പൂമുഖം Travelയാത്ര ഫ്രം റഷ്യ വിത്ത് ലവ് (ഒരു റഷ്യൻ യാത്ര – ഭാഗം 1)

ഫ്രം റഷ്യ വിത്ത് ലവ് (ഒരു റഷ്യൻ യാത്ര – ഭാഗം 1)

1917 ഒക്ടോബർ 24 ആം തീയതി രാത്രി 9.40 നു സെൻറ്‌ പീറ്റേഴ്സ് ബർഗിൽ നങ്കൂരമിട്ടിരുന്ന അറോറ എന്ന പടക്കപ്പലിൽ നിന്ന് ഒരു വെടി പൊട്ടി. അറോറയുടെ പീരങ്കി മുന അന്നേരം തിരിഞ്ഞിരുന്നത് സാർ ചക്രവർത്തിമാരുടെ വിന്റർ പാലസിന് നേർക്കായിരുന്നു. അതായിരുന്നു റഷ്യൻ വിപ്ലവത്തിന്റെ തുടക്കം. അറോറയുടെ ക്രൂ അപ്പോഴേക്കും ബോൾഷെവിക് ആയി മാറിയിരുന്നു. ക്യാപ്റ്റൻ മിഖായേൽ നിക്കോൾസ്കിയോട് ചുവന്ന കൊടിയേന്തി മുന്നിൽ നടക്കാൻ പറഞ്ഞു, വിസമ്മതിച്ചപ്പോൾ അയാളെ വെടി വെച്ചു കൊന്നു.

പതിനാറാം വയസ്സിലാണ് ഞാൻ റഷ്യൻ വിപ്ലവത്തെക്കുറിച്ചു വായിച്ചു ആവേശം കൊള്ളുന്നത്. ഒരു പക്ഷെ ജോൺ റീഡിന്റെ ‘ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിനങ്ങൾ’ എന്ന പുസ്തകത്തിലായിരിക്കണം ഞാൻ മുകളിൽ പറഞ്ഞ വരികൾ വായിക്കുന്നത്

അറോറ പടക്കപ്പൽ സെന്റ് പീറ്റേഴ്‌സ് ബർഗ്ഗിൽ

പതിയെ വായന ലെനിനിലേക്കും അത് വഴി മാർക്‌സിലേക്കും ഏംഗൽസിലേക്കും തിരിയുകയായിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയനിൽ നിന്ന് വരുന്ന നല്ല ഒന്നാംതരം ക്വാളിറ്റി ഉള്ള മാർക്സിസ്റ് പുസ്തകങ്ങൾ പ്രഭാത് ബുക്ക് ഹൌസ് വഴി വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്നു. ‘കമ്മ്യുണിസ്റ് മാനിഫെസ്റ്റോ’ യ്ക്ക് അന്ന് അഞ്ചു രൂപയായിരുന്നു വില. ( അതിനും മുൻപ് 50 പൈസയായിരുന്നു എന്ന് കേട്ടിട്ടുണ്ട്). വായന പതിയെ മാർക്സിസത്തിൽ നിന്ന് റഷ്യൻ സാഹിത്യത്തിലേക്ക് തിരിഞ്ഞു. മാക്സിം ഗോർക്കിയുടെ ‘അമ്മ’ ആയിരിക്കണം ഒരുപക്ഷെ ഞാൻ ആദ്യം വായിച്ച റഷ്യൻ നോവൽ. പിന്നെയത് അന്നാകരിനീനയിലേക്കും കുറ്റവും ശിക്ഷയിലേക്കും കരമസോവ് ബ്രദേഴ്‌സിലേക്കും നീണ്ടു. ടോൾസ്റ്റോയിയും പുഷ്കിനും ഗോർക്കിയും ദസ്തയേവ്സ്കിയും പ്രിയ എഴുത്തുകാരായി, മയക്കോവ്സ്കി പ്രിയ കവിയായി. അക്കാലത്തു ലോകമാകെ നില നിന്നിരുന്ന അനീതികളിൽ പ്രതിഷേധമുള്ള ക്ഷോഭിക്കുന്ന യുവാക്കളുടെ സമത്വ സുന്ദര സ്വർഗ്ഗം ആയിരുന്നു സോവിയറ്റ് യൂണിയൻ. ” റഷ്യ പോലെ ചൈന പോലെ ഇന്ത്യയൊന്നു മാറ്റുവാൻ പോരുവിൻ സഖാക്കളേ ചേരുകീ പ്രവാഹത്തിൽ” എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ട് ഞാൻ 9 ആം ക്‌ളാസിൽ പഠിക്കുമ്പോൾ. യൗവ്വനത്തിന്റെ തുടക്കത്തിലെപ്പോഴോ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു റഷ്യ സന്ദർശിക്കണമെന്നുള്ളത്. ഒടുവിൽ 50 ആം വയസ്സിൽ അത് സംഭവിക്കുക തന്നെ ചെയ്തു.

