പൂമുഖം കഥകൾ കെ എച്ച് ഹുസൈൻ കഥകൾ

കെ എച്ച് ഹുസൈൻ കഥകൾ

രാത്രിപാടങ്ങൾ

ജോൺ എബ്രഹാം എന്നന്നേക്കുമായി സ്വസ്ഥതയുടെ താഴ്‌വരയിലേക്ക് ഒഴുകിയിറങ്ങിയ രാത്രി. ദൂരെ മറ്റൊരുവൻ വല്ലാതെ മദ്യപിച്ച് ഹൈവേയിലേക്കിറങ്ങി അകലെയുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. രാത്രി ഏറെ ചെന്നിരുന്നു. കനത്ത പ്രകാശം വിതറി ലോറികൾ ഹൈവേയിലൂടെ കടന്നുപോയി. അബോധത്തിന്റെ നൂൽ പിടിച്ച് ഓരംചേർന്ന് നടക്കുമ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങി. ചിതറിപ്പോയ രാത്രി. വഴിക്കും ദിക്കിനും ഇടയിൽപെട്ട് അയാൾ പാടത്തേക്ക് ഊർന്നുവീണു.

നേരം വെളുക്കുംവരെ മഴ കനത്തുപെയ്തു. കാല് ചെളിയിൽ പുണ്ടതും റോഡിന്റെ തിണ്ടിൽ ചാരിനിന്നതും അയാൾ ഓർമ്മിക്കുന്നു. പാടത്ത് വെള്ളം പൊന്തുന്നത് അയാൾ അറിഞ്ഞില്ല. തലയിൽ കുടംകണക്കിന് വെള്ളം പതിച്ചുകൊണ്ടിരുന്നു. പാടത്തെ തണുപ്പും റോഡിലെ ശബ്ദവും ക്രമേണ ഇല്ലാതായി. അയാൾ നക്ഷത്രങ്ങളെ കാണാൻ ആഗ്രഹിച്ചു. മുകളിലേക്ക് നോക്കുമ്പോൾ ഇടയ്ക്ക് പാഞ്ഞുപോകുന്ന പ്രകാശത്തിന്റെ നേർത്ത തിളക്കം മാത്രം. അകലങ്ങളിൽ ശാന്തമായ ഇരമ്പം കേട്ടു. ഇടയ്ക്കെപ്പൊഴോ പേമാരി കുറഞ്ഞപ്പോൾ തവളകൾ കരഞ്ഞതും മഴ പൂർവ്വാധികം ശക്തി പ്രാപിച്ചതും അയാൾക്ക് നേരിയ ഓർമ്മയുണ്ട്.
രാത്രി ഒടുങ്ങാറായപ്പോൾ മഴ നിന്നു. വെളിച്ചം പരക്കുംവരെ അയാൾ പാടത്തെ നിറഞ്ഞ വെള്ളത്തിൽനിന്ന് ഉറങ്ങി. ഉണർന്നപ്പോൾ തൊട്ടുമുന്നിൽ നീലത്തടാകവും പാറപ്പുറത്തെ ഏകാകിയായ ക്ഷേത്രവും കണ്ടു. അവൾക്കെഴുതിയ അവസാനവരികൾ അയാൾ ഓർമ്മിച്ചത് അങ്ങനെയായിരുന്നു. അയാളുടെ അവസാനത്തെ ഓർമ്മയും അതുതന്നെയായിരുന്നുവെന്ന് നീലത്തടാകം സാക്ഷ്യപ്പെടുത്തുന്നു.
ജോൺ എബ്രഹാമിന്റേത് ഒരു സേഫ് ലാന്റിങ് ആയിരുന്നു. അത്ര പെർഫെക്ട് ആയി അന്നേരാത്രി ലാന്റ് ചെയ്തവരിൽ മറ്റൊരാളും ഉണ്ടായിരുന്നിരിക്കണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതും. എല്ലാം ജീവിച്ചുതീർത്ത കാലങ്ങൾ.

