പൂമുഖം ചുവരെഴുത്തുകൾ ഇതോ സ്ത്രീ സൗഹൃദ രാഷ്‌ട്രീയം

ഇതോ സ്ത്രീ സൗഹൃദ രാഷ്‌ട്രീയം

അനുപമക്കു സ്വന്തം കുഞ്ഞിനെ തിരികെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു . അതിനു തടസ്സം നിന്ന എല്ലാ ഔദ്യോഗിക സംവിധാനങ്ങളിലെയും ഉത്തരവാദികൾ പൊതുജന സമക്ഷം വെളിപ്പെടുത്തപ്പെടുകയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം . മുഖ്യമന്ത്രി , ശിശുക്ഷേമമന്ത്രി, പോലീസ് മന്ത്രി എന്നിവർ കേസിൽ ഉണ്ടായ വീഴ്ചയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കൃത്യ വിലോപവും നിയമ സഭക്കുമുന്പിൽ വെക്കേണ്ടതാണ് . അത് വിട്ടു വീഴ്ചയില്ലാത്ത ഒരു ഡിമാൻഡ് ആയി പ്രതിപക്ഷം മുന്നോട്ടു വെക്കണം .

ഈ സംഭവം നിലവിലുള്ള വ്യവസ്ഥിതിയിൽ സ്ത്രീ എത്ര വിധേയയും ആജ്ഞാനുസാരിയും ദുർബ്ബലയും യഥാസ്ഥിതികയും ആണെന്ന് തെളിയിക്കുന്നു .

സി പി എം ന്റെ കേന്ദ്ര നേതൃ നിരയിലുള്ള ബൃന്ദ കാരാട്ട് ഒരു വനിതയുടെ ന്യായമായ പരാതി കൈപ്പറ്റി ആദ്യത്തെ ഔപചാരിക ഫോർവേഡ്ന് ശേഷം നിഷ്‌ക്രിയത്വം പാലിച്ചതിലൂടെ , എന്നത്തേയും പോലെ താൻ പാർട്ടിക്ക് ഒരു കെട്ടു കാഴ്ച മാത്രമാണെന്ന് അസന്നിഗ്ധമായി തെളിയിച്ചിരിക്കുന്നു . അവർക്കു താഴെ ശ്രീമതി ടീച്ചർ തന്റെ പാർട്ടി എന്നും സ്ത്രീ പീഡകരുടെ നേരെ കണ്ണടച്ചിട്ടേ ഉള്ളൂ എന്ന് മൗനം ഭൂഷണമാക്കി .വനിതാ കമ്മീഷൻ , ശിശു ക്ഷേമ സമിതി എന്നിവ നോക്ക് കുത്തികളും നികുതി തീറ്റികളും അല്ലെന്നു തെളിയിച്ച ഏതെങ്കിലും സന്ദർഭം ഓർമ്മ വരുന്നില്ല .

സി പി എം ന്റെ കാര്യം എടുക്കുകയാണെങ്കിൽ യാതൊരദർശവുമില്ലാത്ത അംഗത്വ ബാഹുല്യം കൊണ്ട് ദുർമേദസ്സ് വന്നു ജീർണിക്കുകയാണ് അതിന്റെ ശരീരം . ഈ സംഭവത്തിൽ ജയചന്ദ്രനും അജിത്തും അനുപമയും രാഷ്ട്രീയനൈതികതയിൽ പാപ്പരത്തം ആർജ്ജിച്ച അംഗങ്ങളും ഭാരവാഹികളുമാണ് .

നവ ജാത ശിശുവിനെ തട്ടിക്കൊണ്ടു പോവുകയും ഒളിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ജയചന്ദ്രൻ ഒരു തികഞ്ഞ കുറ്റവാളിയാണ് .അയാളുടെ ഭാര്യയും അത് പങ്കു വെക്കുന്നു .അജിത് തന്റെ സംഘടനയിൽ രാഷ്ട്രീയ പ്രവർത്തനത്തിനെത്തിയ ജൂനിയർ യുവതിക്ക് ആദർശ രാഷ്ട്രീയത്തിലേക്കുള്ള മാർഗ ദർശനം നൽകേണ്ട സഖാവാണ് . പകരം കൗമാര പ്രായക്കാരിയായ പ്രവർത്തകയെ പ്രതിസന്ധികളിലേക്കു എത്തിക്കുകയും യഥാ സമയം പിന്തുണക്കാതിരിക്കുകയും ചെയ്യുന്നു .

