പൂമുഖം EDITORIAL പടിയിറങ്ങുന്ന ജനാധിപത്യം

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : പടിയിറങ്ങുന്ന ജനാധിപത്യം

ഓരോ അഞ്ചുവര്‍ഷവും കൂടുമ്പോള്‍ ജനാധിപത്യപ്രക്രിയയെ അടിമുടി പരിശോധിച്ചു വിലയിരുത്തേണ്ട നാം എല്ലാം മറന്ന് അതൊരു ഉത്സവമാക്കി ആഘോഷിച്ചു തീര്‍ക്കുന്ന ഒരു കാഴ്ചയാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആനയ്ക്ക് അതിന്‍റെ വലിപ്പം അറിയാനുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലാണ്‌ അത് മനുഷ്യന്‍റെ അടിമയായി മാറുന്നത് എന്നൊരു ധാരണ മനുഷ്യര്‍ക്കിടയിലുണ്ടല്ലോ. ഏതാണ്ട് ആ ആനയുടെ അവസ്ഥയാണ്‌ ജനാധിപത്യത്തില്‍ സമ്മതിദായകരായ നമുക്കുമുള്ളത്. ഓരോ കാലാവധിക്കാലത്തും നാം നടത്താതെ പോകുന്ന പ്രവൃത്തിപരിശോധന (performance audit) യാണ്‌, രാഷ്ട്രീയം മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ള ചില പരാന്നഭോജി (parasites )കളെ ഈ തിരഞ്ഞെടുപ്പുത്സവക്കാലത്തെ ഗുണ്ടാപ്പിരിവുകാരായി നിലനിറുത്തുന്നത്. ഈ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ അധികാരപ്പെട്ടവര്‍ അവരുടെ ചുമതല മറന്നുകൊണ്ട്, കണ്ണടച്ചു വഴിമാറി നടക്കുന്നു. അവര്‍ക്കു കണ്ണടയ്ക്കാനും വഴിമാറിനടക്കാനുമുള്ള ‘വിഹിതം’ ഈ ‘അതികായര്‍’ ഒരു തെളിവും ലഭിക്കാത്തരീതിയില്‍ അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു.

അഞ്ചുവര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന്‍റെ വിലയിരുത്തലാണ്‌ പൊതുതിരഞ്ഞെടുപ്പുകള്‍ എന്നുള്ള കാര്യം പോലും അറിയാത്തരീതിയിലാണ്‌ നമ്മുടെ ആഘോഷങ്ങള്‍. ദേശപ്പൂരങ്ങളുടെ കരുത്തുകാട്ടലുകളില്‍ മയങ്ങിക്കിടക്കുന്ന നമുക്ക് മുകളിലൂടെ കാലം കടന്നുപോകുകയാണ്‌. സമ്മതിദാനാവകാശം നിര്വ്വഹിച്ച സംതൃപ്തിയില്‍ നാം വീണ്ടും അടുത്ത അഞ്ചുവര്‍ഷത്തെ ഉറക്കത്തിലേയ്ക്ക് മടങ്ങുകയാണ്‌.

