പൂമുഖം ചുവരെഴുത്തുകൾ സിനിമയും തമിഴ്നാട് രാഷ്ട്രീയവും

സിനിമയും തമിഴ്നാട് രാഷ്ട്രീയവും

സിനിമയും തമിഴ്‌നാടുരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തമിഴ്‌നാടിനു പുറത്തുള്ളവർക്ക് കൗതുകകരമാണ്. തമിഴ്‌നാടിന്റെ സംസ്കാരവും രാഷ്ട്രീയഭൂമികയും പരിചയമില്ലാത്തവർക്ക് അവിടെ ഒരു സിനിമാതാരത്തിന് കിട്ടുന്ന ജനപിന്തുണ അതിശയകരമായിത്തോന്നും. ആ പിന്തുണയ്ക്ക് ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ട്. നാടകശാലകളിൽ മേൽജാതിക്കാർക്കു മാത്രം പ്രവേശനവും മികച്ച ഇരിപ്പിടങ്ങളും കിട്ടുന്ന കാലത്ത്, ബ്രാഹ്മണരായ സംഗീതജ്ഞരും അഭിനേതാക്കളും അക്ഷരാർത്ഥത്തിൽ അരങ്ങുവാഴുന്ന കാലത്താണ്, അഭിനേതാക്കളുടെയും കഥാപാത്രങ്ങളുടെയും ജാതിയ്ക്കു വലിയ പ്രാധാന്യം കല്പിക്കാത്ത ‘സിനിമ’ എന്നൊരു പുത്തൻ കല/സാങ്കേതികത തമിഴ്‌നാട്ടിൽ വരുന്നത്. ആർക്കും ചെന്നു കാണാവുന്ന, ജാതീയമായ ഉച്ചനീചത്വങ്ങളെ മുറിച്ചുകടക്കുന്ന കഥകളുള്ള,പുരാണകഥകളിൽ നിന്നു വേറിട്ടൊരു ഭാഷ സംസാരിക്കുന്ന, സിനിമ അതിനാൽത്തന്നെ സാധാരണക്കാർക്കു പ്രിയതരമായി. കഥാപാത്രത്തിന്റെ ജാതിക്കു പ്രാധാന്യമില്ലാത്തതു കൊണ്ട് അഭിനേതാവിന്റെ ജാതിക്കും പ്രാധാന്യമില്ലാതെയായി. അഭിനേതാവിനെ എറ്റേണൽ-ഡൂഗുഡർ ആയി ജനം മനസ്സിലാക്കി. എംജി‌ആറിനും ശിവാജി ഗണേശനും വലിയ സാമൂഹ്യപിന്തുണ കിട്ടിത്തുടങ്ങുന്നതിനു പിന്നിൽ ഇങ്ങനെ ചില കാരണങ്ങളുമുണ്ട്. എം‌ജി‌ആറിന്, പിന്നീട് ഈ പിന്തുണയെ രാഷ്ട്രീയമായി പരിവർത്തിപ്പിക്കാൻ സാധിച്ചു. ശിവാജി ഗണേശന് അതു സാധിക്കാതെ പോയി.

എംജിആറിന്റെ സിനിമാ പ്രതിച്ഛായയെയും ആ പ്രതിച്ഛായയിൽ നിന്നുണ്ടായിത്തീർന്ന രാഷ്ട്രീയമിത്തിനെയും കുറിച്ച് പ്രഖ്യാത ചിന്തകനായിരുന്ന എം‌എസ്‌എസ് പാണ്ഡ്യൻ ഒരു ചെറുപ്രബന്ധം/മോണോഗ്രാഫ് എഴുതിയിട്ടുണ്ട്. “The Image Trap: M. G. Ramachandran in Film and Politics”. പാണ്ഡ്യൻ തന്റെ പ്രബന്ധം ആരംഭിക്കുന്നത് എം‌ജിആറിന്റെ മരണത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. അന്ന് ഇരുപതുലക്ഷം ആളുകളാ‍ണ് വിലാപയാത്രയിൽ പങ്കെടുത്തത്രേ. ലോകത്തിലെ ഏറ്റവും വലിയ വിലാപയാത്രകളിലൊന്ന്. മുപ്പത്തിയൊന്നു പേർ ദുഃഖം സഹിക്കാനാവാതെ അന്ന് ആത്മഹത്യ ചെയ്തു! അതിനു മുൻപ് എം‌ജിആറിനു മസ്തിഷ്കാഘാതം വന്ന സമയത്ത് ഇരുപത്തിയൊന്നു പേരാണ് ആത്മഹത്യ ചെയ്തത്. നൂറോളം പേർ ആത്മഹത്യയ്ക്കൊരുങ്ങിയെങ്കിലും പലകാരണങ്ങൾ കൊണ്ട് ആ ശ്രമത്തിൽ പരാജയപ്പെടുകയും ചെയ്തു. എം‌ജിആറിന്റെ ആരോഗ്യം ക്ഷയിച്ചുവരുന്ന കാലത്താണത്രേ, തമിഴ്‌നാട്ടിലെ തെരുവോരങ്ങളിൽ വ്യാപകമായി പുതിയ അമ്പലങ്ങൾ ഉയർന്നു വന്നത്. ആകെയുള്ള 79,000 തെരുവോരക്ഷേത്രങ്ങളിൽ 27,000 എണ്ണം ഉയർന്നുവന്നത് എം‌ജിആർ കിടപ്പിലായിരുന്ന സമയത്തായിരുന്നുവെന്ന് പാണ്ഡ്യൻ കണക്കുകളുദ്ധരിച്ചുകൊണ്ട് പറയുന്നു.