അനുപമയുടെ കാര്യമെടുത്താൽ സ്ത്രീയുടെ അഭ്യുദയ കാംക്ഷ എത്രയോ അകലെയാണെന്നു കാഴ്ച കിട്ടും . സ്ത്രീകൾ സ്വന്തം കാലിൽ നില്ക്കാൻ വേണ്ട വിദ്യാഭ്യാസവും ജോലിയും നേടണമെന്ന വാദം ശക്തിയാര്ജിച്ചു കൊണ്ടിരിക്കുന്ന കാല ഘട്ടത്തിൽ പുരോഗമന മേൽവിലാസം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ യുവജന സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്ന വനിത സ്വന്തമായി ജോലിയോ വരുമാനമോ നേടിയിട്ടില്ലാത്തതിനാലാവണം ഗർഭിണിയായിരിക്കെ കടുത്ത എതിർപ്പുണ്ടെ ന്നുറപ്പുള്ള മാതാപിതാക്കളെ അഭയം പ്രാപിക്കുകയും വ്യാജ പ്രമാണം ഒപ്പിടുന്നതുമുതൽ കുട്ടിയെ ഒളിപ്പിക്കുന്നതുവരെ യുള്ള കണ്ണിൽ ചോരയില്ലാത്ത ദ്രോഹങ്ങൾക്കു വഴങ്ങി മാസങ്ങൾ പിന്നിട്ട ശേഷം അധികാര സ്ഥാനങ്ങളെ സമീപിക്കുകയുമാണ് .വിവേകവും പൊതു വിജ്ഞാനവും സാമൂഹ്യ നൈതികതയും എന്തെന്നറിയാത്ത ഒരു നാടൻ പെൺകഥാപാത്രത്തെപ്പോലെയാണ് അനുപമ ഉടനീളം conduct ചെയ്യുന്നത് . ഇതെഴുതുമ്പോൾ അജിത്തിന്റെ മുൻഭാര്യയോടൊത്തുള്ള സ്വകാര്യ ജീവിതത്തെക്കുറിച്ചും യുവതി “മാധ്യമ”ത്തിനോട് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നതു കണ്ടു .

സി പി എം പാർട്ടിയിലെ മൂന്നംഗങ്ങൾ ഭാഗഭാക്കായ സംഭവത്തിൽ ഒരു പുരുഷനെതിരെ ഒരു നടപടിയും കൂടാതെ പുതിയ ഭാരവാഹിത്വം നൽകി elevate ചെയ്യുന്നു . പാർട്ടിയുടെ നയം വ്യക്തമായില്ലേ ?പാർട്ടി അച്ചടക്കം ലംഘിച്ച മറ്റൊരു പുരുഷനെ പുറത്താക്കുന്നു . ഇങ്ങനെയൊക്കെ യാണെങ്കിലും ഇതിലുൾപ്പെട്ട സ്ത്രീയെ പാർട്ടി കണക്കിന് ശിക്ഷിച്ചു . കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും സ്ത്രീയ്ക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ചു . വാർത്താ ചാനലുകൾ മാതൃത്വത്തെ വാനോളം പുകഴ്ത്തുകയും സ്ത്രീയെക്കൊണ്ട് തന്റെ കണ്ണീർക്കഥ ആവർത്തിച്ചു പറയിപ്പിക്കുകയും ചെയ്യുന്നതിൽ മത്സരിച്ചുവെങ്കിലും നാലാം തൂണിന്റെ access ഉപയോഗിച്ച് മുഖ്യ മന്ത്രി , ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ , ഉന്നത വനിതാ സി പി എം നേതാക്കൾ , പോലീസ് ചീഫ് എന്നിവരെ ചർച്ചക്കിടെ വിളിച്ചു ഒരു ചോദ്യവും ചോദിച്ചില്ല .

ഇതിൽ നിന്ന് പെൺകുട്ടികളാണ് , പൊതു രംഗത്തേക്കിറങ്ങുന്ന യുവതികളാണ് ഉത്തരങ്ങൾ വായിച്ചെടുക്കേണ്ടത് . ഈ പാർട്ടിക്കും ഏതു പാർട്ടിക്കും സ്ത്രീകൾ കേവലം അലങ്കാരമാണ് ജാഥയുടെ മുൻപിൽ മേക്കപ്പിട്ടു നിൽക്കാൻ ,. നേതാക്കളുടെയും പുരുഷ അംഗങ്ങളുടെയും ഉത്തരവുകളെ ശിരസാ വഹിക്കാൻ , അവർ കണ്ണുരുട്ടുമ്പോൾ വാപൊത്തി ഒതുങ്ങാൻ . സ്വന്തം ജീവിതത്തിലും രാഷ്ട്രീയത്തിലും നിങ്ങളുടെ priority നിശ്ചയിക്കുന്നില്ലെങ്കിൽ നിങ്ങൾ ചില ബോക്സ് ഓഫീസ് ഹിറ്റുകളിലെ നായികമാർ മാത്രമായിരിക്കും

കവർ ഡിസൈൻ : സി പി ജോൺസൺ

Comments

You may also like