പ്രകടനപത്രിക- ഒരു വഴിപാടുപ്രക്രിയ

ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ‘എന്തുകൊണ്ട് ഞങ്ങള്‍’ എന്ന വിശദീകരണമാണ്‌ പ്രകടനപത്രികയിലൂടെ രാഷ്ട്രീയപാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടത്. അതില്‍ നാം വേണ്ടത്ര ശ്രദ്ധപതിപ്പിക്കുന്നില്ല എന്നതിന്‍റെ തെളിവാണ്‌ ഈയിടെ ഒരു കക്ഷിയുടെ സംസ്ഥാനാദ്ധ്യക്ഷന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്. അദ്ദേഹം ലോകം മുഴുവന്‍ കേള്‍ക്കെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞതിതാണ്‌:”തെരഞ്ഞെടുപ്പുവാഗ്ദാനങ്ങളും പ്രകടനപത്രികകള്‍ക്കുമൊക്കെ ആരെങ്കിലും എന്തെങ്കിലും വില കല്പിക്കുന്നുണ്ടോ?” ഈ പ്രസ്താവന ‘ജനാധിപത്യത്തിലെ സര്വ്വശക്തര്‍’ക്കെതിരേയുള്ള ഒരു വെല്ലുവിളിയാണ്‌. എത്ര നിഷേധക്കുറിപ്പുകളിറക്കിയാലും ഇതാണ്‌ പൊതുവേ നേതാക്കളുടെ ഉള്ളിലിരിപ്പ്. ഇത്തരം നേതാക്കള്‍ ഭസ്മാസുരന്മാരാണ്‌. നാം തന്നെ സൃഷ്ടിച്ചുവിട്ട ഭസ്മാസുരര്‍. അവരിപ്പോള്‍ ശൃംഗാരഭാവം പൂണ്ട് നമുക്കു പിന്നാലെയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ നമ്മുടേതെന്ന് നമുക്ക് അഭിമാനിക്കണമെങ്കില്‍ വാസ്തവികമായ നന്മകളായിരിക്കണം അതിലെ തിന്മകളെ അതിജീവിച്ചു മുന്നില്‍ നില്‍ക്കേണ്ടത്. ഭരണകൂടങ്ങള്‍ എല്ലായ്പ്പോഴും നല്ലതുതന്നെ ചെയ്യുന്നതായിരിക്കില്ല. പക്ഷേ, അവരുടെ വ്യതിചലനങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടണം. അത്തരം തെറ്റുകളും വ്യതിചലനങ്ങളും തിരിച്ചറിഞ്ഞ് തിരുത്തുന്നതിലൂടെയാവണം ജനാധിപത്യത്തിന്‍റെ വിജയം നാം ആഘോഷിക്കേണ്ടത്.

ജാതി-മതം-രാഷ്ട്രീയം

ജാതിമതാധിഷ്ടിതമായ രാഷ്ട്രീയം വിജയിക്കുന്ന അപൂര്വ്വം രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. എന്നിട്ടും നാം ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്ര’മായി ഇന്ത്യയെ ആഘോഷിക്കുകയാണ്‌. ആ അടിസ്ഥാനശിലതന്നെ ജനാധിപത്യത്തിന്‍റെ നിലനില്പ്പിന്‌ അപകടകരമാണ്‌. ഒരു പക്ഷേ, അത് ജനാധിപത്യമല്ലെന്നു വരെ നമുക്ക് വ്യാഖ്യാനിക്കാന്‍ കഴിയും. ഇന്ത്യന്‍ അവസ്ഥയിലെ ജനാധിപത്യം ഒരു വിരുദ്ധോക്തിയായി മാറുകയാണ്‌. ജാതിയും മതവും നമ്മുടെ വ്യക്തിഗതമായ തിരഞ്ഞെടുപ്പുകളല്ല. എങ്കില്‍ക്കൂടി അത് ‘ദൈവസിദ്ധ’മെന്ന രീതിയില്‍ ഒരു നിരക്ഷരഭൂരിപക്ഷത്തിനിടയില്‍ വ്യാപരിക്കുകയാണ്‌. ഇതിന്‍റെ വ്യാപാരികള്‍ അടിസ്ഥാനപരമായും നിരക്ഷരരാണ്‌ എന്നുള്ളതാണ്‌ അതിനെയും തമാശയാക്കി മാറ്റുന്നത്. നിയമപരമായ ബഹുസ്വരത (legal pluralism) യും മതേതരത്വവും അടിസ്ഥാനശിലകളായിട്ടുള്ള ഒരു ജനാധിപത്യനിര്‍മ്മിതിക്കുള്ളില്‍ ജീവിക്കുന്ന നമ്മുടെ ഗൃഹനാഥന്മാര്‍ ആ ശിലകള്‍ കണ്ടിട്ടില്ല. അത്തരം ശിലകള്‍ വഹിക്കുന്ന ഭാരത്തെക്കുറിച്ചും അവര്‍ക്ക് വലിയ ധാരണകളൊന്നുമില്ല. എതിരൊലികളെ നിശ്ശബ്ദമാക്കിക്കൊണ്ട് അവരങ്ങനെ ഭരണം തുടരുന്നു എന്നു മാത്രം. പരിഷ്കൃതരാജ്യങ്ങളിലൊന്നും അവരുടെ ഭാഗധേയങ്ങള്‍ നിയന്ത്രിക്കുന്നത് ജാതിയും മതവും വിശ്വാസങ്ങളുമല്ല. അതില്‍ വിശ്വാസമുള്ളവര്‍ ന്യൂനപക്ഷങ്ങളാണവിടെ. എന്നിട്ടും ആ വിശ്വാസപ്രകടനങ്ങള്‍ തെരുവിലേക്കിറക്കേണ്ടതല്ലെന്നുള്ള തിരിച്ചറിവുണ്ട്, അവര്‍ക്ക്. ജാതിയും മതവും വിശ്വാസവും അവിടെ നിര്‍ണ്ണായകനിയാമകശക്തികളാവുന്നില്ല. എന്നിട്ടും ഇന്ത്യക്കാരായ നാം അതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. താല്‍ക്കാലികമായ ലാഭങ്ങളും കുഴിച്ചുമൂടലുകളും മാത്രമായിത്തീരുകയാണ്‌ഇന്ത്യയിലെ ജനാധിപത്യം.

