പൂമുഖം LITERATUREകഥ ചതുരംഗം

ചതുരംഗം

റിട്ടയേർഡ് ബ്രിഗേഡിയർ രാമചന്ദ്രൻ നായർ ഞങ്ങൾ കോളനിനിവാസികൾക്ക് പ്രിയപ്പെട്ട രമേട്ടനാണ്. രാമേട്ടൻ ഞങ്ങളുടെ ബോധമണ്ഡലത്തിലെ അമാനുഷിക വ്യക്തിത്വം തന്നെ.

എന്നാൽ ഇന്ന് കോളനിനിവാസികളെ ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഞങ്ങളുടെ വിശാലമായ ഹൗസിങ് കോളനിയുടെ ഗേറ്റ് കടന്നുവന്നുകൊണ്ടിരിക്കുകയാണ്.
രാമേട്ടന്റെ വേർപാടിനെക്കുറിച്ച് അടക്കം പറഞ്ഞുകൊണ്ട് കോളനിനിവാസികൾ അതിരാവിലെ തന്നെ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനു മുൻപിൽ കൂട്ടംകൂടി നിന്നു.

വര : മധുസൂധനൻ അപ്പുറത്ത്

കോളനി ഭരണസമിതിയിൽ അംഗങ്ങളായുള്ള ഞങ്ങൾ രാത്രി തന്നെ രാമേട്ടന്റെ ചിത്രം പതിച്ച ചരമഅറിയിപ്പ് കറുത്ത കൊടിയോടുകൂടി പ്രധാന ജംങ് ഷനുകളിൽ സ്ഥാപിച്ചിരുന്നു.

രാമേട്ടൻ കഴിഞ്ഞ മൂന്ന്‌ വർഷങ്ങളായി കോളനിയുടെ ഭരണസമിതി പ്രസിഡന്റ് ആയിരുന്നു.

പട്ടാളത്തിൽ നിന്നും ബ്രിഗേഡിയർ പദവിയിലിരുന്നു വിരമിച്ച രാമേട്ടൻ, കോളനിയിലെ സ്വന്തം പ്ലോട്ടിൽ, ഉദ്യാനത്തോടുകൂടിയ വിശാലമായ വീടൊരുക്കിയത്, സമാധാനപൂർണ്ണമായ വിശ്രമജീവിതം സ്വപ്നം കണ്ടുകൊണ്ടാണ്.

ഹൗസ് വൈഫ് ആയ ഭാര്യയും, ബാങ്ക് ജീവനക്കാരനായ ഏകമകനുമായി തികച്ചും സമാധാനജീവിതം നയിച്ചിരുന്ന രാമേട്ടന്റെ വിപുലമായ ലോകപരിചയവും, നേതൃപാടവവും ഞങ്ങൾ തിരിച്ചറിഞ്ഞത്, ഞങ്ങളുടെ കോളനിക്കുള്ളിലൂടെ അനധികൃതമായി ഒരു റോഡ് വെട്ടാൻ മുനിസിപ്പൽ അധികൃതർ ശ്രമിച്ചപ്പോഴാണ്.

ഈ കടന്നുകയറ്റം ചൂണ്ടിക്കാട്ടി രാമേട്ടന്റെ നേതൃത്വത്തിൽ ഉടനടി ഞങ്ങൾ മുനിസിപ്പാലിറ്റിക്കെതിരെ സിവിൽ കോടതിയെ സമീപിച്ച്, ഇൻജംക്ഷൻ ഉത്തരവ് വാങ്ങിയെടുത്തു. പിന്നീട്, രമേട്ടന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി മുനിസിപ്പാലിറ്റി ആ ഉദ്യമം വേണ്ട എന്ന് തീരുമാനിച്ചു.

