ബെൻ യൂസുഫ് മദ്രസയും മരാക്കെഷ് മ്യൂസിയവും
മരാക്കെഷിലെ മദീനയിലുള്ള ബെൻ യൂസഫ് പള്ളിയുടെ സമീപത്ത് തന്നെയാണ് ഇതേ പേരിലുള്ള മദ്രസയും. മദ്രസ എന്നാൽ അറബി ഭാഷയിൽ, മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസസ്ഥാപനമെന്നേ അർത്ഥമുള്ളു പതിനാലാം നൂറ്റാണ്ടിൽ ഈ നാട് ഭരിച്ചിരുന്ന കാരുണ്യവാനും ദാനശീലനുമായിരുന്ന സുൽത്താൻ അബു ഹസൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെസ്, താസാ, മക്ക്നസ്, മരാക്കെഷ് എന്നിവിടങ്ങളിൽ മതവിദ്യാഭ്യാസ കോളേജുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായാണ് ബെൻ യൂസഫ് മദ്രസ സ്ഥാപിക്കപ്പെട്ടത്. മരാക്കെഷ് നഗരസ്ഥാപകനായ യൂസുഫ് ഇബിൻ താഷ്ഫിന്റെ മകനും കിരീടാവകാശിയും ആയ അലി ബെൻ യൂസുഫിൻ്റെ പേരിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1564 സാദിയൻ സുൽത്താനായ സുൽത്താൻ അബ്ദുല്ല അൽ ഗാലിബ് ഇതിനെ പുനരുദ്ധരിക്കുകയും വിപുലീകരിക്കുകയും ചെയതു. ഇദ്ദേഹത്തിൻറെ പേര് കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഖുർആൻ വചനങ്ങളുടെ ഇടയിൽ കൊത്തി വച്ചിരിക്കുന്നത് കാണാം.
മരാക്കെഷിൽ എത്തിയാൽ നിർബന്ധമായും കാണേണ്ട കാഴ്ചകളിൽ ഒന്നാണ് ഈ മദ്രസ. തടിയിലും മാർബിളിലും ചെയ്തിരിക്കുന്ന കൊത്തുപണികളും കലാനിർമ്മിതികളും ചിത്രമെഴുത്തുകളും ആരെയും അത്ഭുതപ്പെടുത്തും. മൊറോക്കോയുടെ സമ്പന്നമായ കലാസാംസ്കാരിക പാരമ്പര്യത്തിന് ഉദാഹരണമായി ഏതൊരാൾക്കും ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് ഈ മനോഹര നിർമ്മിതി.
നടുമുറ്റം
പ്രധാന ഗേറ്റിൽ നിന്നും ടൈലുകൾ പാകിയ വീതി കുറഞ്ഞ പാതയിലൂടെ അകത്തേക്ക് നടന്നെത്തുന്നത് മനോഹരമായ തൂണുകളും ടൈലുകൾ പതിച്ച ഭിത്തികളും അതിരിടുന്ന ഒരു നടുമുറ്റത്താണ്. . ഖുർആൻ പാരായണം പോലെ കൂട്ടമായി ചെയ്തു വന്ന പല പ്രവർത്തനങ്ങൾക്കും ഇത് വേദിയായിട്ടുണ്ട്. 21.9×16.5 മീറ്റർ ദീർഘചതുരാകൃതിയിലുള്ള ഇതിൻ്റെ നീളം കൂടുതലുള്ള വശങ്ങളിൽ വരാന്തകൾ ഉണ്ട്. മഴയിലും വെയിലിലും നിന്ന് രക്ഷ നേടാൻ ഇവ അന്തേവാസികളെ സഹായിച്ചു. “വാതിലിൽ കൂടി പ്രവേശിക്കുന്ന ഓരോരുത്തരുടെയും പ്രതീക്ഷകൾക്കു മുകളിലാകട്ടെ ഇവിടെ കാണുന്ന കാഴ്ചകൾ” എന്ന് പ്രവേശന ദ്വാരത്തിൻ്റെ ചെറുവാതിലിൽ കൊത്തി വച്ചിട്ടുണ്ട്.