വല്ലിമ്മ

കുഞ്ഞുങ്ങൾ ഒന്നൊന്നായി ചത്തൊടുങ്ങുന്നതു കണ്ട് തള്ളപ്പൂച്ച കരഞ്ഞു. പേരക്കിടാങ്ങൾ മരിക്കുന്നതു കണ്ട് വെല്ലിമ്മ കരഞ്ഞിട്ടുണ്ടാകുമോ? ഷാഹുലിന്റെ മരണം കേട്ടപ്പോൾ പനിപോലെ ദേഹമാസകലം ഒരു വേദന പടർന്നു. മുറിയിൽ തൂക്കിയിട്ടിരുന്ന ഓമനത്തം നിറഞ്ഞ അവന്റെ പടം നോക്കി വെല്ലിമ്മ കുറേനേരം ഇരുന്നു. സാരിമാറ്റി വേച്ചുവേച്ച് കാറിൽ കയറി ആരോടും മിണ്ടാതെ യാത്രയായി. ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് വല്ലിമ്മ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ദൈവനാമത്തിൽ നിശ്ശബ്ദമായി വിടചൊല്ലി. അസ്സലാമു അലൈക്കും.
ഷറഫുദ്ധീൻ മരിച്ചത് തെരുവിൽ കിടന്നായിരുന്നു. പതിനാറു കുത്തുകൾ ഏറ്റിരുന്നു. ഇശ്ഹാ നമസ്ക്കാരം കഴിഞ്ഞ് പള്ളിയിൽനിന്നും അവൻ മടങ്ങുന്നതും കാത്ത് ഇരുട്ടിൽ കൊലയാളികൾ കാത്തിരുന്നു. അവസാന പിടച്ചിലിൽ അവൻ അല്ലാഹുവിനെ അലറി വിളിച്ചത് അകലെയകലെയിരുന്ന് വല്ലിമ്മ കേട്ടു. വാർദ്ധക്യം ബാധിച്ച അവരുടെ ഗർഭപാത്രത്തിൽ ഒരു തീക്കട്ട കിടന്ന് ആളി.


ഖലീൽ മരിച്ചതറിഞ്ഞ് ശാന്തയായി വല്ലിമ്മ ചോദിച്ചു, എങ്ങനെ? വല്ലിമ്മ കട്ടിലിൽനിന്നും പതുക്കെ എഴുന്നേറ്റുപോയി ഫാനിന്റെ സ്വിച്ചിട്ടു. കാറ്റേറ്റ് കണ്ണടച്ച് അവൻ ഫാനിൽ തൂങ്ങിയാടുന്നതും നോക്കി അങ്ങനെയിരുന്നു. കാറ്റിന്റെ ചുഴിയിലൂടെ ഖലീൽ താഴേക്കിറങ്ങിവന്ന് വല്ലിമ്മയ്ക്കരികിൽ ചേർന്നിരുന്നു. ചുരുങ്ങിച്ചുരുങ്ങി ഒരു പൂച്ചക്കുട്ടിയെപ്പോലെ അവൻ ഗർഭപാത്രത്തിനകത്തേക്ക് കയറിപ്പോകുന്നത് അവർ അനുഭവിച്ചു. അരനൂറ്റാണ്ടിനു മുമ്പ് മകൾക്ക് നൽകിയ ജീവന്റെ ഒരു തുള്ളി അവരുടെ പൊക്കിളിൽ നിറഞ്ഞു. ഖലീൽ അവിടെ ശാന്തമായി ഉറങ്ങി. ഷാഹുലും ഷറഫും അടുത്തുതന്നെ കിടന്ന് മയങ്ങുന്നുണ്ടായിരുന്നു. ചിലപ്പോൾ മൂന്ന് കുഞ്ഞുങ്ങൾ ഒന്നിച്ചെഴുന്നേറ്റ് വല്ലിമ്മയുടെ വയറ്റിൽ കിടന്ന് കൈകാലിട്ടടിച്ചു.
പോക്കിരികളേ, വല്ലിമ്മ വിതുമ്പി, നിങ്ങളെ ഞാൻ പുറത്തേക്കിനി വിടില്ല.