ഇതോടെ രാമേട്ടൻ കോളനിനിവാസികൾക്ക് കണ്ണിലുണ്ണിയായി മാറി. ഞങ്ങളുടെ ഏകകണ്ഠമായ സ്നേഹാഭ്യർത്ഥന ഒന്നുകൊണ്ട്മാത്രം, കോളനി ഭരണസമിതിയുടെ പ്രസിഡന്റ് ആകാൻ രാമേട്ടൻ സമ്മതം മൂളുകയായിരുന്നു.

പിന്നീട് കോളനിയിൽ നടന്ന വികസന പ്രവർത്തനങ്ങൾ അത്ഭുതാവഹം തന്നെയായിരുന്നു എന്ന് പറയാതെ വയ്യ.

ഫുട്പാത്തുകളോടെയുള്ള വീതികൂടിയ റോഡുകൾ, ഉയരത്തിൽ തീർത്ത കുടിവെള്ള സംഭരണി, കോളനിക്കുള്ളിൽ പൊതുസ്ഥലത്ത് കുഴിച്ച ഒരിക്കലും വറ്റാത്ത കിണർ, ഭരണ സമിതിയുടെ കർശന നിർദ്ദേശങ്ങൾക്കുള്ളിൽ പണിത ഉദ്യാനത്തോടുകൂടിയ മനോഹര ഭവനങ്ങൾ, പൊതുസ്ഥലത്ത്‌ സ്ഥാപിച്ച പാർക്കും, ക്ലബ്ബ് ഹൗസും, സ്വിമ്മിങ്പൂളും, ഫുട്ബോൾ മൈതാനവും.എല്ലാം കയ്യൊതുക്കമുള്ള ഒരു ഇന്ദ്രജാലക്കാരന്റെ ചാരുതയോടെ രാമേട്ടൻ സാക്ഷാത്ക്കരിച്ചു. ഇതിന് എല്ലാ കോളനി നിവാസികളുടെയും ഒത്തൊരുമയോടെയുള്ള കായികവും, സാമ്പത്തികവുമായ, സജീവ പങ്കാളിത്തവും രാമേട്ടൻ ഉറപ്പുവരുത്തി.

കോളനിയുടെ ഉന്നമനം നഗരവാസികൾക്കിടയിൽ പാട്ടായി. കോളനിക്കുള്ളിൽ ഒരു വീടോ, പ്ലോട്ടോ, തരമാക്കാൻ പട്ടണത്തിലെ ധനാഢ്യന്മാർ തമ്മിൽ കിടമത്സരമായി. കോളനിയിൽ ഒരു വീട് അവർക്കിടയിലെ പൊങ്ങച്ചത്തിന്റെ പൊൻതൂവലായി മാറി. അങ്ങിനെ കോളനിക്കുള്ളിലെ സ്ഥലവില വാണംപോലെ കുതിച്ചുയർന്നു.

നേതൃത്വപാടവം കൊണ്ട് മാതൃകയായ രാമേട്ടനെ കോളനി നിവാസികൾ സ്നേഹവചനങ്ങളാൽ വീർപ്പുമുട്ടിച്ചു.
വർഷികാഘോഷങ്ങളിൽ വിശിഷ്ടാതിഥികൾക്കുപോലും പറയാനുണ്ടായിരുന്നത്, കോളനിയെ സ്വപ്നഭൂമിയാക്കിമാറ്റിയ രാമേട്ടന്റെ മാന്ത്രിക നേതൃത്വത്തെക്കുറിച്ചായിയുന്നു.

വര : മധുസൂധനൻ അപ്പുറത്ത്

ഇതിനിടയിൽ, സ്വന്തം വീട് സ്വർഗ്ഗതുല്ല്യമായി അദ്ദേഹം മോടിപിടിപ്പിച്ചിരുന്നു. ഉദ്യാനത്തിൽ ഊഞ്ഞാൽ ഇട്ടപ്പോഴും, വീട്ടിൽ ഒരു ഹോം തീയറ്റർ ഒരുക്കിയപ്പോഴും, അടുക്കള മൊഡ്യുലാർ കിച്ചനാക്കി മാറ്റിയപ്പോഴും, കിടപ്പറകളെല്ലാം ശീതീകരിച്ചപ്പോഴും, രാമേട്ടൻ ഞങ്ങളോട് സസന്തോഷം മൊഴിഞ്ഞത്, ഞങ്ങൾ സ്വന്തം മോളെപ്പോലെ, ഒരു മരുമകളെ വരവേൽക്കാൻ തയ്യാറാകുന്നു എന്നാണ്.

