പൂമുഖം ചുവരെഴുത്തുകൾ ഭരണഘടന, കക്ഷിരാഷ്ട്രീയം, ജനങ്ങൾ -1

ഭരണഘടന, കക്ഷിരാഷ്ട്രീയം, ജനങ്ങൾ -1

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

26 നവംബർ ഭരണഘടനാദിനം ആയിരുന്നു. കർമ്മം കൊണ്ട്, തികഞ്ഞ ഭരണഘടനാവിരുദ്ധർ ആയ ഭരണകർത്താക്കൾ എല്ലാവരും തന്നെ അന്ന് ഭരണഘടനയെ ശ്‌ളാഘിച്ചു സംസാരിച്ചു .

ഞാൻ വായിച്ചിട്ടുള്ള ഏറ്റവും വലിയ ഹാസ്യകൃതിയും ദുരന്തകാവ്യവും ഇന്ത്യൻ ഭരണഘടനയാണ് എന്ന് തോന്നാറുണ്ട് എന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞത് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന പ്രകാശമാനമായ ഉദാത്തതകളും, ഇരുട്ടും അഴുക്കും സാർവത്രികമായി ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ യാഥാർഥ്യവും തമ്മിലുള്ള ഭീമവും അമ്പരിപ്പിക്കുന്നതുമായ വൈരുദ്ധ്യത്തെ ആസ്പദമാക്കിയാണ്. ഈ വൈരുദ്ധ്യത്തിൽ ഭേദഗതി വരുത്താൻ വിദൂരഭാവിയിലെങ്കിലും ഇന്ത്യൻ ജനത പര്യാപ്തമാവും എന്ന അത്യാഗ്രഹമല്ല ഇതെഴുതുമ്പോൾ എനിക്കുള്ളത്. ഭരണഘടനയെയും ജനാധിപത്യത്തിനെയും മതേതരത്വത്തെയും സമത്വത്തെയും മറ്റുമുള്ള നമ്മുടെ കപടാവബോധങ്ങളെ കുറിച്ച് പറയാനും തൽസംബന്ധമായ എന്തെല്ലാം കാപട്യങ്ങളുടെയും നുണകളുടെയും ചെളിയിൽ ആണ് നമ്മൾ കഴിയുന്നത് എന്ന് ചൂണ്ടിക്കാണിക്കുവാനുമാണ്.

നമ്മുടെ ഭരണഘടന സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന
ഏതൊരു വികസിതആധുനികരാജ്യത്തിനും അനുയോജ്യമായ, മഹത്തായ ഒന്നാണ്. നെഹ്‌റുവിനെ പോലുള്ള ഒരു ഭരണാധികാരിയും അദ്ദേഹം വിഭാവനം ചെയ്ത ഭരണഘടനയും വാസ്തവത്തിൽ അനുയോജ്യമായിരുന്നത് മതവും ജാതിയും അശാസ്ത്രീയതയും അഴുക്കും ഇരുട്ടും ആൾപ്പെരുപ്പവും അതിർത്തിക്കാർക്കശ്യങ്ങളും അതിർത്തിക്കാവൽക്കാരും അഴിമതിക്കാരും നിയമലംഘകരും താരതമ്യേന കുറവായ ഏതെങ്കിലും വികസിത യൂറോപ്യൻരാജ്യത്താണ് .

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരിശോധിക്കുക: അതിൽ ആദ്യമായി വാഗ്ദാനം ചെയ്യുന്നത് ഇവയാണ്: പരമാധികാരം, സ്ഥിതിസമത്വം, മതനിരപേക്ഷത, ജനാധിപത്യം. തീർന്നില്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി, ആശയസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, വിശ്വാസം, ഭക്തി, ആരാധന എന്നിവ പുലർത്തുന്നതിനോ അനുഷ്ഠിക്കുന്നതിനോ ഉള്ള സ്വാതന്ത്ര്യം , അവസരങ്ങൾ, സ്ഥാനമാനങ്ങൾ എന്നിവയിലുള്ള സമത്വം, വ്യക്തിയുടെ അന്തസ്സ്, പരസ്പരസാഹോദര്യം എന്നിങ്ങനെ കുറെ കൂടി കാര്യങ്ങൾ അനുബന്ധമായുണ്ട്. മതനേതൃത്വമാണ് രാഷ്ട്രീയക്കാരന്റെ ഒരു യജമാനൻ എന്നതിനാൽ മത(ദു)സ്വാതന്ത്ര്യം പുലരുന്നുണ്ടാവും. എന്നാൽ കഴിഞ്ഞ ഒരാഴ്ചയിലെ നിങ്ങളുടെ ജില്ലയിലെ, സംസ്ഥാനത്തെ, രാജ്യത്തെ സംഭവവികാസങ്ങൾ പരിശോധിച്ചാൽ മാത്രം മതി ആമുഖത്തിൽ പറയുന്ന മറ്റുള്ളവയൊന്നും നിഷ്കൃഷ്ടമായി ഇവിടെ പുലരുന്നില്ലെന്ന് മനസ്സിലാക്കാൻ .

