പൂമുഖം TRAVEL അസം ഓര്‍മ്മകള്‍ – 3

അസം ഓര്‍മ്മകള്‍ – 3

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കാംരൂപ് എക്സ്പ്രസിൽ ആയിരുന്നു തുടർന്നുള്ള യാത്ര. പ്ലാറ്റ്ഫോമിലെ വലിയ തിരക്കും കമ്പാർട്ട്മെന്റിന്‍റെ സ്ഥാനമറിയാതിരുന്നതും മൂലം ബാഗുകളും തൂക്കി ഓടിക്കിതച്ച് വണ്ടിയിൽ കയറിപ്പറ്റാൻ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴേക്കും വണ്ടി ചൂളംവിളിച്ച് പുറപ്പെട്ടിരുന്നു. സീറ്റുകൾ കുട്ടികളും അമ്മമാരുമെല്ലാം കൈയ്യടക്കിയിട്ടുണ്ട്. ടി.ടി.ആർ വന്നപ്പോഴാണ് മനസ്സിലായത് അടുത്ത കമ്പാർട്ടുമെന്റിലാണ് ഞങ്ങൾ കയറേണ്ടതെന്ന്… ഏതായാലും അങ്ങോട്ട് മാറി സീറ്റ് തരപ്പെടുത്തി. ആ യാത്ര വല്ലാത്തൊരനുഭവം തന്നെയായിരുന്നു…

ബംഗാളിയും ഹിന്ദിയും ആസ്സാമീസുമെല്ലാം സംസാരിക്കുന്നവരുടെ ബഹളങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട് രണ്ടു മലയാളീസ്…. വൃത്തിഹീനമായ ബോഗി… ചുറ്റിലും പാൻ മസാലകളുടെ ഗന്ധം വമിക്കുന്ന മുഖങ്ങൾ മാത്രം….

ഇടയ്ക്കൊരു ഗ്രാമത്തിൽ വണ്ടി പിടിച്ചിട്ടപ്പോൾ പുറത്തു കണ്ട കാഴ്ചകളിലൊന്ന് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. പനയിൽ നിന്ന് കള്ള് ശേഖരിക്കുന്ന തൊഴിലാളിയുടെ കൂടെയെത്തിയ രണ്ടു കുട്ടികൾ. സഹോദരി സഹോദരന്മാരാകാനാണ് സാധ്യത. പെൺകുട്ടിയുടെ ഒരു കൈയിൽ കളിപ്പാട്ടത്തിനൊപ്പം ഒരു പൊതിയുണ്ട്. മറുകൈയിൽ പേരയ്ക്ക പോലെയുള്ള ഏതോ കനിയും. ചൂട് കാരണം വണ്ടിയിൽ നിന്ന് പുറത്തിങ്ങി നിൽക്കുന്നവരെ കൗതുകത്തോടെ വീക്ഷിച്ച് കൊണ്ടാണ് രണ്ടുപേരുടെയും നിൽപ്പ്. ഇടയ്ക്ക് കൈയിലുള്ളത് വീതംവച്ച് നുണയുന്നുമുണ്ട്… ദാരിദ്ര്യത്തിനിടയിലും തന്‍റെ ചുറ്റുപാടുമുള്ള പ്രകൃതിയെ അടുത്തറിഞ്ഞ് ബാല്യം ആസ്വദിച്ചു കഴിയുന്ന, ‘പഥേർപാഞ്ചാലി’യിലെ ദുർഗ്ഗയേയും ചെറിയ കുസൃതികളുമായി ഒപ്പം ചേരുന്ന സഹോദരൻ അപുവിനെയും ഓർമ്മയിലേക്കെത്തിക്കുന്നതായിരുന്നു ഈ കാഴ്ച. അതിനാൽ ആ കുഞ്ഞുങ്ങൾക്ക് ചുറ്റിലും ഞാൻ കാറ്റത്തുലഞ്ഞാടുന്ന മനോഹരമായ കാശ് പൂക്കളെ തിരഞ്ഞു. എവിടെ ?… ഇനി ആ കുശദർഭകൾ അവിടെ വളരുന്നുണ്ടെങ്കിൽ തന്നെ ഈ ജൂലായ് മാസത്തിൽ അവ എങ്ങനെ പൂവിടാനാണ്…

