ചിലപ്പോഴെനിക്ക്
വേനൽ മഴയുടെ മധുരമാണ്.
ചിലപ്പോൾ
സങ്കടക്കടലിന്റെ
ഉപ്പ്
മറ്റുചിലപ്പോൾ
വിഷംപോലെ കയ്‌ക്കും
ലഹരിപോലെ
സിരയിലേക്കിരച്ചു കയറും
എന്തുതന്നെയായാലും
നിന്നിലലിയും.
നീയോ ഞാനോ എന്ന്
വേർതിരിച്ചെടുക്കാ-
നാവാത്ത വിധം.
ഉപാധികളില്ലാതെ-
യലിഞ്ഞില്ലാതാവും.
മസ്‌തിഷ്കത്തിലോ
മജ്ജയിലോ
മാംസത്തിലോ
ഹൃദയത്തിലോ
പേശികളിലോ
കണ്ണിലോ
ശ്വാസത്തിലോ എന്ന്
കണ്ടുപിടിക്കാനാവാത്ത
വിധം അലിഞ്ഞു ചേരും.
ഒടുവിലു-
പേക്ഷിക്കപ്പെടുമ്പോൾ
മധുരമില്ലാതെ,
നിറങ്ങൾ മാഞ്ഞ്.
കവിളിലുണങ്ങിയൊട്ടിയ
കണ്ണുനീരിന്റെ
ഉപ്പു മാത്രമായ്.
എനിക്കെന്നെ നിന്നിൽ
നഷ്ടമാകുന്നു.
തിരിച്ചുചേർത്തു
വെയ്ക്കുവാനാവാതെ
അനാഥമാകുന്നു.
മധുരപാനീയത്തിൽ നിന്ന്
ലഹരിയിൽ നിന്ന്
വിഷാംശത്തിൽ നിന്ന്
എന്റെ നിശ്വാസത്തിന്റെ
ഉപ്പുകടലിൽ നിന്ന്
നീരാവിയായുയർന്നുനീ
പച്ചവെള്ളം പോലെ
മുക്തനാവുന്നു,
വീണ്ടുമൊഴുകുന്നു.
തിരിച്ചു കിട്ടുന്ന
പാതിജീവനിൽനിന്നുപിന്നെയും
ഞാനെന്നെ ഇഴചേർത്ത് വെയ്ക്കുന്നു.
ഞാനാകുന്നു.
