പൂമുഖം ചുവരെഴുത്തുകൾ കണ്ടെത്താനാവാത്ത തേടലുകൾ

കണ്ടെത്താനാവാത്ത തേടലുകൾ

പഴയൊരെന്നെ തേടുകയായിരുന്നു ഇന്നലെ രാത്രിയിൽ. രണ്ടായിരത്തി പതിമൂന്നിലും പതിനാലിലുമൊക്കെ ജീവിച്ചിരുന്ന ഒരെന്നെ. അന്ന് ഇറാഖ് – കുവൈത്ത് അതിർത്തി പ്രദേശത്തായിരുന്നു ഉദരനിമിത്ത ബഹുകൃതവേഷമാടിയിരുന്നത്.

കടലുപോലത്തെ മരുഭൂമി. അതിൽ നൂൽവള്ളിപോലത്തെ റോഡിലൂടെ ഇറാഖിലേക്കുപോവുകയും തിരിച്ചുവരികയും ചെയ്യുന്ന വാഹനങ്ങൾ. ചിലപ്പോൾ ദിവസങ്ങളോളം അടച്ചിടുന്ന അതിർകവാടം. കാലപ്പഴക്കത്താൽ പൊളിച്ചുകളയുന്ന കുവൈത്തിലെ കെട്ടിടങ്ങളിൽനിന്ന് സംഭരിക്കുന്ന പഴകിയ കട്ടിളകളും വാതിലുകളും അലമാരകളും എന്തിനേറെ ഉടഞ്ഞ ക്ലോസറ്റുകൾപോലും നിറച്ച് ഇറാഖിലേക്ക് പായുന്ന ചെറുലോറികളാലും, ഇറാഖിലെ സർവ്വ തുറമുഖങ്ങളും തകർക്കപ്പെടുകയാൽ ചരക്കുനീക്കത്തിന് പിൽക്കാലം ആശ്രയിക്കേണ്ടിവന്ന കുവൈത്തിലെ തുറമുഖങ്ങളിൽനിന്നുള്ള സാമഗ്രികളുമായി ഇറാഖിലേക്കുപായുന്ന കൂറ്റൻ ട്രെയിലറുകളാലും പാത സദാ തിരക്കേറിനിന്നു. യുദ്ധത്തിൽ സർവ്വതും തകർക്കപ്പെട്ടിടത്ത് വിലയില്ലാത്തത് ജീവിതങ്ങൾക്കുമാത്രമായിരുന്നു. അവിടെ ഇരട്ടിക്കൂലികിട്ടുമെന്നറിഞ്ഞ്, ലോറികളിൽ അട്ടിയിട്ട പൊട്ടിപ്പൊളിഞ്ഞ അലമാരകളിലും ക്ലോസറ്റുകൾക്കു പിറകിലുമൊക്കെ ഒളിച്ചിരുന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അതിർത്തികടക്കുന്ന അഫ്ഘാനികളും ഈജിപ്തുകാരും കുറച്ചല്ല.

ഇരുപത്തിനാലു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. സായാഹ്നമാവുമ്പോളേക്കും മിക്കവാറും ജോലി കഴിയും. എന്നാലും പിറ്റേന്നുകാലത്ത് എട്ടുമണിവരെ അവിടെ ഉണ്ടാവണം. സാമാന്യം വലിയൊരു മരമുറിയിൽ ഒരുക്കിയതാണ് ഓഫീസ്. അതെങ്ങോട്ടും ലോറിയിലേറ്റി കൊണ്ടുപോകാം. തിരക്കൊഴിയുമ്പോൾ ചില ദിവസങ്ങളിൽ പൊടുന്നനെ വന്നുപെടുന്ന ഏകാന്തതയും അതുയർത്തുന്ന ആന്തരിക സമ്മർദ്ദങ്ങളും ചെറുതല്ല. അക്കാലങ്ങളിൽ ഉപമൊഴികളാൽ തലോടി ജീവിതത്തോട് അത്ര പശിമയോടെ ഒട്ടിനിന്നവരെ ഓർക്കുന്നു.

