പൂമുഖം ചുവരെഴുത്തുകൾ കഠിനാദ്ധ്വാനിയായ നോൺവർക്കി

കഠിനാദ്ധ്വാനിയായ നോൺവർക്കി

രവി പോയി. FB യിൽ നിന്ന് ഇടയ്ക്ക് മുങ്ങാറുള്ള പോലെയല്ല…

ഇത്തവണ, ശരിയ്ക്കും പൊയ്ക്കളഞ്ഞു.
ഹൃദയാഘാതം ആയിരുന്നൂ.

തൊട്ടാവാടിയും പിണക്കക്കാരനുമൊക്കെ ആയിരുന്നെന്ന്, ഇപ്പോൾ സുഹൃത്തുക്കളുടെ ഓർമ്മകുറിപ്പുകളിൽ കാണുന്നു. എന്നാൽ എത്ര ആലോചിച്ചിട്ടും ഒരു വട്ടം പോലും എന്നോട് പിണങ്ങിയതായി ഓർമ്മ വരുന്നില്ല.

രവിയോടുള്ളതിനേക്കാൾ അടുപ്പം എനിക്ക് അദ്ദേഹത്തിന്‍റെ അച്ഛൻ രവിയമ്മാമൻ എന്ന് ഞാൻ വിളിയ്ക്കുന്ന ബംഗാളി വിവർത്തകൻ രവിവർമ്മയോടായിരുന്നു. രവിയെ ഞാൻ ജൂനിയർ (രവി) എന്നും, രവി എന്നെ “സീനിയറിന്‍റെ ഫ്രണ്ടേ ” എന്നുമാണ് വിളിച്ചിരുന്നത്.

സമപ്രായക്കാരൻ ആയിരുന്നെങ്കിലും, പരസ്പരം ആദരവോടെ ഒരു സുഹൃദ് ദൂരം പാലിച്ചു. രവിയ്ക്ക് പല ശാരീരികവൈകാരിക പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഒരിക്കലും അവയെ പ്പറ്റി ചർച്ച ചെയ്യാൻ ഇഷ്ടപ്പെട്ടില്ല.

ഞങ്ങൾ രണ്ടാൾക്കും ഒരുപോലെ സ്നേഹവും ബഹുമാനവും വാത്സല്യവുമുള്ള അച്ഛൻ രവിയായിരുന്നു ഞങ്ങൾക്ക് ഏറിയ കൂറും ഇഷ്ടസംസാരവിഷയം.

88 വയസ്സ് വരെ ജോലി ചെയ്ത് ജീവിച്ചിരുന്ന അദ്ദേഹം 18 വയസ്സ് മുതൽ ചെയ്തിരുന്ന പത്രപ്രവർത്തനജീവിതത്തിൽ (ചെറുതും വലുതും പലപല രാഷ്ട്രീയങ്ങളുള്ളതുമായ എത്രയോ പത്രമോഫീസുകളിൽ) ഒരു ദിവസം പോലും ലീവെടുത്തിരുന്നില്ല എന്നത് എനിക്ക് അത്ഭുതത്തോടെയല്ലാതെ കേൾക്കാൻ കഴിഞ്ഞിട്ടില്ല.

നന്നെ വയസ്സായപ്പോൾപ്പോലും അസാധാരണപ്രവർത്തനവേഗം ആയിരുന്നു അദ്ദേഹത്തിന്. ഞാൻ മലയാളമനോരമയുടെ ഓണം വിശേഷാൽപ്രതി ടീമിൽ ഉണ്ടായിരുന്ന കാലയളവിൽ, കെ പി അപ്പൻ സാർ പറഞ്ഞിട്ട്, ഒരു ബംഗാളി ചെറുകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ഒരു രാത്രി 9 മണിയ്ക്ക് വീട്ടിൽ കൊണ്ടു കൊടുത്തതും, പിറ്റേന്ന് കാലത്ത് 7 മണിയ്ക്ക് പൂർത്തിയാക്കിയ ആ വർക്ക് വാങ്ങിക്കൊണ്ടു പോയതും ഓർക്കുന്നു.