ഭിത്തിയിൽ സെറാമിക്ക് ടൈലുകളിൽ പലനിറത്തിലും ഉള്ള ജാമിതീയ സിസൈനുകൾ ഉണ്ട്. അതിന് മുകളിൽ ഒരു ബോർഡർ പോലെ കുമ്മായച്ചാന്ത് കൊണ്ട് നിർമ്മിച്ച കൊത്തുപണികളും അലങ്കാരങ്ങളും ഖുറാൻ വചനങ്ങളും പ്രാർത്ഥനകളും എഴുതി വച്ചിരിക്കുന്നു. പാരമ്പര്യ ഇസ്ലാമിക വിശ്വാസമനുസരിച്ച് മനുഷ്യരുടെയും മൃഗങ്ങളുടേയും ചിത്രങ്ങൾ ഇത്തരം അലങ്കാരങ്ങളിൽ ഉൾപ്പെടുത്താറില്ല. മേൽപ്പറഞ്ഞവ കൂടാതെ പുഷ്പങ്ങളും പച്ചക്കറികളും ഫലങ്ങളും ഇതിനിടയയിൽ അവിടവിടെ കാണാം. അറ്റ്ലസ് മലനിരകളിൽ നിന്നുള്ള സെഡാർ മരത്തിൻറെ തടിയും ഇറ്റലിയിൽ നിന്നുള്ള കരേരാ മാർബിളും പ്ലാസ്റ്റർ പാരീസും ഇടകലർത്തി പ്രത്യേക രീതിയിൽ കൈ കൊണ്ട് നിർമ്മിച്ച ഈ സൃഷ്ടികളിൽ സെല്ലിജ് സെറാമിക് ടൈലുകളും ഉപയോഗിച്ചിരിക്കുന്നു.

ഈ മന്ദിരവുമായി ബന്ധപ്പെട്ട് കുറേ കഥകളും വിശ്വാസങ്ങളും നിലവിലിരിക്കുന്നു. സിഡി ബൈല്ലബേ എന്ന മിടുക്കനായ ഒരു വിദ്യാർത്ഥി ഇവിടെയുണ്ടായിരുന്നു എന്നും അദ്ദേഹത്തിന് മൃഗങ്ങളുമായി ആശയവിനിമയം ചെയ്യാനുള്ള ഭാഷ വശമായിരുന്നു എന്നും അദ്ദേഹം സംസാരിക്കുമ്പോൾ പക്ഷികൾ അദ്ദേഹത്തിൻ്റെ ചുറ്റും കൂടുമായിരുന്നുവെന്നും ഒരു കഥ! ഇവിടെ നിന്ന് പുറത്തേക്ക് പോകാനായി ഒരു രഹസ്യവഴി ഉണ്ടായിരുന്നുവത്രേ! ശത്രുക്കളുടെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഈ വാതിലിലൂടെയാണ് അവർ പുറത്തേക്ക് പോയിരുന്നത്. വളരെ താല്പര്യത്തോടെയാണ് എത്തിയതെങ്കിലും വ്യക്തിപരമായ കാരണങ്ങൾ മൂലം പഠനം തുടരാൻ കഴിയാതിരുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇടനാഴികളിൽ ഇടയ്ക്കിടെ കേൾക്കാറുണ്ടത്രേ! പഴയ കാലത്തെ പണ്ഡിതന്മാർ തമ്മിൽ നടന്ന സംവാദങ്ങൾ ഇപ്പോഴും ഇതിൻ്റെ ഇടനാഴികളിൽ മുഴങ്ങുന്നതായി ചില ആളുകൾ ആണയിടുന്നു. ഈ മദ്രസയ്ക്കുള്ളിൽ പലയിടത്തായി നിധികൾ കുഴിച്ചിടുകയോ ഒളിപ്പിച്ചു വയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് മറ്റൊരു വിശ്വാസവും നിലവിലുണ്ട്.