രാമേട്ടന്റെ ഏകപുത്രന്റെ വിവാഹം കോളനി നിവാസികളുടെ സജീവസാന്നിധ്യത്തിൽ, വർണ്ണശബളമായി നടന്നു. രാമേട്ടനോടുള്ള സ്നേഹബഹുമാനങ്ങളുടെ നിദർശനം എന്നവണ്ണം, വധൂവരന്മാരെ കോളനിനിവാസികൾ സമ്മാനങ്ങളും, ആശംസകളും കൊണ്ട് പൊതിഞ്ഞു. ഓരോ കോളനി നിവാസിക്കും അത് സ്വന്തം സഹോദരന്റെ മകന്റെ കല്ല്യാണമായിരുന്നു.

വീട്ടിലെത്തിയ മരുമകളെക്കുറിച്ച്, “അവൾ ഞങ്ങളുടെ മഹാലക്ഷ്മിയാണെ” ന്നായിരുന്നു വാത്സല്യത്തോടെ രാമേട്ടൻ ഞങ്ങളോട് അടക്കം പറഞ്ഞത്.

ജനാധിപത്യ മര്യാദയോടെയുള്ള കൂട്ടായ തീരുമാനങ്ങളും, കണക്കിലെ ക്ലിപ്തതയും, സുതാര്യതയുമെല്ലാം, കോളനിയുടെ ഭരണസമിതിക്ക് പുതിയ മാനങ്ങൾ നൽകി.
കാര്യനിർവഹണത്തിനു മുമ്പ് രാമേട്ടൻ നടത്തിയിരുന്ന സൂക്ഷ്മ നിരീക്ഷണത്തോടെയുള്ള പഠനങ്ങളും, അപഗ്രഥനങ്ങളും, സാമ്പത്തികമായിപ്പോലും എസ്റ്റിമേറ്റുകളെയും, മാസ്റ്റർപ്ലാനുകളെയും കവച്ചുവക്കുന്ന ഫലപ്രാപ്തി കൈവരിക്കാൻ ഭരണസമിതിയെ കെൽപ്പുള്ളതാക്കി.

ഇതിനിടയിലാണ് പൊടുന്നനെ രാമേട്ടൻ, ആരോഗ്യപരമായ കാരണങ്ങളാൽ താൻ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു എന്ന് കാട്ടി ഭരണസമിതിക്ക് രാജിക്കത്ത് നൽകുന്നത്.

പിന്തിരിപ്പിക്കാൻ ഞങ്ങൾ നടത്തിയ ശ്രമങ്ങളോട്, രാമേട്ടൻ പറഞ്ഞ മറുപടി, കോളനിയിൽ താൻ നടത്തിയ ഉദ്യമങ്ങളെയൊന്നും വീട്ടുകാർ വിലമതിക്കുന്നില്ല എന്നും അവർ ‘വാർധക്യം, ആരോഗ്യപരം’ എന്നിങ്ങനെയുള്ള കാരണങ്ങൾ കാട്ടി രാജിവക്കാൻ തന്നോട് നിരന്തരം ആവശ്യപ്പെടുന്നു എന്നും ആയിരുന്നു.

എന്തായാലും രാമേട്ടൻ പ്രസിഡന്റായി തുടരുമ്പോൾ തന്നെ മറ്റൊരാളെ ആക്ടിങ് പ്രസിഡന്റായി ഭരണ സമിതിക്ക് നിശ്ചയിക്കേണ്ടിവന്നു.

