കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തിപ്പള്ളിയെപ്പറ്റി പലയിടത്തും വായിച്ചിട്ടുണ്ട്. കേരളത്തിൽ നിലനിന്നിരുന്ന മനോഹരമായ സാമുദായിക സൗഹാർദ്ദത്തിന്റെ ഉദാഹരണമായാണ് ഈ പതിമൂന്നാം നൂറ്റാണ്ടിലെ ഈ പള്ളിയെപ്പറ്റി കേട്ടിരുന്നത്. സാമൂതിരി രാജാവും അറബിക്കച്ചവടക്കാരുമായുള്ള നൂറ്റാണ്ടുകളുടെ പാരസ്പര്യത്തിന്റെ ചരിത്രപരമായ ഒരു അടയാളം, വിശ്വാസത്തിന്റെയും പ്രാദേശികതയുടെയും മനോഹരമായ സമ്മേളനത്തിന്റെ കെട്ടിടരൂപം, ശാന്തവും നിശബ്ദവുമായി മനുഷ്യരുടെ ആത്മീയവും ധാർമികവുമായ ചോദനകൾക്കു പ്രകാശനവും ആതിഥ്യവും നൽകുന്ന ഒരിടം- ഇങ്ങനെ എല്ലാ അർത്ഥത്തിലും ചെന്ന് കാണണം എന്നാഗ്രഹിച്ച സ്ഥലമാണ് മുച്ചുന്തിപ്പള്ളി. ചെന്ന് കണ്ടപ്പോൾ പള്ളിയുടെ മുഖഭാഗം ഗംഭീരം- ഇന്ന് കാണാൻ കിട്ടാത്ത ഏതോ മധ്യകാലഘട്ടത്തിലെ കേരളത്തിലെ ആർക്കിടെക്ചർ എന്ന് തോന്നിച്ചു.

പക്ഷെ പള്ളിയിൽ കയറാൻ തോന്നിയില്ല. കാരണം പളളിക്കു പുറത്തു വെച്ച ഒരു പഴയ ബോർഡ് ആയിരുന്നു: “അഹമ്മദിയ്യാക്കൾക്കു (ഖാദിയാനികൾക്കു) ഈ പള്ളിയിൽ പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന് പള്ളിക്കമ്മിറ്റി”. ഏതു കാലത്തെ പള്ളിക്കമ്മിറ്റി ആണെന്നറിയില്ല. ബോർഡ് കൊണ്ട് കുറച്ചു മുമ്പുള്ളതാണ്. അത് കണ്ടത് കൊണ്ട് പള്ളിക്കകത്തു കയറാതെ മനോഹരമായ രൂപകൽപന പുറത്തു നിന്ന് നോക്കിയും ഈ ചരിത്രസ്മാരകം അതിന്റെ ചരിത്രഗരിമകളോടെ നിലനിർത്താനും പടർത്താനും വലിയൊരു പദ്ധതി തന്നെ വേണ്ടതുണ്ടെ ആലോചിച്ചും അവിടെനിന്നു മടങ്ങി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബിൽ ഉണ്ടായ ഇസ്ലാമിക പുനരുത്ഥാനപ്രസ്ഥാനം എന്ന് അഹമ്മദികൾ അവകാശപ്പെടുകയും സ്ഥാപകനായ ഖാദിയാൻ എന്ന ഗ്രാമത്തിൽ നിന്നുള്ള മിർസ ഗുലാം അഹമ്മദിന് കൽപ്പിച്ചു കൊടുക്കുന്ന വിശേഷണങ്ങളാൽ ഇസ്‌ലാം മത വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളെ ലംഘിക്കുന്നു എന്ന് മുസ്ലിംവിഭാഗങ്ങളിലെ വലിയൊരു വിഭാഗം ആരോപിക്കുകയും ചെയ്യുന്നവരാണ് അഹമ്മദികൾ അഥവാ ഖാദിയാനികൾ. അഹമ്മദികൾ മുസ്ലിംകൾ അല്ല എന്ന വാദം ചെറുപ്പം മുതലേ കേട്ടു വരുന്നതാണ്. മുസ്ലിംകൾക്കിടയിൽ വിവിധ സംഘടനകൾ പോലെയല്ല ഇതെന്നും മുഹമ്മദ് നബിക്കു ശേഷം മറ്റൊരു നബി ഉണ്ട് എന്ന് പറയുന്നവർ ആണവർ എന്നും ആണ് കേട്ടിരുന്നത്. ആ ദൈവശാസ്ത്രപരമായ വാദങ്ങളിൽ ഒന്നും എനിക്കൊട്ടും അറിവില്ല, താല്പര്യമില്ല. എന്നാൽ ഒന്നറിയാം പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ മതത്തിന്റെ പേരിൽ ചൂഷണവും വിവേചനവും നേരിടുന്ന വിഭാഗമാണ് അവർ. വിഭജനാനന്തര ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ വർഗീയ കലാപം അഹമ്മദികൾക്കെതിരെ പാകിസ്ഥാനിലെ ഇസ്ലാമിസ്റ്റുകൾ നടത്തിയതായിരുന്നു (ബ്രിട്ടീഷ് ഏജന്റുമാർ എന്നതായിരുന്നു വിദ്വേഷപ്രചാരണത്തിന്റെ അടിസ്ഥാനം). ഇന്നും ഇമ്രാൻ ഖാന്റെ പാകിസ്ഥാനിൽ അഹമ്മദികൾ ആണ് ഏറ്റവും കൂടുതൽ പീഡനം നേരിടുന്നത് എന്നതു വലിയ വാർത്തയാകാതെ പോവുന്നത് ഇത് മുസ്ലിംകള്ക്കിടയിലെ എന്തോ ആഭ്യന്തരപ്രശ്നം ആണ് എന്ന ധാരണയിൽ ആണ്. വിശ്വാസന്യൂനപക്ഷം എന്ന രീതിയിൽ വലിയ വെല്ലുവിളി നേരിടുന്ന ഒരു കൂട്ടരാണ് അഹമ്മദികൾ. അവരുടെ പ്രവേശനം മാത്രം നിരോധിച്ചു കൊണ്ടുള്ള ഇങ്ങനെ ഒരു ബോർഡ് രാഷ്ട്രീയമായി തീർത്തും അന്യായവും ക്രൂരവുമാണ്.