ഇസ്ലാമികമതനിയമം, ശാസ്ത്രം, തിയോളജി എന്നിവ പഠിക്കാനായി അക്കാലത്ത് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും ആളുകളിൽ ഇവിടെ എത്തിയിരുന്നു. രണ്ടാം നിലയിൽ ഇവർക്ക് താമസിക്കാനായി ഒരുക്കിയ 132 മുറികൾ കാണാം. പ്രകാശത്തിനും വായുസഞ്ചാരത്തിനുമായി നടുമുറ്റത്തേക്ക് തുറക്കുന്ന അർത്ഥവൃത്താകൃതിയിലുള്ള മനോഹരമായ ഒരു ജനാല ഓരോ മുറിയ്ക്കുമുണ്ട്. ഒരു മുറിയിൽ 2 പേർ വീതമാണ് താമസിച്ചിരുന്നത്. ഇസ്ലാമിക് ഗോൾഡൻ ഏജിന് (8-13നൂറ്റാണ്ടുകൾ) ഒരു തുടർച്ചയുണ്ടാകത്തക്ക വിധത്തിൽ പണ്ഡിതന്മാരെയും ശാസ്ത്രകുതുകികളെയും സൃഷ്ടിക്കുക എന്ന മഹത്തായ ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
തോൽബ എന്നറിയപ്പെട്ട വിദ്യാർത്ഥികൾക്ക് 6 വർഷം ഇവിടെ താമസിക്കാൻ അനുവാദമുണ്ട്. ചില പ്രത്യേക നിബന്ധനകൾ പാലിക്കുമെന്ന ഉറപ്പിലാണ് ഇവർക്ക് പ്രവേശനം നൽകിയിരുന്നത്. ഇക്കാലത്തിനിടയിൽ ഇവർ ഖുറാൻ ഹൃദിസ്ഥമാക്കുകയും ഇസ്ലാമികനിയമങ്ങൾ, ചര്യകൾ, മറ്റു ശാസ്ത്ര വിഷയങ്ങൾ തുടങ്ങിയവയിൽ അഗാന്ധമായ പാണ്ഡിത്യം നേടുകയും ചെയ്തു വന്നു. വേനൽക്കാലത്ത് മദ്രസ പൂട്ടുമ്പോൾ ഇവർ ചുറുപാടുമുള്ള നാടുകളിൽ സഞ്ചരിച്ച് ഗ്രാമോത്സവങ്ങളിൽ ഖുർആൻ ഓതുകയും തങ്ങൾക്കറിയാവുന്ന കഥകളും ഐതിഹ്യങ്ങളും മറ്റും പറഞ്ഞ് കേഴ് വിക്കാരെ രസിപ്പിച്ചു ജീവിക്കാനുള്ള തുക കണ്ടെത്തുകയുമായിരുന്നു പതിവു്.
പുറത്തിറങ്ങുമ്പോൾ അവിടെ ലോക്കൽ ഗൈഡുകളുടെ തിരക്കാണ്; മദ്രസയിൽ നിന്ന് പുറത്തിറങ്ങുന്നവരെ മറ്റു പല കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള വിലപേശലുകളാണ് അവിടെ നടക്കുന്നത്. മദ്രസക്ക് ചുറ്റുമുള്ള ഏകദേശം എട്ട് മീറ്റർ ഉയരമുള്ള മൺമതിലുകൾക്കുള്ളിലെ തുളകളിൽ ധാരാളം പ്രാവുകൾ കൂട് കൂട്ടിയിരിക്കുന്നു. അവയുടെ കുറുകലിന്റെ ശബ്ദം മാത്രം അന്തരീക്ഷത്തിൽ ഒഴുകിപ്പരക്കുന്നു. ആ ഇടവഴികളിലൂടെ ഏകദേശം അഞ്ച് മിനിറ്റ് നടന്നപ്പോൾ മരാക്കെഷ് മ്യൂസിയത്തിലെത്തി.
മരാക്കെഷ് മ്യൂസിയം
1997ൽ സ്ഥാപിതമായ ഈ മ്യൂസിയം മരാക്കെഷിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിർമ്മിക്കപ്പെട്ട ദാർ മ്നഭി(Dar Mnebhi) എന്ന പേരിലുള്ള കൊട്ടാരത്തിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ഒരു കൊട്ടാരമായി തന്നെയാണ് ഇത് നിർമ്മിക്കപ്പെട്ടത്. പല പ്രമുഖരുടെയും ഭരണാധികാരികളുടെയും വസതിയായി വർത്തിച്ചശേഷം തലമുറകളോളം മരാക്കെഷിന്റെ പൈതൃകത്തെ സംരക്ഷിക്കുന്ന ഒരിടമായി ഇത് മാറി.