ഭാര്യയും, മകനും, മരുമകളും അടങ്ങുന്ന ചെറിയ കുടുംബം, താൻ പണിത വിശാലമായ വീട്ടിൽ, തന്നെ വൃദ്ധനും, രോഗിയുമാക്കിമാറ്റി അന്യവൽക്കരിക്കുന്നു എന്ന തിരിച്ചറിവ് രാമേട്ടനെ ദുഃഖിതനാക്കി. ഈ ദുഃഖം അദ്ദേഹം രഹസ്യമായി ഞങ്ങളോട് പങ്കുവച്ചിയുന്നു.

കുറേ നാളുകൾ രാമേട്ടനെ വീടിനുപുറത്തുകാണാതായപ്പോൾ ഞങ്ങൾക്ക് ഉൽക്കണ്ഠയായി.
രാമേട്ടനെ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോൾ, അദ്ദേഹത്തെ മുകളിലത്തെ ബെഡ് റൂമിലേക്കാക്കിയിരുന്നു. എന്നും കോണിയിറങ്ങി നിരന്തരം താഴെ വരുന്നത് അപകടം വിളിച്ചുവരുത്തും എന്നും മറ്റുമാണ് വീട്ടുകാർ പറഞ്ഞത്.

മുകളിലെ ബെഡ് റൂമിലെത്തി രാമേട്ടനുമായി ഞങ്ങൾ സംസാരിച്ചപ്പോൾ, ഞങ്ങളോട് അദ്ദേഹം ശബ്ദം താഴ്ത്തി മൊഴിഞ്ഞു, “എന്റെ ഈ വീട്ടിലെ സജീവസാന്നിധ്യം അവനും അവളും എന്റെ ഭാര്യയും ഇഷ്ടപ്പെടുന്നില്ല.”

പിന്നീട് രാമേട്ടനെ നിരന്തരം അന്വേഷിച്ചുചെല്ലുന്നത്, വീട്ടുകർക്കിഷ്ടപ്പെടില്ല എന്ന് മനസ്സിലാക്കി, അദ്ദേഹത്തെക്കാണാൻ ഞങ്ങളാരും പോയിരുന്നില്ല.

ഇതിനിടയിൽ കൂട്ടിലടക്കപ്പെട്ട കിളിയെപ്പോലെ വിശാല വിഹായസ്സിൽ പറക്കാനുള്ള അദമ്യമായ സ്വാതന്ത്ര്യമോഹം ഒന്നുകൊണ്ടുതന്നെയായിരിക്കണം രാമേട്ടന് ഒരു രാത്രി മാരകമായ ഒരു സ്ട്രോക്കുണ്ടായി.

ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്നും ഏതാനും ദിവസങ്ങൾക്കുശേഷം റൂമിലേക്ക് കൊണ്ടുവന്ന രാമേട്ടനെ കാണാൻ ഞങ്ങൾ പോയിരുന്നു. മുറിയിൽ ഞങ്ങൾ മാത്രമായപ്പോൾ അദ്ദേഹം അടക്കം പറഞ്ഞു, “അവരാരും എന്നോട് സ്നേഹത്തോടെ പെരുമാറുന്നില്ല; ഞാൻ മരിച്ചാലും എന്റെ സമ്പാദ്യവും, പെന്ഷന്റെ ഭൂരിഭാഗവും അവർക്ക് കിട്ടുമല്ലോ”.

സ്ട്രോക്ക് ശരീരത്തിന്റെ ഇടതുവശത്തിന്റെ തളർച്ചക്ക് കാരണമായി. ദിവസേന കഴിക്കേണ്ട മരുന്നുകളുടെ എണ്ണം നിരവധിയായി. ഒരു പൂർണ്ണരോഗിയായി മുദ്രകുത്തപ്പെട്ട് രാമേട്ടൻ വീണ്ടും വീട്ടുതടങ്കലിലായി.

