പൂമുഖം COLUMNSഫീച്ചർ സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 6)

സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 6)

അന്ന് 64 ല്‍ മനോരോഗ ആസ്പത്രി കുതിരവട്ടം മാത്രമേയുള്ളൂ. കുഞ്ഞനെ നിര്‍ബ്ബന്ധപൂര്‍വ്വം ആങ്ങള എന്നില്‍ നിന്ന് വാങ്ങുന്നു. ആഭരണം അഴിച്ചെടുക്കുന്നു. ഞാന്‍ കാണുന്നത് പുറമേ ഉയരമുള്ള ഗേറ്റ്, അകത്ത് ഉടുതുണിയില്ലാത്ത രോഗികളായ സ്ത്രീകള്‍. ഞാന്‍ പേടിച്ചുപോയി. എന്നെ സിസ്റ്റര്‍ കൂട്ടി ഒരു മുറിയില്‍ ആക്കിത്തന്നു. വാതിലടച്ചുകൊള്ളാന്‍ പറഞ്ഞു. അധികം വലിയതല്ലാത്ത മുറി. അതില്‍ കട്ടിന്മേല്‍ കുറെ എന്നെപ്പോലുള്ള മിണ്ടാപ്രാണികള്‍. എന്‍റെ കട്ടിന്മേല്‍ ഞാനും കിടന്നു. ഉച്ചക്ക് ചോറ് മുറിയില്‍ കൊണ്ടുവരുന്നു. എല്ലാവരും കഴിക്കുന്നു. എന്‍റെ അടുത്തെത്തി എന്നോട് കഴിക്കാന്‍ പറയുന്നു. ഞാന്‍ പറയുന്നു, വേണ്ട. ഞാന്‍ വീട്ടില്‍ നിന്ന് കഴിക്കാറില്ല. നിര്‍ബന്ധിക്കരുത്. അപ്പോള്‍ എന്നോട് പറയുന്നു, ‘ഭക്ഷണം കഴിക്കാത്ത കാരണം കൊണ്ടാണ് നിന്നെ ഇവിടെ എത്തിച്ചത്’. കഴിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അടുത്തുള്ള കക്ഷിക്ക് ഒരടി കൊടുത്തു. എന്നോട് ചോദ്യം ഇതുമാതിരി വേണോ? അല്ല വേഗം കഴിക്കുന്നുണ്ടോ? എന്നായി. ഞാന്‍ കഴിക്കാമേ എന്ന് പറഞ്ഞു ഞാന്‍ വേഗം കഴിച്ചു. എന്നിട്ട് പറയുന്നു നാളെ മുതല്‍ ചോറ് തരുന്ന സ്ഥലം ഏതാണെന്ന്. ബെല്ലടിക്കുമ്പോള്‍ അവിടെ ചെന്നു വാങ്ങിച്ചു മുറിയില്‍ വാതിലടച്ചു കഴിച്ചു കൊള്ളണം. വാതിലടച്ചില്ലെങ്കില്‍ ഓര്‍മ്മ നഷ്ടപ്പെട്ട രോഗികൾ തള്ളിക്കയറും.

അതുമുതല്‍ പറഞ്ഞതുപോലെ ചെയ്തു. പിന്നെ കാണുന്നത്, പുറമെ കിണര്‍ പോലെയുള്ള ആഴം കുറഞ്ഞ ചെറിയ ടാങ്ക്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട രോഗികള്‍ അതിനടുത്ത് വരുന്നു മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നു. ആളുകള്‍ കാണുന്ന സ്ഥലത്ത് തന്നെ. അവിടുന്ന് മണ്ണുവാരി തിന്ന പാത്രം തേച്ചു കഴുകുന്നു. ആ ടാങ്കില്‍ അപ്പടി ഇറങ്ങിക്കുളിച്ചു എന്ന് വരുത്തുന്നു. കയറിപ്പോരുന്നു. ഡോക്ടര്‍മാര്‍‍ വരുമ്പോള്‍ എല്ലാറ്റിനെയും അവരുടെ ഹാളിലാക്കി വാതിലടക്കുന്നു. രാത്രിയായാല്‍ ബഹളമാണ്. എന്‍റെ തലയണ കട്ടു മറ്റവളുടെ പായ എടുത്തുവെച്ചു എന്നും പറഞ്ഞുള്ള ചീത്തവിളിയും അടിയും ആണ്. ഉറക്കൊഴിഞ്ഞ് സിസ്റ്റര്‍മാര്‍‍ മാറിമാറി കാവലുണ്ടാകും. ബഹളം നിര്‍ത്താന്‍ ഇടയ്ക്ക് അടിയും കൊടുക്കേണ്ടിവരും. പിറ്റേന്ന് ജ്യേഷ്ഠൻ വന്നപ്പോള്‍ ഞാന്‍ പറയുന്നു ഇവിടുന്ന് തരുന്ന പാത്രത്തില്‍ ഞാന്‍ കഴിക്കുകയില്ല. കാരണം അത് തേച്ച് കഴുകുന്നത് ഞാന്‍ കണ്ടത് കൊണ്ട് തന്നെ. ജ്യേഷ്ടന്‍ സിസ്റ്ററോട് കാര്യം പറയുന്നു. അവര്‍ പറയുന്നു പുറമേ നിന്ന് അവരുടെ പാത്രം തരാം. അത് ഭക്ഷണം കഴിഞ്ഞാല്‍, മുറിയുടെ അടുത്ത് തന്നെ വെയ്ക്കണം. അല്ലെങ്കില്‍ മറ്റവര്‍ തട്ടിക്കൊണ്ടുപോകും. പിന്നെ കുളിയുടെ കാര്യം പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ കുളിക്കുന്ന ടാങ്ക് കാണിച്ചുതരുന്നു. ഞാന്‍ പറയുന്നു, അതില്‍ ഞാന്‍ കുളിക്കില്ല; മലമൂത്രവിസര്ജ്ജനം ചെയ്ത് അപ്പടി അതില്‍ ഇറങ്ങിയാണ്‌ അവര്‍ കുളിക്കുന്നത്. എനിക്ക് ഒരു മുറിയുടെ താക്കോല്‍ തരുന്നു. അതില്‍ കയറിയപടി അകത്തുനിന്ന് കുറ്റിയിട്ടുകൊള്ളണം അല്ലെങ്കില്‍ മറ്റവര്‍ തള്ളിക്കയറും. ഞാന്‍ അതുപോലെ ചെയ്യുന്നു. അകത്ത് കുളം പോലുള്ള ടാങ്ക്. പുറമേനിന്ന് സുഖമായി കുളിക്കാം. കുളി കഴിച്ച് ഡ്രസ്സ്‌ മാറ്റി പുറത്ത് കടന്നാല്‍ വാതില്‍ പൂട്ടി താക്കോല്‍ സിസ്റ്റര്‍ വശം കൊടുക്കുന്നു. അതൊരു ടെസ്റ്റും കൂടിയാണ്.