കാണുമ്പോൾ, ഓരോ തവണയും ജൂനിയർ രവി എന്നെക്കൊണ്ട് ഈ സീനിയർ രവി കഥകൾ ഒന്നൊന്നായി പറയിപ്പിക്കും. അത് കേൾക്കുമ്പോൾ രവിയുടെയും അമ്മയുടെയും (ലില്ലിയമ്മായി) മുഖങ്ങൾ അഭിമാനം കൊണ്ട് പ്രകാശിക്കും.

അങ്ങിനെയിരിക്കെ, അച്ഛനുമായി പരോക്ഷമായ unfavorable താരതമ്യം ഉണ്ടോ എന്ന് ചെറുതായി സംശയിക്കും രവി. ഉടനെ, FB യിൽ ഇപ്പോൾ പ്രസിദ്ധമായ ആ നോൺ-വർക്കി കോഡ് തമാശകളിൽ ഒന്ന് ഇറക്കുകയായി. ” നിങ്ങൾ വർക്കിയും ഞാൻ നോൺ-വർക്കിയും ആണ് ഇപ്പോൾ. നോൺ വർക്കികളെ അപമാനിക്കരുത്.” എന്ന ജോക്കാണ് ആ അവസരത്തിൽ വിളമ്പുക.

വാസ്തവത്തിൽ, രവി കളി പറയുംപോലെ, നോൺ വർക്കിയൊന്നും ആയിരുന്നില്ല. ദേശാഭിമാനിയിലും ഏഷ്യാനെറ്റിലും ഒക്കെയായിരുന്നപ്പോൾ ഓടിനടന്ന് ധാരാളം പണിയെടുത്തിട്ടുണ്ട്. എഴുതാൻ അറിയുന്നവരെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ട്.

അച്ഛൻ രവിയും മകൻ രവിയും തമ്മിൽ, ആ മകൻ വിചാരിച്ചതിലും അധികം സാമ്യം ഉണ്ടായിരുന്നു. രണ്ടാളും എഴുത്തുകാരായിരുന്നു എന്നത് മാത്രമല്ല.അറിവിൽ അശേഷം പ്രകടനപരത ഇല്ലായിരുന്നു. ഏതു സമ്മർദ്ദത്തിലും, പെരുമാറ്റത്തിൽ, നർമ്മസൗമ്യതയുടെ തേജസ്സുണ്ടായിരുന്നു രണ്ടാൾക്കും.

സുഹൃത്ത് എന്ന് പറയാമോ ആവോ?
ചമ്മിയ ചിരിയും പരസ്പരബന്ധമില്ലാത്ത നൂറായിരം കാര്യങ്ങളെപ്പറ്റിയുള്ള അളവില്ലാത്ത ലോകവിവരവുമുള്ള ഒരു സഹപ്രവർത്തകനായി രവി ജൂനിയറിനെ ഓർക്കുന്നു.

രവി കുറേക്കാലം കൂടി എഴുതേണ്ടതായിരുന്നു. കുറേക്കാലം കൂടി അര്‍മാദിച്ച് ജീവിക്കേണ്ടതായിരുന്നു.

“ഇത്തവണ ഞാനല്ല, ഹാർട്ടാണ് നോൺ വർക്കി ആയത് ” എന്ന് അനവസരതമാശ പറഞ്ഞു വാപൊത്തി ചിരിക്കുന്ന രവിയുടെ മുഖം എനിക്ക് മനസാ കാണാം.

ഇപ്പോൾ, ഞങ്ങളെ നിങ്ങൾ തീർത്തും സങ്കടപ്പെടുത്തി, സുഹൃത്തേ.

ഫോട്ടോ : ജയൻ മാങ്ങാട്

കവർ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like