റഷ്യയിലേക്ക് ഒരു സോളോ ട്രിപ്പ്. തനിയെ, ട്രാവൽ ഏജൻസികളുടെയോ, ഗൈഡുകളുടെയോ സഹായമില്ലാതെ ട്രാവൽ പാക്കേജ് ഇല്ലാതെ ഒരു യാത്ര. ചോയിച്ചു ചോയിച്ചു പോകാം എന്നതായിരുന്നു ഐഡിയ. ഗൂഗിൾ കാലത്തിനു മുൻപ് നമ്മൾ ഗ്രാമങ്ങളിലൂടെ ചോയിച്ചു ചോയിച്ചു പോകാറുള്ളത് പോലെ ഒരു യാത്ര. പണ്ടൊരിക്കൽ ഒരു സുഹൃത്ത് ” കൈ നിറയെ ക്രെഡിറ്റ് കാർഡും ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്കിങ്ങുമായൊന്നുമല്ല യാത്ര ചെയ്യേണ്ടത്, ചെറിയൊരു തോൾ സഞ്ചിയുമായി ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പ്രീ പ്ലാൻഡ് അല്ലാത്ത ഒരു യാത്ര, വരുന്നോ ഒപ്പം” എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. അന്ന് ഒപ്പം പോകാൻ കഴിഞ്ഞില്ല. ഇനിയും കഴിയുമെന്ന് തോന്നുന്നുമില്ല. ഈ യാത്രയ്ക്കും അങ്ങിനെയൊരു ആഗ്രഹുമായി യാതൊരു താരതമ്യവുമില്ല. ആകെയുണ്ടായിരുന്നത്‌ യാതൊരു ബാങ്ക് കാർഡുകളും റഷ്യയിൽ ഉപയോഗിക്കാൻ കഴിയില്ലെന്നതും ആദ്യം കാണുന്ന ബസ്സിൽ കയറി, അടുത്തൊരു ട്രാമിൽ കയറി, പിന്നെ മെട്രോ റെയിലിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഞാൻ ഏതാണ്ട് എല്ലാ ദിവസവും എന്നത് മാത്രമാണ്. ചോയിച്ചു ചോയിച്ചു പോകാൻ റഷ്യക്കാർക്ക് ഇംഗ്ലീഷുമറിയില്ല, എനിക്ക് റഷ്യനും.