അധികാരത്തിനു മാത്രമായുള്ള മുദ്രാവാക്യങ്ങള്‍

മുദ്രാവാക്യങ്ങള്‍ അധികാരം നേടിയെടുക്കുന്നതിനു വേണ്ടി മാത്രമാകുന്നു. അധികാരത്തിലെത്തിയാല്‍ പിന്നെ സൗകര്യപൂര്വ്വം അത് മറക്കുന്നു. അതോര്‍മ്മിപ്പിക്കേണ്ടത് ഒരു സാധാരണപൗരന്‍റെ കടമയാണെന്നുള്ളത് നമ്മളും മറക്കുന്നു. അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, കൈക്കൂലിക്കും, വിലക്കയറ്റത്തിനുമെതിരേ മുദ്രാവാക്യം വിളിച്ച് അധികാരത്തിലെത്തുന്നവര്‍ കസേരകളില്‍ ഉപവിഷ്ടരാകുമ്പോള്‍ ആ കടമകള്‍ മറക്കുന്നു. പൗര-മാധ്യമ-ആവിഷ്കാരസ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ ആ ലക്ഷ്യപ്രാപ്തിക്കായി ഒന്നും ചെയ്യുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലെത്തുന്നവര്‍, അഞ്ചുവര്‍ഷത്തേയ്ക്ക് തങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നുള്ള തിരിച്ചറിവില്‍ ജനങ്ങളെ തിരിച്ചുതൊഴിക്കുന്നു. മുദ്രാവാക്യങ്ങളും വിപ്ലവാഹ്വാനങ്ങളും അധികാരപ്രാപ്തി മാത്രം ലക്ഷ്യമിടുകയാണ്‌. ഇന്ധനവില കുറയ്ക്കാന്‍ അധികാരമേറ്റവര്‍ അതിനായി സമരം തുടരുന്നവരുടെ വില കുറയ്ക്കുന്നു. അധികാരരാഷ്ട്രീയം പരിഗണനാവിഷയങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നു. അധികാരത്തിലെത്തിയാല്‍ അത് നിലനിറുത്താനുള്ള തത്രപ്പാടുകള്‍ക്കാണു പരിഗണനകള്‍. അപ്പോള്‍ പഴയ മുദ്രാവാക്യങ്ങള്‍ ആലോചിച്ചു സമയം നഷ്ടപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നുള്ള വസ്തുത മനസ്സിലാകുന്നു. കക്ഷിരാഷ്ട്രീയഭേദമെന്യേ കേന്ദ്ര-സംസ്ഥാനമന്ത്രിസഭകള്‍ ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.

