പൂമുഖം ചുവരെഴുത്തുകൾ ഭരണഘടന, കക്ഷിരാഷ്ട്രീയം, ജനങ്ങൾ

ഭരണഘടന, കക്ഷിരാഷ്ട്രീയം, ജനങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഭാഗം 2

ലോകത്തിൽ എല്ലാം തികഞ്ഞ ഭരണഘടനകൾ ഒരുപാട് ഉണ്ടാകും.എല്ലാം തികഞ്ഞ ഭരണകൂടങ്ങൾ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ആഗോളമാനവികവികസനസൂചിക പ്രകാരം ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും എല്ലാം തികഞ്ഞവയല്ല.മുതലാളിത്തം എന്ന് വിളിക്കപ്പെടുന്ന ബദലുകളില്ലാത്ത ആധുനികസമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികൾ സ്വാർത്ഥതയും ലാഭേച്ഛയും ആണെന്നിരിക്കെ അതങ്ങിനെ ആവാതെ തരമില്ല . കുടിലമായ ഇരപിടിയൻ ചൂഷണം നടത്തുന്നവ മുതൽ താരതമ്യേന കൂടുതൽ മനുഷ്യമുഖമുള്ളവയാകാൻ ശ്രമിക്കുന്നവ വരെയുള്ള മുതലാളിത്തരാജ്യങ്ങളുടെ മഴവിൽമാലയാണ് ലോകരാഷ്ട്രങ്ങൾ : അവയിൽ മതരാഷ്ട്രങ്ങളുണ്ടാകാം,കമ്മ്യൂണിസ്റ്റ് എന്ന് പൊങ്ങച്ചം പറയുന്നവയുണ്ടാകാം,പാവഭരണകൂടങ്ങൾ ഉണ്ടാകാം,ഏകാധിപത്യങ്ങളും സൈനികാധിപത്യങ്ങളും ഉണ്ടാവാം ,നമ്മുടേത് പോലെ തെരഞ്ഞെടുപ്പു-മാത്ര ജനാധിപത്യങ്ങളുണ്ടാകാം,യഥാർഥ ജനാധിപത്യസങ്കല്പങ്ങളോട് അടുത്തു നില്ക്കാൻ ശ്രമിക്കുന്ന വിരലിൽ എണ്ണാൻ കഴിയുന്നവയുണ്ടാകാം. ലോകത്തിൽ എത്ര രാജ്യങ്ങളുണ്ടോ അത്രയും തരത്തിൽ വൈവിദ്ധ്യങ്ങളോടെ മുതലാളിത്തം ലോകമെങ്ങും പ്രയുക്തമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

മുതലാളിത്തം ആത്യന്തികമായി ലാഭക്കൊതിയാലും സ്വാർത്ഥതയാലും നയിക്കപ്പെടുന്നതാകയാൽ അത് പാരിസ്ഥിതികമായോ മറ്റൊരു ലോകയുദ്ധം വഴിയോ മനുഷ്യരാശിയെ ഒരു പക്ഷെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം .എന്നാൽ പോലും അതിന് ബദലുകളില്ല. റിവേഴ്‌സ് ഗിയറുകളുമില്ല.കാരണം, മനുഷ്യപ്രകൃതത്തിന് ലാഭക്കൊതിയും സ്വാർത്ഥതയും ഉപഭോഗവും അത്ര മേൽ ഇഷ്ടമാണ്.

മാർക്സിസവും ഗാന്ധിസവും ഒക്കെ ആധാരമാക്കിയ ഭരണകൂടങ്ങളോ ?മാർക്സിസവും ഗാന്ധിസവും പോലുള്ള ദർശനങ്ങൾക്ക് ചില ചിരന്തന സാമൂഹ്യമൂല്യങ്ങളെ ഓർമ്മപ്പെടുത്താനും ഇരപിടിയൻ മുതലാളിത്തത്തിന്റെ കരാളതയെ കുറച്ചൊക്കെ മയപ്പെടുത്താനും കഴിയും . അവ സായുധമായോ നിരായുധമായോ തിരുത്തലുകൾ നടത്താം .ആ സിദ്ധാന്തങ്ങൾ അവയുടെ നന്മയുടെ പൂർണ്ണിമയിൽ മുതലാളിത്തത്തെ കൂടുതൽ മനുഷ്യോന്മുഖമാക്കാൻ നിർബന്ധിക്കും .ആ ഉട്ടോപ്യൻ ദർശനങ്ങൾ ആ വിധത്തിൽ പ്രതിരോധ ശക്തികൾ എന്ന നിലയിൽ മാത്രം പ്രസക്തമാണ്. അതല്ലാതെ,അവയെ ആധാരമാക്കി എല്ലാം തികഞ്ഞ ഭരണകൂടങ്ങൾ ഉണ്ടാകുമെന്ന് ആശിക്കുന്നത് പഴഞ്ചന്മാർക്ക് തോന്നുന്ന മായയാണ്,കോമഡിയാണ്.ആ സിദ്ധാന്തങ്ങൾ സമ്പൂർണ്ണങ്ങൾ ആണെന്ന് ധരിച്ച് അവയുടെ പുറകിൽ കുറെ കാലം കൂടി കുറെ പൊട്ടന്മാർ സഞ്ചരിക്കും .

