പൂമുഖം LITERATUREനർമ്മം കേളുമാഷ് (ഭാഗം 10)

കേളുമാഷ് (ഭാഗം 10)

പിശുക്കന്മാരായ ചില മാഷന്മാർക്കിടയിൽ കേളുമാഷ് ഒരൊറ്റയാനായിരുന്നു. ഭാവാധികൾ കണ്ടാൽ പിശുക്കിന്‍റെ ആൾരൂപമെന്ന് ആൾക്കാർ പറയുമെങ്കിലും ആള് സത്യത്തിൽ അങ്ങനെയൊന്നുമായിരുന്നില്ല. അക്കാര്യം വിസ്തരിക്കുന്ന മൂപ്പരുടെ കഥയും ചില്ലറ പറയാനുണ്ട്.
ഒരിക്കൽ നാട്ടിലെ ദല്ലാൾ കുഞ്ഞിരാമൻ സ്‌കൂളിലേക്ക് തിടുക്കപ്പെട്ടുപോകുന്ന മാഷെ ഭവ്യതയോടെ ചേർത്തുനിർത്തി ഒരൊറ്റ ചോദ്യം.
“കേളുമാഷേ ഇങ്ങളേടത്ത് നൂറ് ഉറുപ്യക്ക് രണ്ട് അയ്മ്പത്‌ എടുക്ക്വാന് ണ്ടോ ?”
“അതെന്താ കുഞ്ഞിരാമാ ഇനിക്ക് രണ്ട് അയിമ്പേന്‍റെ ഒരെടപാട്?”

അത്രയും പറഞ്ഞു തീരുംമുമ്പേ രണ്ടമ്പതിന്‍റെ നോട്ടുകൾ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നെടുത്ത് കുഞ്ഞിരാമന് കൊടുത്തപ്പോഴേക്കും ആൾ ശരം വിട്ടപോലെ റോഡ് മുറിച്ചുകടന്ന് അപ്പുറം എത്തിയിരുന്നു. നൂറു രൂപ തരാൻ കുഞ്ഞിരാമൻ മറന്നതാവുമോ എന്നു ശങ്കിച്ച്, കേളുമാഷ് അയാളെ കൈകൊട്ടി വിളിച്ച് ഉച്ചത്തിൽ എല്ലാരും കേൾക്കെ ചോദിച്ചു.
“അല്ലപ്പാ ഇഞ്ഞി ഇത്ര ബേഗം സ്ഥലം ബിട്ടോ. ഏടുത്തും കുഞ്ഞിരാമാ എനക്ക് ഇഞ്ഞി തരണ്ട നൂറു ഉറുപ്യ?”

നടത്തത്തിനിടയിൽ മാഷെ തിരിഞ്ഞു നോക്കാതെ,” അത് മ്മക്ക് പിന്നെ എടുക്കാം മാഷേ” എന്ന് കുഞ്ഞിരാമൻ പറഞ്ഞത് കേട്ട് മാഷ് ഒന്നമ്പരന്നു. ഇതുകണ്ട് ചുറ്റുമുള്ളവർ വെളുക്കെ ചിരിച്ചതു കണ്ട്‌, അത് കാര്യമാക്കാതെ “ഓൻ നേരം ബെള്ക്കുമ്മം തന്നെ എന്നെ പറ്റിച്ചല്ലേന്ന്”സങ്കടപ്പെട്ട് മാഷ് സ്‌കൂളിലേക്ക് നടന്നു. നൂറു രൂപയുടെ നഷ്ടം മാഷ് മറന്നുതുടങ്ങിയ നേരത്താണ് ബാർബർ കുമാരൻ മാഷുടെ വീട്ടിൽ അതിരാവിലെ ഓടിക്കിതച്ചെത്തിയത്. രാവിലെ ഒരു വെറും ചായയും കുടിച്ച് കേളുമാഷ് പത്രം വായിക്കുന്നതിനിടയിലാണ് കുമാരന്‍റെ തീപിടിച്ച പോലുള്മള വരവ്.

