പൂമുഖം LITERATUREലേഖനം വിദേശത്തുള്ള ഇന്ത്യൻ യുവാക്കളും വർദ്ധിച്ചുവരുന്ന സാംസ്കാരിക സംഘർഷങ്ങളും

വിദേശത്തുള്ള ഇന്ത്യൻ യുവാക്കളും വർദ്ധിച്ചുവരുന്ന സാംസ്കാരിക സംഘർഷങ്ങളും

സംവേദനക്ഷമതയ്ക്കും തന്ത്രപരമായ ഇടപെടലിനുമുള്ള ആഹ്വാനം

സമീപദിനങ്ങളിൽ, അയർലൻഡ് പോലുള്ള യൂറോപ്യൻ ദേശങ്ങളിൽ ഇന്ത്യൻ യുവാക്കൾ ശത്രുതയും ശാരീരിക ആക്രമണങ്ങളും നേരിടുന്നതായി അസ്വസ്ഥതയുണ്ടാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായി തോന്നാമെങ്കിലും, അവ ചിന്തനീയമായ, ശ്രദ്ധ അർഹിക്കുന്ന, ആഴത്തിലുള്ള സാമൂഹിക-സാംസ്കാരിക, സാമ്പത്തിക അന്തർസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്നണ്ട്. വൈവിധ്യത്തിനും നവീകരണത്തിനുമുള്ള മികച്ച സംഭാവനകൾ എന്ന നിലയ്ക്ക് പലപ്പോഴും ആഘോഷിക്കപ്പെടുന്ന കുടിയേറ്റം, ആതിഥേയ ജനവിഭാഗങ്ങൾക്കിടയിൽ ഉത്കണ്ഠ ഉളവാക്കുന്നു – പ്രത്യേകിച്ചും പരസ്പരസാമൂഹ്യസമന്വയം കുറവാകുമ്പോഴോ അല്ലെങ്കിൽ സാംസ്കാരിക പ്രകടനങ്ങൾ പ്രാദേശിക മാനദണ്ഡങ്ങളുമായി ഏറ്റുമുട്ടുമ്പോഴോ ആണ് ഇങ്ങനെ സംഭവിക്കുക.

മാർമ്മികമായ സാംസ്കാരിക വിടവുകൾ:

ഇന്ത്യയുടെ ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും പൊതു ആഘോഷങ്ങളുടെയും സമ്പന്നമായ സംസ്കാരം അഭിമാനത്തിന്‍റെയും സ്വത്വത്തിന്‍റെയും ഉറവിടമാണ്. എന്നിരുന്നാലും, ഈ പാരമ്പര്യങ്ങൾ ശാന്തമായ യൂറോപ്യൻ പട്ടണങ്ങളിലേക്ക് പറിച്ചുനടുമ്പോൾ, അവ അബദ്ധവശാൽ സാമൂഹിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നതായി മാറുന്നു. ഒരുകാലത്ത് ശാന്തവും ജനസാന്ദ്രത കുറഞ്ഞതുമായ അവിടുത്തെ പൊതുഇടങ്ങൾ പെട്ടെന്ന് ഉച്ചത്തിലുള്ള സംഗീത മേളങ്ങൾക്കും വലിയ ഒത്തുചേരലുകൾക്കും ആഡംബരത്തിനും സാക്ഷ്യം വഹിക്കുന്നു. അത്തരം ഊർജ്ജം പ്രസരിക്കുന്ന ഉത്സാഹപ്രകടനങ്ങൾ പരിചയിച്ചിട്ടില്ലാത്ത തദ്ദേശവാസികൾക്ക്, ഇത് ഒരുതരത്തിൽ നുഴഞ്ഞുകയറ്റമായി തോന്നാം. സാംസ്കാരിക ഭീഷണിയായി പോലും തോന്നിയേക്കാം.

ഈ “സാംസ്കാരിക അധിനിവേശം” വിദേശീയവിദ്വേഷത്തിൽ വേരൂന്നിയതല്ല. പലപ്പോഴും, ഇത് പരസ്പരധാരണയുടെ അഭാവത്തിൽ നിന്നാണ് ഉണ്ടാകുന്നത്. പൊതു പെരുമാറ്റരീതികൾ, പൊതു ഇടത്തെ ശബ്ദനിലവാരം, സ്ഥലപരമായ മര്യാദകൾ എന്നിവയെക്കുറിച്ചുള്ള പ്രാദേശിക പ്രതീക്ഷകളെക്കുറിച്ച് കുടിയേറ്റക്കാർക്ക് പൂർണ്ണമായി അറിയില്ലായിരിക്കാം. മറുവശത്ത് തദ്ദേശവാസികൾക്ക് ഇത്തരം ആഘോഷങ്ങളുടെ പ്രാധാന്യമോ പ്രസക്തിയോ മനസ്സിലാക്കാൻ വേണ്ടത്ര സാംസ്കാരികസാക്ഷരത ഉണ്ടായിരിക്കണമെന്നും ഇല്ല. ഇതിന്‍റെ ഫലമായി ഇരുവശത്തും അന്യവൽക്കരണബോധം വളരുന്നത് സ്വാഭാവികമാണ്.