റഷ്യക്ക് പോകാൻ തീരുമാനിക്കുന്നത് യാത്ര തുടങ്ങുന്നതിന്റെ ഏതാണ്ട് 20 ദിവസങ്ങൾ മുൻപ് മാത്രമാണ്. വിസ അപ്പ്ളൈ ചെയ്തു ഏതാണ്ട് അഞ്ചാമത്തെ പ്രവർത്തി ദിവസം കിട്ടി. 250 ഖത്തർ റിയാൽ ആയിരുന്നു വിസാ ചാർജ്. സാമാന്യം ലളിതമായ പ്രോസസ്സ്. വിസ കിട്ടിയ ദിവസം മോസ്കോയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഇവിടം വരെ കാര്യങ്ങൾ ലളിതമായിരുന്നു. ഓൺ ലൈനിൽ മോസ്‌കോയിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അമേരിക്കൻ/യൂറോപ്പിയൻ ഉപരോധം ബുക്കിങ്ങ് . കോം പോലെയുള്ള നമ്മൾ സാധാരണ ഉപയോഗിക്കാറുള്ള മിക്കവാറും ആപ്പുകൾക്കും ബാധകമാണ് എന്ന് മനസ്സിലായത്. പിന്നീട് വീഗോ എന്ന ഓൺ ലൈൻ സൈറ്റ് വഴി ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്തു. അപ്പോഴും ഒരു പ്രശ്നമുണ്ട്, നഗരത്തിന്റെ ഏതു ഭാഗത്താണ് തുടർ യാത്രകൾ എളുപ്പമാകാൻ, ഹോട്ടൽ റൂം ബുക്ക് ചെയ്യേണ്ടത് എന്ന് അറിയില്ലല്ലോ. അങ്ങിനെ AI യെ ആശ്രയിക്കാൻ തീരുമാനിച്ചു. മൈക്രോസോഫ്ട് കോ പൈലറ്റിനോട് എന്റെ ബജറ്റിന് പറ്റിയ ഹോട്ടലുകൾ നിർദ്ദേശിക്കാൻ പറഞ്ഞു, ഉടൻ ദാ വരുന്നു നൂറു കണക്കിന് ഹോട്ടലുകളുടെ ലിസ്റ്റ്. പ്രിയപ്പെട്ട കോ പൈലറ്റേ ഈ ലിസ്റ്റ് ഒന്ന് ചുരുക്കി റെഡ് സ്ക്വയറിനു സമീപമുള്ള ഹോട്ടലുകളുടെ മാത്രം പേര് തരാമോ എന്ന് ചോദിച്ചു. ഉടൻ കുറെയധികം ഹോട്ടലുകളുടെ പേരും അവയ്ക്കു റെഡ് സ്‌ക്വയറിൽ നിന്നുള്ള ദൂരവും തന്നു ആശാൻ. അപ്പൊ ഞാൻ ആശാനേ ഇവയിൽ മെട്രോ/ ട്രാം സ്റേഷനുകളിലേക്ക് നടന്നു പോകാവുന്ന ദൂരത്തിലുള്ള ഹോട്ടലുകളുടെ പേര് തരാൻ ആജ്ഞാപിച്ചു. ഇതങ്ങു ആദ്യമേ പറഞ്ഞു കൂടായിരുന്നോ ചേട്ടാ എന്ന് പോലും പരാതി പറയാതെ നിർമ്മിത ബുദ്ധി പുതിയ ലിസ്റ്റ് തന്നു. ഹോ എന്തൊരു ക്ഷമയാണ് പഹയന്. ആ ലിസ്റ്റിൽ നിന്ന് നമുക്ക് പറ്റിയ ഹോട്ടൽ മോസ്‌കോയിൽ ബുക്ക് ചെയ്തു. പിന്നെ ഇതേ പ്രോസസ്സ് സെന്റ് പീറ്റേഴ്‌സ് ബർഗിലും. അങ്ങിനെ താമസിക്കാനുള്ള