പൂമുഖം COLUMNSഫീച്ചർ സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 7)

സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 7)

അവസാന ഭാഗം

1964 ല്‍ ആദ്യത്തെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വരുന്നു. ഭർത്താവിന് അപ്പോഴേക്കും K.S.R.T.C യില്‍ ക്ലാര്‍ക്കായി വീണ്ടും ജോലി തുടരാന്‍ കാര്‍ഡ് വന്നു. തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ പാര്‍ട്ടി നേതാവ് T.V. അച്യുതന്‍ നായര്‍ പറയുന്നു. “ഞാന്‍ നില്‍ക്കില്ല എന്നെ ജോലിക്ക് വിളിച്ചിട്ടുണ്ട്. എനിക്ക് പോകണം. പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. കുട്ടികളുടെ ഭാവി നോക്കണമല്ലോ”. അങ്ങനെ ജ്യേഷ്ഠന്‍റെ അടുത്ത് പറയുന്നു. നീ തിരഞ്ഞെടുപ്പിന് നില്‍ക്കണം എന്ന് മറുപടി. ജയിക്കുന്നു. 15 കൊല്ലം ചക്കിട്ടപാറ/കൂത്താളി പഞ്ചായത്ത്‌ ഭരിക്കുന്നു. ആദ്യമായി പഞ്ചായത്ത്‌ രൂപീകരിച്ചെടുക്കുകയാണ്‌. ചക്കിട്ടപാറ ക്രിസ്ത്യാനികളുടെ ഇടയിലാണ് പഞ്ചായത്താപ്പീസ്. അതൊരു ബുദ്ധിമുട്ടല്ലേ ജനങ്ങള്‍ക്ക്. അങ്ങനെ ബുദ്ധിപൂര്‍വ്വം ഒരു രാത്രി കൊണ്ട് കുറെ ആള്‍ക്കാരെയും കൂട്ടിപ്പോയി പഞ്ചായത്താപ്പീസിലുള്ള രേഖകളും സാധനങ്ങളും കൊണ്ടുപോരുന്നു. അവിടത്തുകാര്‍ അറിയാതെ. എക്സിക്യുട്ടീവ്‌ ഓഫീസര്‍ പ്രസിഡന്റിനെതിരെ കേസ് കൊടുക്കുന്നു. കേസ് നടത്തി ജയിക്കുന്നു. പഞ്ചായത്താപ്പീസ് തല്‍ക്കാലം കൂത്താളി K.P. കുഞ്ഞികൃഷ്ണന്‍ നായരുടെ പീടികയില്‍ മുകളിലാണ്. ഫുള്‍ടൈം പാര്‍ട്ടി പ്രവര്‍ത്തനവും പഞ്ചായത്ത്‌ പ്രവര്‍ത്തനവും തന്നെ. വീടും കുട്ടികളും ഞാന്‍ നോക്കിക്കൊള്ളുന്നു.

വീണ്ടും കറവുള്ള പശുവിനെ വാങ്ങുന്നു. കറന്ന് പാല്‍ വില്‍ക്കുന്നു. വൈകുന്നേരത്തെ പാല്‍ തിളപ്പിച്ച് വെച്ചാല്‍ പിറ്റേന്ന് 10 മണി വരെ ഒന്നും ചീത്തയാവുകയില്ല. അത് പുലര്‍ച്ചെ ബസ്സിനു പോകാന്‍ താഴത്ത് കൂടി പോകുന്നവര്‍ വശം കൊടുത്തയക്കും. വാഴയില്‍ കണാരന്‍റെ പീടികയില്‍ കൊടുപ്പാന്‍. അഞ്ചരക്ക് വേറെ‍ പാല്‍ കിട്ടാത്തതുകൊണ്ട് അത് അവിടെ അത്യാവശ്യമാണ്. 8 മണിയാകുമ്പോഴേക്കും (രാത്രി ഉറങ്ങാതെ പണിയെല്ലാം കഴിച്ച്) പുല്ലിന് പോകും. കൂത്താളി വയലില്‍ തീര്‍ന്നാല്‍‍ കല്ലൂര്‍ വയലിലേക്കാണ് പോക്ക്. കമ്പനിക്ക് ആളുണ്ടാകും. കഥ പറഞ്ഞുകൊണ്ടിരുന്നാല്‍ ക്ഷീണം അറിയുകയില്ല. അതിന് ഞാന്‍ മിടുക്കിയാണ്. ഒരു വലിയ വല്ലവും ഒരു കുട്ടിവല്ലവും ഉണ്ടാകും. കുട്ടിവല്ലത്തില്‍ അരിഞ്ഞ് വലിയ വല്ലത്തില്‍ കുത്തി നിറച്ച് കുറെ മീതെയും വെച്ച് കുട്ടിവല്ലത്തില്‍ മീതെ നിറച്ച് കമഴ്ത്തി കെട്ടി പിടിച്ച് തലയിലാക്കിത്തരും. വഴിയില്‍ ഒരിടത്തു വെച്ച് കണ്ണിമാങ്ങയുള്ള കാലത്താണെങ്കില്‍ അതും ഉപ്പും കൂട്ടി വയറു നിറയെ പച്ചവെള്ളം കുടിക്കും. വീട്ടില്‍ എത്തിയാല്‍ പുറത്തുള്ള കുട്ടികള്‍ വന്നാല്‍ ചായ കാച്ചി അവര്‍ക്കും കൊടുക്കും ഞാനും കുടിക്കും.

