സൂക്കുകൾ
അതിരാവിലെ തന്നെ കിളികളുടെ കലപില കേട്ടാണ് ഉണർന്നത്. കെട്ടിടത്തിൻ്റെ മുകൾത്തട്ടിൽ ഉള്ള പൂന്തോട്ടത്തിലെ ചെടികളിലും മരങ്ങളിലും കിളികൾക്ക് കൂട് വച്ചിട്ടുണ്ട്. അവയുടെ ശബ്ദമാണ് അലാറം പോലെ ഞങ്ങളെ ഉണർത്തിയത്. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത് ശീലമായി.
ഞങ്ങൾ വേഗം തയ്യാറായി താഴേക്ക് പോയി. അവിടെയുള്ള നടുമുറ്റത്താണ് പ്രാതൽ വിളമ്പുന്നത്. തൊട്ടടുത്ത് തന്നെയുള്ള അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണം യൂണിഫോം ഇട്ട ഒരാൾ കൊണ്ടു വന്ന് വിളമ്പുകയാണ് ചെയ്യുന്നത്. സ്ത്രീകളാണ് പാചകക്കാർ അവരും യൂണിഫോമിൽ തന്നെ, ഇംഗ്ലീഷ് അറിയാത്തതു കൊണ്ടാകാം അവർ ഇടക്ക് വന്ന് സലാം പറഞ്ഞു പോകുകയേ ഉള്ളു. ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ എല്ലാം ഖാലിദ് ആണ്. ഞങ്ങളെ സൽക്കരിച്ചത്. ഇംഗ്ലീഷും ഫ്രഞ്ചും അറബിയും സംസാരിക്കുന്ന ഖാലിദിന് മൊറോക്കൻ ചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും നല്ല അറിവുണ്ട്. മിക്കവാറും ദിവസങ്ങൾ ഞങ്ങൾ പോകുന്ന സ്ഥലങ്ങളെപ്പറ്റി ഇദ്ദേഹത്തോട് വിവരങ്ങളൊക്കെ അന്വേഷിച്ച ശേഷമാണ് പുറപ്പെടുക. ചോദ്യങ്ങൾക്കൊക്കെ വളരെ ക്ഷമയോടും സന്തോഷത്തോടും മറുപടി ലഭിക്കും. വളഞ്ഞ് പുളഞ്ഞ ഇടവഴികളെപ്പറ്റി ആലോചിച്ചപ്പോൾ ആദ്യ ദിവസം മടങ്ങി വരാൻ ബുദ്ധി മുട്ടാകുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു; പക്ഷേ ഗൂഗിൾ മാപ്പ് ഞങ്ങളുടെ രക്ഷക്കെത്തി.
വളരെ മനോഹരമായ നടുമുറ്റം പകൽ വെളിച്ചത്തിൽ കണ്ടപ്പോൾ കുറേക്കൂടി ഇഷ്ടം തോന്നി. മൊറോക്കൻ ശൈലിയിൽ തടിപ്പണികളും മറ്റും ചെയ്ത ഫർണിച്ചർ കണ്ടപ്പോൾ അത്തരം ചിലത് വാങ്ങാൻ പറ്റാത്തത്തിൽ ദുഃഖം തോന്നി. Riad Les trios palmiers എന്നാണ് ഈ ഹോട്ടലിന്റെ പേര് ഈ നടുമുറ്റത്ത് മൂന്ന് വലിയ പനകൾ ഉണ്ടായിരുന്നുവത്രേ! ഇതിൻറെ ആദ്യ ഉടമസ്ഥർ നട്ടുപിടിപ്പിച്ചതായിരുന്നു. എന്നാൽ പിൽക്കാലത്ത് പാട്രിക് ഇതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത ശേഷം കുറേക്കാലം അത് അവിടെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് വളരെ കൂടുതൽ വളർന്നപ്പോൾ കെട്ടിടത്തിന്റെ ഉറപ്പിന് തന്നെ അത് ഭീഷണിയാകുമെന്ന് തോന്നിയതു കൊണ്ട് അദ്ദേഹം അത് മുറിച്ചു മാറ്റുകയായിരുന്നു. അങ്ങനെ പനകൾ പോയെങ്കിലും പേര് ബാക്കിയായി.