എന്നിട്ടും നാം ഒരു രാഷ്ട്രമെന്ന നിലയിൽ ഇവയെല്ലാം ഇവിടെ നിലനിൽക്കുന്നു എന്ന് സ്വയം നുണ പറയുന്നു. ജനപ്രതിനിധിസഭകളിലും ചാനൽചർച്ചകളിലും ഒക്കെ ‘ജനാധിപത്യലംഘനം’, ’സ്വാതന്ത്ര്യധ്വംസനം’, ‘മതനിരപേക്ഷത തകർന്നു’, ‘കോടതികളുടെ നീതിരാഹിത്യം ’ എന്നൊക്കെ അലമുറകൾ കേൾക്കാറുണ്ടല്ലോ. പറയുന്നത് കേട്ടാൽ തോന്നും ഈ മൂല്യങ്ങളെ,ഇവയെ സംരക്ഷിക്കാൻ ഉദ്ദിഷ്ടമായ സ്ഥാപനങ്ങളെ ഒക്കെ നാം കണ്ണിൽ എണ്ണയൊഴിച്ചു സംരക്ഷിച്ചു പോരുകയാണ് എന്ന്. നാം വാസ്തവത്തിൽ ഈ രാഷ്ട്രീയ-സാമൂഹ്യമൂല്യങ്ങളുടെ സത്ത ദശകങ്ങളായി ഊറ്റിക്കളയുകയായിരുന്നു.

ജനാധിപത്യം എന്ന ഒരൊറ്റ ഘടകത്തെ ഇന്ത്യൻ സമൂഹം എങ്ങിനെ പരിചരിക്കുന്ന എന്നു മാത്രം ശ്രദ്ധിച്ചാൽ മതി നമ്മുടെ ഭരണഘടനയെ കുറിച്ചുള്ള ബഹുമാനം എത്ര പൊള്ളയാണ് എന്ന് മനസ്സിലാക്കാൻ .

രാജ്യത്ത് ജനാധിപത്യം ഉണ്ടാകുന്നതിനു മുൻപ് വേണ്ടത് രാജ്യത്തെ നയിക്കാൻ നിയുക്തമായ രാഷ്ട്രീയപ്പാർട്ടികളിൽ ആന്തരിക ജനാധിപത്യം ഉണ്ടാകുക എന്നതാണ് . ഉദാത്തമായ ഭരണഘടനാമൂല്യങ്ങളെ കുറിച്ച് അവകാശവാദം മുഴക്കുന്ന ഏത് രാഷ്ട്രീയപാർട്ടിയിൽ ആണ് ആന്തരികജനാധിപത്യം ഉള്ളത്? 1951 ൽ ജനസംഘവും 1980 ൽ ബി .ജെ .പി.യും പിറവികൊണ്ടപ്പോൾ മുതൽ പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളുടെ നിയമനം RSS നേതൃത്വo ഏകപക്ഷീയമായാണ് നടത്തുന്നത്. ഹിന്ദുത്വയുടെ സ്ഥാപകനേതാക്കൾ ജനാധിപത്യത്തെയും മതേതരത്വത്തെയും പുച്ഛത്തോടെ ആണ് കണ്ടിരുന്നത്. ഇന്നും അങ്ങനെ തന്നെ.

അതേക്കാൾ കപടമാണ് മറ്റു പാർട്ടികളിലെ കാര്യങ്ങൾ. കോൺഗ്രസ്സിൽ അഞ്ചു തലമുറകളായി കുടുംബാധിപത്യമാണ് എന്നത് നമ്മൾ കണ്ടില്ലെന്നു വക്കുന്നു. നോക്കൂ, ഏതാണ്ട് ഒന്നര നൂറ്റാണ്ടിന്റെ ജീവിതത്തിനു ശേഷം ആ പാർട്ടി മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ആ അമ്മായി, ഈ രാജ്യത്തിനെ നയിക്കാൻ പാകത്തിന് തന്റെ മക്കൾക്ക് ഉടനടി ബുദ്ധിവക്കും എന്ന് ആശിച്ച്‌ കുടുംബസ്വത്ത് എന്ന മട്ടിൽ കരുതിപ്പോരുന്ന പാർട്ടിയുടെ താക്കോൽ കുടുംബത്തിന് പുറത്തുള്ള ആർക്കും കൈ മാറാതെ കാക്കുകയാണ് !