ഏർപ്പാടായി. ഇനി വേണ്ടത് മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് ബർഗിലേക്കും തിരിച്ചുമുള്ള ഹൈസ്പീഡ് ട്രെയിൻ ബുക്ക് ചെയ്യുക എന്നുള്ളതാണ്. പരിചയമുള്ള ഒരു ടൂർ ഓപ്പറേറ്ററെ വിളിച്ചു മോസ്‌കോ – സെന്റ് പീറ്റേഴ്‌സ് ബർഗ് ട്രെയിൻ ബുക്ക് ചെയ്യാൻ എന്താ മാർഗ്ഗം എന്നന്വേഷിച്ചു. അയാൾ അല്പം കഴിഞ്ഞു തിരികെ വിളിച്ചു അതിനു മാർഗ്ഗങ്ങളൊന്നും ഇല്ലെന്നും അവരുടെ റഷ്യൻ ഏജന്റ് ഇത് മാത്രമായി ചെയ്തു തരില്ലെന്നും നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ ഹൈസ്പീഡ് ട്രെയിനിൽ സീറ്റ് കിട്ടാൻ സാധ്യതയില്ലെന്നും, അവിടെ പോയി ടിക്കറ്റ് എടുക്കുക എന്ന ഓപ്‌ഷൻ റിസ്കി ആണെന്നും അറിയിച്ചു. ആഹാ! അത്രയ്ക്കായോ വീണ്ടും ഞാൻ AI ദൈവങ്ങളെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ പുള്ളി റഷ്യൻ ട്രെയിൻ സീറ്റ് റിസർവ് ചെയ്യാനുള്ള ആപ്പുകളുടെ മൂന്നു ലിങ്ക് അയച്ചു തന്നു. അതിലൊന്നിൽ കയറി മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് ബർഗ്ഗിലേക്കും തിരികെയുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. ടൂർ ഓപ്പറേറ്റർ പറഞ്ഞത് ശരിയായിരുന്നു, മിക്കവാറും ട്രെയിനുകൾ ഒക്കെ അപ്പോഴേക്കും ഫുൾ ആയിക്കഴിഞ്ഞിരിക്കുന്നു. അങ്ങോട്ടേക്ക് ഒരു ബിസിനസ്സ് ക്‌ളാസ് ടിക്കറ്റ് കിട്ടി, തിരികെ ഇക്കോണമി ക്‌ളാസും. സഹപ്രവർത്തകയായ ഒരു റഷ്യക്കാരിയെ വിളിച്ചു നഗരത്തിനുള്ളിൽ എങ്ങിനെയൊക്കെ യാത്ര ചെയ്യാൻ കഴിയുമെന്നും മോസ്‌കോ ഒരു സേഫ് നഗരമാണോ എന്നും അന്വേഷിച്ചു. മോസ്‌കോ ലണ്ടനേക്കാളും പാരീസിനെക്കാളും സേഫ് ആണെന്നും ഏതു പാതിരാത്രിയിലും ഇറങ്ങി നടക്കാമെന്നും ഒന്നും ഭയക്കേണ്ടെന്നും അവർ അറിയിച്ചു, ഒപ്പം യാത്രകൾക്ക് മെട്രോ ഉപയോഗിക്കുന്നതാവും നല്ലതെന്നും അവർ പറഞ്ഞു, അത്രയേറെ കണക്ടിവിറ്റി ഉണ്ടെന്നും. എന്നാപ്പിന്നെ അങ്ങിനെയാകട്ടെ എന്ന് ഞാൻ. മെട്രോയിൽ കയറി ചോയിച്ചു ചോയിച്ചു പോകാമല്ലോ.