പുതിയ ചരിത്രനിര്‍മ്മിതികള്‍

ചരിത്രനിര്‍മ്മിതിയില്‍, അത് പഴയതാണെങ്കിലും പുതിയതാണെങ്കിലും, അധികാരരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആജ്ഞാസ്ഥാനങ്ങളുണ്ട്. അവരുടെ നിലനില്പ്പിനും താല്പര്യങ്ങള്‍ക്കുമനുസൃതമായ ഭേദഗതികള്‍ ക്രമേണ അതിലേയ്ക്ക് കുത്തിക്കയറ്റിക്കൊണ്ടിരിക്കും. മൂന്നോ നാലോ തലമുറകള്‍ക്കു ശേഷം വരുന്നവര്‍ വായിച്ചുപഠിക്കുന്നത് വ്യത്യസ്തമായ സംഭവപരമ്പരകളാകും. സത്യാസത്യങ്ങള്‍ക്ക് പുനര്‍നിര്‍മ്മിതികളുണ്ടാവും. ഇപ്പോള്‍ത്തന്നെ പല പ്രാദേശികഭാഷയിലെ പുസ്തകങ്ങളിലും ‘വേണ്ടാത്തതൊ’ക്കെ മാറ്റി പല കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുണ്ട്. അതൊക്കെ ക്രമേണ ചരിത്രത്തിന്‍റെ ഏടുകളിലേയ്ക്ക് നുഴഞ്ഞുകയറും. ആഗിരണം ചെയ്യപ്പെടും. കുട്ടിക്കാലത്തു പുസ്തകങ്ങളില്‍ കാണുന്നതൊക്കെ സത്യം എന്നു ധരിച്ചവരാണല്ലോ നമ്മളൊക്കെ. ചില രാഷ്ട്രീയകക്ഷികളെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേയ്ക്ക് കയറിപ്പരക്കേണ്ടത്ത് അവരുടെ ആവശ്യമാണ്‌. ഇതുവരെയുള്ള ചരിത്രത്തില്‍ അവര്‍ കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല. മാത്രമല്ല കാണുന്നതൊക്കെ രാജ്യതാല്പര്യങ്ങള്‍ക്കെതിരായ അനവധാനതയുടേയും ഒറ്റിക്കൊടുക്കലിന്‍റേയും
അലംഭാവത്തിന്‍റേതുമാണ്‌. ആ അവസ്ഥയില്‍, കയറിക്കൂടാന്‍ പറ്റിയ ഓരോ വിടവും വളരെ പ്രധാനമാകുന്നു.