ദുര്‍ല്ലഭം സമയത്ത് ഞാന്‍ ഒറ്റപ്പെട്ടുപോകും അന്ന് വായു ഭക്ഷണം തന്നെ. വയറിന്‍റെ ഓര്‍മ്മയില്ല. പതിനൊന്നര മണിക്ക് വീട്ടില്‍ എത്തിയാല്‍ പശു താഴെ വയലിലായിരിക്കും കെട്ടിയത്. പശുവിന്‍റെ വെള്ളവും കറക്കുന്ന പാത്രവും എടുത്ത് വെള്ളം കുടിച്ചു കഴിഞ്ഞാല്‍ അവിടെ നിന്ന് തന്നെ പശുവിനെ കറന്ന് കൊണ്ടുവന്ന് കാച്ചിത്തണുപ്പിച്ച് പാത്രത്തിലാക്കി അളവിന്‍റെ ഗ്ലാസും എടുത്ത് സ്കൂളില്‍ ടീച്ചര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കും. 12 മണിയുടെ മുന്‍പെ എത്തിക്കണം. 12 മണിക്ക് അവര്‍ക്ക് ഊണ്‍ കഴിക്കണമല്ലോ. വീണ്ടും ഓടിവന്ന് ചോറിന്‍റെ കറിയെല്ലാം ശരിയാക്കി കുട്ടികള്‍ വരുമ്പോഴേക്കും ഊണ്‍ റെഡി. ആ പുല്ല് കുറെ വയലില്‍ തന്നെ പശുവിന് ഇട്ടുകൊടുക്കും. എങ്കിലേ വൈകുന്നേരം പാല്‍ അധികം കിട്ടുകയുള്ളൂ. 2 മണിക്ക് വീണ്ടും ഒരു വല്ലം പുല്ല് കൂത്താളി വയലില്‍ പോയി ശരിയാക്കും ബാക്കി പണിയെല്ലാം വന്നിട്ട്.

അന്ന് ചായപ്പീടിക രണ്ട് മാത്രമേ കൂത്താളിയുള്ളൂ. കോറ നെയ്ത്ത് തുടങ്ങിയ കാലം അത് കൊണ്ട് പാല്‍ തെരുവത്ത് വീടുകളില്‍ ചിലവാകും. അത് രാവിലെ സോമന്‍ എത്തിച്ചുകൊടുക്കും. പശു കറവ തീരാറായാല്‍ പാല്‍ കൊടുക്കുന്ന വീടുകളില്‍ നിന്ന് അയ്യഞ്ചുറുപ്പിക വീതം 10 വീട്ടില്‍ നിന്ന് വായ്പ്പ വാങ്ങിയാല്‍ ഒരു കറവപ്പശുവിനെ വീണ്ടും വാങ്ങും. ഇങ്ങനെ ജീവിതം സുഖമായിക്കഴിഞ്ഞു. ഭര്‍ത്താവിന് ജോലിയും പെന്‍ഷനും ഇല്ലാതായത് ഞാന്‍ കാരണമാണല്ലേ എന്ന തോന്നല്‍. അതുകൊണ്ട് കുട്ടികളുടെ ഭാവിയും ഭര്‍ത്താവിന്‍റെ അല്ലലില്ലാത്ത ജീവിതവും എന്‍റെ കടമയാണെന്ന ഉറച്ച വിശ്വാസം.

