പൂമുഖം TRAVEL അസം ഓർമ്മകൾ – 9

അസം ഓർമ്മകൾ – 9

ബ്രഹ്മപുത്ര പടിവാതിൽക്കൽ എത്തിയപ്പോൾ

ഒരു ദിവസം പതിവിൽ നിന്നും വ്യത്യസ്തമായി നേരം വെളുത്തു പോയി ഉറക്കമുണരാൻ. പുറത്ത് മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയും. അസമിലെത്തിയ ശേഷം ഇങ്ങനെയൊരു കാലാവസ്ഥ ആദ്യമായാണനുഭവപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് വൈകുന്നേരങ്ങളിലെ ശക്തമായ ഇടിയോടു കൂടിയ മഴയും തുടർന്ന് മംഗൽദായിയിലൂടെ ഒഴുകുന്ന ബേഗ നദിയുടെ ഭാവം മാറിയതും ഞങ്ങൾ ശരിക്കും ആസ്വദിച്ചതാണ്. എന്നാൽ അസമിലും അയൽ സംസ്ഥാനങ്ങളിലും ഈ മഴക്കോള് തീർത്തത് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമായിരുന്നു. രാത്രിയിലെപ്പോഴോ ടിൻ ഷീറ്റിട്ട മേൽക്കൂരയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത് ഓർമ്മയിലുണ്ട്. മഴ അത്ര ശക്തമായി പെയ്തതായി തോന്നിയിട്ടില്ല. റോഡരികിലെ ചെറിയ ചാലുകളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. പക്ഷേ ഞങ്ങളാരും അതത്ര ഗൗനിച്ചിരുന്നില്ല.

Image credit: PTI

അയൽവാസിയായ ലൂയിസും സുഹൃത്തുക്കളും റോഡിൽ നിന്ന് കാര്യമായെന്തോ സംസാരിക്കുന്നത് കേട്ട് ഇറങ്ങിച്ചെന്നപ്പോഴാണ് കുറച്ചകലെ റോഡിലും മറ്റും വെളളം കെട്ടിനിൽക്കുന്ന കാഴ്ച കണ്ടത്. പ്രളയജലം ഇങ്ങ് മുറ്റത്തെത്താറായി എന്നതു തന്നെയായിരുന്നു അവരുടെ ചർച്ചാവിഷയവും. ബ്രഹ്മപുത്രയിലെ പ്രളയമെന്നത് പ്രവചനാതീതമാണെന്നും 1988ൽ മേഘാലയയിലെ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം പലയിടങ്ങളിലും ചിറകൾ പൊട്ടി കൃഷിയിടങ്ങളിൽ വെള്ളവും ചെളിയും കയറി വിളകൾ എല്ലാം നശിച്ചിരുന്നുവെന്നും മുമ്പ് ലൂയിസ് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രളയജലം ഇങ്ങെത്തിയെന്നറിഞ്ഞപ്പോൾ ശരിക്കും അതിശയം തോന്നി. ഇവിടെ ശക്തമായ മഴയൊന്നുമില്ലല്ലോ. എന്നിട്ടെന്തേ ഇത്രയും വെള്ളം! മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിലൂടെയാണല്ലോ ഈ ബ്രഹ്മപുത്രന്‍റെ കടന്നുവരവ്. ബംഗാൾ ഉൾക്കടലിനെ ലക്ഷ്യംവെച്ചുള്ള തന്‍റെ അനുസ്യൂതമായ പ്രവാഹത്തിൽ ഇടയ്ക്കിടെ അവൻ ഭീകരരൂപം പ്രാപിക്കുമെന്നതറിയാം. അവസരം കിട്ടിയാൽ എല്ലാ അതിർവരമ്പുകളും ഭേദിച്ച് പുതുവഴികൾ തേടി ചിലയിടങ്ങളിൽ ദുരന്തങ്ങൾ വിതച്ചുമാകും യാത്ര. പോഷിപ്പിക്കാൻ ദിബാങ്ങ്, ലോഹിത്, സുബൻസിരി, മനാസ്, ടീസ്റ്റ തുടങ്ങി വലിയൊരു നദീശൃംഖല തന്നെയുണ്ടല്ലോ ഇടത്തും വലത്തുമായി. മേഘാലയ, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും അയൽരാജ്യമായ ഭൂട്ടാനിലും മറ്റുമുള്ള ശക്തമായ മഴ ലഭിക്കുന്ന കുന്നുകളാണല്ലോ ഇവയുടെ വൃഷ്ടിപ്രദേശങ്ങൾ. പിന്നെ നീരൊഴുക്കിനെങ്ങനെ കുറവുണ്ടാകും! വനനശീകരണത്തിന്‍റെ പ്രത്യാഘാതങ്ങളോടൊപ്പം ഭൂമി കുലുക്കവും മണ്ണിടിച്ചിലും മൂലമുണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞ് നദിയുടെ അടിത്തട്ടുയരുന്നതും പ്രളയത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നതിനിടയാകുന്നു. ചില വർഷങ്ങളിൽ ദിവസങ്ങളോളം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ വലച്ചും ഏറെ ജീവനാശം സൃഷ്ടിച്ചും മാത്രമേ അസമിന്‍റെ ജീവനാഡി കണക്കെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ കലിയടങ്ങാറുള്ളു. സംസ്ഥാനത്തിന്‍റെ ഭൂവിസ്തൃതിയിൽ 40 ശതമാനവും ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ കാലത്ത് പല തവണ പ്രളയം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് ഇടയ്ക്ക് വേനൽക്കാലത്ത് ജലനിരപ്പ് ഉയരുന്നതിനിടയാക്കാറുണ്ട്. വർഷാവർഷമുള്ള പ്രളയംമൂലം കരയിടിഞ്ഞ് ബ്രഹ്മപുത്രയുടെ വീതി ചിലയിടങ്ങളിൽ പത്ത് കി. മീറ്ററിലേറെയുണ്ടെന്ന് കേൾക്കുമ്പോൾ നമ്മൾ അതിശയിച്ചു പോകും. കരയിടിച്ചിൽ ബ്രഹ്മപുത്രയുടെ തീരവാസികളായ കർഷകർക്കൊരു പേടിസ്വപ്നം തന്നെയാണ്. ഒറ്റരാത്രി കൊണ്ട് ചിലപ്പോൾ അവർ വഴിയാധാരമാകും.

