവും അയാള്‍ക്ക് ലഭ്യമായിരുന്നില്ല. തെളിവൊന്നും ഒന്നിനും കിട്ടാത്തതുകൊണ്ട് അയാള്‍ പിന്നെയും പിന്നെയും അവളെ പരിശോധിച്ചുകൊണ്ടിരുന്നു.

അവര്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അയാള്‍ക്ക് സുഹൃത്തുക്കള്‍ ആരുമില്ലായിരുന്നു. ദേവിയുടെ ഭര്‍ത്താവ് എന്നും ഹരിമോന്‍റെ അച്ഛന്‍ എന്നുമാണ് അയാള്‍ അറിയപ്പെട്ടിരുന്നത്.

ഹരിമോന്‍  അവന്‍റെ കൂട്ടുകാരന്‍ അമലിന്‍റെ വീട്ടില്‍ തന്നെ ട്യൂഷന്‍ പഠിയ്ക്കാന്‍ പോയിത്തുടങ്ങി. ദേവിയായിരുന്നു അതിനു മുന്‍കൈ എടുത്തത്.അത് അനൂപിനു  തീരെ ഇഷ്ടമായില്ല. എങ്കിലും ആദ്യമൊക്കെ അയാള്‍ മൌനിയായിരുന്നു. അമലിന്‍റെ അമ്മയായിരുന്നു ട്യൂഷന്‍ പഠിപ്പിച്ചിരുന്നത്. ആ ആന്‍റിയാവട്ടെ മോനെ ചക്കരേ, രാജേ , കണ്ണേ, മുത്തേ എന്നൊക്കെ കൊഞ്ചിച്ചിരുന്നതുകൊണ്ട് മോന് ആ വീട്ടില്‍ പോയി പഠിയ്ക്കാന്‍ ഇഷ്ടമായിരുന്നു.ആന്‍റിക്ക് അവന്‍റെ അമ്മയെ വലിയ ബഹുമാനമായിരുന്നു.അവന്‍റെ അമ്മയുടെ വിദ്യാഭ്യാസം, ജോലി അതിലെല്ലാം സുഹൃത്ത് എന്ന നിലയില്‍ ആ ആന്‍റി അഭിമാനം കൊണ്ടു. അത് അവര്‍ എപ്പോഴും അവന്‍റെ മുന്നില്‍ പ്രകടിപ്പിക്കുകയും ചെയ്തു പോന്നു.

മകന് ആദ്യമായി അവന്‍റെ അമ്മ സത്യമായും ഒരു മിടുക്കിയാണോ എന്നൊരു സംശയം ജനിച്ചത് അവിടെ പോവാന്‍ തുടങ്ങിയതു മുതലാണ്.അതുവരെ അമ്മയ്ക്ക് എന്തെങ്കിലും ഒരു കഴിവുണ്ടെന്നും അതില്‍ അവന്‍ അഭിമാനം കൊള്ളണമെന്നും അവനറിവുണ്ടായിരുന്നില്ല.

അവന്‍റെ ആ സംശയം അവന്‍ മെല്ലെ മെല്ലെ പ്രകടിപ്പിച്ചു തുടങ്ങി.

അച്ഛന്‍ രാത്രി വഴക്കുണ്ടാക്കിയാല്‍ അവന്‍ പറയും. ‘ ഉം. അച്ഛന് രാത്രിയൊക്കെ വഴക്കുണ്ടാക്കി പകല്‍ ഇവിടെ കിടന്നുറങ്ങാമല്ലോ. ഞാനും അമ്മയും അല്ലേ പകല്‍ പുറത്ത് പോകേണ്ടത്

കാര്‍ യാത്രയില്‍ ഏതെങ്കിലും കാര്‍ ഓവര്‍ ടേക് ചെയ്യുമ്പോള്‍ അവന്‍ കളിയാക്കും..’ ഉം, ഇപ്പോ തുടങ്ങും അച്ഛന്‍റെ വക തെറി മഴ

അനൂപ്  നിരന്തരമായി അവളെ കുറ്റപ്പെടുത്തുന്നത് കേട്ട് ഒരു ദിവസം അവന്‍ അതിശയപ്പെട്ടു. ‘ഇത്രേം ചീത്ത കേട്ട് അമ്മയെങ്ങനെയാണ് ഓഫീസില്‍ പോയി ജോലി ചെയ്യുന്നത്? എനിക്ക് ഇവിടത്തെ ബഹളം കൊണ്ട് സ്കൂളില്‍ പോണമെന്നോ പഠിയ്ക്കണമെന്നോ തോന്നുന്നില്ല.’

അവളുടെ മുഖം വാടിക്കാണുമ്പോള്‍ ഹരിമോന്‍ അമ്മയെ ഉമ്മ വെയ്ക്കും.. താടിയ്ക്ക് പിടിച്ച് കൊഞ്ചിക്കും. മൈക്രോവേവ് അവനില്‍ അമ്മയ്ക്കായി ചായ ഉണ്ടാക്കിക്കൊടുക്കും. ഇതൊക്കെയാണെങ്കിലും അവന് അച്ഛനെയും വലിയ കാര്യമായിരുന്നു.

അവളുടെ ചേട്ടനെയും ചേട്ടത്തിയമ്മയേയും മകളേയും ഒന്നും അനൂപ് ഒട്ടും കാര്യമായി എടുത്തിരുന്നില്ല. അനിയത്തിയെ ദരിദ്രയായ ഒരു വിധവ എന്ന നിലയില്‍ അയാള്‍ക്ക് പരമപുച്ഛവുമായിരുന്നു. അവളുടെ അമ്മ മരുമകനായി ബഹുമാനിച്ചതു പോരാ എന്നൊരു പരാതി അയാള്‍ എപ്പോഴും ഉന്നയിച്ചിരുന്നു. മുപ്പത്തിനാലുകാരിയായ പെണ്ണിനു ജീവിതം കൊടുത്ത പുരുഷന് എത്ര തന്നെ ബഹുമാനം കിട്ടിയാലാണ് അധികമാവുക.?

അതുകൊണ്ടു തന്നെ ഹരി മോനും ദേവിയുടെ  വീട്ടുകാരും  തമ്മില്‍ കാര്യമായ ബന്ധം ഉണ്ടാകാതിരിക്കാന്‍ അയാള്‍ എപ്പോഴും ശ്രദ്ധ വെച്ചു പോന്നു. അയാള്‍ക്ക് നമ്മളെ ഇഷ്ടമാകുന്നില്ല എന്ന അറിവില്‍, നമ്മള്‍ കൂടുതല്‍ ഇടപെട്ട് അവളുടെ ജീവിതം പ്രയാസകരമാക്കേണ്ട എന്ന് നിശ്ചയിച്ച് ദേവിയുടെടെ വീട്ടുകാരും ആവശ്യത്തിലുമധികം മൌനികളായി തന്നെ ജീവിച്ചു. അക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നത്  മാലിനി ചേട്ടത്തിയ്ക്ക് മാത്രമായിരുന്നു. അതാരും തന്നെ വക വെച്ചതുമില്ല…. ദേവിയുടെ ചേട്ടന്‍ പോലും.

Comments
Print Friendly, PDF & Email

You may also like