പൂമുഖം LITERATUREനർമ്മം കേളുമാഷ് (ഭാഗം-9)

കേളുമാഷ് (ഭാഗം-9)

വര: പ്രസാദ്‌ കാനാത്തുങ്കല്‍

കേളു മാഷ് പഠിപ്പിക്കുന്ന സ്‌കൂളിനടുത്തുള്ള പറമ്പിലാണ് കുമാരന്‍റെ ചായപ്പീട്യ. കേളു മാഷ് ഇടവേളനേരത്ത് ചായപ്പീട്യെന്ന് രണ്ട് കഷ്ണം പ്ട്ടും പപ്പടോം കഴിക്കുക പതിവാണ്. വീട് വിട്ടാൽ കേളു മാഷ് ചായ കഴിക്കുന്ന ഏക പീട്യാണത്. അത് കൊണ്ട് മാഷിന് മാത്രം സ്പെഷൽ പിഞ്ഞാണത്തില്‍‍ മൂപ്പര്‍ക്കിഷ്ടപ്പെട്ട പൊടിച്ചായയും കുമാരന്‍റെ വക കാണും.

കിട്ടിയ ചൂടുചായ ഒന്നൂതി, ഒച്ചയോടെ രണ്ട് കവിൾ അകത്താക്കിയശേഷം പപ്പടം പുട്ടിൽ ചേർത്ത് പൊടിച്ച്, പിന്നെ രണ്ടും ചേർത്ത് ”ഞമുണ്ടിയ” ശേഷം അതിൽ നിന്നും ‘ഒരുരുട്ട’ വായിൽ തള്ളി ചവയ്ക്കുന്നതിന്നിടയിൽ കേളു മാഷ് കുമാരനോട് ചോദിച്ചു.

“അല്ല കുമാരാ.. ഇനിക്കെന്താ ഈയ്യിട്യായിറ്റ് ഒരു പ്രയാസം പോലെ. മീട് ബെല്ലാണ്ട് ബാടീക്കല്ലോ”
ആ ചോദ്യം കേൾക്കാനാഗ്രഹിച്ചപോലെയായി കുമാരൻ. അതിനാൽ ധൃതിയിൽ, അതീവ സങ്കടത്തോടെ കുമാരൻ അക്കാര്യം പറഞ്ഞുതുടങ്ങി.

“കേളു മാശെ ഇങ്ങള് ചോയിക്കാൻ ബേണ്ടി കാത്തിരിക്യായിനും ഞാൻ… എനക്ക് ബെശമേണ്ട്‌… എന്‍റെ ചെക്കൻ തീരെ ബെടക്കായിപ്പോയി.. ഓൻ ഇങ്ങളേടത്ത് ബെരുന്നതും നിർത്തി, ഈട പീട്യേൽ കുത്തിരിക്കുന്നതും നിറ്ത്തി… ഇപ്പം ബെറ്തെ ബീട്ടിലിരിക്വാ. ഇങ്ങള് ഓനെ നന്നായൊന്ന് ഉപദേസിക്കണം. ചെക്കനെ ഇപ്പം തന്നെ ഞാൻ ഈട ബെരുത്താം.”

അഞ്ച് മിനുട്ടിനകം തന്‍റെ മകൻ പത്താം ക്ലാസുകാരൻ അശോകനെ കേളു മാഷടെ മുമ്പിൽ കുമാരൻ ഹാജരാക്കി.
മാഷ് അശോകനെ അടിതൊട്ട് മുടിവരെ ഒന്ന് തിരിച്ചും മറിച്ചും നോക്കിയ ശേഷം ഒറ്റച്ചോദ്യം.
“ഇഞ്ഞെന്താ അശോകാ പഠിക്വോന്നും ചെയ്യാണ്ട് ഇങ്ങനെ ബീട്ടിൽ ബെറ്തെ ഇരിക്ക്ന്ന്? ഇനിക്ക് പഠിച്ചൂടെ”

മാഷ്‌ടെ മോത്ത് നോക്കാതെ ഒരു മറുചോദ്യമായിരുന്നു അശോകന്‍റെ ഉത്തരം.
“അല്ല, സേറ് പഠിച്ചിട്ടെന്താ കാര്യം?”