ഇവിടുത്തെ മണ്ണിന്‍റെ പ്രത്യേകത തന്നെയാണിതിന് കാരണം. ചുവന്ന പശിമരാശി മണ്ണും കളിമണ്ണും ബ്രഹ്മപുത്രയും അതിന്‍റെ പോഷകനദികളും ഒഴുക്കി കൊണ്ടുവരുന്ന എക്കൽ മണ്ണുമെല്ലാം ചേർന്നാണ് ബ്രഹ്മപുത്രാതടം രൂപപ്പെട്ടതു തന്നെ. ദൃഢതയില്ലാത്ത ഈ മണ്ണിന് പ്രളയജലത്തിന്‍റെ ശക്തിയെ പ്രതിരോധിക്കാൻ കഴിയില്ല.

വെള്ളം അല്പം താഴ്ന്ന് തുടങ്ങിയതോടെ വൈകുന്നേരം ഞങ്ങൾ പ്രളയക്കാഴ്ചകൾ നേരിൽ കാണാനിറങ്ങി. നാഷണൽ ഹൈവെയിലേക്കായിരുന്നു യാത്ര. മാനം തെളിഞ്ഞിട്ടേയില്ല. ചാറ്റൽമഴയുമുണ്ട്. കേട്ടറിവിനപ്പുറമുള്ള, ശരിക്കും പ്രളയബാധിതതരുടെ ജീവിത യാഥാർത്ഥ്യങ്ങൾ തൊട്ടറിഞ്ഞുള്ള ഒരു യാത്രയായത് മാറി. മുമ്പ് ഈ ഹൈവെയിൽ നിന്ന് നോക്കിയാൽ ഒരു വശത്ത് വളരെ വിശാലമായി കിടന്നിരുന്ന പ്രദേശം മുഴുവൻ കണ്ണെത്താദൂരത്തോളം പ്രളയജലമാണിപ്പോൾ തിരകളൊടുങ്ങിയ സമുദ്രതീരത്തു നിൽക്കുന്ന ഒരു പ്രതീതി. ഏതുദിക്കിലേക്കാണ് ഒഴുക്കെന്നു പോലുമറിയുന്നില്ല.