കുറ്റവാളികള്‍ക്കൊരു വാഗ്ദത്തഭൂമി

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ കറുത്ത ചരിത്രത്താളുകളില്‍ നിന്ന് വെളുത്തുപുറത്തിറങ്ങുന്നതിനു ഏറ്റവും അനുയോജ്യമായ ഭൂമികയാണ്‌ കക്ഷിരാഷ്ട്രീയപ്രവര്‍ത്തനം. ജനപക്ഷത്തുനിന്നുകൊണ്ട് ജനകീയാവശ്യങ്ങള്‍ക്കു സമരം ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിനു സാമ്പത്തികസഹായം കിട്ടാനുള്ള സാധ്യതകള്‍ കുറവാണ്‌. ഏതെങ്കിലും ഒരു പാര്‍ട്ടിയിലാണെങ്കില്‍ അതിനു സര്വ്വവിധേനയുമുള്ള പരിരക്ഷകള്‍ ലഭ്യമാണ്‌. രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഒരു പാര്‍ട്ടിയുടേയും ഉന്നതാധികാരസമിതികള്‍ അറിഞ്ഞുകൊണ്ടാവണമെന്നില്ല. പക്ഷേ, പ്രാദേശികനേതാക്കള്‍ അറിയാതെ ഒരു രാഷ്ട്രീയക്കൊലപാതകവും നടക്കുന്നില്ല. അതിന്‍റെ പ്രത്യക്ഷത്തിലുള്ള തെളിവുകളാണ്‌ ഈ പ്രതികള്‍ സം‌രക്ഷിക്കപ്പെടുന്നതും അവരുടെ വ്യവഹാരങ്ങള്‍ക്കായുള്ള ധനസമ്പാദനവും. അതിനും പുറമേ, ഈ പതികളെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കി വിജയിപ്പിച്ചെടുക്കാനുള്ള ശ്രമവും നമുക്കിടയില്‍ത്തന്നെ കാണാം. ഇക്കൂട്ടത്തില്‍ പ്രകൃതിവിരുദ്ധരും ചൂഷകരുമുണ്ട്. ഇവരൊക്കെ ജയിക്കുന്നതിലൂടെ അവരുടെ ചെയ്തികള്‍ വെള്ളപൂശപ്പെടുകയാണ്‌. വളരെ കാപട്യം നിറഞ്ഞതും ആച്ഛാദിതവുമായ ഭൂതകാലത്തിന്‍റെ നാറ്റത്തില്‍ നിന്ന് അവരെ കുളിച്ചുകയറ്റാനാണീ പ്രക്രിയ.