മോസ്‌കോ – സെന്റ് പീറ്റേഴ്‌സ് ബർഗ് ഹൈ സ്പീഡ് ട്രെയിൻ

പിന്നേം AI ചേട്ടനെ വിളിച്ചു, എന്റെ താല്പര്യങ്ങളും എത്ര ദിവസമുണ്ടെന്നും പറഞ്ഞു, ഒരു ട്രാവൽ പ്ലാൻ ഉണ്ടാക്കി താടാ ചെക്കാ എന്ന് പറഞ്ഞു. ദാ കിടക്കുന്നു ഒരാഴ്ചത്തെ ട്രാവൽ പ്ലാൻ. ഓരോ ദിവസവും പോകേണ്ട സ്ഥലങ്ങളും റൂട്ടും. പിന്നെ കുറച്ചു കാലം മുൻപ് റഷ്യയിൽ പോയി വന്ന സുഹൃത്ത് മനോജ് നീലകണ്ഠനെ വിളിച്ചു, എന്തെങ്കിലും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടോ എന്നന്വേഷിച്ചു. അദ്ദേഹമാണ് റഷ്യയിൽ ഉപരോധം മൂലം റഷ്യൻ ബാങ്കുകളുടേത് അല്ലാത്ത ഒരു ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളും വർക്ക് ചെയ്യില്ലെന്ന് ഓർമ്മിപ്പിച്ചത്. റൂബിൾ ആയും ഡോളർ ആയും കൈയ്യിൽ കാശു കരുതണമെന്നും. പിന്നേം വിളി പോയി ടൂർ ഓപ്പറേറ്റേഴ്സിനു. ഇനിയെങ്ങാനും റഷ്യയിൽ വെച്ച് കാശ് തീർന്നാൽ ഇവിടുന്നു അയക്കാനുള്ള എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ എന്നന്വേഷിച്ചു. നഹി എന്നായിരുന്നു മറുപടി, റഷ്യനിൽ ന്യേത് എന്നും പറയാം. ആഹാ അത്രയ്ക്കായോ. ഉടൻ വിളിച്ചു മണി എക്സ്ചേഞ്ചിന്റെ മാനേജർ ആയ ചേരണ്ടൂർക്കാരൻ ഷെരീഫിനെ. റൂബിളും ഡോളറും കിട്ടുന്ന എക്സ്ചേഞ്ചുകൾ കയറിയിറങ്ങാൻ സമയമില്ലല്ലോ. ഷെരീഫ് അല്പം കഴിഞ്ഞു തിരിച്ചു വിളിച്ചു റൂബിൾ എത്ര ലക്ഷം വേണമെങ്കിലും തരാമെന്നും ഡോളർ ഒരാൾക്ക് മാക്സിമം 500 ൽ കൂടുതൽ കൊടുക്കാൻ ആവില്ലെന്നും എനിക്ക് വേണ്ടി സ്‌പെഷൽ അറേഞ്ച്മെന്റ് ചെയ്യാമെന്നും ഏതു ബ്രാഞ്ചിൽ പോകണമെന്നും ഒക്കെ പറഞ്ഞു തന്നു, ബ്രാഞ്ചിലും പറഞ്ഞേൽപ്പിച്ചു. അങ്ങിനെ അവിടെപ്പോയി ഇരുപതിനായിരം റൂബിളും ആയിരം ഡോളറും വാങ്ങി. ഡോളർ റഷ്യയിലെങ്ങും സ്വീകരിക്കില്ലെങ്കിലും മോസ്‌കോയിൽ എക്സ്ചേഞ്ചുകൾ ഉണ്ടെന്നും അവിടെ ആവശ്യത്തിന് മാറ്റാമെന്നും നേരത്തെ മനോജ് പറഞ്ഞിരുന്നു. ഹോട്ടലും ഹൈസ്പീഡ് ട്രെയിനും ഒക്കെ ഓൺ ലൈനിൽ പേ ചെയ്തു കഴിഞ്ഞതിനാൽ നമുക്കിനി വട്ടചിലവിനുള്ള കാശ് മതിയല്ലോ.

ഈ ദിവസങ്ങൾ ജോലിയിൽ വളരെയേറെ തിരക്കുള്ളവ ആയിരുന്നു. മുകളിൽ പറഞ്ഞതല്ലാതെ റഷ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനോ തയ്യാറെടുക്കാനോ ഒന്നും സമയം കിട്ടിയില്ല. ഒടുവിൽ മോസ്കോയിലേക്കു പറക്കേണ്ട ദിവസം വന്നെത്തി. അന്ന് പതിവിലും അധികം സമയമിരുന്നു ജോലി ചെയ്ത ശേഷം സന്ധ്യയോടെ വീടെത്തി. പതിവ് പോലെ ജീവിത പങ്കാളി സുനില പെട്ടി പാക്ക് ചെയ്തു വെച്ചിട്ടുണ്ട്. അതുമെടുത്ത് രാത്രി വൈകി എയർപോർട്ടിലേക്ക് തിരിച്ചു. ബഹ്‌റൈൻ വഴിയാണ് യാത്ര, മൊത്തം ഏഴര മണിക്കൂർ ഫ്‌ളൈറ്റിൽ. അങ്ങിനെ വൈകുന്നേരം മൂന്നര മണിയോടെ മോസ്‌കോയിൽ വിമാനമിറങ്ങി.