ഇങ്ങിനെ മൂന്നു നാലു ദിവസം കഴിഞ്ഞ് ഒരു ദിവസം കറുത്ത ഡ്രസ്സ്‌ അണിഞ്ഞ കുറെ ഡോക്ടര്‍മാര്‍‍ വരുന്നു. വേറൊരു ഹാളിലേക്ക് കൊണ്ടുപോകുന്നു. സിസ്റ്റര്‍മാര്‍‍ വന്ന് ഞങ്ങളെ വിളിച്ച് അവിടുത്തേക്ക് കൊണ്ടുപോകുന്നു. എന്‍റെ ധാരണ ഇവരാണ് എന്നെ അവസാനമായി കൊല്ലുന്നത്. ഞാന്‍ വിസമ്മതിക്കുന്നു പോകുവാന്‍. അവര്‍ നിര്‍ബ്ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ടുപോകുന്നു. അവിടെ എത്തിയപ്പോള്‍ കാണുന്നത് ഓരോ രോഗികളെ അകത്തേക്ക് കൊണ്ടുപോയി കുറെ കഴിഞ്ഞ് തിരിച്ച് എടുത്താണ് കൊണ്ടുവരുന്നത് എന്നാണ്. അങ്ങനെ എന്നെയും കൊണ്ടുപോയി. എന്തോ സാധനം വായില്‍ വെക്കുന്നുണ്ട്. പിന്നെ ഒന്നും ഞാന്‍ അറിയുന്നില്ല. ബോധം വന്നപ്പോള്‍ കഞ്ഞിയും, ചായയുമായി സിസ്റ്റര്‍മാര്‍‍ തയ്യാര്‍. വേണ്ടത് കഴിക്കുക. കുറെ കഴിഞ്ഞ് മുറിയില്‍ എത്തിക്കുന്നു. അങ്ങനെ 5 ഷോക്ക് കഴിഞ്ഞ് എനിക്ക് വീടിനെപ്പറ്റിയും കുട്ടികളെപ്പറ്റിയും ഓര്‍മ്മ വരുന്നു. ജ്യേഷ്ടന്‍ ദിവസവും വരും. ഞാന്‍ പറയുന്നു എനിക്ക് വീട്ടില്‍ പോരണം കുട്ടികളെ കാണണം. ഡോക്ടര്‍ നാളെ പോകാം എന്ന് പറഞ്ഞു.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം

ഞാന്‍ പോകാന്‍ തയ്യാറായി. ഞാന്‍ ജ്യേഷ്ഠനോട് പറയുന്നു, ഹോട്ടലില്‍ കയറണം, വയറ് നിറയെ ഇറച്ചിയും പൊറാട്ടയും കഴിക്കണം എന്ന്. അങ്ങനെ വഴിക്ക് ഞങ്ങള്‍ ഒരിടത്ത് കയറുന്നു. ഞാന്‍ കാണുന്നത് ഇളയമകന്‍ ചന്ദ്രനെ ആസ്പത്രിയില്‍ കിടത്തിയതാണ്. സുഖമില്ലാതെ കൊണ്ടുവന്നതാണ്. അനുജത്തി ജാനു അടുത്തുണ്ട്. അതിന്‍റെ ഗൌരവമല്ല മനസ്സില്‍. ഭക്ഷണത്തിന്‍റേത് മാത്രം. എത്രയോ കാലം ഭക്ഷണം കഴിക്കാതെ ആയിപ്പോയല്ലോ. അവിടുന്ന് പോന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോരുന്നു. ഗുളിക കഴിക്കാനുണ്ട്. ചന്ദ്രന്‍ ആസ്പത്രിയില്‍ നിന്ന് വരുന്നു. അങ്ങനെ അമ്മ വേണ്ടവിധം നോക്കി. ഒരു ദിവസം ഭര്‍ത്താവ് വരുന്നു. ഞാന്‍ പറയുന്നു എനിക്കങ്ങു പോരണം. അങ്ങനെ പുതിയോട്ടിലേക്ക് പോകുന്നു.

ഈ കുറിപ്പിന്‍റെ ഓഡിയോ രൂപം കേൾക്കാം. ശബ്ദം നല്‍കിയത് ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

(തുടരും)

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.