കേരളം

കേരളത്തില്‍ നിന്നു മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പലരും ഇപ്പോഴത്തെ നിയമസഭാസാമാജികരാണ്‌. ഇത് വെളിവാക്കുന്നത് ശക്തരായ നേതാക്കളുടെ അഭാവമാണ്‌. വിജയസാധ്യതയുടെ പേരില്‍ ഇവരെ മത്സരിപ്പിക്കുന്നത് സാധാരണക്കാരായ സമ്മതിദായകരോടുള്ള വെല്ലുവിളിയാണ്‌. പ്രളയാനന്തരകേരളത്തിന്‍റെ ആവശ്യങ്ങളെ മറന്നുകൊണ്ട് നികുതിദായകരുടെ പുറത്ത് കൂടുതല്‍ ഭാരങ്ങള്‍ വച്ചുകെട്ടുകയാണ്‌ ഇതിലൂടെ. നവകേരളപുനര്‍നിര്‍മ്മിതിയെന്നൊക്കെ വിളമ്പിയ ഭംഗിയുള്ള ടാഗ്‌ലൈന്‍ ഇതിലൂടെ അപ്രസക്തമാകുകയാണ്‌. ഇരുമുന്നണികളും ഇക്കാര്യത്തില്‍ കനത്ത അലംഭാവമാണ്‌ കാണിച്ചിരിക്കുന്നത്. ഇവര്‍ തെരഞ്ഞെടുക്കപ്പെടുന്നതിലൂടെയുണ്ടാവുന്ന നിയമസഭാ-ഉപതെരഞ്ഞെടുപ്പുകള്‍ അനാവശ്യചലവുകളുണ്ടാക്കുകയാണ്‌. ‘സമ്മതിദായകര്‍ തെരഞ്ഞെടുത്താല്‍ മതി, പിന്നീട് കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചോളാം’ എന്നൊരു ധാര്‍ഷ്ട്യമാണ്‌ ഇരുമുന്നണികളും ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കുന്നത്. ശബരിമലപ്രശ്നം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുന്നതിനാല്‍ എല്ലാവരും അങ്ങേയറ്റം ആകാംക്ഷയോടെയാണ്‌ ഈ തെരഞ്ഞെടുപ്പ് നോക്കിക്കാണുന്നത്. ലിംഗസമത്വപ്രകടനത്തിനു സര്‍ക്കാര്‍ പ്രതീക്ഷിച്ച മാര്‍ക്കു ലഭിച്ചില്ല. അതുമനസ്സിലായ നിമിഷം മുതല്‍ തങ്ങള്‍ ഏതുപക്ഷത്താണു നില്‍ക്കുന്നതെന്നു പോലും സര്‍ക്കാരിനു വെളിവാക്കാനായില്ല. ഇത്തരത്തിലൊരു ചുറ്റിത്തിരിയലായിരുന്നു ഫലമെന്നറിഞ്ഞിരുന്നെങ്കില്‍ സര്‍ക്കാര്‍ ഈ നിലപാടുപോലും എടുക്കില്ലായിരുന്നു എന്നു തോന്നുംവിധമായിരുന്നു ഔദ്യോഗികപ്രകടനങ്ങള്‍. സര്‍ക്കാരിന്‍റെ ഈ ചിന്താക്കുഴപ്പം മറ്റു രണ്ടുമുന്നണികളും നന്നായി മുതലെടുക്കുകയാണുണ്ടായത്. യുവതീപ്രവേശനത്തിനനുകൂലമായി പരമോന്നതക്കോടതി വിധി പ്രസ്താവിച്ചപ്പോള്‍ കൈയ്യടിച്ചു സ്വീകരിച്ച പാര്‍ട്ടികളില്‍ പലരും ക്രമേണ അരങ്ങുവിട്ടു. ഭാരതത്തിന്‍റെ നവോത്ഥാനയാത്രയില്‍ കാലാകാലം മുമ്പില്‍ നിന്ന കോണ്‍ഗ്രസ് തന്ത്രപരമായി വിശ്വാസികളുടെ ഭാഗം ചേര്‍ന്ന് സ്ത്രീശാക്തീകരണപ്രക്രിയയെ അട്ടിമറിക്കുകയും കേരളത്തെ പിന്നോട്ടു നടത്താന്‍ ഹിന്ദുത്വവാദികള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്തു. കേരളത്തില്‍ ഒരു വിശ്വാസപ്രശ്നം പൊടുന്നനെ കരഗതമായതിന്‍റെ പേരില്‍ ബി.ജെ.പി അത്യാഹ്ലാദത്തോടെ പ്രവര്‍ത്തിച്ചു. ‘ശബരിമല ഞങ്ങള്‍ക്കു കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു’ എന്ന് ബി.ജെ.പിയുടെ സംസ്ഥാനാദ്ധ്യക്ഷന്‍റെ വായില്‍ നിന്നു വീണു. അങ്ങനെ പറയുന്നതിലൂടെ അവര്‍ സംസ്ഥാനത്തെ ക്രമസമാധാനവ്യവസ്ഥയെ വെല്ലുവിളിക്കുകയാണുണ്ടായത്. അങ്ങനെ, കേരളത്തിലെ തിരഞ്ഞെടുപ്പുരംഗം ഭാരതം മുഴുവന്‍ ഉറ്റുനോക്കിയിരിക്കുകയാണ്‌. മൂന്നു മുന്നണികളും തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നറിയാനുള്ള വേദിയായിട്ടാണ്‌ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.

ഓരോ പാര്‍ട്ടിയുടേയും അടുത്ത അഞ്ചുവര്‍ഷത്തെ ഭാവി നിര്‍ണ്ണയിക്കപ്പെടുകയാണ്‌, ഈ തിരഞ്ഞെടുപ്പിലൂടെ. തിരഞ്ഞെടുക്കല്‍ മാത്രമാണ്‌ സമ്മതിദായകന്‍റെ കര്‍ത്തവ്യം എന്നതിലേയ്ക്ക് മാത്രമായി നാം ചുരുങ്ങിപ്പോകുന്ന സമയം. നമ്മളെ തൊഴുതുവരുന്നവരെ അടുത്ത പഞ്ചവത്സരകാലത്തേയ്ക്ക് നാം തൊഴുതുനില്‍ക്കേണ്ട തിരഞ്ഞെടുപ്പ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം പാകമാകാതെ ഇപ്പോഴും വാടിപ്പഴുത്തുനില്‍ക്കുകയാണ്‌.

The lights are on but nobody’s home!

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like