കുണ്ടനിടവഴികളെല്ലാം പിന്നിട്ട് മെയിൻ റോഡിൽ എത്തുമ്പോഴേക്കും വഴിയുടെ ഇരുവശവും ധാരാളം കടകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവയിൽ അധികവും ടൂറിസ്റ്റുകൾക്ക് താല്പര്യമുള്ള തനത് മൊറോക്കൻ കരകൗശല വസ്തുക്കളും വസ്ത്രങ്ങളും വില്പനയ്ക്ക് വെച്ചിരിക്കുന്നവയാണ്. ഇടവഴികൾ മിക്കവയും പൂർണ്ണമായും കല്ലു പാകിയവയാണ്. വെള്ളം ഒഴുകിപ്പോകാൻ അവിടവിടെ ഓവുചാലുകൾ ഉണ്ട്. റോഡിൻറെ ചില ഭാഗങ്ങൾ മുകളിൽ ടാർപ്പാളിൻ കെട്ടി വെയിലിൽ നിന്ന് സംരക്ഷിച്ചിരിക്കുന്നു. ഞങ്ങൾ യാത്ര ചെയ്ത സമയത്ത് 32 ഡിഗ്രി ആയിരുന്നു ചൂട്. ഏപ്രിലിൽ സാധാരണ ഇത്ര ചൂടുണ്ടാകാറില്ല എന്ന് പറഞ്ഞു കേട്ടു.
ധാരാളം യൂറോപ്യന്മാരെയും ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും വഴിയിൽ കണ്ടു. അവരുടെ ഇംഗ്ലീഷ് ആക്സൻറിന്റെ പ്രത്യേകത കൊണ്ട് തന്നെ അവരെ തിരിച്ചറിയുക എളുപ്പമായിരുന്നു. ഇന്നാട്ടുകാർ പാരമ്പര്യ രീതിയിലുള്ള ജീവിതശൈലി പിന്തുടരുന്നവർ ആണെങ്കിലും ഇവിടെ ടൂറിസ്റ്റുകൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ച് നടക്കുന്നത് കണ്ടു. കടക്കാരുൾപ്പെടെ നാട്ടുകാർ ആരും തന്നെ അല്പവസ്ത്ര ധാരിണികളോട് പോലും ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറുന്നത് കണ്ടില്ല. കോവിഡും പിന്നിട് ഉണ്ടായ ഭൂകമ്പങ്ങളും മൊറോക്കോയുടെ സാമ്പത്തിക നില വഷളാക്കിയിരുന്നു. ഇതുമൂലം വിദേശ സന്ദർശകരെ അവർ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ദരിജ(Darija) എന്നറിയപ്പെടുന്ന പ്രത്യേക മൊറോക്കൻ അറബി സംസാരഭാഷയാണ് ഇവിടെ സാധാരണ ആളുകൾ ഉപയോഗിക്കുന്നത് മുൻപ് ഫ്രഞ്ച് കോളനി ആയിരുന്നത് നിമിത്തം ഫ്രഞ്ചും ധാരാളമായി കേൾക്കാം. എന്നാൽ ടൂറിസ്റ്റുകൾ അധികമുള്ള ഇടങ്ങളിൽ മിക്കവാറും എല്ലാവർക്കും തന്നെ അത്യാവശ്യം ഇംഗ്ലീഷ് വാക്കുകൾ പറയാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. സ്പെയിനിനോട് അടുത്ത് കിടക്കുന്ന വടക്കൻ ഭാഗങ്ങളിൽ സ്പാനിഷ് സംസാരിക്കുന്ന ധാരാളം പേരുണ്ട്. പക്ഷേ മൊറോക്കോയിലെ ഔദ്യോഗിക ഭാഷകൾ രണ്ടെണ്ണമാണ് അറബി ഭാഷയും അമാസിഗ്(Amazigh) എന്ന ബർബർ ഭാഷയും. അറബികൾ എത്തുന്നതിന് വളരെ മുൻപ് തന്നെ മരാക്കേഷിൽ ജീവിച്ചിരുന്ന ഗോത്രവർഗ്ഗങ്ങളാണ് അമാസിഗുകൾ അഥവാ ബർബറുകൾ. മൊറോക്കോയിലും സമീപരാജ്യങ്ങളിലുമായി ഇവരുടെ എണ്ണം ഏകദേശം 36 മില്യൻ ആണ്. യൂറോപ്പിൽ മൂറുകൾ എന്നും ഇവർ അറിയപ്പെടുന്നു. ഈ ഭാഷക്ക് നൽകുന്ന പ്രോത്സാഹനത്തിൻ്റെ ഭാഗമായി, മ്യൂസിയങ്ങൾ, വഴിവക്കിലുള്ള സ്ഥലപ്പേരുകളുടെ അടയാളങ്ങൾ എന്നിവയിൽ അമാസിഗ് ഭാഷയിലും എഴുതിയിട്ടുണ്ടാവും.