പാതയോരത്ത് നിരയായി നിരവധി വള്ളങ്ങൾ കെട്ടിയിട്ടിരിക്കുന്നു. ചിലതിന് മാത്രമേ മേൽക്കൂരയുള്ളു. അതിനുളളിൽ സ്റ്റൗ ഉപയോഗിച്ച് എന്തോ പാകം ചെയ്യുന്നുണ്ട് ചിലർ. സ്വന്തമായി വള്ളമുള്ള ഇവർ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതം കൂടി അനുഭവിക്കേണ്ടെന്നു കരുതി ഈ കുഞ്ഞുമേൽക്കൂരക്കുകീഴിൽ കഴിഞ്ഞുകൂടുകയാവാം. തോണികൾക്കരികിലായി സ്ഥാപിച്ച ചീനവലകൾ ഉപയോഗിച്ച് കുട്ടികളും മുതിർന്നവരും മത്സ്യം പിടിക്കുന്നുണ്ട്. കിട്ടുന്നതേറെയും കുഞ്ഞുമത്സ്യങ്ങളാണ്. ഒരു പക്ഷേ വലയിൽ പെടുന്ന ഈ മത്സ്യങ്ങൾ മാത്രമാകും അവരുടെ അന്നത്തെ ആഹാരം. നിത്യവൃത്തിക്കായി ബ്രഹ്മപുത്രയെ ആശ്രയിക്കുന്നവരാകും ഇവരിലേറെയും. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ ചേന്നന്‍റെ പട്ടിയെപ്പോലെ രക്ഷപ്പെടാൻ കഴിയാതെ കുടിലിന്‍റെ മേൽക്കൂരയിൽ ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യജന്മങ്ങളുമുണ്ടാകും പലയിടങ്ങളിലും. വാഴത്തടകൾ കൂട്ടികെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ സഞ്ചരിക്കുന്ന കുടുംബത്തിന്‍റെ ചിത്രം അന്ന് ദൂരദർശൻ വാർത്തയിൽ കണ്ടതോർമ്മയുണ്ട്. പ്രളയസമയത്ത് അല്പം ഉയർന്ന പ്രദേശത്തുകൂടെ കടന്നു പോകുന്ന റെയിൽപാളങ്ങൾക്കടുത്തുവരെ ജനങ്ങൾ കൂട്ടമായി അഭയം തേടുക പതിവാണ്. ശുദ്ധമായ കുടിവെള്ളം പോലും അവർക്കന്യമാകുന്ന കാലമാണിത്.

മംഗൽദായിയിലെ ഒരു സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പും ഞങ്ങൾ അകലെ നിന്ന് നോക്കി കണ്ടു. ഉൾക്കൊള്ളാൻ കഴിയാത്തത്രയും ജനങ്ങളുണ്ടവിടെ. ഇത്തരം ക്യാമ്പിൽ കഴിയുന്നവരുടെ ജീവിതാവസ്ഥക്കു മാത്രമല്ല സാധാരണക്കാരായ അസം ജനതയുടെ ദുരിതങ്ങൾക്കും എന്നെങ്കിലും ഒരവസാനമുണ്ടാകുമോ എന്ന ചോദ്യവും മടക്കയാത്രയിൽ ഞങ്ങളുടെ ചർച്ചാവിഷയമായി. ഇത്തരം കാഴ്ചകൾ കാണുമ്പോൾ ശരിക്കും അസമിന്‍റെ ദുഃഖമെന്ന വിശേഷണം ബ്രഹ്മപുത്രയ്ക്കനുയോജ്യം തന്നെയെന്ന് നമ്മൾ അറിയാതെ മന്ത്രിച്ചു പോകും. എന്നാൽ ദുരിതങ്ങളുടെ കഥകൾ ഉള്ളിൽ തളം കെട്ടി നിൽക്കുമ്പോഴും അസം ജനത ബ്രഹ്മപുത്രയെ നെഞ്ചോട് ചേർത്തു വെയ്ക്കുന്നുണ്ട്. അതു മറ്റൊന്നു കൊണ്ടുമല്ല. നാനാവിധത്തിൽ ഈ നദിയെ ആശ്രയിക്കുന്നവരാണവർ. മാത്രമല്ല പ്രളയംമൂലം കൃഷിയിടങ്ങളിലെത്തുന്ന ലവണാംശവും പലയിടങ്ങളിലായി നിക്ഷേപിക്കുന്ന ഫലഭൂയിഷ്ടമായ എക്കൽമണ്ണും കർഷകർക്കൊരനുഗ്രഹമായി മാറുന്നുമുണ്ടല്ലോ.