1980 ൽ പ്രീഡിഗ്രിപഠന കാലത്താണ് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയും സത്യജിത്ത് റേയുമെല്ലാം മനസ്സിൽ കൂടിയേറുന്നത്. ഇംഗ്ലീഷ് ഗദ്യപുസ്തകമായ ‘ഫൂട്ട് പ്രിന്റ്സ് ‘ ൽ പഥേർ പാഞ്ചാലിയുടെ ആദ്യനാളിലെ ഷൂട്ടിങ്ങ് അനുഭവങ്ങൾ വിശദീകരിച്ചിരുന്നല്ലോ. 1952 ലെ പൂജ അവധിക്കാലത്താണ് ദുർഗ്ഗയും അപ്പുവും കരിമ്പുക തുപ്പിക്കൊണ്ട് നീങ്ങുന്ന തീവണ്ടി കാണാനെത്തുന്ന ഭാഗം ബൊറാൽ ഗ്രാമത്തിലെ ‘പാൽസിറ്റ് ‘ റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ച് സത്യജിത്ത്റേ ചിത്രീകരിച്ചത്. അടുത്ത ആഴ്ച വീണ്ടും അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച സങ്കടപ്പെടപ്പെടുത്തുന്നതായിരുന്നത്രെ…. കാശ് പൂക്കളെല്ലാം കന്നുകാലികൾ മേഞ്ഞ് നശിപ്പിച്ചിരിക്കുന്നു. കഷ്ടം ! അദ്ദേഹത്തിന് അടുത്ത ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വന്നു തുടർന്നുള്ള ഭാഗം ചിത്രീകരിക്കാൻ എന്നത് ചരിത്രം.

Credit: Lokogandhar

യാത്രയുടെ അവസാന മണിക്കൂറുകൾക്കിടയിൽ പരിചയപ്പെട്ട ഗുവാഹത്തിയിലെ ഒരു റെഡിമെയ്ഡ് വസ്ത്രവ്യാപാരി ഞങ്ങൾക്കൊരു തുണയായി. മണിക്കൂറുകളോളം വൈകി രാത്രി 12 മണിക്കു ശേഷമാണ് ട്രെയിൻ വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടം എന്നു വിളിക്കുന്ന ഗുവാഹത്തിയിലെത്തുന്നത്.

അസമയത്താണ് സ്റ്റേഷനിൽ എത്തുന്നതെങ്കിൽ നേരം വെളുത്തിട്ട് പുറത്തു പോയാൽ മതിയെന്നൊക്കെ പലരും ഞങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അക്കാര്യം ഞങ്ങൾ ഒന്ന് ചർച്ചയ്ക്കെടുത്തു. ഒരു റൂം സംഘടിപ്പിച്ചു തരാം എന്നു കേട്ടപ്പോൾ ആ സുഹൃത്തിനൊപ്പം ചേരാനാണ് ഞങ്ങൾക്ക് തോന്നിയത്… അത്രയും നേരത്തെ അദ്ദേഹത്തിന്‍റെ ഇടപെടൽ കൊണ്ടായിരിക്കാം പവിത്രൻ ഭായ് വലിയ ആത്മവിശ്വാസത്തിലായിരുന്നു.