അക്കാലത്തെ കച്ചവട സംഘങ്ങളുടെ സഞ്ചാര പാതയിലെ വിശ്രമ കേന്ദ്രങ്ങൾ ആയിരുന്ന കാരവൻ സരായികൾ പ്രവർത്തിച്ചിരുന്ന പല പഴയ കെട്ടിടങ്ങളും അവിടവിടെ കണ്ടു. ഫൊണ്ടക്ക് എന്ന പേരിൽ ഇവ ഇപ്പോഴും കച്ചവടകേന്ദ്രങ്ങളായും ആലകളായും പണിശാലകളായും പ്രവർത്തിക്കുന്നു. കഠിനാധ്വാനികളായ ഇന്നാട്ടിലെ മനുഷ്യർ അവർക്ക് ആവശ്യമുള്ള വസ്തുക്കൾ സ്വയം നിർമ്മിച്ചെടുക്കുന്ന കാഴ്ച അവിടം സന്ദർശിച്ചപ്പോൾ കണ്ടു. ഇരുമ്പ് കൊണ്ടുള്ള പണിയായുധങ്ങൾ, പൂട്ടുകൾ, താക്കോലുകൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ എന്നിവ ഈ നാട്ടിലെ പുരുഷന്മാർ തങ്ങളുടെ ആലകളിൽ പണ്ട് കാലത്തെപ്പോലെ നിലത്ത് കുത്തിയിരുന്ന് നിർമ്മിച്ചെടുക്കുന്നു. ഒരിടത്ത് ഒരു പ്രത്യേക തരം ഉപകരണം കൊണ്ട് ഒരു തടിക്കഷണം നിമിഷങ്ങൾ കൊണ്ട് രാകിയെടുത്ത് ഒരു ചെറിയ ലോക്കറ്റ് ഉണ്ടാക്കി, ഒരു കറുത്ത ചരടിലാക്കി ഒരു നെക്ക് ലെയ്സ് ഉണ്ടാക്കി അവിടെയിരുന്ന ഒരു അപ്പുപ്പൻ മകൾ ആമിക്ക് കൊടുത്തു. തടികൾ കടഞ്ഞെടുക്കുന്ന വിധവും മറ്റും അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. ഈ ഫണ്ടൂക്കിന്റെ മറ്റു ഭാഗങ്ങളിൽ പലതരം സുഗന്ധ വ്യജ്ഞനങ്ങൾ, പലതരം കല്ലുകൾ പൊടിച്ചുണ്ടാക്കിയ നിറമുള്ള പൊടികൾ, സൗന്ദര്യ സംവർദ്ധക വസ്തുവായി ഉപയോഗിയ്ക്കുന്ന ആർഗോൺ എണ്ണ ഉണ്ടാക്കുന്ന ചക്കക്കുരുവിന്റെ ആകൃതിയിലുള്ള കായകൾ, ഉണക്കിയ പലതരം പഴങ്ങൾ, പ്രത്യേക തരം ചിത്രവേലകൾ ചെയ്ത സെറാമിക് ടൈലുകൾ, എന്നിവ വില്പനക്ക് വച്ചിരുന്നു. ഇവിടെ സാധാരണമായ മറ്റൊരു ചെടിയുടെ ഉണങ്ങിയ പൂവ് ഒരു കൂനയായി ഒരിടത്ത് കണ്ടു ഇതിൻ്റെ ഓരോ ഭാഗമായി പൊട്ടിച്ചെടുത്ത് പല്ലുകുത്തിയായി ഉപയോഗിയ്ക്കുന്നു എന്നാണ് അവിടെ നിന്ന പെൺകുട്ടി വിശദീകരിച്ചത്.