യാദവ-മറാത്ത -ദ്രാവിഡ-തെലുഗു-ജനതാ -കേരളാ കോൺഗ്രസ്സ് പാർട്ടികളെല്ലാം കോൺഗ്രസ്സിനെ അനുകരിക്കുന്ന അധികാരാർത്തി മുഴുത്ത കുടുംബാധിപത്യ പാർട്ടികൾ ആണ് . മുസ്ലിം ലീഗിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത് ഒരു പ്രഭുവാഴ്ചയുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി ഒരു പുരോഹിത കുടുംബമാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ ജനാധിപത്യം ഇതിലും വഞ്ചകമായ ഒന്നാണ് .ആത്യന്തികമായി ഒരു പാർട്ടി oligarchy യിൽ ഭരണം കേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുള്ള , ശക്തമായ മേൽകീഴ്ബന്ധം ഉറപ്പാക്കുന്ന, ജനാധിപത്യം എന്ന മട്ടിൽ എന്തോ ഒന്ന് മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഉത്സവമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളത്.ഇന്ന് oligarchy പോലും അസ്തമിച്ചു.കണ്ണൂർ മാഫിയാതലവൻ കണ്ണുരുട്ടിയാൽ അഖിലേന്ത്യാസെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ ഉള്ളവർ മൂത്രമൊഴിക്കും എന്നിടത്തോളം ആണ് സിപിഎമ്മിലെ ഇപ്പോഴത്തെ ജനാധിപത്യം. കേരളത്തിൽ ഇസ്ലാമിസ്റ്റുകളുടെ സഹകരണത്തോടെ ഒരു സി. പി. എം കുടുംബാധിപത്യത്തിന് അരങ്ങൊരുങ്ങുകയാണ് ഇപ്പോൾ എന്ന് കരുതുന്നവർ ധാരാളം.

നിയോ-ലിബറൽ ഘട്ടത്തിൽ ,ഈ പാർട്ടികൾ ഒന്നൊഴിയാതെ ജനങ്ങളുടെ ചോര കുടിക്കുന്ന കങ്കാണി മുതലാളിത്തത്തിൻ കീഴിലുള്ള തസ്‌ക്കരസംഘങ്ങൾ ആയി പരിണമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. അഴിമതി ചെയ്യാത്തവരോ , അഴിമതിക്ക് മൗനസമ്മതം കൊടുക്കാത്തവരോ ആയി മുഖ്യധാരാരാഷ്ട്രീയക്കാരിൽ ആരും തന്നെ ഇല്ലെന്ന് സുരക്ഷിതമായി പറയാം.

ഈ പാർട്ടികൾ ഒന്ന് പോലും ജനാധിപത്യം കാംക്ഷിക്കുന്നവരല്ല എന്നത് മുകളിൽ പറഞ്ഞ വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാവും. ജനങ്ങളോ? തങ്ങൾക്ക് ഭരണഘടനപ്രകാരം വിഹിതമായത് എന്തെന്ന ആത്മബോധമില്ലാതെ ആൾക്കൂട്ടങ്ങളായി ഈ പാർട്ടികൾക്ക് ശക്തി പകരുന്നു.

1000 യൂണിവേഴ്സിറ്റികളും 45000 കോളേജുകളും ഉള്ള ഈ രാജ്യത്ത് സാക്ഷരത കൂടി വരുകയും പ്രബുദ്ധത കുറഞ്ഞു വരികയും ചെയ്യുന്നു. ഭരണകൂടങ്ങളെ തിരുത്തേണ്ട പൊതുസമൂഹം നിർജീവമായിക്കഴിഞ്ഞു എന്നതിന് ഉദാഹരണമായി കേരളം കണ്ടതിൽ ഏറ്റവും ഹീനമായ ഒരു ഭരണകൂടത്തിന് മുൻപിൽ അപ്പക്കഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്ന സാംസ്കാരികനായകന്മാരെയും നായികമാരെയും ശ്രദ്ധിച്ചാൽ മതി. ഇപ്പോൾ, കേരളത്തിൽ സർവ്വകലാശാലകളുടെ സ്വയംഭരണസങ്കല്പം പൂർണ്ണമായും ഹത്യ ചെയ്യുന്നിടത്ത് ഒന്നും കണ്ടില്ലെന്ന മട്ടിൽ നിൽക്കുന്ന അവരിൽ ഭൂരിഭാഗവും അക്കാദമിക്കുകൾ ആണ്!.

തുടരും….

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like