മാർക്സിസം തിന്മയുടെ പൂർണിമയിൽ ചൈനയെ പോലെ സാമ്രാജ്യത്വവാഞ്ഛയും കുടിലതയും മുറ്റിയ പ്രച്ഛന്നമുതലാളിത്തമാണ്.അല്ലെങ്കിൽ കേരളത്തിലേത് പോലെ നിർലജ്ജമായ കങ്കാണി മുതലാളിത്തമാണ് .

ഇന്ത്യയിലേക്കും കേരളത്തിലേക്കും വന്നാൽ,കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും യഥാക്രമം ഗാന്ധിസത്തിന്റെയും മാർക്സിസത്തിന്റെയും പിൻഗാമികൾ ആയിട്ടാണ് അറിയപ്പെടുന്നത് . എന്നാൽ ഇന്നത്തെ അവയുടെ അവസ്ഥ എന്താണ്?അവ യാഥാസ്ഥിതികവിഭാഗീയപ്രത്യയശാസ്ത്രമായ സംഘ്പരിവാറും നാൾതോറും കൂടുതൽ കൂടുതൽ തീവ്രവാദവൽക്കരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകളും നിശ്ചയിക്കുന്ന അജണ്ടകൾക്കനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടി പ്രത്യയശാസ്ത്രപരമായി തളർന്ന് ശോഷിച്ചു കൊണ്ടിരിക്കുകയാണ് ;കഴിഞ്ഞയാഴ്ചയാണ് മതനിരപേക്ഷനായിരുന്ന നെഹ്രുവിന്റെ കൊച്ചു പേരക്കിടാവ് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നു പറഞ്ഞത്.മറുഭാഗത്ത് നിന്ന് സമ്മർദ്ദം വരുമ്പോൾ നാളെയയാൾ മസ്ജിദിലേക്ക് ഓടും. മാർക്സിസ്റ്റ് എന്ന് സ്വയം വിളിക്കുന്നെങ്കിലും,നിലവിൽ കേരളത്തിൽ ഉള്ളത് എല്ലാ തരം മതജാതിവർഗ്ഗീയതകളുടെയും അപ്പിയിലും മൂത്രത്തിലും കുളിച്ചു അധികാരത്തിൽ വന്ന ഒരു കങ്കാണിഭരണകൂടമാണ് .കോൺഗ്രസിനെതിരെ ജയിക്കാനും അഴിമതിയിൽ അഴിഞ്ഞാടാനും പുറമേക്ക് പരമശത്രു എന്ന് ഭാവിക്കുന്ന മോദി അവർക്ക് അനുവാദവും സഹായവും കൊടുക്കുന്നു .പകരമായി , പാഴെന്നു തെളിഞ്ഞ കേരള ബി.ജെ.പി.നേതാക്കളുടെ സ്ഥാനത്ത് നിന്ന് ഊർജ്വസ്വലനായ കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ ഹിന്ദുത്വനയങ്ങൾ ഒതുക്കത്തിൽ നടത്തിക്കൊടുക്കും.ഇങ്ങനെയൊക്കെയാണ് മുതലാളിത്ത ബദലുകൾ എന്ന് അവകാശപ്പെടുന്ന ഗാന്ധിയൻ-മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ ഇന്നത്തെ അവസ്ഥ.

എന്നിരുന്നാലും ,കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുമൊക്കെ തങ്ങൾ സംഘ്പരിവാറിനേക്കാളും ഇസ്ലാമിസ്റ്റുകളെക്കാളും ജനാധിപത്യപ്രയോഗത്തിൽ ഭിന്നരും വളരെ ശ്രേഷ്ഠരും ആണെന്ന് പറയാൻ എപ്പോഴും അശ്രാന്തപരിശ്രമം നടത്താറുണ്ട് .ഞാൻ അങ്ങനെ ചിന്തിക്കുന്നവരോട് സംസാരിക്കാൻ തന്നെ മിനക്കെടാറില്ല .അവർ ജാതിമതങ്ങളെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന കാര്യത്തിൽ സംഘപരിവാർ, SDPI തുടങ്ങിയ പിന്തിരിപ്പൻവിഭാഗീയചിന്താഗതിക്കാരിൽ നിന്ന് അഭിന്നരാണെന്നു തന്നെയല്ല അവരേക്കാൾ കൂടുതൽ കാപട്യക്കാരുമാണ് .

( തുടരും)

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like