തുകൽ ഉല്പന്നങ്ങൾക്ക് മരാക്കെഷ് വളരെ പ്രസിദ്ധമാണ്. പല നിറങ്ങളിലുള്ളതും എംബ്രോയിഡറി ചെയ്തതുമായ വാനിറ്റിബാഗുകൾ, ചെരിപ്പുകൾ, ബെൽറ്റുകൾ, കുഷനുകൾ, എന്നിവ അവിടെ വില്പനക്കുണ്ടായിരുന്നു. ഉണങ്ങിയ പുല്ലു കൊണ്ട് മെടഞ്ഞ ബാഗുകൾ പനയോല ത്തൊപ്പി, പായകൾ, താലങ്ങൾ എന്നിവ മറ്റൊരു കാഴ്ച്ച! കടും മഞ്ഞ പോലെ അസാധാരണ നിറങ്ങളിലുള്ള ചെരുപ്പുകൾ ഇവിടെ കാണാം. അധികം നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ അണിയാത്ത പുരുഷന്മാർ പോലും തുന്നൽ പണികളും മറ്റ് അലങ്കാരങ്ങളും ഉള്ള കടും നിറത്തിലുള്ള ചെരുപ്പുകൾ ധരിച്ചു കണ്ടു. ഇത്തരത്തിലുള്ള ധാരാളം ചെരുപ്പ് കടകൾ ഞങ്ങൾ സഞ്ചരിച്ച വഴികളിൽ എല്ലാം തന്നെ ധാരാളമായി കണ്ടു.

കേരളത്തിൽ പഴയകാലത്ത് ചിലയിടങ്ങളിൽ ഉപയോഗിച്ചിരുന്ന ‘കുഴിഞ്ഞറി’കളിൽ ഇരുന്ന് ചില കടകളിൽ വിരികളും കാർപ്പറ്റുകളും പുതപ്പുകളും നെയ്യുന്നുണ്ടായിരുന്നു. കളിമൺ പാത്രങ്ങൾക്ക് പ്രസിദ്ധമാണ് മരാക്കെഷ്. കൈകൊണ്ടു വരച്ചു ചേർത്ത മനോഹരമായ ചിത്രങ്ങളും ഡിസൈനുകളും പലതരം പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്ള ധാരാളം കടകൾ വഴിയരികിൽ ഉണ്ടായിരുന്നു.
Sidi Abou Faris Abdul AsisTebbaaൻ്റെ മുസോളിയം വഴിയരികിൽ ഒരിടത്ത് കണ്ടു ഇദ്ദേഹം മാരക്കാഷിൻ്റെ 7 ദിവ്യന്മാരിൽ ഒരാളാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു സൂഫി പണ്ഡിതനും ശാസ്ത്രകുതുകിയും സാസ്കാരിക നേതാവും ആയിരുന്നു. കുറെപ്പേർ അവിടെ നിന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
അവിടവിടെ ഹമാമുകൾ((spa) കണ്ടു. തുർക്കിയിൽ അതുപോലെ തന്നെ മൊറോക്കോയിലും ഹമാമുകൾ ഇവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. പഴയകാലത്ത് സാധാരണക്കാരുടെ വീടുകളിൽ കുളിപ്പുരകൾ ഉണ്ടാകാറില്ല.അങ്ങനെയുള്ളവർ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം പണംകൊടുത്ത് ഹമാമുകളെ പോയി കുളിയും ആവശ്യമെങ്കിൽ മസാജുകളും മറ്റും നടത്തുന്ന രീതി പഴയകാലം മുതൽ തന്നെ നിലവിലുണ്ടായിരുന്നു. പ്രത്യേകതരം മസാജുകൾ. ആവി കൊണ്ട് ശരീരം വിയർപ്പിക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുന്ന പല തരം മുറികളുണ്ട്. ഓരോരുത്തരുടെ ആവശ്യം അനുസരിച്ച് സേവനങ്ങൾ തിരഞ്ഞെടുക്കുകയും അതനുസരിച്ച് പണം കൊടുക്കുകയും ചെയ്യാം ഒരു യൂറോ മുതൽ 25യൂറോയ്ക്ക് തുല്യമായ ദിനാർ ആണ് ഇതിനായി നൽകേണ്ടത്.