മ്യൂസിയത്തിന്റെ പ്രവേശന ദ്വാരത്തിൽ തന്നെ ബന്ധപ്പെട്ട കൗതുക വസ്തുക്കളും പുസ്തകങ്ങളും മാഗ്നെറ്റുകളും മറ്റും വിലക്കുന്ന ഒരു കടയുണ്ട്. അതിനകത്ത് ഇവരുടെ രാജകുടുംബത്തിന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. രാജഭരണം നിലവിലുള്ള ഈ രാജ്യത്ത് ഇപ്പോൾ ഭരണം നടത്തുന്നത് മുഹമ്മദ് നാലാമൻ എന്ന രാജാവാണ്. അലവി രാജവംശം 1631ലാണ് സ്ഥാപിക്കപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിയുടെ പേരക്കുട്ടി ആയ ഹസൻ അലിയുടെ പരമ്പരയാണ് അലവി രാജവംശം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്പോഴുള്ള രാജാവിൻറെ പിതാവായ ഹസൻ രണ്ടാമന്റെ മരണത്തെ തുടർന്ന് 1999ലാണ് മുഹമ്മദ് നാലാം രാജാവ് അധികാരത്തിലേറുന്നത്. മൂന്നു സഹോദരിമാരും ഭാര്യയും രണ്ട് കുട്ടികളും ചിത്രത്തിലുണ്ട്.
ഇപ്പോഴും രാജഭരണം നിലനിൽക്കുന്നത് മൂലം പരമ്പരാഗതമായി അവരുടെ ചടങ്ങുകൾക്കും ഉപയോഗത്തിനും ഉള്ള പല വസ്തുക്കളും അവിടെ കണ്ടു. അതി കഠിനമായ ചൂടുള്ള വേനൽക്കാലത്ത് ഉപയോഗിക്കുന്ന പ്രത്യേകതരം വസ്ത്രവും തോൽ കൊണ്ടുണ്ടാക്കിയ വെള്ളം സൂക്ഷിക്കുന്ന സഞ്ചിയും മറ്റും ധരിച്ച കുടിവെള്ളവിൽപ്പനക്കാരുടെ ചിത്രങ്ങൾ അവിടെ കണ്ടു. മരാക്കെഷിൽ ടാപ്പിലെ വെള്ളം കുടിക്കുന്നതിന് ഉപയുക്തമല്ല. കുപ്പിവെള്ളം മാത്രമാണ് പാനയോഗ്യമായത് എന്ന് ഇവിടെ എത്തിയപ്പോൾ തന്നെ ഹോട്ടൽ ജീവനക്കാർ പറഞ്ഞിരുന്നു. വലിയ കുപ്പികളിൽ ലഭിക്കുന്ന കുടിവെള്ളത്തിന് ആറ് ദിനാറാണ് വില എങ്കിലും 7 ദിനാർ മുതൽ 35 ദിനാർ വരെ പല കടകളിൽ ഞങ്ങൾക്ക് കൊടുക്കേണ്ടി വന്നു. സ്ഥിരവില ഉള്ള നാടുകളിൽ നിന്നെത്തിയ ഞങ്ങൾ കച്ചവടക്കാർ ചോദിച്ച വില തന്നെ കൊടുത്തു. വിലപേശൽ ഇവിടെ വളരെ സാധാരണമാണെന്നും അത് ചെയ്യാതെ അവർ പറയുന്ന വില തന്നെ കൊടുക്കുന്നത് വിഡ്ഢിത്തരം ആണെന്നും ഞങ്ങൾ രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ് മനസ്സിലാക്കിയത്. മേൽപ്പറഞ്ഞ രീതിയിലുള്ള കുടിവെള്ള വില്പനക്കാരെ ടൂറിസ്റ്റുകൾ അധികമെത്തുന്ന ഇടങ്ങളിൽ അവിടവിടെ കാണാം. ചെറിയ എന്തെങ്കിലും തുക കൊടുത്ത ശേഷം ടൂറിസ്റ്റുകൾക്ക് അവരോടൊപ്പം നിന്ന് ഫോട്ടോ എടുക്കാം.
