പൂമുഖം LITERATUREകവിത ഞങ്ങളുടെ എല്ലാ കവികളും പുഴയുടെ തീരത്ത് തങ്ങളെ  മറവു ചെയ്യണമെന്നാഗ്രഹിക്കുന്നു

ഞങ്ങളുടെ എല്ലാ കവികളും പുഴയുടെ തീരത്ത് തങ്ങളെ  മറവു ചെയ്യണമെന്നാഗ്രഹിക്കുന്നു

00

ഞങ്ങളുടെ പഴയ ലൈബ്രറിയിലേക്ക് 
കോണിപ്പടികൾ കയറി വരുന്ന കവിക്ക്
സ്ഥലമുണ്ടാക്കിക്കൊണ്ട് ഞാൻ 
അഭിവാദ്യം ചെയ്യുന്നു.

ഗുഡ് ഈവെനിംഗ്, താങ്കൾ 
ഇന്നും കൃത്യം സമയത്തു തന്നെ, ഞാൻ കവിയോട് പറയുന്നു.

കവി എന്നെ നോക്കാതെ എനിക്കുവേണ്ടി പുഞ്ചിരിക്കുന്നു. 

എന്നിട്ട്, പടികളിലൊന്നിലും നിൽക്കാതെ 
ലൈബ്രറിയുടെ വാതിൽക്കൽ വെച്ച്,  തന്റെ തന്നെ നിഴലിലേക്ക് മായുന്നു.

അഴുകിയ ഏതോ ജീവിയുടെ ഉടലിനെ ഓർമ്മിപ്പിച്ചു കൊണ്ട്  പിറകെ, 
ഒരു ഇളം കാറ്റ് കൂടി
പടികൾ കയറിപ്പോകുന്നു.

ലൈബ്രറിയുടെ വാതിൽ 
ഒരു പ്രാവശ്യം വിറയ്ക്കുന്നു.

ഞങ്ങളുടെ എല്ലാ കവികളും പുഴയുടെ തീരത്ത് തങ്ങളെ  മറവു ചെയ്യണമെന്നാഗ്രഹിക്കുന്നു.

അല്ലെങ്കിൽ, പുഴയുടെ 
കരയിലൊരുക്കൂട്ടിയ ചിതയിൽ 
കത്തി തീരണമെന്നൊ.

പിറകെ വരുന്ന നിലാവ് 
തങ്ങളുടെ ജീവിതം തന്നെ എന്ന് 
അവർ  ഉറപ്പായും വിശ്വസിക്കുന്നു.

അല്ലെങ്കിൽ, ഒരു കവി 
മറ്റൊരു കവിയുടെ മരണമാണെന്ന് എന്തിന് അവിശ്വസിക്കണം!

പുഴകൾ, പക്ഷേ, അവയുടെ 
മരണങ്ങളെത്തന്നെ മറന്നിരിക്കുന്നു.

ജീവിതം കുത്തിയൊഴുകുന്നുവെന്നോ, ഇടക്കെവിടെയോ നിലച്ചുവെന്നോ  ഓർമ്മിക്കുന്നു.

മണ്ണിന്നടിയിൽ ആഴത്തിൽ 
ഉപേക്ഷിക്കപ്പെട്ട ഒരു മീൻ രൂപം:

പുഴകൾ അവയെ ഓർക്കുന്നത് അങ്ങനെയാകണം.

അത്ര ഉയരത്തിലും തന്നെത്തന്നെ കാണാൻ, 

ഒരടയാളം!

000

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.