ഒരുദിവസം പ്രഭാതത്തിലെ നടത്തത്തിനിടയിൽ, ഒരു കോളനിനിവാസി പറഞ്ഞ് ഞങ്ങൾ അറിഞ്ഞു, രാമേട്ടനെ തലേന്ന് രാത്രി വീട്ടുകാർ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റിയെന്ന്.നിജസ്ഥിതിയറിയാൻ ഞങ്ങൾ പല തരത്തിൽ ശ്രമിച്ചെങ്കിലും, വീട്ടുകാർ മറുപടി തരാതെ ഒഴിഞ്ഞുമാറി.
പെൻഷന്റെ വാർഷിക മസ്റ്ററിങ്ങിനുള്ള എഴുത്ത്‌, രാമേട്ടൻ കൈപ്പറ്റാനായി, അഡ്രസ്‌ തിരുത്തിയെഴുതി നൽകിയത്, മുൻനിശ്ചയപ്രകാരം, രഹസ്യമായി പോസ്റ്റ്മാൻ ഞങ്ങളെ കാട്ടിത്തന്നപ്പോഴാണ്, രാമേട്ടൻ ഏത് വൃദ്ധ സദനത്തിലാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.

ഉടനെ വിവരം തിരക്കാനായി ഞങ്ങൾ കുറച്ചുപേർ കാറിൽ മുപ്പത് കിലോമീറ്ററോളം അകലെയുള്ള, ആ വൃദ്ധസദനത്തിൽ എത്തി.

ഞങ്ങളെ കണ്ടയുടനെ രാമേട്ടൻ അദ്ദേഹത്തിന്റെ ദുഃഖങ്ങൾ എണ്ണിയെണ്ണി പറയാൻ തുടങ്ങി. തന്റെ ഡയറ്റും, മരുന്നുകളും, ദിനചര്യയും കുത്തഴിഞ്ഞ നിലയിൽ ആണെന്നദ്ദേഹം ഞങ്ങളോട് പറഞ്ഞു. നേരത്തെയുണ്ടായിരുന്നതിൽ നിന്നും, ഇരുപത് കിലോയെങ്കിലും ശരീരഭാരം അദ്ദേഹത്തിന് കൂടിയിരുന്നു. സ്ട്രോക്കും, ശരീരഭാരവും, മുട്ടുവേദനയും രാമേട്ടനെ സ്ഥിരമായി വീൽചെയർ സഞ്ചാരിയാക്കി.

ഉപദേശരൂപേണ അവസാനമായി ഞങ്ങളോടായി രാമേട്ടൻ പറഞ്ഞു,
“നമ്മൾ മഹാലക്ഷ്മിയെപ്പോലെ വീട്ടിലേക്കാനായിക്കുന്ന പെൺകുട്ടി, ചിലപ്പോൾ വീട്ടിലെത്തി കുറച്ചുനാൾക്കുള്ളിൽ, ചെസ്സ് ബോർഡിലെ റാണി എതിരാളികളോടെന്നതു പോലെ നമ്മളോട് പെരുമാറിയേക്കാം. നമ്മുടെ സദാചാരത്തിൽ പോലും മറ്റുള്ളവർക്ക് സംശയം ജനിപ്പിക്കുന്ന രീതിയിൽ കളവായി ഏഷണി പറഞ്ഞ് അച്ഛനെയും,മോനെയും ഭാര്യയെയും, ഭർത്താവിനെയും അവൾ തെറ്റിക്കും. അവളുടെ അധികാരക്കൊതിയുടെ ചതുരംഗപ്പോരിൽ ആരുവേണമെങ്കിലും ബലിയാടാകും. എന്റെ അനുഭവം അതാണ്, ഭാവിയിൽ നിങ്ങൾ സൂക്ഷിക്കണം”.

രാമേട്ടന്റെ മൃതദേഹവുമായി ആംബുലൻസ് അദ്ദേഹത്തിന്റെ വീട്ടുപടിക്കലെത്തി. സ്വന്തം ഭാര്യയുടെയും, മകന്റെ ഭാര്യയുടെയും അലമുറയിട്ടുള്ള കരച്ചിൽ കോളനിയിലാകെ അലയടിച്ചു.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.