കൃഷി നാശവും യാത്രാബുദ്ധിമുട്ടും മൂലം ഗ്രാമങ്ങളിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ വരവ് നിലച്ചതിനാൽ മാർക്കറ്റുകളൊന്നും അന്ന് സജീവമല്ല. ലഭ്യമായ പച്ചക്കറികൾക്കെല്ലാം തീവിലയും. അതോടെ കുറച്ച് ദിവസം ഞങ്ങളുടെ അടുക്കളയിൽ ഒരുക്കുന്ന വിഭവങ്ങളിലും മാറ്റം വന്നു.

അടുത്തുള്ള ചെറിയ പുഴയിലെ ചെളികലർന്നൊഴുകുന്ന വെള്ളത്തിലെ കുഞ്ഞോളങ്ങളിൽ മണ്ണിരകൾ ഒന്നിച്ചു കൂടി ഒരു പന്തിന്‍റെ രൂപം പ്രാപിച്ച് താളത്തിൽ നീങ്ങുന്നു. ഉറുമ്പുകളുമുണ്ട് ഇത്തരമൊരു രക്ഷാമാർഗം സ്വീകരിച്ചുള്ള ദീർഘയാത്രയിൽ. ഓരോ ആവാസവ്യവസ്ഥയിൽ നിന്നും പിഴുതെറിയപ്പെടുന്ന ഇവരുടെയെല്ലാം അഭയസ്ഥാനം എവിടെയാണെന്നാർക്കറിയാം. വഴിയരികിൽ ചിലയിടങ്ങളിൽ ചെളിവെള്ളവും മാലിന്യങ്ങളും കെട്ടിക്കിടന്നതിന്റെ ദുർഗന്ധം. പ്രളയജലത്തിന്‍റെ ഉയരം തിട്ടപ്പടുത്താൻ കഴിയുന്ന വിധത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ കൃത്യമായി അടയാളമിട്ടാണ് ബ്രഹ്മപുത്ര പിൻവാങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞ് വെള്ളമിറങ്ങിയപ്പോഴുള്ള ഞങ്ങളുടെ ഊരുചുറ്റലിൽ ഇങ്ങനെ എത്രയെത്ര കാഴ്ചകൾ…

മുമ്പ് സമുദ്രസമാനമായ കാഴ്ച തീർത്ത ആ ഭൂമി വരണ്ടു കിടക്കുന്ന കാലത്തെ സായാഹ്നം. ഞാനും പവിത്രനും ബ്രഹ്മപുത്രയുമായൊന്നു കൂട്ടുകൂടാനായി ഒരു യാത്ര പുറപ്പെട്ടു. ഈ വഴിക്കാണല്ലോ മുമ്പ് ബ്രഹ്മപുത്ര ഞങ്ങളെ സന്ദർശിക്കാനെത്തിയത് എന്നു കരുതി നേരെ വച്ചുപിടിച്ചു. ഒരു തോണി കിട്ടിയാൽ കുറച്ചു നേരം ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച് ബ്രഹ്മപുത്രയിലൂടെ ഒരു സഞ്ചാരം. അത്രയേ മോഹിച്ചുള്ളു. ഞങ്ങൾ ആ സമതലപ്രദേശത്തു കൂടെ ദീർഘദൂരം താണ്ടി. ഹൈവെയിൽ നിന്ന് ഇറങ്ങിപ്പുറപ്പെട്ട സ്ഥലം പിന്നിൽ കാണുന്നുണ്ടോ എന്ന് ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മനുഷ്യവാസമില്ലാതെ കിടക്കുന്ന പ്രദേശമല്ലേ… നേരം ഇരുട്ടിയാലുള്ള സ്ഥിതിയോർത്ത് ഞങ്ങൾ തിരിച്ചു നടക്കാൻ തന്നെ തീരുമാനിച്ചു. ഒത്തിരി സങ്കടത്തോടെ ….