ഈ പിന്തുണ, വൈകാരികവും സങ്കീർണ്ണവുമായ ഈ പിന്തുണ, ആരുടേതായിരുന്നു? പ്രധാനമായും അത് സാമ്പത്തികമായി ഏറ്റവും താഴേത്തട്ടിൽ നില്ക്കുന്ന തമിഴരുടേതായിരുന്നു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത കൃഷിപ്പണിക്കാരുടെയും ദരിദ്രരുടെയും പിന്തുണയായിരുന്നു അത്. സബാൾട്ടേൺസിന്റെ പിന്തുണ. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 1986ൽ നടത്തിയ സർവ്വേയിലെ കണ്ടെത്തലുകളും മറ്റു പല പഠനങ്ങളും നിരത്തിക്കൊണ്ട് പാണ്ഡ്യൻ ഇതു സ്ഥാപിക്കുന്നുണ്ട്. അഷ്ടിക്കു ബുദ്ധിമുട്ടുന്ന തമിഴനായിരുന്നു എം‌ജിആറിന്റെ എക്കാലത്തെയും വലിയ ആരാധകൻ. റിക്ഷാവണ്ടിക്കാരും പട്ടിണിക്കാരുമാണ് എം‌ജിആറിന്റെ മരണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്.

മുഖ്യമന്ത്രിയായിരുന്ന എം‌ജിആർ, ഈ സാധാരണക്കാർക്കു വേണ്ടി എന്തെല്ലാമാണു ചെയ്തത്? അവിടെയാണ് ഞെട്ടിയ്ക്കുന്ന കണക്കുകൾ വരുന്നത്. എം‌ജിആർ ഗവണ്മെന്റിന്റെ കടുത്ത നികുതികളെല്ലാം ഈ സാധാരണക്കാരുടെ മേലെയാണു വന്നുവീണത്. എന്നുമാത്രമല്ല, സാമ്പത്തികമായി ഉയർന്നു നില്ക്കുന്ന വിഭാഗങ്ങളെ പല നിലയ്ക്കും നികുതികൾ തൊട്ടതേയില്ല. സമ്പന്നരുടെ ജീവിതത്തെ കൂടുതൽ സമൃദ്ധമാക്കുകയും ദരിദ്രരുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുകയും ചെയ്യുന്ന സാമ്പത്തികനയങ്ങളാണ് എം‌ജി‌ആർ, തന്റെ ഭരണത്തിലുടനീളം, പിൻപറ്റിയത്. സാമ്പത്തികനയങ്ങൾക്കു പുറമേയും സമ്പന്നർക്ക് എം‌ജി‌ആർ ഗവണ്മെന്റ് അനുകൂലമായിരുന്നു. നിയമപരവും അല്ലാത്തതുമായ വഴികളിലൂടെ മദ്യനിർമ്മാതാക്കളെ എം‌ജിആർ ഭരണകൂടം സഹായിച്ച കഥകൾ പാണ്ഡ്യൻ എടുത്തുപറയുന്നുണ്ട്. ദാരിദ്ര്യനിർമ്മാർജ്ജനത്തെ ലക്ഷ്യം വെച്ച് അക്കാലത്തെ കേന്ദ്രഗവണ്മെന്റ് സംസ്ഥാനഗവണ്മെന്റിനു കൊടുത്ത ഫണ്ടുകൾ അപ്പടി എം‌ജി‌ആർ പാഴാക്കിക്കളഞ്ഞിട്ടുമുണ്ട്.