ഏതെങ്കിലും കുട്ടികള്‍ സഹായത്തിനുണ്ടാകും. ഏതാണ്ട് എല്ലാ കാലത്തും. അവര്‍ എന്‍റെ മക്കളായിട്ടു തന്നെ ഞാന്‍ കാണും. രാധ ഏഴില്‍ നിന്ന് പാസ്സായതിനു ശേഷം അവളെ അനുജത്തി നാരായണി അങ്ങ് കൊണ്ട് പോയി പഠിപ്പിക്കുവാന്‍. ഇവിടെയായാല്‍ പഠിക്കുവാന്‍ സമയം കിട്ടില്ല. ഞാന്‍ പുല്ലരിയിക്കും എന്നുള്ള നല്ലതായ ധാരണകൊണ്ട്. അവളെ പഠിപ്പിച്ച് നല്ലവളാക്കണം എന്നുള്ളത് കൊണ്ട്. അവളുടെ മക്കളെക്കാള്‍ സ്നേഹത്തില്‍ അന്നെന്നല്ല ഇന്നും തന്നെ. അമ്മയുടെ സ്നേഹം എന്നേക്കാള്‍ അവള്‍ക്കാണുള്ളത്. അവള്‍ക്ക് ഇളയച്ഛനും ഇളയമ്മയും മക്കളും കഴിഞ്ഞേ ഞങ്ങള്‍ ഉള്ളൂ. അനുഭവം അങ്ങനെയാണ്. പഠിച്ചില്ല. മടിച്ചിയാണ്. അങ്ങനെ കല്യാണത്തിന് ആളെ കണ്ടുപിടിച്ചതും, കല്യാണത്തിന് മുന്‍കൈ എടുത്തതും അതിന്‍റെ ശേഷമുള്ള എല്ലാ കാര്യത്തിനും അവരാണ് മുന്നില്‍. ആദ്യം ലേശം വിഷമം സഹിച്ചെങ്കിലും പിന്നീട് ഇന്നുവരെ വളരെ സുഖമാണ്. വേണ്ടിടത്ത് എവിടെയും ഉണ്ടാകും. പിന്നീടുള്ള ജീവിതം കുട്ടികളുടെ ഭാവിക്ക് വേണ്ടിയുള്ള ജീവിതം മാത്രം.

പിന്നെ എന്‍റെ‍ പാര്‍ട്ടി ജീവിതം. പാര്‍ട്ടിക്ക് വേണ്ടിയുള്ള എന്ത് ത്യാഗത്തിനും എനിക്ക് വളരെ ഇഷ്ടമാണ്. മുമ്പുള്ള ഒരു കഥ. ഞങ്ങള്‍ ആവളയുള്ളപ്പോള്‍ എന്‍റെ ഭര്‍ത്താവ് ലീവില്‍ വന്നിട്ട് ആവളയുണ്ട്. ഗോപാലേട്ടന്‍ പീടികയില്‍ പോയി പപ്പടവും വാങ്ങി വരുകയാണ്. പാര്‍ട്ടിയുടെ ഒരു കേസ്സിന് മൂപ്പര്‍ ഇല്ല. വഴിക്ക് വെച്ച് പോലീസുകാര്‍ തടഞ്ഞു. അവരുടെ കൂടെ പോകണം എന്ന് നിര്‍ബന്ധിച്ചു. ജ്യേഷ്ഠന് പേടിയാണ്. ഇത് അമ്മയെ അറിയിച്ചാല്‍ പോംവഴി കാണുമെന്നുള്ള പ്രതീക്ഷയാല്‍ പപ്പടം വീട്ടില്‍ എത്തിക്കണം എന്ന് ഒരു സൂത്രം ഒപ്പിച്ചു. വീട്ടിലേക്ക് പോലീസുകാരും പോയി. എന്താ കാര്യം എന്ന് അമ്മ ചോദിച്ചപ്പോള്‍ ആയടത്തില്‍ നാരായണക്കുറുപ്പ് (ജന്മി) കാത്തുനില്‍ക്കുന്നുണ്ട്. അയാളുടെ അടുത്ത് എത്തിക്കുവാനുള്ളതാണ് എന്ന് മറുപടി. എത്ര തടഞ്ഞിട്ടും അമ്മയും കൂടെ പോകാതിരുന്നില്ല. കുറൂരക്കടവത്ത് എത്തിയപ്പോള്‍ അക്കരെ നാരായണക്കുറുപ്പും ഗുണ്ടകളും നില്‍പ്പുണ്ട്. തോണിയില്‍ കയറിയപ്പോൾ അമ്മയും കയറി. വിട്ടില്ല. എന്നെ കൊന്നിട്ടേ എന്‍റെ മകനെ തൊടാവൂ എന്നുള്ള അമ്മയുടെ വാശി. ഞങ്ങള്‍ക്കും ഉണ്ട് അമ്മയും പെങ്ങളും കുടുംബവും എന്ന് പോലീസുകാരുടെ ശാഠ്യം. അമ്മ തിരിച്ചുപോകാന്‍. അമ്മയുണ്ടോ വിടുന്നു? തോണിയില്‍ നടുക്കെത്തിയപ്പോള്‍ നാരായണക്കുറുപ്പ് അമ്മയെ കാണുന്നു. മടക്കി അയക്കുവാനാണ് മൂപ്പരുടെ പിന്നത്തെ കല്പന. അങ്ങനെ തിരിച്ചുപോന്നു. തല്ലുകയും കൊല്ലുകയും ചെയ്യാം ആരെയും പേടിക്കണ്ട. ജന്മിക്കെതിരായി ഒരു കേസും ഉണ്ടാവുകയില്ല.

ഈ കുറിപ്പിന്‍റെ ഓഡിയോ രൂപം കേൾക്കാം. ശബ്ദം നല്‍കിയത് ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ
Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.