വ്ളാഡിമിർ ഇല്ലിയിച്ച് ഉല്യനോവ് ദാ നിന്റെ വിളി കേട്ട് 5000 കി മി കൾക്കപ്പുറം നിന്ന് നിന്റെ സ്വർഗ്ഗരാജ്യം തേടി ഞാൻ വന്നിരിക്കുന്നു. എയർപോർട്ടിലെ രീതികളൊക്കെ അല്പം പഴഞ്ചനാണ്. ആദ്യം നമ്മുടെ ഹസ്തരേഖാശാസ്ത്രം മുഴുവൻ സ്കാൻ ചെയ്തെടുത്ത ശേഷം ഒരു റഷ്യൻ സുന്ദരി വന്നു എന്റെ പാസ്സ്പോര്ട്ടും വാങ്ങി എങ്ങോട്ടോ പോയി. ദാ ഞാനൊരു വിദേശ രാജ്യത്തു നിൽക്കുകയാണ് പാസ്പോർട്ട് പോലുമില്ലാതെ. എന്നെപോലെ ഒരുപാടു പേർ അവിടെ കാത്തു നിൽക്കുന്നുണ്ട്. ഇടയ്ക്കു ഒരു കൂട്ടം പാസ്പോർട്ടുകളുമായി എമിഗ്രെഷൻ ഓഫീസർ വന്നു ഉറക്കെ ഓരോരുത്തരുടെയായി പേര് വിളിച്ചു പാസ്പോർട്ട് മടക്കി നൽകും പുറത്തേക്കു പോകാനുള്ള വഴിയും ചൂണ്ടിക്കാട്ടും. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഏതാണ്ട് 20 മിനിറ്റിനുള്ളിൽ എന്റെ പേര് വിളിച്ചു, പാസ്‌പോർട്ടും അതിനുള്ളിൽ ഒരു എമിഗ്രെഷൻ ഓഫീസർ ഒപ്പിട്ട പേപ്പറും. ഈ പേപ്പർ മടങ്ങും വരെ സൂക്ഷിച്ചു വെക്കണം.

എന്നേക്കാൾ മുന്നേ വന്ന താരതമ്യേന ദരിദ്രരായ അയൽരാജ്യങ്ങളായ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, അർമീനിയ എന്നിവിടങ്ങളിൽ നിന്നുള്ള മൈഗ്രന്റ് ലേബറേഴ്സ് തങ്ങളുടെ ഊഴവും കാത്തു അവിടെയിരിക്കുന്നതു കണ്ടു. പിന്നീട് റഷ്യൻ നഗരങ്ങളിലെങ്ങും ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്ന ഇവരെക്കണ്ടു. നമ്മുടെ സൊമാറ്റോ ഡെലിവറിയും മറ്റും കൂടുതലും ചെയ്യുന്നത് ഇവരാണ് , അതേപ്പറ്റി കൂടുതൽ പറയാം. അതിനു മുൻപ് ഒരു സഖാവായ എന്നെ റഷ്യൻ സഖാക്കൾ പറ്റിച്ചതിനെ കുറിച്ച്. ആകെ 20000 റൂബിളുമായി റഷ്യയിലിറങ്ങിയ എന്നെ പതിനായിരം റൂബിൾ ആദ്യ ദിവസം തന്നെ പറ്റിച്ച കഥ. ദിസ് കോമ്രേഡ് അവർ കോമ്രേഡ് എന്ന വിശ്വാസവുമായി റഷ്യയിലിറങ്ങിയ എന്നെ എയർപോർട്ടിന് വെളിയിലിറങ്ങും മുൻപ് പറ്റിച്ച കഥ അടുത്ത ഭാഗം.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like