നടുമുറ്റവും അലങ്കാര വിളക്കും
കൊട്ടാരത്തിൻ്റെ നടുവിൽ മനോഹരമായ ഒരു നടുമുറ്റം ഉണ്ട്. കറുത്ത ഡിസൈനുകൾ ഉള്ള ചന്ദന നിറത്തിലുള്ള സെറാമിക് ടൈലുകൾ പാകിയ തറയും ഒത്ത നടുവിലായി ഇപ്പോഴും പ്രവർത്തിക്കുന്ന ഫൗണ്ടനും അതിന് മുകളിൽ നിന്നും തൂങ്ങി കിടക്കുന്ന ചെമ്പു കൊണ്ടുണ്ടാക്കിയ 1200 കിലോ ഭാരമുളള അസാധാരണ വലിപ്പത്തിലുള്ള അലങ്കാരവിളക്കും ആണ് ഇവിടത്തെ പ്രധാന കാഴ്ചകൾ .

സെഡാർമരത്തിന്റെ തടി കൊണ്ട് നിർമ്മിച്ച മച്ചിലും വാതിലുകളിലും പാരമ്പര്യ രീതിയിലുള്ള ചിത്രങ്ങൾ കാണാം. പലതരം കല്ലുകൾ പൊടിച്ചാണ് ഈ നിറങ്ങൾ അക്കാലത്ത് നിർമ്മിച്ചിരുന്നത്.
ഈ നാട്ടിലെ പഴയകാലത്തെ ഗോത്രവർഗ്ഗക്കാരായിരുന്ന ബർബറുകളുടെ പാരമ്പര്യ വസ്ത്രങ്ങൾ, പ്രഭു കുടുംബാംഗങ്ങളുടെ വസ്ത്രധാരണ രീതികൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ ഒരു ഹാളിന്റെ മേൽത്തട്ട് അതിമനോഹരമായ ചിത്രപ്പണികളും പെയിൻ്റിംഗുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പിച്ചള കൊണ്ട് ഉണ്ടാക്കിയ ഒരു അലങ്കാരവിളക്ക് അവിടെ തൂങ്ങിക്കിടക്കുന്നു. റേന്ത പോലെ വളരെ നേരിയ കരവേല കൊണ്ട് നിമ്മിച്ചതാണ് അതിമനോഹരമായ ഈ അലങ്കാര വിളക്ക്. അതുപോലെ ഒന്ന് എൻ്റെ യാത്രകൾക്കിടയിൽ ഇതുവരെ എവിടെയും കണ്ടിട്ടില്ല.
മറ്റൊരു മുറിയിൽ പാരമ്പര്യ ശൈലിയിലുള്ള പാചക പാത്രങ്ങൾ, ചായയും ഭക്ഷണവും മറ്റു പാനീയങ്ങളും വിളമ്പുന്നതിനുള്ള കെറ്റിലുകൾ, പഴയ ശൈലിയിലുള്ള അടുപ്പുകൾ, സമോവറുകൾ എന്നിവ കാണാം. പഴയകാലത്ത് ജനപ്രിയമായിരുന്ന വെളുത്ത നിറത്തിൽ നീല ഡിസൈനുകൾ ഉള്ള സെറാമിക് പാത്രങ്ങൾ, കൊബാൾട്ട് ബ്ലൂ എന്ന നിറം കൊടുത്ത് ഇന്നും നിർമ്മിച്ചു വരുന്നു. എന്നാൽ പതിമൂന്നാം നൂറ്റാണ്ടിലെതായി പ്രദർശിപ്പിച്ചിരിക്കുന്ന ഇത്തരം പാത്രങ്ങളുടെ തിളക്കവും ഭംഗിയും പുതിയവയ്ക്ക് ഇല്ല തന്നെ. അക്കാലത്ത് ഉപയോഗിച്ചിരുന്ന നിർമ്മാണ രീതികൾ അന്യംനിന്നു പോയതാണ് ഇതിന് കാരണം എന്ന് അതിനോട് അനുബന്ധിച്ചുള്ള കുറിപ്പിൽ പറയുന്നു.