ഭൂമി, അതിന്റെ വിശാലതയോടെ മുന്നിൽ പരന്നു കിടന്നു. അതിന്റെ കാഴ്ച്ചപ്പരപ്പിനതിരിൽ ആകാശം വന്നുമുട്ടി. പൂർണ്ണചന്ദ്രനുദിക്കുന്ന ചില രാവുകളിൽ ത്രിമാനതയോടെ ആ ചന്ദനക്കിണ്ണം, പത്തടി മുന്നോട്ടുനടന്ന് ഒന്ന് കയ്യേന്തിയാൽ തൊടാമെന്നകണക്ക് ഞാന്നുകിടന്നു. അമാവാസികളിൽ നമുക്കൊന്ന്, സ്വയം തൊട്ടുനോക്കാൻപോലും വിരലുകൾക്ക് വഴിതെറ്റിപ്പോയേക്കാമെന്നവിധം കനക്കുന്ന ഇരുട്ടിനെ പാതയോരത്തെ വിളക്കുകൾ തെറുത്തുനിർത്തി. മനുഷ്യൻ കൂട്ടായ്മക്കകത്തുമാത്രം ജീവിക്കാനൊക്കുന്നൊരു ജീവിയാണ്. ചിലപ്പോൾ ഒറ്റക്കിരിക്കാൻ കൊതിമൂക്കുന്നത് ആൾക്കൂട്ടത്തിലേക്ക് അവന് തിരികേ വരാനുള്ളതുകൊണ്ട് മാത്രമാവണം.

ഓഫീസിന്റെ പത്തഞ്ഞൂറുമീറ്റർ അകലെ വേലിയാണ്. അതിനപ്പുറം ആരുടേതുമല്ലാത്ത ഭൂമി അഥവാ നോ മാൻസ് ലാന്റ്. അതിനുമപ്പുറം ഇറാഖ് എന്നിങ്ങനെയാണ് ഭൂമിശാസ്ത്രം. വേലിക്കിപ്പുറം നിന്നാൽ, യുദ്ധത്തിൽ തകർക്കപ്പെടാതെ അവശേഷിച്ച ചെറുകെട്ടിടങ്ങളുടെ മുകൾപ്പരപ്പുകാണാം. ഇതുവഴിയാണ് അധിനിവേശകാലത്ത് ഇറാഖ് സൈന്യം കുവൈത്തിലേക്ക് കവചിതവാഹനങ്ങൾക്കൊപ്പം ഇരച്ചുകയറിയത്. മരുഭൂമി നിറയെ, തിരയൊഴിഞ്ഞു തെറിച്ചുവീണ വെടിയുണ്ടകളുടെ കഴുകന്റെ ചിത്രപടമുള്ള ചെമ്പടപ്പുകളായിരുന്നു. അവയോരൊന്നും ഒരു മനുഷ്യജീവിതം അവസാനിപ്പിച്ചിട്ടുണ്ടാവണം എന്നൊരു ഭയം ഞാൻ കൂട്ടിവെച്ചിരുന്നു അക്കാലങ്ങളിൽ.

ഓഫീസിന് ചുറ്റുമുള്ള മരുഭൂമിയിൽ ഇറാഖിൽപോയിവരുന്ന സർവ്വവാഹനങ്ങളും നിരനിരയായി വന്നുനില്ക്കും. അവയുടെ സെക്യൂരിറ്റി പരിശോധനയാണ് ഞങ്ങളുടെ ചുമതല. വൻതോതിൽ അഫ്ഗാൻ, ഇറാൻ വഴി ഇറാഖിലേക്കും അവിടേനിന്ന് കുവൈത്തിലേക്കും മയക്കുമരുന്നുകൾ കടന്നുവരുന്നു എന്നതാണ് മുഖ്യവിഷയം.

ഇറാഖിൽനിന്നും അതിശക്തമായി കാറ്റുവീശുന്ന ദിവസങ്ങളിൽ ഭീതിദമായി ഉയർന്നുവരുന്ന മണ്ണിനൊപ്പം ചിലതുകൂടിയുണ്ടാവും. എങ്ങോ അഴിഞ്ഞുവീണ പർദ്ദകളുടേയും, പെണ്ണടിവസ്ത്രങ്ങളുടേയും അസാധാരണമായ കൂമ്പാരം. കാറ്റിൽ അവ ചിറകുമുളപ്പിച്ച് അതിരോളം പറക്കും. കാറ്റിലെ മൺപറ്റുകൾ വേലിയഴി മുറിച്ചുകടന്ന് രാജ്യാന്തരമാവും. തുണിശേഷിപ്പുകൾ കാറ്റിന്റെ തള്ളലിനൊത്ത് കമ്പിവേലികളിൽ ഏറെനേരം പറ്റിനിന്ന് കാറ്റൊഴിയുന്നേരം മോഹാലസ്യപ്പെട്ട്, വേലിച്ചുവട്ടിലെ ആരുടേതുമല്ലാത്ത ഭൂമിയിൽ വീഴും. കാറ്റൊതുങ്ങുന്ന ചില നേരങ്ങളിൽ വേലിക്കിപ്പുറം ചെന്നുനിന്ന് മരിച്ചുപോയ ആരൊടോ എന്നപോലെ, ഞാനാ അവശേഷിപ്പുകളോട് പതിയെ സംസാരിക്കും!