തമിഴ്‌നാട്ടിലെ സിനിമാരാഷ്ട്രീയതാരങ്ങളുടെയും സിനിമാരാഷ്ട്രീയബിംബങ്ങളുടെയും നമ്മൾ കാണാത്ത മറ്റൊരു പ്രകൃതമാണ് പാണ്ഡ്യൻ പറയുന്നത്. അധഃസ്ഥിതരുടെ പിന്തുണ തേടുകയും ആ പിന്തുണയിലൂടെ പ്രതിച്ഛായാനിർമ്മാണം നടത്തുകയും പിന്നീട് ആ പ്രതിച്ഛായയെ വെച്ച് അധഃസ്ഥിതരെ കൂടുതൽ ചൂഷണം ചെയ്യുകയും… ദരിദ്രരുടെ വൈകാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ട് അവരെ കൂടുതൽ പിഴിഞ്ഞെടുക്കുക എന്നതായിരുന്നു എം‌ജി‌ആറിന്റെ നയം. ആ നയം തെറ്റാണെന്ന് ആർക്കെങ്കിലും എണീറ്റുനിന്നു പറയാൻ പോലും പറ്റാത്ത വിധം സുശക്തമായ പ്രതിച്ഛായ എം‌ജിആറിനുണ്ടായിരുന്നു.

തമിഴ്‌നാട് സിനിമയെപ്പറ്റി, വലിയ പുകഴ്ത്തലുകൾ കേൾക്കുമ്പോൾ, ഞാൻ പാണ്ഡ്യന്റെ ലേഖനം ഓർത്തു. ജയ്‌ഭീം പോലൊരു സിനിമ, തമിഴ്‌നാട്ടിലെ പക്വമായ സാമൂഹ്യസ്ഥിതിയിൽ മാത്രം സാദ്ധ്യമാവുന്ന ഒന്നാണെന്ന മട്ടിലുള്ള ലളിതവായനകളോടു യോജിക്കാൻ പറ്റില്ല. അധഃസ്ഥിതരുടെ രസാനുഭവങ്ങളെയും ആസ്വാദ്യതയെയും മുതലെടുക്കാനും അതിൽ നിന്നു പ്രതിച്ഛായയെ നിർമ്മിച്ചെടുക്കാനും ആ പ്രതിച്ഛായ വെച്ച് അധഃസ്ഥിതരെ കൂടുതൽ ചൂഷണം ചെയ്യാനും സാമർത്ഥ്യമുള്ളയാളായിരുന്നു തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ-സിനിമാ-താരം. വിപണിയ്ക്കു വേണ്ടിയാണു സിനിമയുണ്ടാവുന്നതെന്നിരിക്കെ, ഇപ്പോഴും ആ അവസ്ഥയ്ക്കു വലിയ മാറ്റമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

ഒരു കാര്യം കൂടി: ‘ജയ്‌ഭീം’ സിനിമ / സ്റ്റാലിന്റെ ചില നിലപാടുകൾ, എന്നിവ മുൻനിർത്തി, കേരളത്തെക്കാൾ ജാതീയതയെ എതിർക്കുന്നതിൽ തമിഴ്‌നാടും തമിഴ്‌നാടുരാഷ്ട്രീയവും കാതങ്ങൾ മുന്നിലാണെന്ന മട്ടിലുള്ള ചില അഭിപ്രായങ്ങൾ കണ്ടു. കേരളത്തിൽ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദലിത്‌പീഡനങ്ങൾ – വാളയാറിലേതും അട്ടപ്പാടിയിലേതുമുൾപ്പെടെ – നടന്നിട്ടുണ്ടെന്നതു വാസ്തവമാണ്. എന്നാൽ അക്കാരണം കൊണ്ട് തമിഴ്‌നാടെന്തോ സ്വർഗ്ഗലോകമാണെന്ന നാട്യം കൊണ്ടുനടക്കുന്നതു ഭീമാബദ്ധമാണ്. കഴിഞ്ഞ അഞ്ചുകൊല്ലമായി, ഓരോ കൊല്ലവും ശരാശരി അറുപതോളം ജാതിക്കൊലകൾ നടക്കുന്ന സംസ്ഥാനമാണു തമിഴ്‌നാട്. ഏതു മാനദണ്ഡമെടുത്താലും ജാത്യധിഷ്ഠിതമായ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തിൽ തമിഴ്‌നാട് കേരളത്തെക്കാൾ ബഹുദൂരം പിന്നിലാണ്. നമ്മൾ ഇനിയും ഏറെ മാറേണ്ടതുണ്ടെങ്കിലും തമിഴ്‌നാടല്ല, ആവരുത്, നമ്മുടെ മാതൃക.

PS: ‘ജയ്ഭീം’ ഞാൻ കണ്ടിട്ടില്ല. ഈയിടെയായി സിനിമകൾ തന്നെ കാണാറില്ലാത്തതു കൊണ്ട് ആ സിനിമ കാണുമോ എന്നുമറിയില്ല.

കവർ ഡിസൈൻ : നിയ മെതിലാജ്

Comments
Print Friendly, PDF & Email

You may also like