സസുഖം

ഒരിടത്ത് ഒരു കാട്ടിൽ കോബി എന്നും ശീതൾ എന്നും പേരുള്ള രണ്ട് ആത്മസുഹൃത്തുക്കൾ വസിച്ചിരുന്നു. കോബി എടുത്തുചാട്ടക്കാരനും ശീതൾ ശാന്തശീലയുമായിരുന്നതുകൊണ്ട് വളരെ ബാലൻസ്ഡ് ആയി അവർ മുന്നോട്ടുപോയി.
ഒരു ദിവസം കോബി പറഞ്ഞു, നമുക്ക് നാട്ടിൽ പോയി മനുഷ്യരെ പിടിച്ചുതിന്നാം. പതിവുപോലെ ശീതൾ പ്രതിവചിച്ചു: വേണ്ട, ചൊറി പിടിക്കും. പകൽ മുഴുവൻ ഇക്കാര്യം ചൊല്ലി അവർ സൗഹാർദ്ദപരമായി തർക്കിച്ചു. ഇര പിടിക്കാനായി അവർ ഗുഹയ്ക്കു പുറത്തേയ്ക്ക് ഇറങ്ങിയതേയില്ല. എല്ലാ അലസമായ ഡിബേറ്റുകളുടേയും അന്ത്യംപോലെ നേരം ഇരുട്ടുകയും വിശപ്പു സഹിക്കാനാകാതെ ഗ്രാമത്തെ ലക്ഷ്യമാക്കി അവർ പായുകയും ചെയ്തു. നേരത്തേ ഇത് ആകാമായിരുന്നുവെന്നും സുഭിക്ഷമായി തിന്നു് ഇപ്പോൾ ഉറക്കം പിടിക്കാമായിരുന്നു എന്നും കോബി ഓർമ്മിപ്പിച്ചില്ല. വിശപ്പടക്കേണ്ടത് അവശ്യംതന്നെ, എന്നാൽ ചൊറിക്ക് മരുന്നു കരുതണം എന്നു് ശീതൾ ആവർത്തിച്ചതുമില്ല. നല്ല സുഹൃത്ബന്ധങ്ങൾ അങ്ങനെയാണ്.


ഗ്രാമാതിർത്തിയിൽ എത്തിയപ്പോൾ പതിവിലും കവിഞ്ഞ പ്രകാശപൂരിതമായ ഗ്രാമമാണ് അവരെ എതിരേറ്റത്. ഗ്രാമമുഖ്യന്റെ മകളുടെ വിവാഹരാത്രിയാണ് അതെന്ന് അവർ മറന്നുപോയിരുന്നു. മുഴുവൻ ഗ്രാമീണരും തിന്നും കുടിച്ചും മദിക്കുകയാണ്. പാട്ടും നൃത്തവും പൊടിപൊടിക്കുന്നു. നഗരത്തിൽനിന്ന് കുറേ പ്രമാണിമാരും മദാമ്മമാരും വന്നെത്തിയ ലക്ഷണമുണ്ട്. അവരുടെ ഡ്രസ്സിൽനിന്നും മേക്കപ്പിൽനിന്നും ഇത് തിരിച്ചറിയാം. അവർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗ്രാമത്തിലെ ബുദ്ധിയുള്ളവർപോലും അറിയാതെ വിക്കിപ്പോകുന്നു.
പുറമേ നഗരക്കാരോട് സൗഹാർദ്ദവും അകമേ പകയും ജ്വലിച്ച ഒരു യുവാവ് തഞ്ചത്തിൽ വിവാഹപ്പന്തലിൽനിന്നും പുറത്തുകടന്ന് ചുറ്റുപാടും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി ഇരുട്ടിന്റെ മറപിടിച്ച് ഗ്രാമാതിർത്തിയിലേക്ക് ഗമിച്ചു. അവിടെ കോബിയും ശീതളും ഈയൊരു കൂട്ടത്തിൽനിന്നും എങ്ങനെ ഒരുത്തനെ പൊക്കും എന്ന് ആലോചിച്ച് തളർന്നുനിൽക്കുകയായിരുന്നു. വിശപ്പിന്റെ ആന്തലിൽ സകല ചിന്താശേഷിയും തകർന്നുകഴിഞ്ഞിരുന്നു. അപ്പോഴാണ് റിബൽ പതുങ്ങിപ്പതുങ്ങി അവരുടെ തൊട്ടുമുന്നിലേക്ക് വരുന്ന കാഴ്ച കണ്ടത്. അവർ സ്തബ്ധരായിപ്പോയി.
മരണവും ഭാഗ്യവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് എന്ന് ഈ സംഭവത്തെ മുൻനിറുത്തി എടുത്തുചാട്ടക്കാരനായ കോബി ശീതളിനെ ഉപദേശിക്കാറുണ്ടായിരുന്നു. എടുത്തുചാടരുത്, അപകടം പതിയിരിക്കുന്നു എന്നും അവൻ കൂട്ടിച്ചേർക്കാറുണ്ടായിരുന്നു. അതൊക്കെ ശ്രവിച്ച് മന്ദഹാസത്തോടെ ശീതൾ മയങ്ങി.
വിശപ്പടങ്ങുമ്പോൾ അങ്ങനെയാണ്. സിദ്ധാന്തങ്ങളും സന്മാർഗ്ഗചിന്തകളും ഉടലെടുക്കുന്നു. ഇപ്പോഴവ മിക്കതും ഇംഗ്ലീഷിലാണ്.