ഇറാഖിലെ വിദൂരപട്ടണമായ സമാറയിൽനിന്നും ഒട്ടുമിക്ക ദിനങ്ങളിലും കാറോടിച്ച് അതിരുകടന്നെത്തുന്നൊരു സ്ത്രീയുണ്ടായിരുന്നു, മറിയം. ഇരുണ്ടനിറവും നീളൻ കണ്ണുകളുമുണ്ടായിരുന്ന ഒരുവൾ. കാർ പരിശോധന കഴിയും വരെ അവളെന്റെ ജനലിനപ്പുറം കാത്തുനില്ക്കും. യുദ്ധത്തിനുമുമ്പ് മദ്രസ അദ്ധ്യാപികയായിരുന്നെന്നുതുടങ്ങി, ക്രമേണ താളംതെറ്റിയ ആത്മകഥയുടെ ചില ഭാഗങ്ങൾമാത്രം അവൾ സങ്കോചത്തോടെ പലപ്പോഴായി എനിക്കുമുന്നിൽ കുടഞ്ഞിട്ടു.

അമേരിക്കൻ പട്ടാളക്കാരാൽ പലവട്ടം ആക്രമിക്കപ്പെട്ട ശരീരമായിരുന്നു മറിയത്തിന്റേത്. ക്രമേണ സ്വരക്ഷക്ക് അവളുടെ ഗ്രാമം സ്വയം പെൺകുട്ടികളെ വിളമ്പിക്കൊണ്ട് പട്ടാളക്കാരെ എതിരേറ്റു. ഇപ്പോൾ ഇറാഖീപെൺശരീരങ്ങൾ വിതരണംചെയ്യുന്നതിന്റേയും ആഭിചാരക്രിയകളുടേയും ഏജന്റായി പ്രവർത്തിച്ചുപോരുന്നു. അതിനായാണീ അതിർത്തി മുറിച്ചുകടക്കലുകൾ.

യുദ്ധവും കലാപങ്ങളും നിലയേറുന്നൊരു പ്രദേശത്ത് പുരുഷന് ജീവിതം എളുപ്പമാണ്. മരിക്കാനായി തയ്യാറാവുക എന്നതോളം ലളിതമാണത്! സ്ത്രീക്ക് അത്ര ലളിതമാവില്ല മരണംപോലും. അരഞ്ഞരഞ്ഞു തീരുക എന്നതേയുള്ളൂ മാർഗ്ഗം എന്നിട്ടും അവശേഷിക്കുന്നൂവെങ്കിൽ മറിയത്തേപ്പോലെ മറ്റേതോ ഒരു ജീവിതം ജീവിച്ച് കാലം കഴിക്കുക.