സാമ്പത്തിക അന്തർധാരകൾ:

സാംസ്കാരിക സംഘർഷങ്ങൾക്കപ്പുറം, സാമ്പത്തികഘടകങ്ങളും നീരസം വളർത്തുന്നതിൽ പങ്കു വഹിക്കുന്നു. ഇന്ത്യൻ യുവാക്കൾ പലപ്പോഴും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറുന്നു. ഐടി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ അവർ പ്രവേശിക്കുന്നു. അവരുടെ സംഭാവനകൾ വിലപ്പെട്ടതാണെങ്കിലും, ഇതിനകം തദ്ദേശീയ യുവാക്കൾ, തൊഴിൽദൗർലഭ്യം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വിപണികളിൽ അവരെ എതിരാളികളായി കാണാൻ സാധ്യത ഏറെയുണ്ട്. തൊഴിലില്ലായ്മയോ സാമ്പത്തിക സ്തംഭനമോ നേരിടുന്ന പ്രദേശങ്ങളിൽ, ഇത് കൂടുതലായി നീരസം വളർത്തിയേക്കാം.

മാത്രമല്ല, കുടിയേറ്റക്കാരുടെ വരവ് ഭവനവിപണികളെയും പൊതുസേവനങ്ങളെയും സമ്മർദ്ദത്തിലാക്കും. കുടിയേറ്റക്കാർ ആനുപാതികമായ സംഭാവനയില്ലാതെ വിഭവങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാർക്ക് തോന്നിയേക്കാം. പ്രത്യേകിച്ചും, പ്രാദേശികമായ നിക്ഷേപങ്ങൾ നടത്തുന്നതിന് പകരം പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായി കാണുമ്പോൾ. സാംസ്കാരിക അസ്വസ്ഥതകൾക്കൊപ്പം ഈ സാമ്പത്തിക ഉത്കണ്ഠകളും അസ്ഥിരമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായേക്കാം.

നയതന്ത്രത്തിന്‍റെയും കമ്മ്യൂണിറ്റി നേതൃത്വത്തിന്‍റെയും പങ്ക്:

ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങളും പ്രവാസി സംഘടനകളും മുൻകൈയെടുത്ത് ഈ വെല്ലുവിളികളെ നേരിടാൻ വേണ്ടതായ നടപടികൾ സ്വീകരിക്കണം. അന്തർദ്ദേശീയ വ്യാപാരം മെച്ചപ്പെടുത്തുകയും വിദേശത്തുള്ള പൗരന്മാർക്ക് വേണ്ട അവശ്യ സേവനങ്ങൾ നൽകുകയും മാത്രമല്ല, യോജിപ്പുള്ള സഹവർത്തിത്വം വളർത്തുക എന്നതും അവരുടെ യഥാർത്ഥ കർത്തവ്യങ്ങളിൽ പെടുന്നതാണ്.

അർത്ഥവത്തായ മാറ്റമുണ്ടാക്കാൻ കഴിയുന്ന ചില തന്ത്രപരമായ ഇടപെടലുകൾ :

1. സാംസ്കാരിക ദിശാബോധവും വൈകാരിക ബോധവൽക്കരണവും:

    യാത്ര പുറപ്പെടുന്നതിന് മുമ്പ്, ഇന്ത്യൻ കുടിയേറ്റക്കാർക്ക് വേണ്ടി തക്കതായ സാംസ്കാരിക സംവേദനക്ഷമതാ പഠന ക്ലാസ്സുകളും പരിപാടികളും നടത്തണം. ഈ സെഷനുകളിൽ വൈദേശികനിയമങ്ങൾ, പൊതു പെരുമാറ്റമാനദണ്ഡങ്ങൾ, ബഹുമാനപൂർവ്വമായ ഇടപെടലിനുള്ള തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ആതിഥേയസമൂഹത്തിന്റെ പ്രതീക്ഷകൾ മനസ്സിലാക്കുന്നത് മനഃപൂർവമല്ലാത്ത സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുള്ള താക്കോലാണ്.

    2. സാംസ്കാരികമധ്യസ്ഥർ എന്ന നിലയിൽ കമ്മ്യൂണിറ്റി അസോസിയേഷനുകൾ:

      വിദേശത്തെ ഇന്ത്യൻ അസോസിയേഷനുകൾ കുടിയേറ്റക്കാർക്കും അവരുടെ പൈതൃകത്തിനും ഇടയിൽ മാത്രമല്ല, കുടിയേറ്റക്കാർക്കും അവരുടെ ആതിഥേയ സമൂഹങ്ങൾക്കും ഇടയിലുമുള്ള പാലങ്ങളായി വർത്തിക്കണം. പരസ്പരം ഉൾക്കൊള്ളുന്ന പരിപാടികൾ, സാംസ്കാരികസംവാദങ്ങൾ, സംയുക്ത ആഘോഷങ്ങൾ എന്നിവ പരസ്പരബഹുമാനം വളർത്തുകയും “അന്യത്വം”എന്ന ബോധം കുറയ്ക്കുകയും ചെയ്യും.