സ്റ്റേഷന് പുറത്തിറങ്ങുമ്പോഴേക്കും ഭായ്… ഭായ്… വിളിയുമായി ഒത്തിരി സൈക്കിൾറിക്ഷക്കാർ നമ്മുടെ പിന്നാലെയെത്തുന്നത് ഒരു നിമിഷം രസകരമായി തോന്നിയെങ്കിലും മറുനിമിഷം അവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഓർത്തു പോയി. പകലന്തിയോളം നഗ്നപാദരായി മുച്ചക്രം ചവിട്ടിക്കറക്കുന്ന ഇവർക്ക് ലഭിക്കുന്നത്‌ തുഛമായ വരുമാനമാണെന്ന് എവിടെയോ വായിച്ചതോർമ്മയുണ്ട്. ഒരു ഓട്ടോ റിക്ഷ പോലും അന്ന് അവിടെയെങ്ങും കണ്ടില്ല…

അങ്ങനെ ആദ്യമായി സൈക്കിൾ റിക്ഷയിൽ കയറിയൊരുയാത്ര…

ആ നിമിഷം മുതൽ അരുതാത്തതെന്തോ ചെയ്യുന്നു എന്ന തോന്നൽ… കുറച്ചു നേരം ഉള്ളൊന്നു നിശ്ചലമായി. പുറത്തെ ഭാവമപ്പോൾ മൗനം തന്നെയായിരിക്കുമല്ലോ.

നേരത്തെ കൊൽക്കത്ത നഗരത്തിലൂടെ പിന്നിൽ ആളുകളെയിരുത്തി കൈ കൊണ്ട് വലിച്ച് ഓടുന്ന റിക്ഷകളുടെ കാഴ്ച മനസ്സിൽ ഉയർത്തിയത് അടിമത്തത്തിന്‍റെ ഒരു ബാക്കിപത്രം തന്നെയല്ലേ ഇതെല്ലാമെന്ന ഒരു ചോദ്യമായിരുന്നു…ഞങ്ങൾക്കു വഴികാട്ടിയാകുന്നത് കച്ചവടക്കാരൻ കയറിയ റിക്ഷയാണ്.

Credit: Alamy

വിജനമായ തെരുവുകൾ… ചിലയിടങ്ങളിൽ മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ… ഞങ്ങളെയും വഹിച്ച് പെഡലുകൾ ആഞ്ഞുചവിട്ടുകയാണ് കൃശഗാത്രനായ ആ റിക്ഷക്കാരൻ… ഏത് വിദൂരതയിലേക്കാണാവോ ഈ പോക്ക് എന്ന ഭാവത്തിൽ ഞാൻ പവിത്രനെ നോക്കി കൈമലർത്തി. അവൻ തിരിച്ചും… എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നതിനിടയ്ക്ക് ഞങ്ങൾ മുഖാമുഖം നോക്കും…അഞ്ചു മിനിറ്റിലേറെ കഴിഞ്ഞിട്ടും യാത്ര അവസാനിക്കുന്നില്ല…. ചെറിയൊരു ഭയം തോന്നാതല്ല…

തന്‍റെ സ്ഥാപനത്തിനടുത്തു തന്നെ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കാനാണ് സത്യത്തിൽ അദ്ദേഹം ശ്രമിച്ചതെന്ന് അവസാനം റിക്ഷ നിർത്തിയിറങ്ങിയപ്പോൾ മനസ്സിലായി. മൂന്നു ദിവസങ്ങളായി രാത്രിയിലെ വിശ്രമം എന്നത് ബർത്തിൽ കിടന്ന് ഇടയ്ക്കിടെയുളള മയക്കങ്ങൾ മാത്രമായിരുന്നല്ലോ. അതുകൊണ്ട് യാത്രാ ക്ഷീണം നന്നായുണ്ട്.

നല്ല തണുപ്പ്…

റൂം ബോയ് എത്തി മറ്റ് എന്തെങ്കിലും ആവശ്യ മുണ്ടോ എന്നന്വേഷിച്ചപ്പോഴാണ് ഏറെ വർഷങ്ങൾക്കു ശേഷം ചൂടുവെള്ളത്തിന്‍റെ ഹിന്ദി എന്താണെന്നാലോചിച്ചത്… ഏതായാലും ഇനി ഇത്തരം ചിന്തകൾ ഒരുപാട് വേണ്ടിവരും…

(തുടരും)

കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like