ലോകത്തിലെ ഏതു പട്ടാളത്തിനും അവരുടെ ഏറ്റവും വിനാശകരമായ ജൈവായുധം അതതു പട്ടാളങ്ങളിലെ പുരുഷകാമനകളാണ്. താഴ്ന്ന പ്രദേശങ്ങളിലേക്ക് അവസരംകിട്ടുമ്പോളൊക്കെ അത് പൊട്ടിയൊലിക്കുന്നു. ഇന്ത്യൻ പട്ടാളം ശ്രീലങ്കയിൽ നടപ്പാക്കിയതും അത്തരം പൊട്ടിയൊലിപ്പുകളുടെ അതിഭീകരാവസ്ഥകളായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ക്ഷണിച്ചുവരുത്തിയ അതേ സർക്കാർ, പട്ടാളത്തെ ഉടൻ പിൻവലിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നിട്ടും നമ്മളതിനിട്ട പേര് സമാധാനം നടപ്പാക്കുന്ന സൈന്യം അഥവാ ‘ഇന്ത്യൻ പീസ് കീപ്പിങ്ങ് ഫോഴ്സ്’ എന്നായിരുന്നു. പുലികളാലും ശ്രീലങ്കൻ സേനയാലും ഇന്ത്യൻ സേനയാലും വളയപ്പെട്ടൊരു ത്രിശങ്കുവിലായിരുന്നു അന്ന് ആ രാജ്യത്തെ സ്ത്രീകൾ. സൗകര്യത്തിന്, പുരുഷന്മാരെ കൊന്നുതീർക്കുക എന്ന യുക്തിയാണ് മൂവരും നടപ്പാക്കിയത്. ഒറ്റപ്പെട്ട സ്ത്രീകൾ വിദേശങ്ങളിലെ വീട്ടുവേലകൾക്കും മറ്റുമായി അഭയം പ്രാപിച്ചു. കലാപം അവസാനിച്ച ലങ്കയിലേക്ക് അവരുടെ സ്ത്രീകൾ തിരിച്ചുപോയി. ഗൾഫുനാടുകളിലടക്കം ഇപ്പോൾ അവരുടെ സാന്നിദ്ധ്യം തുലോം കുറവാണ്. യു എസ് എസ് ആറിന്റെ തകർച്ചക്കുശേഷം ഏറ്റവുമാദ്യം അവിടങ്ങളിൽനിന്ന് കയറ്റിഅയക്കപ്പെട്ടത് അഭിസാരികാവൃത്തിക്ക് നിർബ്ബന്ധിതരായ യുവതികളേയായിരുന്നു എന്നും ഓർക്കപ്പെടേണ്ടതുണ്ട്. ‘എസ്ക്കോർട്ട് ഗേൾ’ എന്ന വിചിത്രമായ ഔദ്യോഗികനാമത്തിൽ അവർ ലോകംമുഴുവൻ സ്വന്തം ശരീരവും ചുമന്ന് പറന്നു.

ഇത്രയും ഓർത്തത് അഫ്ഗാനികളെ ഓർക്കയാലാണ്. കുഴിവെട്ടിയും മണ്ണുചുമന്നും ജീവിതം ചേർത്തുപിടിക്കാനായി നിശബ്ദം കിതച്ചുവേവുന്ന കുറച്ച് അഫ്ഗാനിസ്നേഹിതർ എനിക്കുണ്ടായിരുന്നു അക്കാലങ്ങളിൽ. അവരുടെ തുകൽപേഴുസുകളിലേക്ക് കുതിർന്നു പടർന്ന വിയർപ്പിനുള്ളിൽ ഓമനത്വമുള്ള അവരുടെ കുഞ്ഞുങ്ങളുടെ പടങ്ങളുണ്ടായിരുന്നു. അവരിപ്പോൾ എങ്ങാണെന്നറിയില്ല. പ്രാർത്ഥിക്കാൻപോലും തോന്നാത്ത വിധം മരവിപ്പേയുള്ളൂ.

ഒരു ദിവസം പട്ടാളമിറങ്ങി താലിബാനികളിൽനിന്നും അഫ്ഗാൻജനതയെ രക്ഷിച്ചേക്കാം. അത്തരമൊരു നീക്കത്തിന് ആക്കംകൂട്ടാനായി തല്ക്കാലം കൊല്ലാക്കൊലക്കിട്ടുകൊടുക്കുകയാവാം ലോകം ഒരുപക്ഷേ ആ ജനതയെ. പട്ടാളം വന്നിറങ്ങിയാലും സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന അപമാനങ്ങൾക്കും മുറിവുകൾക്കും എന്തു കുറവുണ്ടാവാനാണ്. സമാറയിൽനിന്ന് കുവൈത്തിലേക്ക് പെൺശരീരങ്ങളുമായി തന്റെ പഴഞ്ചൻ ഷെവർലേകാറോടിച്ചുവരുന്ന മറിയത്തിനു പകരം കാബൂളിൽനിന്ന് പാക്കിസ്ഥാനിലേക്കും, ഇറാനിലേക്കും പറ്റുമെങ്കിൽ ഇന്ത്യയിലേക്കും നെടുവീർപ്പുപോലും അസാദ്ധ്യമായ നിരവധി മറിയമാർ അതിർത്തിമുറിച്ചുകടന്ന് കാറോടിച്ചെത്തുമെന്നല്ലാതെ!

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like