പൂമുഖം വ്യൂഫൈൻഡർ വ്യൂ ഫൈൻഡർ : കൃഷ്ണ ശിലകളിലെ സംഗീതം

വ്യൂ ഫൈൻഡർ : കൃഷ്ണ ശിലകളിലെ സംഗീതം

ഭാഗം 2


ദാരാസുരത്തെ തേവാരം

തമിഴക മണ്ണിലൂടെയുള്ള സഞ്ചാരപഥം ശ്രീരംഗം മുതൽ ചിദംബരം വരെയും മധുര രാമേശ്വരം തൊട്ടു കന്യാകുമാരി വരെയും ശൈവവും വൈഷ്ണവവുമായ അനേകം കോവിലുകൾ കാഴ്ചവെക്കുന്നു.കുംഭകോണത്തിനും തില്ലൈ ചിദംബരത്തിനുമിടയിലുള്ള നവഗ്രഹ ക്ഷേത്രങ്ങൾ,അതിൽത്തന്നെ ചോള ശില്പകലയുടെ ഉളിയൊച്ചകൾ സംഗീതമായി ഘനീഭവിച്ച തഞ്ചാവൂർ,ഗംഗൈ കൊണ്ടചോളപുരം, ദാരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ ചോഴമഹാക്ഷേത്രങ്ങൾ എന്നറിയപ്പെട്ടു.

ബൃഹദീശ്വരവും ദാരാസുരവും ശില്പസൌഭഗത്തിന്‍റെ പുരാതല്പങ്ങളാണ്. പ്രാചീനമായൊരു കാല്പനികത ദാരാസുരത്തെഐരാവതേശ്വരം വേറിട്ട അനുഭവമാക്കുന്നു. ചോളനാഗരികതയുടെ ധാരാവാഹിയായ ശില്പവിന്യാസവും,ദ്രാവിഡപ്പെരുമയുടെ അലങ്കാരപ്രിയതയും സമന്വയിച്ച ക്ഷേത്രച്ചുറ്റുകൾ

വാത്സല്യമൂറുന്ന മിഴികളുമായി ശയിക്കുന്ന നന്ദികേശ്വരൻ

മണ്ഡപത്തിലെ സംഗീതധാരയായ കരിങ്കൽ തൂണുകളും ഭിത്തികളിൽ താളം ചവിട്ടുന്ന സാലഭഞ്ജികമാരും പ്രവേശന കവാടത്തിലെ ദീപലക്ഷ്മിമാരും ദ്വാരപാലകരും മാത്രമല്ല കാഴ്ചയുടെ ഭ്രമം തീർക്കുന്ന മൃഗ നര ശില്പങ്ങളും ചലനത്തിൻ്റെ ചടുലമായ ചിലങ്കാനാദം കേൾപ്പിക്കുന്നുണ്ട്‌. Visual Fantasy എന്നുതന്നെ പറയാവുന്ന അപൂർവദൃശ്യങ്ങളാണ് ശില്പങ്ങളിൽ.ആനയുടെ ഉടലും സിംഹത്തിൻ്റെ ശിരസ്സും ഒരേ ശരീരത്തിൽ കൊത്തി വെച്ചിരിക്കുന്നു. രഥചക്രങ്ങൾ വലിച്ചുകൊണ്ടു മുന്നോട്ടു കുതിക്കുന്ന കുതിരകൾ, നൃത്തം ചെയ്യുന്ന തരുണിമാർ ആയുധധാരികളായ പുരുഷന്മാർ തുടങ്ങിയ ദൃശ്യബിംബങ്ങൾ ചോളഭരണകാലത്തെ സാമൂഹ്യചിത്രം വരച്ചിടുന്നു

ശീലയിലുറഞ്ഞ സംഗീതമാണ് ശില്പങ്ങൾ. ദാരാസുരത്തെ ഐരാവതത്തിലെത്തുമ്പോൾ കരിങ്കല്ലിൽ വിടർന്ന കവിതകൾ കാണാം

വാസ്തുവിദ്യയുടെ ഒളിമങ്ങാത്ത നിലവറയാണ് ദാരാസുരത്തെ ഈ പെരുംതൃക്കോവിൽ. 85 അടി ഉയരമുള്ള ഐരാവതേശ്വരൻ കോവിലിൻ്റെ വിമാനവും കുതിരകളെ പൂട്ടിയ കൂറ്റൻ രഥത്തിൻ്റെ മാതൃകയിലുള്ള മുഖമണ്ഡപവും അലങ്കരിക്കുന്ന ഈ ശിലാശില്പം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം തേടിക്കഴിഞ്ഞു

ലേഖകൻ ദാരാസുരം ക്ഷേത്ര പരിസരത്തു

സേതു മേനോൻ
Comments
Print Friendly, PDF & Email

You may also like