Image credit: Al-Jazeera

അസമിൽ വച്ചാണ് ചണം കൃഷി ആദ്യമായി കാണുന്നത്. നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന ചാക്കും ചാക്കു നൂലുമെല്ലാം ചണ വ്യവസായത്തിന്റെ ഉല്പന്നങ്ങളാണെന്നു മാത്രമറിയാം. ഒരു സായാഹ്നയാത്രയിൽ യാദൃശ്ചികമായാണ് ആ ചെടിയും അതിന്റെ കൃഷി രീതിയുമെല്ലാം പരിചയപ്പെടാൻ അവസരം ലഭിച്ചത്. അവിടെ നെൽകൃഷിയിറക്കാറുള്ള പാടങ്ങളിൽ തന്നെയാണ് ചണം കൃഷി ചെയ്യുന്നതെങ്കിലും പ്രളയം മൂലം കൃഷിയിടങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന ഫലഭൂയിഷ്ടമായ എക്കൽ മണ്ണ് ഈ കൃഷിക്ക് ഏറെ അനുയോജ്യമാണത്രേ. സുവർണനാരുകൾ എന്നറിയപ്പെടുന്ന ചണത്തിന്‍റെ കൃഷി അസമിൽ പലയിടങ്ങളിലുമുണ്ടെങ്കിലും ഞങ്ങൾ താമസിക്കുന്ന മംഗൽദായിയിൽ കാര്യമായിട്ടില്ല. മാർച്ച് മുതൽ മെയ് വരെയുള്ള കാലത്ത് കൃഷിയിറക്കി സപ്തംബർ മാസത്തോടെ വിളവെടുക്കുന്ന ഒരു നാണ്യവിളയാണ് ചണം. മൂന്നു മീറ്ററോളം നീളത്തിൽ വളരുന്ന ശാഖകളില്ലാത്ത ഈ ചെടി മുറിച്ചെടുത്ത് ഉണക്കിയശേഷം കെട്ടുകളാക്കി ഒഴുക്കുള്ള വെള്ളത്തിൽ 20 ദിവസത്തോളം അഴുകാനിടുന്നു. ഇത് പുറത്തെ പാളി നീക്കി തണ്ടിൽനിന്ന് നാര് പിഴുതെടുക്കുന്നതെളുപ്പമാക്കുന്നു. തുടർന്ന് നന്നായി കഴുകിയെടുത്ത നാരുകൾ മുളവച്ചുണ്ടാക്കിയ അയകളിൽ ഉണക്കാനിടുന്നതാണ് ചണം സംസ്കരണത്തിന്റെ ആദ്യപടി. ആ കാലത്ത് ചണവ്യവസായത്തിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അസമിൽ ബാർപേട്ട, ഗോൽപ്പാറ, നൗഗോൺ, ദരാംഗ് എന്നിവിടങ്ങളിലാണ് പ്രധാനമായും ചണംകൃഷിയുള്ളത്. ഇന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാളാണ് ചണം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ഒരു പ്രകൃതിസൗഹൃദഉല്പന്നമായതിനാൽ ചണ വ്യവസായത്തിന്റെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചുവരുന്നുണ്ട്. എങ്കിലും ആഗോളതാപനത്തിന്‍റെ ഫലമായി ചൂട് കൂടുന്നതും പ്രളയം മൂലമുണ്ടാകുന്ന പാടശേഖരങ്ങളിലെ വെള്ളക്കെട്ടുമെല്ലാം ഈ കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

(തുടരും)

കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like