ഇസ്ലാം മതപ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമയുടെ കൈയുടെ രൂപമെന്ന് വിശ്വസിച്ച് ഇവിടത്തുകാർ കൈപ്പത്തിയുടെ രൂപം പലയിടങ്ങളിലും വക്കാറുണ്ട്. തുർക്കിയിലും ഈ രീതി കണ്ടിട്ടുണ്ട്. ഇത് ദുഷ്ടശക്തികളെ തടയുമെന്നും ഭാഗ്യം കൊണ്ട് വരുമെന്നും ഇവർ വിശ്വസിക്കുന്നു. ഇത് വരച്ചു ചേർത്ത പെയിൻ്റിംഗുകൾ, ഇതിന്റെ കളിമൺരൂപങ്ങൾ, ഈ രൂപത്തിലുള്ള കീ ചെയിനുകൾ എന്നിവ ഇവിടെ ധാരാളമായി വില്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു.
ബർബറുകളുടെ വെള്ളി കൊണ്ട് നിർമ്മിച്ച പുരാതന ശൈലിയിലുള്ള ആഭരണങ്ങളാണ് പ്രദർശനത്തിന് വച്ചിരിക്കുന്നതിൽ അധികവും. ആഫ്രിക്കൻ, ഏഷ്യൻ അല്ലെങ്കിൽ മെഡിറ്ററേനിയൻ സ്റ്റൈലുകളിലാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ ഇനാമൽ പെയിന്റിങ്, മുത്തുകൾ, വിലകുറഞ്ഞ കല്ലുകൾ, ഗ്ലാസ് കഷണങ്ങൾ എന്നിവ കൊണ്ടുള്ള അലങ്കാരങ്ങളും കാണാം. അധികവും നെക്ക്ലേസുകൾ, തലയിൽ ധരിക്കാനുള്ള ആഭരണങ്ങൾ, ബ്രെസ്‌ലെറ്റ്, കാൽത്തളകൾ എന്നീ ഇനത്തിൽപ്പെട്ടവയാണ്.
പല കാലങ്ങളിൽ ജീവിച്ചിരുന്ന ചിത്രകാരന്മാരുടെ മൊറോക്കൻ ജീവിതക്കാഴ്ചകൾ, പാരമ്പര്യ വേഷം ധരിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിത്രങ്ങൾ, യുദ്ധരംഗങ്ങൾ എന്നിവ ചിത്രീകരിക്കുന്ന പെയിന്റിങ്ങുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് പഴയകാലത്തെ കുളിപ്പുര(ഹമ്മാം) കാണാം. സാധാരണ ഹമ്മാമുകളിൽ കാണുന്ന പോലെ വസ്ത്രം മാറാനുള്ള മുറി, തണുത്ത വെള്ളം ലഭിക്കുന്ന മുറി, ചൂടുവെള്ളം ലഭിക്കുന്ന മുറി, ആവി പിടിക്കാനുള്ള ഇടം എന്നിവ ഇവിടെയുണ്ട്.
മ്യൂസിയത്തിൻ്റെ തനതായ വാസ്തുവിദ്യാമാതൃകകൾ അതിശയകരമാണ് ഇസ്‌ലാമിക്, ആൻഡലൂസിയൻ, മൂറിഷ് എന്നിവയുൾപ്പെടെ വിവിധ വാസ്തുവിദ്യാശൈലികളിൽ നിന്നുള്ള സ്വാധീനങ്ങൾ പരമ്പരാഗത മൊറോക്കൻ ശൈലിയുമായി മനോഹരമായി സമന്വയിപ്പിച്ച് ആകർഷകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു.
മൊറോക്കോയുടെ കലാപരമായ പാരമ്പര്യങ്ങളും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന വിപുലമായ പ്രദർശനങ്ങൾ മ്യൂസിയത്തിൽ ഉണ്ട്. പഴയ കാലത്തെ വീട്ടുപകരണങ്ങൾ, ഉത് ഘനനത്തിലെ കണ്ടെത്തലുകൾ എന്നിവ മുതൽ അതിമനോഹരമായ ഇസ്ലാമിക് കല, കാലിഗ്രാഫി, സെറാമിക്സ്, തുണിത്തരങ്ങൾ, സമകാലിക കലാസൃഷ്ടികൾ എന്നിവ വരെ, നൂറ്റാണ്ടുകളായി മൊറോക്കോയുടെ കലാപരമായ പരിണാമത്തിൻ്റെ സമഗ്രമായ ഒരു അവലോകനം ഈ ശേഖരങ്ങൾ നൽകുന്നു.