ആ ചോദ്യം മാഷെ ഒന്നിരിത്തി ചിന്തിപ്പിച്ചെങ്കിലും ഒട്ടും തളരാതെ മൂപ്പർ അടുത്ത വെടി പൊട്ടിച്ചു.
‘പഠിച്ചാല് ഇനിക്ക് നല്ല ജോലി കിട്ടൂലെ…”

അശോകന്റെ മറുപടി ചോദ്യം ഉടനെ വന്നു.
”നല്ല ജോലി കിട്ടീട്ടെന്താ കാര്യം മാശെ?

“ജോലി കിട്ട്യാ പിന്നെടോ ഇനിക്ക് ഒരു സുന്നരി പെങ്കുട്ടീനെ മംങ്ങലം കയിച്ചൂടെ….”

‘സുന്നരീനെ മംങ്ങലം കയിച്ചിട്ടെന്താ കാര്യം മാശെ”
ഉയർന്നുവന്ന രോഷമടക്കി മാഷ് തുടർന്നു.

“എടോ പൊട്ടൻ കൊശവാ … സുന്നരീനെ കയിച്ചിട്ടെന്താന്ന് ചോയിക്കുന്ന ലോകത്തിലെ ഏക പൊട്ടൻ ഇഞ്ഞാ…
(ചിരിച്ച് കൊണ്ട് ഉച്ചത്തിൽ) എടോ ഇങ്ങക്ക് നല്ല ഉസിരുള്ള മക്കള്ണ്ടാവൂലെ…”

“ഇങ്ങനെ ഓളേം മക്കളേം ഇണ്ടാക്കീറ്റ് എനക്കെന്താ കാര്യം മാശെ..”

“ഇനിക്ക് മക്കളെ പഠിപ്പിച്ച് ബെല്താക്കാലോ…”

‘ഇങ്ങനെ മക്കളെ പഠിപ്പിച്ച് ബെലുതാക്കീട്ടെന്താ കാര്യം മാശെ?” അശോകൻ വിടുന്ന മട്ടില്ല.

‘പിന്നെ ഓലിക്ക് ഓരോ ജോലീം കൂടി ശര്യായായാൽ, അയിറ്റേളെ മംങ്ങലം കയിപ്പിക്വേം ചെയ്യാലോ? അതൊക്കെ എമ്മാതിരി രസാന്നാ ഇഞ്ഞി ബിചാരിച്ചേ? ഭയങ്കര രസേല്ലേ”

‘അല്ല മാശെ തീരെ തിരിയായിറ്റ് ചോയിക്വാന്നേ… ഞാനന്തിനാ ഇങ്ങളീപ്പറഞ്ഞ പണിയൊക്കെ ചെയ്യ്ന്നേ? ആലോശിച്ചിട്ട് ഒരു പുടീം കിട്ട്ന്നില്ല. ഇങ്ങള് അയിന് മാത്രം സമാധാനം പറ”

“എടാ, പിന്നെയല്ലേ സൊഖം. പരമ സൊകം… ഇഞ്ഞി ദച്ചപ്പെട്ടില്ലടോ…. പിന്നെ ഇനിക്ക് കാര്യായ പണിയൊന്നും ചെയ്യണ്ടാലോ….

ഒന്നും ആലോചിക്കാണ്ട് ബെറ്തെ ഇരിക്കാലോ… ചാവ്ന്ന ബെരെ ബെറ്തെ ഇരിക്കാലോ… പിന്ന സുഖായീലെ അശോകാ”

“ഇങ്ങളെന്ത്ന്നാ മാഷെ ഇപ്പറേന്നെ! ഞാനിപ്പളേ ബെറ്തെ ഇരിക്ക്യല്ലേ കേള്വാശെ”… ഇങ്ങനെ ബളഞ്ഞ് പിടിച്ച് മൂക്ക് പിടിക്കണോ മാശെ…

പിന്നീട് ഒരിക്കലും കേളുമാഷ് കുമാരന്റെ പീടികയിൽ കയറിയില്ലെന്നാണ് പേരാമ്പ്രക്കാരുടെ അടക്കം പറച്ചിൽ.

‘കുമാരന്‍റെ മോൻ അസോകൻ ഈഡയൊന്നും നിക്കണ്ട ആളല്ലെന്നാ” കേള്മാഷ് പിന്നെ കണ്ട്യോലോടെല്ലം പറഞ്ഞതും.

അങ്ങനെ അശോകൻ ബഹുകേമനുമായി.

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.