      3. നയതന്ത്ര ഇടപെടലും ആഖ്യാന നിർമ്മാണവും:

      നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ ചെറുക്കുന്നതിന് എംബസികളും കോൺസുലേറ്റുകളും അതാത് പ്രാദേശിക സർക്കാരുകളുമായും മാധ്യമങ്ങളുമായും ഇടപഴകണം. സംരംഭകത്വം, അക്കാദമിക് അല്ലെങ്കിൽ കമ്മ്യൂണിറ്റിസേവനം എന്നിവയിൽ ഇന്ത്യൻ യുവാക്കളുടെ നല്ല സംഭാവനകൾ എടുത്തുകാണിക്കുന്നത് പൊതുബോധത്തെ പുനർനിർമ്മിക്കും.

      4. ഇവന്റ് റെഗുലേഷനും നഗര ആസൂത്രണവും:

      ഉത്സവങ്ങൾക്കും ഒത്തുചേരലുകൾക്കും ഉചിതമായ വേദികൾ നിശ്ചയിക്കുന്നതിന് പ്രാദേശിക കൗൺസിലുകളുമായി സഹകരിക്കുന്നത് തടസ്സങ്ങൾ ഒഴിവാക്കും. തെരുവ് ആഘോഷങ്ങൾ ഒഴിവാക്കുകയും പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യുന്നത് സാംസ്കാരിക ആവിഷ്കാരം പൊതുജന ശല്യമായി മാറുന്നില്ലെന്ന് ഉറപ്പാക്കുന്നു.

      5. യുവ നേതൃത്വവും സമപ്രായക്കാരുടെ വക്കാലത്തും:

        ഇന്ത്യൻ യുവാക്കളെ സാംസ്കാരിക അംബാസഡർമാരാകാൻ ശാക്തീകരിക്കുന്നത് അവരെ നിഷ്ക്രിയ കുടിയേറ്റക്കാരിൽ നിന്ന് സജീവമായ സമൂഹ നിർമ്മാതാക്കളാക്കി മാറ്റും. സാംസ്കാരികമായ ആശയവിനിമയത്തിലും നേതൃത്വത്തിലും ഉള്ള പരിശീലനം സങ്കീർണ്ണമായ സാമൂഹിക,വൈകാരിക കാലാവസ്ഥയുമായി സമരസപ്പെട്ട് ആത്മവിശ്വാസത്തോടെയും സഹാനുഭൂതിയോടെയും ജീവിതം നയിക്കാൻ അവരെ സഹായിക്കും.

        പങ്കിടലിന്‍റെ ഭാവിയിലേക്ക്:

        ബഹുസ്വരതയുടെയും പൊരുത്തപ്പെടുത്തലിന്റെയും പാരമ്പര്യമുള്ള ഇന്ത്യ, ആഗോള കുടിയേറ്റ വ്യവഹാരത്തിൽ മാതൃകയായി ലോകത്തെ നയിക്കാൻ തക്ക അതുല്യമായ സ്ഥാനമാണ് വഹിക്കുന്നത്, വഹിക്കേണ്ടത്. അതിന് വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ ആദരണീയമായ സഹവർത്തിത്വത്തിന്‍റെ ആത്മാവ് ഉൾക്കൊള്ളണം. അവരുടെ പൈതൃകത്തിലുള്ള അഭിമാനവും അവരുടെ ചുറ്റുപാടുകളോടുള്ള സംവേദനക്ഷമതയും തികച്ചും സന്തുലിതമാക്കേണ്ടത് അനിവാര്യമാണ്.

        കുടിയേറ്റം എന്നാൽ കേവലം അതിർത്തികൾ കടക്കുക മാത്രമല്ല – അത് സമൂഹങ്ങൾക്കിടയിൽ പാലങ്ങൾ പണിയുക എന്നതും കൂടിയാണ്. സാംസ്കാരിക സഹാനുഭൂതി, സാമ്പത്തിക നീതി, നയതന്ത്ര ദീർഘവീക്ഷണം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ, വിദേശത്തുള്ള ഇന്ത്യൻ യുവാക്കൾ സുരക്ഷിതരാകും എന്ന് മാത്രമല്ല, യഥാർത്ഥത്തിൽ അവർ അവിടങ്ങളിൽ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കൂടി നമുക്ക് കഴിയും, കഴിയണം.

        കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

        You may also like

        മലയാളനാട് വെബ് ജേർണൽ
        മലയാളത്തിന്റെ മുഖപുസ്തകം.