അടുത്ത് തന്നെ ‘മേസൺ സുക്രീ’ എന്നപേരിലുള്ള ഒരു ബേക്കറി കണ്ടു. ഇവിടെ വീഗൻസിന്(Vegans)പ്രത്യേകത താല്പര്യമുള്ള ഒരു വിഭവം വിൽക്കുന്നുണ്ടായിരുന്നു. ബദാമിന്റെ പൊടി കൊണ്ട് ഉണ്ടാക്കിയ ഈ പേസ്ട്രിയ്ക്കുള്ളിൽ നാരങ്ങ, ഈത്തപ്പഴം, കോഫി, ഉണക്കമുന്തിരി, എന്നിവയുടെ ഫ്ലേവറുകളിലുള്ള ഫില്ലിങ്ങുകൾ നിറച്ചാണ് ഇത് ഉണ്ടാക്കുന്നത്. കാഴ്ചയ്ക്ക് വളരെ മനോഹരമായ ഈ പേസ്ട്രികൾ രണ്ടെണ്ണം വാങ്ങി ഞങ്ങൾ കഴിച്ചു നോക്കി. അത്ര വിശേഷം തോന്നിയില്ല. മൊറോക്കോയുടെ തനതായ ഒരു വിഭവമായത് കൊണ്ടാവാം ധാരാളം പേർ വാങ്ങുന്നുണ്ടായിരുന്നു.

ഈ നാടിൻ്റെ പ്രത്യേക ഉൽപ്പന്നമായ ആർഗൺ ഓയിൽ വിൽക്കുന്ന കടകൾ അവിടവിടെ കണ്ടു. ചിലയിടങ്ങളിൽ അത് ഉണ്ടാക്കുന്ന രീതി പ്രദദർശിപ്പിക്കുന്നുണ്ടായിരുന്നു പണ്ട് കാലത്ത് കേരളത്തിൽ പലയിടങ്ങളിലും ഉപയോഗിച്ചിരുന്ന തിരികല്ല് പോലെ ഒരെണ്ണം ഉപയോഗിച്ചാണ് ഇതിൽ നിന്നും എണ്ണ ആട്ടിയെടുക്കുന്നത്. തദ്ദേശീയർ ഇവിടെ പാചകത്തിനും സാലഡിലും രാവിലെ റൊട്ടിയിൽ പുരട്ടി കഴിക്കാനും ഇത് ഉപയോഗിക്കുന്നു. മണ്ണിൻ്റെ ഉറപ്പും നനവും നിലനിർത്താന്നും സഹാറയുടെ അടുത്ത് കിടക്കുന്ന മൊറോക്കോയിലേക്ക് മരുഭൂമി അതിക്രമിച്ച് കടക്കാതിരിക്കാനുമായി ഭരണ കർത്താക്കൾ ഇതിൻ്റെ കൃഷി പ്രോത്സാഹി പ്പിക്കുന്നുണ്ട്. ഇതിൻ്റെ പിണ്ണാക്ക് കന്നുകാലികൾക്ക് ഭക്ഷണമായി ഉപയോഗിക്കുന്നു.