“ഇഞ്ഞെന്താ കുമാരാ ഇത്ര പൊലച്ചെ തന്നെ ബന്നത്?”
മാഷുടെ ചോദ്യം തീരുംമുമ്പ് കുമാരൻ ‘എടത്തൊണ്ട വെറപ്പിച്ച്’ കാര്യം വിക്കിവിക്കി പറഞ്ഞു.
“മാഷേ ഇന്നിങ്ങള് എങ്ങനെയെങ്കിലും അയ്യായിരം ഉറുപ്യ എനക്ക് തന്ന്ക്കില്ലെങ്കില് ഞാൻ ഇപ്പം തന്നെ ഈ മിറ്റത്തെ ഈ മാക്കൊമ്പത്ത് തൂങ്ങിച്ചാകും… എല്ലാരോടും ചോയിച്ച്റ്റ് കിട്ടീല്ല മാഷെ. ഇങ്ങളെ ബെശമിപ്പിക്കണ്ടാന്നു ബിചാരിച്ചാ ഇതുവരെ ചോയിക്കാണ്ട് നിന്നേ …പക്കേങ്കില് ഇനി ഇങ്ങള് ബിചാരിച്ചാലേ നടക്കൂ…”

കേളുമാഷ് കുറെ ഒഴിവുകഴിവുകൾ കുമാരനോട് പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല. അയാൾ പൊട്ടിപ്പൊട്ടിക്കരയുകയാണ്. കുമാരന്‍റെ ‘പൈ കരയുമ്പോലുള്ള നെലോളി’ കണ്ടപ്പോൾ മാഷുടെ മനസ്സലിഞ്ഞു.
“കുമാരാ അയ്യായിരം തെകച്ച് ഇപ്പം കയ്യിലില്ലാലോ. ഒരു മൂവ്വായിരം ഇപ്പം തരാം. ബാക്കി പിന്നെയാകട്ടെ. ബേഗം മടക്കിത്തരണം ട്ടോ. ഈട കൊറേ ആവശ്യള്ളതാ…”
മൂവ്വായിരം കിട്ടിയപ്പോൾ തന്നെ കുമാരന്‍റെ മുഖം തെളിഞ്ഞു. പക്ഷെ, ഒരാഴ്ച പിന്നിട്ടപ്പോൾ കുമാരൻ വീണ്ടും മാഷുടെ വീട്ടിൽ വന്നു.
“മാഷെ ആ ബാക്കി രണ്ടായിരം ഇനിയും കിട്ടീല്ലാല്ലോ?”.
മാഷ് അമ്പരന്നു. അപ്പോഴും ആ മാസത്തെ ശമ്പളം കൈയ്യിലെത്തിച്ചേരാത്ത നേരത്ത് ആ കൊടുത്ത മൂവ്വായിരം രൂപ എങ്ങനെയെങ്കിലും തിരിച്ചുകിട്ടിയാൽ നന്നായെന്ന് കരുതിയ മാഷ്, തിളച്ചുവന്ന അരിശമടക്കി കുമാരനോട് ശാന്തസ്വരത്തിൽ പറഞ്ഞു,
“കുമാരാ ശമ്പളം ഇതുവരെ കിട്ടീല്ല… ഇഞ്ഞി പിന്നെ വാ”
എന്നാൽ കുമാരൻ ആ രണ്ടായിരത്തിന്‍റെ കണക്ക് പറഞ്ഞ് മാഷെ നിരന്തരം പിന്തുടർന്നുകൊണ്ടിരുന്നു! മാഷെ എവിടെ കണ്ടാലും അയാൾ ഒരധികാരത്തോടെ,
“മാഷേ ആ രണ്ടായിരം ഇങ്ങള് ഇത് വരെ തന്നില്ലട്ടോ. ഇങ്ങള് മ്മളെ പറഞ്ഞ് പറ്റിച്ചല്ലേ മാഷെ. ഇങ്ങള് എന്തൊരു മാഷാ മാഷെ… “

ഒടുക്കം കുമാരനെ കാണുമ്പോൾ പണം കടം കൊടുത്ത കേളുമാഷ് ഓടിയൊളിക്കേണ്ട അവസ്ഥയായി. ആ വായ്പ കൊടുത്ത മൂവ്വായിരം രൂപ ഒരിക്കലും പിന്നെ കിട്ടിയതുമില്ല. പാവം കേളുമാഷ്!

(തുടരും)

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.