മടങ്ങി വരാത്തവർ

വിദൂരനഗരത്തിൽ നിന്നും മടങ്ങിയെത്തിയ ഉമ്മ, പൂച്ചകൾ റോഡ് മുറിച്ചുകടക്കുന്നതിനെക്കുറിച്ചു പറഞ്ഞു.
മകനും ഭാര്യയും ജോലിക്കുപോയികഴിഞ്ഞാൽ അഞ്ചാംനിലയിലെ ഫ്‌ളാറ്റിൽ ഉമ്മ തനിച്ചായിത്തീരുന്നു. ഫ്‌ളാറ്റ് നഗരാതിർത്തിയിലായിരുന്നു. കെട്ടിടങ്ങളോ മരങ്ങളോ അടുത്തൊന്നും ഉണ്ടായിരുന്നില്ല. മരുഭൂമിയുടെ വിജനത കീറിമുറിച്ചു് ഹൈവേ ഫ്‌ളാറ്റിനു മുമ്പിലൂടെ കടന്നുപോയി. കാറുകളും ട്രക്കുകളും അതിവേഗത്തിൽ പാഞ്ഞു.
ഉമ്മക്കു കൗതുകം വാഹനങ്ങളിലായിരുന്നില്ല. മണിക്കൂറുകളോളം കാത്തുനിൽക്കുമ്പോൾ ഫ്‌ളാറ്റിനു താഴെ പൂച്ചസംഘം പ്രത്യക്ഷപ്പെടും. വല്ലപ്പോഴുമൊരിക്കൽ മത്സ്യങ്ങൾ വന്നു് കൊത്തുമ്പോഴുണ്ടാകുന്ന ചൂണ്ടക്കാരന്റെ ആഹ്ലാദംപോലെ, ഉമ്മയുടെ ഏകാന്തതകളിൽ ഓളങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ഹൈവേയുടെ ഇരുവശത്തും എതിർദിശയിൽ വാഹനങ്ങൾ പാഞ്ഞു. ഫ്‌ളാറ്റിനടിവശത്തുനിന്നു് പൂച്ചകൾ പ്രത്യക്ഷപ്പെട്ടു് നിരനിരയായി റോഡ് മുറിച്ചുകടക്കാൻ ആരംഭിച്ചു. ആദ്യം പൂച്ചകൾ ഇടതുഭാഗത്തേക്കുമാത്രം നോക്കി, വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി, കൂട്ടത്തോടെ പാഞ്ഞു് റോഡിന്റെ നടുക്കുചെന്നു് നിൽപ്പായി. പിന്നീടവർ വലതുഭാഗത്തേക്കു് നോക്കി. മനുഷ്യർ ചെയ്യുന്നതുപോലെതന്നെ എന്ന് ഉമ്മ ഓർമ്മിച്ചു. വാഹനങ്ങളൊന്നും വരുന്നില്ലെന്നു് ഉറപ്പുവരുത്തി വേഗത്തിൽ അവർ ആഭാഗവും മുറിച്ചുകടന്നു് മരുപ്രദേശത്തിന്റെ അങ്ങേത്തലക്കലേക്ക് യാത്രയായി.
അവിടെ മറ്റൊരു നഗരമുണ്ടെന്നും വിഭവസമൃദ്ധമായ ഭക്ഷണവും മനുഷ്യരുടെ സേ്‌നഹവും അവർക്കവിടെനിന്നു് കിട്ടുന്നുണ്ടെന്നും ഉമ്മ ഊഹിച്ചു.


