പൂമുഖം EDITORIAL സ്വാതന്ത്ര്യം തന്നെ അമൃതം

സ്വാതന്ത്ര്യം തന്നെ അമൃതം

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും, വംശീയ ഉന്മൂലനത്തിനും വ്യാപാര ഉപരോധങ്ങൾക്കും ലോക സമാധാനം വഴിമാറുന്ന ഘട്ടത്തിലാണ് രാജ്യം 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

മുതലാളിത്തത്തിന്റെ ജീർണോന്മുഖത തുറന്ന വിപണിയും, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്ര സഞ്ചാരവും ഉപേക്ഷിച്ച് ഉപരോധങ്ങളും ഉയർന്ന തീരുവകളും ഏർപ്പെടുത്തി കത്തി വേഷമാടുകയാണ്. അമേരിക്കൻ black mailing ന് വഴങ്ങാതെ നയതന്ത്രത്തിന്റെയും ചർച്ചയുടെയും സാധ്യതകൾ സംയമനത്തോടെ പരിശോധിക്കുകയും ഒപ്പം പുതിയ വ്യാപാര സഖ്യങ്ങളും വിപണികളും കണ്ടെത്താൻ ശ്രമിക്കുകയുമാണ് രാജ്യം.

രാജ്യത്തിനകത്തും വൈരുധ്യങ്ങളും സംഘർഷങ്ങളും ദൃശ്യമാണ്.
ഒരു വശത്ത് ചാന്ദ്രഭൂമിയിൽ പദമൂന്നാൻ കുതിക്കുകയും മറുവശത്ത് അന്ധവിശ്വാസങ്ങളെ പാഠപുസ്തകങ്ങളിൽ പറിച്ചുനടുകയും ചെയ്യുന്നു. അയൽപക്കത്തെ തീവ്രവാദി രാഷ്ട്രത്തിനു ഓപ്പറേഷൻ സിന്ദൂരിലൂടെ തക്കതായ മറുപടി കൊടുത്തു എന്നാശ്വസിക്കുമ്പോഴും അതിർത്തി പ്രദേശത്തെ സുരക്ഷാവീഴ്ച മനുഷ്യക്കുരുതിയുടെ മായാത്ത വടുക്കളായി അവശേഷിക്കുന്നു.

ഭരണകക്ഷിയുടെ വക്താവ് ഭരണഘടനയിൽ നിന്ന് മതേതര, സോഷ്യലിസ്റ്റ് തത്വങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടിരിക്കുന്നു.
നിലവിലുള്ള പൗരത്വത്തിൽ നിന്നും സമ്മതിദായക ലിസ്റ്റിൽ നിന്നും ലക്ഷത്തിൽപരം പൗരന്മാർ ഏകപക്ഷീയമായി നീക്കം ചെയ്യപ്പെടുന്നു.
ന്യായസംഹിതയ്ക്ക് പുറത്ത് കുടിൽ തകർത്തും ആട്ടിയോടിച്ചും പ്രജകളുടെ മേൽ വിധി നടത്തിയെടുക്കുന്നുണ്ട്.
ജാതിയെ വീണ്ടെടുക്കാൻ, സ്ത്രീയെ ഒതുക്കാൻ മതങ്ങൾ മത്സരിക്കുന്നു.

വോട്ട് ചോരി ആരോപണങ്ങൾക്കും തെളിവുകൾക്കും മുന്നിൽ രാഷ്ട്രീയ കക്ഷികളും ഭരണകൂട സ്ഥാപനങ്ങളും പൊതുവിചാരണ അഭിമുഖീകരിക്കേണ്ടി വരുമെന്ന സൂചനകൾ, നാം ഇന്നും കുറ്റമറ്റ ജനാധിപത്യമായി അതിജീവിക്കാൻ ആഗ്രഹിക്കുന്ന ജനതയാണ് എന്ന പ്രതീക്ഷയുണർത്തുന്നു.

ഗവർണറുടെ വിഭജനദിനാചാരണആഹ്വാനം സംസ്ഥാനത്തിലെ ജനങ്ങളും സ്ഥാപനങ്ങളും തള്ളിക്കളയുന്നത് കണ്ടാണ് നാം ഇന്നത്തെ പുലരിയിലേക്ക് ഉണർന്നത്. ഇന്ന് നമുക്ക് ആഘോഷിക്കുക, ഈ രാജ്യം അധിനിവേശങ്ങളെ ഐക്യത്തോടെ പുറത്താക്കി സ്വാതന്ത്ര്യം വരിച്ച ദിനം. നാം ഇനിയും വിഭജിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന് ഘോഷിക്കുക.അത് ഓരോ ഇന്ത്യക്കാരന്റെയും സ്മരണയും വർത്തമാനവും ഭാവിയും ആണ്. അത് തന്നെയാണ് അമൃതം.

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.