മുച്ചുന്തിപ്പള്ളി മുസ്ലിംകളുടെ ആരാധനാസ്ഥലമാണ്. ഇസ്‌ലാം മത വിശ്വാസവുമായി ആ അർത്ഥത്തിൽ അതിനു ബന്ധമുണ്ട്. അതേ സമയം ഈ പള്ളി എല്ലാ കോഴിക്കോട്ടുകാരുടെയും മലയാളികളുടെയും പൈതൃകത്തിന്റെ ഭാഗം കൂടിയാണ്. ഇവിടുത്തെ ഹിന്ദുക്കളും മുസ്ലിംകളും ചേർന്ന് തോളോട് തോൾ ചേർന്ന് ഉണ്ടാക്കിയ, ഏഴു-എട്ടു നൂറ്റാണ്ട് പഴക്കമുള്ള ഒരു പള്ളി എങ്ങിനെ ആണ് ഏതെങ്കിലും കാലത്തു ഭരണത്തിലുള്ള പള്ളിക്കമ്മിറ്റിയുടേതാവുന്നത്? ഏഴു-എട്ടു നൂറ്റാണ്ടു ഒരു കമ്മിറ്റിയും ജീവിച്ചിരുന്നിട്ടില്ല; ജീവിക്കുകയുമില്ല. അമുസ്ലിംകളെയോ മുസ്ലിംകളിൽ ഒരു വിഭാഗത്തെയോ വിലക്കി ഇങ്ങനെ ബോർഡ് വെക്കുന്നത് അബദ്ധവും അപകടകരവും ആണ്. അത് ചരിത്രനിന്ദയാണ്. ചരിത്രത്തോടുള്ള ഉത്തരവാദിത്വത്തിന്റെ നിരാകരണമാണ്. നമസ്ക്കാരമില്ലാത്ത സമയങ്ങളിൽ ഉത്തരേന്ത്യയിലെപ്പോലെ, അവിടെ കേറി കാണാൻ ലോകത്തെ എല്ലാ വിഭാഗങ്ങളിലുള്ള ആണുങ്ങളും പെണ്ണുങ്ങളും അടക്കം എല്ലാ ജനങ്ങൾക്കും അവസരം ഉണ്ടാവേണ്ട തരത്തിലുള്ള ഒരു ചരിത്രസ്വത്താണ് മുച്ചുന്തിപ്പള്ളി എന്നാണ് എന്റെ പക്ഷം. ഇനി അത് നടക്കില്ലെങ്കിൽ പോട്ടെ, എന്തിനു ഖാദിയാനികൾക്ക് മാത്രം ഇങ്ങനെ ഒരു തൊട്ടുകൂടായ്മ? അതവസാനിപ്പിക്കേണ്ടതല്ലേ?
ഒരു പള്ളിയിലും അമുസ്ലികൾക്കു പ്രവേശനമില്ല എന്നൊരു ബോർഡ് ഞാൻ ഇത്തിയ്യതി വരെ കണ്ടിട്ടില്ല. പിന്നെ ആരുടെ അധികാരം കാണിക്കലാണ്, ആരുടെ വാശി തീർക്കലാണ് ഈ ബോർഡ്? ഈ ബോർഡ്ആ വെച്ചതിന്റെ പശ്ചാത്തലത്തെപ്പറ്റി ഒന്നും അറിയില്ല എന്ന് സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ എന്ത് കാരണം പറഞ്ഞാലും അത് തെറ്റാണ്. ഏതോ കാലം വെച്ച ഒരു ബോർഡ് ഒരു ദുഃശീലം പോലെ അവിടെ നിന്ന് പോവുന്നത് തീർത്തും അധാര്മികമാണ്.
എല്ലാ അർത്ഥത്തിലും അധാർമികമായ ആ ബോർഡ് അവിടെ നിന്ന് എടുത്തുമാറ്റാൻ ഇപ്പോഴത്തെ പള്ളിക്കമ്മിറ്റിയും കേരളസർക്കാരും പുരാവസ്തു വകുപ്പും മുന്നോട്ടു വരേണ്ടതുണ്ട്. മുസ്ലിം സമുദായത്തിന്റെ നേതൃത്വവും ഈ തെറ്റ് അടിയന്തിരമായി തിരുത്താൻ മുൻകൈ എടുക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പറവൂർ