പൂച്ചകൾ തിരികെ വരുന്നതും കാത്ത് ഉമ്മ മരുഭൂമി നോക്കി നില്ക്കുമായിരുന്നു. അന്തിനേരത്തു് ചേക്കേറുന്ന കിളികളെപ്പോലെ അവർ ഫ്‌ളാറ്റിന്നടിയിലേയ്ക്കു് മടങ്ങിയെത്തി.
സന്ധ്യയോടെ മകനും ഭാര്യയും ജോലികഴിഞ്ഞു് മടങ്ങിയെത്തുന്നു. മക്കളില്ലാത്ത അവരുടെ രാത്രികളിൽ വിജനതയും ശൈത്യവും നിറയുന്നു.
ഒരിക്കൽ മരുഭൂമിക്കപ്പുറത്തേക്കുപോയ പൂച്ചകൾ പിന്നീട് മടങ്ങിവന്നില്ല. എന്നിട്ടും ഉമ്മയുടെ ഏകാന്തതകളുടെയടിയിൽനിന്നും അവരുടെ കൊച്ചുസംഘം പ്രത്യക്ഷപ്പെടുകയായി. സശ്രദ്ധം റോഡ് മുറിച്ചുകടക്കുകയായി. അകലെ പൊട്ടുകളായി അവർ മറയാൻ തുടങ്ങുമ്പോൾ ഉമ്മ സങ്കടത്തോടെ പറയുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ ഏതു ദൂരങ്ങളിലേയ്ക്കു പോയാലും ഞാൻ നിങ്ങളെ തിരിച്ചുപിടിക്കും.

നാഴിക താണ്ടേണം ഞാനുറങ്ങുംമുമ്പേ

കാറ്റലറുന്നതുകേട്ട് ഉണർന്നു നോക്കുമ്പോൾ, കാടുലയുന്നു. മഴക്കാറുകൾ പടർന്നു് നിലാവിനുമേൽ മൂടുപടം വീണിരിക്കുന്നു.
മുഹമ്മദലി പേക്കിനാവിലെന്നവണ്ണം കറുത്ത കാടും നോക്കിനിന്നു. ഉറക്കവും വേദനകുറഞ്ഞ കിനാക്കളും വിടപറഞ്ഞ മൗഢ്യത്തിനടിയിൽ ഒരു കരടി കിടന്നനങ്ങി. ഹിമപാളികൾക്കിടയിൽ ഉറഞ്ഞുപോയ അമ്മയുടെ ശിരോവസ്ത്രം കുഞ്ഞു് ഇഴഞ്ഞുചെന്നു് കാണുന്നതുപോലെ.
അശ്വാരൂഢനായി സുഹൃത്തു് സന്ധ്യാനേരത്തെത്തുമെന്ന് അയാൾ വിശ്വസിച്ചിരുന്നു. അവളെക്കുറിച്ചുള്ള സന്ദേശങ്ങളായിരിക്കും കൊണ്ടുവരിക എന്നു് പ്രതീക്ഷിച്ചിരുന്നു.
ഭീതിദമായ റൊമാന്റിക് രാത്രികൾ മുഹമ്മദലിയുടെ ജീവിതത്തിൽ വേണ്ടുവോളമുണ്ടായി. ഓർമ്മകളും ഉദ്വിഗ്നകതകളും വിട്ടൊഴിയുമ്പോൾ അയാൾ കുതിരക്കുളമ്പടി കേട്ടു. ലോർക്കയുടെ ആ അവസാന ഗാനം, കൊർദോവായുടെ ദുർഗ്ഗങ്ങളിൽനിന്നു് തുറിച്ചുനോക്കുന്ന മരണം, മുഹമ്മദലിയുടെ ചരമവാർഷികത്തിനു് ഷഹബാസ് പാടി.


കാടിന്റെയും കടലിന്റെയും പേയിളകലുകൾ മരണത്തോടെ ഇല്ലാതായി. സന്ധ്യയ്ക്കു് അശ്വാരൂഢരായി യാത്രികർ വന്നെത്തുകയും, അക്കരെ നീലിച്ച നിബിഡവനം കണ്ടു് കുതിരകളെ അതിന്റെ പാട്ടിനു് മേയാൻവിട്ടു്, നാഴികകൾ താണ്ടുവാനുള്ള വാഗ്ദാനങ്ങൾ മറന്നു്, വ്യാമുഗ്ദ്ധരായി നിന്നുപോവുകയും ചെയ്യുന്നു. ഏറെ കമ്പനങ്ങളേറ്റുവാങ്ങി വിടപറഞ്ഞ മനുഷ്യർ അന്ധകാരത്തിൽ ഒരുനുള്ളു് ശബ്ദത്തിനായി കാതോർത്തിരിക്കുകയാകാം.

വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like